ചരിത്രത്തെ ആയുധവത്കരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയവും വർഗീയവത്കരിക്കപ്പെടുന്ന പൊതുമണ്ഡലവും :
ഡോ. ടിൻ്റു കെ. ജോസഫ്
എന്താണ് ‘പബ്ലിക്’ എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത്? ഉൾക്കൊള്ളൽ സ്വഭാവമില്ലാത്ത, അടഞ്ഞ ഇടങ്ങളിൽനിന്ന് വ്യത്യസ്തമായി, എല്ലാവർക്കുമായി തുറന്നിട്ടുള്ള, എല്ലാവർക്കും പ്രവേശനമുള്ള ഇടങ്ങളെയാണ് ‘പൊതു’ അല്ലെങ്കിൽ ‘പബ്ലിക്’ എന്ന് വിവക്ഷിക്കാറുള്ളത്. ചുരുങ്ങിയ അർത്ഥത്തിൽ പബ്ലിക് എന്നത് ഭരണകൂടവുമായി ബന്ധപ്പെട്ടതാണ്. ഭരണകൂടം പൊതുമണ്ഡലത്തെ നിയന്ത്രിക്കുന്ന അധികാരകേന്ദ്രമായി നിലകൊള്ളുന്നു.
പൊതുമണ്ഡലത്തെക്കുറിച്ചുള്ള (public sphere) ആശയപരമായ ചർച്ച സജീവമാക്കിയ ചിന്തകൻ ജുർഗൻ ഹാബെർമസ് ആണ്. അദ്ദേഹം പ്രധാനമായും പങ്കുവച്ചത് ആധുനിക കാലത്തെ ബൂർഷ്വാസി പൊതുമണ്ഡലത്തിന്റെ ആവിർഭാവത്തെക്കുറിച്ചും അതുമായി ബന്ധപ്പെട്ട സാമൂഹികവും രാഷ്ട്രീയവുമായ പ്രക്രിയകളുമായി ബന്ധപ്പെട്ട ആശയങ്ങളെക്കുറിച്ചുമാണ്. ഹാബെർമസിന്റെ ആശയങ്ങൾ വിമർശനത്തിന് അതീതമായിരുന്നില്ല. പൊതുമണ്ഡലത്തെക്കുറിച്ചുള്ള പഠനത്തിൽ ജെൻഡർ, സാമൂഹിക പ്രസ്ഥാനങ്ങൾ തുടങ്ങിയ സംജ്ഞകളെ മുൻനിർത്തിയുള്ള ചിന്തകളെ കാര്യമായി സംബോധന ചെയ്യാനുള്ള ശ്രമങ്ങൾ ഹാബെർമസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന വിമർശനങ്ങൾ ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തിനെതിരായ പ്രധാന വിമർശനങ്ങളിലൊന്ന് തന്റെ പഠനത്തിൽ ഡിജിറ്റൽ മീഡിയയെ ഉൾപ്പെടുത്തിയില്ല എന്നതാണ്. എന്നാൽ അത് ഹാബെർമസിന്റെ പ്രശ്നമായിരുന്നില്ല, അദ്ദേഹത്തിന്റെ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ട 1960 കളുടെ പരിമിതി ആയിരുന്നു. അതുകൊണ്ടുതന്നെയാണ് ഡിജിറ്റൽ മീഡിയയെ പ്രധാന സ്ഥാനത്ത് പ്രതിഷ്ഠിച്ചുകൊണ്ട് 2022-ൽ അദ്ദേഹം ‘എ ന്യൂ സ്ട്രക്ച്ചറൽ ട്രാൻസ്ഫോർമേഷൻ ഓഫ് ദി പബ്ലിക് സ്ഫിയർ ആൻഡ് ഡെലിബറേറ്റിവ് പൊളിറ്റിക്സ്’ (A New Structural Transformation of the Public Sphere and Deliberative Politics) എന്ന പുസ്തകം രചിച്ചത്.
പൊതുമണ്ഡലം എന്ന ആശയവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട വാക്കുകളിലൊന്നാണ് പൊതുജനാഭിപ്രായം (public opinion). പൊതുജനാഭിപ്രായം പലപ്പോഴും ഭരണകൂട അധികാര പ്രയോഗത്തിനെതിരെയുള്ള ചെറുത്തുനിൽപ്പായി ചരിത്രത്തിന്റെ പല ഘട്ടങ്ങളിലും ഉയർന്നുവന്നിരുന്നു. എന്നാൽ ഇന്ന് ശാസ്ത്ര സാങ്കേതിക വിദ്യയും നവ സാമൂഹിക മാധ്യമങ്ങളും ഉപയോഗിച്ച് ഭരണകൂടം പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്നു. ഒരു നിർമ്മിത പൊതുബോധം സൃഷ്ടിക്കപ്പെടുന്നു. അതിനായി ചരിത്രത്തെ വക്രീകരിക്കുന്നു. ചരിത്രം എന്ന വൈജ്ഞാനിക ശാഖയ്ക്ക് പരിക്കേൽക്കപ്പെടുന്നു.
