ഇക്കഴിഞ്ഞ ജനുവരി ഏഴിനാണ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ മാധവ് ഗാഡ്ഗിൽ വിടപറഞ്ഞത്. തലേന്നാണ് ഗാഡ്ഗിലിന്റെ This Fissured Land (1992) എന്ന പഠനം ബിരുദവിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഉപഭൂഘണ്ടത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന കോഴ്സിന്റെ തുടക്ക വായനയായി നിർദേശിക്കുന്നത്. പ്രസിദ്ധീകരിച്ചു മൂന്ന് പതിറ്റാണ്ടിന് ശേഷവും പാരിസ്ഥിതിക ചരിത്രത്തിന്റെ അടിസ്ഥാന വായനയായി ഈ പഠനം തുടരുന്നു. ചരിത്രത്തെ സമകാലിക പ്രാധാന്യമുള്ള ചിന്തയാക്കുന്ന പഠനങ്ങൾ കാലത്തെ അതിജീവിക്കും. മുതലാളിത്ത വികസനയുക്തി അരികുവൽക്കരിച്ച മനുഷ്യരുടെ ജീവിതം കൂടിയായിരുന്നു ഗാഡ്ഗിലിന്റെ പാരിസ്ഥിതിക ചിന്തകൾ.
കേരളത്തിലെ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലുമായിരിക്കണം ഗാഡ്ഗിലിന്റെ വേർപാട് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത്. ആദരവോടെ എഴുതിയ ഓർമ്മകുറിപ്പുകൾ. അതേ സമയം മാധവ് ഗാഡ്ഗിലിന്റെ പാരിസ്ഥിതിക ചിന്തകളോട് തികഞ്ഞ എതിർപ്പോടുകൂടിയ കുറിപ്പുകളും കാണാം. എതിർപ്പുകൾ കൂടുതലും പശ്ചിമഘട്ട സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗിലിന്റെ നിർദേശങ്ങളോടാണ്. മനുഷ്യരെ പുറത്താക്കി പ്രകൃതി കെട്ടിയടക്കുകയാണ് ഗാഡ്ഗിൽ പറഞ്ഞ പശ്ചിമഘട്ട സംരക്ഷണമെന്ന തെറ്റിദ്ധാരണയാണ് ഇതിനാധാരം. കൂടുതലും സോഷ്യൽ മീഡിയ പോസ്റ്റുകൾ. 2018-ലെ മഹാപ്രളയം മുൻകൂട്ടി കണ്ട ദാർശനികൻ എന്ന് ഗാഡ്ഗിലിനെ വിഗ്രഹവൽക്കരിക്കുന്ന മറുപടികളും പോസ്റ്റുകൾക്ക് താഴെ കാണാം. ഒരു റിപ്പോർട്ടിനോടുള്ള എതിർപ്പ് കൊണ്ട് അടയാളപ്പെടുത്താവുന്നതല്ല ഗാഡ്ഗിലിന്റെ പാരിസ്ഥിതിക ജീവിതം.
ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഭൂമിക്ക് മേൽ നഗരവൽക്കരണവും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗവും, ഖനികളുടെയും വ്യാവസായിക കൃഷിയുടെ വ്യാപനവും നൽകുന്നത് തീവ്രമായ സമ്മർദ്ദമാണ്. അനിയന്ത്രിതമായ സാമ്പത്തിക വളർച്ചയിലെ കുതിച്ചുചാട്ടം (The Great Acceleration) എന്നാണ് ജൈവവൈവിധ്യവും ജലാശയങ്ങളും മണ്ണിന്റെ പോഷകഗുണങ്ങളും ഇല്ലാതാക്കുകയും ചെയ്യുന്ന മുതലാളിത്ത ലോകക്രമത്തെ ജെ. ആർ. മാക്നീൽ (JR McNeill, 2015) വിശേഷിപ്പിക്കുന്നത്. അക്കാലത്ത് ജീവിക്കുകയും വിവേചനമില്ലാത്ത വളർച്ചാ യുക്തിയോട് നിരന്തരം പൊരുതുകയും ചെയ്യുകയായിരുന്നു ഗാഡ്ഗിലിന്റെ ജീവിത ദൗത്യം.
സഹ്യാദ്രിയിൽ ജീവിക്കുന്ന തൊഴിലാളികളുടെയും ചെറുകിട കർഷകരുടെയും ജീവിതമാർഗങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതാണ് ഗാഡ്ഗിൽ വിഭാവനം ചെയ്ത പശ്ചിമഘട്ട സംരക്ഷണ മാർഗ നിർദേശങ്ങൾ എന്ന വിമർശനം പ്രബലമാണ്. മേൽപ്പറഞ്ഞ വിമർശനം ഗാഡ്ഗിലിനെപ്പറ്റി മാത്രമുള്ളതല്ല. സമകാലിക ലോകത്തിൽ ഏറ്റവും പ്രബലം മുതലാളിത്ത യുക്തി നിർവചിക്കുന്ന പ്രകൃതി എന്ന ആശയവും വികസന സങ്കല്പങ്ങളുമാണ്. മുതലാളിത്ത ഉൽപ്പാദന, വികസന രീതികളിൽ ഒരു മാറ്റവും വരുത്താതെയുള്ള പരിസ്ഥിതി സംരക്ഷണവും സുസ്ഥിരവികസനവുമാണ് വരേണ്യ പാരിസ്ഥിതിക വാദം. മൂലധനയുക്തിക്കു വെളിയിലുള്ളതെല്ലാം അപ്രായോഗികം, അവകാശലംഘനം, ജനവിരുദ്ധം എന്നീ ആരോപണങ്ങൾ നേരിടുന്നു. ഉദ്യോഗസ്ഥരും വിദഗ്ധരും ഏകപക്ഷീയമായി തീരുമാനിക്കുന്ന പരിസ്ഥിതി സംരക്ഷണമല്ല ഗാഡ്ഗിൽ വിഭാവനം ചെയ്തത്. തദ്ദേശീയ സമൂഹങ്ങളെ ഉൾപ്പെടുത്തിയുള്ള പാരിസ്ഥിതികാവസ്ഥയാണ്. മൂലധന വികസനയുക്തിക്ക് വെളിയിലേക്ക് സമൂഹം പരിണമിക്കുന്ന ആലോചനകളിലാണ് ഗാഡ്ഗിലിന്റെ ചിന്തകൾ ഉൾക്കാഴ്ചയാകുന്നത്. അവിടെ സാലിം അലി, റേച്ചൽ കാഴ്‌സൺ, ജെ. സി. കുമരപ്പ, ജോൺ മുയിർ, ഹെൻറി ഡേവിഡ് തോറോ എന്നിവർ ഉൾപ്പെടെ ഇരുപതാം നൂറ്റാണ്ടിലെ മൂലധനവിരുദ്ധ പാരിസ്ഥിതിക ചിന്തകളെ സ്വാധീനിച്ച ചിന്തകരുടെ സ്വാധീനം കാണാം.
