ഇന്ത്യൻ യാഥാർത്ഥ്യങ്ങളുടെ കാകപുരം – നവീൻ പ്രസാദ് അലക്സ്‌

ഒരു സങ്കല്പിക ഭൂമികയെ മുൻനിർത്തി  അടിച്ചമർത്തലിന്റെയും വഞ്ചനയുടെയും ചെറുത്തുനിൽപ്പിന്റെയും സമകാലിക ഇന്ത്യൻ യാഥാർഥ്യങ്ങളെയും ചരിത്രത്തെയും പേറുന്ന നോവലാണ് കാകപുരം.

പാരമ്പര്യവാദത്തിന്റെയും ന്യൂനപക്ഷ അപരവത്ക്കരണത്തിന്റെയും മറവിൽ സവർണ രാഷ്ട്രീയ ശക്തികൾ ദളിത്, പിന്നോക്ക സമൂഹങ്ങളെ സ്വന്തം നേട്ടങ്ങൾക്കായി എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് തുറന്നുകാട്ടുന്ന, ഒരു ഗ്രാമത്തിന്റെ സൂക്ഷ്മരൂപത്തിൽ ലയിപ്പിച്ച സമകാലിക ഇന്ത്യയുടെ ഉജ്ജ്വലമായ ചിത്രീകരണമാണ് കാക്കപുരം. മൂർച്ചയുള്ള രാഷ്ട്രീയ ഉൾക്കാഴ്ചയും അടിസ്ഥാനപരമായ ആഖ്യാന ശൈലിയും ഉപയോഗിച്ച്, ദളിത് വിരുദ്ധ രാഷ്ട്രീയത്തെ വ്യക്തതയോടെ ഈ നോവൽ അനാവരണം ചെയ്യുന്നു.

ബ്രാഹ്മണന്റെ പശുവിനെ കൊന്ന് കുഴിച്ചുമൂടിയതിന് നാടുകടത്തപ്പെട്ട ഒരു പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ അതിജീവന കഥയായി ആരംഭിക്കുന്ന കഥ, ജാതി, മതം, ഭരണവർഗ്ഗം എന്നിവ ചരിത്രങ്ങളെ മായ്ച്ചുകളയാനും അടിച്ചമർത്തലിനെ വിശുദ്ധീകരിക്കാനും എങ്ങനെ സഹകരിക്കുന്നു എന്നതിന്റെ ഒരു സമഗ്രമായ ചരിത്രമായി പരിണമിക്കുന്നു. സമകാലിക ഇന്ത്യ സാക്ഷ്യം വഹിച്ച പല സംഭവങ്ങളും ഈ നോവലിൽ കടന്നു വരുന്നത് കാണാം. രാഹുകൻ, കശ്യപൻ, തക്ഷകൻ, ശതാനന്ദൻ, വേദ, കന്യക  തുടങ്ങിയവരുടെ ഇഴചേർന്ന കഥകളിലൂടെ, നോവൽ കാകപുരത്തിന്റെ രൂപാന്തരണം കണ്ടെത്തുന്നു – കീഴാള സംസ്കാരത്തിന്റെയും സഹവർത്തിത്വത്തിന്റെയും ഇടത്തിൽ നിന്ന് വഞ്ചനയിലും അക്രമണത്തിലും അടിച്ചമർത്തലിലും കീഴളാരുടെ ഭൂമിയിൽ അവരുടെ ചോരയിൽ നിർമ്മിച്ച ഒരു സവർണ്ണ ഭൂമികയായ രാമനഗരത്തിലേക്കുള്ള രൂപാന്തരം.


