ഉഭയജീവിതസൗന്ദര്യശാസ്ത്രം (Amphibian Aesthetics) എന്ന ആശയത്തിലൂടെ കലാപ്രവർത്തകരുടെയും എഴുത്തുകാരുടെയും ഗവേഷകരുടെയും കൂട്ടായ്മയായ ആഴി ആർക്കൈവ്സിന്റെ (Aazhi Archives) മാനിഫെസ്റ്റോ അവതരിപ്പിക്കുകയാണ് അതിന്റെ സ്ഥാപകാംഗവും മാനേജിങ്ങ് ഡയറക്ടറും ആർട്ടിസ്റ്റും ക്യൂറേറ്ററുമായ റിയാസ് കോമു.
ഉഭയജീവിതസൗന്ദര്യശാസ്ത്രത്തിലേക്ക് – സന്ദിഗ്ദ്ധകാലത്തെ കല:
ക്യുററ്റോറിയൽ ലേഖനം, ആഴി ആർക്കൈവ്സ്.
ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയിൽ കരിപൂശിയ വാവും
[ചങ്ങമ്പുഴ (1911–1948), കാവ്യനർത്തകി]
“…നമ്മുടെ കാലം സന്ദിഗ്ദ്ധാവസ്ഥയുടേതാണെങ്കിലോ? – അഥവാ, മറ്റൊരു രീതിയിൽ പറഞ്ഞാൽ, സന്ദിഗ്ദ്ധാവസ്ഥയെ എത്തിപ്പിടിക്കാൻ നമ്മുടെ കാലം പാകമായെങ്കിലോ? നാം ഇച്ഛിക്കുന്ന വ്യവസ്ഥാപിതത്വത്തിൻ്റെ കേന്ദ്രം, സന്ദിഗ്ദ്ധതയും അനിശ്ചിതത്വവും അന്തസാരശൂന്യമെന്നു നാം കരുതുന്നവയുമാണെന്നു വരികിലോ?
കൂട്ടായ അതിജീവനത്തെക്കുറിച്ച് ചിന്തിക്കേണ്ടതെങ്ങനെയെന്ന് പുരോഗമനത്തിൻ്റെ കെട്ടുകഥകളോ കെടുതികളോ നമ്മോട് പറയുന്നില്ല. കൂണുകൾ നുള്ളുന്നതിൽ ശ്രദ്ധ ചെലുത്തേണ്ട കാലമായിരിക്കുന്നു. അത് നമ്മെ രക്ഷപ്പെടുത്തുമെന്നല്ല, പക്ഷേ നമ്മിലെ ഭാവനയെ ഒന്നു തുറന്നേക്കാം.”
[അന്ന ലോവൻഹോപ്റ്റ് ത്സിങ്, 2015]
‘സമകാലീനത’ എന്നത് എല്ലായിപ്പോഴും ആയിരിക്കലോ ആയിക്കൊണ്ടിരിക്കലോ ആണ്; സ്ഥിരപ്പെടലിനു വിധേയമാവാതെ, ചലനത്തിൻ്റെ അടിയന്തിരത്വങ്ങൾക്കൊപ്പം സ്ഥലകാലങ്ങൾ ഒന്നിച്ചലതല്ലുന്ന ഒരു പ്രവാഹാവസ്ഥയാണത്. ‘സമകാലീനത’യെപ്പറ്റി സംസാരിക്കുകയെന്നാൽ ഉഭയജീവിയായി സംസാരിക്കുകയെന്നർത്ഥം. അതായത്, അസ്തിത്വത്തിൻ്റെ ഏകാവസ്ഥയിൽ തളയ്ക്കപ്പെടാതെ, ബഹുലോകങ്ങളിൽ വ്യാപരിച്ച് നിരന്തരം ആയിത്തീരൽ. മനുഷ്യചരിത്രത്തിന്റെ അന്ത്യഘട്ടമെന്ന് കരുതപ്പെടുന്ന ഈ യുഗത്തിൽ സ്ഥല-കാലങ്ങളെക്കുറിച്ചുള്ള ഈ ആലോചനകൾ അത്യന്തം അനിവാര്യമായിത്തീർന്നിരിക്കുന്നു. മുന്നേറ്റങ്ങളാൽ അല്പമാത്രമായും മഞ്ഞുരുക്കം, കാലാവസ്ഥാക്ഷോഭം, പരിസ്ഥിതിവിനാശം തുടങ്ങിയ മുറിവുകളാൽ വ്യാപകമായുമാണ് ഈ നരവംശാധീശ (Anthropocene) കാലഘട്ടം അടയാളപ്പെടുന്നത്.

