ജനാധിപത്യം ഒരു ഭരണഘടനാ വിഷയമായിട്ടാണ് ഇതുവരെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളത്. പക്ഷേ, ജനാധിപത്യത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിന് മനഃശാസ്ത്രമെത്രത്തോളം പ്രാധാന്യമർഹിക്കുന്നുവെന്നത് ഒരു പൊതുസംവാദത്തിന് ഇതുവരെ വിധേയമായിട്ടില്ല. മനഃശാസ്ത്രത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില പൊതു ധാരണകൾ ഈ വിഷയത്തെ ഗൗരവമായ ചർച്ചകളിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

സൈക്കോളജിസ്റ്റുകൾക്ക് ‘വട്ടാണ്’, വട്ടുള്ളവരാണ് മനഃശാസ്ത്രം പഠിക്കാനും പഠിപ്പിക്കാനും വരുന്നതെന്നും കാര്യമായി ഒന്നുംതന്നെ മനഃശാസ്ത്രത്തിൽ ഇല്ലെന്നും “ഞങ്ങൾക്കും ഈ മനഃശാസ്ത്രമൊക്കെ നിങ്ങളേക്കാൾ കൂടുതൽ അറിയാമെന്നും” പൊട്ടിച്ചിരിച്ചുകൊണ്ട് അതാത് സ്ഥാപനങ്ങളുടെ അക്കാദമിക തലപ്പത്തുള്ളവർ പൊതുവേദികളിൽ തട്ടിവിടുന്നത് അപാരമായ സഹിഷ്ണുതയോടെ കേട്ടിരിക്കേണ്ടി വരുന്നത് മനഃശാസ്ത്ര അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സ്ഥിരം അനുഭവമാണ്. ഇത്തരം പൊതുധാരണകൾ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് മനഃശാസ്ത്രപരമായ പ്രാധാന്യം നൽകുന്നതിലുള്ള പൊതുസമൂഹത്തിന്റെ വിമുഖതയെയാണ് സൂചിപ്പിക്കുന്നത്.

ഇന്ത്യയിൽ മാരകമല്ലാത്ത രോഗങ്ങളുടെ പ്രധാന കാരണങ്ങളിൽ ഒന്നാണ് മാനസിക വൈകല്യങ്ങൾ. ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) റിപ്പോർട്ട് പ്രകാരം, ഇന്ത്യയുടെ മാനസികാരോഗ്യ കണക്കെടുപ്പുകൾ തരുന്ന ഫലം അത്ര ആശാവഹമല്ല. 2017-ൽ ഏഴ് ഇന്ത്യക്കാരിൽ ഒരാൾക്ക് വ്യത്യസ്ത തീവ്രതയിലുള്ള മാനസിക വൈകല്യങ്ങൾ ഉണ്ടായിരുന്നു. കൂടാതെ, 1990 മുതൽ ഇന്ത്യയിലെ മൊത്തം രോഗഭാരത്തിൽ മാനസിക വൈകല്യങ്ങളുടെ ആനുപാതികമായ നിരക്ക് ഏകദേശം ഇരട്ടിയായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 2017-ൽ, ഇന്ത്യയിലെ ആകെയുള്ള ജനസംഖ്യയിൽ 197.3 ദശലക്ഷം ആളുകൾക്ക് മാനസിക വൈകല്യങ്ങൾ ഉണ്ടായിരുന്നു. അതിൽ 45.7 ദശലക്ഷം പേർക്ക് വിഷാദരോഗവും 44.9 ദശലക്ഷം പേർക്ക് ഉത്കണ്ഠാ രോഗങ്ങളും ഉണ്ടായിരുന്നു. മനോരോഗങ്ങളുടെ വ്യാപനം ഗ്രാമീണ പ്രദേശങ്ങളെ അപേക്ഷിച്ച് (6.9%) നഗരപ്രദേശങ്ങളിൽ (13.5%) കൂടുതലാണ്.

ലോകാരോഗ്യ സംഘടന കണക്കാക്കുന്നത് ഇന്ത്യയിലെ മാനസികാരോഗ്യ അവസ്ഥകൾ മൂലമുള്ള സാമ്പത്തിക നഷ്ടം 2012-2020 കാലയളവിൽ 1.03 ട്രില്യൺ യുഎസ് ഡോളറായെന്നാണ്. മാനസികരോഗ ചികിത്സയിലുള്ള അപര്യാപ്തത വലിയൊരു പ്രതിസന്ധിയാണ്. അവബോധക്കുറവ്, അപമാനം, ലേബലിങ്, പ്രൊഫഷണലുകളുടെ കുറവ് എന്നിവ കാരണം മാനസിക വൈകല്യമുള്ളവരിൽ 70% മുതൽ 92% വരെ ആളുകൾക്ക് ശരിയായ ചികിത്സ ലഭിക്കുന്നില്ല. ഇന്ത്യൻ ജേണൽ ഓഫ് സൈക്യാട്രി പ്രകാരം ഇന്ത്യയിൽ 100,000 പേരിൽ 0.75 സൈക്യാട്രിസ്റ്റുകൾ മാത്രമാണുള്ളത്. എന്നാൽ ലോകാരോഗ്യസംഘടന ഒരു ലക്ഷം പേർക്ക് കുറഞ്ഞത് മൂന്ന് പേരെയെങ്കിലും നിർദ്ദേശിക്കുന്നുണ്ട്.

