ഹിന്ദു വംശീയവാദവും ജവഹർലാൽ നെഹ്റുവും
ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 9

ഡെൽഹിയിൽ ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായി ഹിന്ദു വംശീയവാദികൾ കൊണ്ടു പിടിച്ച് ശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ, പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ നിന്നും ബ്രിട്ടീഷ് ഓവർസീസ് എയർവേയ്സ് കോർപ്പറേഷൻ്റെ  എയർക്രാഫ്റ്റിൽ ഒരു ചെറുപ്പക്കാരൻ ഇന്ത്യയിലെത്തി. വിഭജനം മൂലം സിന്ധിൽ നിന്നും ഓടിപ്പോകേണ്ടി വന്ന അനേകായിരങ്ങൾക്ക് ഇന്ത്യയിൽ വന്ന ശേഷം എന്ത് ചെയ്യണമെന്ന് ഒരു തിട്ടവും ഉണ്ടായിരുന്നില്ല. എന്നാൽ ഈ ചെറുപ്പക്കാരന് വ്യക്തമായ തീരുമാനം ഉണ്ടായിരുന്നു. അവിഭക്ത ഇന്ത്യയിൽ സിന്ധിലായിരിക്കുമ്പോൾ താൻ തുടങ്ങിവെച്ച പ്രവർത്തനം ഇന്ത്യയിലും വർദ്ധിത വീര്യത്തോടെ തുടരുക . ഇന്ത്യയിലെ ആർ എസ് എസിൻ്റെ ഭാഗമായി അങ്ങനെ ആ ചെറുപ്പക്കാരൻ പ്രവർത്തിക്കാൻ തുടങ്ങി. പിൽക്കാലത്ത് ഹിന്ദു വംശീയ ചരിത്രത്തിൽ പ്രധാനപ്പെട്ട  പങ്കാളിത്തം വഹിച്ച ആ ചെറുപ്പക്കാരൻ്റെ പേര് ലാൽ കൃഷ്ണ അദ്വാനി എന്നായിരുന്നു. ഇന്ത്യയിലെത്തി രണ്ടാഴ്ച കഴിയും മുമ്പേ, തൻ്റെ കാഴ്ചപ്പാട് നിർണ്ണയിച്ച ഹിന്ദുത്വ എന്ന ഗ്രന്ഥമെഴുതിയ വി ഡി സവർക്കറെ കണ്ട് അനുഗ്രഹം വാങ്ങാനായി അദ്വാനി,  ബോംബെയിലെ സവർക്കർ സദനിൽ എത്തി. സവർക്കറുടെ മാന്ത്രിക സാന്നിദ്ധ്യത്തിൽ ഇരുന്നതിനെപ്പറ്റി പിന്നീട് അദ്വാനി ഓർത്തോർത്ത് പുളകിതനാകുന്നുണ്ട്.

ഡെൽഹിയിലും പടിഞ്ഞാറൻ യു പി യിലും തമ്പടിച്ച് ഗോൾവാൾക്കർ,  ആർ എസ് എസുകാരെ ഡെൽഹിയിലേയ്ക്ക് തിരിച്ചു വെയ്ക്കുമ്പോൾ അദ്വാനി സംഘപ്രവർത്തനം ആരംഭിച്ചത് രാജസ്ഥാനിൽ ആണ്. ശാഖകളുടെ വലിയ വിപുലീകരണമായിരുന്നു, ഗോൾവാൾക്കറുടെ ലക്ഷ്യം. ആ ലക്ഷ്യം നിറവേറ്റുകയായിരുന്നു പ്രചാരക് എന്ന നിലയിൽ അദ്വാനി.

ഡെൽഹി യിൽ നിന്നും കവിഞ്ഞൊഴുകിയ അഭയാർത്ഥികൾ പടിഞ്ഞാറൻ യു പി യിൽ തമ്പടിച്ചതോടെ, മുസ്ലീങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ അവിടെയും തുടങ്ങി വെയ്ക്കാൻ ഹിന്ദു വംശീയവാദികൾ തീരുമാനിച്ചു. 1947 സെപ്തംബർ 18 മുതൽ 26 വരെയുള്ള കാലത്ത് അവിടെ ഉദയം കൊണ്ട വർഗ്ഗീയ പ്രശ്നങ്ങളെക്കുറിച്ച് ഔദ്യോഗിക രേഖകൾ ഉണ്ട്. പഞ്ചാബിലും ഡെൽഹിയിലും സംഭവിച്ച പോലെ വമ്പിച്ച അളവിലല്ല അത് നടന്നത്. ഡെറാഡൂണിലും ആഗ്രയിലും കലാപങ്ങൾ ഉണ്ടായി. അക്കാലത്ത് ഐക്യസംസ്ഥാനങ്ങളുടെ ആഭ്യന്തര സെക്രട്ടറി ആയിരുന്ന രാജേശ്വർ ദയാൽ തൻ്റെ ഓർമ്മക്കുറിപ്പിൽ രേഖപ്പെടുത്തിയത് ഈ ലേഖകൻ്റെ ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ എന്ന പുസ്തകത്തിൽ വിശദമായി പരാമർശിച്ചിട്ടുണ്ട്. ഐക്യസംസ്ഥാനങ്ങളിലെ പടിഞ്ഞാറൻ ജില്ലകളിൽ മുസ്ലീങ്ങളെ വംശഹത്യ ചെയ്യാനുള്ള വിശദമായ പദ്ധതി ഹിന്ദു വംശീയ വാദികൾ ആവിഷ്ക്കരിക്കുകയുണ്ടായി. പടിഞ്ഞാറൻ യു പി യിലെ പോലീസ് മേധാവിയായിരുന്ന ബി ബി എസ് ജെയ്റ്റ്ലി ഈ വിവരം മണത്തറിയുകയും അത്തരം പദ്ധതിയുടെ വിശദാംശങ്ങൾ ശേഖരിക്കുകയും ചെയ്തു. ആർ എസ് എസ് സർ സംഘ് ചാലക് ഗോൾവാൾക്കർ നേരിട്ട് ആ പ്രദേശങ്ങളിൽ തമ്പടിക്കുന്നതാണ് ജെയ്റ്റ്ലിയിൽ സംശയമുദിപ്പിച്ചത്. താൻ ശേഖരിച്ച രേഖകൾ രണ്ട് വലിയ സ്റ്റീൽപെട്ടികളിൽ ജെയ്റ്റ്ലിയും രണ്ട് സഹായികളും കൂടി രാജേശ്വർ ദയാലിൻ്റെ അടുത്തെത്തിച്ചു. പടിഞ്ഞാറൻ യു പിയുടെ വിശദമായ ഭൂപടങ്ങളും മുസ്ലീം ആവാസപ്രദേശങ്ങളും കച്ചവടകേന്ദ്രങ്ങളും അടയാളപ്പെടുത്തിയ വിശദരേഖകളും ഹിന്ദു വംശീയ വാദികൾക്കിടയിൽ പ്രചരിക്കപ്പെട്ടിരുന്നു. ഇതെല്ലാം വിരൽചൂണ്ടുന്ന ആസന്ന വംശഹത്യാ ഉദ്യമത്തെ നേരിട്ടറിയാക്കാനായി രാജേശ്വർ ദയാൽ, ഐക്യസംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് വല്ലഭ് പാന്തിനെ സമീപിച്ചു. ഈ രേഖകളുടെ അടിസ്ഥാനത്തിൽ ഗോൾവാൾക്കറെ അറസ്റ്റ് ചെയ്യുകയും ആർ എസ് എസിൻ്റെ നീക്കങ്ങൾ സർക്കാർ ശ്രദ്ധയോടെ നിരീക്ഷിക്കുമെന്നുമായിരുന്നു,  രാജേശ്വർ ദയാലും ബി ബി എസ് ജെയ്റ്റ്ലിയും കരുതിയിരുന്നത്. ഗോൾവാൾക്കർ ആ സമയത്ത് ആ പ്രവിശ്യയിൽ തങ്ങുന്നുമുണ്ടായിരുന്നു.

എന്നാൽ അവരുടെ പ്രതീക്ഷകൾ തെറ്റിച്ച്,  മുഖ്യമന്ത്രിയായ ജി ബി പാന്ത്,  ഹിന്ദു വംശീയവാദികളെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഗോൾവാൾക്കറുടെ ആസന്നമായ അറസ്റ്റ് പ്രതീക്ഷിച്ച അവർക്ക് മുന്നിൽ രേഖകൾ അടുത്ത ക്യാബിനറ്റ് മീറ്റിങ്ങിൽ സമർപ്പിക്കാം എന്നാണ് അദ്ദേഹം അറിയിച്ചത്. ക്യാബിനറ്റിൽ തന്നെയുള്ള ഹിന്ദു വംശീയവാദികളോട് അനുകൂല സമീപനം പുലർത്തുന്നവരുടെ പിടിയിലായിരുന്നു പാന്ത്. ഉപരിസഭയിലെ പ്രിസൈഡിങ്ങ് ഓഫീസർ (ഇന്നത്തെ സ്പീക്കർ ) ആയിരുന്ന ഏ ജി ഖേർ അത്തരത്തിൽ ഒരാളായിരുന്നു. അദ്ദേഹത്തിൻ്റെ മക്കൾ ആർ എസ് എസി ൻ്റെ സജീവപ്രവർത്തകർ ആയിരുന്നു. ക്യാബിനറ്റിൻ്റെ തീരുമാനം അതിലും രസകരമായിരുന്നു. ഇത്തരം ഒരു പദ്ധതിക്ക് ഒരുങ്ങുന്നുണ്ടോ എന്ന് ഗോൾവാൾക്കറോട് നേരിട്ട് ആരായാനാണ് ക്യാബിനെറ്റ് തീരുമാനിച്ചത്. താൻ നിരീക്ഷണത്തിലാണ് എന്നറിഞ്ഞ ഗോൾവാൾക്കർ പോലീസിൻ്റെ കണ്ണുവെട്ടിച്ച് നേരായ വഴിയിലൂടെയല്ലാതെ വളഞ്ഞും പുളഞ്ഞും സംസ്ഥാനം കടന്നു. പിന്നീട് കപൂർ കമ്മീഷന് മുമ്പാകെ കൊടുത്ത മൊഴിയിലും ജെയ്റ്റ്ലി ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. 1947 ഒക്ടോബർ – നവംബർ മാസങ്ങളിലാണ് ഇത് നടക്കുന്നത്.