കാകാപുരത്ത് നിന്ന് രാമനഗരത്തിലേക്ക്

ചരിത്രം തന്നെ അധിനിവേശത്തിനുള്ള ഒരു സ്ഥലമായി മാറുന്നതെങ്ങനെയെന്നാണ്  നോവൽ അതിന്റെ കതലിൽ ചർച്ചചെയ്യുന്നത്. കാകപുരത്തിന്റ എന്ന പ്രദേശത്തിന്റെ യഥാർത്ഥ ചരിത്രം ബ്രഹ്മണ്യത്തിന്റെ പവിത്രമായ മിത്തുകളിലല്ല മറിച്ച് കീഴാള മനുഷ്യരുടെ അതിജീവനത്തിലാണ്. .ഒരു ബ്രാഹ്മണന്റെ പശുവിനെ കൊന്നതിന് നാടുകടത്തപ്പെട്ട ഒരു സമൂഹം അവർ ഒരിക്കലും അതിജീവിക്കില്ല എന്ന് കരുതിയ കാടിനെ ജീവിതത്തിന്റെയും അന്തസ്സിന്റെയും ഇടമാക്കി മാറ്റുന്നു. കാക്കപുരത്തിന്റെ സൃഷ്ടി ദൈവികമല്ല, മറിച്ച് അതിജീവനത്തിൽ നിന്നും ജനിച്ചതാണ്. ഈ തുടക്കം മുഴുവൻ കഥയുടെയും സ്വത്ത് സജ്ജമാക്കുന്നു: അടിച്ചമർത്തപ്പെട്ടവർ നിർമ്മിക്കുകയും വളർത്തുകയും ചെയ്യുമ്പോൾ, ശക്തരായവർ പിന്നീട് അവർ ഒരിക്കലും സൃഷ്ടിക്കാത്തത് കൈവശപ്പെടുത്താനും പുനർനാമകരണം ചെയ്യാനും വിശുദ്ധീകരിക്കാനും എത്തുന്നു. ഇവിടെ കീഴാള മനുഷ്യരുടെ സ്വതന്ത്ര സ്വത്വവും ചരിത്രവും കൂടെയാണ് രാമനഗരം പിറക്കുന്നതോട് കൂടെ ഇല്ലാതാവുന്നത്. പ്രദേശത്തിന്റെ പുരാതന – മധ്യകാലഘട്ട ചരിത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത് എന്ന് പറയാം. ഇത് ഓർമിപ്പിക്കുന്നത് അനാര്യമായ ഹാരപ്പൻ സംസ്ക്കാരത്തെയും തെക്കേഇന്ത്യയിലെ സംഘകാലത്തെയും ആണ്. പരശുരാമൻ മഴു എറിഞ്ഞല്ല നമ്മുടെ പൂർവ്വികരാണെന്ന ഒരു ഓർമ്മപ്പെടുത്തൽ കൂടെയാണ് സംഘകാല കൃതികൾ. തുടർന്ന് ഗ്രാമത്തിൽ എത്തുന്ന മുസ്ലിം കുടുംബങ്ങളും തിരുവോത്തുകരും കേരളത്തിന്റെയും ഇന്ത്യയുടെയും ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള കുടിയേറ്റങ്ങളെയും അവ ഉണ്ടാക്കിയ സാംസ്‌കാരിക വ്യതിചലനങ്ങളെയും ആണ് കാണിക്കുന്നത്. അവിടെയുള്ള കച്ചവടക്കാരായ മുസ്ലിങ്ങളുടെയും അവരുടെ വീട്ടുപണികളും പറമ്പിലെ പണികളുമായി അങ്ങനെ ജീവിച്ചിരുന്ന തദ്ദേശിയരുടെയും ഇടയിലേക്ക് തിരുവോത്തുകാര്‍ എന്ന സവർണ്ണ കുടുംബം എത്തുന്നോട് കൂടെയാണ് പ്രദേശത്തിന്റെ സാമൂഹിക ഘടനതന്നെ മാറിമറിയുന്നത്. സമത്വത്തിന്റെയും സഹജീവനത്തിന്റെയും സ്വഭാവം പുലർത്തിയിരുന്ന ഒരു പ്രദേശം, തിരുവോത്തുകാരുടെ വരവോടെ കേന്ദ്രികൃത അധികാരത്തിലേക്കും ജാതി–മത ഭേദങ്ങളുടെ വിവേചനങ്ങളിലേക്കും വീഴുന്നു. അവർ സ്വയം നേതൃത്വസ്ഥാനങ്ങളിൽ പ്രവേശിക്കുകയും നാട്ടിലെ ഭരണാധികാരിയെ പോലും നിർണ്ണയിക്കാൻ കഴിവുള്ള ഒരു ശക്തിയായി വളരുകയും ചെയ്യുന്നതോടെ, പുതിയ രാഷ്ട്രീയരീതികളും വിഭാഗീകരണങ്ങളും രൂപംകൊള്ളുന്നു. ഈ ഭാഗം വാസ്തവത്തിൽ ഓർമിപ്പിച്ചത് ആര്യാധിനിവേശത്തെ തന്നെയാണ്. ചുരുക്കത്തിൽ, ഈ ഭാഗം കാകപുരത്തിലെ സാമൂഹിക-രാഷ്ട്രീയ അന്തരീക്ഷം എങ്ങനെ ഒരു അധിനിവേശ ശക്തിയാൽ തകർത്തു പുനർഘടിപ്പിക്കപ്പെടുന്നു എന്നതിന്റെ തുടക്കചിഹ്നമാണ്.