ജനാധിപത്യ ചിന്തകളിൽ മാനസികാരോഗ്യ ഉൾക്കാഴ്ചകളുടെ അസാന്നിദ്ധ്യം പ്രകടമാണ്. വർദ്ധിച്ചു വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ പല തരത്തിലുള്ള ഭരണപരമായ നീക്കങ്ങളിലേക്കെത്തിച്ചെങ്കിലും അവയെല്ലാം ശാശ്വതമായ പരിഹാരം നൽകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

മാനസികാരോഗ്യ നിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന ഒരു പൗരജനത ഒരു രാഷ്ട്രത്തെ എങ്ങനെയാണ് പ്രതിനിധീകരിക്കുന്നത്? രാഷ്ട്രത്തിന്റെ വികസനത്തിനും മുന്നോട്ടുള്ള പോക്കിനും വ്യക്തികളുടെ മാനസികാരോഗ്യം എത്രമാത്രം പ്രാധാന്യമർഹിക്കുന്നു? ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ശേഖരിച്ച ലോക ജനതയുടെ ശാരീരികവും മാനസികവുമായ ആരോഗ്യ സ്ഥിതിവിവരക്കണക്കുകൾ രാഷ്ട്രപുനഃസംഘടനയ്ക്ക് പൊതുവിൽ എത്രമാത്രം പ്രയോജനപ്പെടുന്നുണ്ട്? ഇന്ത്യൻ പൊതുസമൂഹത്തിന്റെ മാനസികാരോഗ്യാവസ്ഥയെയും അതിനെ നിർണ്ണയിക്കുന്ന രാഷ്ട്രീയ-സാമൂഹ്യ ഘടകങ്ങളെയും ഇന്ത്യൻ ഭരണഘടനയുടെ നെടുംതൂണായ ജനാധിപത്യ വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ മനസ്സിലാക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.

മാനസികാരോഗ്യവും ജനാധിപത്യവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ആളുകൾക്ക് അവരുടെ പ്രാദേശിക സമൂഹങ്ങളിൽ നിന്നും ബന്ധങ്ങളിൽ നിന്നും വിച്ഛേദിക്കപ്പെട്ടതായി തോന്നിയേക്കാം. കൂടാതെ, ജനാധിപത്യ ജീവിതത്തിൽ പങ്കെടുക്കുന്നതിന് ആവശ്യമായ രാഷ്ട്രീയപരമായ ശുഭാപ്തിവിശ്വാസം, ഊർജ്ജം, വിശ്വാസം, താൽപ്പര്യം എന്നിവ കുറവായിരിക്കാം. രാഷ്ട്രീയ അനിശ്ചിതത്വത്തിൽ ജീവിക്കുകയെന്നത് നമ്മുടെ രാഷ്ട്രീയ വിശ്വാസങ്ങൾ എന്തുതന്നെയായാലും തികച്ചും വെല്ലുവിളി നിറഞ്ഞതാണ്.

രാഷ്ട്രീയ അധികാര മാറ്റവും അനിശ്ചിതത്വവും നമ്മുടെ രാജ്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം. പ്രധാന രാഷ്ട്രീയ, സാമ്പത്തിക ഏറ്റക്കുറച്ചിലുകൾ, ഒരാളുടെ തൊഴിൽ, ബിസിനസ്സ് അല്ലെങ്കിൽ കുടിയേറ്റ നിലയെ നേരിട്ട് ബാധിക്കുന്നതിനു മുമ്പുതന്നെ, മുഴുവൻ ജനങ്ങളുടെയും ആരോഗ്യത്തിൽ അപ്രതീക്ഷിതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. 2019-ൽ ഭരണകക്ഷിയുടെ വൻ വിജയത്തിനുശേഷം ഇന്ത്യയിൽ നടന്ന ദേശീയ തിരഞ്ഞെടുപ്പുകൾ ന്യൂനപക്ഷങ്ങളെ വ്യത്യസ്തമായി ബാധിച്ചിട്ടുണ്ടോ എന്ന പഠനത്തിൽ തെളിഞ്ഞത്, ന്യൂനപക്ഷങ്ങൾക്കിടയിൽ, പ്രത്യേകിച്ച് മുസ്ലീം സമൂഹത്തിനുള്ളിൽ ഉത്കണ്ഠയിൽ ഗണ്യമായ വർദ്ധനവുണ്ടായെന്നാണ് (Jafarov & Singh, 2024).

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ഉം ആർട്ടിക്കിൾ 15 ഉം പറയുന്നത്, രാജ്യത്തെ എല്ലാ പൗരന്മാരെയും ഒരു കാരണവശാലും വിവേചനമില്ലാതെ തുല്യമായി പരിഗണിക്കണമെന്നാണ്. ജനാധിപത്യത്തിന്റെ സത്ത ഉൾക്കൊള്ളുന്ന, ഓരോ ഇന്ത്യൻ പൗരന്റെയും ഈ രണ്ട് അവകാശങ്ങളും പ്രാപ്തമാക്കുന്നതിൽ വോട്ടവകാശം ഏറ്റവും നിർണായകമായ ഭാഗമാണ്. എന്നിരുന്നാലും, ബുദ്ധിപരവും പഠനപരവുമായ വൈകല്യങ്ങളുള്ള നിരവധി ആളുകൾക്ക്, ഈ അവകാശം വിനിയോഗിക്കുന്നത് ഒരു വിദൂര സ്വപ്നമായി തുടരുന്നു. മാനസികാരോഗ്യ ആശുപത്രികളിലോ, വീടില്ലാത്തവരുടെ അഭയകേന്ദ്രങ്ങളിലോ, മറ്റ് സ്ഥാപനങ്ങളിലോ താമസിക്കുന്നവരായാലും, അവരുടെ നിലവിലെ ജീവിത സാഹചര്യങ്ങൾ പലപ്പോഴും തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കെടുക്കാനുള്ള അവകാശം ഉൾപ്പെടെയുള്ള അവരുടെ അടിസ്ഥാന മനുഷ്യാവകാശങ്ങളെ നഷ്ടപ്പെടുത്തുന്നു.