പോപ്പുലർ കൾച്ചറും നിർമ്മിത പൊതുബോധവും
പൊതുബോധത്തെ നിർമ്മിക്കാൻ ഭരണകൂടങ്ങൾ പലപ്പോഴും പിന്തുടരുന്ന കാര്യങ്ങളിലൊന്ന് പോപ്പുലർ കൾച്ചറിനെ സ്വാധീനിക്കുക എന്നതാണ്. ജർമ്മനിയിൽ നാസികളും ഇറ്റലിയിൽ ഫാസിസ്റ്റുകളും പോപ്പുലർ കൾച്ചറിനെ സ്വാധീനിക്കാൻ ശക്തമായ ശ്രമങ്ങൾ നടത്തിയിരുന്നു. 1930-കളിൽ ജർമ്മനിയിൽ അധികാരത്തിൽ വന്നയുടനെ, നാസി പാർട്ടി ഇതിനായി പല നിയന്ത്രണങ്ങളും കൊണ്ടുവന്നു. ജോസഫ് ഗീബൽസിന്റെ നേതൃത്വത്തിൽ റൈഷ് ചേംബർ ഓഫ് കൾച്ചർ (Reich Chamber of Culture) എന്ന പേരിൽ ഒരു ഗവൺമെന്റ് ഏജൻസി സ്ഥാപിക്കപ്പെട്ടു. ജർമ്മനിയിലെ മുഴുവൻ സാംസ്കാരിക ജീവിതത്തെയും നിയന്ത്രിക്കുക എന്നതായിരുന്നു ഈ ഗവൺമെന്റ് ഏജൻസിയുടെ ലക്ഷ്യം. ഈ ഏജൻസി വിമർശകരുടെയും ജൂത എഴുത്തുകാരുടെയും പുസ്തകങ്ങൾ കത്തിച്ചു. സിനിമ, സംഗീതം, നാടകം, പ്രസ്സ്, സാഹിത്യം, ഫൈൻ ആർട്സ്, റേഡിയോ എന്നിവയെ നിയന്ത്രിച്ചു. ഇറ്റലിയിൽ ഫാസിസ്റ്റുകൾ നാടക നിർമ്മാണങ്ങൾക്ക് ധനസഹായം നൽകി. ഫാസിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്ന നാടകങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ടിക്കറ്റ് വില കുറച്ചു. തിയേറ്ററുകൾക്ക് സബ്‌സിഡി നൽകുക പോലും ചെയ്തു. ഫാസിസ്റ്റുകൾ അവർ അംഗീകരിച്ച സിനിമകളുടെ നിർമ്മാണത്തിനും ധനസഹായം നൽകിയിരുന്നു.

ഫാഷിസ്റ്റ് ഇറ്റലിയിലും നാസി ജർമ്മനിയിലും നടന്നിരുന്ന സംഭവങ്ങൾ സമകാലീന ഇന്ത്യയിലും ആവർത്തിക്കപ്പെടുന്നത് നമുക്ക് കാണാം. എങ്ങനെയാണ് പോപ്പുലർ കൾച്ചർ ചരിത്രത്തെ വളച്ചൊടിക്കാൻ ഉപയോഗിക്കപ്പെടുന്നത്? എങ്ങനെയാണ് പോപ്പുലർ കൾച്ചർ വെറുപ്പ് ഉത്പാദിപ്പിക്കാൻ വേണ്ടി ഉപയോഗിക്കപ്പെടുന്നത്? എങ്ങനെയാണ് ദുഷിച്ച പൊതുബോധം നിർമ്മിക്കപ്പെടുന്നത്. ഇതേക്കുറിച്ച് കുനാൽ പുരോഹിത് തന്റെ ‘എച്ച്-പോപ്പ്: ഹിന്ദുത്വ പോപ്പ് താരങ്ങളുടെ നിഗൂഢ ലോകം’ (H-Pop: The Secretive World of Hindutva Pop Stars) എന്ന പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.
ഗീത പ്രസ്സും ഹിന്ദുത്വ ആശയപ്രചരണവും
ഹിന്ദുത്വ ദേശീയതയെ പ്രോത്സാഹിപ്പിക്കുന്നതിനും അത് പ്രചരിപ്പിക്കുന്നതിനും വേണ്ടി ഉപയോഗിക്കപ്പെടുന്ന പ്രധാനപ്പെട്ട ഒരു മാധ്യമം ആണ് പ്രസിദ്ധീകരണ സ്ഥാപനങ്ങൾ. അതിൽ എടുത്തുപറയേണ്ട ഒരു പബ്ലിഷിംഗ് ഹൗസ് ആണ് ഗോരഖ്പൂർ ആസ്ഥാനമായുള്ള ഗീത പ്രസ്. 1923-ൽ രണ്ട് മാർവാഡി ബിസിനസുകാർ ആരംഭിച്ച ഗീത പ്രസ്സ്, ഹിന്ദു മത പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ പ്രസാധക സ്ഥാപനമായി പതുക്കെ ഉയർന്നു. ഗീത പ്രസ് ഇന്ന് ഇംഗ്ലീഷിലും പതിനാല് പ്രാദേശിക ഭാഷകളിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നു. ഹിന്ദു മഹാസഭ, ആർ.എസ്.എസ്. തുടങ്ങിയ ഹിന്ദുത്വ സംഘടനകളുമായി ഗീത പ്രസ്സിന് പ്രാരംഭ കാലം മുതൽ ബന്ധമുണ്ടായിരുന്നു. ഗീതാ പ്രസ് പ്രസിദ്ധീകരണങ്ങൾ ഈ സംഘടനകൾക്ക് അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള വേദി സൃഷ്ടിച്ചു നൽകി. ഹിന്ദുത്വവാദികൾ ഏറ്റെടുക്കുന്ന വർഗ്ഗീയ വിഷയങ്ങളിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിൽ ഗീതാ പ്രസ് പ്രസിദ്ധീകരണങ്ങൾ നിർണായക പങ്ക് വഹിക്കുമായിരുന്നു. ഹിന്ദുത്വ വർഗീയ ആശയങ്ങളുടെ പ്രചുര പ്രചാരത്തിന് പിന്നിൽ ഗീതാ പ്രസ് പോലുള്ള ‘കാലാൾപ്പടയാളികളാണ്’ എന്നാണ് ‘ഗീത പ്രസ്സും ഹിന്ദു ഇന്ത്യയുടെ നിർമ്മാണവും’ (Geetha Press and the Making of Hindu India) എന്ന തന്റെ പുസ്തകത്തിൽ എഴുത്തുകാരനായ അക്ഷയ മുകുൾ പറയുന്നത്.
