ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ: ഭാഗം 2, അധ്യായം- 7

മാർക്‌സ് മെമ്മോറിയൽ ലൈബ്രറിക്ക് മുന്നിൽ എത്തുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. സമയം മൂന്നു മണിയോട് അടുത്തിരിക്കണം. തലേദിവസത്തെ യാത്രയുടെ ക്ഷീണം മൂലം ഉച്ചഭക്ഷണത്തിനു ശേഷമാണ് ഈസ്റ്റ് ഫിഞ്ച്‌ലിയിലെ മുരളിയേട്ടന്റെ വസതിയിൽ നിന്നും ഞങ്ങൾ പുറപ്പെട്ടത്. ഈസ്റ്റ്ഫിഞ്ചിലിയിൽ നിന്നും ട്യൂബ് വഴി ഫാരിംഗ്ഡൺ സ്റ്റേഷനിൽ വന്നിറങ്ങി. ഏതെല്ലാമോ ചെറുവഴികളിലൂടെ നടന്നു. മുരളിയേട്ടന്റെ മൊബൈലിലെ മാപ്പ് ആയിരുന്നു വഴികാട്ടി. കുറെനേരത്തെ നടപ്പിനു ശേഷം വഴിയോരത്തെ ഒരു കെട്ടിടത്തിനു മുന്നിലെത്തി. അടഞ്ഞു കിടക്കുന്ന വാതിൽ. പുറത്ത് പ്രത്യേക അടയാളങ്ങളൊന്നുമില്ല. നിങ്ങളുടെ ലക്ഷ്യസ്ഥാനം ഇതാണെന്ന് ജി.പി.എസ്. ലെ ശബ്ദം. പറഞ്ഞുനിർത്തി.

തെരുവിൽ തിരക്കൊട്ടുമില്ല. കുറച്ചു നേരം നിന്നിട്ടും ഞങ്ങളെ മറികടന്ന് ആരും തന്നെ ആ കെട്ടിടത്തിനു മുന്നിലൂടെ പോയില്ല. ഇതു തന്നെയാണോ തേടിവന്ന സ്ഥലം എന്നെനിക്ക് സംശയം തോന്നി. മാർക്‌സ് മെമ്മോറിയൽ ലൈബ്രറിക്ക് മുന്നിൽ ഒരു ബോർഡുപോലും കാണാതിരിക്കുമോ എന്നായിരുന്നു എന്റെ വിചാരം. മുരളിയേട്ടൻ മുൻപും അവിടെ വന്നിട്ടുണ്ട്. അല്പനേരം കെട്ടിടത്തിന്റെ ലളിതവും സമതുലിതവുമായ രൂപഭംഗി നോക്കിനിന്നു. യാതൊരുവിധ അലങ്കാരവും പ്രദർശിപ്പിക്കാത്ത വാസ്തുശൈലി. മിനിമലിസ്റ്റ് വാസ്തുശൈലി എന്ന് പിൽക്കാല കലാസങ്കല്പങ്ങളെ പിൻപറ്റി പറയാം. ഒരേ മാതൃകയിലുള്ള രണ്ടു നിലകൾ. വാതിലിന് ഇരുപുറത്തും ഒരേ പോലുള്ള സ്ഥലവിന്യാസം. ലളിതം. സുതാര്യം.

അല്പനേരം കഴിഞ്ഞ് മുരളിയേട്ടൻ വാതിലിനടുത്തുള്ള കോളിംഗ് ബെല്ലിൽ വിരലമർത്തി. കുറച്ചുനേരം പ്രതികരണമൊന്നും ഉണ്ടായില്ല. അന്ന് അവധിയായിരിക്കുമോ എന്ന് ഞാൻ സംശയിച്ചു. മുരളിയേട്ടനോട് അക്കാര്യം പറയുകയും ചെയ്തു. അവധിദിനമല്ലെന്ന് ഉറപ്പാക്കിയിരുന്നുവെന്ന് മുരളിയേട്ടൻ എന്നോടു പറയുന്നതിനിടയിൽ മുന്നിലെ വാതിൽ തുറന്നു. ഒരു ചെറുപ്പക്കാരനാണ്. ലൈബ്രറി ജീവനക്കാരനാകണം. അദ്ദേഹത്തിനു പിന്നാലെ ഞങ്ങൾ അകത്തു കയറി. പരിപൂർണ്ണമായ നിശ്ശബ്ദത. നേർത്ത ശബ്ദം പോലും എവിടെയും ഉയരുന്നതായി തോന്നിയില്ല. ഒരു ലൈബ്രറിയിൽ ഇത്ര നിശ്ശബ്ദതയോ എന്നു ഞാൻ ആലോചിച്ചു. മുകളിലെ നിലയിലാണ് ലൈബ്രറി. അതു കാണാനെത്തിയതാണ് എന്നു പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ ഞങ്ങളെ മുകളിലേക്ക് ക്ഷണിച്ചു.  അയാൾക്കു പിന്നാലെ രണ്ടാൾക്കു മാത്രം നടക്കാവുന്നത്ര വീതിയുള്ള മരക്കോവണിയിലൂടെ ഞങ്ങൾ കയറി. മാർക്‌സ് മെമ്മോറിയൽ ലൈബ്രറി!

ഹൈഗേറ്റെന്ന പോലെ ലണ്ടനിലെത്തുന്ന ഇടതുപക്ഷ യാത്രികരുടെ സ്ഥിരസന്ദർശന കേന്ദ്രമല്ല ക്ലെർക്കെൻ വെൽ-ലെ മാർക്‌സ് മെമ്മോറിയൽ ലൈബ്രറി. മാർക്‌സ് ലൈബ്രറി എന്ന പേരിലാണ് സാധാരണയായി അത് പരാമർശിക്കപ്പെടാറുള്ളത്. മാർക്‌സിന്റെ പേരിൽ അറിയപ്പെടുന്നു എങ്കിലും മാർക്‌സുമായി ലൈബ്രറിക്ക് പ്രത്യേകിച്ച് ബന്ധമൊന്നുമില്ല. ഹൈഗേറ്റ് സിമിത്തേരിയും ബ്രിട്ടീഷ് ലൈബ്രറിയും സോഹോവിലെയും മെയ്റ്റ്‌ലാന്റിലെയും മറ്റും വസതികളും പോലെ മാർക്‌സിന്റെ വ്യക്തിജീവിതവുമായി മാർക്‌സ് ലൈബ്രറിക്ക് ബന്ധമൊന്നുമില്ല. 1933-ൽ സ്ഥാപിതമായ ഒന്ന്. മാർക്‌സിസ്റ്റ് ഗ്രന്ഥങ്ങളുടെയും പത്രമാസികകളുടെയും വിപുലമായ ശേഖരം അവിടെയുണ്ട്. മാർക്‌സിസ്റ്റ് ചിന്താചരിത്രത്തിലെ ഏതു പ്രമേയത്തെക്കുറിച്ചും പഠിക്കാൻ ശ്രമിക്കുന്നവർക്കുള്ള അമൂല്യമായ ജ്ഞാനസ്രോതസ്സുകളിലൊന്ന്.

പതിനെട്ടാം നൂറ്റാണ്ടിനൊടുവിൽ (1738) ഒരു ചാരിറ്റി സ്‌കൂളായി തുടങ്ങിയ കെട്ടിടമാണ് കാലപ്രയാണത്തിൽ പല പടവുകൾ പിന്നിട്ട് മാർക്‌സ് ലൈബ്രറിയായി മാറിയത്. ക്ലെർക്കൻ വെല്ലിലെ ദരിദ്രരായ സാദാരണ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകുന്ന ഒരു സ്ഥാപനം. പതിയെപ്പതിയെ അവിടെ കുട്ടികൾ ധാരാളമായി. 1772-ൽ സ്‌കൂൾ മറ്റൊരിടത്തേക്ക് മാറി. തുടർന്ന് ആ കെട്ടിടം കുറച്ചു കാലം പലതരം വാണിജ്യസ്ഥാപനങ്ങളുടെ കേന്ദ്രമായി. 1872-ൽ ലണ്ടൻ പാട്രിയോട്ടിക് സൊസൈറ്റി എന്ന സംഘടന അതിലൊരു ഭാഗത്ത് പ്രവർത്തനമാരംഭിച്ചു. 1893 മുതൽ ഒരു  പ്രസാധനസ്ഥാപനവും (Twentiath Centuary Press Limited). മാർക്‌സിന്റെയും എംഗൽസിന്റെയും കൃതികളുടെ ഇംഗ്ലീഷ് പതിപ്പുകൾ പ്രസിദ്ധീകരിച്ചത് അവരാണ്. സോഷ്യൽ ഡെമോക്രാറ്റിക് ഫെഡറേഷന്റെ പത്രം (Justice) പ്രസിദ്ധീകരിച്ചിരുന്നതും അവിടെ നിന്നാണ്. ബ്രിട്ടീഷ് കലാചിന്തകനും മാർക്‌സിസ്റ്റുമായ വില്യം മോറിസായിരുന്നു ആ പ്രസാധനസ്ഥാപനത്തിനു പിന്നിലെ പ്രധാന പ്രേരണാശക്തി. 1922 വരെ അതാ കെട്ടിടത്തിൽ തന്നെ തുടർന്നു.

