“അമേരിക്കൻ-മോഡൽ” എന്നത് കേവലം ഒരു രാഷ്ട്രത്തിന്റെ ചരിത്രമല്ല; അധികാരം, വിഭവങ്ങൾ, ആധിപത്യം എന്നിവ മനുഷ്യജീവിതത്തെക്കാൾ ഉപരിയായി പരിഗണിക്കപ്പെടുന്ന കൊളോണിയൽ ചിന്താഗതിയുടെ മാതൃകയാണത്. ഇതിന്റെ തുടക്കം വടക്കേ അമേരിക്കയിലെ ആദിവാസി ജനതയുടെ ഭൂമിയിലേക്കുള്ള യൂറോപ്യൻ കുടിയേറ്റ അധിനിവേശത്തിൽ നിന്നാണ്.
യൂറോപ്യൻ കുടിയേറ്റക്കാർ, ആദിവാസികളുടെ ഭൂമി “ശൂന്യമാണ്” എന്ന കെട്ടുകഥ (PROPOGANDA) സൃഷ്ടിച്ച്, ഭൂമിയും വിഭവങ്ങളും കൈവശപ്പെടുത്തി. Trail of Tears പോലുള്ള നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ മനുഷ്യവേദനയെ ഭരണകൂട നയമാക്കി മാറ്റിയതിന്റെ ഉദാഹരണങ്ങളാണ്. ഈ പ്രക്രിയയിൽ ഭൂമികവർച്ച, ജനസംഹാരം, സംസ്കാരനശീകരണം എന്നിവ “പുരോഗതി” എന്ന പേരിൽ ന്യായീകരിക്കപ്പെട്ടു. കാലക്രമേണ ഈ മാതൃക ആധുനിക രൂപം സ്വീകരിച്ചു. നേരിട്ടുള്ള അധിനിവേശത്തിന് പകരം, സൈനിക ഇടപെടലുകൾ, സാമ്പത്തിക ഉപരോധങ്ങൾ, ഭരണകൂടമാറ്റ ശ്രമങ്ങൾ, കോർപ്പറേറ്റ്-സൈനിക കൂട്ടുകെട്ടുകൾ തുടങ്ങിയവ വിദേശനയത്തിന്റെ ഉപകരണങ്ങളായി മാറി. “ജനാധിപത്യം”, “മാനവിക ഇടപെടൽ”, “സുരക്ഷ” എന്നീ വാക്കുകൾ പലപ്പോഴും അധികാര വിപുലീകരണത്തിനുള്ള ആയുധങ്ങളായി ഉപയോഗിക്കപ്പെട്ടു.
ഈ മാതൃകയുടെ ഏറ്റവും അപകടകരമായ സവിശേഷത, മനുഷ്യനെക്കാൾ കോർപോറേറ്റ്-സ്ഥാപിത താൽപ്പര്യങ്ങൾ പ്രധാനമാകുന്നു എന്ന സമീപനമാണ്. രാജ്യങ്ങൾ, സംസ്കാരങ്ങൾ, ജനങ്ങൾ— എല്ലാം എളുപ്പത്തിൽ ബലികൊടുക്കപ്പെടുന്നവയായി മാറുന്നു (All become expendable). അതിനാൽ, “മാനവവിരുദ്ധ അധിനിവേശത്തിന്റെ അമേരിക്കൻ മാതൃക” എന്നത് അധികാരത്തിന്റെ പേരിൽ മനുഷ്യവേദനയെ സാധാരണമാക്കുന്ന ഒരു ചരിത്ര–രാഷ്ട്രീയ സംവിധാനത്തിന്റെ പേര് എന്ന നിലയിൽ ചരിത്ര പശ്ചാത്തലത്തിലൂടെ മനസ്സിലാക്കേണ്ടതുണ്ട്.
യൂറോപ്യൻ കുടിയേറ്റത്തിനു മുൻപുള്ള വടക്കേ അമേരിക്ക
യൂറോപ്യൻ കുടിയേറ്റക്കാർ (European immigrants) എത്തുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപേ വടക്കേ അമേരിക്ക ജനവാസമുള്ള ഭൂമിയായിരുന്നു. നൂറിലേറെ നാട്ടുരാജ്യങ്ങളും വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും രാഷ്ട്രീയ സംവിധാനങ്ങളും ഇവിടെ നിലനിന്നിരുന്നു. ഇവർ കൃഷി, വേട്ട, വ്യാപാരം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയവയിൽ സമ്പന്നമായ അറിവ് കൈവശം വെച്ചവരായിരുന്നു. ഭൂമി സ്വകാര്യ സ്വത്തായി കാണാതെ, സമൂഹത്തിന്റേതായും പ്രകൃതിയുമായി സഹവർത്തിത്വത്തിലുമുള്ള ഒരു ദർശനമായിരുന്നു തദ്ദേശവാസികളുടെ ജീവിതകാഴ്ചപ്പാട്.
യൂറോപ്യൻ കടന്നുകയറ്റവും “കണ്ടെത്തൽ” എന്ന കെട്ടുകഥയും
1492-നുശേഷം യൂറോപ്യൻ ശക്തികൾ — സ്പെയിൻ, ബ്രിട്ടൻ, ഫ്രാൻസ് മുതലായവർ — വടക്കേ അമേരിക്കയിൽ എത്തി. അവർ ഈ പ്രദേശത്തെ “പുതിയ ലോകം” എന്ന് വിളിച്ചു. എന്നാൽ സ്വന്തം ജന്മദേശം ദേശവാസികൾക്ക് ഒരിക്കലും പുതിയ ലോകമായിരുന്നില്ല. “ക്രിസ്ത്യാനികളല്ലാത്തവർ അധിവസിക്കുന്ന ഭൂമിക്ക് ആരും ഉടമയല്ല” എന്ന വിചിത്രവാദങ്ങളിലൂടെ ദേശവാസികളുടെ ഭൂമി യൂറോപ്യൻ ശക്തികൾ കൈവശപ്പെടുത്തുകയായിരുന്നു. ഇത് അധിനിവേശത്തിനുള്ള പൊള്ളയായ ന്യായീകരണം മാത്രമായിരുന്നുഎന്ന് ആധുനിക ചരിത്രപഠനങ്ങൾ വിലയിരുത്തുന്നു.