ഹിന്ദുത്വ വാദത്തെ പ്രോത്സാഹിപ്പിക്കുന്ന ആശയങ്ങൾ പ്രചരിപ്പിക്കുന്നമറ്റൊരു പ്രസിദ്ധീകരണ സ്ഥാപനമാണ് ‘കപോത്.’ സന്ദീപ് ദെയോ എന്ന പ്രസാധകനാണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത് ഇയാൾ പ്രസിദ്ധീകരിച്ചിട്ടുള്ള, ധാരാളം വിറ്റഴിയുന്ന പുസ്തകങ്ങൾ എല്ലാംതന്നെ വർഗീയ ചുവയുള്ളവയാണ്; മതപരിവർത്തനത്തിനെതിരെയുള്ള പുസ്തകങ്ങൾ, ഗോഡ്‌സെ ഗാന്ധിജിയെ വധിച്ചതിനെ ന്യായീകരിക്കുന്ന പുസ്തകങ്ങൾ, മുസ്ലിം അക്രമണകാരികൾക്കെതിരെ ചെറുത്തുനിന്ന ഹിന്ദു രാജാക്കന്മാരുടെ ചരിത്രം പറയുന്ന പുസ്തകങ്ങൾ, നെഹ്രുവിനെയും ഗാന്ധിയെയും വിമർശിക്കുന്ന പുസ്തകങ്ങൾ, ഗോൾവാൾക്കറിനെപോലുള്ള വർഗീയവാദികളെ പ്രകീർത്തിക്കുന്ന പുസ്തകങ്ങൾ, ഗുജറാത്ത് കലാപത്തെ ന്യായീകരിക്കുന്ന പുസ്തകങ്ങൾ, യോഗി ആദിത്യനാഥിന്റെയും ബാബ രാംദേവിന്റെയും ജീവചരിത്രങ്ങൾ, തുടങ്ങിയവ. ഗീത പ്രസ്, കപോത് തുടങ്ങിയവ പോലുള്ള നൂറുകണക്കിന് പ്രസാധക സ്ഥാപനങ്ങൾ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്ന വസ്തുതയാണ് നിലവിലെ സാഹചര്യത്തെ കൂടുതൽ ഭീകരമാക്കുന്നത്.
സാമൂഹിക മാധ്യമങ്ങളും ഹിന്ദുത്വ പോപ്പ് താരങ്ങളും
ഇന്ന് കവിതകളും പാട്ടുകളും മുദ്രാവാക്യങ്ങളും വ്യക്തമായിത്തന്നെ ചരിത്രത്തെ വക്രീകരിക്കാനും വെറുപ്പ് പ്രചരിപ്പിക്കാനും അതുവഴി പൊതുബോധത്തെ നിർമ്മിക്കാനും ഉപയോഗിക്കുന്നു. അവ യുട്യൂബ് പോലുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നു. 1980- കളിൽ ആരംഭിച്ച രാമജന്മഭൂമി പ്രക്ഷോഭത്തിൽ ഹിന്ദു വലതുപക്ഷം വെറുപ്പുൽപാദിപ്പിക്കുന്ന കാവ്യാത്മക മുദ്രാവാക്യങ്ങൾ ഉപയോഗിച്ചിരുന്നു. അതിൽ കുപ്രസിദ്ധമായ മുദ്രാവാക്യമായിരുന്നു,
“രാം ലല്ലാ ഹം ആയേംഗേ
മന്ദിർ വഹീ ബനായേംഗേ”
1986-ലെ ഒരു റാലിയിൽ ആദ്യമായി ഉപയോഗിച്ച ഈ മുദ്രാവാക്യം പിന്നീട് പ്രചുര പ്രചാരം നേടി. ഇന്ന് ഇത് സമാനമായ നിരവധി മുദ്രാവാക്യങ്ങൾക്കും ഗാനങ്ങൾക്കും പ്രചോദനം നൽകുന്നു.
ഹിന്ദുത്വ വർഗ്ഗീയ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഹിന്ദുത്വ പോപ്പ് താരമാണ് കവി സിംഗ്. രാജ്യമെമ്പാടുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് യുട്യൂബിൽ ഇവരുടെ വെറുപ്പ് ഉത്പാദിപ്പിക്കുന്ന പാട്ടുകൾ കേൾക്കുകയും ഇവരുടെ വീഡിയോകൾക്ക് ലൈക് നൽകുകയും ചെയ്യുന്നത്. “നിങ്ങൾ അമ്പലത്തിൽ തൊടാൻ ധൈര്യം കാണിച്ചാൽ നിങ്ങളുടെ സ്ഥലം എവിടെയാണെന്ന് ഞങ്ങൾ കാണിച്ചുതരും” എന്ന രീതിയിലുള്ള മുദ്രാവാക്യ സമാനമായ പാട്ടുകൾ ഇവർ പ്രചരിപ്പിക്കുന്നു. ഇവിടെ ‘നിങ്ങൾ’ എന്ന് വിളിക്കുന്നത് മുസ്ലിങ്ങളെയാണെന്നും ‘ഞങ്ങൾ’ എന്ന് സ്വയം അഭിസംബോധന ചെയ്യുന്നത് ഹിന്ദുക്കളെയാണെന്നും സ്പഷ്ടമാണ്. മുസ്ലിങ്ങളെ ആക്രമിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള ആഹ്വാനമാണ് ഇത്തരം പാട്ടുകളിലൂടെ കവി സിംഗ് പ്രചരിപ്പിക്കുന്നത്. യൂട്യൂബിൽ, രാമനവമി ഘോഷയാത്രകളിൽ ഈ ഗാനം ആലപിക്കുന്നത് കാണിക്കുന്ന ഡസൻ കണക്കിന് വീഡിയോകളുണ്ട്. അതിൽ പലതും മുസ്ലിം പള്ളികൾക്ക് മുന്നിൽ വച്ചാണ് ആലപിക്കപ്പെടുന്നത്. ചുരുക്കത്തിൽ വിഷലിപ്തമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യം സൃഷ്ടിക്കാനുള്ള മനഃപൂർവമുള്ള ശ്രമം ഇത്തരം പാട്ടുകളുടെ ആലാപനത്തിലൂടെയും പ്രചാരണത്തിലൂടെയും നടക്കുന്നു.