1933-ലാണ് മാർക്‌സ് മെമ്മോറിയൽ ലൈബ്രറി ആ കെട്ടിടത്തിൽ സ്ഥാപിതമാകുന്നത്. മാർക്‌സിന്റെ അൻപതാം ചരമവാർഷികവേളയിൽ ട്രേഡ് യൂണിയൻ പ്രവർത്തകരും സോഷ്യലിസ്റ്റുകളും കമ്മ്യൂണിസ്റ്റുകളും മാർട്ടിൻ ലോറൻസ് പബ്ലിഷേഴ്‌സ് എന്ന ഇടതുപക്ഷ പ്രസാധന സംരംഭത്തിന്റെ പ്രതിനിധികളും അവിടെ ഒത്തുചേർന്നു. ജർമ്മനിയിൽ നാസികൾ മാർക്‌സിന്റെ കൃതികൾ ചുട്ടെരിക്കാൻ തുടങ്ങിയ കാലം. മാർക്‌സിന്റെ സ്മരണയിൽ ഒരു ഗ്രന്ഥശാലയും പഠനകേന്ദ്രവും സ്ഥാപിക്കാൻ തീരുമാനിച്ചത് ആ യോഗമാണ്. മാർക്‌സ് മെമ്മോറിയൽ ലൈബ്രറി ആന്റ് വർക്കേഴ്‌സ് സ്‌കൂൾ എന്ന സ്ഥാപനം നിലവിൽ വന്നതങ്ങനെയാണ്. മാർക്‌സ് മെമ്മോറിയൽ ലൈബ്രറി സ്ഥാപിതമാവുമ്പോൾ ഇപ്പോൾ നിലവിലുള്ള കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ മാത്രമേ അതിനായി ഉപയോഗപ്പെടുത്തിയിരുന്നുള്ളു. കാലാന്തരത്തിൽ ലൈബ്രറി വലുതായി. ജെ.ഡി. ബർണലിന്റേതുൾപ്പെടെ പലരുടെയും സ്വകാര്യ ഗ്രന്ഥശേഖരം മാർക്‌സ് ലൈബ്രറിക്ക് കൈമാറിക്കിട്ടി. ഇന്റർനാഷണൽ ബ്രിഗേഡ് ആർക്കൈവ് 1975-ലും ക്ലൂഗ്മാൻ കളക്ഷൻ 1977-ലും ബർണൽ പീസ് ലൈബ്രറി 1994-ലും പ്രിന്റ് യൂണിയൻ ആർക്കൈവ്‌സ് 2009-ലും മാർക്‌സ് ലൈബ്രറിയിൽ ലയിച്ചു. അതോടെ ലോകത്തിലെ ഏറ്റവും വിപുലമായ മാർക്‌സിസ്റ്റ് ശേഖരങ്ങളിലൊന്നായി അതു മാറുകയും ചെയ്തു. ഒരു മുറിയിൽ നിന്നും പല മുറികളിലേക്കും ഒടുവിൽ കെട്ടിടത്തിലപ്പാടെയുമായി മാർക്‌സ് മെമ്മോറിയൽ ലൈബ്രറി വ്യാപിച്ചു. നിലവിൽ അറുപതിനായിരത്തിലധികം ഗ്രന്ഥങ്ങൾ ലൈബ്രറിയിലുണ്ട്. പഴയ സോവിയറ്റ് ലൈബ്രറികളിലല്ലാതെ മറ്റെവിടെയെങ്കിലും ഇത്ര വിപുലമായ മാർക്‌സിസ്റ്റ് ഗ്രന്ഥശേഖരം കാണാനാകുമോ എന്ന് സംശയമാണ്. മാർക്‌സിന്റെ ഏറ്റവും ആധികാരികവും സമഗ്രവുമായി പരിഗണിക്കപ്പെടുന്ന ജീവചരിത്രത്തിന്റെ രചയിതാവ് കൂടിയായ പ്രൊഫ. ഡേവിഡ് മക്‌ലെലൻ ആണ് മാർക്‌സ് മെമ്മോറിയൽ ലൈബ്രറിയുടെ പ്രവർത്തനങ്ങൾക്ക് നിലവിൽ നേതൃത്വം നല്കുന്നത്. ബ്രിട്ടനിലെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെയും തൊഴിലാളിവർഗത്തിന്റെയും അഭിമാനങ്ങളിലൊന്നായി ഇപ്പോൾ ലൈബ്രറി മാറിത്തീർന്നിരിക്കുന്നു.

മാർക്‌സുമായി പ്രത്യക്ഷ ബന്ധമൊന്നും ഇല്ലെങ്കിലും മാർക്‌സ് മെമ്മോറിയൽ ലൈബ്രറിക്ക് ചരിത്രപരമായ മറ്റൊരു പദവിയുണ്ട്. 1902-03 കാലത്ത് പ്രവാസിയായി ഇംഗ്ലണ്ടിൽ ഒളിവുജീവിതം നയിക്കുമ്പോൾ ലെനിൻ താമസിച്ചിരുന്നത് ഈ കെട്ടിടത്തിലാണ്. അന്നത് മാർക്‌സ് മെമ്മോറിയൽ ലൈബ്രറിയായി പരിണമിച്ചിട്ടില്ല. ഈ കെട്ടിടത്തിൽ ഒളിവിലിരുന്ന് ലെനിൻ അദ്ദേഹത്തിന്റെ പത്രമായ ഇസ്‌ക്രയുടെ പതിനേഴ് ലക്കങ്ങൾ പ്രസിദ്ധീകരിച്ചു. അന്നവിടെയുണ്ടായിരുന്ന പ്രസാധന സംരംഭത്തിന്റെ () ഡയറക്ടർ ഹാരിക്വൽഷിന്റെ മുറി പങ്കുവച്ചാണ് ലെനിൻ ഒളിവുജീവിതം നയിച്ചത്. ലെനിൻ അന്ന് താമസിച്ചിരുന്നതായി കരുതപ്പെടുന്ന മുറിയും അദ്ദേഹം ഉപയോഗിച്ചിരുന്ന കോട്ടും എഴുത്തുപകരണങ്ങളും മറ്റും ഇപ്പോൾ വലിയ കരുതലോടെ സംരക്ഷിച്ചിട്ടുണ്ട്. (നിലവിലുള്ള മുറി ലെനിൻ താമസിച്ചിരുന്ന അതേ മുറിതന്നെയല്ലെന്നും കെട്ടിടം പുതുക്കിപ്പണിയുന്നതിനു മുൻപ് അതേ സ്ഥാനത്തുണ്ടായിരുന്ന മുറിയിലാണ് അദ്ദേഹം തങ്ങിയതെന്നും മാർക്‌സ് ലൈബ്രറിയെക്കുറിച്ചുള്ള ചില വിവരണങ്ങളിൽ കാണാം.)

ജീവിതത്തിന്റെ പകുതിയിലധികവും ചെലവഴിച്ചത് ലണ്ടനിലാണെങ്കിലും മാർക്‌സിന്റെ പേരിൽ ലണ്ടനിൽ സ്മാരകമന്ദിരങ്ങളൊന്നുമില്ല. മാർക്‌സിന്റെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഗ്രന്ഥാലയത്തിലാകട്ടെ മാർക്‌സ് വന്നിട്ടുള്ളതായി തെളിവൊന്നുമില്ല. (1849-83 കാലയളവിൽ ഈ കെട്ടിടം വാണിജ്യസ്ഥാപനങ്ങളുടെയും പലതരം ചെറുകിട പണിശാലകളുടെയും കേന്ദ്രമായി പ്രവർത്തിക്കുകയാകണം) അങ്ങനെ മാർക്‌സ് വ്യക്തിപരമായി വന്നെത്തിയിട്ടില്ലാത്ത ഒരിടമാണ് അദ്ദേഹത്തിന്റെ സ്മാരകമായി ഇപ്പോൾ ഉയർന്നു നിൽക്കുന്നത്. ചരിത്രത്തിലെ വൈരുധ്യങ്ങൾ മാർക്‌സ് സ്മരണയിലും തുടരുന്നു!