രോഗങ്ങളും ജനസംഖ്യാവിനാശവും
യൂറോപ്യൻ കടന്നുകയറ്റക്കാർ കൊണ്ടുവന്ന ചെറിയ പനി, മീസിൽസ്, ഫ്ലൂ പോലുള്ള രോഗങ്ങൾ ആദിവാസികൾക്ക് പരിചിതമല്ലായിരുന്നു. പ്രതിരോധശേഷി ഇല്ലാത്തതിനാൽ നിരവധി ആളുകൾ മരണപ്പെടുകയുണ്ടായി. ചില പ്രദേശങ്ങളിൽ ആദിവാസി ജനസംഖ്യയുടെ 80–90% വരെ നാമാവശേഷമായി. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ വംശീയഹത്യകളിലൊന്നായി നിരീക്ഷിക്കപ്പെടുന്നു.
ഭൂമിയേറ്റെടുപ്പ്, യുദ്ധങ്ങൾ, വഞ്ചനാപരമായ ഉടമ്പടികൾ
കുടിയേറ്റക്കാർ വർധിച്ചതോടെ ഭൂമിക്കായുള്ള സംഘർഷങ്ങൾ കൂടുതൽ രൂക്ഷമായി. യൂറോപ്യൻ ഭരണകൂടങ്ങളും പിന്നീട് രൂപം കൊണ്ട United States സർക്കാരും ആദിവാസികളുമായി ഉടമ്പടികൾ ഒപ്പുവച്ചെങ്കിലും, പിന്നീട് അവ ലംഘിക്കുകയും എതിർപ്പുകൾക്കെതിരെ സൈനിക ശക്തി പ്രയോഗിക്കുകയും ചെയ്തു. ഈ യുദ്ധങ്ങളുടെയും അടിച്ചമർത്തലുകളുടെയും ഫലമായി ആദിവാസികൾക്ക് വൻതോതിൽ ജീവനും ഭൂമിയും നഷ്ടപ്പെടുകയുമുണ്ടായി.

“മാനിഫെസ്റ്റ് ഡെസ്റ്റിനി” – അധിനിവേശത്തിന്റെ ആശയം
Manifest Destiny എന്നത് വടക്കേ അമേരിക്കയിലെ യൂറോപ്യൻ, പ്രത്യേകിച്ച് അമേരിക്കൻ, അധിനിവേശത്തെ ന്യായീകരിക്കാൻ 19-ാം നൂറ്റാണ്ടിൽ രൂപപ്പെട്ട ഒരു ആശയധാരയാണ്. അറ്റ്ലാന്റിക് തീരത്തിൽ നിന്ന് പസഫിക് സമുദ്രം വരെ ഭൂഖണ്ഡം വ്യാപിപ്പിക്കുക എന്നത് അമേരിക്കൻ കുടിയേറ്റക്കാരുടെ ദൈവനിശ്ചിതമായ വിധിയാണെന്നായിരുന്നു ഈ ആശയം മുന്നോട്ടുവച്ചത്. ഇതിലൂടെ ആദിവാസികളുടെ ഭൂമികളെ “ശൂന്യഭൂമി”യായി ചിത്രീകരിക്കുകയും, ഭൂമികവർച്ചയെ “പുരോഗതി” എന്ന പേരിൽ ന്യായീകരിക്കുകയും ചെയ്തു. Manifest Destiny ആശയം ഉപയോഗിച്ച് ആദിവാസികളുടെ കുടിയൊഴിപ്പിക്കൽ, യുദ്ധങ്ങൾ, വംശഹത്യ, Trail of Tears പോലുള്ള നിർബന്ധിത കുടിയൊഴിപ്പിക്കലുകൾ, റിസർവേഷൻ സംവിധാനം, സംസ്കാരനശീകരണം എന്നിവ നടപ്പാക്കപ്പെട്ടു. ഇത് ഒരു നിഷ്കളങ്കമായ ദേശീയ സ്വപ്നമല്ല, മറിച്ച് യൂറോപ്യൻ വംശീയ മേധാവിത്വവും, ക്രിസ്ത്യൻ മതാധിപത്യവും, സാമ്പത്തിക താൽപ്പര്യങ്ങളും ചേർന്നുണ്ടായ ഒരു കോളനിയൽ സിദ്ധാന്തമായിരുന്നു. ഈ ആശയം അധിനിവേശത്തെ ധാർമ്മികമാക്കുകയും, മനുഷ്യവേദനയെ സാധാരണമാക്കുകയും ചെയ്തു; അതിനാൽ വടക്കേ അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിന്റെ ആശയപരമായ അടിത്തറയായി Manifest Destiny നിലകൊള്ളുന്നു.
നിർബന്ധിത കുടിയൊഴിപ്പിക്കൽ അഥവാ “കണ്ണീരിന്റെ പാത” (Trail of Tears)
Trail of Tears എന്നത് വടക്കേ അമേരിക്കയിലെ യൂറോപ്യൻ അധിനിവേശത്തിന്റെ ഏറ്റവും ക്രൂരവും വ്യക്തവുമായ ഉദാഹരണങ്ങളിലൊന്നാണ്. 1830-കളിൽ, യൂറോപ്യൻ കുടിയേറ്റക്കാരുടെ ഭൂമിയാവശ്യങ്ങൾ നിറവേറ്റുന്നതിനായി ആദിവാസി ജനതയെ അവരുടെ പരമ്പരാഗതഭൂമികളിൽ നിന്ന് ബലമായി പുറത്താക്കി ആയിരക്കണക്കിന് കിലോമീറ്റർ ദൂരത്തേക്ക് മാറ്റിപ്പാർപ്പിച്ച സംഘടിത കുടിയൊഴിപ്പിക്കൽ ആണ് ഇതിലൂടെ നടന്നത്. ഈ നിർബന്ധിത യാത്രയിൽ വിശപ്പും രോഗങ്ങളും കടുത്ത തണുപ്പും മൂലം പതിനായിരക്കണക്കിന് ആളുകൾ മരണപ്പെട്ടു—അതുകൊണ്ടാണ് ഇതിന് “കണ്ണീരിന്റെ പാത” എന്ന പേര് ലഭിച്ചത്. ഇത് ഒരു പ്രദേശിക സംഭവം മാത്രമല്ല, മറിച്ച് രാജ്യവ്യാപകമായി നടപ്പാക്കിയ വംശീയ ശുദ്ധീകരണം (ethnic cleansing) ആയിരുന്നു.