‘വികസന’ പ്രക്രിയകളാൽ ആയിരക്കണക്കിന് ജീവിവർഗങ്ങൾ വംശനാശം നേരിട്ടതുപോലെ, ഇന്ന് മനുഷ്യരാശിയൊന്നാകെ ഒരു സന്ദിഗ്ദ്ധഘട്ടത്തെ അഭിമുഖീകരിക്കുകയാണ്. പാരിസ്ഥിതികം മാത്രമല്ല, രാഷ്ട്രീയവും സമ്പദ്‌വ്യവസ്ഥാപരവും സാംസ്കാരികവുമായ തലങ്ങളിലേക്കു വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട് ആ സന്ദിഗ്ദ്ധത. ഉദാഹരണത്തിന്, യുക്രെയ്‌നിലും ഫലസ്തീനിലും നടക്കുന്ന യുദ്ധങ്ങളും കൂട്ടക്കൊലകളും ശ്രദ്ധിക്കുക. ആഗോള പ്രതിഷേധങ്ങളോ സമാധാനത്തിനായുള്ള അഭ്യർത്ഥനകളോ പോകട്ടെ, തുടർച്ചയായ മാധ്യമശ്രദ്ധ പോലും അവയ്ക്ക് ലഭിക്കുന്നില്ല. സകല സംഘർഷങ്ങളും വാർത്താവാണിഭത്തിൻ്റെ ബഹളങ്ങളിൽ മുങ്ങിപ്പോകുന്നു. സാമ്പത്തിക മേഖലയിലാകട്ടെ, പ്രകാശവേഗതയിൽ സഞ്ചരിക്കുന്ന ആഗോളമൂലധനം വിചിത്രമായ സമയാനുഭവങ്ങൾക്കും വിനാശകരമായ സ്ഥലയാഥാർത്ഥ്യങ്ങൾക്കും ജന്മംകൊടുക്കുന്നു. ചെറുത്തുനിൽപ്പിൻ്റെ ഏറ്റക്കുറച്ചിലുകൾക്കനുസരണമായി മൂലധനം ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് നിരന്തരം മാറ്റിസ്ഥാപിക്കപ്പെടുന്നു. അതിന്റെ ചലനവേഗവും ചടുലതയും വർദ്ധിക്കുമ്പോൾ, അദ്ധ്വാനശേഷിയുടെ പോക്കുവരവുകളാവട്ടെ കർശനമായ നിരീക്ഷണനിയന്ത്രണങ്ങൾക്ക് വിധേയമാവുന്നു. അപ്രകാരം മൗലികാശയങ്ങളുടെയും ബഹുജനപ്രസ്ഥാനങ്ങളുടെയും ഏകോപനം തടയപ്പെടുന്നു.
വിവരസാങ്കേതികവിദ്യയുടെ ആഗോളപ്പടർച്ച പുതിയ അന്തർദേശീയാവബോധത്തിനും രാഷ്ട്രീയ ഐക്യദാർഢ്യത്തിനും അവസരമൊരുക്കിയെങ്കിലും, പ്രായോഗികമായി അത് ഭരണകൂട–മൂലധനശക്തികളുടെ ശ്വാസംമുട്ടിക്കുന്ന നിരീക്ഷണസംവിധാനങ്ങൾക്ക് അരുനിൽക്കുകയാണ് ചെയ്തത്. അതായത്, പുത്തൻ ഐക്യദാർഢ്യങ്ങൾക്ക് വാഗ്ദാനമാകുമെന്നു കരുതിയ സ്ഥിതിവിവരശേഖരം ഇന്ന്, വിയോജനത്തിൻ്റെ സകലവഴിയും കൊട്ടിയടച്ചുകൊണ്ട് സത്യാനന്തരതയുടെ മൂടൽമഞ്ഞായി മാറി.
കലാരംഗത്താകട്ടെ, വിപണി തഴച്ചുവളരുമ്പോഴും – ബിനാലെകൾക്കും ട്രിനാലെകൾക്കുമോ ഗാലറികൾക്കും മ്യൂസിയങ്ങൾക്കും ലേലങ്ങൾക്കും നേട്ടങ്ങൾക്കുമോ ഒരു കുറവുമില്ലെങ്കിലും – ആഗോള കലാരംഗത്ത് ഒരു മൗലികനിമിഷത്തെയോ ജൈവിക പ്രസ്ഥാനത്തെയോ നമ്മൾ അപൂർവ്വമായേ അഭിമുഖീകരിക്കുന്നുള്ളൂ.

അതിജീവനത്തിന്റെയും വംശനാശത്തിന്റെയും, അദ്ധ്വാനത്തിന്റെയും മൂലധനത്തിന്റെയും, സത്യത്തിന്റെയും വിവരശേഖരത്തിന്റെയും, വാണിജ്യത്തിന്റെയും കലയുടെയും ഈ പരസ്പരവിരുദ്ധ പ്രഭാവങ്ങളെ നമുക്ക് എങ്ങനെ മനസ്സിലാക്കാൻ കഴിയും? നാം ജീവിക്കുന്ന ഈ സ്ഥലകാലച്ചുഴലിയിൽ ഒരാൾ തൻ്റെ കലയെ എങ്ങനെ ‘ലോകപര’മാക്കും? കലാപ്രയോഗത്തെ എങ്ങനെ സ്ഥാനപ്പെടുത്തും? ഇക്കാലത്ത് ‘മൗലിക’മെന്നാൽ എന്താണ്? ഇന്നിൻ്റെ അഗാധചിത്തഭ്രമങ്ങളെ കല എങ്ങനെ അഭിസംബോധന ചെയ്യും? ആവിഷ്കരിക്കും?