രണ്ട്

1849-ൽ മാർക്‌സ് ലണ്ടനിലെത്തുന്നത് അവിടെ സ്ഥിരതാമസമാക്കുക എന്ന ലക്ഷ്യത്തോടെയല്ല. ആസന്നമായ ലോകവിപ്ലവത്തെക്കുറിച്ചുള്ള പ്രത്യാശകൾ ഇരമ്പിനിൽക്കുന്ന സമയമായിരുന്നു അത്. യൂറോപ്പിലെ നിരവധി രാജ്യങ്ങളിൽ ചെറുതും വലുതുമായ തൊഴിലാളിപ്രക്ഷോഭങ്ങൾ അക്കാലത്ത് ഉയർന്നുവന്നിരുന്നു. പലയിടങ്ങളിലും അത് ഭരണകൂടവുമായുള്ള ഏറ്റുമുട്ടലിലേക്ക് വളർന്നി. വഴിക്കോട്ടകൾ ഉയർത്തിക്കെട്ടി സൈന്യത്തെ പ്രതിരോധിച്ച 1848-ലെ വൻ കലാപത്തിന്റെ മുഴക്കങ്ങൾ അന്തരീക്ഷത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്റെ ഇംഗ്ലണ്ട് ജീവിതം ഏറെ ദൈർഘ്യമേറിയതാവില്ലെന്ന തോന്നലാണ് മാർക്‌സിനുണ്ടായിരുന്നത്. ജർമനിയിൽ നിന്നെന്ന പോലെ അഭയം തേടിയ ബൽജിയത്തിൽ നിന്നും ഫ്രാൻസിൽ നിന്നുമെല്ലാം മാർക്‌സ് പുറത്താക്കപ്പെട്ടിരുന്നു. ബ്രസ്സൽസിലെയും പാരീസിലെയും അദ്ദേഹത്തിന്റെ വാസസ്ഥാനങ്ങൾ അക്കാലത്തെ യൂറോപ്യൻ വിപ്ലവശ്രമങ്ങളുടെ ബൗദ്ധിക-സംഘാടന കേന്ദ്രമായി മാറിയതിനെ തുടർന്നാണ് അവിടെ നിന്നെല്ലാം മാർക്‌സ് പുറത്താക്കപ്പെട്ടത്. ജർമ്മനിയിലെ വിപ്ലവവിജയത്തെക്കുറിച്ച് മാർക്‌സിന് പ്രതീക്ഷ ഉണ്ടായിരുന്നില്ല. എന്നാൽ ബ്രസ്സൽസും പാരീസും ഉൾപ്പെടെയുള്ള യൂറോപ്യൻ നഗരങ്ങൾ ആസന്നമായ വലിയൊരു വിപ്ലവച്ചുഴിയിലേക്ക് എടുത്തെറിയപ്പെടുമെന്നും, അതുകൊണ്ടുതന്നെ തനിക്ക് വൈകാതെ അവിടേക്ക് മടങ്ങാനാകുമെന്നുമാണ് മാർക്‌സ് കരുതിയിരുന്നത്. ഇംഗ്ലണ്ടിലെത്തിയതിനു ശേഷം മൂന്നു പതിറ്റാണ്ടോളം കഴിഞ്ഞ് 1874-ലാണ് മാർക്‌സ് ബ്രിട്ടീഷ് പൗരത്വത്തിനായി അപേക്ഷിച്ചത്! ആ അപേക്ഷ തിരസ്‌കരിക്കപ്പെടുകയായിരുന്നു. അങ്ങനെ തന്റെ മുപ്പതാം വയസ്സോടടുത്ത് ജന്മനാട്ടിൽ നിന്നും പുറത്താക്കപ്പെട്ട മാർക്‌സ് മരണം വരെയും ഒരു രാജ്യത്തെയും പൗരത്വമില്ലാതെ ജീവിച്ചു. പരിപൂർണ്ണമായ അഭയാർത്ഥിത്വം മാർക്‌സിന്റെ ലണ്ടൻ ജീവിതത്തെയുടനീളം വലയം ചെയ്തിരുന്നു.

ലണ്ടനിലെ വൻ തിരക്കിന്റെ നടുവിലാണ് നാലുപതിറ്റാണ്ടോളം ജീവിച്ചതെങ്കിലും മാർക്‌സ് ഒട്ടൊക്കെയും ഏകാകിയായിരുന്നു. തങ്ങൾ ഇരുവരും പങ്കുപറ്റുന്ന സങ്കീർണ്ണമായ ഏകാന്തതാബോധത്തെക്കുറിച്ച് 1851-ൽ എംഗൽസിനെഴുതിയ കത്തുകളിലൊന്നിൽ മാർക്‌സ് സൂചിപ്പിക്കുന്നുണ്ട്. (‘I am greatly pleased by the public, authentic isolation in which we too, you and I now find ourselves!’.)  മാർക്‌സ് അതുവരെ പരിചയിച്ച നഗരജീവിതത്തിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു ലണ്ടൻ. മാർക്‌സിന്റെ ജന്മസ്ഥലമായ ട്രയറോ, സർവകലാശാല കേന്ദ്രമായ ബോണോ, പ്രഷ്യയുടെ തലസ്ഥാനമായ ബർലിനോ, ഒന്നര വർഷക്കാലം തങ്ങിയ പാരീസോ, അല്പകാലം ഇടത്താവളമാക്കിയ ബ്രസ്സൽസോ മാർക്‌സിന്റെ ധൈഷണിക ജീവിതത്തിൽ ഇംഗ്ലണ്ടിനോളം സ്വാധീനം ചെലുത്തിയിട്ടില്ല. ബർലിന്റെ ഭൗതികപരിസരത്തെക്കാളുപരി അവിടെ വച്ച് പരിചയിച്ച ഹെഗലിന്റെ തത്ത്വചിന്തയായിരുന്നു മാർക്‌സിന്റെ ജീവിതാധാരമായി മാറിയത്. ഡിക്കൻസിന്റെ രചനകളിലെ ഇംഗ്ലണ്ട് എന്നതുപോലെ ബൽസാക്കിന്റെ കൃതികളിലൂടെ താൻ ആവേശപൂർവ്വം വായിച്ചറിഞ്ഞ പാരീസും മാർക്‌സിന്റെ  ചിന്താജീവിതത്തിൽ ഇടം നേടിയിട്ടുണ്ട്. മാർക്‌സിസ്റ്റ് ചിന്ത സമഗ്രമായി സന്നിഹിതമായ ആദ്യ രചനയായി പരിഗണിക്കപ്പെടുന്ന സാമ്പത്തിക-തത്ത്വശാസ്ത്രക്കുറിപ്പുകൾ (Economic and Philosophic Manuscripts) മാർക്‌സ് തയ്യാറാക്കിയത് പാരീസിൽ വച്ചാണ്. പാരീസ് കയ്യെഴുത്തു പ്രതികൾ (Paris Manuscripts) എന്ന പേരിൽ അവ പില്ക്കാലത്ത് പുകഴ്‌പെറ്റു. 1930-കളിലാണ് അത് ലോകത്തിന്റെ ശ്രദ്ധയിൽ വന്നത്. ആധുനിക ലോകത്തിന്റെ ചിന്താചരിത്രത്തിലെ ഏറ്റവും പ്രധാന രചനകളിലൊന്നായി ഇന്നത് മാറിത്തീർന്നിരിക്കുന്നു.