വർഷങ്ങൾക്കിപ്പുറം, കാകപുരത്ത് ഒരു കോടതി അനുവദിക്കുന്നത്തോടെ ആണ് കാര്യങ്ങൾ പുതിയൊരു വഴിത്തിരിവിൽ എത്തുന്നത്. ഈ പണിക്ക് പാന്ധ്യപുരത്ത് നിന്ന് എത്തുന്നതാണ് തക്ഷകൻ, പിന്നീട് കഥയുടെ മുഖ്യാഖ്യാതാവായി തക്ഷകൻ മാറുന്നു. കോടതിപണിക്കിടെ അവിടെ നിന്ന് ഒരു വിഗ്രഹം ലഭിക്കുന്നു, ഇതോടെ അവിടെയൊരു അമ്പലം പണിയണം എന്ന ആവശ്യം തിരുവോത്തുകാരനായ തിരുവോത്തുരാമൻ ഉന്നയിക്കുന്നു. ഇതോടെ കോടതി പണി മാറ്റാനും അവിടെ ഒരു കല്ലമ്പലം പണിയാനും തീരുമാനമാവുന്നതോട് കൂടെ തിരവോത്തുരാമൻ പ്രദേശത്തിന്റെ സർവ്വസൈന്യാധിപതിയായി മാറുകയും സേനക്കാർ പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യുന്നു.  ഇവിടെ മുതൽ വ്യക്തമായ അജണ്ടയോട് കൂടെയാണ് തിരുവോത്ത്കാരും സേനക്കാരും നീങ്ങുന്നത്. കൊടിമരം ഒടിഞ്ഞു വീണത് വിഗ്രഹം ലഭിച്ച ഭൂമി താഴ്ന്ന  ജാതിക്കാര്‍ കയറി അശുദ്ധമാക്കിയതിനാലാണ് എന്ന് ദിവപ്രശ്നത്തിൽ തെളിയുനത്തോടെ പറക്കുഴികാർക്ക് പ്രദേശത്ത് വിലക്കുകല്പിക്കപ്പെടുകയും സേനക്കാർ കാവലേറ്റെടുക്കാൻ തുടങ്ങുകയും ചെയ്യുന്നു. ദേവപ്രശനം എന്നത് കഴിഞ്ഞ കുറച്ചു കാലങ്ങളായി കേരളത്തിലെ അമ്പലങ്ങളിലും കാവുകളിലും പതികളിലും ജാതി ഒളിച്ചുകടത്താനും അവർണ്ണ സംസ്‌കാരത്തെ മായ്ച്ചു കളഞ്ഞു ബ്രഹ്മണ്യവൽക്കരണം നടപ്പാക്കാനും ഉപയോഗിക്കുന്നതായി ഡോ. ടി. എസ്. ശ്യാംകുമാർ നിരീക്ഷിക്കുന്നുണ്ട്. അടുത്തതായി കല്ലമ്പലം പണിയാനായി കാകപുരത്തെ മല ഇടിക്കുന്നു, അതോടെ പറയക്കുഴിയിൽ താമസച്ചിരുന്ന തദ്ദേശീയർ സ്വന്തം നാട്ടിൽ അഭയാർത്ഥികളാവുന്നു, ഇത് ഒരേ സമയം പരിസ്ഥിതിക്കും കീഴാളർക്കും നേരെയുള്ള അക്രമണമാണ്.

വരേണ്ണ്യ വർഗ്ഗത്തിന്റെ ലാഭത്തിനു വേണ്ടി കീഴാള മനുഷ്യർ കുടിയിറക്കപ്പെടുന്ന ആഗോള സംഭവവികാസങ്ങളുമായി ഇത് ചേർത്ത് വായ്ക്കണം. അരികുവൽക്കരിക്കപ്പെട്ട മനുഷ്യർക്ക് ഭൗതിക സ്ഥിരത നഷ്ടപ്പെടുമ്പോൾ, അധികാര സംവിധാനങ്ങൾ പലപ്പോഴും ഭയത്തെ നിയന്ത്രണ സംവിധാനമായി ഉപയോഗിക്കുന്നു, ഇതാണ് കഥയുടെ അടുത്ത ഭാഗം. ദേവി ക്ഷേത്രത്തിന്റെ മുന്നിൽ ഗോമാംസം കൊണ്ടുവെച്ചു എന്ന് ആരോപിച്ചു പറയരുടെ നേതാവായ രാഹുകനെ സേനക്കാർ ആക്രമിക്കുന്നു, തുടർന്ന് രാഹുകൻ അറസ്റ്റ് ചെയ്യപ്പെട്ടെങ്കിലും തിരുവോത്തുകാർ തന്നെ ഇടപെട്ടു ജാമ്യം വാങ്ങി കൊടുക്കുന്നു, പിന്നീട് നടന്ന നാടകീയമായ സംഭവങ്ങൾക്കൊടുവിൻ രാഹുൻ കൊല്ലപെടുകയും രാഹുകന്റെ മകൾ കാശ്യപയെ കാണാതെയാവുകയും മുസ്ലിങ്ങളുടെ പള്ളിക്കാട്ടില്‍ നിന്ന് ബോധമറ്റനിലയില്‍ കണ്ടെത്തുകയും ചെയ്യുന്നു. പിന്നീട് അമ്പലത്തില്‍ പശുഇറച്ചി കൊണ്ടുവന്നിട്ടത് മുസ്ലിങ്ങളാണെന്നും അതിന്‍റെ സാക്ഷി രാഹുകനായതിനാല്‍ മുസ്ലിങ്ങള്‍ രാഹുകനെ കൊന്നു എന്നും സേനക്കാർ പറഞ്ഞു പരത്തുന്നു. ഇതിലൂടെ പറയക്കുഴിക്കാർക്കിടയിൽ മുസ്ലിം വിദ്വേഷം പരക്കുന്നു. വർഗ്ഗിയ രാഷ്ട്രിയം പൊതുബോധം നിർമ്മിക്കാൻ എങ്ങനെ വ്യാജമായ അഖ്യാനങ്ങൾ ഉണ്ടാക്കുന്നു എന്നാണ് ഇവിടെ കാണുന്നത്. ആക്രമണം ഉണ്ടാകുകയും, തുടരുന്നു ഇല്ലാത്ത ഒരു ശത്രുവിനെ ഉണ്ടെന്നു വരുത്തിർക്കുകയും തങ്ങളാണ് ഇതിൽ നിന്നും ഉള്ള രക്ഷകർ എന്നു വിശ്വപ്പിക്കുകയും ചെയ്യുക എന്ന ഫാസിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രീതി ശാസ്ത്രമാണ് ഇവിടെ കാണുന്നത്. ഇതോടെ  ഒരു പാർശ്വവൽക്കരിക്കപ്പെട്ട ജനസംമൂഹത്തിനു മേൽ മാനസികവും രാഷ്ട്രീയവുമായ ആധിപത്യം സ്ഥാപിക്കുക പൂർത്തിയാവുന്നു. സമകാലിക ഇന്ത്യയിൽ കണ്ട ഗോ സംരക്ഷണത്തിന്റെ പേരിലുള്ള ആയുധവത്കരണം, വ്യാജ അജണ്ടകൾ പ്രചരിപ്പിക്കൽ, സ്ത്രീകളുടെ പേരിൽ ധാർമ്മിക പരിഭ്രാന്തി സൃഷ്ടിക്കുക തുടങ്ങി സമകാലിക ഇന്ത്യ കണ്ട വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങൾ എല്ലാം ഇവിടെ കടന്നു വരുന്നുണ്ട്. തുടർന്ന് മുസ്ലിം വീടുകളിക്കും പള്ളിക്കും നേരെ കല്ലേറുണ്ടാവുകയും പറയാകുഴിക്കാരെ ജോലിക്ക് വിളിക്കേണ്ടതില്ല എന്നും ജാമത് തീരുമാനിക്കുന്നു. ജോലി നഷ്ടപ്പെടുന്നത്തോടെ പറയക്കുഴിക്കാർ കൂടുതൽ ദുർബലരും എളുപ്പത്തിൽ തെറ്റിദ്ധരിപ്പിക്കാൻ പറ്റുന്നവരും ആവുന്നു.