ഒരു ഭൗമജന്മം എന്ന നിലയിലും ജീവസംവർഗ്ഗം എന്ന നിലയിലും വിവേകബുദ്ധി എന്ന നിലയിലും നാം എവിടെയാണ് നിലകൊള്ളുന്നതെന്ന നിർണായകചോദ്യത്തിലേക്കു കൂടി അതു നമ്മെ നയിക്കാതിരിക്കുമോ?
* * * *
ടെറി സ്മിത്ത് ചോദിക്കുന്നതുപോലെ:
“ഒരു കൂട്ടം ആശയങ്ങൾ അഥവാ മൂല്യങ്ങൾ എന്നോ, ഒരു പ്രയോഗമെന്നോ, ഒരു സ്ഥാപനം അല്ലെങ്കിൽ മനുഷ്യബന്ധം എന്നോ, പരിഗണിക്കപ്പെടാവുന്ന വ്യവഹാരങ്ങളുടെ – തീർച്ചയായും നമ്മുടേതായ ഒരു കാലഘട്ടം എന്നതിന്റെ – നിയതമായ ഗുണം എന്താണ്?”
നമ്മുടെ കാലത്തെ നിർവ്വചിക്കുന്നത് സന്ദിഗ്ദ്ധാവസ്ഥയാണെങ്കിൽ അത് സമകാലീന ലോകജീവിതത്തിൻ്റെ എല്ലാ തലങ്ങളിലും പ്രകടവും സമീപസ്ഥവും അന്തർലീനവുമാണ്. മായികമായ മൂലധനസഞ്ചാരത്തിനു മുന്നിലെ അദ്ധ്വാനശക്തിയുടെ വിധേയത്വത്തിലും, സാമൂഹികമാധ്യമകാലത്ത് സത്യം നേരിടുന്ന സന്ദിഗ്ദ്ധതയിലും, മൗലികത മുഴങ്ങാത്ത കലയുടെ അമിതോൽപ്പാദനപ്രദർശനങ്ങളിലും, ദക്ഷിണാർദ്ധ–ഉത്തരാർദ്ധ ഗോളഭേദമില്ലാതെ എങ്ങും കാണപ്പെടുന്ന വലതുപക്ഷ രാഷ്ട്രീയത്തിന്റെ പൈശാചികമായ സമവായത്തിലുമെല്ലാം ഇത് ദൃശ്യമാണ്.
മറുവശത്ത്, ഭൗമച്ചതുപ്പിലുടനീളമുള്ള ഏതൊരു ജീവരൂപമെടുത്താലും അവ വംശനാശത്തിന്റെ ഭീഷണിയിലോ വിചിത്രമായ ജനിതകരൂപാന്തരത്തിൻ്റെ വക്കിലോ ആണെന്നു കാണാം. പാരമ്പര്യം/ആധുനികത, കിഴക്ക്/ പടിഞ്ഞാറ്, കര/ കടൽ, കോളനീകരണം/ ഉത്തരകോളനീകരണം, ആണ്/ പെണ്ണ്, ഇടത്/ വലത് തുടങ്ങിയ മുൻകാല ദ്വന്ദ്വഭാവനകളെ അപ്രസക്തമാക്കിക്കൊണ്ട് ജീവിതത്തിന്റെ ഈ സന്ദിഗ്ദ്ധാവസ്ഥ ചിന്താപദ്ധതികളിലേക്കും വ്യാപിച്ചുകഴിഞ്ഞു. ചിന്തയുടെ മൂലരൂപങ്ങൾ തിരഞ്ഞുകൊണ്ട് നാം ഇന്നിൻ്റെ കെട്ടുപിണഞ്ഞ യാഥാർത്ഥ്യങ്ങളെ അഭിസംബോധന ചെയ്യേണ്ടിയിരിക്കുന്നു. കരകടലുകളിലും, ഭൂതവർത്തമാനങ്ങളിലും ഒരുപോലെ പുലരുകയും ലിംഗം, വംശം, ദേശം, മതം എന്നിവയുടെ എല്ലാ സൂക്ഷ്മഛായാഭേദങ്ങളിലൂടെയും കടന്നുപോവുകയും ചെയ്യുന്ന ഒരു ഉഭയജീവിതസൗന്ദര്യശാസ്ത്രം നമുക്ക് ആവശ്യമാണ്. ഉഭയജീവിയാവുകയെന്നാൽ, ജീവിതത്തെയും ലോകത്തെയും ഊർജ്ജങ്ങളുടെ ഒരു തേജോമണ്ഡലമായി, ഭൗതിക–അഭൗതികാവസ്ഥകളുടെയും പ്രവൃത്തി–ചിന്തകളുടെയും ലയ–കലഹങ്ങളുടെയും ഒരു തുടർവലയായി തിരിച്ചറിയുക എന്നതാണ്.
ജോവാന സിലിൻസ്ക ഓർമ്മിപ്പിക്കുന്നതുപോലെ: “നരവംശാധിപത്യാനന്തരകാലത്തെ വർദ്ധിച്ച ബാധ്യതകളുടെ നീതിബോധം, മനുഷ്യരെ സംബന്ധിച്ചിടത്തോളം, വ്യത്യസ്ത മാനകങ്ങളിലായുള്ള വിവിധതരം പ്രപഞ്ചവീക്കങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാനും ദൈനംദിന ബന്ധങ്ങളുടെയും ബന്ധുത്വങ്ങളുടെയും സങ്കീർണ്ണവലയിഴകളോടു പ്രതികരിക്കാനുമുള്ള ഒരുപാധിയായി മാറുന്നു.”