വർഗീയ വെറുപ്പ് പ്രചരിപ്പിക്കുന്ന മറ്റൊരു പോപ്പ് താരമാണ് കമൽ ആഗ്നേയ. ഇയാൾ തന്റെ കവിതയിലൂടെ ഗാന്ധി വധത്തിന്റെ നിമിഷം പുനഃസൃഷ്ടിക്കുന്നത് ഇങ്ങനെയാണ്;
“ആ ദിവസം, നാഥുവിന്റെ കോപം അവന്റെ നിയന്ത്രണത്തിന് അപ്പുറമായിരുന്നു. ഗാന്ധിക്ക് പ്രണാമം അർപ്പിക്കാൻ അദ്ദേഹം പ്രാർത്ഥനാ സഭയിലേക്ക് പോയി. ഗാന്ധിക്ക് നേരെ ശക്തമായി നിറയൊഴിച്ചു. അങ്ങനെ അവസാന നിമിഷത്തിലെങ്കിലും ഗാന്ധിക്ക് ശ്രീരാമനെ ഓർമ്മവന്നു.”
‘ഹേ റാം’ എന്ന ഗാന്ധിയുടെ അവസാനത്തെ വാക്കുകളെ വരെ ഇയാൾ ഏത് രീതിയിലാണ് വിധ്വംസകമായി വ്യാഖ്യാനിക്കുന്നത് എന്ന് നോക്കുക.
ജെ.എൻ.യു. വിനെ കുറിച്ചുള്ള ഇയാളുടെ കവിതയുടെ മലയാളം പരിഭാഷ ഇങ്ങനെയാണ്:
“രാജ്യദ്രോഹത്തിൽ ബിരുദം നേടാനായി അവർ ജെ.എൻ.യു. വിൽ വന്നു;
മോദി ജി, അങ്ങ് രാജ്യത്തിന് നൽകിയ വാഗ്ദാനങ്ങൾ മറന്നുപോകരുത്.
അഫ്‌സ ൽ ഗുരുവിന്റെ ഈ അവിഹിത സന്തതികളെ ഒരു പാഠം പഠിപ്പിക്കുക.”
കമലിന്റെ കവിതാ പാരായണത്തിന് ശേഷം പ്രേക്ഷകർ ആവേശഭരിതരായി കയ്യടിക്കുന്നതും ആർപ്പുവിളിക്കുന്നതും കരഘോഷം മുഴക്കുന്നതും നമുക്ക് യൂട്യൂബ് വീഡിയോകളിൽ കേൾക്കാം. ആളുകൾ അയാളുടെ കഴുത്തിൽ പൂമാലകൾ അണിയിക്കുന്നത് നമുക്ക് കാണാം. കവി സിങ്ങിനെ പോലെയുള്ള, കമൽ ആഗ്നേയെ പോലെയുള്ള ആയിരക്കണക്കിന് യൂട്യൂബർമാർ നമ്മുടെ രാജ്യത്ത് തുടർച്ചയായി വെറുപ്പ് ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു.