രാഹുകന്റെ മകനായ ചിത്രരഥനെ പറയസഘം രൂപീകരിച്ചു പ്രസിഡന്റ്‌ ആകുന്ന സേനക്കാർ, അവരുടെ ആശയങ്ങൾക്ക് പറയരിൽ നിന്ന് തന്നെ ഒരു വക്താവിനെ കണ്ടെത്തുന്നു. ഭയം വിതച്ചു, ദുർബലമായ സാമൂഹിക വിഭാഗങ്ങളെ എങ്ങനെ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വരേണ്യ ശക്തികൾ വേണ്ടി ചൂഷണം ചെയ്യുന്നു എന്ന് വീണ്ടും നോവൽ വ്യക്തമാകുകയാണ്. രാഹുകനെ ബലിദാനിയായി പ്രഖ്യാപിക്കുകയും പ്രതിമ പണിയുകയും ചെയ്യുന്നു. ജോലിയും ഭൂമിയും നഷ്ടപ്പെട്ട പറയകുഴിക്കാരെ മുസ്ലിങ്ങളെ നാട്ടിൽ നിന്നും പുറത്താക്കിയാൽ അവരുടെ സ്ഥലവും സ്വത്തും തങ്ങൾകാണ് എന്ന് ചിത്രരഥൻ പറഞ്ഞു വിശ്വസിപ്പിക്കുന്നു, ചിത്രരഥനിൽ ഉണ്ടാകുന്ന ഈ മാറ്റം കശ്യപയേയും തക്ഷകനേയും ഒക്കെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഫാസിസ്റ്റ് പ്രത്യയശാസ്ത്രത്തിലേക്ക് ഒരു വ്യക്തിയെ തിരുകിക്കഴിഞ്ഞാൽ എത്ര വേഗത്തിൽ അയാൾ വിദ്വേഷത്തിന്റെ വക്താവായി മാറുന്നു എന്നത് അദ്ദേഹത്തിന്റെ പുതിയ സംസാരം, ശരീരഭാഷ, പെരുമാറ്റം എന്നിവ കാണിക്കുന്നു. ഇതൊരു രാഷ്ട്രീയ യാഥാർത്ഥ്യത്തെയാണ്  പ്രതിഫലിപ്പിക്കുന്നത് വരേണ്യ വർഗ്ഗത്തിന്റെ രാഷ്ട്രീയ പ്രൊജക്റ്റ്ക്കൾക്ക് വേണ്ടി നേരിത്തിറങ്ങുന്നതും അതിന്റെ നഷ്ടം അനുഭവിക്കുന്നതും ശാക്തീകരണത്തിന്റെ മിഥ്യാധാരണകളിൽ അകപ്പെട്ട പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളാണ്, വരേണ്യ വർഗ്ഗം ആവട്ടെ ഒരേ സമയം ‘ശത്രു’വിനെയും ഈ പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളെയും ചൂഷണം ചെയ്ത് ലാഭം ഉണ്ടാകുന്നു. തക്ഷകനെയും ശതാനന്ദനെയും പോലുള്ള കഥാപാത്രങ്ങൾ ഇതിനെ അവിശ്വാസത്തോടെയാണ് കാണുന്നത്, ന്യൂനപക്ഷത്തെ വിഴുങ്ങുന്ന വ്യവസ്ഥിതി ഒടുവിൽ തങ്ങളെയും വിഴുങ്ങുമെന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾ എന്തുകൊണ്ട് കാണുന്നില്ല എന്ന് അവർ പേടിക്കുന്നുണ്ട്.