നൂറിൽ താഴെ മാത്രം ആളുകളാണ് മാധവ് ഗാഡ്ഗിലിന്റെ മരണാന്തര ചടങ്ങുകളിൽ പങ്കെടുത്തതെന്ന ഖേദപ്രകടനം സമൂഹമാധ്യമങ്ങളിൽ പലരും പങ്കുവെച്ചു. നവ പോപ്പുലിസ്റ്റ് കാലം പ്രതീക്ഷിക്കുന്നത് ജനപ്രിയ നേതാക്കളുടെ മരണാന്തര ചടങ്ങിൽ പങ്കെടുക്കുന്ന ജനാവലിയെന്ന അളവുകോലാണ്. ഗാഡ്ഗിലിനെപ്പറ്റി പറയുമ്പോൾ അനാവശ്യമാണത്. സമൂഹത്തിലേക്കും പ്രകൃതിയിലേക്കും ശബ്ദ കോലാഹലങ്ങളില്ലാതെ ഇറങ്ങി പ്രവർത്തിക്കുന്ന പാരിസ്ഥിതിക ചിന്തകന് ചുറ്റും ആൾക്കൂട്ടങ്ങൾ ഉണ്ടാവില്ല. ലോകത്തിന്റെ എല്ലാ കോണിലുമിരുന്നു ഗാഡ്ഗിലിന്റെ പഠനങ്ങൾ വായിക്കുന്നതാണ് അനുയോജ്യമായ യാത്രയയപ്പ്.
രണ്ടായിരത്തിന്റെ തുടക്കത്തിൽ കോട്ടയത്തെ സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് മാധവ് ഗാഡ്ഗിലിന്റെ ഒരു പഠനം ആദ്യം വായിച്ചത്. പരിസ്ഥിതി പ്രവർത്തകനും ഗവേഷകനുമായ അമൃത് എം പറയാറുണ്ടായിരുന്ന സഹ്യാദ്രി കഥകളിൽ നിന്നുമാണ് ഗാഡ്ഗിലിനെയും പശ്ചിമഘട്ട സംരക്ഷണ പ്രവർത്തങ്ങളെയും കൂടുതലായി അറിയുന്നത്. തിരുവിതാംകൂറിൽ നിന്നും കിഴക്കൻ മലകളിലേക്കുള്ള കർഷക കുടിയേറ്റ കഥകൾക്കപ്പുറമുള്ള സഹ്യാദ്രിയെ അറിഞ്ഞുതുടങ്ങുന്നതും ഗാഡ്ഗിൽ വായനകളിലാണ്. കോട്ടയം നഗരത്തിനടുത്തുള്ള എം.ജി. സർവകലാശാലയുടെ ആ ചെറിയ ക്യാംപസ് പാരിസ്ഥിതിക വിഷയങ്ങളിലെ ഗവേഷണങ്ങൾക്കൊണ്ട് അക്കാലത്ത് വളരെ സജീവമായിരുന്നു. നവലിബറൽ മൂലധനത്തിന്റെ കടന്നുകയറ്റം കാടുകളും മലകളും പുഴകളും വളഞ്ഞുപിടിക്കുന്ന കാലത്തിന് വേണ്ട സാമൂഹിക – പാരിസ്ഥിതിക ചിന്തകൾ വിപുലപ്പെടുത്താൻ ശ്രമിക്കുന്ന ഗവേഷക കൂട്ടായ്മയായിരുന്നു അവിടം. പ്രൊഫ. രാജൻ ഗുരുക്കൾ, ഡോ. എസ്. രാജു, ഡോ. കെ. ടി. രാംമോഹൻ, ഡോ. അമൃത് എം എന്നിവരുൾപ്പെടുന്ന ഗവേഷകരും അവരുടെ വിദ്യാർത്ഥികളും ഉൾപ്പെടുന്ന സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് പലപ്പോഴും സഹ്യാദ്രിയിലേക്ക് പഠന യാത്രകൾ നടത്തി.
പാരിസ്ഥിതിക ചരിത്രവും പാരിസ്ഥിതിക നാരവംശശാസ്ത്ര പഠനങ്ങളും പ്രത്യേക പഠന വിഷയങ്ങളായി ഇന്ത്യൻ സർവകലാശാലകളിൽ അവതരിപ്പിച്ചു തുടങ്ങുന്നതേയുള്ളൂ. ബിരുദാനന്തര തലത്തിൽ പഠിക്കുന്നവർക്ക് പാരിസ്ഥിതിക വീക്ഷണം പാഠ്യപദ്ധതിയുടെ പ്രധാനഭാഗമാക്കിക്കൊണ്ട് സെമിനാറുകളും സംഘടിപ്പിച്ചിരുന്നു. മാധവ് ഗാഡ്ഗിലിന്റെ പഠനങ്ങളെ പരാമർശിക്കാതെയുള്ള കേരളവും സഹ്യാദ്രിയുമായി ബന്ധപ്പെട്ട പാരിസ്ഥിതിക ചർച്ചകൾ അപൂർണ്ണമായിരുന്നു. ഗാഡ്ഗിലിന്റെ പാരിസ്ഥിതിക ചിന്തകളിൽ കണ്ടെത്തിയ വിമർശനത്തിന്റെ തീനാളങ്ങൾ ഗവേഷകരെയും വിദ്യാർത്ഥികളെയും ആഴത്തിൽ സ്വാധീനിച്ചു. വിപുലമായ ഫീൽഡ് വർക്കിന്റെ പിൻബലത്തോടെ ശാസ്ത്ര അറിവുകളും സാമൂഹ്യ-പാരിസ്ഥിതിക നീതി ചിന്തയും ചേർത്തുവെയ്ക്കുന്ന ഗാഡ്ഗിലിന്റെ പഠനങ്ങൾ നവലിബറൽ വിപണിവ്യവസ്ഥയെ വിമർശിക്കാൻ വേണ്ട ചിന്തയുടെ വ്യാകരണമായിരുന്നു അക്കാലത്ത്. നിരവധി PhD വിദ്യാർത്ഥികളുടെ ഗവേഷണങ്ങൾ ഗാഡ്ഗിൽ മേൽനോട്ടം വഹിച്ചു. ആർ. സുകുമാർ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ശ്രദ്ധേയരായ പരിസ്ഥിതി പ്രവർത്തകരും ചിന്തകരുമായി വളർന്നു.
പാരിസ്ഥിതിക ചിന്തകളുടെ തുടക്കം
1942-ൽ പുണെയിൽ ജനിച്ച മാധവ് ഗാഡ്ഗിൽ ജന്മനാട്ടിലെ ഫെർഗുസൺ കോളേജിലും, ബോംബെയിലും തുടർന്ന് ഹാർവാർഡിലും വിദ്യാഭ്യാസം നേടി. പിതാവ് ഡി. ആർ. ഗാഡ്ഗിൽ അറിയപ്പെടുന്ന സാമ്പത്തികശാസ്ത്ര ഗവേഷകൻ. സാമ്പത്തിക വികസനം ദരിദ്രവിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്നതിനെപ്പറ്റിയുള്ള ഡി. ആർ. ഗാഡ്ഗിലിന്റെ ചിന്തകളുടെ സ്വാധീനം മാധവ് ഗാഡ്ഗിലിലും കാണാം. തൊള്ളായിരത്തി അൻപതുകളിൽ മുതലുള്ള സാലിം അലിയുടെ സ്വാധീനം ഗാഡ്ഗിൽ ജീവചരിത്രത്തിന്റെ ആദ്യ പേജുകളിൽ എടുത്തുപറയുന്നുണ്ട്. മൃഗങ്ങളുടെ ജീവിതരീതികൾ പഠിക്കുന്നതിന് സാലിം അലിയുമായുള്ള നിരന്തര സമ്പർക്കം ഗാഡ്ഗിലിന് പ്രേരണയായി. ഈ വിഷയത്തിൽ യൗവനത്തിന്റെ തുടക്കത്തിൽ ലേഖനങ്ങൾ എഴുതിത്തുടങ്ങി. കൂടാതെ ഐരാവതി കാർവെയുടെ (Irawati Karve) നരവംശശാസ്ത്രത്തിലുള്ള ഇടപെടലുകളും ഒരു പ്രധാന സ്വാധീനമാകുന്നുണ്ട്.