ബോളിവുഡ് വത്കരിക്കപ്പെടുന്ന എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങൾ
പാനിപ്പത്ത്, ബാജിറാവു മസ്താനി, താൻഹാജി, ഛാവ തുടങ്ങിയ ചരിത്രം പ്രമേയമാക്കിയ സിനിമകളിലൂടെ ചരിത്രത്തെ വക്രീകരിക്കുന്നകയും വർഗീയവത്കരിക്കുകയും ചെയ്യുന്ന പ്രവണത സമീപകാലത്തായി വർധിച്ചുവരുന്നു. കാശ്മീർ ഫയൽസ്, കേരള ഫയൽസ്, തേജോ മഹാലയ, ബംഗാൾ ഫയൽസ് എന്നീ സിനിമകളിലൂടെ വെറുപ്പ് ഉത്പാദിപ്പിക്കപ്പെടുന്നതും നമുക്ക് കാണാം. ഈ പ്രവണതയുടെ വർധിത വീര്യത്തിലുള്ള മറ്റൊരു രൂപമാണ് എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളിലൂടെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ചരിത്രം പ്രമേയമാക്കി പുറത്തിറങ്ങിയ സമീപകാല ഹിന്ദി ബ്ലോക്ക്ബസ്റ്റർ സിനിമകൾ പോലെയാണ് എൻ.സി.ഇ.ആർ.ടി. എട്ടാം ക്ലാസ് പുസ്തകം; ഒരു മുസ്ലീം വില്ലൻ, ഒരു മറാത്ത രക്ഷകൻ. ഈ പാഠപുസ്തകത്തിൽ ഒരു മുഗൾ പ്രഭു ആയിരുന്ന ശൈസ്താ ഖാന്റെ സൈന്യത്തെ മറാത്താ ഭരണാധികാരിയായ ശിവജി പരാജയപ്പെടുത്തിയതിനെ കുറിച്ച് വിവരിക്കുന്നുണ്ട്. ഇന്ത്യൻ ചരിത്രത്തിൽ അത്ര പ്രാധാന്യമില്ലാത്ത ഈ സംഭവത്തെ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയതിന് പിന്നിലുള്ള പുസ്തക രചയിതാക്കളുടെ ഉദ്ദേശ്യം വ്യക്തമാകുന്നത് ഈ സംഭവ വിവരണത്തിന്റെ അവസാനഭാഗത്താണ്. പാഠപുസ്തകം ശിവജിയുടെ ഈ ആക്രമണത്തെ ആധുനീക കാല ‘സർജിക്കൽ സ്ട്രൈക്കു’മായാണ് താരതമ്യപ്പെടുത്തുന്നത്. മാത്രമല്ല സർജിക്കൽ സ്ട്രൈക്ക് എന്താണ് എന്ന് ഒരു കോളത്തിൽ വിവരിക്കുകകൂടി ചെയ്തിരിക്കുന്നു. അത് ഇങ്ങനെയാണ്;
“സർജിക്കൽ സ്ട്രൈക്ക്: സാധാരണ ജനങ്ങൾക്കോ അടിസ്ഥാന സൗകര്യങ്ങൾക്കോ കേടുപാടുകൾ സംഭവിക്കാതെയോ, കുറഞ്ഞ അളവിൽ മാത്രം നഷ്ടങ്ങൾ വരുത്തുകയോ ചെയ്തുകൊണ്ട് ഒരു പ്രത്യേക ലക്ഷ്യത്തെ മാത്രം നശിപ്പിക്കാൻ ഉദ്ദേശിച്ചുള്ള സൈനിക ആക്രമണം.”
സർജിക്കൽ സ്ട്രൈക്ക് എന്ന പദം സമീപകാലത്ത് എവിടെനിന്ന് വന്നു എന്നും ആര് ഉപയോഗിച്ചു എന്നും നമുക്കറിയാം. ചുരുക്കത്തിൽ പാഠപുസ്തകം നിലവിലെ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയവും ആചാരപരവുമായ അംഗീകാരം നൽകുന്നു.
മറ്റൊന്ന് മുഗൾ ചക്രവർത്തിയായ അക്ബറിനെക്കുറിച്ചുള്ള വിവരണമാണ്. അക്ബറിന്റെ മത നയത്തിനോ രാജ്പുത് നയത്തിനോ പാഠപുസ്തകം പ്രാധാന്യം കൊടുക്കുന്നില്ല. മറിച്ച്, അദ്ദേഹത്തെ ക്രൂരനായ ഭരണാധികാരിയായി ചിത്രീകരിക്കുന്നു. അക്ബറിന്റെ ചിറ്റോർ ആക്രമണത്തെക്കുറിച്ചുള്ള വിവരണം ഇതിന് തെളിവാണ്. ഈ ആക്രമണത്തിൽ അദ്ദേഹം 30,000 സാധാരണ ജനങ്ങളെ കൂട്ടക്കൊല ചെയ്തു എന്നും നൂറുകണക്കിന് സ്ത്രീകളെ ജൗഹർ എന്ന ആചാരം അനുഷ്ഠിക്കാൻ തീയിലേക്ക് തള്ളിവിട്ടെന്നുമുള്ള ചരിത്ര വിരുദ്ധത പാഠപുസ്തകം പ്രചരിപ്പിക്കുന്നു. ഇങ്ങനെ ചെയ്യാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് അദ്ദേഹത്തിന്റെ മതം ആയിരുന്നു എന്നുമുള്ള വെറുപ്പ് കുട്ടികളെ പഠിപ്പിക്കുന്നു. ഈ പാഠഭാഗങ്ങൾ പഠിച്ചുകൊണ്ട് പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്ന കുട്ടികളെ സ്വാഗതം ചെയ്യുന്നത് വക്രീകരിക്കപ്പെട്ട ചരിത്രത്തെ പ്രചരിപ്പിക്കുന്ന സാമൂഹിക മാധ്യമങ്ങളും സിനിമകളും മറ്റ് ഡിജിറ്റൽ പ്ലാറ്റുഫോമുകളും ആണ്. ചുരുക്കത്തിൽ തലമുറകളെ തന്നെ മലീമസമാക്കുന്ന പ്രൊപഗണ്ട ഭരണകൂടനയമായിതന്നെ നടപ്പിലാക്കപ്പെടുന്നു. ചരിത്രം വക്രീകരിക്കപ്പെട്ടിരിക്കുന്നു! ചരിത്രം ആയുധവത്കരിക്കപ്പെട്ടിരിക്കുന്നു!