ക്ഷേത്രവും അതിന്റെ സഹായ ഘടനകളും വികസിക്കുമ്പോൾ, പറയക്കുഴി സമൂഹം തീട്ടക്കുഴിയുടെ ചതുപ്പുനിലമായ തരിശുഭൂമിയിലേക്ക് വ്യവസ്ഥാപിതമായി തള്ളിവിടപ്പെടുന്നു. ചിത്രരഥൻ വിതരണം ചെയ്ത “സ്വമേധയാ” ഭൂമി വിട്ടുകൊടുക്കൽ രേഖകൾ, വ്യാജമായ വാഗ്ദാനങ്ങളിലൂടെ എങ്ങനെ ‘സമ്മതം’ നേടിയെടുക്കുന്നു എന്നു കാണിക്കുന്നു. മനോഹരമായ വീടുകൾ ലഭിക്കുമെന്നോ രാഹുകന് ഒരു മഹത്തായ സ്ഥാനം നൽകുമെന്നോ വിശ്വസിച്ച് പലരും അവയിൽ ഒപ്പിടുന്നു എന്നത്, അഭിലാഷപരമായ വശീകരണം യുക്തിയെ എങ്ങനെ അപ്രക്തമാകുന്നു കാണിക്കുന്നു. ഒപ്പിടാൻ വിസമ്മതിക്കുന്ന കാശ്യപയെ ചിത്രരഥൻ ഭീഷണിപ്പെടുത്തുന്നുണ്ട്, വിദ്വേഷത്തിന്റെ ആന്തരികവൽക്കരണത്തെ വെളിപ്പെടുത്തുന്നതാണിത്.

ദലിതരെ തന്നെ മാറ്റിനിർത്തുന്ന ഒരു പദ്ധതിക്ക് നേതൃത്വം നൽകാൻ ഒരു ദലിത് നേതാവിനെ ഉപയോഗിക്കുന്നത്, ആഴത്തിലുള്ള ഘടനാപരമായ അക്രമത്തെ എങ്ങനെ മറയ്ക്കുമെന്ന് ഇത് തെളിയിക്കുന്നു. രാജ്യവ്യാപകമായി നടക്കുന്ന ഒരു വിദ്വേഷ പദ്ധതിയുടെ പൈലറ്റ് ലബോറട്ടറിയായി കാക്കപുരം ഉപയോഗിക്കപ്പെടുന്നുണ്ടെന്ന് ചുരുക്കം ചിലർ മാത്രമേ തിരിച്ചറിയുന്നുള്ളൂ, പക്ഷേ ഭൂരിപക്ഷവും  മിഥ്യാധാരണകളുടെ ലഹരിയിലാണ്. അടിച്ചമർത്തപ്പെട്ടവർ തങ്ങളെ അടിമകളാക്കുന്ന ഘടനകളെ ആഘോഷിക്കുന്ന ഏറ്റവും ഭീകരകരമായ അവസ്ഥ.

പള്ളി പൊളിക്കുന്നതായിരുന്നു അടുത്ത ഘട്ടം, അതോടെ , “ടിപ്പു നശിപ്പിച്ച രാമനഗര പുനഃസ്ഥാപിക്കൽ” നടക്കുന്നു, കാകപുരം രാമനഗരമായി മാറുന്നു. ബ്രാഹ്മണ കേന്ദ്രികൃതമായ മിത്തുകളുടെയും വ്യാജ ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ ന്യുനപക്ഷങ്ങൾക്ക് നേരെ അക്രമണം അഴിച്ചുവിടുകയും യഥാർത്ഥ ചരിത്രത്തെ മായിച്ചുകളയുക ചെയ്യുന്ന ഹിന്ദുത്വ ഫാസ്സിസത്തിന്റ ഏറ്റവും പ്രധാനമായ പ്രവർത്തനരീതിയാണ് ഇവിടെ കാണുന്നത്. ബാബറി മസ്ജിദ് അടക്കമുള്ള ചരിത്രത്തെ ഓർമ്മിപ്പിക്കുന്നു. പറയക്കുഴി നിന്ന സ്ഥലം ഒരു ക്ഷേത്ര ഉദ്യാനമാക്കി മാറ്റുകയും, കുടിയിറക്കപ്പെട്ടവർക്ക് ആത്മീയ നേതാവിന്റെ ഛായാചിത്രം കൊണ്ട് അലങ്കരിച്ച ദുർബലമായ ഇരുമ്പ് ഷീറ്റ് വീടുകൾ നൽകുകയും ചെയ്യുമ്പോൾ, അധിനിവേശത്തിന്റെ അവസാന ഘട്ടത്തെ ആഖ്യാനം പകർത്തുന്നു, ഭൗതികമായി, സാംസ്ക്കാരികമയായി, ആത്മീയമായി, മാനസികമായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും അധിനിവേശം പൂർത്തിയാവുന്നു. ഒടുവിൽ ഉത്സവ ദിനത്തിൽ നിർമ്മിച്ച ഒരു പന്തൽ കാണാൻ ശ്രമിച്ചതിന് കുടിയിറക്കപ്പെട്ട നിവാസികളെ ക്രൂരമായി മർദ്ദിക്കുകൂടി ചെയ്യുന്നു.

