ജഡത്തിൻ്റെ രാഷ്ട്രീയ ചൈതന്യം
ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 10

ഗാന്ധിയുടെ കൊലപാതകത്തെ തുടർന്ന് 1948 ഫെബ്രുവരി 4ന് ആർ.എസ്.എസ് നിരോധിക്കപ്പെട്ടു. ആദ്യം ഡെൽഹി പ്രവിശ്യയിലാണ് നിരോധനം പ്രാബല്യത്തിൽ വന്നത്. പിന്നീട് അത് രാജ്യത്തിൻ്റെ മറ്റ് പ്രവിശ്യകളിലേയ്ക്കും വ്യാപിപ്പിച്ചു. സർദാർ പട്ടേലിൻ്റെ കീഴിലുള്ള ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച് ഇങ്ങനെ ഒരു കുറിപ്പ് പുറത്തിറക്കുകയുണ്ടായി.

“1948 ഫെബ്രുവരി 2ന്, നമ്മുടെ രാഷ്ട്രത്തിൻ്റെ സ്വാതന്ത്ര്യത്തെ അപകടപ്പെടുത്തുകയും അതിൻ്റെ സൽക്കീർത്തിയെ കളങ്കപ്പെടുത്തുകയും ചെയ്യുന്നതിനായി രാജ്യത്തിനുള്ളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വെറുപ്പിൻ്റേയും ഹിംസയുടേയും വേരുകൾ പറിച്ചു മാറ്റാനുള്ള നിശ്ചയദാർഢ്യത്തെ സർക്കാർ വിളംബരം ചെയ്യുകയുണ്ടായി. ഈ നയത്തിൻ്റെ തുടർച്ചയായി, ഇന്ത്യൻ ചീഫ് കമ്മീഷണറുടെ പ്രവിശ്യയിൽ (ഡെൽഹി) ആർ.എസ്.എസ്.നെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചിരിക്കുന്നു. ഗവർണ്ണർ പ്രവിശ്യകളിലും (സംസ്ഥാനങ്ങൾ) സമാനമായ നടപടി സ്വീകരിക്കുന്നതാണ്.