മനുഷ്യർ മാത്രമല്ല, പുരാതനമായ സഹ്യാദ്രി മലനിരകളിലെ പക്ഷികളും, ഉറുമ്പുകളും, മരങ്ങളും, ചെടികളുമെല്ലാം ഗാഡ്ഗിലിന്റെ നിരീക്ഷണത്തിലും കരുതലിലും ഉൾപ്പെട്ടു. സഹ്യാദ്രിയിൽ നടത്തിയിരുന്ന പ്രവർത്തനങ്ങൾക്കിടയിൽ 1963-ൽ ബോംബെയിലെത്തിയ ഗാഡ്ഗിൽ വളരെ പെട്ടെന്ന് തന്നെ തീരദേശ പരിസ്ഥിതിയും മത്സ്യത്തൊഴിലാളികളുടെ ജീവിതവും പഠിക്കാനാരംഭിച്ചു. യന്ത്രവൽക്കൃത ബോട്ടുകൾ സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ ജീവിതമാർഗം ഇല്ലാതാക്കുന്നതിനെതിരെ ശബ്ദമുയർത്തി.
ഹാർവാർഡിൽ നിന്നും ഗണിത-ജീവശാസ്ത്രത്തിൽ (Mathematical Biology) ഗവേഷണബിരുദം നേടി. പാരിസ്ഥിതിക പഠനങ്ങളുടെ രീതിശാസ്ത്ര സമീപനങ്ങൾ ചിട്ടയോടെ വളർത്തിയെടുക്കുന്നത് ഹാർവാർഡിലെ പഠനകാലത്താണ്. മനുഷ്യരും പ്രകൃതിയും പരസ്പരം രൂപപ്പെടുത്തുന്ന പ്രക്രിയയെയാണ് വിശകലനം ചെയ്യുന്നതിനുള്ള രീതിശാസ്ത്രം. രാസവളവും കീടനാശിനിയും വരുത്തിവെയ്ക്കുന്ന പാരിസ്ഥിതിക വിനാശത്തെ അടിവരയിടുന്ന റേച്ചൽ കാഴ്സന്റെ Silent Spring (1962) അമേരിക്കയിൽ സജീവമായി ചർച്ച ചെയ്യപ്പെടുന്ന കാലമായിരുന്നു. കൂടാതെ അമേരിക്കയുടെ വിയറ്റ്നാം അധിനിവേശത്തിനെതിരെ ജനകീയ മുന്നേറ്റങ്ങൾ നടക്കുന്ന കാലവും. ഹെൻറി ഡേവിഡ് തോറോ, ജോൺ മുയിർ തുടങ്ങി മനുഷ്യരെയും പ്രകൃതിയെയും ചേർത്ത് വായിക്കുന്ന ഗവേഷകരുടെ പഠനങ്ങളുടെ വായനയിലും മുഴുകി.
ഡോക്ടറൽ ഗവേഷണത്തിന് ശേഷം ചെറിയ കാലം ഹാർവാർഡിലെ അധ്യാപകനായി. തുടർന്ന്, ഹാർവാർഡിലും പ്രിൻസ്റ്റൺ സർവകലാശാലയിലും നിന്നുള്ള ക്ഷണം സ്വീകരിക്കാതെ ഗാഡ്ഗിൽ ഇന്ത്യയിൽ തിരികെയെത്തി. പുണെയിലുള്ള Maharashtra Vidnyan Vardhiniയിൽ ഗവേഷകനായി ജോലി ആരംഭിക്കുമ്പോൾ വികസനത്തിന്റെ പേരിൽ നടക്കുന്ന പാരിസ്ഥിതിക വിനാശം പ്രതിസന്ധിയുടെ ഘട്ടത്തിലേക്ക് കയറിക്കഴിഞ്ഞിരുന്നു. വെട്ടിവെളിപ്പിക്കപ്പെട്ട സഹ്യാദ്രി മലനിരകളാണ് തിരികെ ഇന്ത്യയിലെത്തുമ്പോൾ ഗാഡ്ഗിൽ കണ്ടത്. തരിശാക്കപ്പെട്ട സഹ്യാദ്രിയിൽ കണ്ട വിശുദ്ധവനങ്ങൾ എന്ന പച്ചത്തുരുത്തുകൾ ഗാഡ്ഗിലിന്റെ പഠനവിഷയമായി. തദ്ദേശീയ ഗ്രാമീണരുടെ വിശ്വാസങ്ങളും ആചാരങ്ങളും പ്രകൃതിസംരക്ഷണവുമായി ചേർന്നു നിൽക്കുന്നതെങ്ങനെയെന്ന് ഗാഡ്ഗിലിന്റെ ആദ്യകാല പഠനങ്ങൾ അന്വേഷിച്ചു.
തദ്ദേശീയ സമൂഹങ്ങളിൽ നിന്നും വനസംരക്ഷണ അറിവുകൾ പഠിക്കണമെന്ന ആശയമാണ് വി. ഡി. വർത്തക്കുമായി (V. D. Vartak) ചേർന്നെഴുതിയ Sacred Groves of India – A Plea for Continued Conservation എന്ന, മഹാരാഷ്ട്രയിലെ രണ്ട് വിശുദ്ധവനങ്ങളുടെ സാഹചര്യത്തിൽ എഴുതി Journal of Bombay Natural History Society (72 (2), 1974) പ്രസിദ്ധീകരിച്ച പഠനം ഉദാഹരണസഹിതം വിശദീകരിക്കുന്നത്.
വനനശീകരണം വ്യാപകമായ സഹ്യാദ്രിയിൽ വിശുദ്ധവനങ്ങൾ എന്ന പച്ചത്തുരുത്തുകൾ ഗാഡ്ഗിൽ ശ്രദ്ധിച്ചു. കാവുകൾ സംരക്ഷിക്കപ്പെട്ടത് എങ്ങനെയെന്ന് വിശദമാക്കാൻ ഈ ലേഖനം പറയുന്ന ഒരു ഉദാഹരണം ശ്രദ്ധേയമാണ്. ഒരു കൽക്കരി വ്യാപാരി അൻപതേക്കർ വിസ്തീർണ്ണമുള്ള സഹ്യാദ്രിയിലെ ഒരു വിശുദ്ധവനം കൈക്കലാക്കി മരങ്ങൾ മുറിച്ചു വിൽക്കാൻ ആരംഭിച്ചു. സാമ്പത്തിക നേട്ടം ഗ്രാമീണരെയും പ്രലോഭിപ്പിച്ചു. വ്യാപാരിയോടൊപ്പം ചേർന്ന് കാവിലെ മരങ്ങൾ വെട്ടിയിറക്കാൻ ഗ്രാമീണരും കൂടി. എന്നാൽ അപ്രതീക്ഷിതമായി രോഗാതുരനായി വ്യാപാരി മരിക്കുന്നു. ഇത് ദേവീകോപമെന്ന് വിശ്വസിച്ച ഗ്രാമീണർ കാവിന്റെ സംരക്ഷകരായി. വികസനത്തിന്റെ പേരിൽ വനനശീകരണം രൂക്ഷമായിരുന്ന കാലത്ത് ഗ്രാമീണർ സംരക്ഷിച്ചു നിലനിർത്തിയ കാവ് മാത്രമായി ആ പ്രദേശത്തെ ഏക പച്ചത്തുരുത്ത്. ഗാഡ്ഗിൽ ഈ സംഭവം വിശകലനം ചെയ്തത് വൻകിട വികസന പദ്ധതികളും പ്രകൃതി – പാരിസ്ഥിതികാവകാശ സംരക്ഷണ മുന്നേറ്റങ്ങളും തമ്മിലുള്ള സംഘർഷം ശക്തി പ്രാപിക്കുന്ന കാലത്താണ്.