ഒരു ഭരണാധികാരിയെന്ന നിലയിലും ആധുനിക പൗരൻ എന്ന നിലയിലും ഈ സമയത്ത് കറകളഞ്ഞ മതേതരവാദിയുടെ പങ്കാണ് ജവഹർലാൽ നെഹ്റു നിവർത്തിച്ചത്. 1947  സെപ്തംബർ 29 ന് കലാപകലുഷിതമായ ഡെൽഹിയിൽ അദ്ദേഹം പ്രസംഗിച്ചത് ഇങ്ങനെയാണ് : ” ഡെൽഹിയിൽ നിന്ന് എല്ലാ മുസ്ലീങ്ങളേയും പുറത്താക്കണമെന്ന് പ്രചരിപ്പിക്കുന്നവരെ ഞാൻ ശക്തമായി അപലപിക്കുന്നു. നമ്മുടെ രാജ്യത്തിൻ്റെ മഹത്തായ സൗന്ദര്യം എന്നത് നമുക്ക് വ്യത്യസ്തമായ സംസ്കാരങ്ങളും മതങ്ങളും ഉണ്ടെന്നതാണ്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനുള്ള ആവശ്യം (ജിന്നയുടെ ) മുസ്ലീംലീഗിന് സാങ്കല്പിക വിജയം നൽകലാണ്. പാകിസ്ഥാൻ നേടുകയെന്നത് പോലും ഇതുമായി താരതമ്യപ്പെടുത്തിയാൽ ചെറിയ പ്രാധാന്യമുള്ള ഒന്നാണ്. ഭൂതകാലത്തിൽ നിങ്ങൾ അങ്ങേയറ്റം എതിർത്തിരുന്ന അതേ തത്വങ്ങളെ നിങ്ങൾ സ്വീകരിക്കുകയും പിൻപറ്റുകയും ചെയ്യരുത് .”

1947 സെപ്തംബർ 30-ന് മിൽത്തൊഴിലാളികളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുമ്പോൾ സ്വാതന്ത്ര്യ സമരത്തെ വഞ്ചിച്ചത് ജിന്നയുടെ മുസ്ലീം ലീഗും അവരുടെ പിന്തുണക്കാരും മാത്രമല്ല,  ഹിന്ദുക്കളുടേയും സിക്കുകാരുടേയും ഒരു വലിയ വിഭാഗം കൂടിയാണ് എന്നഭിപ്രായപ്പെട്ടു. “ഇന്ത്യൻ രാജ്യസ്നേഹികളെ ബ്രിട്ടീഷുകാർ തച്ചുതകർത്തു കൊണ്ടിരിക്കുമ്പോൾ, ബ്രിട്ടീഷുകാരെ സജീവമായി സഹായിച്ച മുസ്ലീം ഇതരരുണ്ട്. അവർക്കെന്ത് ശിക്ഷയാണ് നിങ്ങൾ നിർദ്ദേശിക്കുക? രാജ്യത്തിൻ്റെ സമാധാനം ഇല്ലാതാക്കി അതിനെ തകർച്ചയിലേയ്ക്ക് നയിക്കുന്നവരാണ് ചതിയർ . നിങ്ങളുടെ സ്വാതന്ത്ര്യം ഇന്ന് അപകടത്തിലാണ്. ആ സ്വാതന്ത്ര്യം നിങ്ങൾക്ക് പ്രിയപ്പെട്ടതാണെങ്കിൽ, രാജ്യത്തിൻ്റെ ക്രമസമാധാനം നിലനിർത്താൻ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുക. ഒരു പ്രത്യേക വിശ്വാസം പ്രകടിപ്പിച്ചു പോയി എന്ന കാരണത്താൽ ഒരു വിനീതനായ പൗരൻ്റെ ജീവിതം സംരക്ഷിക്കാൻ കഴിയാത്ത സർക്കാർ മൂല്യ രഹിതമാണ് .”

1947 ഒക്ടോബർ 2 ന് ഗാന്ധി യുടെ എഴുപത്തെട്ടാം പിറന്നാളാഘോഷത്തിൻ്റെ അന്ന്  നെഹ്റു വളരെ വ്യക്തതയോടെ പറഞ്ഞു. ” ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമാക്കിത്തീർക്കാനുള്ള ആവശ്യത്തെ ഞാൻ ശക്തിയായി എതിർക്കുന്നു. ഇത് എൻ്റെ വ്യക്തിപരമായ കാഴ്ചപ്പാട് മാത്രമല്ല,  മറിച്ച് ഇതാണ് എൻ്റെ സർക്കാരിന്റേയും  മുഴുവൻ കോൺഗ്രസ്സ് സംഘടനയുടേയും അടിസ്ഥാന ബലം. ഹിന്ദു ഭരണകൂടത്തിന് വേണ്ടിയുള്ള ആവശ്യം വിഡ്ഢിത്തവും മധ്യകാലവർത്തിയും ആണെന്ന് മാത്രമല്ല, സ്വഭാവത്തിൽ അത് ഫാസിസ്റ്റ് കൂടിയാണ്. ഇത്തരം ആശയങ്ങൾ മുന്നോട്ട് വെയ്ക്കുന്നവർക്ക് ഹിറ്റ്ലറുടേയും മുസ്സോളിനിയുടേയും ഗതിയായിരിക്കും കിട്ടുന്നത്.”

1947 ൽ എപ്പോഴോ ഗോൾവാൾക്കറും നെഹ്റുവും തമ്മിൽ കണ്ടുമുട്ടുകയുണ്ടായി. തങ്ങളല്ല ലഹളയ്ക്ക് പിന്നിൽ എന്ന് ഗോൾവാൾക്കർ, നെഹ്റുവിനെ ബോധിപ്പിക്കാൻ ശ്രമിച്ചു. അദ്ദേഹം അത് ശ്രദ്ധിക്കാൻ നിന്നില്ല. നെഹ്റു തന്നെ പിന്നീട് ദലീപ് സിംഗിനെഴുതിയ കത്തിൽ ആ കൂടിക്കാഴ്ചയെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഗോൾവാൾക്കറുടെ പേരു പോലും പരാമർശിക്കാതെ ബിഗ്ബോസ് എന്നാണ് നെഹ്റു എഴുതുന്നത്. കശ്മീരിലെ രാജാവായിരുന്ന ഹരി സിംഗിൻ്റെ രാജസഭയിലെ ഇന്ത്യൻ ഗവണ്മെൻ്റിൻ്റെ പ്രതിനിധിയായിരുന്നു ദലീപ് സിംഗ്. കശ്മീരിൽ ആർ എസ് എസിൻ്റെ ഇടപെടൽ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് കൊടുക്കുന്ന കത്തിലാണ് നെഹ്റു ഇക്കാര്യം പരാമർശിക്കുന്നത്. “ആർ എസ് എസ് ഹാനികരവും അപകടകരവുമായ സംഘടനയാണ്. അത് ഫാസിസ്റ്റ് എന്ന വാക്കിൻ്റെ സാങ്കേതികാർത്ഥത്തോട് അത്രയും ചേർന്നു നിൽക്കുന്ന ഒന്നാണ് . ഞങ്ങൾക്കത് വർഷങ്ങളായി അറിയാവുന്ന സംഗതിയാണ്. ഞങ്ങളുടെ ചില സഹപ്രവർത്തകരിൽ ചിലർ വർഷങ്ങളായി അതിനെ എതിർത്തു വരുന്നു. ഉടലെടുത്ത മഹാരാഷ്ട്രയിൽ അത് വേണ്ടത്ര മോശമായി കഴിഞ്ഞു. പക്ഷെ പഞ്ചാബും ആർ എസ് എസും എന്ന കൂട്ടുകെട്ട് മോശമായ ചിലത് ഉണ്ടാക്കുന്നുണ്ട്. നാം ഇതിനെതിരെ നിൽക്കണം എന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല. നന്നായ് സംഘടിപ്പിക്കപ്പെട്ട, എന്നാൽ കാഴ്ചപ്പാടിൽ അസാധാരണമായ ഇടുക്കം സൂക്ഷിക്കുന്ന, അടിസ്ഥാന കാര്യങ്ങളിലേയ്ക്ക് തിരിഞ്ഞു പോലും നോക്കാൻ കെല്പില്ലാത്ത മനുഷ്യർ ആണ് അവർ .”