ജനതയുടെ മാനസികാരോഗ്യം സംബന്ധിച്ച ഭരണകൂടത്തിന്റെ പ്രത്യക്ഷമായ ഇടപെടലുകൾ ലോകമെമ്പാടും താരതമ്യേന പുതിയ നീക്കമാണെന്നു പറയാം. മാനസിക രോഗങ്ങളുടെ ആഗോള ഭാരം, മാനസികാരോഗ്യത്തിലെ അസമത്വങ്ങൾ, ജീവിത നിലവാരവും സാമ്പത്തിക വളർച്ചയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ചർച്ചകൾ എന്നിവ ഇതിനെ സ്വാധീനിക്കുന്നു. പലതരം സാമൂഹിക ഘടകങ്ങൾ ജനസംഖ്യയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും, ഇവയുടെ വിതരണം നിർണ്ണയിക്കുന്നത് ഭരണസ്ഥാപനങ്ങളിലൂടെ രാഷ്ട്രീയ അധികാരം കൈയാളുന്നവരാണ്. ആരോഗ്യത്തിലെ (മാനസികാരോഗ്യത്തിലെയും) അസമത്വങ്ങൾ ഈ സാമൂഹിക നിർണ്ണായക ഘടകങ്ങളുടെ സമമല്ലാത്ത വിതരണത്തിൽ നിന്നാണ് ഉണ്ടാകുന്നത്. ആരോഗ്യത്തിന്റെ ഒരു നിർണ്ണായക ഘടകമാണ് ജനാധിപത്യം എന്ന് ചരിത്രപരവും സൈദ്ധാന്തികവും അനുഭവപരവുമായ തെളിവുകൾ സൂചിപ്പിക്കുന്നു (വൈസ് , സൈൻസ്ബെറി, 2007). സമൂഹത്തിന്റെ മാനസികാരോഗ്യത്തെ പുനരുജ്ജീവിപ്പിക്കുന്നതിൽ ജനാധിപത്യാധികാരത്തിന്റെയും ജനാധിപത്യ പ്രാതിനിധ്യോപാധികളുടെയും പങ്കിനെക്കുറിച്ചുള്ള ചർച്ചകളിലേക്കാണ് ഈ ലേഖനം വഴി തെളിക്കുന്നത്.

മനോരോഗ ഗവേഷണ വഴിത്തിരിവിലെ വലിയ നാഴികക്കല്ലാണ് അപകോളനീകരണം (Decolonisation). യൂറോ-അമേരിക്കൻ മാതൃകകളാൽ നിയന്ത്രിതമായ മാനസികാരോഗ്യ മേഖല, തദ്ദേശീയമായ ചരിത്രത്തെയും സംസ്കാരത്തെയും വിജ്ഞാന ശാഖകളേയും അവഗണിക്കുകയാണ് ചെയ്തത്. വ്യക്തിയിൽ മാത്രം അധിഷ്ഠിതമായ രോഗ-ആരോഗ്യ സങ്കൽപ്പങ്ങളെ പോഷിപ്പിക്കുകയും, കുടുംബ-സാമൂഹ്യ-രാഷ്ട്രീയ തലത്തിലുള്ള കൂട്ടായ ഉത്തരവാദിത്തം ഈ പ്രക്രിയയിൽനിന്ന് വിടർത്തുകയുമാണ് മുഖ്യധാരാ പാശ്ചാത്യ സമീപനം കഴിഞ്ഞ നൂറ്റാണ്ടുകളിൽ ചെയ്തുകൊണ്ടിരുന്നത്.

കോളനിവൽക്കരണ കാലത്തിനും മുന്നേ മാനസികാരോഗ്യ പ്രശ്നങ്ങളെ നേരിടാനുള്ള തനതായ രീതികൾ ഇവിടെയുണ്ടായിരുന്നു. തദ്ദേശീയ വൈദ്യശാസ്ത്രരീതികൾ (Indigenous Medicine) ഉപയോഗത്തിലുണ്ടായിരുന്നു. സാംസ്കാരികപരമായ വിശ്വാസങ്ങളിലും ആശയങ്ങളിലും അധിഷ്ഠിതമായ അറിവും ശേഷിയും സമ്പ്രദായങ്ങളും ഉപയോഗിച്ച് രോഗത്തെ (ശാരീരികമോ മാനസികമോ) ചികിത്സിക്കാനും ആരോഗ്യം നിലനിർത്താനും ഈ മാർഗ്ഗങ്ങൾ പരിചിതമായിരുന്നു. ഇന്ന് ഇന്ത്യയിൽ പ്രയോഗത്തിലിരിക്കുന്ന മനഃശാസ്ത്ര-മനോരോഗ രീതിശാസ്ത്രങ്ങളും കോളനിവൽക്കരണത്തിന്റെ ഭാഗമായി പ്രചാരത്തിലുള്ളവയാണ്. കാല-ദേശ-ഭാഷാ നിലകളിലുള്ള അവയുടെ സാധാരണീകരണത്തെ (Universalisation) തടസ്സപ്പെടുത്തുന്നത് സാംസ്കാരികമായ പക്ഷപാതമാണ്. പാശ്ചാത്യ സംസ്കാര മൂല്യങ്ങളിൽ അധിഷ്ഠിതമായ മനോരോഗ സങ്കൽപ്പങ്ങൾ തദ്ദേശീയമായ വിശ്വാസങ്ങളെയും ആചാരങ്ങളെയും അശാസ്ത്രീയമായി കണക്കാക്കുന്നു. എന്നാൽ മനോനിർമ്മിതിയെ അതത് സമൂഹത്തിൽനിന്ന് വേറിട്ട് കാണാനാവില്ല. അങ്ങനെ ശാസ്ത്രീയതയുടെയും ജനപ്രിയതയുടെയും തുലാസ്സിൽ തൂങ്ങിയാടുന്ന മനോരോഗ ചികിത്സകൾ വ്യക്തികളെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ട്.