യുക്തിചിന്തയിൽ അടിയുറച്ചു വിശ്വസിക്കുകയും ബുദ്ധന്റെ തുല്യതാബോധത്തേയും യുക്തിബോധത്തെയും ബഹുമാനിക്കുകയും ചെയ്തിരുന്നു ഗാഡ്ഗിൽ. എന്നാൽ കോളനിവൽക്കരണത്തിന് മുൻപുള്ള ഇന്ത്യൻ സംസ്കാരത്തെ ആദർശവൽക്കരിക്കുന്നതാണ് ഗാഡ്ഗിലിന്റെ പാരിസ്ഥിതിക ചരിത്ര വീക്ഷണമെന്ന വിമർശനവുമുണ്ട്. ആധുനിക സമൂഹങ്ങൾ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ നേരിടാനുള്ള പ്രേരകശക്തി എന്ന നിലയിലാണ് ഗാഡ്ഗിൽ കോളനിപൂർവ്വ/ തദ്ദേശീയ സമൂഹങ്ങളുടെ അറിവുകളെ സമീപിച്ചത്. മേൽപ്പറഞ്ഞ ഉദാഹരണം അതിന് തെളിവാണ്.
1973-ലാണ് ഗാഡ്ഗിൽ ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (IISc) അസിസ്റ്റന്റ് പ്രൊഫസറായി ചേരുന്നത്. ശാസ്ത്രവും സമൂഹവും തമ്മിലുള്ള സമ്പർക്കവും ശാസ്ത്രബോധത്തിന്റെ വളർച്ചയും സാധ്യമാക്കുന്ന ബൗദ്ധിക സാഹചര്യമാണ് സതീഷ് ധവാൻ IISc ഡയറക്ടർ ആയിരുന്ന സമയം. ഇക്കാലത്താണ് വന്യജീവികളുടെ ജീവിതരീതികളെ വിശകലനം ചെയ്യുന്ന ജനകീയ ശാസ്ത്രലേഖനങ്ങൾ ഡെക്കാൻ ഹെറാൾഡ് പത്രത്തിൽ എഴുതിത്തുടങ്ങിയത്.
മൂന്ന് പതിറ്റാണ്ടിലധികം IIScയുടെ ഭാഗമായി. 1983-ൽ IIScയിൽ ഗാഡ്ഗിൽ സ്ഥാപിച്ച Centre for Ecological Sciences (CES) പിന്നീട് നടക്കുന്ന പാരിസ്ഥിതിക പഠനങ്ങൾക്ക് വഴികാട്ടിയായി. സഹ്യാദ്രി മലനിരകളും അവിടെ ജീവിക്കുന്ന മനുഷ്യരും CES-ന്റെ പ്രധാന പഠനവിഷയമായി. കർഷകർ, ആദിവാസികൾ, ജലസ്രോതസുകൾ ആശ്രയിച്ചു ജീവിക്കുന്നവർ തുടങ്ങി ഭൂമിയെ ഉപജീവനത്തിന് വേണ്ട മാർഗമായി കാണുന്ന ജനതയുടെ അറിവുകൾ പാരിസ്ഥിതിക നയപരിപാടികളുടെ ഭാഗമാകുന്നതിനുള്ള മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു. ഈ സമീപനത്തിന്റെ മാറ്റൊലികൾ കേരളത്തിലും അക്കാലത്ത് കാണാം. എൺപതുകളിൽ പശ്ചിമഘട്ട സംരക്ഷണ മുന്നേറ്റങ്ങൾക്ക് ഗാഡ്ഗിൽ നേതൃത്വം നൽകി.
ശാസ്ത്രം, ചരിത്രം, പാരിസ്ഥിതിക നീതി
ശാസ്ത്ര സാഹിത്യ പരിഷത്ത് 1974-ൽ ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന ആദർശം മുൻപോട്ട് വെയ്ക്കുമ്പോൾ ഗാഡ്ഗിൽ അതിന്റെ അനുഭാവിയായി. അതേ കാലത്താണ് സൈലന്റ് വാലി സംരക്ഷണ പ്രസ്ഥാനത്തിന്റെ ഭാഗമാകുന്നതും. ഗാഡ്ഗിലിന്റെ ഒരു പ്രധാന ബൗദ്ധിക സ്വാധീനമായി പരിഷത്തിന്റെ അമരത്തുള്ള എം. കെ. പ്രസാദ് മാറുന്നത് ഇക്കാലത്താണ്. ശാസ്ത്രം മനുഷ്യവിമോചനത്തിനുള്ള വഴിയായി പ്രയോഗത്തിൽ വരുത്തുന്ന പ്രസാദിന്റെ സമീപനം ഗാഡ്ഗിലിന്റെ തുടർ പ്രവർത്തനങ്ങളെ ആഴത്തിൽ സ്വാധീനിച്ചു. സൈലന്റ് വാലി ഹൈഡൽ പ്രോജക്ടിന്റെയും കൊങ്കൺ റെയിൽവെയുടെയും പാരിസ്ഥിതിഘാത പഠന സമിതികളിൽ അംഗമായിരുന്ന ഗാഡ്ഗിൽ സുസ്ഥിര വികസനമെന്ന ആശയത്തെ വിപുലപ്പെടുത്തി. കെമിക്കൽ ഫാക്ടറികൾ പുറംതള്ളുന്ന മാലിന്യം, യന്ത്രവൽക്കൃത മത്സ്യബന്ധനം, ഖനികളുടെ വ്യാപനം, വൻകിട ജലസേചന പദ്ധതികൾ പ്രകൃതിയെ നേരിട്ടാശ്രയിച്ചു ജീവിക്കുന്ന സമൂഹങ്ങളെ (ecological people) അരികുവൽക്കരിക്കുന്ന പ്രക്രിയ എന്നിവയെപ്പറ്റി ഗാഡ്ഗിൽ നിരന്തരം എഴുതി.