ജനാധിപത്യ സർക്കാരുകൾ എന്ന നിലയിൽ, ഇന്ത്യൻ സർക്കാരും പ്രാദേശിക സർക്കാരുകളും, അവയിൽ നിന്ന് വ്യത്യസ്തമായ നയങ്ങളും ഉദ്ദേശ്യങ്ങളുമുള്ള, എന്തിന് അവയ്ക്കെതിരായി പ്രവർത്തിക്കുന്നവയടക്കം, എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും സംഘടനകളുടേയും മൗലികമായ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക പ്രവർത്തനപരിപാടികൾക്കും, അവ പൊതുവായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങളോ നിയമങ്ങളോ ലംഘിക്കുന്നില്ലെങ്കിൽ, യുക്തമായ അനുമതി നൽകാൻ സദാ സന്നദ്ധമാണ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ പ്രഖ്യാപിത ഉദ്ദേശ്യലക്ഷ്യങ്ങൾ: ഹിന്ദുക്കളുടെ കായികവും ബൗദ്ധികവും മാനസികവുമായ ഉന്നമനത്തെ പ്രോത്സാഹിപ്പിക്കുക, അവർക്കിടയിൽ സാഹോദര്യവും സ്നേഹവും സേവനമനോഭാവവും അധികരിപ്പിക്കുക തുടങ്ങിയവയാണ്. സർക്കാർ സ്വയം തന്നെ എല്ലാ വിഭാഗം ജനങ്ങളുടേയും ഭൗതികവും ബൗദ്ധികവുമായ കഴിവുകൾ വികസിപ്പിക്കാൻ പ്രതിജ്ഞാബദ്ധമാണ്. ഈ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ പാകത്തിൽ നെയ്തെടുത്ത പദ്ധതികൾ, പ്രത്യേകിച്ച് യുവാക്കളുടെ കായിക പരിശീലനത്തിനും സൈനിക വിദ്യാഭ്യാസത്തിനും ഉതകുന്നവ സർക്കാരിൻ്റെ കൈവശമുണ്ട്. രാഷ്ട്രീയ സ്വയം സേവക സംഘത്തിൻ്റെ അംഗങ്ങൾ പക്ഷേ, അവരുടെ പ്രഖ്യാപിത ആദർശങ്ങളിൽ ഒട്ടി നിൽക്കുന്നവരല്ല എന്ന കാര്യം സർക്കാർ ദുഃഖത്തോടെ മനസ്സിലാക്കുന്നു. ഒട്ടും തന്നെ അംഗീകരിക്കാൻ പറ്റാത്ത, മാരകമായ പ്രവൃത്തികളാണ് സംഘാംഗങ്ങൾ നടപ്പിലാക്കി വരുന്നത്. രാഷ്ട്രീയ സ്വയം സേവക സംഘത്തിലെ അംഗങ്ങൾ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും കൊള്ളിവെയ്പ്, കൊള്ള, സായുധക്കൊള്ള, കൊല തുടങ്ങിയ ഹിംസാത്മക നടപടികളിൽ മുഴുകുന്നതായും അനധികൃത ആയുധങ്ങളും സ്ഫോടക വസ്തുക്കളും ശേഖരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ജനങ്ങളോട് ഭീകരവാദം സ്വീകരിക്കാനും തോക്കുകളും മറ്റും ശേഖരിക്കാനും ആവശ്യപ്പെടുന്നതും, സർക്കാർ വിരോധം പരത്തുന്നതും, പോലീസിനേയും സൈന്യത്തേയും അനാവശ്യമായി സ്വാധീനിച്ച് വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്നതുമായ ലഘുലേഖകൾ അവർ വിതരണം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്. നിശ്ശബ്ദമായ ഒരു മറയ്ക്കുള്ളിലാണ് ഈ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യപ്പെടുന്നത് എന്നതിനാൽ, ഇത്തരം പ്രവർത്തനങ്ങളുടെ ഉത്തരവാദിത്വം ഒരു സമ്പൂർണ്ണ സംഘടന എന്ന നിലയിൽ അവരിൽ ചുമത്തേണ്ടതെങ്ങനെ എന്നത് ഇക്കാലയളവിൽ സർക്കാർ അന്വേഷിച്ചു വരികയായിരുന്നു. കഴിഞ്ഞ നവംബർ മാസത്തിൽ പ്രവിശ്യാ സർക്കാരുകളുടെ മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിമാരും പങ്കെടുത്ത ഡെൽഹിയിലെ കോൺഫറൻസിൽ വെച്ചാണ് സർക്കാർ ഇക്കാര്യം അവസാനമായി വെളിപ്പെടുത്തിയത്. അന്നത്തെ അവസ്ഥയിൽ സംഘത്തെ ഒരു സംഘടന എന്ന നിലയിൽ അത്തരത്തിൽ വീക്ഷിക്കേണ്ട സമയം എത്തിയിട്ടില്ലെന്നും, അത്തരം പ്രവൃത്തിയിലേർപ്പെടുന്ന സംഘാംഗങ്ങൾക്കെതിരെ വ്യക്തിപരമായി കർശന നടപടികൾ കൈക്കൊള്ളുന്നത് തുടരണമെന്നുമുള്ള കാര്യമാണ് അവിടെ വെച്ച് ഐകകണ്ഠേന തീരുമാനിച്ചത്. എന്നാൽ എതിർക്കപ്പെടേണ്ടതും വിനാശകരവുമായ പ്രവർത്തനങ്ങൾ സംഘം യാതൊരു ഇളവും കൂടാതെ തുടരുകയും, അത്തരം പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് പ്രവൃത്തി പഥത്തിൽ കൊണ്ടുവരികയും ചെയ്തതിൻ്റെ ഫലമായുണ്ടായ ഹിംസാസംസ്കാരം നിരവധി ഇരകളെ സൃഷ്ടിച്ചു. അവസാനത്തേതും ഏറ്റവും വിലപ്പെട്ടതുമായ ഇര, ഗാന്ധിജി തന്നെയാണ്.

ഈ സാഹചര്യത്തിൽ, മാരകഹിംസയുടെ ഈ പുനഃപ്രത്യക്ഷത്തെ തടഞ്ഞു നിർത്തേണ്ടത് സർക്കാരിൽ അർപ്പിതമായ കടമയാണ്. ഈ ദിശയിലെ ആദ്യപടി എന്ന നിലയിൽ സംഘത്തെ ഒരു നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. ഈ നടപടി സ്വീകരിക്കുന്നത് വഴി, ഈ രാജ്യത്തിൻ്റെ ക്ഷേമം മനസ്സിൽ ആഗ്രഹിക്കുന്ന, നിയമം അനുസരിക്കുന്ന എല്ലാ പൗരരിൽ നിന്നുമുള്ള പിന്തുണ ലഭിക്കുമെന്നുള്ള കാര്യത്തിൽ സർക്കാരിന് യാതൊരു സംശയവും ഇല്ല.”