ബർലിനും പാരീസും മാർക്‌സിൽ ചെലുത്തിയത് ഏറിയ പങ്കും ചിന്താപരമായ സ്വാധീനമായിരുന്നു. 1818 മുതൽ 1831 വരെ ഹെഗൽ ബർലിനിൽ ഉണ്ടായിരുന്നു. ഹെഗലിന്റെ വൈരുദ്ധ്യാത്മക വിചിന്തനത്തിന്റെ വിപ്ലവപരമായ ഉള്ളടക്കത്തിൽ പ്രചോദിതരായ ഒരു യുവസംഘം മാർക്‌സ് അവിടെയെത്തുന്ന കാലത്ത് ബർലിനിൽ ഉണ്ടായിരുന്നു. യുവഹെഗേലിയൻമാർ എന്നറിയപ്പെട്ട ആ കൂട്ടായ്മയുടെ അല്പകാലം മാർക്‌സിന്റെ ധൈഷണിക ജീവിതത്തിലും സ്വാധീനം ചെലുത്തി. 1841-ൽ തന്നെ ഡോക്ടറൽ ബിരുദം നേടിയെങ്കിലും അക്കാദമിക ജീവിതത്തിലേക്ക് കടക്കാൻ മാർക്‌സിന് കഴിഞ്ഞിരുന്നില്ല. ഏറെ വൈകാതെ അദ്ദേഹം പത്രപ്രവർത്തനത്തിലേക്ക് തിരിയുകയും റെയ്‌നിഷെ സെയ്തുങ്-ന്റെ പത്രാധിപരാവുകയും ചെയ്തു. റഷ്യൻ ചക്രവർത്തിക്കെതിരായ മാർക്‌സിന്റെ നിശിത വിമർശനത്തെ തുടർന്ന് 1843-ൽ പത്രം അടച്ചു പൂട്ടി. ഇതേ തുടർന്നാണ് മാർക്‌സ് പാരീസിലെത്തിയത്. അതിനു മുൻപ് 1843 ജൂണിൽ അദ്ദേഹം ജന്നിയെ വിവാഹം കഴിക്കുകയും ചെയ്തു. ‘കുടിയേറ്റക്കാരുടെ കൺഫ്യൂഷ്യസ്’ എന്ന് മാർക്‌സ് വിശേഷിപ്പിക്കുന്ന ആർനോൾഡ് റൂഷിന്റെ ഉപദേശം സ്വീകരിച്ചാണ് 1843 ഒക്ടോബറിൽ മാർക്‌സ് ജന്നിയോടൊപ്പം പാരീസിലെത്തുന്നത്. 38 റ്യൂ വാന്യു (38 Rue Vaneau) എന്ന അപ്പാർട്ട്‌മെന്റിൽ 1845 ജനുവരി വരെ അദ്ദേഹം താമസിച്ചു. എംഗൽസും ഇക്കാലത്ത് പാരീസിൽ എത്തുന്നുണ്ട്. പാരീസിലെ ജീവിതകാലത്താണ് ഹെഗേലിയൻ തത്ത്വചിന്തയിൽ നിന്നും രാഷ്ട്രീയ സമ്പദ്ശാസ്ത്രത്തിലേക്ക് മാർക്‌സിന്റെ ചിന്ത വഴിതിരിയുന്നത്.

ബ്രസ്സിൽസിൽ മാർക്‌സിന്റെ ജീവിതം വ്യത്യസ്തമായിരുന്നു. ഒരർത്ഥത്തിൽ ബ്രസ്സൽസാണ് മാർക്‌സിന്റെ വിപ്ലവപരമായ പ്രായോഗിക ഇടപെടലുകളുടെ കേന്ദ്രമായി മാറിയത്. മൂന്നു വർഷത്തോളം ദൈർഘ്യമുള്ള (1845 ഫെബ്രുവരി മുതൽ 1849 ഫെബ്രുവരി വരെ) ബ്രസ്സൽസ് ജീവിതത്തിനിടയിൽ ഒരുഭാഗത്ത് സൈദ്ധാന്തിക വിചിന്തനത്തിലും മറുഭാഗത്ത് കമ്മ്യൂണിസ്റ്റ് കറസ്‌പോണ്ടൻസ് കമ്മറ്റി വഴിയുള്ള വിപ്ലവകാരികളുടെ സംഘാടനത്തിലും മാർക്‌സ് മുഴുകി. എംഗൽസുമായുള്ള മാർക്‌സിന്റെ സഹജീവിതത്തിന്റെയും കേന്ദ്രമായിരുന്നു ബ്രസ്സൽസ്. അവർ ഇരുവരും ചേർന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ രചനയിൽ ഏർപ്പെട്ടതും ബ്രസ്സൽസിൽ വച്ചാണ്. അമൂർത്തമായ സൈദ്ധാന്തിക വിചിന്തനങ്ങളിൽ നിന്നും മൂർത്തമായ രാഷ്ട്രീയ കാര്യപരിപാടിയിലേക്ക് മാർക്‌സ് കാലൂന്നുന്നതും ഇവിടെ വച്ചാണ്.

1848 മാർച്ചിൽ മാർക്‌സ് ബ്രസ്സൽസിൽ നിന്നും പുറത്താക്കപ്പെട്ടു. പൊടുന്നനെ വന്ന പുറത്താക്കൽ നടപടി മൂലം മാർക്‌സിനും ജന്നിക്കും പുറപ്പെടാനുള്ള ഒരുക്കങ്ങളൊന്നും നടത്താൻ കഴിഞ്ഞിരുന്നില്ല. തങ്ങളുടെ ചുരുക്കം വീട്ടുപകരണങ്ങൾ വരെ ഉപേക്ഷിച്ചാണ് ബ്രസ്സൽസിൽ നിന്നും അവർക്ക് ഇറങ്ങിത്തിരിക്കേണ്ടി വന്നത്. ബ്രസ്സൽസിൽ നിന്ന് പാരീസിലും പിന്നീട് അല്പകാലം കൊളോണിലും ഇതര ജർമ്മൻ നഗരങ്ങളിലും തങ്ങിയ ശേഷം 1849 വേനൽക്കാലത്ത് മാർക്‌സ് ലണ്ടനിലെത്തി. ജന്നിയും മൂന്നു മക്കളും മൂന്ന് ആഴ്ചകൾക്കു ശേഷം മാർക്‌സിനൊപ്പം ചേർന്നു. മാർക്‌സിനപ്പോൾ 35 വയസ്സായിരുന്നു. അവശേഷിക്കുന്ന മൂന്നു പതിറ്റാണ്ടുകാലത്തെ ജീവിതം ഒരു അഭയാർത്ഥികളായി ജീവിക്കേണ്ട സ്ഥലത്തെക്കാണ് തങ്ങൾ വന്നെത്തിയിരിക്കുന്നതെന്ന് മാർക്‌സും ജന്നിയും അപ്പോൾ കരുതിയതേയില്ല!

മാർക്‌സിന്റെ ആദ്യ താമസസ്ഥലം (4 Anderson Street, Chelsca) ലണ്ടനിലെ താരതമ്യേന സമ്പന്ന മേഖലയിലായിരുന്നു. ആറു പൗണ്ട് എന്ന പ്രതിമാസവാടക ആദ്യം പ്രയാസമുണ്ടാക്കിയില്ല. പക്ഷേ, പ്രത്യേകമായ വരുമാനമാർഗ്ഗമില്ലാത്ത മാർക്‌സിന് ദീർഘകാലം അത് നിലനിർത്താൻ കഴിഞ്ഞില്ല. നിലനില്പിനായി പലരിൽ നിന്നും വാങ്ങിയ കടം പെരുകി. ഒടുവിൽ കടക്കാർ മാർക്‌സിന്റെ വാസസ്ഥലം കയ്യേറി അവിടെയുള്ള എല്ലാ വിലപിടിച്ച സാമഗ്രികളും കൈവശപ്പെടുത്തി. കുഞ്ഞിന്റെ കളിത്തൊട്ടിൽ അടക്കമുള്ളവ കടക്കാരുടെ കൈവശമായി! മുന്നൂറോളം പേർ വരുന്ന ആൾക്കൂട്ടത്തിനു നടുവിൽ അപമാനിതരായി തെരുവിൽ നിന്ന രാത്രിയെക്കുറിച്ച് ജന്നി പിൽക്കാലത്ത് കടുത്ത വേദനയോടെ ഓർമ്മിക്കുന്നുണ്ട്. കിടക്കകളും തുണിയും വീട്ടുപകരണങ്ങളും നഷ്ടപ്പെട്ട് തെരുവിൽ കഴിഞ്ഞ നിലയിൽ നിന്ന് ലെയ്‌സെസ്റ്റർ സ്ട്രീറ്റിലെ ജർമൻ ഹോട്ടലിന്റെ മുറികളിലൊന്നിലാണ് മാർക്‌സും കുടുംബവും അഭയം പ്രാപിച്ചത്. ആഴ്ചയിൽ അഞ്ചു പൗണ്ട് വാടകയായിരുന്നു അവിടെ. മാസം ആറു പൗണ്ട് വാടക നല്കാനാവാതെ ആദ്യത്തെ താമസസ്ഥലത്തു നിന്നും പുറത്താക്കപ്പെട്ട മാർക്‌സിന് ഈ വാടക തങ്ങാനാവില്ല എന്ന് വ്യക്തമായിരുന്നു. എങ്കിലും താത്കാലികമായ ഇടത്താവളം എന്ന നിലയിൽ, രാഷ്ട്രീയ അഭയാർത്ഥികളുടെ സങ്കേതമായ ആ ജർമ്മൻ ഹോട്ടൽ മാർക്‌സ് കുറച്ചു ദിവസം തന്റെയും താവളമാക്കി.