ഗാഡ്ഗിൽ പാരിസ്ഥിതിക സന്തുലനത്തിന് നൽകുന്ന ഉദാഹരണം ഇങ്ങനെയാണ്: ദില്ലി ഉൾപ്പെടെയുള്ള മഹാനഗരങ്ങൾ കുരങ്ങുകളുടെ അതിപ്രസരം മൂലം ബുദ്ധിമുട്ട് നേരിടുന്നു. മനുഷ്യർക്ക് ഭയപ്പാടില്ലാതെ വീടിന് വെളിയിലിറങ്ങാൻ സാധിക്കുന്നില്ല. ഹിമാചലിലെ ആപ്പിൾ തോട്ടങ്ങളും ഗോവയിലും കർണാടകത്തിലുമുള്ള തെങ്ങിൻ തോപ്പുകളും കുരങ്ങുകളുടെ കടന്നാക്രമണത്തിൽ തകർന്നുപോകുന്നു. കുരങ്ങുകളുടെ ഉപദ്രവം മൂലം വീടിന്റെ ടെറസിൽ നിന്ന് വീണ് ദില്ലി നഗരസഭയുടെ ഡെപ്യൂട്ടി മേയർ 2007-ൽ മരണപ്പെട്ടു. കുരങ്ങുകളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണം എന്ന ആവശ്യം ഇക്കാലത്ത് ശക്തമായി. വാനരരോടുള്ള മതപരമായ ബഹുമാനം മറുവശത്തും. വർദ്ധിച്ചു വരുന്ന വാനരശല്യത്തിന് ഉത്തരകർണാടകയിലെ കർഷകർ നൽകുന്ന വിശദീകരണമാണ് ഈ സാഹചര്യത്തിൽ ഗാഡ്ഗിൽ ചൂണ്ടിക്കാണിക്കുന്നത്. കീടനാശിനികളുടെ അമിതോപയോഗം മൂലം കഴുകൻ ഉൾപ്പെടെയുള്ള ഇരപിടിയൻ പക്ഷികൾ വംശനാശം നേരിടുന്നതാണ് കുരങ്ങുകളുടെ എണ്ണത്തിൽ വലിയ വർദ്ധനയ്ക്ക് കാരണമായി പറയുന്നത്. പ്രായോഗിക സമീപനമുള്ള പരിസ്ഥിതി പ്രവർത്തകനെയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
1972-ൽ നടന്ന സ്റ്റോക്ഹോം കോൺഫറൻസ് (United Nations Conference on the Human Environment, 5–16 June 1972, Stockholm) പാരിസ്ഥിതിക സംരക്ഷണത്തിന് ആഗോളമാനം നൽകിയ മുന്നേറ്റങ്ങളിൽ പ്രധാനമാണ്. ഇന്ത്യയിലും അതിന്റെ മാറ്റൊലികൾ കാണാം. 1980-ൽ ഇന്ദിരാ ഗാന്ധിയുടെ സർക്കാർ പരിസ്ഥിതി മന്ത്രാലയം ആരംഭിച്ചത് പരിസ്ഥിതി സംരക്ഷണം ആഗോളബോധ്യമാകുന്നതിന്റെ ഭാഗമായാണ്. ഹിമാലയം, സഹ്യാദ്രി, ഗംഗാതടം തുടങ്ങി ദുർബല പാരിസ്ഥിതിക ആവാസവ്യവസ്ഥകളുടെ സംരക്ഷണം ഭരണകൂടം പ്രാധാന്യത്തോടെ കണ്ടുതുടങ്ങി. എന്നാൽ ദേശീയോദ്യാനങ്ങൾ സ്ഥാപിക്കുമ്പോൾ അരികുവൽക്കപ്പെട്ടത് പ്രകൃതിയെ ജീവിതമാർഗമായി നേരിട്ടാശ്രയിച്ചവരാണ്. ഗാഡ്ഗിൽ സ്ഥാപിച്ച CES പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച പഠനങ്ങളിൽ ശ്രദ്ധയൂന്നി. ജൈവവൈവിധ്യവും ജീവിവർഗങ്ങളെയും പഠിക്കുന്ന ശാസ്ത്ര അറിവുകൾ ജനാധിപത്യ ചിന്തകളുമായി കോർത്തിണക്കുന്ന സന്ദർഭമായി സഹ്യാദ്രി പഠനങ്ങൾ.
ഈ സാഹചര്യത്തിലാണ് ഗാഡ്ഗിലിന്റെ ജനാധിപത്യ ചിന്തകളെ മനസിലാക്കേണ്ടത്. വരേണ്യ മനുഷ്യവ്യവഹാരങ്ങളുടെ ബാക്കിപത്രമെന്നതിനപ്പുറത്തേക്ക് പാരിസ്ഥിതിക ചിന്തയെ വിപുലീകരിക്കുന്നതിനുള്ള ശ്രമം എഴുപതുകളുടെ അവസാനം മുതൽ ശക്തമാകുന്നുണ്ട്. സമൂഹത്തിന്റെ ചരിത്രം മനുഷ്യർ ജീവിക്കുന്ന ചുറ്റുപാടുകളോട് ഇഴചേർന്നും സമ്പർക്കം വഴിയുമാണ് രൂപപ്പെടുന്നതെന്ന നിലപാടാണിത്. ഫ്രഞ്ച് അനാൽസ് സ്‌കൂൾ, ബ്രിട്ടീഷ് സോഷ്യൽ ഹിസ്റ്ററി, ഇന്ത്യൻ സാഹാചര്യത്തിലുള്ള കീഴാള ചരിത്രപഠനങ്ങൾ എന്നീ ബൗദ്ധിക മുന്നേറ്റങ്ങൾ ചരിത്ര-പാരിസ്ഥിതിക ചിന്തകളെ സ്വാധീനിച്ച കാലം. അക്കാദമിക ഭാഷയുടെ ദുരൂഹതകൾ ഇല്ലാതെയുള്ള ജനകീയ എഴുത്തുകളിൽക്കൂടി പാരിസ്ഥിതിക നയപരിപാടികളുടെ ജനാധിപത്യവൽക്കരണത്തെപ്പറ്റി ഗാഡ്ഗിൽ എഴുതിക്കൊണ്ടിരുന്നു. ഗാഡ്ഗിലിന്റെ ചരിത്ര വീക്ഷണത്തിലും ഈ സ്വാധീനം കാണാം. ഭരണകൂട രേഖകളെ പ്രാഥമിക തെളിവ് സാമഗ്രിയായെടുത്തു വിശകലനം നടത്തുന്ന സാമ്പ്രദായിക ചരിത്രപഠനരീതിയെ മാറ്റി നിറുത്തി പാരിസ്ഥിതിക അറിവുകൾ തേടി ഗ്രാമങ്ങളിലേക്കും, വനങ്ങളിലേക്കും, പുഴയോരങ്ങളിലേക്കും ഗാഡ്ഗിൽ നിരവധി യാത്രകൾ നടത്തി. കൊളോണിയൽ കാലം മുതൽ വ്യാവസായികവൽക്കരിക്കപ്പെട്ട കൃഷിയെയും പ്രകൃതിവിഭവ സമാഹരണത്തേയും തലമുറകളായി എതിർക്കുന്ന ഗ്രാമീണ സമൂഹങ്ങളോട് ഗാഡ്ഗിൽ ഇടപഴകി. ഗാഡ്ഗിലിലെ നരവംശശാസ്ത്രകാരൻ അവരിൽ കണ്ടെത്തിയത് പാരിസ്ഥിതിക അറിവുകളുടെ ആഴമേറിയ ചരിത്രമാണ്.