ആർ എസ് എസ്  എന്ന പാതി ഒളിഞ്ഞു പ്രവർത്തിക്കുന്ന സംഘടനയുടെ യഥാർത്ഥ ചിത്രത്തെക്കുറിച്ച് കോൺഗ്രസ്സിൽ തന്നെ അധികം പേരും ബോധവത്ക്കരിക്കപ്പെടാത്ത കാലത്താണ് അതിൻ്റെ ഫാസിസ്റ്റ് സ്വഭാവം നെഹ്റു മനസ്സിലാക്കുന്നത്. അതിനെ അക്കാലത്ത് ഫാസിസ്റ്റ് എന്ന് വിശേഷിപ്പിച്ച മറ്റൊരാൾ ഗാന്ധിയുമാണ്. ജി  ബി പാന്തിനെപ്പോലുള്ള കോൺഗ്രസ്സിലെ മൃദു ഹിന്ദുക്കളാകട്ടെ അതിനോട് അനുഭാവപൂർണ്ണമായ സമീപനമാണ് വെച്ചു പുലർത്തിയിരുന്നത് . അതുകൊണ്ട് കൂടിയാകും ദേശീയ രാഷ്ട്രീയത്തിൽ നിന്ന് നീക്കം ചെയ്യേണ്ട ആളുകളുടെ പട്ടിക ഹിന്ദു വംശീയ വാദികൾ തയ്യാറാക്കിയപ്പോൾ, അതിലെ ആദ്യ രണ്ടു പേരുകൾ ഗാന്ധിയുടേയും നെഹ്റുവിൻ്റേതുമായിരുന്നു.

1947 ഡിസംബർ 17-ന് നെഹ്റു,   ജി ബി പാന്തിനെഴുതി, “അവസാനം നാം തമ്മിൽ കണ്ട വേളയിൽ ആർ എസ് എസിനെതിരെ താങ്കൾ എടുക്കാൻ പോകുന്ന നടപടികളെ കുറിച്ച് പരാമർശിക്കുകയുണ്ടായി. ലാൽ ബഹദൂർ (ലാൽ ബഹദൂർ ശാസ്ത്രി – അന്ന് ജി ബി പാന്തിൻ്റെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരുന്നു ) എനിക്ക് താങ്കൾക്ക് ലഭിച്ചിട്ടുള്ള വിവരങ്ങളുടെ കുറേക്കൂടി വിശദാംശങ്ങൾ ധരിപ്പിക്കുകയുണ്ടായി. താങ്കൾ രണ്ടാഴ്ചയ്ക്കുള്ളിൽ എന്തെങ്കിലും നടപടിയെടുക്കുമെന്നും എടുക്കാൻ പോകുന്ന ആദ്യ നടപടിആർ എസ് എസിൻ്റെ നേതാവിനെ താങ്കൾക്ക് കിട്ടിയിട്ടുള്ള വിവരങ്ങൾ അറിയിക്കുന്നതായിരിക്കുമെന്നും അദ്ദേഹം എന്നോട് പറഞ്ഞു. ഇക്കാര്യം മുന്നോട്ടു കൊണ്ടു പോകുന്നു എന്നറിയുന്നതിൽ  എനിക്ക് സന്തോഷമുണ്ട്. ആർ എസ് എസ് എന്നത് അങ്ങേയറ്റം എതിർക്കപ്പെടേണ്ടതും അപകടകരമായതുമായ സംഘടനയാണെന്നത് ഇപ്പോൾ കൂടുതൽ വ്യക്തമായിരിക്കുന്നു. ആ സംഘടനയാണ് നമ്മുടെ കുഴപ്പങ്ങളുടെ സിംഹഭാഗത്തിനും കാരണഭൂതർ. അടുത്ത കാലത്ത് അജ്മീറിൽ അങ്ങനെയാണ് ആർ എസ് എസ് പ്രവർത്തിച്ചത്. ഇത്തരം ദുഷ്പ്രവൃത്തികൾ തുടരാൻ നാം അനുവദിച്ചുകൂടാ എന്നെനിക്കുറപ്പുണ്ട്. ”

ആർ എസ് എസിൻ്റെ ഫാസിസ്റ്റ് ആന്തരലോകം ഇത്ര തെളിഞ്ഞ് പൊതുമണ്ഡലത്തിൽ ആരും കണ്ടിരുന്നില്ല. വിഭജനത്തെ തുടർന്നുള്ള ഹിന്ദു – മുസ്ലീം അകൽച്ചയുടെ ഫലമായുണ്ടായ വർഗ്ഗീയ ലഹളയിൽ ഹിന്ദു സംരക്ഷണം ഉറപ്പുവരുത്തുക എന്ന വ്യാജമുഖംമൂടിക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന കരാളദംഷ്ട്രകളെ തൻ്റെ ചുറ്റുമുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കാൻ നെഹ്റു സദാ ശ്രമിച്ചുകൊണ്ടിരുന്നു. ഉദാഹരണത്തിന് 1947 ഡിസംബർ 7 ന് ഇന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അദ്ദേഹം എഴുതിയ കത്ത് ഇതാണ്.

“ആർ എസ് എസ് എന്ന സംഘടന ഒരു സ്വകാര്യ സൈന്യത്തിൻ്റെ സ്വഭാവമുള്ളതും സുനിശ്ചിതമായും നാത്സി രീതികളെ കർക്കശമായി നടപ്പാക്കുന്നതും  അവരുടെ സംഘടനാ സങ്കേതങ്ങൾ പോലും അതേ പടി പിൻതുടരുന്നതുമാണ് എന്ന് കാണിക്കാൻ നമുക്ക് വേണ്ടത്ര തെളിവുകളുണ്ട്. പൗരസ്വാതന്ത്ര്യത്തിൽ ഇടപെടുക എന്നത് നമ്മുടെ താത്പര്യമേയല്ല. പക്ഷെ, ധാരാളം വ്യക്തികൾക്ക് ,  പിന്നീട് പ്രയോഗിക്കുന്നതിനായി, സായുധ പരിശീലനം നൽകുന്നത്,  പ്രോത്സാഹിപ്പിക്കേണ്ട ഒന്നല്ല.” നെഹ്റു തുടരുന്നു, “നാത്സി പ്രസ്ഥാനം ജർമ്മനിയിൽ വികസിച്ചതിനെപ്പറ്റി എനിക്ക് ചില ധാരണകളുണ്ട്. അത് അതിൻ്റെ പുറംപൂച്ചകൾ കൊണ്ടും കർക്കശമായ അച്ചടക്കം കൊണ്ടും, അത്രയൊന്നും ബുദ്ധിമാന്മാരോ ബുദ്ധിമതികളോ അല്ലാത്ത,  ആകർഷിക്കാനായി ജീവിതത്തിൽ മറ്റൊന്നുമില്ലാത്ത, താഴ്ന്ന മദ്ധ്യവർഗ്ഗത്തിലെ വലിയൊരു വിഭാഗം യുവാക്കളേയും യുവതികളേയും ആകർഷിക്കുകയുണ്ടായി. പിന്നീടവർ നാത്സി പാർട്ടിയിലേയ്ക്ക് ഒഴുകിയെത്തുകയുണ്ടായി. കാരണം അതിൻ്റെ നയവും പ്രായോഗിക പദ്ധതിയും ലളിതവും നിഷേധാത്മകവും മനസ്സിൻ്റെ സക്രിയ പ്രയോഗം ആവശ്യമില്ലാത്തതുമായിരുന്നു. നാത്സി പാർട്ടി ജർമ്മനിയെ തകർച്ചയിലെത്തിച്ചു. എനിക്ക് തെല്ലും സംശയമില്ല, ഇത്തരം പ്രവണതകൾ ഇന്ത്യയിൽ പടരാനും വളരാനും അനുവദിച്ചാൽ അവർ ഇന്ത്യയ്ക്ക് അളവറ്റ ആഘാതങ്ങൾ ഉളവാക്കും. ഇന്ത്യ അതിജീവിക്കുമെന്ന കാര്യത്തിൽ സംശയമില്ല. പക്ഷെ,  ഇന്ത്യയ്ക്ക്  ഗുരുതരമായി മുറിവേല്ക്കുകയും അതിൽ നിന്നും മുക്തി നേടാൻ ഒരു നീണ്ട കാലം എടുക്കുകയും ചെയ്തേക്കാം.”

തീർച്ചയായും ഇത് ഒരു ദൂരക്കാഴ്ചയായിരുന്നു. ഇരുപതാം നൂറ്റാണ്ടിൻ്റെ അവസാന വർഷങ്ങളിൽ ഹിന്ദു വംശീയത ഇന്ത്യയെ നിരന്തരമായി മുറിവേല്പിക്കാൻ തുടങ്ങി. അയോദ്ധ്യാ പ്രക്ഷോഭവും ഗുജറാത്ത് വംശഹത്യയും പുതിയ പൗരത്വ നിയമങ്ങളും സ്വതന്ത്ര ചിന്തയോട് മാത്രമല്ല,  ചിന്ത എന്ന പദ്ധതിയോട് തന്നെയുള്ള വിരോധവും സത്യാനന്തര പ്രചരണങ്ങളുടെ പുറംപൂച്ചുകളും ന്യൂനപക്ഷങ്ങളുടെ അപരവത്ക്കരണവും വിദ്യാഭ്യാസത്തെ പ്രഹസനമാക്കി തീർക്കുന്ന സിലബസ്സുകളും കാർഷിക മേഖലയെ വരെ കോർപ്പറേറ്റുകൾക്ക് തീറെഴുതിക്കൊടുക്കുന്ന നയങ്ങളും സംസ്കാരത്തിൻ്റെ വാർപ്പു മാതൃകാ നിർമ്മാണവും ഒക്കെയായി,  ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ രണ്ടാം ദശകത്തിൻ്റെ തുടക്കം മുതൽ നെഹ്റുവിൻ്റെ മുന്നറിയിപ്പിൻ്റെ യാഥാർത്ഥ്യവല്ക്കരണം, നമ്മുടെ യാഥാർത്ഥ്യമായ് മാറിയിരിക്കുന്നു.

ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിൻ്റെ അരങ്ങായി ഹിന്ദു വംശീയവാദികൾ തെരഞ്ഞെടുത്ത മറ്റൊരു സംസ്ഥാനം ജമ്മു കശ്മീർ ആയിരുന്നു. 1846 മാർച്ച് 16 നാണ് കശ്മീർ എന്ന നാട്ടുരാജ്യം നിലവിൽ വന്നത്. ബ്രിട്ടീഷുകാരുടെ കൈയ്യിലായിരുന്നു ആ പ്രദേശം. എന്തുകൊണ്ടോ അവർ അത് കൈയൊഴിക്കാനാണ് താത്പര്യപ്പെട്ടത്. അക്കാലത്ത് ഹിന്ദു ഭൂരിപക്ഷ പ്രദേശമായിരുന്ന ജമ്മു ഭരിച്ചിരുന്ന ഗുലാബ് സിംഗിന് ഏഴു ലക്ഷത്തി അമ്പതിനായിരം രൂപയ്ക്ക് ബ്രിട്ടീഷുകാർ കശ്മീർ പ്രദേശം വില്ക്കുകയാണുണ്ടായത്. അങ്ങനെ ഗുലാബ് സിംഗ് എന്ന ഡോഗ്ര ഹിന്ദു,  അന്നത്തെ വൈസ്രോയ് ആയിരുന്ന ഹാർഡിംഗ് പ്രഭുവിൻ്റെ ഭാഷയിൽ,  ” ഏഷ്യയിലെ ഏറ്റവും വലിയ തെമ്മാടി ” യുടെ കൈകളിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീർ, അമൃത്സർ ഉടമ്പടി എന്ന് പേരിട്ട വില്പനക്കരാറിൻ്റെ ഭാഗമായി എത്തിച്ചേർന്നു. 100 വർഷങ്ങൾക്കിപ്പുറം വരേയ്ക്കും കശ്മീർ സമാധാനത്തിൽ പുലർന്നു. 1931 ൽ അന്നത്തെ രാജാവായ,  ഗുലാബ് സിംഗിൻ്റെ നാലാം തലമുറയിലെ അവകാശിയായ, ഹരിസിംഗിൻ്റെ ഭരണത്തിനെതിരെ ജനവികാരം ഉണർന്നെങ്കിലും അത് വളരെപ്പെട്ടെന്ന് അടിച്ചമർത്തപ്പെട്ടു. എന്തിന്, ജിന്നയുടെ മുസ്ലീംലീഗിന് പോലും മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കശ്മീരിൽ വേണ്ടത്ര സ്വാധീനം ഉണ്ടായിരുന്നില്ല.

നാട്ടുരാജ്യങ്ങൾക്ക് മുന്നിൽ, സ്വാതന്ത്ര്യത്തിൻ്റെ സമയത്ത്,  തെരഞ്ഞെടുക്കാൻ മൂന്ന് മാർഗ്ഗങ്ങൾ ഉണ്ടായിരുന്നു. ഒന്ന്,  ഇന്ത്യൻ യൂണിയനിൽ ചേരുക . രണ്ട്,  പാകിസ്ഥാൻ്റെ ഭാഗമാകുക . മൂന്ന്, സ്വതന്ത്രരാജ്യമായി നിലകൊള്ളുക. ബ്രിട്ടീഷുകാരും പാകിസ്ഥാനും കരുതിയത്,  മുസ്ലീം ഭൂരിപക്ഷ പ്രദേശമായതിനാൽ കശ്മീർ പാകിസ്ഥാനൊപ്പം ചേരുമെന്നാണ് . തൻ്റെ പാരമ്പര്യത്തിൻ്റെ വേരുകൾ കിടക്കുന്ന സ്ഥലമായത് കൊണ്ട് കൂടിയാകാം നെഹ്റു, കശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനാണ് ആഗ്രഹിച്ചത്. അതുകൊണ്ട് തന്നെ ആ നിലപാട് സ്വീകരിച്ച ഷെയ്ക്ക് അബ്ദുള്ളയേയും അദ്ദേഹത്തിൻ്റെ നാഷണൽ കോൺഫറൻസ് പാർട്ടി യേയുമാണ് നെഹ്റു അനുകൂലിച്ചത്. എന്നാൽ രാജാവായ ഹരിസിംഗ് ആകട്ടെ കശ്മീരിനെ സ്വതന്തരാഷ്ട്രമായി പ്രഖ്യാപിക്കുകയാണ് ചെയ്തത്. അങ്ങനെ പ്രഖ്യാപിക്കുക മാത്രമല്ല, ഹരിസിംഗ് ചെയ്തത്, സ്വന്തം പ്രജകളായ മുസ്ലീങ്ങളെ ശത്രുക്കളായി പ്രഖ്യാപിക്കുക കൂടിയാണ്. ഹിന്ദു വംശീയ വാദികളുടെ അക്കാലത്തെ ഹിന്ദു രാഷ്ട്രീയ സ്വപ്നങ്ങൾക്ക് അനുരോധമായി കശ്മീരിലെ മുസ്ലീങ്ങളെ ആട്ടിയോടിച്ചാൽ,  ജമ്മുവിൽ നിന്നും ഹിന്ദുക്കളെ കശ്മീർ താഴ് വരയിൽ കൊണ്ടു നിറയ്ക്കാം എന്നായിരുന്നു, അദ്ദേഹം നിനച്ചത്.

1947 ഒക്ടോബറിൽ മഹാരാജാവിൻ്റെ കീഴിലുള്ള ഡോഗ്ര സൈന്യം പാകിസ്ഥാൻ അതിർത്തി പ്രദേശമായ പൂഞ്ചിലും തെക്കൻ ജമ്മുവിലെ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലും  മുസ്ലീങ്ങൾക്കെതിരെ അക്രമങ്ങൾ അഴിച്ചു വിട്ടു. തുടർച്ചയായ അപമാനങ്ങൾക്കും തീവെയ്പിനും കായികമായ ഹിംസയ്ക്കും മാത്രമല്ല ഈ പ്രദേശങ്ങളിലെ മുസ്ലീങ്ങൾ പാത്രമായത്. വംശഹത്യയ്ക്ക് കൂടിയാണ്. ഈ വംശഹത്യാ ശ്രമത്തെ തുടർന്ന് അനേകായിരം മുസ്ലീങ്ങൾ കൊല്ലപ്പെട്ടു . 5 ദശലക്ഷത്തോളം വരുന്ന മുസ്ലീങ്ങൾ നിൽക്കക്കള്ളിയില്ലാതെ അതിർത്തി കടന്ന് പാകിസ്ഥാനി ലേയ്ക്ക് പോയി. അതിൽത്തന്നെ രണ്ടുലക്ഷം പേരെ കാണാതായി . കൊൽക്കത്തയിലെ സ്റ്റേറ്റ്സ്മാൻ പത്രത്തിൻ്റെ പത്രാധിപരായിരുന്ന ഇയാൻ സ്റ്റീഫൻസ് പറയുന്നതനുസരിച്ചാണെങ്കിൽ ഈ രണ്ടുലക്ഷം പേർ നിഷ്കരുണം കൊല്ലപ്പെട്ടവരും ദയനീയമായ ജീവിതസ്ഥിതി വിശേഷത്തെ തുടർന്ന് പകർച്ചവ്യാധികളും മറ്റ് രോഗങ്ങളും പിടിപ്പെട്ട് മരിച്ചവരും ആണ്. ഹരിസിംഗ് ആഗ്രഹിച്ചത്,  പാകിസ്ഥാനുമായുള്ള അതിർത്തിയിൽ മൂന്ന് മൈൽ വീതിയിലുള്ള നിർവാസമേഖല,  ഒരു ബഫർ സോണെന്ന നിലയിൽ, മുസ്ലീങ്ങളെ ആട്ടിയോടിച്ചാൽ നിർമ്മിക്കാൻ കഴിയുമെന്നാണ്. വംശഹത്യയുടെ ഫലമായി കൊല്ലപ്പെട്ട മുസ്ലീങ്ങൾക്ക് പകരമായി ജമ്മുവിൽ നിന്നും ഹിന്ദുക്കളെ കൊണ്ട് താമസിപ്പിക്കാമെന്നും . കശ്മീരിൻ്റെ ഭൂസ്ഥിതി വെച്ചു നോക്കുകയാണെങ്കിൽ അത് പാകിസ്ഥാനോട് ചേർന്നു കിടക്കുന്ന പ്രദേശമായിരുന്നു. മാത്രമല്ല, കശ്മീരിനെ പുറം ലോകവുമായി ബന്ധിപ്പിക്കുന്ന മൂന്ന് പ്രധാന പാതകളിൽ രണ്ടും പാകിസ്ഥാനിലേയ്ക്ക് പോകുന്നതായിരുന്നു. എന്നിട്ടു പോലും അതിർത്തി സംസ്ഥാനങ്ങളായ പഞ്ചാബിലും  ബംഗാളിലും, പാകിസ്ഥാൻ വാദം വേരുപിടിച്ചപ്പോഴും, കശ്മീർ വേറിട്ടാണ് ചിന്തിച്ചിരുന്നത്. പാകിസ്ഥാൻ വാദത്തെ അനുകൂലിക്കാത്ത ജനതയെയാണ് ഹരിസിംഗ് ആട്ടിയോടിച്ചത്. ഹരിസിംഗിൻ്റെ മന്ത്രിയായിരുന്ന മെഹർചന്ദ് മഹാജനാകട്ടെ പൊതുവേ ഹിന്ദു വംശീയ വാദികളുമായും പ്രത്യേകിച്ച് ആർ എസ് എസുമായും അഭേദ്യബന്ധം പുലർത്തിയിരുന്നു.