ഈ കുടിയൊഴിക്കൽ പ്രക്രിയയിൽ പ്രധാനമായും ബാധിക്കപ്പെട്ട തദ്ദേശീയ വിഭാഗങ്ങൾ ചെറോക്കി, ചോക്‌ടോ, ചിക്കാസോ, ക്രീക്ക് (മസ്കോഗി), സെമിനോൾ എന്നിവരായിരുന്നു. തെക്കുകിഴക്കൻ വടക്കേ അമേരിക്കയിൽ നിന്നു പടിഞ്ഞാറോട്ടുള്ള “ഇന്ത്യൻ പ്രദേശങ്ങളിലേക്ക്” (ഇന്നത്തെ ഒക്ലഹോമ) ഈ വിഭാഗങ്ങളെ ബലമായി പുനരധിവസിപ്പിച്ചതാണ് ഈ ചരിത്രസംഭവത്തിന്റെ സാരാംശം.
“റിസർവേഷനു”കളും ഇന്നത്തെ അവസ്ഥയും
Reservation areas (റിസർവേഷൻ മേഖലകൾ) എന്നത് വടക്കേ അമേരിക്കയിൽ ആദിവാസി ജനതയെ (Indigenous peoples / Native Americans / First Nations) അവരുടെ പാരമ്പര്യഭൂമികളിൽ നിന്ന് പുറത്താക്കി, ഭരണകൂടങ്ങൾ നിശ്ചയിച്ച പ്രത്യേക ഭൂമിപ്രദേശങ്ങളിൽ നിർബന്ധിതമായി പാർപ്പിച്ച സംവിധാനങ്ങളെയാണ് സൂചിപ്പിക്കുന്നത്. യൂറോപ്യൻ കുടിയേറ്റവും പിന്നീട് രൂപം കൊണ്ട “യുണൈറ്റഡ് സ്റ്റേറ്റ്സ് “-ഉം “കാനഡ” യും അവരുടെ ഭൂമിയാവശ്യങ്ങൾ നിറവേറ്റാൻ ആദിവാസികളെ സമൃദ്ധവും വിഭവസമ്പന്നവുമായ ഭൂമികളിൽ നിന്ന് അകന്നുമാറ്റി, പലപ്പോഴും ദൂരത്തും കൃഷിക്ക് അനുയോജ്യമല്ലാത്ത പ്രദേശങ്ങളിലേക്കുമാണ് മാറ്റിപ്പാർപ്പിച്ചത്. ഔദ്യോഗികമായി “സംരക്ഷണം” എന്ന ഭാഷ ഉപയോഗിച്ചെങ്കിലും, യാഥാർത്ഥ്യത്തിൽ ഇത് ഭൂമികവർച്ച നിയമപരമായി ന്യായീകരിക്കാനും രാഷ്ട്രീയ നിയന്ത്രണം സ്ഥാപിക്കാനും ഉപയോഗിച്ച ഒരു കോളനിയൽ സംവിധാനമായിരുന്നു.
“റിസർവേഷനു”കളുടെ രൂപീകരണം നേരിട്ടുള്ള സൈനിക സമ്മർദ്ദത്തോടും വഞ്ചനാപരമായ ഉടമ്പടികളോടും ചേർന്നാണ് നടത്തപ്പെട്ടിരുന്നത്. ആദിവാസികൾക്ക് സ്വന്തം ഇഷ്ടപ്രകാരം താമസിക്കാനോ സഞ്ചരിക്കാനോ കഴിയാതെ, സൈനിക കാവലിലും നിയമങ്ങളുടെ ഭീഷണിയിലും ജീവിക്കേണ്ടി വന്നു. പല റിസർവേഷനുകളും വെള്ളവും ഭക്ഷ്യവിഭവങ്ങളും കുറവുള്ളതും സാമ്പത്തിക വികസനത്തിന് ഉപയോഗയോഗ്യവുമല്ലാത്തതുമായ ഭൂമികളിലായിരുന്നു. ഇതിലൂടെ ദാരിദ്ര്യവും തൊഴിലില്ലായ്മയും ആരോഗ്യപ്രശ്നങ്ങളും അപചിതമായ പരിസ്ഥിതിയും ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു. റിസർവേഷനുകൾ പലപ്പോഴും തുറന്ന ജയിലുകളെപ്പോലെ പ്രവർത്തിച്ചു; പുറത്തേക്ക് പോകാനും പരമ്പരാഗത ജീവിതരീതികൾ തുടരാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഈ സംവിധാനത്തിന്റെ മറ്റൊരു നിർണായക വശം സംസ്കാരനശീകരണമാണ്. റിസർവേഷനുകളോടൊപ്പം “അസിമിലേഷൻ” (assimilation) നയം നടപ്പാക്കി—ആദിവാസി കുട്ടികളെ കുടുംബങ്ങളിൽ നിന്ന് വേർപെടുത്തി ബോർഡിംഗ് സ്കൂളുകളിലേക്ക് കൊണ്ടുപോയി, മാതൃഭാഷകളും ആത്മീയ ആചാരങ്ങളും നിരോധിച്ചു, പരമ്പരാഗത ഭരണരീതികൾ തകർത്തു. “Kill the Indian, save the man” എന്ന വാചകം ഈ നയത്തിന്റെ ക്രൂരത തുറന്നുകാട്ടുന്നു. ഇതെല്ലാം ചേർന്ന് ആദിവാസികളുടെ തിരിച്ചറിയലിനെയും സാമൂഹിക ഘടനകളെയും ദുർബലമാക്കി.