മാർക്‌സ് കുടുംബത്തിന്റെ ലണ്ടനിലെ ആദ്യ വസതി സോഹോയിലെ ഡീൻ സ്ട്രീറ്റിലെ 64-ാം നമ്പർ അപ്പാർട്‌മെന്റ് ആയിരുന്നു. മാർക്‌സും കുടുംബവും തത്കാലം തങ്ങിയ ജർമ്മൻ ഹോട്ടലിൽ നിന്നും ഏറെ അകലെയല്ലാതെ, രണ്ടു മുറികൾ മാത്രമുള്ള ഇടുങ്ങിയ താമസസ്ഥലം. 1850 മെയ് മുതൽ ഡിസംബർ വരെ എട്ടു മാസത്തോളം മാർക്‌സ് അവിടെ തങ്ങി. 1850 അവസാനം ഡീൻ സ്ട്രീറ്റിലെ തന്നെ 28-ാം നമ്പർ വസതിയിലേക്ക് മാർക്‌സും കുടുംബവും താമസം മാറി. തെരുവിന് അഭിമുഖമായി രണ്ടാം നിലയിലുള്ള ആ വസതിയിൽ മാർക്‌സും കുടുംബവും 1856 വരെ താമസിച്ചു. ആ കെട്ടിടത്തിന്റെ ചുമരിൽ മാർക്‌സും കുടുംബവും ഇവിടെ താമസിച്ചിരുന്നു എന്നു രേഖപ്പെടുത്തിയ നീല ഫലകം ലണ്ടൻ കൗൺസിൽ സ്ഥാപിച്ചിട്ടുണ്ട്. 34 വർഷം നീളുന്ന മാർക്‌സിന്റെ ലണ്ടൻ ജീവിതത്തിന്റെ പ്രത്യക്ഷ സ്മരണ നിലനിർത്തുന്ന ഒരേയൊരിടം ഇതാണെന്ന് മാർക്‌സിന്റെ ലണ്ടൻ ജീവിതത്തെക്കുറിച്ച് പഠിച്ച ജോൺ കാലോയും ആശാ ബ്രിഗ്‌സും രേഖപ്പെടുത്തിയിരിക്കുന്നു.

സോഹോയിലെ മാർക്‌സിന്റെ ജീവിതം യാതനാഭരിതമായിരുന്നു. 1851 മുതൽ ഒരുപതിറ്റാണ്ടോളം മാർക്‌സിനുണ്ടായിരുന്ന ഏക വരുമാനം ന്യൂയോർക്ക് ഡെയ്‌ലി ട്രിബ്യൂൺ എന്ന പത്രത്തിനുവേണ്ട പംക്തി എഴുതുന്നതിൽ നിന്നുള്ളതായിരുന്നു. ആ വരുമാനം കുടുംബത്തിന്റെ ചിലവിനും വാടകയ്ക്കും ഒട്ടും പര്യാപ്തമാവുന്നതായിരുന്നില്ല. മാഞ്ചെസ്റ്ററിൽ നിന്നും എംഗൽസ് നല്കിയിരുന്ന സഹായത്തിന്റെ പിൻതുണയിലാണ് മാർക്‌സും കുടുംബവും അക്കാലത്ത് പട്ടിണിയെ ഭാഗികമായി മറികടന്നത്. അപ്പോൾത്തന്നെ മക്കൾക്ക് ആവശ്യമായ പരിചരണവും ചികിത്സയും ഉറപ്പാക്കാൻ മാർക്‌സിന് കഴിയാതെ പോയി. ഡീൻ സ്ട്രീറ്റിലെ വാസക്കാലത്തിനിടയിൽ മാർക്‌സിന്റെ മൂന്നു മക്കളാണ് രോഗബാധിതരായി മരിച്ചത്. എട്ടുവയസ്സുകാരനായ എഡ്ഗാർ, ഒരു വയസ്സുള്ള ഹെന്റി, കൈക്കുഞ്ഞായിരുന്ന ഫ്രാൻസിസ്‌ക എന്നിവർ. കൊടിയ ദാരിദ്ര്യത്തെ മറികടക്കാൻ മാർക്‌സ് ഇക്കാലത്ത് തന്റെ കോട്ട് പണയം വയ്ക്കുന്നുപോലുമുണ്ട്. ലോകം കണ്ട ഏറ്റവും വലിയ ധൈഷണികരിലൊരാൾ രോഗദാരിദ്ര്യങ്ങളുടെ പടുകുഴിയിൽ പെട്ടുഴലുന്ന കാഴ്ചയാണ് മാർക്‌സിന്റെ സോഹോ ജീവിതകാലത്തിന്റേത്.

1856-ൽ സ്‌കോട്‌ലന്റിലെ ഒരു അമ്മാവന്റെ ഭാഗപത്രപ്രകാരം മാർക്‌സിന് 150 പൗണ്ട് ലഭിച്ചു. അമ്മയുടെ മരണത്തെ തുടർന്ന് മറ്റൊരു 120 പൗണ്ടും. ഡീൻ സ്ട്രീറ്റിലെ ഭയാനകവും  നരകസമാനമായ മുറികളുള്ള താമസസ്ഥലത്തു നിന്ന് മറ്റൊരിടത്തേക്ക് നീങ്ങാൻ മാർക്‌സ്‌കുടുംബം തീരുമാനിച്ചു. 1856 ഒക്ടോബറിൽ കെന്റിഷ് ടൗണിലെ ഫിറ്റ്‌സ് റോയ് റോഡിലെ വാസസ്ഥലത്തേക്ക് (No 9, Graffton Terrace) അവർ മാറി. 1856 മുതൽ 1864 വരെ മാർക്‌സും കുടുംബവും താമസിച്ചതിവിടെയാണ്. കെന്റിഷ് ടൗണിലേത് താരതമ്യേന മെച്ചപ്പെട്ട ജീവിതപരിസരമായിരുന്നു. താരതമ്യേന സ്വസ്ഥജീവിതത്തിലേക്ക് നീങ്ങിത്തുടങ്ങിയ 1864-ൽ മാർക്‌സിന്റെ പത്രപ്രവർത്തന ജീവിതവും അതിൽ നിന്നുള്ള വരുമാനവും അവസാനിച്ചു. അമേരിക്കൻ ആഭ്യന്തര കലാപത്തിന്റെ ഫലമായുണ്ടായ സാമ്പത്തിക പ്രതിസന്ധി മാർക്‌സ് എഴുതിക്കൊണ്ടിരുന്ന പത്രത്തെയും ബാധിച്ചു. മാർക്‌സിന്റെ ഒരേയൊരു വരുമാനമാർഗ്ഗം അതോടെ അടഞ്ഞു.