ഒരു വ്യക്തിയുടെ മാനസികാരോഗ്യം അവരുടെ ലിംഗപദവി, മതം, ജാതി, സാമ്പത്തിക സ്ഥിതി, ഭാഷ, കുടുംബ വ്യവസ്ഥ എന്നിങ്ങനെ പലതരം സാമൂഹ്യ ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടുതന്നെ, തദ്ദേശീയവും ആഗോളവുമായ സമ്മിശ്ര നിലപാട് മനോരോഗ നിർണ്ണയത്തിലും അവയുടെ മുൻകരുതലിലും ചികിത്സയിലും കൊണ്ടുവരേണ്ടതുണ്ട്.

ഇന്ത്യൻ രാഷ്ട്രീയ മനഃശാസ്ത്രജ്ഞനും സാമൂഹിക സൈദ്ധാന്തികനുമായ ആശിഷ് നന്ദി രാഷ്ട്രീയത്തെ കാണുന്നത് മനുഷ്യന്റെ ആത്മനിഷ്ഠതയുമായുള്ള ഇടപെടലായാണ്. ആധുനിക, നഗര-വ്യാവസായിക വികസനങ്ങൾ വ്യക്തികളുടെ മാനസികവേരുകളെ ആഴത്തിൽ ബാധിച്ചിട്ടുണ്ട്. സാമൂഹിക തകർച്ചയ്ക്കു കാരണമാകുന്ന എല്ലാ പൊതുധാരണകളെയും അദ്ദേഹം ജനാധിപത്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന പ്രശ്നങ്ങളായി ബന്ധിപ്പിക്കുന്നു. ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൂടിയായ നന്ദി ഒരു സാമൂഹ്യശാസ്ത്രമെന്ന നിലയ്ക്കാണ് മനഃശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ രാഷ്ട്രീയ വിശകലനത്തിനുപയോഗിച്ചു കൊണ്ടിരുന്നത്.

മനോവൈശ്ലേഷിക സിദ്ധാന്തത്തിന്റെ ലെൻസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തെ മനസ്സിലാക്കിയിരുന്നത്. പല രാഷ്ട്രീയക്കാരുടെയും പ്രസ്ഥാനങ്ങളുടെയും മനഃശാസ്ത്രപരമായ പ്രൊഫൈലുകൾ വിശകലനം ചെയ്യുകയും അങ്ങനെ ഏകാധിപത്യസ്വഭാവമുള്ള (authoritarianism) വ്യക്തിത്വമെന്ന സ്വഭാവ സവിശേഷതകളിലേക്ക് എത്തിച്ചേരുകയും ചെയ്തു. അതിരു കടന്ന സദാചാര ബോധവും സഹാനുഭൂതിയില്ലായ്മയും മറ്റുള്ളവരിൽ വിശ്വാസമില്ലായ്മയുമുള്ള ഇത്തരം വ്യക്തിത്വങ്ങൾ ജനാധിപത്യ വിരുദ്ധരും അക്രമപ്രിയരുമാകാനുള്ള സാധ്യതയുള്ളവരാണ്. ഭരണകൂടത്തെയും അക്രമത്തെയും കുറിച്ചുള്ള നന്ദിയുടെ വിമർശനങ്ങളിലൊക്കെ തന്നെ നിയമാനുസൃതമായ “കീഴാള” ശബ്ദങ്ങളെ തിരിച്ചറിയാനും സാമൂഹികവും മാനസികവുമായ ദുരിതങ്ങൾക്ക് കാരണമാകുന്ന പ്രബലവും ആധുനികവുമായ ചിന്തകളെ (Narratives) വെല്ലുവിളിക്കാനും പൊതു ബുദ്ധിജീവികളുടെ ഉത്തരവാദിത്തത്തെയും ഊന്നിപ്പറയുന്നു.

നന്ദിയുടെ കാഴ്ചപ്പാടിലെ ആരോഗ്യകരമായ ജനാധിപത്യം അവ്യക്തതയോടും വൈജാത്യങ്ങളോടും സഹിഷ്ണുത പുലർത്തുന്ന ഒരു സമൂഹമാണ്. സാംസ്കാരിക ബഹുസ്വരത കൈവരിക്കാനാവുന്നത് മാനസികാരോഗ്യത്തിന്റെ ലക്ഷണമാണ്. നവസംസ്കാരവികസനത്തോടൊപ്പമുള്ള ആന്തരിക കലഹങ്ങളും വിമർശനങ്ങളും മൂലമുണ്ടാകുന്ന മാനസിക പ്രതിസന്ധികളോടുള്ള പ്രതിരോധശേഷി (Resilience) പലതരം സ്വത്വങ്ങളുടെ മനഃശാസ്ത്രത്തിലേക്കാണ് (psychology of selves) നയിക്കുന്നത്.

ഇന്ത്യയിലെ മാനസികാരോഗ്യ പശ്ചാത്തലം അത്യന്തം അപകടകരമായ രീതിയിലേക്കാണ് മുന്നോട്ടു പോകുന്നത്. ആത്മഹത്യ, വിഷാദം, സമ്മർദ്ദവുമായി ബന്ധപ്പെട്ട വൈകല്യങ്ങൾ, ലഹരി- മൊബൈൽ ഫോൺ എന്നിവയോടുള്ള ആസക്തി തുടങ്ങിയ സാധാരണ മാനസിക വൈകല്യങ്ങളുടെ ഉയർന്ന വ്യാപനം ഇന്ത്യക്കാരുടെ മാനസികാരോഗ്യത്തിന്റെ ഗൗരവതരമായ അവസ്ഥയെയാണ് തുറന്നുകാട്ടുന്നത്. ഇന്ത്യയിലെ അവസ്ഥയുടെ നിരീക്ഷണത്തോടൊപ്പം തന്നെ ഇതൊരു ആഗോള പ്രശ്നമാണെന്നുകൂടി കാണാൻ കഴിയും.