അമേരിക്കയിൽ ഈ പ്രദേശങ്ങളെ Reservations എന്നും കാനഡയിൽ Reserves എന്നും വിളിച്ചെങ്കിലും, ലക്ഷ്യംഒന്നുതന്നെയായിരുന്നു—ആദിവാസികളെ രാഷ്ട്രീയമായും സാമ്പത്തികമായും ശ്വാസം മുട്ടിക്കുക. എങ്കിലും, ആദിവാസികൾ ഇല്ലാതെയായില്ല. ഇന്ന് നൂറുകണക്കിന് റിസർവേഷനുകൾ നിലനിൽക്കുമ്പോഴും, അവിടങ്ങളിൽ സംസ്കാര പുനരുജ്ജീവനം, ഭാഷ തിരിച്ചുപിടിക്കൽ, ഭൂമിയാവകാശത്തിനും സ്വയംഭരണത്തിനും നിയമപരമായ സമരങ്ങൾ ശക്തമായി തുടരുന്നു. സമകാലീനമായി, റിസർവേഷനുകൾ, കൊളോണിയൽ അധിനിവേശത്തിന്റെ ഓർമ്മ മാത്രമല്ല; നിലനിൽപ്പിന്റെയും പ്രതിരോധത്തിന്റെയും ഇടങ്ങളുമാണ്.
ചുരുക്കത്തിൽ, Reservation areas എന്നത് “സംരക്ഷണ കേന്ദ്രങ്ങൾ” അല്ല; അവ യൂറോപ്യൻ–അമേരിക്കൻ കോളനിയലിസം ആദിവാസികളെ അവരുടെ ഭൂമിയിൽ നിന്ന് മാറ്റി നിയന്ത്രണത്തിലാക്കാൻ സൃഷ്ടിച്ച നിയമപരമായ അധിനിവേശ ഘടനകളാണ്.
വടക്കേ അമേരിക്കയുടെ ചരിത്രം പലപ്പോഴും “കുടിയേറ്റവും രാജ്യപുരോഗതിയും” എന്ന രീതിയിൽ അവതരിപ്പിക്കപ്പെടുന്നു. എന്നാൽ തദ്ദേശവാസികളുടെ കാഴ്ചപ്പാടിൽ അത് അധിനിവേശം, ഭൂമികവർച്ച, ജനസംഹാരം, സംസ്കാരനശീകരണം എന്നിവയുടെ ചരിത്രമായിരുന്നു. ഇന്നത്തെ വടക്കേ അമേരിക്കയെ കൃത്യമായി മനസ്സിലാക്കാൻ, ഈ ഭൂഖണ്ഡത്തിന്റെ യഥാർത്ഥ അവകാശികൾ അനുഭവിച്ച ഈ ചരിത്ര യാഥാർഥ്യം തിരിച്ചറിയേണ്ടത് അനിവാര്യമാണ്.

യുദ്ധാനന്തര അമേരിക്കൻ ഐക്യനാടുകൾ
അമേരിക്കൻ ഐക്യനാടുകൾ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോക രാഷ്ട്രീയത്തിൽ ഏറ്റവും ശക്തമായ സൈനിക ശക്തിയായി മാറി. ഈ ശക്തിയുടെ ഭാഗമായി, അമേരിക്ക നിരവധി സൈനിക ഇടപെടലുകളും യുദ്ധങ്ങളും വിദേശരാജ്യങ്ങളിൽ നടത്തുകയുണ്ടായി. ഇവയിൽ ചിലത് നേരിട്ട് ഒരു രാജ്യത്തിന്റെ ഭരണാധികാരിയെ പിടികൂടുകയോ കൊല്ലുകയോ ചെയ്ത സംഭവങ്ങളിലേക്ക് നയിച്ചു; മറ്റു ചിലത് രാഷ്ട്രേതര സംഘങ്ങളുടെയും നേതാക്കളുടെയും നാശത്തിലേക്കാണ് എത്തിയത്. ഈ ഇടപെടലുകളെ സാധാരണയായി “ദേശീയ സുരക്ഷ”, “ഭീകരവാദത്തിനെതിരായ യുദ്ധം”, “ജനാധിപത്യം സംരക്ഷിക്കൽ”, “മാനവിക ഇടപെടൽ” തുടങ്ങിയ പദങ്ങളിലൂടെ ന്യായീകരിച്ചുവെങ്കിലും, അവയുടെ യഥാർത്ഥ രാഷ്ട്രീയ, സാമ്പത്തിക, ഭൗമരാഷ്ട്രീയ അർത്ഥങ്ങൾ ഏറെ സങ്കീർണ്ണമാണ്.
ഇറാക്ക് അധിനിവേശം
2003-ൽ നടന്ന ഇറാക്ക് അധിനിവേശം ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണമാണ്. സദ്ദാം ഹുസ്സയിൻ (SADDAM HUSSAIN) ഭരണകൂടം “വിനാശകരായ ആയുധങ്ങൾ” കൈവശം വച്ചിരിക്കുന്നു എന്നാരോപിച്ചായിരുന്നു അമേരിക്കയുടെ നേതൃത്വത്തിലുള്ള ആക്രമണം. പിന്നീട് ഈ ആയുധങ്ങൾ ഇല്ലെന്നു തെളിഞ്ഞെങ്കിലും, യുദ്ധം തടയപ്പെട്ടില്ല. സദ്ദാം ഹുസൈൻ അമേരിക്കൻ സൈന്യത്തിന്റെ സഹായത്തോടെ പിടികൂടപ്പെട്ടു, പിന്നീട് ഇറാഖി ഭരണകൂടം അദ്ദേഹത്തെ വിചാരണ ചെയ്ത് വധശിക്ഷ നടപ്പാക്കി. ഇത് ഒരു ഭരണാധികാരിയെ നേരിട്ട് ലക്ഷ്യമാക്കി നടത്തിയ ഇടപെടലിന്റെ ശക്തമായ ഉദാഹരണമായി മാറി. എന്നാൽ, ഈ യുദ്ധം ഇറാഖിൽ സ്ഥിരത കൊണ്ടുവന്നില്ല; പകരം, ദീർഘകാല അക്രമവും ആഭ്യന്തര സംഘർഷങ്ങളും ഉയർന്നു, ഇന്നും തുടരുന്നു.