നിസ്സഹായതയുടെ നടുക്കടലിൽ ആണ്ടുപോവുമായിരുന്ന ആ സന്ദർഭത്തിൽ മാർക്‌സിനു മുന്നിൽ മറ്റൊരു വാതിൽ തുറന്നു. മാർക്‌സിന്റെ അമ്മയുടെ മരണത്തെ തുടർന്ന് 1863-ൽ കുടുംബസ്വത്തിൽ നിന്നുള്ള വിഹിതമായി 600 പൗണ്ട് മാർക്‌സിന് ലഭിച്ചു. മാർക്‌സിന്റെ ആജന്മ സുഹൃത്തുക്കളിലൊരാളായ വില്യം വോൾഫ് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ മരണപത്രമനുസരിച്ച് മാർക്‌സിന് 800 പൗണ്ട് ലഭിക്കുകയുണ്ടായി. 1846-ൽ ബ്രസ്സൽസിൽ വച്ചാണ് മാർക്‌സ് വില്യം വോൾഫിനെ പരിചയപ്പെട്ടത്. കമ്മ്യൂണിസ്റ്റ് ലീഗിന്റെ പ്രവർത്തകനും ജർമ്മൻ പത്രപ്രവർത്തകനുമായിരുന്നു വോൾഫ്. മാർക്‌സിന്റെ വിപ്ലവകരമായ ആശയങ്ങളോടും ചിന്താജീവിതത്തോടും അങ്ങേയറ്റം പ്രതിബദ്ധതയുള്ള ഒരാളായിരുന്നു വില്യം വോൾഫ്. മൂലധനം ഒന്നാം വാല്യം മാർക്‌സ് സമർപ്പിച്ചിരിക്കുന്നത് വില്യം വോൾഫിനാണ്. അമ്മയിൽ നിന്നും വോൾഫിൽ നിന്നും പണം കൈവന്നതോടെ മെച്ചപ്പെട്ട ഒരിടത്തേക്ക് താമസം മാറാൻ മാർക്‌സ് തീരുമാനിച്ചു. അങ്ങനെ ജീവിതത്തിന്റെ അവസാനപതിറ്റാണ്ടിൽ സാമാന്യം സൗകര്യങ്ങളുള്ള ഒരു വസതിയിൽ (1 Moderna Villas പിന്നീടത്  I Maitland Park Road എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു) മാർക്‌സ് താമസമാരംഭിച്ചു. ലണ്ടൻജീവിതത്തിൽ ആദ്യമായി മക്കൾക്കെല്ലാം സ്വന്തമായി മുറിയുള്ള, മാർക്‌സിന് തന്റേതായ പഠനമുറിയുള്ള ഒരു വീട്ടിൽ മാർക്‌സ് കുടുംബം താമസമാരംഭിച്ചു. 1869-ൽ എംഗൽസ് ജോലിയിൽ നിന്നും വിരമിച്ച വേളയിൽ മാർക്‌സിന്റെ കടബാധ്യതകൾ തീർക്കാൻ 100 പൗണ്ട് നൽകി. മാർക്‌സിന്റെ ജീവിതച്ചിലവുകൾക്കായി പ്രതിവർഷം 350 പൗണ്ട് തവണകളായി നൽകാനും എംഗൽസ് ക്രമീകരണമുണ്ടാക്കി. ‘നിത്യജീവിതത്തിന്റെ ദുഷ്‌കര പദപ്രശ്‌നങ്ങളിൽ’ നിന്നും മാർക്‌സ് ജീവിതത്തിലാദ്യമായി പുറത്തേക്കു കടന്നതപ്പോഴാണ്. അപ്പോഴേക്കും മാർക്‌സ് തന്റെ ജീവിതപരിസരങ്ങളിൽ ആദരണീയമായ സ്ഥാനം കൈവരിച്ചിരുന്നു. വിപ്ലവകാരിയായ ഒരു ജ്ഞാനവൃദ്ധന്റെ പരിവേഷം അദ്ദേഹത്തിന് കൈവന്നു. ഒരു പതിറ്റാണ്ടുകാലം ആ വസതിയിൽ താമസിച്ചതിനു ശേഷം 1875 അതേ വഴിയിൽ തന്നെയുള്ള മറ്റൊരു വസതിയിലേക്ക് (41 Maitland Park Road) മാർക്‌സ് കുടുംബം താമസം മാറി. മാർക്‌സിന്റെ ജീവിതത്തിലെ അവസാനത്തെ കൂടുമാറ്റം. ലണ്ടനിലെ മാർക്‌സിന്റെ ആറാമത്തെ താവളം. എട്ടു വർഷക്കാലം മാർക്‌സ് കുടുംബത്തോടൊപ്പം അവിടെ താമസിച്ചു. 1883 മാർച്ച് 14-ന് ഉച്ചയ്ക്ക് ആ വസതിയിലെ സ്വീകരണമുറിയിൽ തന്റെ കസേരയിൽ ചാരിയിരുന്നാണ് ലോകത്തോട് അദ്ദേഹം വിടപറഞ്ഞത്. അദ്ദേഹത്തിന്റെ ലണ്ടൻ ജീവിതം അപ്പോൾ 34 വപ്ഷം പിന്നിട്ടിരുന്നു. 1849-ൽ അഭയാർത്ഥിയായി തുടങ്ങിയ ആ അഭയാർത്ഥിത്വത്തിൽ തന്നെ അവസാനിച്ചു. സാർവ്വദേശീയമായ വിപ്ലവസാഹോദര്യം എന്ന സങ്കല്പത്തെ തന്റെ അഭയാർത്ഥിജീവിതം കൊണ്ടും മാർക്‌സ് സാക്ഷാത്കരിച്ചു!

മാർക്‌സിന്റെ ലണ്ടൻ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായ മറ്റൊരിടം കൂടിയുണ്ട്. ബ്രിട്ടീഷ് ലൈബ്രറി. 1849 മുതൽ 1883-ൽ അന്തരിക്കുന്നതു വരെ മാർക്‌സ് ജീവിച്ച ഏതു വസതിയെക്കാളും അദ്ദേഹത്തിന്റെ ജീവിതത്തോട് കെട്ടുപിണഞ്ഞു കിടക്കുന്നത് ബ്രിട്ടീഷ് ലൈബ്രറിയാണ്. മാർക്‌സിന്റെ അടങ്ങാത്ത വിജ്ഞാനതൃഷ്ണയ്ക്ക് പരിഹാരമായി എന്നതു മാത്രമല്ല ബ്രിട്ടീഷ് ലൈബ്രറിക്ക് മാർക്‌സിന്റെ ജീവിതത്തിലുള്ള സ്ഥാനം. സോഹോയിലെയും ഗ്രാഫ്റ്റൻ ടെറസിലെയും വസതികളിലെ ഇടുങ്ങിയ അന്തരീക്ഷത്തിൽ നിന്നുള്ള വിടുതി കൂടിയായിരുന്നു ബ്രിട്ടീഷ് ലൈബ്രറി. ലണ്ടനിൽ സ്ഥിരതാമസമാക്കിയതിന്റെ തൊട്ടടുത്ത വർഷം, 1850-ൽ തന്നെ, അദ്ദേഹം ലൈബ്രറിയിൽ നിന്നും റീഡേഴ്‌സ് ടിക്കറ്റ് കരസ്ഥമാക്കിയിരുന്നു. അന്നത് വളരെ പ്രയാസകരമായ ഒരു കാര്യമായിരുന്നു. രാവിലെ ഒൻപതു മണിക്ക് ലൈബ്രറിയിലെത്തി വൈകുന്നേരം ഏഴിന് ലൈബ്രറി അടയ്ക്കുന്നതു വരെ രണ്ടു പതിറ്റാണ്ടോളം മാർക്‌സ് അവിടെ ചെലവഴിച്ചു. തോമസ് കാർലെലും വില്യം താക്കറെയും ചാൾസ് ഡിക്കൻസും ജോൺ റസ്‌കിനും മുതൽ ലെനിനും ജോർജ് ബർണാഡ്ഷായും ഗാന്ധിയും വരെയുള്ള എത്രയെങ്കിലും മഹാരഥികൾ ബ്രിട്ടീഷ് ലൈബ്രറിയുടെ ഗുണഭോക്താക്കളുടെ പട്ടികയിലുണ്ട്. എങ്കിലും അവരെക്കാളെല്ലാം ഉയരത്തിൽ മാർക്‌സിന്റെ പേര് തെളിഞ്ഞു നിൽക്കും. ചിന്താപരമായ ഗഹനത കൊണ്ടും സാമൂഹികമായ സ്വാധീനശക്തി കൊണ്ടും വിപ്ലവപരമായ തീവ്രാഭിലാഷം കൊണ്ടും മാർക്‌സിനോളം വ്യാപ്തി അവരിൽ മറ്റാരുടെയും ജീവിതത്തിന് കൈവന്നിട്ടില്ല. തന്റെ നിത്യജീവിത യാതനകളെ താണ്ടിക്കടന്ന് അത്രമേൽ മഹിതമായ ഒരു ജീവിതത്തിലേക്ക് മാർക്‌സിനെ കൈപിടിച്ചു നടത്തിയത് ബ്രിട്ടീഷ് ലൈബ്രറിയായിരുന്നു. മാർക്‌സ് സ്ഥിരമായി ഇരുന്നിരുന്ന ഏഴാം നമ്പർ സീറ്റ് ലൈബ്രറി അതിന്റെ അഭിമാനകരമായ പൈതൃകമായി നിലനിർത്തിപ്പോന്നതും മറ്റൊന്നുംകൊണ്ടല്ല!