2023-ൽ സാപിയൻ ലാബ്‌സ് 64 രാജ്യങ്ങളിൽ നടത്തിയ ആഗോള മാനസികാരോഗ്യ സർവേഫലങ്ങൾ നിർണായകമാണ്. 2019 നും 2020 നും ഇടയിൽ മാനസികാരോഗ്യത്തിൽ ഉണ്ടായ വൻ അധഃപതനം, 2021 ൽ കോവിഡ്-19 പാൻഡെമിക് വരെ തുടർന്ന് ഇന്നും ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്നു. ലോക്ക്ഡൗണുകൾ നീക്കുകയും കോവിഡ്-19 ന്റെ ഭീഷണി കുറയുകയും ചെയ്തുകഴിഞ്ഞാൽ, നമ്മുടെ കൂട്ടായ മാനസികാരോഗ്യം മഹാമാരിക്ക് മുമ്പുള്ള നിലയിലേക്ക് തിരിച്ചെത്താൻ തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ. എന്നിരുന്നാലും, 64 രാജ്യങ്ങളിലുടനീളമുള്ള ഡാറ്റ മറിച്ചാണ് വാദിക്കുന്നത് – ആഗോള മാനസികാരോഗ്യം കുറയുന്നതിന്റെ ഫലങ്ങൾ ഒരു ‘ന്യൂ നോർമൽ’ ആയി മാറി. വാസ്തവത്തിൽ, പാൻഡെമിക് കൊണ്ടുവന്ന പല മാറ്റങ്ങളും ഇന്നും അതേ പോലെ തുടരുകയാണ്. തൊഴിലില്ലായ്മയും, മൊബൈൽ ഫോൺ -സാമൂഹ്യ മാധ്യമങ്ങളുടെ അമിതോപയോഗവും, ഇന്ത്യയിൽ നിന്നുള്ള വർദ്ധിച്ച പ്രവാസികളുടെ നിരക്കും മറ്റു ഘടകങ്ങളാണ്.

മാലു മോഹനും സപ്ന മിശ്രയും എഴുതിയ (May 23, 2024). The rise of the far-right in India and mental health ‘left’ in the lurch എന്ന ലേഖനം ഈ മേഖലയിലെ ചർച്ചകൾക്ക് വളരെ പ്രസക്തമാണ്. മാനസികാരോഗ്യത്തെ “ക്ഷേമം ഉൾപ്പെടെ ഒരു നല്ല ജീവിതത്തിന്റെ സങ്കൽപ്പത്തിന് ആവശ്യമായ (എന്നാൽ പര്യാപ്തമല്ല) മാനസിക മുൻവ്യവസ്ഥകളായി” ആണ് അവർ സ്ഥാപിക്കുന്നത്. കൂടാതെ, ഈ മാനസിക മുൻവ്യവസ്ഥകൾ ഒരു പരിധിവരെ നിലവിലുള്ള രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ, ചർച്ചകൾ, തുടർന്നുള്ള സംസ്ഥാന നയങ്ങൾ എന്നിവയാൽ നിർണ്ണയിക്കപ്പെടുന്നു. വ്യാപകമായ വർഗീയ ധ്രുവീകരണത്തോടൊപ്പം ഇന്ത്യയിലെ ജനാധിപത്യം ദുർബലമാകുന്നതും പൗരന്മാരുടെ ആരോഗ്യകരമായ മാനസികാവസ്ഥക്ക് ആവശ്യമായ മാനസിക മുൻവ്യവസ്ഥകളിൽ സ്വാധീനം ചെലുത്തുന്നു. എടുത്തു പറയേണ്ട കാര്യം, ഇന്ത്യയെക്കുറിച്ചുള്ള നിലവിലെ മഹത്വവൽക്കരിച്ച ധാരണയ്ക്ക് വിരുദ്ധമാണ് ഈ മാനസികാരോഗ്യ സ്ഥിതി.

V -Dem Institute’s Democracy Report (2024) ന്റെ സാഹചര്യത്തിൽ 2018 മുതൽ ഇന്ത്യ ഒരു electoral ഏകാധിപത്യത്തിൽ തുടരുകയാണെന്നും ഇത് ജനാധിപത്യത്തിന്റെ ദുർബലതയെ സൂചിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിലെ (പൊതുവെ ജനാധിപത്യത്തിന്റെ ദുർബലത, തീവ്ര വലതുപക്ഷത്തിന്റെ ഉയർച്ച, വർദ്ധിച്ചുവരുന്ന വർഗീയ ധ്രുവീകരണം മുതലായവ അനുഭവിക്കുന്ന മറ്റ് രാജ്യങ്ങളിലും) മോശം മാനസികാരോഗ്യ സാഹചര്യത്തിന് കാരണമാകുന്ന ഒരു ഉപഘടകമായിരിക്കാം വഷളാകുന്ന രാഷ്ട്രീയ കാലാവസ്ഥയെന്ന് മാലു മോഹനും സപ്ന മിശ്രയും സൂചിപ്പിക്കുന്നു.

ഇന്ത്യയുടെ ഏകാധിപത്യ പ്രക്രിയയുടെ വളർച്ചയിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ക്രമാനുഗതമായ എന്നാൽ ഗണ്യമായ തകർച്ച, മാധ്യമ സ്വാതന്ത്ര്യത്തിൽ വിട്ടുവീഴ്ച, സോഷ്യൽ മീഡിയയിലെ അടിച്ചമർത്തലുകൾ, സർക്കാരിനെ വിമർശിക്കുന്ന മാധ്യമപ്രവർത്തകരെ ഉപദ്രവിക്കൽ, അതുപോലെ സിവിൽ സമൂഹത്തിനെതിരായ ആക്രമണങ്ങൾ, പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തൽ എന്നിവയെല്ലാം ഉൾപ്പെടുന്നു.