മായ്ക്കപ്പെട്ട ചരിത്രം

 നോവലിന്റെ മറ്റൊരു ലയെറിലൂടെ കാകപുറത്തിന്റെ മായ്ക്കപ്പെട്ട ചരിത്രം നമ്മുടെ മുന്നിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്. മനുഷ്യത്വ രഹിതമായ ജാതി വ്യവസ്ഥയോട് എതിർപ്പുള്ള വൈസ്രോയുടെ പ്രതിനിധിയായ ഒരു സായിപ്പിനെ നമുക്ക് ഇവിടെ കാണാം, പാന്ധ്യപുരത്ത് ബ്രാഹ്മണന്റെ പഴം കഴിച്ചതിന് നാടുവാഴി കെട്ടിയിട്ട ദളിതരെ സായിപ്പ് മോചിപ്പിക്കുന്നു. ഇവിടെ സായിപ്പ് ഒരു പ്രതീകമാണെന്ന് നമ്മുക്ക് വായിച്ചെടുക്കാനാവും, കോളണിയലിസത്തെ പറ്റിയുള്ള ദളിത് സാഹിത്യത്തിൽ കാണാനാവുന്ന ഒരു കാഴ്ച്ചപാടിനെ ആണ് ഇവിടെ പ്രതിനിധാനം ചെയ്യപ്പെടുന്നത്. മഹാത്മാ ജ്യോതഭ ഫൂലെ മുതൽ ശരൺ കുമാർ ലിംമ്പാളെ വരെയുള്ളവരുടെ കൃതികളിൽ ഈ അഖ്യാനം കാണാം, ദളിത്-അധസ്ഥിത ജനവിഭാങ്ങളുടെ ജീവിത സാഹചര്യം ഉയരുന്നതിൽ കോളണിയൽ ആധുനികത പങ്കു വഹിക്കുച്ചിട്ടുണ്ട് എന്ന ചരിത്ര വസ്തുതയാണ് ഇതിനു പിന്നിൽ. സായിപ്പിന്റെ ഈ പ്രവർത്തിയിൽ അസ്വസ്ഥതനായ നാടുവഴി അയാളെ കൊല്ലാൻ സായിപ്പിന്റെ തര്‍ജമക്കാരന്‍റെ സഹായം തേടുകയും അതിന് പത്തേക്കര്‍ സ്ഥലം പ്രതിഫലമായി നൽകുകയും ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി തര്‍ജമക്കാരൻ സായിപ്പിനെ വേട്ടയ്ക്ക് എന്ന വ്യാജേന കാകപുരത്തേക്ക് എത്തിക്കുന്നു. എന്നാൽ അവിടെ വെച്ച് സായിപ്പിനെ വധിക്കാൻ ഉള്ള പദ്ധതി പരാജയപെടുന്നു, കാരണം അവർ പ്രതീക്ഷിക്കാത്ത ഒരു ജനത അവിടെ ഉണ്ടായിരുന്നു, പാന്ധ്യപുരത്ത് നിന്നും പുറത്താക്കപ്പെട്ട മനുഷ്യർ. അവർ സായിപ്പിനെ രക്ഷിക്കുന്നു, തര്‍ജമക്കാരനെയും നാടുവാഴിയേയും വൈസ്രോയി വധിക്കുന്നു. ആ തര്‍ജമക്കാരന്‍റെ പിന്‍മുറക്കാരാണ്  തിരുവോത്തുകാര്‍, രാജ്യം ആര് ഭരിക്കണം എന്നു പോലും തീരുമാനിക്കാന്‍ കഴിവുള്ളവരായി തിരുവോത്തുകാര്‍ മാറുകയും കാകപുരത്തിന്‍റെ യഥാര്‍ത്ഥ അവകാശികള്‍ അവരുടെ ഇടങ്ങളില്‍ നിന്നും വഞ്ചനയുടെയും ചതികളുടെയും കുടിലതകളിലൂടെ പുറത്തുവരികയും പാര്‍ശ്വവല്‍ക്യതരും നിഷ്കാസിതരും ആവുകയും ചെയ്തിരിക്കുന്നു.