കശ്മീരിൽ നടന്ന മുസ്ലീം വംശഹത്യാ ശ്രമങ്ങൾ, ഇന്ത്യൻ ഗവണ്മെൻ്റിന് പോലും പുറത്തു പറയാൻ കഴിയാത്ത സ്ഥിതി വിശേഷമായിരുന്നു നിലനിന്നിരുന്നത് എന്ന്, ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ അവസാന നാളുകളെക്കുറിച്ച് ഇന്ത്യൻ സമ്മർ : ദി സീക്രട്ട് ഹിസ്റ്ററി ഓഫ് ദി എൻഡ് ഓഫ് ഏൻ എംപയർ ” എന്ന പുസ്തമെഴുതിയ അലക്സ് വോൺ ടുൻസൽമാൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതിൻ്റെ കാരണം പാകിസ്ഥാൻ്റെ ഭാഗത്തു നിന്നും കശ്മീരിന് നേരെ ആക്രമണം ഉണ്ടാകുകയാണെങ്കിൽ ചെറുത്തു നിൽക്കാൻ വേണ്ടി ഹരിസിംഗിൻ്റെ  ഡോഗ്ര ഭരണകൂടത്തിന് ഇന്ത്യ ആയുധങ്ങൾ നൽകിയിരുന്നു എന്നത് കൊണ്ടാണ് എന്ന് ടുൻസൽമാൻ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ആ ആയുധങ്ങൾ ഉപയോഗിച്ച് കശ്മീർ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്യുകയാണ് മഹാരാജാവിൻ്റെ ഡോഗ്ര ഭരണകൂടം ചെയ്തത്. മെഹർചന്ദ് മഹാജനാകട്ടെ ഈ ആയുധങ്ങൾ, മുസ്ലീം വംശഹത്യയ്ക്ക് ഉപയോഗിക്കാനായി ആർ എസ് എസിന് നൽകിയതായും പിൽക്കാലത്ത് ജവഹർലാൽ നെഹ്റു മനസ്സിലാക്കിയതായി തെളിവുകൾ ഉണ്ട്. ലാഹോറിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി കമ്മീഷണർ ആയിരുന്ന സി ബി ഡ്യൂക്ക്,  1947 ഒക്ടോബർ മൂന്നാം വാരത്തിൽ , കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ കശ്മീർ സന്ദർശിച്ചപ്പോഴാണ് ഈ വിവരം പുറത്തെത്തുന്നത്. കശ്മീരിനുള്ളിൽ ചെനാബ് നദിക്കരയിലെ അതിർത്തി പ്രദേശത്ത് ഏതാണ്ട് ഇരുപതോളം കത്തിക്കരിഞ്ഞ ഗ്രാമങ്ങൾ ഡ്യൂക്ക് കാണുകയുണ്ടായി. നിരവധി മുസ്ലീം പള്ളികൾ അഗ്നിക്കിരയായതായും അദ്ദേഹം കണ്ടു. ” മുസ്ലീങ്ങളാണ്  ദുരിതം നേരിടുന്നത് ” . അദ്ദേഹം ആ കാഴ്ചയെക്കുറിച്ച് എഴുതുകയുണ്ടായി. ചെറുത്തുനില്പ് തന്ത്രം എന്ന നിലയിൽ വംശഹത്യയ്ക്കാണ് മഹാരാജാവ് കല്പന കൊടുത്തത്.

അതേ തുടർന്ന് നിരവധി മുസ്ലീങ്ങൾ അതിർത്തി കടന്ന് പാകിസ്ഥാനിലെ സിയാൽകോട്ട് പ്രവിശ്യയിൽ അഭയം തേടി . .  “‘ മഹാരാജാവ് കളിക്കുന്നത് അപകടരമായ ഒരു കളിയാണ് ” ഡ്യൂക്ക് എഴുതുന്നു. ” ഇത് കശ്മീരിൽ വൻതോതിലുള്ള അസ്വസ്ഥതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. അതിർത്തി പ്രദേശത്തെ മുസ്ലീം ഗോത്രവർഗ്ഗക്കാരുടെ കശ്മീർ അധിനിവേശത്തിന് ഇത് വഴി തെളിച്ചേക്കും . ” ‘ഡ്യൂക്ക് പ്രവചിച്ചത് തന്നെ സംഭവിച്ചു. വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ പത്താൻ ഗോത്രക്കാർ പകരം വീട്ടാൻ കശ്മീരിലേയ്ക്ക് മലയിറങ്ങി. പാകിസ്ഥാൻ്റെ പിന്തുണ നിർലോഭമായി അവർക്ക് ലഭിച്ചു. പരസ്യമായി പാകിസ്ഥാൻ അത് സമ്മതിച്ചില്ലെങ്കിലും.  1947 ഒക്ടോബർ 20ന് യുദ്ധസമാനമായ അന്തരീക്ഷം നിലവിൽ വന്നു. മഹാരാജാവിൻ്റെ സൈന്യം പാകിസ്ഥാൻ്റെ അതിർത്തി കടക്കുകയും നാലു ഗ്രാമങ്ങൾ ആക്രമിക്കുകയും ചെയ്തു. അത്യാഹിതങ്ങളുടെ എണ്ണം 1750 ആയാണ് രേഖപ്പെടുത്തിയിട്ടുള്ളത് . പിറ്റേന്ന് പാകിസ്ഥാനിലെ ഹസാര ജില്ലയിൽ നിന്നും രണ്ടായിരത്തോളം വരുന്ന ഗോത്രവർഗ്ഗക്കാർ  ഝലം താഴ് വരയിലൂടെ കശ്മീരിലേയ്ക്ക് മാർച്ചു ചെയ്തു. വഴിയിലെ ഗ്രാമങ്ങളും പട്ടണങ്ങളും കീഴടക്കി അവർ ശ്രീനഗർ പിടിക്കാൻ നീങ്ങി.  1947 ഒക്ടോബർ 25 ന് മഹാരാജാവിൻ്റെ സൈന്യം ബാരാമുള്ളയിൽ വെച്ച് അവരെ തടഞ്ഞു. ഗോത്രവർഗ്ഗക്കാർ അക്ഷരാർത്ഥത്തിൽ ബാരാമുള്ള നഗരത്തെ ചാരമാക്കി.

മലയാളിയായ വി പി മേനോനാണ് രാജാവുമായി സംസാരിക്കാൻ കശ്മീരിലെത്തിയത്. ഇന്ത്യൻ യൂണിയനിൽ ലയിക്കുക മാത്രമാണ് മഹാരാജാവിൻ്റെ മുന്നിലെ പോംവഴി എന്ന് മേനോൻ മഹാരാജാവിനെ ബോധിപ്പിച്ചു. അപ്പോഴേയ്ക്കും ഗോത്രവർഗ്ഗക്കാരുടെ സൈന്യം ശ്രീനഗറിന് തൊട്ടടുത്ത് എത്തിയിരുന്നു. മഹാരാജാവ് ശ്രീനഗർ വിടാൻ നിർബന്ധിതനായി. ഇന്ത്യ, മഹാരാജാവിനെ സഹായിക്കാൻ സൈന്യം അയയ്ക്കണമെങ്കിൽ, കശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചിരിക്കണമെന്ന് മൗണ്ട് ബാറ്റൺ നിർബന്ധം പിടിച്ചു.

പിറ്റേന്ന് തന്നെ കശ്മീർ ഇന്ത്യൻ യൂണിയനിൽ ലയിച്ചതായി മഹാരാജാവ് അറിയിക്കുകയുണ്ടായി.

ടുൻസെൽമാൻ എഴുതിയതനുസരിച്ച് ഇന്ത്യൻ യൂണിയനിൽ ലയിക്കുമ്പോൾ ഹരിസിംഗിന് കശ്മീരിലുള്ള പിടി വിട്ടിരുന്നു. കശ്മീരിന് മേൽ അദ്ദേഹത്തിനുള്ള അധികാരം തന്നെ ഏതാണ്ട് കൈവിട്ട നിലയിലായിരുന്നു. പാകിസ്ഥാനിലെ ബ്രിട്ടീഷ് ഹൈ കമ്മീഷണർ ലണ്ടനിലേയ്ക്ക് അടിയന്തിരമായി ഒരു കമ്പി സന്ദേശം അയയ്ക്കുകയുണ്ടായി. അതനുസരിച്ച് ജനഹിത പരിശോധന നടത്തിയതിന് ശേഷം മാത്രമേ കശ്മീരിനെ,  ഇന്ത്യയിൽ ലയിപ്പിക്കാൻ പാടുള്ളൂ എന്ന് അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെൻ്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതിനു മുമ്പേ തന്നെ മൗണ്ട് ബാറ്റണും നെഹ്റുവും ചേർന്ന് കശ്മീരിൻ്റെ ലയനം സുസാധ്യമാക്കി. അതേ തുടർന്ന് ഇന്ത്യൻ സൈന്യം കശ്മീരിൽ പ്രവേശിക്കുകയും പാകിസ്ഥാനെ അവിടെ നിന്നും തുരത്തുകയും ചെയ്തു.