തൊണ്ണൂറുകളിൽ ആഡംബരഭ്രമത്തിന്റെ രൂപത്തിൽ ശക്തമായ വിപണിവ്യവസ്ഥ ഖനികളും ഫാക്ടറികളും മാലിന്യക്കൂമ്പാരങ്ങളുമായി ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയായിത്തുടങ്ങി. 1992-ലെ റിയോ ഭൗമ ഉച്ചകോടി (Earth Summit) ജൈവവൈവിധ്യ സംരക്ഷണം ഒരു ആഗോള നയപരിപാടിയായി അവതരിപ്പിച്ചു.
മണ്ണൊലിപ്പ്, പക്ഷികളുടെയും മീനുകളുടെയും വംശനാശം, ശുദ്ധജല തടാകങ്ങൾ മലിനീകരിക്കപ്പെടുന്നത് തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത പ്രശ്നങ്ങൾ ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് കാണാം. അതേസമയം, സാങ്കേതികവിദ്യയുടെ വളർച്ച പാരിസ്ഥിതിക അറിവുകളെ വിപുലീകരണത്തെയും സഹായിച്ചു. ഉദാഹരണത്തിന്, ഉപഗ്രഹങ്ങൾ പകർത്തുന്ന ചിത്രങ്ങൾ ഭൂശാസ്ത്ര പഠനത്തെ കൂടുതൽ കാര്യക്ഷമമാക്കി. തന്മൂലം ഭൂശാസ്ത്രത്തെ ആശ്രയിക്കുന്ന പാരിസ്ഥിതിക പഠനങ്ങളേയും. ഗാഡ്ഗിലിന്റെ പശ്ചിമഘട്ട പാരിസ്ഥിതിക പഠനങ്ങളിലും ഈ സ്വാധീനം കാണാം. യന്ത്രങ്ങളുടെ സഹായത്തോടെ മരങ്ങളും ജലാശയങ്ങളും മുതൽ മലകൾ വരെ തുരന്നെടുക്കുന്നതിന് ആക്കം കൂടിയ കാലം. ഉപഗ്രഹങ്ങൾ അയക്കുന്ന ചിത്രങ്ങളിൽ പാരിസ്ഥിതിക വിനാശത്തിന്റെ തീവ്രത തെളിമയിൽ കണ്ടു. സെമിനാറുകളിലും പഠന ക്യാമ്പുകളിലും ഈ ചിത്രങ്ങൾ ചർച്ചയായി. സാറ്റലൈറ്റ് റിമോട്ട് സെൻസിംഗ് വഴി പാരിസ്ഥിതിക പഠനം നടത്തുന്ന ഹരിണി നാഗേന്ദ്ര ഗാഡ്ഗിലിനൊപ്പം ചേർന്ന് പ്രവർത്തിച്ചു തുടങ്ങി. സഹ്യാദ്രിയിലെ ജൈവവൈവിധ്യത്തെ സംബന്ധിച്ച വിവരങ്ങൾ ക്രോഡീകരിക്കുന്നതിന് ഈ സാങ്കേതിക വിദ്യ സഹായകരമായി.

തദ്ദേശീയ സമൂഹങ്ങളെ ജൈവവൈവിധ്യ സംരക്ഷണത്തിന്റെ ഭാഗമാക്കണമെന്ന നിർദേശം റിയോ ഉച്ചകോടി മുൻപോട്ട് വെച്ചു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കേരളത്തിൽ നടന്ന, പഞ്ചായത്ത് തലങ്ങളിൽ പ്രകൃതിവിഭവ രൂപരേഖ തയ്യാറാക്കുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള പ്രവർത്തങ്ങൾ മേൽപ്പറഞ്ഞ അവബോധത്തോട് ചേർത്ത് വായിക്കേണ്ടതാണ്. ജൈവവൈവിധ്യ സംരക്ഷണ നിയമങ്ങൾ (കാണുക: Govt. of India, The Biological Diversity Act, 2002) ഗ്രാമപഞ്ചായത്ത് തലത്തിലുള്ള പ്രകൃതി സംരക്ഷണ പ്രവർത്തങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളായിരുന്നു. കോട്ടയം ജില്ലയിലെ കടനാട് പഞ്ചായത്തിലെ കരിങ്കൽ ഖനനത്തിനെതിരായ മുന്നേറ്റങ്ങൾ അതിനുദാഹരണമായി ഗാഡ്ഗിൽ ചൂണ്ടിക്കാണിക്കുന്നു (ഗാഡ്ഗിൽ 2023: 232). ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വളർച്ച ജനാധിപത്യവൽക്കരണത്തിനുള്ള വഴിയായി കാണുന്നതിനുള്ള പല ഉദാഹരണങ്ങളിൽ ഒന്നാണിത്. ജനങ്ങളും അവർ പ്രവർത്തിക്കുന്ന പ്രാദേശിക പ്രസ്ഥാനങ്ങളും അവരുടെ പാരിസ്ഥിതിക അറിവുകളും രൂപപ്പെടുത്തുന്ന മനുഷ്യ-പ്രകൃതി ബന്ധത്തെ Peoplescape എന്നാണ് ഗാഡ്ഗിൽ വിശേഷിപ്പിച്ചത്. എന്നാൽ, ജാതി വേർതിരിവ്, പാരിസ്ഥിതിക വിദ്യാഭ്യാസത്തിന്റെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ മൂലമുള്ള തദ്ദേശവാസികൾക്കിടയിലെ സ്വരചേർച്ചയുടെ അഭാവം ഭൂമി കൈയേറ്റക്കാരും, ഖനി മാഫിയകളും ചൂഷണം ചെയ്യുന്നതിനെപ്പറ്റി ഗാഡ്ഗിൽ പലയിടങ്ങളിലും സൂചിപ്പിക്കുന്നുണ്ട്.
പരിസ്ഥിതി, യാത്ര, എഴുത്തുകൾ
നിരന്തരമായ യാത്രകൾക്കും ഗവേഷണ പ്രവർത്തങ്ങൾക്കുമിടയിൽ ഗാഡ്ഗിൽ എഴുതിക്കൊണ്ടിരുന്നു. കൈലാഷ് മൽഹോത്രയുമായി ചേർന്ന് എഴുതിയ നാടോടി സമൂഹങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ, വി. ഡി. വർത്തക്കുമായി ചേർന്നെഴുതിയ വിശുദ്ധവനങ്ങളെപ്പറ്റിയുള്ള പഠനങ്ങൾ, രാമചന്ദ്ര ഗുഹയുമായി ചേർന്ന് എഴുതിയ പാരിസ്ഥിതിക ചരിത്രചിന്താ പഠനങ്ങളുമെല്ലാം ഇവയിൽ ഉൾപ്പെടുന്നു. ഹിന്ദു, ഹിന്ദുസ്ഥാൻ ടൈംസ്, ഔട്ട്ലൂക്ക്, ഇക്കണോമിക് ടൈംസ് എന്നിവ ഉൾപ്പെടെയുള്ള ഇംഗ്ലീഷ് പത്രങ്ങളിലും മാസികകളിലും, ഒപ്പം മറാത്തി ഭാഷയിലും എഴുതി. അതിൽ എടുത്തുപറയേണ്ടതാണ് കുട്ടികൾക്ക് വേണ്ടിയുള്ള പരിസ്ഥിതിയെഴുത്തുകൾ. Sense and Nonsense എന്ന പേരിൽ ഹിന്ദു യങ് വേൾഡ് എന്ന കുട്ടികൾക്ക് വേണ്ടിയുള്ള പ്രസിദ്ധീകരണത്തിലാണ് തൊണ്ണൂറുകളുടെ അവസാനം ഗാഡ്ഗിൽ കോളം ആരംഭിച്ചത്.