റിഹാൻ റാഷിദ്

കാകപുരത്തെ വിഗ്രഹത്തിന്റ യാഥാർത്ഥ്യം രേഖപ്പെടുത്തിന്നതും ഈ സായിപാണ്, ബുദ്ധനോട്‌ സാമ്യമുള്ള തദ്ദേശീയരുടെ ദൈവസങ്കൽപ്പമായ പെരുമാട്ടുകാളി വിഗ്രഹം ആണ് അത്, പിന്നീട് കോടതി പണിക്കിടയിൽ ലഭിക്കുന്ന വിഗ്രഹം. എന്നാൽ ഇത് രാമൻ വനവാസ കാലത്ത് പ്രതിഷ്ഠിച്ചത്താണ് എന്നാണ് ഭരണവർഗ്ഗം പറഞ്ഞു പരത്തുന്നത്. ഈ ഭാഗം ചരിത്രപരമായി വലിയ പ്രക്തിയുള്ളതാണ്. ഇന്ത്യയിലും കേരളത്തിലും ഇവിടുത്തെ മണ്ണിന്റെ യഥാർത്ഥ അവകാശികളയാ കീഴാള ജനങ്ങൾക്ക് തങ്ങളുടെ തന്നതായ ആരാധന മൂർത്തീകളും ആചാരങ്ങളും ഉണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം. അത് പ്രകൃതിശക്തികൾ മുതൽ തങ്ങളുടെ പൂർവ്വികർ വരെ ഉണ്ടായിരുന്നു. കേരളത്തിൽ പരിശോദിച്ചാൽ മാടൻ, മറുത, ചാത്തൻ, നീലി, പെരുമാട്ടുകാളി, നല്ലച്ഛൻ തുടങ്ങി ചെങ്ങന്നൂർ ആദി വരെയുള്ള കീഴാള ആരാധന പാരമ്പര്യങ്ങളെ നമ്മുക്ക് കണ്ടെടുക്കാനാവും. സവർണ്ണ ദൈവശാസ്ത്രങ്ങളിൽ വ്യത്യസ്ഥമായി ഇവ ഈ ജനസമുദായങ്ങളുടെ ജീവിതവുമായി നേരിട്ടും ആഴത്തിലുള്ളതുമായ ബന്ധങ്ങൾ ഉള്ളതും നീതിയിൽ അടിസ്ഥാനപ്പെടുത്തിയതും പുരുഷകേന്ദ്രികൃതമല്ലാത്തതുമാണെന്ന് പ്രൊഫ. കഞ്ചാ ഇലയാഹ് നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ക്രെമേണ ബ്രാഹ്മണവത്കരണത്തിന്റെ ഭാഗമായി പിന്നീട് ഈ ആരാധന മൂർത്തികളും അവരുടെ ആരാധനാസ്ഥാനങ്ങളും പൈശാചികവത്കരിക്കപെടുകയോ ബ്രാഹ്മണവത്കരിച്ചു അപഹരിക്കപ്പെടുകയും ചെയ്തു.  പ്രാദേശിക കീഴാള ദൈവസങ്ങൽപ്പങ്ങളെ ബ്രാഹ്മണവൽക്കരിക്കുന്നത്തോടെ ഈ സമുദായങ്ങളുടെ സ്വാതന്ത്ര അസ്ഥിതം നഷ്ടപെടുകയും അവയെ ഒരു ഏകീകൃത ബ്രാഹ്മണ ഹിന്ദു ഭൂതകാലത്തിലേക്ക് ലയിപ്പിക്കപ്പെടുകയും ചെയ്യുന്നു.

ഈ ചരിത്രം അന്വേഷിക്കുന്നവരുടെ അവസ്ഥയാണ് പിന്നീട് നോവലിൽ കടന്നു വരുന്നത്, ചരിത്രാന്വേഷികളെ ഫാസിസം എത്രമാത്രം ഭയപ്പെടുന്നു എന്നതിന്റെ നേർവ്യാഖ്യാനമാണിത്. കാകപുരത്തിന്റെ ചരിത്രം തേടി പോയവരെല്ലാം എന്തെങ്കിലും രീതിയിൽ അടിച്ചമർത്തപ്പെട്ടുണ്ട്. ആദ്യം ഈ ചരിത്രം തേടി പോകുന്നത് കണാദരൻ എന്നൊരാളും അയാളെ സഹിയിച്ചത് താലൂക്ക് ഓഫീസിലെ ജീവനക്കാരൻ ആയ സുശ്രുതനും ആയിരുന്നു, എന്നാൽ സുശ്രുതനും വധിക്കപെടുന്നു. കണാദരൻ കണ്ടെത്തിയ തെളിവുകൾ സൂക്ഷിക്കാൻ ഏല്പിക്കുന്നത് കാകപുരത്തിന്‍റെ നാടിന്‍റെ വേശ്യയായി അറിയപ്പെടുന്നവള്‍ക്ക് കന്യകയേയാണ് എന്നതും ശ്രദ്ധേയമാണ്. സുശ്രുതന്റെ വധത്തിന് രാഹുകൻ സാക്ഷിയാണ് എന്ന വസ്തുതയും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്. പിന്നീട് ഈ ചരിത്രം എഴുതാൻ ശ്രമിക്കുന്ന കണാദരന്‍റെ മകന്‍ ഗൗതമന്റെ മനോനില തന്നെ എല്ലാം അപഹരിക്കപ്പെടുന്നു എന്ന തിരിച്ചറിവിൽ  തകരാറിലാവുന്നു.

ബ്രാഹ്മണ്യം : വിവേചനങ്ങളുടെ നീതിശാസ്ത്രം

ബ്രാഹ്മണ്യ വാദത്തിന് കാലങ്ങൾക്കിടയിൽ നിരവധി പരിണാമങ്ങൾ സംഭവിച്ചിണ്ട്, ആശയത്തിന്റെ പൊരുൾ ചാതുർവർണ്ണ്യത്തിൽ തന്നെയാണ് നിലനിൽക്കുന്നതെങ്കിലും, സംഖ്യാപരമായ മേധാവിത്വം നിർണ്ണായകമയത്തോടെ ബ്രാഹ്മണ്യത്തെ അബ്രാഹ്മണർക്കും പ്രത്യക്ഷത്തിൽ സ്വീകാര്യമായ രൂപത്തിൽ അവതരിപ്പിക്കാൻ ബ്രാഹ്മണ്യവാദികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഈ പരിണാമം നോവലിൽ പല ലയറുകളിലായി കാണാം, ഇതിന്റെ ഭാഗമായി ആണ് ക്ഷേത്രം പോലെയുള്ള ചിഹ്നങ്ങളുടെയും മറ്റും ഉപയോഗവും മറ്റു സമുദായങ്ങളെ ബ്രാഹ്മണ്ണ്യ പാരമ്പര്യത്തിന്റെ ഭാഗം ആക്കി മാറ്റുന്നതും. ഇവിടെയും ശ്രദ്ധിക്കേണ്ട വസ്തുത കീഴാള വിഭാഗങ്ങൾ ഒരിക്കലും ഈ സംവിധാനത്തിന്റെ ഭാഗം ആവുന്നില്ല മറിച്ച്, ചില പ്രത്യക്ഷ പരിഷ്കരണങ്ങൾക്ക് അപ്പുറം, വിവേചനവും ബ്രാഹ്മണ്യ മേൽക്കോയ്‌മ്മയും മാറ്റമില്ലാതെ തുടരുന്നു.