കശ്മീരിലെ വംശഹത്യയിൽ രാജഭരണകൂടം വഹിച്ച പങ്ക് നെഹ്റുവിന് ബോധ്യപ്പെടുകയുണ്ടായി. ആർ എസ് എസ് അവിടെയും ഹിന്ദുരാഷ്ട്ര നിർമ്മിതിക്ക് ആ സമയത്ത് അനിവാര്യമെന്ന് അവർ കരുതിയ ഭീകരപ്രവർത്തനമാണ് നടത്തിയിരുന്നത് . ജമ്മു പ്രവിശ്യയിൽ മുസ്ലീങ്ങൾക്കെതിരെയുള്ള വ്യാപകമായ പ്രവർത്തനം അവർ തുടങ്ങിവെച്ചു. നെഹ്റു ഇത് വ്യക്തമായറിഞ്ഞിരുന്നു. ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേലിന് എഴുതിയ നിരവധി കത്തുകൾ അതിലേയ്ക്ക് വെളിച്ചം വീശുന്നതാണ്. 1947 ഒക്ടോബർ 30 ന് കിഴക്കൻ പഞ്ചാബിൽ ആർ എസ് എസുകാർ,  ജമ്മുവിലേയ്ക്ക് അയക്കാനായി ആളുകളെ തെരഞ്ഞെടുക്കുന്നത് അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെട്ടതായി പട്ടേലിനെ നെഹ്റു അറിയിക്കുന്നുണ്ട്. ” സ്പെഷൽ ട്രക്കുകളിൽ 500 പേരെ പത്താൻകോട്ട് വഴി കുറച്ചു ദിവസങ്ങൾക്ക് മുമ്പ് (ജമ്മുവിലേയ്ക്ക് ) അയച്ചിട്ടുണ്ട്.  ഗുരുദാസ്പൂർ ജില്ലയിലും കാംഗ്രയിലും പോയി സിക്കുകാരേയും ഡോഗ്രകളേയും റിക്രൂട്ട് ചെയ്യുന്നതിനായി ഒരു പ്രത്യേക ഉദ്യോഗസ്ഥനെ കശ്മീർ ഗവണ്മെൻ്റ് നിയോഗിച്ചിട്ടുണ്ട്. ഈ ഉദ്യോഗസ്ഥൻ ആർ എസ് എസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട് ”

ഷേക് അബ്ദുള്ളയുടെ നാഷണൽ കോൺഫറൻസ് ആണ് മഹാരാജാവ് ഓടിപ്പോയതിന് ശേഷം കശ്മീരിൽ പത്താനുകൾക്കെതിരെ പൊരുതി നിന്നത്. എന്നാൽ മഹാരാജാവും ഹിന്ദു വംശീയ വാദികളും ഷേക് അബ്ദുള്ളയ്ക്ക് എതിരായിരുന്നു. ഷേക് അബ്ദുള്ളയെ അസ്ഥിരപ്പെടുത്താനുള്ള ആർ എസ് എസ് നീക്കം യഥാർത്ഥത്തിൽ പാകിസ്ഥാനെ സഹായിക്കുകയാണ് ആത്യന്തികമായി ചെയ്യുന്നതെന്നും നെഹ്റു,  പട്ടേലിനെ കത്തു വഴി ധരിപ്പിക്കുന്നുണ്ട്. ആർ എസ് എസ്, പക്ഷേ, ആഞ്ഞടിച്ചത് 1947 നവംബർ 5 നാണ് . ജമ്മു പട്ടണത്തിലെ അയ്യായിരത്തോളം വരുന്ന മുസ്ലീങ്ങളെ അവർ 120 ട്രക്കുകളിൽ കയറ്റി കൊണ്ടുപോയി. അവരുടെ സുരക്ഷിതത്വത്തിനായി അതിർത്തി പ്രദേശത്തേയ്ക്ക് കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞാണ് അവരെ ട്രക്കിൽ കയറ്റിയത്. രഹസ്യപ്രദേശത്തേയ്ക്ക് കൊണ്ടുപോയി അവരെ കൂട്ടക്കൊല ചെയ്തു. നൂറോളം പേർ, ആ കൊലയിൽ നിന്ന്, വയലുകളിലും തോടുകളിലും പതുങ്ങിയിരുന്ന് രക്ഷപ്പെട്ടു . ഈ വംശഹത്യയുടെ കഥയറിഞ്ഞ് നെഹ്റു രോഷാകുലനായി. ഇത്തരം ഒരവസ്ഥ സംജാതമാകുന്നത് അദ്ദേഹം മുൻകൂട്ടി കണ്ടിരുന്നിട്ടും കശ്മീരിൻ്റെ സവിശേഷ സാഹചര്യത്തിൽ തടയാൻ സാധിച്ചില്ല എന്നത് അദ്ദേഹത്തെ വേദനിപ്പിച്ചു. ഗാന്ധിയും ഈ വാർത്തയറിഞ്ഞ് അങ്ങേയറ്റം ദു:ഖാകുലനായി എന്ന് നെഹ്റു,  ദലീപ് സിംഗി നെഴുതുന്നുണ്ട്.

” അദ്ദേഹം (ഗാന്ധി ), മഹാരാജാവിനും മഹാജനും ( രാജാവിൻ്റെ പ്രധാന മന്ത്രിയായിരുന്ന മെഹർചന്ദ് മഹാജൻ ) എഴുതാനാവശ്യപ്പെട്ടു. കുറ്റവാളികളെ ശിക്ഷിച്ചു കൊണ്ട് ഇതിന് ഒരറുതി വരുത്തണമെന്നും . ഞാൻ അവർ രണ്ടു പേർക്കും എഴുതുന്നില്ല. പക്ഷെ,  അവർ രണ്ടു പേരോടും സംസാരിക്കണമെന്നാണ് ഞാൻ താങ്കളോട് നിർദ്ദേശിക്കുന്നത്. ഇത് നാം എല്ലാവരുടേയും മേൽപതിച്ചതല്ല. പക്ഷേ,  അനന്തമായി അത് നീട്ടിവെയ്ക്കപ്പെടരുത്. കശ്മീരിനെ സംബന്ധിച്ച ആഗോള അരങ്ങിലാണ് നാം പ്രവർത്തിക്കുന്നതെന്ന് താങ്കൾ കർശനമായി ഓർക്കണം. അസുഖകരമായ കാര്യങ്ങൾ മൂടിവെയ്ക്കുന്നതിനെ അക്കാര്യം സഹായിക്കില്ല. ഐക്യരാഷ്ട്രസഭയുടെ നിരീക്ഷകർ അങ്ങോട്ട് വരികയും ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സ്വമേധയാ അന്വേഷിക്കുകയും ചെയ്തേക്കാം. ” നെഹ്റു തുടർന്നെഴുതുന്നു. ” കശ്മീരിൻ്റെ ഭാവി ആർ എസ് എസ് അല്ല നിർണ്ണയിക്കാൻ പോകുന്നത് . ജമ്മുവിൻ്റെ പോലും. എത്ര വേഗം അത് തീരുമാനിക്കപ്പെടുമോ അത്രയും നല്ലത്. ഇക്കാര്യത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള വ്യക്തി ഷേക്ക് അബ്ദുള്ളയാണ് . കശ്മീരിനെ രക്ഷിക്കാൻ ആർക്കെങ്കിലും കഴിയുമെങ്കിൽ ആർ എസ് എസിനോ മറ്റുള്ളവർക്കോ അല്ല,  അദ്ദേഹത്തിന് മാത്രമാണ് .”

ആസമയത്ത് പാകിസ്ഥാനെ നേരിടാനായി ഇന്ത്യ അയച്ചുകൊടുത്ത ആയുധങ്ങൾ മെഹർചന്ദ് മഹാജൻ, ആർ എസ് എസിന് നൽകുന്നതായും നെഹ്റു സംശയിക്കുന്നുണ്ട്. ” നാം അവർക്ക് നൽകിയ ആയുധങ്ങൾ ആർ എസ് എസ് പ്രവർത്തകർക്ക് വിതരണം ചെയ്തു. മഹാജൻ അവരുടെ പ്രവൃത്തികളോട് അനുഭാവം പുലർത്തുക മാത്രമല്ല, അവരെ ഒരുപക്ഷെ, സഹായിക്കുക കൂടി ചെയ്യുന്നുണ്ട് എന്ന നിലയിൽ ആലോചിക്കാൻ ഞാൻ നിർബന്ധിതനായി തീർന്നിരിക്കുന്നു.”

1947 ഒക്ടോബർ 26 നാണ് കശ്മീർ ഇന്ത്യൻ യൂണിയനിൽ ചേരുന്നത്. ആർ എസ് എസിൻ്റെ പ്രചരണയന്ത്രം പ്രചരിപ്പിക്കുന്നത് 1947 ഒക്ടോബർ 18 ന് ഗോൾവാൾക്കർ, കശ്മീർ മഹാരാജാവിനെ കാണുകയും ഇന്ത്യൻ യൂണിയനിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ്.  നേരെ മറിച്ച് ചരിത്രരേഖകൾ തെളിയിക്കുന്നത് കശ്മീർ മഹാരാജാവിൻ്റെ താത്പര്യത്തെ തങ്ങളുടെ ഹിന്ദുരാഷ്ട്ര സംസ്ഥാപന താത്പര്യവുമായി ബന്ധപ്പെടുത്തി സംസ്ഥാനത്തെ സാമൂഹിക ഘടനയെ, ഹിംസാത്മക പ്രവൃത്തികളിലൂടെ തകർക്കുകയാണ് യഥാർത്ഥത്തിൽ ആർ എസ് എസ് ചെയ്തതെന്നാണ്. കശ്മീർ, ഇന്ത്യൻ യൂണിയനിൽ ചേർന്നതോടെ ഇന്ത്യൻ ജനതയുടെ ഭാഗമായ ജമ്മുവിലെ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത്, ഒരു പക്ഷെ,  ഇന്നും പരിഹരിക്കാൻ പൂർണ്ണമായും കഴിയാത്ത അസ്ഥിരത ആ സംസ്ഥാനത്തിലെ സമൂഹജീവിതത്തിന് സമ്മാനിക്കുകയാണ് ആർ എസ് എസ് ചെയ്തത്. മുന്നൂറ്റി എഴുപതാം വകുപ്പ് പിൻവലിച്ചു കൊണ്ട് 2019 ആഗസ്റ്റ് 5 ന് മോഡി സർക്കാർ എടുത്ത നടപടിയും 1947 ൽ ആർ എസ് എസ് സ്വീകരിച്ച നിലപാടിൻ്റെ തുടർച്ചയായി വായിക്കാൻ ഒരു ചരിത്ര വിദ്യാർത്ഥിക്ക് സാധിക്കും.