അതേസമയം, ഇന്ത്യയിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകളും സംഭവകഥകളും ന്യൂനപക്ഷ സമുദായങ്ങളോടുള്ള, വർഗീയ ധ്രുവീകരണത്തിന്റെയും വിദ്വേഷത്തിന്റെയും ഭയാനകമായ മാനസികാരോഗ്യ പ്രത്യാഘാതങ്ങൾ രേഖപ്പെടുത്തുന്നു. സ്ഥാപനപരമായ വഞ്ചനയുടെ അരക്ഷിതാവസ്ഥയും ബോധവും അവരുടെ ദൈനംദിന ജീവിതത്തെയും ഇടപെടലുകളെയും ബാധിക്കുന്നു. ഇത് സമുദായങ്ങളെ അവരിലേക്ക്‌ തന്നെ കൂടുതൽ ഒതുക്കി നിർത്തുകയും സംരക്ഷണം അനുഭവിക്കാൻ അവരുടെ ജാതി മതലിംഗപദവിപരമായ സ്വത്വത്തെ അമിതമായി ആശ്രയിക്കുകയും ചെയ്യുന്നു. അതി തീവ്രമായ ഉത്കണ്ഠ, ഭയം, അമിത ജാഗ്രത എന്നിവ അവരിൽ പലർക്കും ന്യൂ നോർമൽ ആവുകയാണ്.

മുകളിൽ സൂചിപ്പിച്ചതുപോലെ, ഭരണകൂട അടിച്ചമർത്തലിനെ നേരിടാൻ ശ്രമിക്കുന്ന രാഷ്ട്രീയ ബോധമുള്ള വ്യക്തികൾ/ഗ്രൂപ്പുകൾ തടവിലാക്കലിനും അക്രമത്തിനും സാധ്യതയുള്ളതിനൊപ്പം മാനസികാരോഗ്യ പ്രത്യാഘാതങ്ങളും അനുഭവിക്കുന്നുണ്ട്. ഉദാഹരണത്തിന് 2019 ഡിസംബറിൽ നടന്ന പൗരത്വ ഭേദഗതി നിയമ വിരുദ്ധ പ്രതിഷേധത്തിനിടെ (anti-Citizenship Amendment Act) ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥി പ്രവർത്തകരിൽ തീവ്രമായ നിസ്സഹായത, ഉത്കണ്ഠ, കുറ്റബോധം, ദുഃഖം എന്നിവയുടെ ‘രാഷ്ട്രീയ വിഷാദം’ (പൊളിറ്റിക്കൽ ഡിപ്രെഷൻ) റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചുരുക്കത്തിൽ, ജനാധിപത്യം ദുർബലമാകുന്ന സാഹചര്യത്തിൽ, പൗരസമൂഹം അനുഭവിക്കുന്ന രാഷ്ട്രീയ അസ്വസ്ഥതകളെ അവർ മാനസികമായി എങ്ങനെ മനസ്സിലാക്കുകയും ഭാവനാവൽക്കരിക്കുകയും “പ്രോസസ്സ്” ചെയ്യുകയും ചെയ്യുന്നു എന്നത് പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. അക്കാദമിക – ബൗദ്ധിക -ഗവേഷണ സമൂഹം മാനസികാരോഗ്യത്തിന്റെ രാഷ്ട്രീയവൽക്കരണം നടത്തുകയും മാറിമറിയുന്ന ജനാധിപത്യ പ്രവണതകൾക്കനുസൃതമായി ജനതയുടെ മാനസികാരോഗ്യത്തെ പുനർനിർവചിക്കുകയും ചെയ്യേണ്ടതാണ്.

ജനാധിപത്യ വ്യവസ്ഥയോട് ചേർത്ത് മാനസികാരോഗ്യത്തെ വായിക്കുമ്പോൾ പ്രത്യേക ശ്രദ്ധ അർഹിക്കുന്നതാണ് ക്വിയർ മാനസികാരോഗ്യം. കാലാകാലങ്ങളായി നടന്നു പോരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ ക്വിയർ പ്രാതിനിധ്യത്തിന്റെ അസാന്നിധ്യം കാണാൻ കഴിയും. അഥവാ ഒരു സീറ്റ് കിട്ടിയാൽ തന്നെ അവരുടെ ഐഡന്റിറ്റി വീണ്ടും ഉറപ്പിക്കാൻ കോടതിയെ സമീപിക്കേണ്ടി വരാറാണ്‌ പതിവ്.

ആത്മഹത്യകളും കടുത്ത മാനസിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും എല്ലാത്തരം നീതി നിഷേധങ്ങളും അനുഭവിക്കുന്ന ക്വിയർ സമൂഹം, ഭരണകൂടത്തിന്റെ കൂട്ടായ ജനാധിപത്യരാഹിത്യമനോഭാവത്തിൽ ദുരിതം പേറുന്നവരാണ്. ഹോമോഫോബിയ, ക്വിയർ ഫോബിയ എന്നിവയിൽ നിന്നും മുക്തരാവാത്ത പൊതുസമൂഹം, തീവ്രമായ വിവേചനങ്ങളിലൂടെ എല്ലാത്തരം അടിസ്ഥാന സാമൂഹ്യ ആനുകൂല്യങ്ങളും അവകാശങ്ങളും ക്വിയർ വ്യക്തികൾക്ക് നിഷേധിച്ചുകൊണ്ടേയിരിക്കുന്നു. നിരവധി LGBTQI+ ആളുകൾ അവരുടെ വ്യക്തിജീവിതം, തൊഴിൽ, പാർപ്പിടം, ആരോഗ്യ സംരക്ഷണം എന്നിവയിലും പൊതുമേഖലയിലും വിവേചനം നേരിടുന്നുണ്ട്. സെക്ഷൻ 377 ന്റെ കാലാകാലങ്ങളായുള്ള ഭേദഗതി, നയരൂപീകരണത്തിൽ കൊണ്ട് വരുന്ന വലുതും ചെറുതുമായ മാറ്റങ്ങൾ, ട്രാൻസ്‍ജൻഡർ വെൽഫെയർ ബോർഡുകൾ, പദ്ധതികൾ ഇവയെല്ലാം കഠിനമായ പ്രയത്നങ്ങളിലൂടെ നേടിയെടുത്തവയാണ്. നിരന്തര കലഹങ്ങളിലൂടെയും സമരങ്ങളിലൂടെയും പൊതുജീവിതത്തിൽ ദൃശ്യമാകാനും അംഗീകരിക്കപ്പെടാനും, ക്വിയർ സമൂഹം ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്നു. പ്രതിഷേധത്തിലൂടെ ഉയരുന്ന ആ കൂട്ടായ ശബ്ദം ക്വിയർ വ്യക്തികൾക്ക് മനുഷ്യരെന്ന അവകാശം നിഷേധിച്ച ജനാധിപത്യത്തെ ചോദ്യം ചെയ്യുകയും അങ്ങനെ സ്വന്തം ഇടം സമ്പന്നമാക്കുകയും ചെയ്യുന്നു, ജനാധിപത്യം ക്വിയർ വ്യക്തികളെ എന്നും ഒഴിവാക്കിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ LGBTIQ ആക്ടിവിസം അവരുടെ രാഷ്ട്രീയ ഏജൻസിയുടെ സാക്ഷാത്കാരമാണ് (Mcgarry, 2024).