* * * * * *
നൂറ്റാണ്ടുകൾ നീണ്ട നാവികസഞ്ചാരങ്ങൾ, പര്യവേക്ഷണങ്ങൾ, വാണിജ്യബന്ധങ്ങൾ, കോളനീകരണം എന്നിവയിലൂടെ രൂപപ്പെട്ട സമുദ്രാന്തരവിനിമയങ്ങളിലെ ഏറ്റിറക്കങ്ങളെയും സാമൂഹിക–രാഷ്ട്രീയ–സാംസ്കാരിക–കലാ തലങ്ങളിലെ സമുദ്രജന്യമായ ഭൗമരൂപീകരണങ്ങളെയും നോക്കിക്കാണാനുള്ള ശ്രമമായിരുന്നു കൊച്ചിയിൽ ആഴി ആർക്കൈവ്‌സ് രൂപകല്പന ചെയ്ത് 2022–23ൽ സംഘടിപ്പിച്ച “കടൽ, ഒരു തിളയ്ക്കുന്ന ചെമ്പ്” (Sea a Boiling Vessel) എന്ന പ്രദർശനത്തിന്റെ ഒന്നാം അധ്യായം. കരയ്ക്കും കടലിനുമിടയിലെ വിവിധ സംവാദമാതൃകകൾ അതിൽ അവതരിപ്പിക്കപ്പെട്ടു. കൊളോണിയൽ അധിനിവേശങ്ങളുടെ വ്യത്യസ്തധാരകൾ, സ്വയമേവയും നിർബന്ധിതവുമായ കുടിയേറ്റങ്ങൾ, വാണിജ്യ–വ്യാപാരങ്ങൾ, ആത്മീയയാത്രകൾ, കപ്പൽച്ചേതങ്ങൾ എന്നിവ പ്രമേയമാക്കിയ ആ പ്രദർശനത്തിൽ, മലയാളി ജനജീവിതത്തിൻ്റെയും അധികാരവ്യവസ്ഥയുടെയും സംസ്കാരത്തിൻ്റെയും വിവിധ മണ്ഡലങ്ങളിലെ സംഘർഷ–സംഗമങ്ങൾ, സംഭാഷണ–രൂപാന്തരണങ്ങൾ, തിരസ്കരണ–സ്വാംശീകരണങ്ങൾ എന്നിവയുടെ മുദ്രകൾ ദൃശ്യാലേഖനം ചെയ്യപ്പെട്ടു. കേരളത്തിലെ ക്രിസ്തീയ ദേവാലയങ്ങളിലെ ചുവർചിത്രങ്ങളുടെ പരമ്പരയാണ് ഒരുദാഹരണം. രൂപപ്രതീകാദികളിലെ ദേശാന്തരാവിഷ്കാരങ്ങൾ, പരിഷ്കരണങ്ങൾ എന്നിവയെയും അവയുടെ സൗന്ദര്യശാസ്ത്രപരവും ഭൗതികവുമായ തിരഞ്ഞെടുപ്പുകളെയും മുൻനിർത്തി ചുവർചിത്രങ്ങളെ വ്യത്യസ്തമായൊരു നോക്കുകോണിലൂടെ ആഗോള കലാചരിത്രത്തിനു പരിചയപ്പെടുത്തുകയായിരുന്നു ആ പരമ്പര.
മധ്യേഷ്യൻ നാടുകളിലേക്കുള്ള കുടിയേറ്റം, കേരളത്തിന്റെ സാമ്പത്തിക–ഉപഭോഗ വ്യവസ്ഥകളെയും അതിന്റെ സംസ്കാരം, വാസ്തുവിദ്യ, പാചകരീതി, വസ്ത്രധാരണരുചികൾ എന്നിവയെയും എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്നതും ഈ പ്രദർശനത്തിൽ അന്വേഷണവിഷയമായി. ആണും പെണ്ണും മാത്രമല്ല, അവർക്കൊപ്പം അഭിലാഷങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും നിരാശകളുമെല്ലാം കടൽ കടന്ന് ‘ലൗകിക’ ഭാവനകളുടെ വ്യത്യസ്തരൂപമാതൃകകളെ നാട്ടിലേക്കു കൊണ്ടുവന്നതിൻ്റെ ചിത്രണമായിരുന്നു അത്. തകർന്നുവീഴാറായ തങ്ങളുടെ കുടിലുകൾക്കു മുന്നിൽ ബഹുവർണ്ണ വേഷഭൂഷാദികളണിഞ്ഞു നിൽക്കുന്ന ചവിട്ടുനാടക കലാകാരന്മാരുടെ ഹൃദയസ്പർശിയായ ചിത്രങ്ങൾ, ആ പുരാതന നാവികകലാരൂപത്തിന്റെ ഇന്നത്തെ അവസ്ഥയെ മാത്രമല്ല, കാലാവസ്ഥാവ്യതിയാനവും കടലേറ്റവും അതിലോല ജീവവ്യവസ്ഥകൾക്കുമേൽ സൃഷ്ടിച്ച കൊടിയ വ്രണങ്ങളെയും ഓർമ്മിപ്പിക്കുന്നു. നാവികസഞ്ചാരങ്ങളുടെയും സമുദ്രഭാവനകളുടെയും അത്യന്തം നിർണ്ണായകമെങ്കിലും പലപ്പോഴും അവഗണിക്കപ്പെട്ട മാനങ്ങളെ ഈ പ്രദർശനം ആഴത്തിൽ പരിശോധിച്ചു. ഭൗതികവും സാംസ്കാരികവും ആത്മീയവുമായ വിനിമയങ്ങളുടെ അന്നോളം അദൃശ്യമായിരുന്ന യാത്രാപഥങ്ങളെക്കുറിച്ചുള്ള പുതുബോധ്യങ്ങൾ അത് തുറന്നുനൽകി.