ലിബിയ
2011-ൽ ലിബിയയിൽ നടന്ന ഇടപെടലും സമാനമായ രീതിയിൽ വിവാദപരമാണ്. ശക്തനായ ഭരണാധികാരി ഗദ്ദാഫിക്കെതിരായ പ്രക്ഷോഭങ്ങൾ ശക്തമായപ്പോൾ, “സിവിലിയന്മാരെ സംരക്ഷിക്കൽ” എന്ന പേരിൽ നാറ്റോ ഇടപെട്ടു. ഈ ഇടപെടലിന് ഐക്യരാഷ്ട്രസഭയുടെ പരിമിതമായ അനുമതി ഉണ്ടായിരുന്നെങ്കിലും, അതിന്റെ അന്തിമഫലം ഭരണകൂടത്തിന്റെ പൂർണ്ണ തകർച്ചയായിരുന്നു. ഗദ്ദാഫി പിടികൂടപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് ലിബിയ ദീർഘകാല അസ്ഥിരതയിലേക്കും ആഭ്യന്തരയുദ്ധത്തിലേക്കും വഴുതി വീണു. ഇതിലൂടെ, “മാനവിക ഇടപെടൽ” എന്ന ആശയം സംശയാസ്പദമായി.
ഇതിനു പുറമെ, അമേരിക്ക പലപ്പോഴും രാജ്യാതീത (non-state) നേതാക്കളെ ലക്ഷ്യമാക്കി സൈനിക നടപടികൾ നടത്തിയിരുന്നു.
ഈജിപ്ത്
1981 മുതൽ 2011 വരെ ഈജിപ്ത് ഭരിച്ച ഹോസ്നി മുബാറക് അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്നു. ഇസ്രായേലുമായുള്ള സമാധാന കരാറിന്റെ രക്ഷകനായിരുന്ന അദ്ദേഹത്തിന് അമേരിക്കയിൽ നിന്ന് വലിയ തോതിൽ സൈനിക സഹായവും ലഭിച്ചിരുന്നു. 2011-ൽ “അറബ് സ്പ്രിംഗി” ന്റെ ഭാഗമായി തൊഴിലില്ലായ്മ, അഴിമതി, പോലീസ് ക്രൂരത, ജനാധിപത്യ അഭാവം എന്നിവക്കെതിരെ ലക്ഷക്കണക്കിന് ഈജിപ്തുകാർ തെരുവിലിറങ്ങിയതോടെയാണ് മുബാറക്കിന്റെ അധികാരം തകർന്നത്. ആദ്യഘട്ടത്തിൽ അമേരിക്ക മുബാറക്കിനെ പിന്തുണച്ചെങ്കിലും, പ്രതിഷേധങ്ങൾ ശക്തമായതോടെ “ക്രമബദ്ധമായ അധികാരമാറ്റം” ആവശ്യപ്പെടുന്ന നിലപാട് സ്വീകരിക്കുകയും, ഈജിപ്ത് സൈന്യവുമായി അടുത്ത ബന്ധം നിലനിർത്തുകയും ചെയ്തു. നിർണായകമായ ഘട്ടത്തിൽ ഈജിപ്ത് സൈന്യം മുബാറക്കിന് പിന്തുണ പിൻവലിക്കുകയും പ്രതിഷേധകരെ നേരിട്ട് അടിച്ചമർത്താൻ വിസമ്മതിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 2011 ഫെബ്രുവരി 11-ന് മുബാറക് രാജിവെക്കുകയും അധികാരം സൈനിക കൗൺസിലിന് കൈമാറുകയും ചെയ്തു. ഈ പ്രക്രിയയിൽ അമേരിക്ക നേരിട്ട് ഇടപെട്ടില്ലെങ്കിലും ഒപ്പം നിന്ന ഭരണാധികാരിയെ അവസോരിചിതമായി ഉപയോഗിക്കുവാനും ഉപേക്ഷിക്കുവാനും അമേരിക്കൻ വിദേശ നയം തെല്ലും മടികാട്ടിയില്ലെന്ന യാഥാർത്ഥ്യം അദ്‌ഭുതപ്പെടുത്തുന്നതാണ്. ഇത് അമേരിക്കൻ വിദേശനയത്തിലെ “പ്രായോഗികത (pragmatism)യും മാനവാവകാശ വാചകങ്ങളുടെ വൈരുദ്ധ്യവും തുറന്നു കാണിക്കുന്നു.
അഫ്ഘാനിസ്ഥാൻ
2001-ലെ 9/11 ആക്രമണങ്ങൾക്ക് ശേഷം അഫ്ഘാനിസ്ഥാൻ അധിനിവേശം നടന്നു. അഫ്ഗാനിസ്ഥാൻ ഭരണകൂടത്തിന്റെ തലവനെ നേരിട്ട് കൊല്ലുക എന്നതല്ല, മറിച്ച് Osama bin Laden പോലുള്ള ഭീകരസംഘടനാ നേതാക്കളെയാണ് പ്രധാനമായും ലക്ഷ്യമിട്ടത്. 2011-ൽ പാകിസ്താനിൽ നടത്തിയ പ്രത്യേക സൈനിക ദൗത്യത്തിലൂടെ ബിൻ ലാദനെ കൊലപ്പെടുത്തി. അന്താരാഷ്ട്ര നിയമപരമായി ഇത് സ്വയംരക്ഷയുടെ ഭാഗമായി അമേരിക്ക ന്യായീകരിച്ചെങ്കിലും, മറ്റൊരു രാജ്യത്തിന്റെ പരമാധികാരം ലംഘിച്ച നടപടിയായി വിമർശനം ഉയർന്നു.
എന്നാൽ ബിൻ ലാദന്റെ സംഘടനയായി അറിയപ്പെടുന്ന താലിബാൻ ഗവൺമെന്റിനു ആയുധങ്ങളും സാമ്പത്തികസഹായവും നൽകുന്നതിൽ അമേരിക്കൻ സഖ്യം ഒരിക്കലും വിമുഖത കാട്ടുന്നില്ല. താലിബാൻ ഇന്നും അധികാരത്തിൽ തുടരുന്നു.