നെഹ്റു ഇത്തരത്തിൽ ആർ എസ് എസി ൻ്റെ ഫാസിസ്റ്റ് മുഖം ഇന്ത്യയിലെ മുഴുവൻ ഭരണനേതൃത്വത്തിനും വെളിപ്പെടുത്താൻ പരിശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ, അദ്ദേഹത്തിൻ്റെ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി പ്രവർത്തിച്ചു കൊണ്ടിരുന്നത് ഹിന്ദു വംശീയവാദത്തിൻ്റെ രാഷ്ട്രീയ ശാഖയായിരുന്ന ഹിന്ദുമഹാസഭയുടെ പ്രതിനിധിയായിരുന്ന ഡോ. ശ്യാമപ്രസാദ് മുഖർജിയാണ്. ബ്രിട്ടീഷുകാർ,  ഇന്ത്യ വിടുമ്പോൾ ഭരണമേറ്റെടുക്കാൻ,  ഒരു ഇടക്കാല മന്ത്രിസഭ രൂപീകരിച്ചപ്പോൾ,  അതിനെ ഒരു സർവ്വകക്ഷി മന്ത്രിസഭയായിട്ടാണ് വിഭാവനം ചെയ്തത്. കോൺഗ്രസ്സി ന് പുറമേ ജിന്നയുടെ മുസ്ലീംലീഗും അടിച്ചമർത്തപ്പെട്ട വിഭാഗം എന്ന് ബ്രിട്ടീഷുകാർ തരംതിരിച്ച വിഭാഗങ്ങളെ പ്രതിനിധീകരിച്ച് ഡോ . അംബേദ്ക്കറും സിക്കുകാരുടെ സംഘടനയായിരുന്ന പാന്തിക് പാർട്ടി യെ പ്രതിനിധീകരിച്ച് ബൽദേവ് സിംഗും ആ മന്ത്രിസഭയിൽ അംഗമായിരുന്നു . സ്വാതന്ത്ര്യത്തെ അസ്ഥിരപ്പെടുത്താനും ഭരണഘടന രൂപം കൊള്ളുന്നതിനും  തെരഞ്ഞെടുപ്പിലേയ്ക്ക് നീങ്ങുന്നതിനും മുമ്പേ ഹിന്ദുരാഷ്ട്രസംസ്ഥാപനം സാധ്യമാക്കാനും ഹിന്ദു വംശീയ വാദത്തിൻ്റെ കുന്തമുനയായി ആർ എസ് എസ് പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ,  അവരെ സംരക്ഷിക്കാനായി ഒരു മന്ത്രി തൻ്റെ മന്ത്രിസഭയിലുണ്ട് എന്ന കാര്യം നിരന്തരമായി നെഹ്റു വിനെ അലട്ടിക്കൊണ്ടിരുന്നു. അതു കൊണ്ടു തന്നെ ഹിന്ദുമഹാസഭയുടെ പ്രതിനിധി എന്ന നിലയിലല്ല അദ്ദേഹത്തിൻ്റെ മന്ത്രിസ്ഥാനം എന്നും സ്വതന്ത്രമായ ഇന്ത്യയുടെ ഭാവിഭാഗധേയം കെട്ടിപ്പെടുക്കാൻ ഒരു സവിശേഷ സാഹചര്യത്തിൽ ഉണ്ടായ മന്ത്രിസഭയുടെ പൊതുതാത്പര്യങ്ങൾക്കനുസരിച്ചാണ് അദ്ദേഹം പ്രവർത്തിക്കേണ്ടതെന്നും നെഹ്റു,  ശ്യാമപ്രസാദ് മുഖർജിയെ നിരന്തരം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. 1947 സെപ്തംബർ  28 ന് ഹിന്ദുമഹാസഭയുടെ പ്രസിഡണ്ടായ എൽ ബി ബോപ്പട്ട്ക്കർ ( പിൽക്കാലത്ത് ഗാന്ധിവധത്തിലെ പ്രതികൾക്ക് വേണ്ടി ഹാജരായ ഒരു പ്രധാന വക്കീൽ ഇദ്ദേഹമായിരുന്നു ) ഒരു പത്രപ്രസ്താവന പുറപ്പെടുവിക്കുകയുണ്ടായി. സുപ്രസിദ്ധ ന്യൂസ് ഏജൻസിയായ അസ്സോസ്സിയേറ്റഡ് പ്രസ്സ്, അതിനെ സംബന്ധിച്ച് നൽകിയ വാർത്താ സന്ദേശം ഇങ്ങനെയായിരുന്നു.

“അഖിലേന്ത്യാ ഹിന്ദു മഹാസഭയുടെ പ്രസിഡണ്ട് ആയ ശ്രീ എൽ ബി ബോപ്പട്ട്ക്കർ,  ഇന്നു രാവിലെ ഒരു പത്രസമ്മേളനത്തെ അഭിമുഖീകരിക്കുകയും ഇന്ത്യൻ ക്യാബിനറ്റിൽ ഡോ. ശ്യാമപ്രസാദ് മുഖർജി ഹിന്ദുമഹാസഭയുടെ പ്രതിനിധിയായാണ് വർത്തിക്കുന്നതെന്ന് പറയുകയും ചെയ്തു. (ഹിന്ദു ) മഹാസഭ ആവശ്യപ്പെടുന്നിടത്തോളം കാലം അദ്ദേഹം അവിടെ തുടരുമെന്നും ബോപ്പട്ട്ക്കർ പറഞ്ഞു. ഹിന്ദു മഹാസഭയോടും ഭഗവദ്ധ്വജത്തോടും (കാവിക്കൊടി) ആണ് അദ്ദേഹത്തിന്റെ കൂറ്. ക്യാബിനറ്റിൽ ചേരുന്നതിന് മുമ്പേ തന്നെ അക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. ഡെൽഹിയിൽ ഡോ. മുഖർജിയുടെ വസതിക്ക് മുകളിൽ പാറുന്ന പതാക ത്രിവർണ്ണപതാകയല്ല,  ഭഗവദ്ധ്വജമാണ് .”

ഇതിനോട് പ്രതികരിച്ചു കൊണ്ട് നെഹ്റു, ശ്യാമപ്രസാദ് മുഖർജി ക്ക് എഴുതിയത്  ഇങ്ങനെയായിരുന്നു – ” എൻ്റെ ഓർമ്മയിൽ, ക്യാബിനറ്റിൽ താങ്കൾ ചേരുന്ന അവസരത്തിൽ,  ഹിന്ദുമഹാസഭയുടെ പ്രതിനിധി എന്ന നിലയിൽ സഭയുടെ ആശയങ്ങളെ പ്രതിനിധീകരിക്കാനാണ് അത് ചെയ്യുന്നത് എന്ന മട്ടിൽ ഒരു പരാമർശവും ഉണ്ടായിട്ടില്ല. അക്കാര്യം ഒരു സമയത്തും എൻ്റെ മുന്നിൽ വ്യക്തമാക്കിയിട്ടില്ല. ഇനി അങ്ങനെയാണ് കാര്യമെങ്കിൽ അത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയേക്കും. താങ്കളുടെ ഭവനത്തിന് മുകളിൽ ത്രിവർണ്ണപതാകയ്ക്ക് പകരംഭഗവദ്ധ്വജം പാറുന്നത് പോലും എനിക്കറിയാമായിരുന്നില്ല. ദേശീയ പതാകയല്ലാതെ മറ്റേതെങ്കിലും പതാക ഒരു മന്ത്രി പാറിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അതിവിചിത്രമായ സംഗതിയാണ് .”

ബോപ്പട്ട്ക്കറുടെ വാദങ്ങളെ നിരാകരിച്ചു കൊണ്ടാണ്,  ശ്യാമപ്രസാദ് മുഖർജി,  നെഹ്റുവിന് മറുപടി നൽകുന്നത്. താൻ ഹിന്ദുമഹാസഭയുടെ അംഗമാണെങ്കിൽ തന്നെയും ക്യാബിനറ്റിൽ അംഗമായത് ഏതെങ്കിലും സംഘടന നിർദ്ദേശിച്ചത് കൊണ്ടല്ലെന്നും അതുകൊണ്ടുതന്നെ ഹിന്ദുമഹാസഭയുടെ ഏതെങ്കിലും നിർദ്ദേശം അനുസരിക്കാൻ ബാധ്യസ്ഥനാണ് എന്ന ചോദ്യം ഉയരുന്നില്ലെന്നും അദ്ദേഹം മറുപടിയിൽ വ്യക്തമാക്കി.  1947 ആഗസ്റ്റ് 15 മുതൽ തൻ്റെ വസതിയിൽ ഉയർന്നുപാറുന്നത് ത്രിവർണ്ണ പതാകയാണെന്നും, എന്നാൽ ചില അവസരങ്ങളിൽ ഭഗവദ്ധ്വജം കൂടി, ത്രിവർണ്ണ പതാക ഒഴിവാക്കാതെ തന്നെ, വസതിയിൽ ഉയർത്താറുണ്ടെന്നും അദ്ദേഹം എഴുതി .