സമുദ്രത്തെയും നാവികചരിത്രത്തെയും കേന്ദ്രീകരിക്കുമ്പോൾ തന്നെയും, ഈ പര്യവേക്ഷണങ്ങൾ നമ്മെ കൊണ്ടെത്തിക്കുന്നത് നാം വ്യവഹരിക്കുന്ന ജീവലോകത്തിന്റെ അടിസ്ഥാനപരമായ ഉഭയജീവപ്രകൃതത്തിലേക്കാകുന്നു. നമ്മിലെ ഉഭയജീവിതശേഷി വീണ്ടെടുക്കുന്നതിലൂടെ മാത്രമേ ഈ ഗ്രഹത്തിലെ സഹകരണ അതിജീവനത്തിനുള്ള വഴി — അതായത്, നമ്മുടെ ഭൗമ–സമുദ്രാധിഷ്ഠിത ഭാവനകൾക്കും വിവിധ ജീവിവർഗ–ജീവരൂപങ്ങൾക്കും ജൈവ–അജൈവ അസ്തിത്വങ്ങൾക്കുമെല്ലാം ഒത്തുചേർന്നു പുലരാനുള്ള വഴി — തിരയാനും കണ്ടെത്താനും നമുക്ക് സാധിക്കൂ.
ആഴി ആർക്കൈവ്സ് – ചിത്രങ്ങൾ : മുസ്തഫ് ദേശമംഗലം
photographs – Mustaf Desamangalam
ലോകത്തെക്കുറിച്ചുള്ള ഉഭയജീവി വീക്ഷണം
ഉഭയജീവി (നാമം): കരയിലും വെള്ളത്തിലും ഒരുപോലെ ജീവിക്കാൻ കഴിയുന്നവയാണ് ഉഭയജീവികൾ. അവയ്ക്ക് ശീതരക്തവും ചെതുമ്പലുകളില്ലാത്ത ചർമ്മവുമുണ്ടാവും. തവളകൾ (frogs), ടോഡുകൾ (toads), ന്യൂറ്റുകൾ (newts) എന്നിവയെല്ലാം ഉഭയജീവികളാണ്.
ജീവിതത്തിന്റെ ഒരു ഭാഗം വെള്ളത്തിലും മറുഭാഗം കരയിലുമായി ചെലവഴിക്കുന്ന ജീവിവർഗ്ഗങ്ങളെ സൂചിപ്പിക്കാനാണ് ഉഭയജീവി അഥവാ ആംഫിബിയൻ എന്ന പദം ഉപയോഗിച്ചുപോരുന്നത്. “ഇരട്ട ജീവിതം നയിക്കുക” എന്നർത്ഥം വരുന്ന അംഫിബിയോസ് (amphibios) എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. “രണ്ട് തരത്തിലുള്ള” എന്നർത്ഥം വരുന്ന അംഫി (amphi), “ജീവിതം” എന്നർത്ഥം വരുന്ന ബയോസ് (bios) എന്നീ മൂലപദങ്ങൾ ചേർന്ന് അംഫിബിയോസ് ഉണ്ടായി. പതിമൂന്നാം നൂറ്റാണ്ടിലെ ദാർശനികനും ദൈവശാസ്ത്രജ്ഞനുമായ തോമസ് അക്വിനാസിന്റെ അഭിപ്രായത്തിൽ, മനുഷ്യർ അതിഭൗതികരായ ഉഭയജീവികൾ (metaphysical amphibians) ആണ്. അവർ ഒരേസമയം കല്ലും മരങ്ങളും നിറഞ്ഞ ഭൗതികലോകത്തും ധിഷണയുടെ ഭൗതികേതരലോകത്തും ജീവിക്കുന്നു.