സിറിയ
സിറിയയിൽ അമേരിക്കയുടെ ഇടപെടൽ 2011-ൽ ആരംഭിച്ച ആഭ്യന്തര യുദ്ധവുമായി ബന്ധപ്പെട്ടതാണ്. ഔദ്യോഗികമായി, ഐഎസ്ഐഎസ് പോലുള്ള ഭീകരസംഘടനകളെ നേരിടുക എന്ന ലക്ഷ്യത്തിലാണ് അമേരിക്ക സൈനികമായി ഇടപെട്ടത്. എന്നാൽ, യാഥാർത്ഥ്യത്തിൽ ഇത് അസാദ് ഭരണകൂടത്തിനെതിരായ സമ്മർദ്ദ നയത്തിന്റെ ഭാഗമായിരുന്നു. അമേരിക്ക വിമതസംഘങ്ങൾക്ക് പിന്തുണ നൽകി, സൈനിക താവളങ്ങൾ സ്ഥാപിച്ചു, ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഫലമായി സിറിയ ദീർഘകാല യുദ്ധത്തിലേക്കും മനുഷ്യദുരന്തത്തിലേക്കും വീണു. അന്താരാഷ്ട്ര നിയമപരമായി, ഈ ഇടപെടലുകളുടെ നിയമാനുസൃതത ഇപ്പോഴും ചോദ്യം ചെയ്യപ്പെടുന്നു.
ഇറാൻ
ഇറാനെതിരായ അമേരിക്കൻ ഇടപെടൽ പ്രധാനമായും സാമ്പത്തിക ഉപരോധങ്ങളും രാഷ്ട്രീയ സമ്മർദ്ദങ്ങളും വഴിയാണ്. 1953-ൽ ഇറാനിലെ ജനാധിപത്യമായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി മോസ്സാദെഖിനെ നീക്കം ചെയ്ത കൂട്ട് അട്ടിമറി മുതൽ, ആണവ കരാർ (JCPOA) പിന്‍വലിക്കൽ വരെ, അമേരിക്ക ഇറാന്റെ ആഭ്യന്തരവും വിദേശനയവും സ്വാധീനിക്കാൻ ശ്രമിച്ചു. ഇറാനെ “ഭീഷണിയായ രാജ്യം” എന്ന രീതിയിൽ അവതരിപ്പിച്ച്, മിഡിൽ ഈസ്റ്റിലെ ശക്തിതുലനം നിയന്ത്രിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം.
കോംഗോ
കോംഗോയിൽ അമേരിക്കൻ ഇടപെടൽ പ്രധാനമായും ശീതയുദ്ധകാലത്ത് നടന്നിരുന്നു. ഖനിജ സമ്പത്ത് സമൃദ്ധമായ ഈ രാജ്യത്തിൽ, അമേരിക്ക പാശ്ചാത്യപക്ഷ സർക്കാരുകൾക്കും നേതാക്കൾക്കും പിന്തുണ നൽകി. പാട്രിസ് ലുമുംബ പോലുള്ള നേതാക്കളുടെ വീഴ്ചയിൽ പാശ്ചാത്യ ശക്തികളുടെ പങ്ക് വിമർശിക്കപ്പെടുന്നു. ഇവിടെ ഇടപെടൽ നേരിട്ട് സൈനികമല്ലായിരുന്നുവെങ്കിലും, രാഷ്ട്രീയ അസ്ഥിരതക്കും ദീർഘകാല സംഘർഷങ്ങൾക്കും ഇത് കാരണമായി.
ഇന്ത്യയും പാകിസ്താനും
ഇന്ത്യയും, പാകിസ്ഥാനും സംബന്ധിച്ച അമേരിക്കൻ ഇടപെടൽ ശീതയുദ്ധവും ഭീകരവാദ വിരുദ്ധ നയവും പശ്ചാത്തലത്തിലാണ്. ശീതയുദ്ധകാലത്ത് പാകിസ്താനെ അമേരിക്ക പ്രധാന കക്ഷിയായി പ്രത്യക്ഷ്യത്തിൽ പരിഗണിച്ചു. പിന്നീട്, ഇന്ത്യയുമായി തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തി. ഈ ഇരട്ടനയം ദക്ഷിണേഷ്യയിലെ ശക്തിതുലനത്തിൽ വലിയ സ്വാധീനം ചെലുത്തി, പ്രത്യേകിച്ച് കാശ്മീർ വിഷയത്തിൽ.
പലസ്തീൻ / ഗസ
ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിൽ United States സ്വീകരിക്കുന്ന നിലപാട് ദീർഘകാലമായി ഇസ്രയേൽ കേന്ദ്രീകൃതവും താൽപ്പര്യാധിഷ്ഠിതവുമാണ്. ഔദ്യോഗികമായി അമേരിക്ക “രണ്ട് രാഷ്ട്ര പരിഹാരം” പിന്തുണയ്ക്കുന്നുവെന്ന് പ്രഖ്യാപിച്ചാലും, പ്രായോഗികമായി ഇസ്രായേലിനു ശക്തമായ സൈനിക, സാമ്പത്തിക, നയതന്ത്ര പിന്തുണ നൽകിയാണ് പ്രവർത്തിക്കുന്നത്. യുഎൻ വേദികളിൽ ഇസ്രയേലിനെതിരായ പ്രമേയങ്ങൾ തടയാൻ വീറ്റോ പ്രയോഗിച്ചതും, ആയുധവിതരണവും സുരക്ഷാ സഹകരണവും തുടർന്നതും ഇതിന്റെ ഉദാഹരണങ്ങളാണ്. ഇതേസമയം പലസ്റ്റീനിന്റെ അവകാശങ്ങൾ—ഭൂമിയാവകാശം, സ്വയംഭരണം, മനുഷ്യാവകാശ സംരക്ഷണം—പലപ്പോഴും രണ്ടാം നിരയിലായി. സുരക്ഷ എന്ന ഭാഷ ഉപയോഗിച്ച് ഇസ്രയേലിന്റെ നടപടികൾക്ക് ന്യായീകരണം നൽകുമ്പോൾ, അധിനിവേശം, കുടിയേറ്റവ്യാപനം, സിവിലിയൻ നാശനഷ്ടങ്ങൾ എന്നിവയ്‌ക്ക് മതിയായ ഉത്തരവാദിത്വം ചുമത്തുന്നതിൽ അമേരിക്ക പരാജയപ്പെട്ടു. ഈ “double standard” സമീപനം അമേരിക്കയെ നിഷ്പക്ഷ മധ്യസ്ഥനെന്ന അവകാശവാദത്തിൽ നിന്ന് അകറ്റുകയും, മേഖലയിലെ അസ്ഥിരതയും അവിശ്വാസവും വർധിപ്പിക്കുകയും ചെയ്തു. ഫലമായി, അമേരിക്കയുടെ നിലപാട് സമാധാനം മുന്നോട്ടു നയിക്കുന്നതിലുപരി ശക്തിതുലനവും സഖ്യരാഷ്ട്രീയവും സംരക്ഷിക്കുന്നതിലേക്കാണ് കൂടുതൽ ചായുന്നത് എന്ന വിമർശനം ശക്തമാണ്.