ഇന്ത്യയുടെ 2024-25 ലെ സാമ്പത്തിക സർവേ, മാനസിക ക്ഷേമം എന്നത് ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനും ഉൽ‌പാദനപരമായി പ്രവർത്തിക്കാനുമുള്ള കഴിവാണെന്ന് ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയുടെ ജനസംഖ്യാപരമായ നേട്ടം, വ്യക്തികളുടെ കഴിവുകൾ, വിദ്യാഭ്യാസം, ശാരീരിക ആരോഗ്യം, എല്ലാറ്റിനുമുപരി, യുവാക്കളുടെ മാനസികാരോഗ്യം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു കൊണ്ട് പ്രായോഗികവും ഫലപ്രദവുമായ പ്രതിരോധ തന്ത്രങ്ങളും ഇടപെടലുകളും ജനതയുടെ മനസ്സിന്റെ സംയോജിത ആരോഗ്യം ഊട്ടിയുറപ്പിക്കാൻ ആവശ്യമാണെന്ന് നിരീക്ഷിച്ചു.

മനശ്ശാസ്ത്ര സംബന്ധമായ പദങ്ങളുടെ വിവർത്തനവും അവയ്ക്കനുയോജ്യമായ ഭാഷാ വിവർത്തനനയവും ഇന്ത്യൻ ഭരണഘടനാ അംഗീകരിച്ചിട്ടുള്ള ഇരുപത്തിരണ്ട് ഭാഷകളിലും സ്ഥിരമായി കാണുന്നില്ല. ആണത്ത -സവർണ ബോധ്യങ്ങളിലേക്ക് കോളനിവൽക്കരണം അധികാരകൈമാറ്റം നടത്തിയപ്പോൾ മനോരോഗ വിഷയങ്ങളോടുള്ള നോട്ടവും മുകളിൽ നിന്നും താഴേക്കായി. മാനസികാരോഗ്യം ജനാധിപത്യത്തിൽ അവഗണിക്കപ്പെടുകയും അപ്രത്യക്ഷമാവുകയും ചെയ്യുന്നതിവിടെയാണ്.

നവീകരിക്കപ്പെട്ടതും കാലാനുസൃതവുമായ മാനസികാരോഗ്യനയങ്ങൾ ഇന്ത്യക്ക് ആവശ്യമുണ്ട്. പല നിലകളിലുമുള്ള സുസ്ഥിര വികസനത്തെ സാമ്പത്തിക നയങ്ങൾ ലക്ഷ്യമിടുമ്പോൾ അത്യന്തം പ്രാധാന്യത്തോടെ ശ്രദ്ധ കൊടുക്കേണ്ട മേഖലയാണിത്. മാനസിക രോഗങ്ങൾക്ക് മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കുകയും പ്രാഥമിക ആരോഗ്യ സംരക്ഷണത്തോടനുബന്ധിച്ചു തന്നെ മാനസികരോഗനിവാരണപരമായ പദ്ധതികൾ രൂപവൽക്കരിക്കുകയും ചെയ്യാവുന്നതാണ്.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആത്മഹത്യാ സാധ്യതയും ആത്മഹത്യാ ശ്രമങ്ങളും കുറയ്ക്കുന്നതിനുള്ള നാഷണൽ ടാസ്ക് ഫോഴ്‌സിന്റെ രൂപീകരണം ആശാവഹമാണ്. കാമ്പസുകളിലെ ക്വിയർ വിദ്യാർത്ഥികളുടെ മാനസിക ക്ഷേമത്തിനും നിരന്തരപിന്തുണയ്ക്കും പ്രത്യേക നയങ്ങൾ നടപ്പിലാക്കേണ്ടതാണ്. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള വ്യക്തികളുടെ അവകാശങ്ങളോടുള്ള ബഹുമാനവും സംരക്ഷണവും പൊതുസമൂഹം ഉറപ്പാക്കുക വഴി മാനസികാരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുള്ള അവഗണനയും നാണക്കേടും കുറക്കാനാവും. ഇതിനൊക്കെ പുറമേ, മാനസികാരോഗ്യ വൈദഗ്ധ്യമുള്ള പരിശീലനവും അവരുടെ ലഭ്യതയും തുല്യമായ വിതരണവും ഇന്ത്യയിലൊട്ടാകെ സ്ഥാപനവൽക്കരിക്കേണ്ടതാണ്. രാഷ്ട്രീയനയങ്ങൾ കൂടുതൽ മാനസികാരോഗ്യ സൗഹാർദ്ദമാവേണ്ടതുണ്ട്. പുതിയ തലമുറയുടെ ആവശ്യങ്ങൾക്കനുസൃതമായി സാങ്കേതിക വിദ്യയുടെ സഹായത്തോടെ എല്ലാവർക്കും മാനസികാരോഗ്യമെന്ന യാഥാർഥ്യത്തിലേക്ക് എത്തിച്ചേരാനാവും. മാനസികാരോഗ്യത്തിനും സക്രിയമായ പൗരത്വബോധത്തിനും വേണ്ടിയുള്ള നൂതനമായ സംരംഭങ്ങളും പദ്ധതികളും കൂടുതലായി ആവിഷ്കരിക്കേണ്ടതുണ്ട്. മാനസികാരോഗ്യത്തെ അപകീർത്തിപ്പെടുത്തുന്നതിനെതിരായും മാനസികാരോഗ്യത്തിനും ജനാധിപത്യത്തിനും ഇടയിലുള്ള പ്രധാന വിഭജനത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനായും വ്യത്യസ്ത പരിപാടികൾ ആസൂത്രണം ചെയ്യണം.