ഒരു വശത്ത് മഞ്ഞുരുകുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്യുന്നു. മറുവശത്ത് കരയിലെ മലിനീകരണവും താപനിലയും വർദ്ധിച്ചുവരുന്നു. ഈ ഭീഷണാവസ്ഥ നമ്മെ ഉഭയജീവിതപരിഹാരങ്ങൾ തേടാനും ജീവരൂപങ്ങളുടെയും സംസ്കാരങ്ങളുടെയും അതിജീവനതന്ത്രങ്ങൾ പുനഃപരിശോധനയ്ക്ക് വിധേയമാക്കാനും പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, ഇന്നത്തെ പാരിസ്ഥിതിക സന്ദിഗ്ദ്ധതയെ സസ്യ–ജന്തു ലോകത്തിലെ ഏറ്റവും പുരാതനവും അതിസൂക്ഷ്മവുമായ രണ്ട് ജീവരൂപങ്ങളെ — കൂണുകളെയും തവളകളെയും — മാതൃകയാക്കി വിശദീകരിക്കാനാവും. അന്ന ത്സിംഗ് തന്റെ പഠനത്തിൽ, തീവ്രമായ പാരിസ്ഥിതിക അസ്വസ്ഥതകളുടെ ഇടയിലും സഹവർത്തിത്വസാധ്യതകൾ കണ്ടെത്തി അതിജീവിക്കാനുള്ള കൂണുകളുടെ കഴിവിനെക്കുറിച്ച് സംസാരിക്കുന്നു. കൂണുകളെക്കുറിച്ചുള്ള അന്വേഷണത്തിനിടയിൽ അവർ കണ്ടെത്തുന്നത്:
“…ഒരു സാകല്യത്തിനുള്ളിലാണ്. അതായത്, പരസ്പരബന്ധിതമായ ജീവിതരീതികളുടെ തുറന്നതും വൈവിധ്യപൂർണ്ണവുമായ ഒത്തുചേരലുകൾക്കിടയിൽ; അവയോരോന്നും കാലികമായ താളങ്ങളുടെയും സ്ഥാനികമായ ചാപങ്ങളുടെയും (spatial arcs) ഇഴയടുപ്പത്തിലേക്കു തുറക്കപ്പെടുന്ന ഒരു ഭൂമികയിൽ. ഭൂവ്യാപകമായ ഒരു അവസ്ഥാന്തരമായി നിലവിലെ സന്ദിഗ്ദ്ധതയെ തിരിച്ചറിയുന്നതിലൂടെ മാത്രമേ ഈ ജൈവപ്രഹേളികയിലേക്കു ജാഗ്രതയോടെ പ്രവേശിക്കാൻ കഴിയൂ എന്ന് ഞാൻ കരുതുന്നു.”
അനേകം ജീവജാതികൾ ‘ചിലപ്പോഴെല്ലാം സന്തുലനമോ കീഴടക്കലോ ഇല്ലാതെ ഒന്നിച്ചു പുലരുന്ന’ അസ്വസ്ഥമായ ആവാസവ്യവസ്ഥകളിൽ കേന്ദ്രീകരിച്ചാണ് അവരുടെ പഠനം. ഹിരോഷിമ–നാഗസാക്കി ബോംബുകൾ സൃഷ്ടിച്ച അജൈവാവശിഷ്ടങ്ങൾക്കിടയിൽ കൂണുകൾ തഴച്ചുവളർന്നതെങ്ങനെയെന്ന് അന്ന ത്സിംഗ് വിശദീകരിക്കുന്നു.
നമുക്ക് കൂണുകളിൽ നിന്ന് ഒരുപാട് കഠിനപാഠങ്ങൾ പഠിക്കാനുണ്ട്: വിനാശത്തിൻ്റെ കയ്പ്പുപാഠങ്ങളും അതിജീവനത്തെക്കുറിച്ചുള്ള പ്രത്യാശാപാഠങ്ങളും. സന്ദിഗ്ദ്ധാവസ്ഥയുടെ മറ്റൊരു ഉദാഹരണമാണ് തവളകൾ. ഇന്ത്യൻ മേഖലയിൽ നൂറ്റാണ്ടുകളായി അതിജീവനശേഷി നിലനിർത്തിപ്പോന്ന ആയിരക്കണക്കിന് പ്രാദേശിക തവളവർഗ്ഗങ്ങൾ ഇന്ന് വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.
സ്ഥലകാലവ്യതിയാനങ്ങളെ ആഗോളതലവ്യാപ്തിയിൽ മനസ്സിലാക്കാൻ, ജീവലോകത്തിലെ ഏറ്റവും ചെറിയ അംഗങ്ങളുടെ അതിജീവനത്തിലും പ്രതിരോധശേഷിയിലും നിന്നുതന്നെ തുടങ്ങുകയല്ലേ കൂടുതൽ ഉചിതം? കരയിലും വെള്ളത്തിലും, ഭൂമിക്ക് മേലെയും താഴെയും എങ്ങനെ പുലരണമെന്ന് ഉഭയജീവികളായ തവളകൾക്കറിയാം. മൂലകങ്ങളിൽ, ആഴങ്ങളിൽ, താപനിലകളിൽ, ഉടനീളം അതിജീവിക്കുന്നതെങ്ങനെയെന്ന് അവ പഠിപ്പിക്കുന്നു.
നമുക്ക് തവളകൾക്കു ചെവിയോർത്തു തുടങ്ങാം, കൂണുകളുടെ പാതകളെ പിന്തുടരാം. സൂക്ഷ്മപ്രാണജാലങ്ങളിൽ നിന്ന് നാം സ്വായത്തമാക്കേണ്ടിയിരിക്കുന്നു, ഭൗമവിനാശത്തിനു ശേഷമുള്ള അതിജീവനതന്ത്രങ്ങൾ.