മുസ്ലിം ആക്രമണവും ഹിന്ദുക്കളുടെ മനസികാഘാതവും എന്ന മിഥ്യാചരിത്രം
പൊതു ജനങ്ങളുടെ വിമർശനാത്മക ചിന്ത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേല്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം നടക്കുന്നത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ആധുനിക ശാസ്ത്രവും വ്യോമയാന ശാസ്ത്രവും അഭിവൃദ്ധി പ്രാപിച്ചിരുന്നു എന്ന അസംബന്ധങ്ങൾ ഔദ്യോഗിക പ്രസ്താവനകളായി വരുന്നു. കൊളോണിയൽ ചരിത്ര കാലഗണനയെ കൂട്ടുപിടിച്ചുകൊണ്ട് പ്രാചീന കാലഘട്ടത്തെ ഹിന്ദുത്വ വാദികൾ കാണുന്നത് മഹത്തായ ഹിന്ദു സുവർണ്ണ കാലഘട്ടമായാണ്. മധ്യകാലഘട്ടത്തെയാകട്ടെ ഹിന്ദുക്കളെ മുസ്ലീം ഭരണാധികൾ അടിച്ചമർത്തുന്ന കാലഘട്ടമായും. ‘ഇന്ത്യാഫാക്റ്റ്സ്’ പോലുള്ള വെബ്‌സൈറ്റുകൾ, മധ്യകാലത്തെ വിശേഷിപ്പിക്കുന്നത് മുസ്ലീങ്ങളുടെ നേതൃത്വത്തിൽ “ഹിന്ദു ഹോളോകോസ്റ്റ്” നടന്ന കാലമായാണ്.
ഹിന്ദുത്വ വാദത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് ഹിന്ദുക്കൾ അനുഭവിച്ചതെന്ന് പറയപ്പെടുന്ന പീഡനങ്ങൾക്കും മാനസീക ആഘാതത്തിനും പ്രതികാരം ചെയ്യുക എന്നതാണ്. കോളനീവത്കരണ/വർഗ്ഗീയ വ്യാഖ്യാനങ്ങൾ ആവർത്തിച്ച് ഊന്നൽ നൽകിയത് ഹിന്ദു-മുസ്ലിം സംഘട്ടനങ്ങളുടെ ഫലമായുണ്ടായ ‘മനാസികാഘാതത്തിന്റെ’ അനുഭവങ്ങൾക്കാണ്. ഈ വൈകാരിക ആഘാതത്തെക്കുറിച്ചുള്ള സിദ്ധാന്തങ്ങൾ പതിവായി സൃഷ്ടിക്കപ്പെട്ടത് മനാസികാഘാതങ്ങൾ നൽകിയവ എന്ന് പറയപ്പെടുന്ന സംഭവങ്ങൾ നടന്നതിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ്. ‘ഹിന്ദുക്കൾ’ അനുഭവിച്ച ഇത്തരത്തിലുള്ള ആരോപിത മാനസികാഘാതങ്ങളിലൊന്നാണ് ആയിരത്തോളം വർഷങ്ങൾക്കുമുമ്പ് 1026-ൽ നടന്ന ‘മുസ്ലിം’ ആക്രമണകാരിയായ ഗസ്‌നിയിലെ (ഇപ്പോൾ അഫ്ഘാനിസ്ഥാനിൽ) സുൽത്താനായ മഹ്മൂദിന്റെ സോമനാഥ ക്ഷേത്ര ധ്വംസനം. യഥാർത്ഥത്തിൽ, ആയിരം വർഷങ്ങളായി നിലനിൽക്കുന്നതെന്ന് പറയപ്പെടുന്ന ഈ പൗരാണീക ‘മാനസികാഘാതത്തിന്’ യാതൊരു തെളിവുകളുമില്ല. പ്രതികാരം ചെയ്യപ്പെടേണ്ടതായി വ്യാഖ്യാനിക്കപ്പെടുന്ന 1026 ലെ ‘മുസ്ലിം’ ആക്രമണം മൂലമുണ്ടായ ‘ഹിന്ദുവിന്റെ മാനസീകാഘാത’ത്തെക്കുറിച്ച് ഇതുവരെ ലഭിച്ചിട്ടുള്ള ആദ്യത്തെ പരാമർശം വരുന്നത്, സംഭവം നടന്ന് ഏകദേശം 800 വർഷങ്ങൾ കഴിഞ്ഞ്, 1843-ൽ ബ്രിട്ടീഷ് പൊതു സഭയിൽ (House of Commons) ഈ വിഷയം അവതരിപ്പിക്കപ്പെട്ടപ്പോഴാണ്! ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള സ്ഥിരമായ സംഘട്ടനം ഉറപ്പുവരുത്തുന്നതിനുവേണ്ടി പത്തൊൻപതാം നൂറ്റാണ്ടിനു ശേഷമുള്ള കോളനീവത്കരണ ചരിത്രരചനാരീതി ഇത്തരം സംഭവങ്ങളെ ഉപയോഗിച്ചിരുന്നു. ഇതാണ് ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ട് വിഭിന്ന രാഷ്ട്രങ്ങളാണെന്ന് വാദിക്കുന്ന ‘ദ്വിരാഷ്ട്ര സിദ്ധാന്തം’ എന്ന ആശയത്തിന്റെ അടിത്തറയായി മാറുന്നത്. വർഗ്ഗീയവാദികൾ ഈ പ്രമേയത്തെ കൈക്കൊള്ളുകയും അതിനെ വികസിപ്പിച്ച് വിസ്തൃതമാക്കുകയും ചെയ്തു.