ഈ വിവേചനം തീട്ടകുഴിയിലേക്കുള്ള കുടിയിറക്കം, ക്ഷേത്രത്തിലേക്ക് പ്രവേശനം നിഷേധം മുതലായ പലയിടത്തും കാണാം. ഇതിനു പുറമെ പല വ്യക്തി അനുഭവങ്ങളും കടന്നുവരുന്നുമുണ്ട്. ഇതിൽ പ്രധാനമാണ് തക്ഷകന്റെ അനുഭവം, കോടതി പണി നിലയ്ച്ചതിനെതിരെ പരാതിയുമായി മാജിസ്‌ട്രെറ്റിനെ സമീപ്പിക്കുന്ന അയാൾക്ക് കടുത്ത ജാതി വിവേചനമാണ് നേരിടേണ്ടി വരുന്നത്. പരാതി സ്വീകരിക്കുന്നില്ല എന്നു മാത്രമല്ല, ആദ്യം തന്നെ നേരിടേണ്ടി വരുന്ന ചോദ്യം ഏതു ജാതി ആണെന്നതാണ്. നിയമവ്യവസ്ഥയിൽ നിലനിൽക്കുന്ന ജാതിയാണ് ഈ സംഭവം തുറന്നു കാണിക്കുന്നത്. ചീഫ് ജസ്റ്റിസ്‌ പോലും ഈ രാജ്യത്ത് നേരിട്ടേണ്ടി വന്ന ജാത്യാധിക്ക്ക്ഷേപം അവിശ്വസനീയമായിരുന്നു. സുശ്രുതന്റെ മകളായ വേദ, കഠിനമായി പഠിക്കുകയും ജോലി നേടുകയും ചെയ്യുന്നു, പക്ഷേ അവൾക്ക് കടുത്ത ജാതി വിവേചനം നേരിടേണ്ടിവരുന്നു. അവൾ പ്രതിഷേധിച്ചപ്പോൾ, കള്ള മോഷണക്കേസിൽ കുടുക്കുകയും അവളുടെ പോരാട്ടം പിൻവലിക്കാൻ നിർബന്ധിതയാവുകയും ചെയ്യുന്നു. വിദ്യാസരംഗത്ത് അവർണ്ണ സമുദായങ്ങൾ നേരിട്ടേണ്ടി വരുന്ന വിവേചനം എല്ലാ ദിവസവും വാർത്തകളിൽ കാണുന്നതാണ്, വ്യവസ്ഥാപിതമായ ഒരു പുറംതള്ളൽ സംവിധാനം തന്നെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ സ്ഥാപങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഉന്നതം എന്നു കണക്കാക്കപ്പെടുന്ന തൊഴിലിടങ്ങളും ജാതിവ്യവസ്ഥയിൽ നിന്നും മുക്തമല്ല എന്നും കാണാം, പ്രതികരിക്കാൻ ശ്രമിക്കുന്ന ആളുകളെ ഒക്കെ ഭരണകൂടത്താൽ അടിച്ചമർത്തപ്പെടുകയും ചെയ്യുന്നു. സാമാനമായി ജയോളജി വകുപ്പിൽ കാകപുരത്തെ മല ഇടിക്കുന്നതിനെതിരെ പരാതിപ്പെടുന്ന തക്ഷകൻ അടകമുള്ളവർ വ്യാജ കലാപകേസിൽ അറസ്റ്റ് നേരിടുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിൽ ഇന്ത്യ സാക്ഷ്യം വഹിച്ച ഭീമ കൊറേഗാവ് കേസ് അടക്കമുള്ള നിരവധി സംഭവങ്ങളാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

ഒരു ഗ്രാമത്തിന്റെ കഥ എന്നതിലുപരി, കാകപുരം ഒരു മുന്നറിയിപ്പാണ്, സമൂഹം ഏത് ദിശയിലേക്കാണ് നീങ്ങുന്നതെന്നതിനെ പറ്റിയുള്ള മുന്നറിയിപ്പ്. പൗരന്മാർ പതുക്കെ അനുസരണയുള്ള പ്രജകളായി മാറുന്ന, അപര ശബ്ദങ്ങൾ രാജ്യദ്രോഹമായി മാറുന്ന ഒരു രാജ്യത്തേക്ക് ഉള്ള പരിണാമം. പ്രതിരോധങ്ങൾ ഉയർന്നിലെങ്കിൽ മുഴുവൻ ചരിത്രങ്ങളും മാറ്റിയെഴുതപ്പെടുമെന്നും, ഒരു വലിയ ജനതതന്നെ രാജ്യത്തിന്റെ താളുകളിൽ അഭയാർഥികളും സ്വന്തം രാജ്യത്തിനുമേൽ അവകാശം നഷ്ടപ്പെട്ടവരും ആകും എന്നുമുള്ള മുന്നറിയിപ്പ്.

Comments

comments