ഭരണകൂടത്തിന്റെ നയപരിപാടികളും തീരുമാനങ്ങളും വ്യക്തികളുടെ മാനസിക നിലയെയും പൊതുജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നതിന്റെ സമീപകാല അനുഭവമാണ്, വോട്ടർപട്ടികയുടെ തീവ്ര പരിഷ്കരണവുമായി (Special Intensive Revision) ബന്ധപ്പെട്ട് കേരളത്തിലും രാജസ്ഥാനിലും ബംഗാളിലുമായി ഒരാഴ്ചക്കുള്ളിൽ നടന്ന അഞ്ചു ബ്ലോക്ക് ലെവൽ ഓഫീസർമാരുടെ ആത്മഹത്യ. താങ്ങാനാവാത്ത ജോലി സമ്മർദ്ദം, അയഥാർത്ഥ ലക്ഷ്യങ്ങൾ (Unrealistic Targets), വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടൽ എന്നിവ അവരെ മാനസികത്തകർച്ചയുടെ വക്കിലെത്തിച്ചു. ഭരണകൂടവ്യവസ്ഥയെ മാനസികാരോഗ്യ സൗഹൃദപരമാക്കുന്നതിനു പകരം, നൂറു ശതമാനം ഡിജിറ്റലൈസേഷൻ നടത്തിയ ബി.എൽ.ഒ.മാരുടെ (Booth Level Officers) ചിരിക്കുന്ന ഫോട്ടോയുള്ള ഫ്ളക്സ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് രാപ്പകൽ കഠിനമായ ജോലിയെ തികച്ചും സാധാരണവൽക്കരിക്കുന്ന ഈ ഭരണകൂട സമീപനം വ്യക്തികളുടെ ശരീരത്തെയും മനസ്സിനെയും രാഷ്ട്രീയ താല്പര്യങ്ങൾക്കുപരി തകർത്തു കളയാൻ പോരുന്നതാണ്. അങ്ങനെ ജനാധിപത്യവും പൗരസമൂഹത്തിന്റെ മാനസികാരോഗ്യവും നേർക്കുനേർ ഏറ്റുമുട്ടുന്നതിന്റെ ഒരു സൂചനകൂടിയാണ് 2025 ലെ തദ്ദേശീയ തിരഞ്ഞെടുപ്പ്.

റഫറൻസ്
Ashis Nandy (1980). At the Edge of Psychology: Essays in Politics and Culture, Oxford University Press.
Indian Council of Medical Research, New Delhi (2020). The burden of mental disorders across the states of India: The Global Burden of Disease Study 1990–2017. Lancet Psychiatry. 2020 Feb;7(2):148–161. doi: 10.1016/S2215-0366(19)30475-4
Jafarov, Jafar and Singh and Tejendra Pratap. (December 24, 2023). Peace of Mind: Examining Election-Induced Anxiety among Minorities in India. https://ssrn.com/abstract=4675082
Malu Mohan and Sapna Misra (May 23, 2024). The rise of the far-right in India and mental health ‘left’ in the lurch. IHP-Shifting power in global health through constructive disruption.
https://www.internationalhealthpolicies.org/featured-article/the-rise-of-the-far-right-in-india-and-mental-health-left-in-the-lurch/
Mcgarry, A. (2024). Voice, Protest, and Democracy. Contexts, 23(4), 14-19. https://doi.org/10.1177/15365042241293429 (Original work published 2024)
Outright International (2025). Queering Democracy The Global Elections in 2024 and How LGBTIQ People Fared September 2025. https://outrightinternational.org/sites/default/files/2025-09/091025_Outright_Elections2024.pdf
Santosh Kumar, Sarla Meena and Vatsla Srivastava (November 02, 2025). Advancing mental health care in India. Press Information Bureau, Government of India. https://static.pib.gov.in/WriteReadData/specificdocs/documents/2025/feb/doc202527497201.pdf
Sapien Labs (March 4, 2024). The Mental State of the World in 2023: A Perspective on Internet-Enabled Populations. Global Mind Project Publication.
Vinay Lal (2013). “Dissenting Knowledges, Open Futures”: The multiple selves & strange destinations of Ashis Nandy. Oxford University Press.
Wise M, Sainsbury P. (2007). Democracy: The forgotten determinant of mental health. Health Promotion Journal Australia, 18(3):177-83. doi: 10.1071/he07177. PMID: 18201159.


ജനാധിപത്യത്തിൻ്റെ ഭാവി – നവമലയാളി സിമ്പോസിയത്തിൽ ഇതുവരെയുള്ള കുറിപ്പുകൾ ഇവിടെ വായിക്കുക

Comments

comments