ഇത് ‘പ്രകൃതിയിലേക്കു മടങ്ങുക’ എന്ന കാല്പനികസങ്കല്പമല്ല; മറിച്ച്, ആത്മബോധമുള്ള നരവംശാധീശ (Anthropocene) കാലഘട്ടത്തിൽ നിലയുറപ്പിച്ചുകൊണ്ട് പ്രകൃതിയിലേക്കുള്ള മടക്കമാണ്.
** ** ** ** **
“വരാനിരിക്കുന്ന പാരിസ്ഥിതിക സമൂഹം ഒട്ടൊന്ന് അവ്യവസ്ഥയും ഒടിവുചതവുകളും മുടന്തുമുള്ളതും വിരോധാഭാസവും നിസ്സാരവും സങ്കടകരവുമായിരിക്കും.”
(തിമോത്തി മോർട്ടൺ)
ജീവിതത്തിൻ്റെ / സമ്പദ്‌വ്യവസ്ഥയുടെ / സംസ്കാരത്തിൻ്റെ സങ്കീർണ്ണവും ഒരുവേള അദൃശ്യവുമായതും, എന്നാൽ ജീവസന്ധാരണത്തിന് അത്യന്താപേക്ഷിതവുമായ ബഹുതലസങ്കലനങ്ങളോടുള്ള സൂക്ഷ്മപ്രതികരണശേഷിയാണ് ഉഭയജീവിതസൗന്ദര്യശാസ്ത്രം. അത് ലോകത്തെ പരസ്പരാപേക്ഷവും നിരന്തരപരിണാമിയുമായ ഒരു പ്രക്രിയയായി പരിചരിക്കുന്നു.
എക്കൽമണ്ണിനു കീഴെ വേരുകൾ പിണയുന്നതെങ്ങനെയെന്നു കണ്ടെത്താൻ അത് നമ്മെ ക്ഷണിക്കുന്നു. ഒന്ന് മറ്റൊന്നിനു മേലേക്കു പൊന്തിക്കലല്ല, മറിച്ച്, വിനിമയങ്ങൾ, സംഘർഷങ്ങൾ, സമവായങ്ങൾ എന്നിവ ആവിർഭവിക്കുകയും നിലനിൽക്കുകയും തകരുകയും മങ്ങിമായുകയും ചെയ്യുന്നതെങ്ങനെയെന്ന് മനസ്സിലാക്കാൻ സഹായിക്കലാണ് അതിൻ്റെ ലക്ഷ്യം. പരിസ്ഥിതിയെ ഒന്നിച്ചുനിർത്തുന്നതെന്തെന്നും ഉപരിഘടനയ്ക്കു കീഴെ അലയടിക്കുന്ന പ്രകമ്പനങ്ങളെന്തെന്നും വിവേചിച്ചറിയാൻ അത് നമ്മോട് ആവശ്യപ്പെടുന്നു.
സങ്കീർണ്ണത വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു ജലസാമൂഹിക (hydrosocial) സാഹചര്യമാണ് നമ്മുടേത്. മനുഷ്യജീവിതത്തെയും അതിൻ്റെ ചലനാത്മകത, അധികാരം, ഘടനാപരമായ അസമത്വങ്ങൾ എന്നിവയെയും രൂപപ്പെടുത്തുന്നതിൽ ജലത്തിൻ്റെ സാന്നിധ്യാഭാവങ്ങളും പ്രഹരാനുകൂല്യങ്ങളും ഗുണനിലവാരവും സമയക്രമവും ചെലുത്തുന്ന സ്വാധീനത്തെ ഉഭയജീവിതസൗന്ദര്യശാസ്ത്രം തിരിച്ചറിയുന്നു. സമൂഹവും ജലവും തമ്മിൽ ചരിത്രപരമായും സത്താപരമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതും ജലസാമൂഹികതയുടെ വിവിധ രൂപങ്ങൾ നമ്മുടെ ദൈനംദിനജീവിതത്തെയും അതിൻ്റെ ലാവണ്യമാതൃകകളെയും എപ്രകാരം സ്വാധീനിക്കുന്നുവെന്നതും ഈ പ്രദർശനത്തിന്റെ പ്രധാന പരിഗണനകളിലൊന്നാണ്. സാമൂഹികജീവിതത്തെയും അതിൻ്റെ ദ്രവപ്രകൃതിയുമായുള്ള വിലയത്തെയും വിവേചിച്ചറിയാൻ വിഭിന്നവും സമ്മിശ്രവുമായ രീതികൾ ആവശ്യമാണെന്ന് ഇത് പ്രഖ്യാപിക്കുന്നു. മേൽപ്പറഞ്ഞ പാരസ്പര്യങ്ങളുടെ സൗന്ദര്യശാസ്ത്രപരമായ മനനോപാധികൾ കണ്ടെത്തുന്നതിനായി വാചികം, പാഠം, ദൃശ്യം, ഡിജിറ്റൽ ഇടം, തിരയിടം എന്നിങ്ങനെയുള്ള ബഹുതലസങ്കേതങ്ങളെ ഈ പ്രദർശനം ഉപയോഗപ്പെടുത്തുന്നു.