വെനിസ്വേല
വെനിസ്വേലയിൽ അമേരിക്കൻ ഇടപെടൽ പ്രധാനമായും സാമ്പത്തിക ഉപരോധങ്ങൾ, രാഷ്ട്രീയ ഒറ്റപ്പെടുത്തൽ, ഭരണകൂടമാറ്റ ശ്രമങ്ങൾ വഴിയാണ്. ഹ്യൂഗോ ചാവെസിന്റെയും നിക്കോളാസ് മദൂറോയുടെയും അമേരിക്ക വിരുദ്ധ നയങ്ങൾ ഈ സംഘർഷത്തിന്റെ കേന്ദ്രബിന്ദുവാണ്. വെനിസ്വേലയിലെ എണ്ണസമ്പത്തും ഭൗമരാഷ്ട്രീയ സ്ഥാനവും അമേരിക്കയുടെ താൽപ്പര്യങ്ങളെ ശക്തമായി സ്വാധീനിക്കുന്നു.
ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരമുള്ള രാജ്യമായതിനാൽ, അവിടത്തെ ഭരണകൂടം അമേരിക്കയ്ക്ക് തന്ത്രപ്രധാനമാണ്. മദൂറോയുടെ സർക്കാർ സംസ്ഥാന നിയന്ത്രണവും ദേശീയവൽക്കരണവും ശക്തമാക്കിയതോടെ അമേരിക്കൻ എണ്ണകമ്പനികളുടെ പ്രവേശനം പരിമിതമായി; ഇതാണ് വാഷിംഗ്ടണിന്റെ പ്രധാന അസന്തോഷങ്ങളിൽ ഒന്ന്. ട്രംപ് ഭരണകാലത്ത് “സോഷ്യലിസത്തിനെതിരായ കടുത്ത നിലപാട്” അമേരിക്കൻ ആഭ്യന്തര രാഷ്ട്രീയത്തിൽ ശക്തമായി ഉപയോഗിക്കപ്പെട്ടു, അതിന്റെ പ്രതീകമായി മദൂറോയെ ചിത്രീകരിച്ചു. ഇതേസമയം, മാർിയ കൊറിന മച്ചാഡോയെപ്പോലുള്ള നേതാക്കൾ വിപണി സൗഹൃദ നയങ്ങൾ, സ്വകാര്യവൽക്കരണം, പാശ്ചാത്യ രാജ്യങ്ങളുമായി അടുത്ത ബന്ധം എന്നിവക്ക് അനുകൂലമായതിനാൽ അമേരിക്കൻ താൽപ്പര്യങ്ങൾക്ക് “സ്വീകാര്യമായ” ഓപ്ഷനായി കണക്കാക്കപ്പെട്ടു. എന്നാൽ “എണ്ണയാണ് ആദ്യ ലക്ഷ്യം” എന്നത് പൂർണ്ണമായ മറുപടിയല്ല; എണ്ണ കേന്ദ്ര ഘടകമാണ്, പക്ഷേ അതിനൊപ്പം പ്രദേശത്തെ രാഷ്ട്രീയ സ്വാധീനം, റഷ്യ–ചൈന പോലുള്ള എതിരാളികളുടെ ഇടപെടൽ തടയൽ, അമേരിക്കൻ ആധിപത്യം നിലനിർത്തൽ എന്നിവയും പ്രധാനമാണ്. ചുരുക്കത്തിൽ, മദൂറോയോടുള്ള വിരോധവും മച്ചാഡോയോടുള്ള രാഷ്ട്രീയപ്രണയവും , “ജനാധിപത്യ സംരക്ഷണം” എന്ന ന്യായീകരണത്തിലൊതുക്കാനാവുന്നതല്ല; അത് വിഭവങ്ങൾ, ആശയധാര, ശക്തിരാഷ്ട്രീയം എന്നിവ ചേർന്നുണ്ടാകുന്ന ഒരു വിദേശനയ കോര്പറേറ്റ് കണക്കുകൂട്ടലാണ്.
ഇതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്ക മദൂറോയെ ബലപ്രയോഗത്തിലൂടെ നീക്കുന്നത് ന്യായമാണോ എന്ന ചോദ്യം ഉയരുന്നത്. അന്താരാഷ്ട്ര നിയമത്തിന്റെ അടിസ്ഥാനത്തിൽ ഇത് ന്യായീകരിക്കാനാവില്ല. United Nations ചാർട്ടർ പ്രകാരം, സ്വയംരക്ഷയോ സുരക്ഷാ കൗൺസിലിന്റെ അനുമതിയോ ഇല്ലാതെ ഒരു രാജ്യത്തിനെതിരെ സൈനിക ബലം പ്രയോഗിക്കുന്നത് നിയമവിരുദ്ധമാണ്. വെനിസ്വേല അമേരിക്കയ്ക്ക് സൈനിക ഭീഷണി ഉയർത്തുന്നില്ല, കൂടാതെ യു.എൻ. അനുമതിയും നിലവിലില്ല.