പഞ്ചതന്ത്ര കഥകളും റുഡ്യാർഡ് കിപ്ലിങിന്റെ ജംഗിൾ ബുക്കും വായിച്ചു വളർന്ന ഗാഡ്ഗിൽ കുട്ടികൾക്ക് വേണ്ടി മനോഹരമായി എഴുതി. മിത്തുകളും ഭാവനകളും ഇഷ്ടപ്പെടുന്ന ഒരു ശാസ്ത്രജ്ഞൻ അവയിലൂടെ കുട്ടികളോട് ആ ഭാഷയിൽ സംവദിക്കുക കൂടിയായിരുന്നു. പാരിസ്ഥിതിക അറിവുകളും പ്രകൃതി സ്നേഹവും കുട്ടികളിൽ എത്തിക്കാനുള്ള മാർഗമായിരുന്നു ഗാഡ്ഗിലിന് ബാലസാഹിത്യം.
ഗാഡ്ഗിലിന്റെ എഴുത്തുകളെ പരാമർശിക്കുമ്പോൾ എടുത്തുപറയേണ്ടതാണ് രാമചന്ദ്ര ഗുഹയുമായുള്ള നാല് പതിറ്റാണ്ട് നീണ്ട സൗഹൃദം. ചിപ്കോ പ്രസ്ഥാനത്തെപ്പറ്റി ഗുഹ പഠനം നടത്തുന്ന കാലത്ത് തുടങ്ങിയ സൗഹൃദം അക്കാദമിക ലോകത്തിന് വലിയ സംഭാവനകളാണ് നൽകിയത്. This Fissured Land (1992), Ecology and Equity (1992) എന്നിവ അവയിൽ പ്രധാനമാണ്. പടിഞ്ഞാറൻ പാരിസ്ഥിതിക ചരിത്രത്തിന്റെ ചട്ടക്കൂടും സമയ – സ്ഥല സങ്കൽപ്പങ്ങളും ആശ്രയിക്കാതെ ഇന്ത്യൻ സാഹചര്യത്തിൽ നിന്നുകൊണ്ടുള്ള ചരിത്രവീക്ഷണം രൂപപ്പെടുത്തി എന്നതാണ് ഇരുവരും ചേർന്നെഴുതിയ പഠനങ്ങളെ മിഴിവുറ്റതാക്കുന്നത്. പ്രകൃതി – മനുഷ്യ പാരസ്പര്യത്തിന് ആഖ്യാനത്തിൽ കേന്ദ്രസ്ഥാനം നൽകുന്നത് ഈ പഠനങ്ങളെ ആഗോള പ്രാന്തപ്രദേശങ്ങളുടെ പാരിസ്ഥിതിക ചരിത്രമെഴുത്തിനുള്ള മാതൃകയാക്കുന്നു.
ജോലിയിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് പൂണെയിൽ തിരികെയെത്തിയ ഗാഡ്ഗിൽ ശാസ്ത്രപഠനങ്ങളിലെ ജനകീയ എഴുത്തുകൾക്ക് കൂടുതൽ സമയം നൽകി, പ്രത്യേകിച്ചും മറാത്തിയിൽ.
പശ്ചിമഘട്ട സംരക്ഷണ നിലപാടുകൾ
ജോലിയിൽ നിന്ന് വിരമിച്ചതിന് ശേഷം പൂണെയിലെ വസതിയിൽ വിശ്രമജീവിതം നയിക്കുകയല്ല ഗാഡ്ഗിൽ ചെയ്തത്. യാത്രകൾ തുടർന്നു. ഖനികളെപ്പറ്റിയുള്ള ആഴമുള്ള പഠനത്തിലേർപ്പെടുന്നത് ഇക്കാലത്താണ്. ഗോവയിലേക്കും മറ്റ് പശ്ചിമഘട്ട പ്രദേശങ്ങളിലേക്കും തുടർച്ചയായി പഠനയാത്രകൾ നടത്തി. യൂറോപ്യൻ അധിനിവേശത്തിന്റെ ആഘാതം പശ്ചിമഘട്ടത്തിന്റെ ആവാസവ്യവസ്ഥയെ തിരിച്ചെടുക്കാനാവാത്ത വിധം മാറ്റിക്കഴിഞ്ഞിരുന്നു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള വ്യവസായവൽക്കരണവും പശ്ചിമഘട്ട മലനിരകളെ വിഭവങ്ങൾ മാത്രമായി കാണുന്ന പ്രവണതയും തുടർന്നു. 150 മില്യൺ വർഷങ്ങളുടെ ചരിത്രമുള്ള ഈ മലനിരകളെ രണ്ട് നൂറ്റാണ്ടിൽ താഴെയുള്ള സമയം കൊണ്ട് നിലനിപ്പിന്റെ ഭീഷണിയിലേക്ക് തള്ളിവിട്ടു ആധുനിക സമൂഹത്തെ നിയന്ത്രിക്കുന്ന വ്യവസായ – നഗരവത്കൃത വ്യവസ്ഥ. 1971-ൽ ഹാർവാർഡിൽ നിന്ന് തിരികെ വന്നപ്പോൾ പൂണെ നഗരത്തോട് ചേർന്ന് കിടക്കുന്ന ഈ പുരാതന മലനിരകൾ വിവേചനമില്ലാതെ തകർന്നുപോകുന്നതാണ് ഗാഡ്ഗിൽ കണ്ടത്. അക്കാലത്ത് ആരംഭിച്ചതാണ് ഗാഡ്ഗിലിന്റെ പശ്ചിമഘട്ട പഠനങ്ങൾ. തുടർന്നുള്ള പതിറ്റാണ്ടുകളിലാണ് കാലാവസ്ഥാ പ്രതിസന്ധിയെപ്പറ്റിയുള്ള ധാരണകൾ ഒരു പഠനമേഖലയും ആഗോള മുന്നേറ്റവും ആയി വളരുന്നത്. അക്കാലത്ത് രൂപപ്പെട്ട പാരിസ്ഥിതിക പ്രസ്ഥാനങ്ങളെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങൾ കൂടിയാണ് ഗാഡ്ഗിലിന്റെ പ്രവർത്തനങ്ങൾ.