മൂന്ന്

മാർക്‌സ് മെമ്മോറിയൽ ലൈബ്രറിക്കുള്ളിലേക്ക് കടന്നപ്പോൾ നിശബ്ദതയാണ് ആദ്യം ശ്രദ്ധയിൽ പെട്ടത്. യൂറോപ്പിലെ വലിയ ഗ്രന്ഥശാലകളിൽ പൊതുവെ നിശബ്ദതയുണ്ട്. ബ്രിട്ടീഷ് ലൈബ്രറിയും മറ്റും കാണാൻ അവസരം കിട്ടിയപ്പോൾ ഞാനതു ശ്രദ്ധിച്ചിരുന്നു. അടക്കിപ്പിടിച്ച മൗനം അവിടെ നാമനുഭവിക്കും. എല്ലാവരും ബോധപൂർവം പാലിക്കുന്ന മൗനമാണത്. ഒരു മഹാഗ്രന്ഥാലയത്തോടുള്ള ആദരവാകാം. വായനയ്ക്കും പഠനത്തിനുമായി എത്തിയവരോടുള്ള പരിഗണനയാകാം. ഏതായാലും ആ മൗനത്തിൽ നമ്മളും പെട്ടെന്ന് പങ്കാളിയാകും. ചുറ്റും ആളുകളുണ്ട് എന്ന ബോധ്യത്തിനു നടുവിൽ നിന്നുകൊണ്ടു തന്നെയാണതു ചെയ്യുക. ശബ്ദായമാനമായ മൗനം!

മാർക്‌സ് ലൈബ്രറിയിലെ നിശബ്ദത അത്തരത്തിലുള്ളതല്ല. ആകെ കണ്ടോ മൂന്നോ പേർ മാത്രം. അവർ നിശ്ശബ്ദരായി പുസ്തകങ്ങൾ നോക്കുന്നു. നിരനിരയായി അടുക്കിയ പുസ്തകങ്ങൾ. ചുമരുകളോടു ചേർന്നും അതിനിടയിലുമായി ക്രമീകരിച്ചിട്ടുള്ള ഷെൽഫുകൾ. അറുപതിനായിരം പുസ്തകങ്ങൾ എന്നാണ് വിവരണങ്ങളിൽ കാണുന്നത്. മാർക്‌സിസം ജന്മം നല്കിയ അറിവിന്റെ വിസ്തൃതി അത് ഒറ്റക്കാഴ്ചയിൽ തന്നെ നമ്മെ ബോധ്യപ്പെടുത്തും. മാർക്‌സ് എല്ലാത്തിനും കുറുകെ നടന്നു! ടെറി ഈഗിൾട്ടൺ-ന്റെ പ്രശസ്ത രചനകളിലൊന്നിൽ (Why Marx was Right?) എഴുതിയ കാര്യം ഞാനപ്പോൾ മനസ്സിലോർത്തു. നിങ്ങൾക്ക് ഒരു പ്ലേറ്റോണിക് ട്രേഡ് യൂണിയനോ, ഹെഗേലിയൻ സ്ത്രീപ്രസ്ഥാനമോ കാന്റിയന്റെ പരിസ്ഥിതിപ്രസ്ഥാനമോ വിഭാവനം ചെയ്യുക സാധ്യമല്ല. മാർക്‌സിനെ മുൻനിർത്തി പക്ഷേ, എല്ലാം സാധ്യമാണ്! ഭരണകൂടം, രാഷ്ട്രീയപ്രസ്ഥാനങ്ങൾ, ട്രേഡ് യൂണിയനുകൾ, യുവജനസംഘടനകൾ, വിദ്യാർത്ഥിപ്രസ്ഥാനങ്ങൾ, സ്ത്രീസംഘടനകൾ, സൗന്ദര്യശാസ്ത്രം, ചരിത്രദർശനം, ശാസ്ത്രചരിത്രം, കലാദർശനം, ഭൂമിശാസ്ത്രം, നഗരപഠനം, സ്ഥലപഠനം…. മനുഷ്യവിജ്ഞാനത്തിന്റെയും പ്രയോഗത്തിന്റെയും ഏതു മേഖലയും എടുത്തുകൊള്ളൂ. മാർക്‌സിന് അവിടെ ഇടമുണ്ടാകും. മാർക്‌സ് അതിരുകൾക്കെല്ലാം കുറുകെ നടന്നു!

മാർക്‌സ് മെമ്മോറിയൽ ലൈബ്രറിയിലെ ഗ്രന്ഥശേഖരത്തിനു മുന്നിലൂടെ അവയിൽ കണ്ണോടിച്ചു നടക്കുമ്പോൾ ഞാനതോർക്കുകയായിരുന്നു. രണ്ടു നൂറ്റാണ്ടു മാത്രം പിന്നിട്ട ഒരു ചരിത്രജീവിതം മനുഷ്യജീവിതത്തിന്റെ സമസ്ത പ്രതലങ്ങളെയും വലയം ചെയ്യുന്നതിനെക്കുറിച്ച്! എല്ലാ ഭൂഖണ്ഡങ്ങളെയും വലയം ചെയ്യുന്ന മഹാസമുദ്രത്തെപ്പോലെ, മാനുഷികമായ സമസ്ത രൂപങ്ങളോടും മാർക്‌സിന്റെ ചിന്ത സംവദിക്കുന്നു. പല പല തട്ടുകളിലായ ക്രമീകരിച്ച ആ പുസ്തകശേഖരത്തിന്റെ വ്യാപ്തി അതിന്റെ കൂടി തെളിവായിരുന്നു. അത്രമേൽ ബൃഹത്തായിരിക്കുമ്പോഴും അവയാകെ പരിശോധിക്കാൻ ഞാനും മുരളിയേട്ടനും ഉൾപ്പെടെ മൂന്നോ നാലോ പേർ മാത്രം. മൗനം അവിടെ തളം കെട്ടിക്കിടന്നത് സഹജമായാണ്!

മാർക്‌സ് ലൈബ്രറിയുടെ ചുമരുകളിൽ നിറയെ ചിത്രങ്ങളുണ്ട്. കയറിവരുമ്പോൾ മുകളിലെ ഗ്രന്ഥശാലയിലേക്ക് വഴിയൊരുക്കുന്ന കോവണിപ്പടികളുടെ വശങ്ങളിലും ചിത്രങ്ങൾ കണ്ടിരുന്നു. അപ്പോൾ ഞാനത് കാര്യമായി ശ്രദ്ധിച്ചില്ല. തിരിച്ചിറങ്ങുമ്പോൾ ശ്രദ്ധാപൂർവം നോക്കണം എന്നു കരുതി. ലൈബ്രറി കാണുന്നതോടൊപ്പം ചുവരുകളിലെ ചിത്രവും നന്നായി നോക്കിക്കണ്ടു. 1934-ൽ വിസ്‌കൗണ്ട് ഹേസ്റ്റിംഗ്‌സ് (Vicount Hastings) എന്ന കലാകാരൻ വരച്ച ചിത്രമാണ് മാർക്‌സ് മെമ്മോറിയൽ ലൈബ്രറിയുടെ വായനാമുറിയുടെ ചുമരിൽ നിറഞ്ഞു നിൽക്കുന്നത്. ‘ഭാവിയിലെ തൊഴിലാളി മുതലാളിത്തത്തിന്റെ കാലുഷ്യങ്ങൾ തുടച്ചു നീക്കുന്നു’ (The Worker of the Future Cleaning Away the Chaos of Capitalism) എന്ന ശീർഷകത്തിൽ രചിക്കപ്പെട്ട ചിത്രം. മെക്‌സിക്കൻ വിപ്ലവകാരിയും എക്‌സ്പ്രഷനിസ്റ്റ് ചിത്രകാരനുമായ (ഫ്രിഡകാലോയുടെ ജീവിതപങ്കാളിയും) ഡിഗോ റിവേറയുടെ ശിഷ്യനാണ് ഹേസ്റ്റിംഗ്‌സ്. ചിത്രത്തിന്റെ നടുവിൽ ചപ്പുചവറുകൾ അടിച്ചുകൂട്ടുന്ന ഒരു തൊഴിലാളി. ഇരുപുറങ്ങളിലുമായി മാർക്‌സും ലെനിനും. പിന്നെ ബ്രിട്ടീഷ് ലേബർ മൂവ്‌മെന്റിന്റെ പ്രതിനിധികളായ ധാരാളം പേർ. ചിത്രത്തിന്റെ കീഴ് പകുതിയുടെ മധ്യഭാഗത്ത് കുന്നുകൂടിയ ചപ്പുചവറുകൾക്ക് ഇരുപുറവുമായി തൊഴിലാളികളുടെ നീണ്ടനിര. ചുവന്ന മുപ്പതുകൾ (Pink Thirtees) എന്നു വിശേഷിപ്പിക്കപ്പെട്ട ഒരു കാലയളവിന്റെ ഊർജ്ജവും ഉത്സാഹാതിരേകവും മുഴുവൻ നിറയുന്ന ചിത്രം. റഷ്യൻ വിപ്ലവവും 1929-ലെ സാമ്പത്തിക പ്രതിസന്ധിയും യൂറോപ്പിനെ വിപ്ലവത്തിന്റെ നടുക്കടലിലേക്ക് ആനയിക്കുകയാണെന്ന് അന്ന് വലിയ തോതിൽ പ്രതീക്ഷിക്കപ്പെട്ടിരുന്നു. ചരിത്രത്തിന്റെ എക്കാലത്തെയും വലിയ ദൗർഭാഗ്യമെന്ന പോലെ ആ കടൽക്കോളുകൾ വിപ്ലവത്തിലേക്കല്ല, ഫാസിസത്തിലേക്കാണ് വഴിമാറിയത്!