അമേരിക്കൻ വിദേശനയം ജനാധിപത്യം സംരക്ഷിക്കൽ എന്ന വാദം മുന്നോട്ടുവെച്ചാലും, ബലപ്രയോഗത്തിലൂടെ ഭരണകൂടമാറ്റം വരുത്തുന്നത് അവരുടെ തന്നെ പ്രഖ്യാപിത നിയമാധിഷ്ഠിത ആഗോളക്രമത്തിന് വിരുദ്ധമാണ്. യു.എൻ. തലത്തിൽ പോലും ഇത് സംസ്ഥാന സ്വതന്ത്രതയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന തത്വവും ലംഘിക്കുന്നു. അതിനാൽ, മദൂറോയുടെ പൈതൃകം ചാവെസിന്റെ രാഷ്ട്രീയ അവകാശവാദത്തിന്റെ തുടർച്ചയായിരിക്കുമ്പോഴും, അദ്ദേഹത്തെ ബലപ്രയോഗത്തിലൂടെ നീക്കുന്നത് നിയമപരമായും നൈതികമായും ന്യായീകരിക്കാനാകാത്ത ഒന്നായി തുടരുന്നു.
ആഗോള തലത്തിൽ അമേരിക്കൻ ഇടപെടലുകൾ പരിശോധിക്കുമ്പോൾ, ഒരു പൊതു മാതൃക വ്യക്തമാകുന്നു:
അമേരിക്കൻ വിദേശനയം സൈനിക ശക്തിയെ ഒരു ഉപകരണമായി ഉപയോഗിക്കുന്നു. ഇത് ചിലപ്പോൾ നേരിട്ട് ഭരണാധികാരികളെ നീക്കം ചെയ്യുന്നതിലേക്കും, ചിലപ്പോൾ “ഭീകരവാദ വിരുദ്ധ യുദ്ധം” എന്ന പേരിൽ രാഷ്ട്രേതര സംഘങ്ങളെ തകർക്കുന്നതിലേക്കും നയിക്കുന്നു. എന്നാൽ, ഈ നടപടികളുടെ ദീർഘകാല ഫലങ്ങൾ പലപ്പോഴും നെഗറ്റീവ് ആയിരിക്കുന്നു. ഭരണകൂടമാറ്റം കൊണ്ടുവരുന്നതിലൂടെ ജനാധിപത്യം സ്വാഭാവികമായി വളരും എന്ന ധാരണ പല രാജ്യങ്ങളിലും തെറ്റായതായി ചരിത്രം തെളിയിക്കുന്നു.

അന്താരാഷ്ട്ര നിയമത്തിന്റെ കാഴ്ചപ്പാടിൽ നിന്ന്, ഇത്തരം ഇടപെടലുകൾ വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ പ്രകാരം, ഒരു രാജ്യത്തിന്റെ ഭൗമപരമായ അഖണ്ഡതയും രാഷ്ട്രീയ സ്വാതന്ത്ര്യവും ലംഘിക്കുന്നത് നിയമവിരുദ്ധമാണ്, സ്വയംരക്ഷയോ സുരക്ഷാ കൗൺസിലിന്റെ വ്യക്തമായ അനുമതിയോ ഇല്ലാതെ. ഇറാഖ് പോലുള്ള കേസുകളിൽ ഇത്തരം അനുമതികൾ ഇല്ലാതിരുന്നുവെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ലിബിയയിൽ പോലും, അനുവദിച്ച പരിധി മറികടന്ന് “ഭരണകൂടമാറ്റം” നടപ്പാക്കിയെന്ന ആരോപണം നിലനിൽക്കുന്നു.
അമേരിക്കയുടെ ഈ ഇടപെടലുകൾ ശക്തിയുടെ അസമത്വം പ്രതിഫലിപ്പിക്കുന്നു. ശക്തമായ രാജ്യങ്ങൾ തങ്ങളുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നിയമങ്ങളെ വ്യാഖ്യാനിക്കുകയും പ്രയോഗിക്കുകയും ചെയ്യുമ്പോൾ, ദുർബല രാജ്യങ്ങൾ അതിന്റെ ഫലങ്ങൾ അനുഭവിക്കേണ്ടിവരുന്നു. എണ്ണ, ഭൗമരാഷ്ട്രീയ സ്ഥാനം, പ്രാദേശിക സ്വാധീനം തുടങ്ങിയ ഘടകങ്ങൾ പലപ്പോഴും ഇത്തരം ഇടപെടലുകളുടെ പിന്നിലെ നിഗൂഢ ലക്ഷ്യങ്ങളായി ആയി പ്രവർത്തിക്കുന്നു.
അമേരിക്ക നടത്തിയ സൈനിക ഇടപെടലുകളും നേതാക്കളെ ലക്ഷ്യമാക്കിയ നടപടികളും ലോകചരിത്രത്തിൽ ശക്തമായ അടയാളങ്ങൾ പതിപ്പിച്ചിട്ടുണ്ട്. ചില സാഹചര്യങ്ങളിൽ അവ അടിയന്തര സുരക്ഷാഭീഷണികൾക്ക് മറുപടിയായിരിക്കാം. എന്നാൽ, പലപ്പോഴും അവ ദീർഘകാല അസ്ഥിരതയും മനുഷ്യവേദനയും മാത്രമാണ് സൃഷ്ടിച്ചത്. അതിനാൽ, സൈനിക ശക്തിയെ വിദേശനയത്തിന്റെ പ്രധാന ഉപകരണമാക്കുന്ന സമീപനം നിയമപരമായും നൈതികമായും രാഷ്ട്രീയമായും ഗൗരവമായ പുനഃപരിശോധന ആവശ്യപ്പെടുന്നു. നവലോകക്രമം സ്ഥിരതയുള്ളതാകണമെങ്കിൽ, “ശക്തിയുടെ പ്രാകൃതഭാഷയ്ക്കുപകരം അന്താരാഷ്ട്ര നിയമവും നയതന്ത്രവും സർവ്വോപരി മാനുഷിക മൂല്യങ്ങളും പൊതുബോധത്തിന്റെ മുൻനിരയിൽ നിലനിർത്തേണ്ടതുണ്ട്.







Be the first to write a comment.