നെഹ്റു,  മുഖർജിയെ നിരന്തരമായി ആർ എസ് എസിൻ്റെ രാജ്യവിരുദ്ധമായ നിലപാടുകൾ ധരിപ്പിച്ചു കൊണ്ടിരുന്നു. മേൽ വിവരിച്ച കത്തിന് ശേഷം 1947 സെപ്തംബറിൽ തന്നെ മറ്റൊരു കത്ത് നെഹ്റു എഴുതുകയുണ്ടായി. ” ഇൻ്റലിജൻസ് റിപ്പോർട്ടുകൾ വഴിയും മറ്റ് വഴികളിലൂടെയും ഞങ്ങൾക്ക് കിട്ടിയ വിശ്വസനീയമായ അറിവുകൾ അനുസരിച്ച് ഡെൽഹിയിലെ കുഴപ്പങ്ങൾക്ക് പിന്നിൽ  ആർ എസ് എസ്  വളരെ പ്രധാനപ്പെട്ട പങ്കാളിത്തം വഹിച്ചിട്ടുണ്ട്. ഇപ്പോഴും അസ്വാസ്ഥ്യജനകമായ ഒരു മൂലകമായാണ് അത് പ്രവർത്തിക്കുന്നത് . താങ്കൾ ഒരിക്കൽ ആർ എസ് എസിനെക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നതിനാലാണ് ഈ കത്ത് എഴുതുന്നത് .”

ഗാന്ധിവധത്തിന് രണ്ടുദിവസം മുമ്പ് സർദാർ പട്ടേലി നും ശ്യാമപ്രസാദ് മുഖർജി ക്കും എഴുതിയ കത്തുകളിൽ ആർ എസ് എസിനെക്കുറിച്ചുള്ള തൻ്റെ തിരിച്ചറിവുകൾ നെഹ്റു വ്യക്തമായി പ്രകാശിപ്പിക്കുന്നുണ്ട്. പട്ടേലിന് അദ്ദേഹം ഇങ്ങനെ എഴുതി -” യു പി സർക്കാരിലെ മന്ത്രിയായ ലാൽ ബഹദൂർ ശാസ്ത്രി എന്നോട് പറഞ്ഞത് ഭരത് പൂരിൽ, ആർ എസ് എസുകാർ ആയുധ പരിശീലനം നടത്തുന്നു എന്ന് അവർക്ക് വിവരം കിട്ടിയെന്നാണ്. ഇതിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും യു പി യിൽ നിന്ന് പുറപ്പെട്ടവരാണ്. അവർ ആയുധങ്ങളുമായാണ് തിരിച്ചെത്തുന്നത്. ഭരത്പൂർ രാജ്യത്തിൽ ഇത്തരം പരിശീലന ക്യാമ്പുകൾ നടക്കുന്നതായി നാം മുമ്പേ തന്നെ കേട്ടിരുന്നു. ഇപ്പോഴും ഇത്തരം കാര്യങ്ങൾ ഒരു പരിധി വരെ തുടർന്നുകൊണ്ടിരിക്കുകയാണ്. യു പി സർക്കാർ അതിനെ ചൊല്ലി അസ്വസ്ഥരാണ്.”

ജവഹർലാൽ നെഹ്റുവിൻ്റെ കത്തുകൾ എഡിറ്റ് ചെയ്ത സർവ്വേപ്പിള്ളി ഗോപാൽ മേൽപ്പറഞ്ഞ കത്തിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾക്ക് അടിക്കുറിപ്പായി ഒരു വിശദീകരണം നൽകുന്നുണ്ട്. അത് ഇങ്ങനെയാണ്. ” ആർ എസ് എസ് ക്യാമ്പുകളും റാലികളും ഭരത്പൂർ, ആൾവാർ എന്നീ നാട്ടുരാജ്യങ്ങളിൽ 1947 മെയ് – ജൂൺ മാസങ്ങളിൽ സംഘടിപ്പിക്കുകയുണ്ടായി . ഒപ്പം ആർ എസ് എസ് സന്നദ്ധപ്രവർത്തകർക്ക് പട്ടാള പരിശീലനവും ഈ രാജ്യങ്ങളിൽ നൽകുകയുണ്ടായി. ”

ശ്യാമപ്രസാദ് മുഖർജിക്ക് നെഹ്റു എഴുതിയ കത്ത് ഇപ്രകാരമായിരുന്നു. ” കുറച്ചു കാലം മുമ്പ്  മുതൽ ഹിന്ദുമഹാസഭയുടെ പ്രവർത്തനങ്ങളിൽ ഞാൻ വളരെ ഖിന്നനായിരുന്നു. ഈ വർത്തമാനകാലത്തിൽ അത് സർക്കാരിനും കോൺഗ്രസ്സിനുമെതിരെ പ്രധാനപ്രതിപക്ഷമായി  മാത്രമല്ല,  നിരന്തരമായി ഹിംസ ഉല്പാദിപ്പിക്കുന്ന ഒരു സംഘടനയായിക്കൂടി  പ്രവർത്തിച്ചു വരുന്നു. ആർ എസ് എസ് ആകട്ടെ കുറേക്കൂടി മോശപ്പെട്ട രീതിയിലാണ് പെരുമാറുന്നത്. അങ്ങേയറ്റം എതിർക്കപ്പെടേണ്ട അതിൻ്റെ പ്രവർത്തനങ്ങളെപ്പറ്റിയും കലാപങ്ങളും അക്രമങ്ങളുമായി അതിനുള്ള ഗാഢബന്ധങ്ങളെക്കുറിച്ചും ധാരാളം വിവരങ്ങൾ ഞങ്ങൾ ശേഖരിച്ചിട്ടുണ്ട്.

മേല്പറഞ്ഞ കാര്യങ്ങൾക്ക് പുറമേ, ഹിന്ദുമഹാസഭാ യോഗങ്ങളിൽ നിന്നുണ്ടാകുന്ന പ്രസംഗങ്ങളിലെ അങ്ങേയറ്റത്തെ അശ്ലീലവും മാന്യതയില്ലായ്മയുമാണ് എന്നെ അങ്ങേ അറ്റം വേദനിപ്പിക്കുന്നത്. ‘ഗാന്ധി മൂർദ്ദാബാദ് ‘  എന്നത് അവരുടെ സവിശേഷ മുദ്രാവാക്യങ്ങളിൽ ഒന്നാണ്. ഈയടുത്ത കാലത്ത് ഹിന്ദുമഹാസഭയുടെ ഒരു പ്രധാനപ്പെട്ട നേതാവ് പ്രസ്താവിച്ചത് നെഹ്റുവിനേയും സർദാർ പട്ടേലിനേയും മൗലാനാ ആസാദിനേയും തൂക്കിക്കൊല്ലാനാണ് അവർ ലക്ഷ്യം വെയ്ക്കുന്നതെന്നാണ്. ഞാൻ പ്രത്യേകമായി താങ്കൾക്കെഴുതാനുള്ള കാരണം,  ഹിന്ദുമഹാസഭയുമായി താങ്കളുടെ തന്നെ ഗാഢബന്ധം നിമിത്തമാണ്. ഇക്കാര്യത്തിൽ താങ്കളുടെ നിലപാട് എന്താണെന്ന് ഞങ്ങൾ നിരന്തരമായി ഞങ്ങളുടെ പാർട്ടിക്കുള്ളിലും ഭരണഘടനാ അസംബ്ലിയിലും മറ്റിടങ്ങളിലും ചോദിച്ചു കൊണ്ടിരിക്കുന്നു. എന്നെപ്പോലെത്തന്നെ താങ്കളേയും അമ്പരപ്പിക്കുന്ന ഈ  അവസ്ഥയെ എങ്ങനെയാണ് നേരിടേണ്ടതെന്ന താങ്കളുടെ നിർദ്ദേശം എന്നെ അറിയിക്കുകയാണെങ്കിൽ,  ഞാൻ താങ്കളോട് നന്ദിയുള്ളവനായിരിക്കും.”

ഈ കത്തിടപാടുകൾ നടന്നുകൊണ്ടിരിക്കുന്ന സമയത്താണ്,  വർഗ്ഗീയ ലഹളകളുടേയും വംശഹത്യയുടേയും ഇടത്തു നിന്നും ഹിന്ദുരാഷ്ട്ര നിർമ്മിതിയുടെ രണ്ടാം ഘട്ടത്തിലേയ്ക്ക് ഹിന്ദു വംശീയ വാദികൾ കാലെടുത്തു വെയ്ക്കുന്നത്. സ്വാതന്ത്ര്യത്തിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ച വ്യക്തികളെ ഉന്മൂലനം ചെയ്താൽ സിംഹാസനത്തിൻ്റെ പടവുകൾ ഓടിക്കയറാമെന്നും ഹിന്ദുരാഷ്ട്ര സംസ്ഥാപനം എളുപ്പത്തിലാക്കാമെന്നും അവർ കരുതി. അതിനവർ കണ്ടുവെച്ച ആദ്യ ലക്ഷ്യത്തിൻ്റെ പേരായിരുന്നു മോഹൻദാസ് കരംചന്ദ് ഗാന്ധി. പൂനെ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന, വി ഡി സവർക്കറുടെ ശിഷ്യരായ ഒരു കൂട്ടം പേരുടെ സംയുക്തപ്രവർത്തന ഫലമായി 1948 ജനുവരി 30 ന് ഗാന്ധി കൊല്ലപ്പെട്ടു. ചിത്പാവൻ ബ്രാഹ്മണ കുലത്തിൽ ജനിച്ച നാഥുറാം വിനായക് ഗോഡ്സേ ആയിരുന്നു, കൊലയാളി.

തുടരും..
——-
ഹിന്ദുത്വ ഭീകരതയുടെ കഥ – ഇതുവരെയുള്ള ഭാഗങ്ങൾ ഇവിടെ വായിക്കുക.

Comments

comments