വിവിധങ്ങളായ ചരിത്ര പ്രമാണങ്ങൾ പരിശോധിച്ചുകൊണ്ട് പ്രശസ്ത ചരിത്രകാരിയായ റോമിലാ ഥാപ്പർ വ്യക്തതയോടെ യുക്തിപൂർവ്വം സ്ഥാപിക്കുന്നത് സോമനാഥ ക്ഷേത്രത്തിന്റെ തകർച്ചയുടെ ഫലമായി ചരിത്രപരമായ സ്ഥിര സംഘട്ടനങ്ങൾ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സംഭവിച്ചിരുന്നില്ല എന്നാണ്. സോമനാഥ ക്ഷേത്രത്തിന്റെ തകർച്ചയ്ക്ക് 150 വർഷങ്ങൾക്ക് ശേഷം ഒരു ഹിന്ദു രാജാവ് ക്ഷേത്രം പുനർനിർമ്മാണം നടത്തിയപ്പോൾ ഈ ആരാധനാലയം തകർത്തു എന്ന് പറയപ്പെടുന്ന മഹ്മൂദിനെ കുറിച്ച് ഒരു സൂചന പോലും നൽകുന്നില്ല. ക്ഷേത്ര ധ്വംസനത്തിന് 250 വർഷങ്ങൾക്ക് ശേഷം അവിടെയുള്ള പ്രാദേശീക ഹിന്ദു ഭരണാധികാരിയുടേയും പ്രാദേശീക വ്യാപാരികളുടേയും പുരോഹിതന്മാരുടേയും അംഗീകാരത്തോടെ ക്ഷേത്രത്തിന്റെ ഭൂസ്വത്തിൽനിന്ന് ഒരു മുസ്ലിം പള്ളി നിർമ്മിക്കുന്നതിനുവേണ്ടിയുള്ള ഭൂമി ഒരു മുസ്ലിം വ്യാപാരിക്ക് നൽകപ്പെടുന്നുണ്ട്! ഇത്തരത്തിൽ മുൻപ് സൂചിപ്പിച്ച ‘മാനസീക ആഘാതത്തിന്റെ’ യാതൊരു അടയാളവും ഹിന്ദുക്കളുടെ ‘പൊതു ഓർമ്മകളിൽ’ ദൃശ്യമല്ല എന്നതിന്റെ പ്രധാന കാരണം ഈ ‘ഓർമ്മകൾ’ നിർമ്മിക്കപ്പെട്ടത് ഒരുപാട് കാലത്തിന് ശേഷം കോളനിവത്കരണ അധികാരത്തിന്റെ രക്ഷകർതൃത്വത്തിൽ അവരുടെ സഖ്യ കക്ഷിയായ മത വർഗ്ഗീയ ശക്തികളാണ് എന്നതുകൊണ്ടാണ്. മതപരമായ ഇടങ്ങളുടെ തകർക്കൽ ദേശ-മതവിഭാഗ വ്യത്യാസങ്ങളില്ലാതെ തന്നെ പതിവായി പ്രാചീന-മധ്യ കാലഘട്ടങ്ങളിൽ നടന്നിരുന്നു. മത സ്ഥാപനങ്ങളുടെ സ്വത്ത് കൊള്ളയടിക്കുന്നതിനോ അധികാരം സ്ഥാപിക്കുന്നതിനോ വേണ്ടിയാണ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടന്നിരുന്നത് എന്നതുകൊണ്ട് ആ രീതിയിൽ തന്നെയാണ് ക്ഷേത്ര ധ്വംസനമടക്കമുള്ള സംഭവങ്ങളെ മനസ്സിലാക്കേണ്ടത്.
സുപ്രിയ ഗാന്ധിയെപോലുള്ള പണ്ഡിതർ പറയുന്നത്, മുസ്ലിം പള്ളികളും സ്മാരകങ്ങളും തകർക്കുക എന്ന പ്രവർത്തനം ഹിന്ദുത്വ വർഗീയവാദികൾ ചെയ്യുന്നതിന്റെ പിന്നിലെ കാരണം മേല്പറഞ്ഞ ആരോപിത മനസികാഘാതമാണ് എന്നാണ്. എന്നാൽ ഈ മാനസീക ആഘാതത്തിന് ചരിത്രത്തിന്റെ പിന്തുണയില്ലെന്നും അത് ഭാവന മാത്രമാണെന്നും മനസ്സിലാക്കേണ്ടതുണ്ട്. ഈ ആഖ്യാനം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ അടിസ്ഥാനമായി മാറുമെന്ന ബോധ്യത്തിൽനിന്നുകൂടിയാണ് ചരിത്രം വക്രീകരിക്കപ്പെടുന്നത്.
സാമൂഹികമാധ്യമ പൊതുഇടങ്ങളും ട്രോൾ അക്രമിസംഘങ്ങളും
സാമൂഹിക മാധ്യമങ്ങളിലെ അക്രമി സംഘങ്ങളായി സംഘപരിവാർ പ്രവർത്തിക്കുന്നു. ട്രോൾ ആർമികളിലൂടെയും വ്യാജ പ്രൊഫൈലുകളിലൂടെയും സാമൂഹിക മാധ്യമങ്ങളെ ഇവർ യുദ്ധക്കളമാക്കുന്നു. ഇവർ വിശ്വസിക്കുകളും നിലകൊള്ളുകയും ചെയ്യുന്ന വിധ്വംസക ആശയങ്ങൾക്കെതിരെ പ്രതികരിക്കുന്ന ആളുകളെയും ആശയങ്ങളെയും ഇവർ നിരന്തരം അപമാനിക്കുകയും പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ ആക്രമണാത്മകമായി പ്രചരിപ്പിക്കാൻ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കപ്പെടുന്നുണ്ട് എന്ന് ക്രിസ്റ്റോഫ് ജാഫ്രലോട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റു ജനകീയ പ്രസിദ്ധീകരണങ്ങളിലൂടെയും പൊതുജനങ്ങളോട് സംവദിക്കാൻ പല പണ്ഡിതരും മടിക്കുന്നതിന് കാരണം എന്താണ് എന്ന് ഓഡ്രീ ട്രൂഷ്കീ അഭിപ്രായപ്പെടുന്നുണ്ട്. അതിന് ഒരു കാരണം ഹിന്ദുത്വ വലതുപക്ഷത്തിന്റെ ഇത്തരം ട്രോൾ ആക്രമണമണവും ഭീഷണികളും വ്യക്തിഹത്യകളുമാണെന്ന് അവർ പറയുന്നു. അതുകൊണ്ടുതന്നെ പണ്ഡിതരുടെ എഴുത്തുകൾ അധികം വായനക്കാരില്ലാത്ത അക്കാദമിക് പ്രസിദ്ധീകരണങ്ങളിൽ മാത്രം ഒതുങ്ങിപോകുന്നുവെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ചിത്രലേഖ സുത്ഷിയെപോലുള്ള പണ്ഡിതർ അക്കാദമിക ചരിത്രവും ജനപ്രിയ ചരിത്രവും തമ്മിലുള്ള വിടവ് നികത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആഹ്വാനം നൽകുന്നുണ്ട്. ചരിത്രത്തിന്റെ അടിസ്ഥാനത്തെത്തന്നെ നിരാകരിക്കുന്ന ഹിന്ദുത്വ വർഗീയ വാദികളുമായി സംവാദത്തിൽ ഏർപ്പെട്ട് സമയം കളയാനല്ല, മറിച്ച് ഇന്ത്യൻ ചരിത്രത്തെ ശാസ്ത്രീയമായി പഠിക്കുകയും ചരിത്ര പഠനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യാനാണ് നാം ശ്രമിക്കേണ്ടത്. നാം ചെയ്യേണ്ടത് വക്രീകരിക്കപ്പെട്ട ചരിത്രത്തിന്റെ പൊള്ളത്തരത്തെക്കുറിച്ച് തുടർച്ചയായി പറഞ്ഞുകൊണ്ടിരിക്കുക എന്നതാണ്.