ലൈബ്രറിയുടെ അകത്തളത്തിൽ കുറെയേറെ നേരം ഞങ്ങൾ നടന്നു. ഷെൽഫുകളിൽ അടുക്കി വച്ച വിപുലശേഖരത്തിലേക്ക് നോക്കി. എല്ലാം ഓടിച്ചുനോക്കുക പോലും പ്രയാസമായിരുന്നതിനാൽ അതിനു തുനിഞ്ഞില്ല. പുസ്തകങ്ങൾ നോക്കിവരുന്നതിനിടയിലാണ് ആംസ്റ്റർഡാമിൽ നിന്നും പ്രസിദ്ധീകരിക്കുന്ന മാർക്‌സ്-എംഗൽസ് സമ്പൂർണ്ണരചനകളുടെ ആദ്യവാല്യങ്ങൾ കണ്ടത്. മാർക്‌സും എംഗൽസും മൂന്നു ഭാഷകളിലായി (ജർമ്മൻ, ഇംഗ്ലീഷ്, ഫ്രഞ്ച്) എഴുതിയതപ്പാടെ നൂറ്റിമുപ്പതോളം വാല്യങ്ങളിലായി പ്രസിദ്ധീകരിക്കുന്ന അതിവിപുലമായ പ്രസിദ്ധീകരണ പദ്ധതിയാണത്. സോവിയറ്റ് പതനത്തിനു മുമ്പ് കിഴക്കൻ ജർമ്മനിയിൽ ആരംഭിച്ച ഒന്ന്. കിഴക്കൻ യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകർച്ചയ്ക്കു ശേഷം അത് നിലച്ചുപോയി. പിന്നീടാണ് ആംസ്റ്റർഡാമിലെ സോഷ്യൽസയൻസ് ഇൻസ്റ്റിറ്റ്യൂട്ട് അതേറ്റെടുത്തത്. ആ പരമ്പരയിലെ വാല്യങ്ങൾ ഞാൻ മുൻപ് കണ്ടിരുന്നില്ല. പൊടുന്നനെ അത് കാണാനിടയായപ്പോൾ വലിയ ആവേശം തോന്നി. ആദ്യത്തെ എഴുപതോളം വാല്യങ്ങൾ അവിടെയുണ്ടായിരുന്നു. അതിന്റെ പ്രസിദ്ധീകരണം എത്ര വാല്യങ്ങൾ വരെയെത്തി എന്ന് ലൈബ്രറേറിയന്റെ ചുമതല വഹിക്കുന്ന യുവാവിനോട് ഞാൻ തിരക്കി. അദ്ദേഹത്തിന് അതറിയില്ലായിരുന്നു. ആ പ്രസാധനസംരംഭത്തിന്റെ വ്യാപ്തിയും അദ്ദേഹത്തിന്റെ ശ്രദ്ധയിലുള്ളതായി തോന്നിയില്ല. ഞാനാ വാല്യങ്ങളിൽ ചിലത് കയ്യിലെടുത്ത് മറിച്ചുനോക്കി കുറെ നേരം അവിടെ നിന്നു. പിന്നീട് താഴേക്കിറങ്ങാൻ തുടങ്ങി.

മാർക്‌സ് ലൈബ്രറിയിൽ നിന്നും ഞങ്ങൾ മടങ്ങാൻ തുടങ്ങുന്ന സമയത്താണ് പ്രായം ചെന്ന ഒരു സ്ത്രീ അവിടേക്കു വന്നത്. ലൈബ്രറി സംവിധാനത്തിന്റെ മൊത്തം ചുമതല അവർക്കാണ്. ഞങ്ങൾ അവരെ പരിചയപ്പെട്ടു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ വലിയ സന്തോഷം. കേരളം അവർക്ക് പരിചിതമായ പ്രദേശമാണ്. കമ്മ്യൂണിസ്റ്റ് പ്രവർത്തകരാണെന്നു പറഞ്ഞപ്പോൾ അവർ ഞങ്ങളെ ആവേശത്തോടെ കൈചേർത്തു പിടിച്ചു. ചില സ്ഥലങ്ങൾ കൂടി കാണാം എന്നു പറഞ്ഞു മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ലണ്ടനിലെ ഒളിവുജീവിത കാലത്ത് ലെനിൻ താമസിച്ച മുറിയാണ്. ചെറിയ ഒരു മുറി. ഒരരുകിലായി ഒരു മേശ. ലെനിന്റെ ചെറിയ ഒരു പ്രതിമ അവിടെയിരിക്കുന്നു. ഒരു കസേരയും ചില ഫർണ്ണിച്ചറുകളും. വസ്ത്രങ്ങൾ തൂക്കിയിടുന്ന സ്റ്റാന്റുകളിലൊന്നിൽ ഒരു കോട്ട് തൂങ്ങിക്കിടക്കുന്നു. ലെനിൻ ഉപയോഗിച്ച കോട്ടാണതെന്നു അവർ ഞങ്ങളോടു പറഞ്ഞു. മറ്റൊരു കാലത്തിനും ലോകത്തിനും നടുവിൽ ഞാൻ പരിസരം മറന്നെന്ന പോലെ നിന്നു. നൂറ്റിപതിനഞ്ചോളം വർഷം മുൻപ് വരാനിരിക്കുന്ന മഹാവിപ്ലവത്തിന്റെ കരുക്കൾ തയ്യാറാക്കിക്കൊണ്ട് അവിടെ ജീവിച്ച ചരിത്രത്തിലെ എക്കാലത്തേയും വലിയ വിപ്ലവകാരിയുടെ സ്മരണ ചുറ്റും അലയടിക്കുന്നുണ്ടായിരുന്നു. ഞാനതിൽ വ്യാമുഗ്ധനായി നിന്നു!

രണ്ടു മണിക്കൂറോളം ചെലവഴിച്ചതിനു ശേഷമാണ് മാർക്‌സ് മെമ്മോറിയലിൽ നിന്നും ഞങ്ങൾ പുറത്തേക്കിറങ്ങിയത്. കോവണിപ്പടികൾക്കരികിലെ ചുവരുകളിൽ മാർക്‌സിന്റെ വർണ്ണച്ചിത്രങ്ങൾ. ഒരു കാലയളവിന്റെ പ്രത്യാശയും മുഴക്കവും ആ ചിത്രങ്ങളിൽ പ്രകടമായിരുന്നു. താഴേക്കിറങ്ങും വഴി അവയെല്ലാം നോക്കി കുറെ നേരം ഞങ്ങൾ നിന്നു. പിന്നെ പുറത്തേക്കുള്ള വഴികളിലേക്കിറങ്ങി.

ലൈബ്രറിക്ക് പുറത്ത് തെരുവ് നിശ്ചലമായിരുന്നു. വെയിൽ ചാഞ്ഞുവീഴുന്നു. ഞങ്ങൾ നിശബ്ദരായി നടന്നു.

Comments

comments