“വിശാലമായ അർത്ഥത്തിൽ, ഒരുപക്ഷേ സംസ്‌കാരം ഇന്നോളം അഭിമുഖീകരിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം ഇതായിരിക്കാം – എന്തുകൊണ്ടെന്നാൽ, നമുക്ക് തെറ്റുപറ്റരുത്: കാലാവസ്ഥാ പ്രതിസന്ധി സംസ്‌കാരത്തിന്റെ കൂടി പ്രതിസന്ധിയാണ്, അതിനാൽതന്നെ അത് ഭാവനയുടെയും പ്രതിസന്ധിയാണ്.”
(അമിതാവ് ഘോഷ്, The Great Derangement)
മനുഷ്യമത്സ്യമൃഗപക്ഷികളുടെ ഒരു ബഹുജീവി ഭാവന (multispecies imagination) യിലേക്കാണ് ഉഭയജീവിതസൗന്ദര്യശാസ്ത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവയുടെ ആവാസവ്യവസ്ഥകൾ, സന്തുലിതമോ സംഘർഷഭരിതമോ ആയ സ്ഥലകാലമാതൃകകൾ, പങ്കാളിത്ത പരിസരങ്ങൾ, രാഷ്ട്രീയപരിതോവസ്ഥകളിലെ അസ്ഥിരപരിണാമങ്ങൾ തുടങ്ങിയവയെ ഇത് ഉൾക്കൊള്ളുന്നു.
പ്രാതിനിധ്യത്തിൻ്റെയും കർതൃത്വത്തിൻ്റെയും പരിധി വിപുലീകരിക്കുന്നതിലൂടെ, ഗ്രഹണശേഷിയും അനുഭവപരതയും സ്വത്വപരമായ അവബോധവും മനുഷ്യകുലത്തിൽ മാത്രം ഒതുങ്ങുന്ന സവിശേഷതകളല്ലെന്ന തിരിച്ചറിവ് ഈ പദ്ധതിക്കുണ്ട്. പരീക്ഷണാത്മകമായ ചില താരതമ്യങ്ങളിലൂടെ, സന്ദിഗ്ദ്ധകാലത്തിൻ്റെ ഈ പ്രദർശനം കലയിലും അക്കാദമികമേഖലയിലും പുതിയൊരു ചിന്താധാര മുന്നോട്ടുവയ്ക്കാനാഗ്രഹിക്കുന്നു — ഒരു ആവാസവ്യവസ്ഥയെന്ന പോലെ സകലത്തിനും ഇടവും പഴുതും നൽകുന്നതും അതിലെ നിവാസികളെപ്പോലെ ചലനോന്മുഖവും അതിനെച്ചൂഴുന്ന ജലത്തോളം ആഴമുള്ളതുമായ ഒരു ചിന്താധാര.
വിവിധ ആവാസവ്യവസ്ഥകളിൽനിന്ന് ശ്വസിക്കാൻ ശീലിക്കുന്നതിലൂടെ മാത്രമേ, കര മുങ്ങുകയും കടൽ പൊന്തുകയും തീരം എന്നെന്നേക്കും അസ്ഥിരമാവുകയും ചെയ്യുന്ന ഒരു യുഗത്തിലെ അതിജീവനം നമുക്കു സങ്കൽപ്പിക്കാനാവൂ. ആ ഉഭയകാലം ആഗതമായിക്കൊണ്ടിരിക്കുന്നു.
ജീവിവർഗ്ഗങ്ങളിൽനിന്ന് ജീവിവർഗ്ഗങ്ങളിലേക്കും ഭൗമപാളികളിൽനിന്ന് ഭൗമപാളികളിലേക്കും പടർന്നുപൊന്തുന്ന കഥകൾ പറയുകയും കേൾക്കുകയും ചെയ്യേണ്ട സമയമാണിത്. എന്തുകൊണ്ടെന്നാൽ:
“മരണമെന്നത് ഇനിയൊരു കഥയും കേൾക്കാനോ പറയാനോ ആഗ്രഹിക്കാത്ത അവസ്ഥയാകുന്നു.”
(ഉർസ് വിഡ്‌മർ)
ഗ്രന്ഥസൂചി (Bibliography)
– ഘോഷ്, അമിതാവ്. The Great Derangement: Climate Change and the Unthinkable. Chicago: University of Chicago Press, 2016.
– കൃഷ്ണപിള്ള, ചങ്ങമ്പുഴ. കാവ്യനർത്തകി.
– മോർട്ടൺ, തിമോത്തി. Being Ecological. London: Penguin Books, 2018.
– സ്മിത്ത്, ടെറി. Art to Come: Histories of Contemporary Art. Durham, NC: Duke University Press, 2019.
– ത് സിങ്, അന്ന ലോവൻഹോപ്റ്റ്. The Mushroom at the End of the World: On the Possibility of Life in Capitalist Ruins. Princeton: Princeton University Press, 2015.
– വിഡ്മർ, ഉർസ്. On Life, Death, and This and That of the Rest. Kolkata: Seagull Books, 2017.
– സൈലിൻസ്ക, ജോവാന. Minimal Ethics for the Anthropocene. London: Humanities Press, 2014.







Be the first to write a comment.