നാനാത്വം നിലനിൽക്കുന്ന, വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തിൽനിന്ന് ഒഴിവാക്കപ്പെടുന്ന വിഭാഗങ്ങളുടെ നിലപാടുകളിൽ (standpoint) നിന്ന് ചരിത്രത്തെ നോക്കിക്കാണേണ്ടതുണ്ട്. അതിനായി ജെൻഡറിനെയും ജാതിയെയും കൂടുതലായി സംബോധന ചെയ്യേണ്ടതുണ്ട്. അതുകൊണ്ടുതന്നെ നിലപാട് ജ്ഞാനശാസ്ത്രവുമായി (standpoint epistemology) ബന്ധപ്പെട്ട, ഇന്റർസെക്‌ഷണാലിറ്റിയുമായി (intersectionality) ബന്ധപ്പെട്ട വീക്ഷണങ്ങൾ ചരിത്രപഠനത്തിൽ കൂടുതലായി ഉപയോഗിക്കേണ്ടതുണ്ട്. എങ്കിൽ മാത്രമേ പൊതുമണ്ഡലവുമായി ബന്ധപ്പെട്ട ചരിത്ര പ്രക്രിയകളെ കൂടുതൽ ആഴത്തിൽ മനസിലാക്കാൻ നമുക്ക് സാധിക്കൂ. ഒപ്പം നമ്മിലേക്ക് തന്നെ തിരിഞ്ഞു നോക്കി നമ്മിലുള്ള വലതുപക്ഷ ചിന്താഗതികളെ തിരുത്തേണ്ടതുണ്ട്. അങ്ങനെ വിമർശനാത്മക ചിന്തയ്ക്ക് പ്രാധാന്യമുള്ള, മാനവികതയെ ചേർത്ത് പിടിക്കുന്ന, ഉൾക്കൊള്ളൽ മനോഭാവം നിലനിൽക്കുന്ന പൊതു ഇടങ്ങളെ നിർമ്മിക്കാൻ നമുക്ക് സാധിക്കട്ടെ. ചരിത്ര പഠനം നമ്മെ അതിന് തീർച്ചയായും സഹായിക്കും.
Reference:
Audrey Truschke, “Hindutva’s Dangerous Rewriting of History,” South Asia Multidisciplinary Academic Journal, 24/25 | 2020, URL: http://journals.openedition.org/samaj/6636 ; DOI : https://doi.org/10.4000/samaj.6636
Chitralekha Zutshi, “Debating the Past: Academic and Popular Histories in India.” Perspectives on History, December 1, 2009, https://www.historians.org/publications-and directories/perspectives-on-history/december2009/debating-the-past-academic-and-popularhistories-in-india
Edward Anderson and Christophe Jaffrelot. 2018. “Hindu Nationalism and the ‘Saffronisation of the Public Sphere’: An Interview with Christophe Jaffrelot.” Contemporary South Asia 26 (4)
Jürgen Habermas, A New Structural Transformation of the Public Sphere and Deliberative Politics, Polity Press, Cambridge, 2023.
Jürgen Habermas, The Structural Transformation of the Public Sphere: An Inquiry into a Category of Bourgeois Society, The MIT Press, Cambridge, Massachusetts, 1991.
Kunal Purohit, H-Pop: The Secretive World of Hindutva Pop Stars, Harper Collins Publishers India, 2023.
Supriya Gandhi, “When Toppling Monuments Serves Authoritarian Ends.” Foreign Affairs, July 13, 2020, https://www.foreignaffairs.com/articles/india/2020-07-13/when-toppling-monuments-serves-authoritarian-ends?
Romila Thapar, Somanatha: The Many Voices of a History, Penguin, New Delhi, 2003.
ജനാധിപത്യത്തിൻ്റെ ഭാവി – നവമലയാളി സിമ്പോസിയത്തിൽ ഇതുവരെയുള്ള കുറിപ്പുകൾ ഇവിടെ വായിക്കുക







Be the first to write a comment.