2011-ലാണ് പശ്ചിമഘട്ട സംരക്ഷണം വിശകലനം ചെയ്യുന്ന റിപ്പോർട്ട് എഴുതുന്നതിന് ഗാഡ്ഗിൽ നേതൃത്വം നൽകിയത്. ഖനികളും, ഭൂമിയുടെ കുത്തകവൽക്കരണവും, കാറ്റാടി യന്ത്രങ്ങളും, വൻകിട ഡാമുകളുടെ നിർമ്മാണവും നിയന്ത്രിച്ചില്ലെങ്കിൽ പശ്ചിമഘട്ടത്തിന്റെ നിലനിൽപ്പ് അസാധ്യമാകുമെന്ന് റിപ്പോർട്ട് ശക്തമായ മുന്നറിയിപ്പ് നൽകി. തുടർന്ന്, കേരളത്തിൽ നടന്ന പൊതു ചർച്ചകളിൽ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട പേരായി മാറി മാധവ് ഗാഡ്ഗിൽ. കേരളത്തിലെ ചെറിയ നാൽക്കവലകൾ മുതൽ പത്രങ്ങളിലും സോഷ്യൽ മീഡിയ പേജുകളിലും കേട്ടറിവുകൾ വെച്ച് ആളുകൾ മാധവ് ഗാഡ്ഗിലിനെ വിമർശിച്ചു. സോഷ്യൽ മീഡിയ വഴി നടക്കുന്ന കൂട്ടായ ആക്രമണങ്ങൾ ഒരു ശക്തിയായി രൂപം പ്രാപിച്ചു വരുന്ന കാലമായിരുന്നു രണ്ടായിരത്തിപ്പത്തുകളുടെ തുടക്കം. അത്തരം വിമർശനങ്ങൾ കുറച്ചെങ്കിലും ശമിച്ചത് 2018-ലെ മഹാപ്രളയത്തിന് ശേഷമാണ്. അതിനും പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ വേണ്ടത്ര മുന്നൊരുക്കമോ, ജനങ്ങൾക്ക് മുന്നറിയിപ്പോ നൽകാതെ ഡാമുകൾ തുറക്കുന്നതിനെതിരെ ഗാഡ്ഗിൽ പ്രതിഷേധിക്കുന്നുണ്ട്.
പശ്ചിമഘട്ടസംരക്ഷണ റിപ്പോർട്ടിനെ വിമർശനാത്മക വീക്ഷണമായി വായിക്കാത്തവർക്ക് ഒരുപക്ഷേ ഗാഡ്ഗിലിന്റെ നിലപാടുകളിലെ ചരിത്രവീക്ഷണവും ആഴവും കരുതലും അറിയാമായിരുന്നില്ല എന്ന് വേണം കരുതാൻ. രാമചന്ദ്ര ഗുഹയുമായി ചേർന്നെഴുതിയ ആഗോളവൽക്കരണത്തിന്റെ സാമൂഹിക-പാരിസ്ഥിതിക മാനം വിശകലനം ചെയ്യുന്ന Ecology and Equity: The Use and Abuse of Nature in Contemporary India (1995) എന്ന പഠനത്തിലെ നിരീക്ഷണം ഇങ്ങനെയാണ്:
“ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ എല്ലാക്കാലവും ഉണ്ടായിരുന്നത് ജൈവസ്തുക്കളുടെ ശേഖരണത്തെ ആശ്രയിച്ചുള്ള സംസ്കാരങ്ങളായിരുന്നു. മനുഷ്യർ അവരുടെ അധ്വാനശേഷിയെ ആശ്രയിച്ചുള്ള കാർഷികവൃത്തിയിലേർപ്പെട്ട് അവരുടെ ഉപജീവനമാർഗം കണ്ടെത്തി. അവർ ശേഖരിക്കുന്ന ജൈവവസ്തുക്കളുടെ വിപണനം വഴി മറ്റ് അവശ്യവസ്തുക്കൾ വാങ്ങി… എന്നാൽ വ്യവസായ വിപ്ലവം ഭൂമിയെ പുതിയ തരം ഊർജ്ജ വിഭവങ്ങളുടെ ഖനിയാക്കി. കൽക്കരിയും ഫോസിൽ ഇന്ധനവും ജലവൈദ്യുതിയും ആണവോർജ്ജവും പ്രകൃതിയെ ആഗോള വിപണനം സാധ്യമാക്കുന്ന തലത്തിൽ വിഭവവൽക്കരിച്ചു” (പുറം 133, സ്വതന്ത്ര തർജ്ജമ).
തദ്ദേശീയ സമൂഹങ്ങൾക്കുള്ളിലെ ഉച്ചനീചത്വങ്ങൾക്ക് പ്രാധാന്യം നൽകാത്ത ഈ നിലപാട് അതിൻ്റെ വിശകലനത്തിൽ ചരിത്രപരിണാമത്തിലെ സങ്കീർണ്ണതകൾക്ക് അർഹിക്കുന്ന പ്രാധാന്യം നൽകുന്നില്ല എന്നത് ശരി തന്നെ. എന്നിരിക്കിലും കൃഷിയുടെ വ്യവസായവൽക്കരണവും വനങ്ങളുടെ വിഭവവൽക്കരണവും തീവ്രമായ കാലത്തോടുള്ള വിമർശനമായി ഈ ചരിത്രവീക്ഷണത്തിൽ കാണാം. ഗാഡ്ഗിലിന്റെ ദീർഘകാല ഫീൽഡ് വർക്കിന്റെ നേർക്കാഴ്ച്ച ഈ പഠനത്തിൽ കാണാം. സാധാരണക്കാരുടെ അതിജീവന സമരങ്ങളെ പാരിസ്ഥിതിക മുന്നേറ്റങ്ങളുടെ ഭാഗമായാണ് ഈ പഠനം അവതരിപ്പിക്കുന്നത്. നിരന്തരമായി നടക്കുന്ന പ്രകൃതിയുടെ അരികുവൽക്കരണം ബാക്കി വെയ്ക്കുന്ന സാമൂഹിക അസമത്വങ്ങളോടുള്ള കലഹമാണ് ചരിത്രഗതിയെ നിയന്ത്രിക്കുന്നതെന്ന ബോധ്യം മേൽപ്പറഞ്ഞ പഠനത്തിൽ തെളിഞ്ഞുകാണാം.
ഏത് വികസനപ്രവർത്തനവും പാരിസ്ഥിതികാഘാതത്തിന് ഇടവരുത്തുന്നതാണ് എന്നതാണ് മുതലാളിത്തത്തിന്റെ ചരിത്രം, പ്രത്യേകിച്ച് രണ്ടാം ലോകയുദ്ധത്തിന് ശേഷം. അതിൽ പലതും ഒരളവോളം ഒഴിവാക്കാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള ആത്മാർത്ഥമായ ഇടപെടലുകൾ നടക്കുന്നില്ല എന്നത് ഗാഡ്ഗിൽ എടുത്തുപറയുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന് വേണ്ടിയുള്ള വിദഗ്ധ സമിതിയുടെ (Western Ghats Ecology Expert Panel) നിർദേശങ്ങൾ അപ്രായോഗികമെന്ന് തള്ളിക്കളയുന്ന സന്ദർഭത്തിൽ ഈ നിരീക്ഷണം പ്രധാനമാണ്. ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർക്കുന്ന നിലപാടുകളാണ് തുടർന്ന് കാണുന്നത്. എന്നാൽ, സാധാരണ മനുഷ്യരുടെ ഇടപെടലുകളും അറിവുകളും പ്രകൃതിയെയും മനുഷ്യരെയും സംരക്ഷിക്കുന്ന ഒരു ഭാവിയിൽ ഗാഡ്ഗിൽ അവസാനം വരെയും വിശ്വസിച്ചിരുന്നു.
(ദില്ലി സർവകലാശാലയിൽ ചരിത്രാധ്യാപകനാണ് ലേഖകൻ)







Be the first to write a comment.