ഗാന്ധി കൊല്ലപ്പെടുന്ന സമയത്ത് ആർ.എസ്.എസ്. സർസംഘ് ചാലക് ആയിരുന്ന ഗോൾവാൾക്കർ മദ്രാസിലായിരുന്നു. അവിടെ നിന്നും അദ്ദേഹം നെഹ്റുവിനും സർദാർ പട്ടേലിനും ഗാന്ധിയുടെ മകൻ ദേവദാസ് ഗാന്ധിക്കും അനുശോചനമറിയിച്ചുകൊണ്ടുള്ള കമ്പി സന്ദേശങ്ങൾ അയക്കുകയുണ്ടായി. “ഒരു ക്രൂരമായ ആക്രമണത്തിൻ്റെ ഫലമായി ദിവ്യമായ ഒരു ആത്മാവിന് സംഭവിച്ച ദുരന്തവാർത്ത അറിഞ്ഞ് ഞാൻ അഗാധമായി നടുങ്ങിപ്പോയി. ഈ വിഷമഘട്ടത്തിൽ ഈ വിയോഗം രാഷ്ട്രത്തിന് അളക്കാൻ പറ്റാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. താരതമ്യങ്ങൾക്കപ്പുറമുള്ള ഒരു സംഘാടകൻ്റെ മരണം മൂലമുണ്ടായ ശൂന്യത നികത്താൻ ദൈവം നിങ്ങൾക്ക് ശക്തിയേകട്ടെ” എന്നായിരുന്നു ആ അനുശോചന സന്ദേശത്തിൽ രേഖപ്പെടുത്തിയിരുന്നത്.

ഇതേ ഗോൾവാൾക്കർ തന്നെയാണ് ഏഴ് ആഴ്ചകൾക്ക് മുമ്പ് ഡെൽഹിയിലെ റോഹ്ത്തക്ക് റോഡ് ക്യാമ്പിൽ 2500 ആർ.എസ്.എസ്.ക്കാരെ അഭിസംബോധന ചെയ്യുമ്പോൾ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. ആർ.എസ്.എസ്.ക്കാർക്ക് മാത്രം പ്രവേശനം ഉണ്ടായിരുന്ന ക്യാമ്പിൽ നുഴഞ്ഞുകയറിയ ഇന്റലിജൻസിൻ്റെ ചാരനാണ് ഈ വിവരം ആഭ്യന്തര വകുപ്പിനെ അറിയിച്ചത്. “സേവക്” എന്ന വ്യാജനാമത്തിലാണ് അദ്ദേഹം റിപ്പോർട്ടുകൾ അയച്ചിരുന്നത്. ഗാന്ധിയുടെ നിരന്തരമായ സാന്നിധ്യം മൂലം ഡെൽഹിയിൽ തങ്ങളുടെ കാര്യസാധ്യത്തിനുതകുന്ന പ്രവൃത്തികൾ നടപ്പിലാക്കാൻ സാധിക്കാത്തതിൻ്റെ മുഴുവൻ രോഷവും ഗോൾവാൾക്കറുടെ പ്രസംഗത്തിലുണ്ടായിരുന്നു. ഗാന്ധി മുസ്ലീങ്ങളെ സംരക്ഷിക്കുന്നത് തുടരുകയാണെങ്കിൽ അദ്ദേഹം “നിശ്ശബ്ദ”നാക്കപ്പെട്ടേക്കും എന്നാണ് ഗോൾവാൾക്കർ മുന്നറിയിപ്പ് നൽകിയത്. വരാൻ പോകുന്ന പ്രതിസന്ധിയെ നേരിടാൻ എല്ലാ ശക്തിയും ഉപയോഗിച്ച് അഭിമുഖീകരിക്കേണ്ടത് ഓരോ സ്വയം സേവകൻ്റെ കടമയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികം വൈകാതെ തന്നെ “ഒരു മുഴുപദ്ധതി” അവർക്കു മുന്നിൽ അവതരിപ്പിക്കുമെന്നും.

“നാം ശിവജിയുടെ പോലെ ഗറില്ലാ യുദ്ധതന്ത്രം ആവിഷ്കരിക്കേണ്ടതാണ്. ഒരു ശക്തിക്കും മുസ്ലീങ്ങളെ ഇന്ത്യയിൽ പൊറുപ്പിക്കാനാകില്ല. അവർ ഇന്ത്യ വിടേണ്ടി വരും. മഹാത്മാഗാന്ധി മുസ്ലീങ്ങളെ ഇന്ത്യയിൽ നിർത്താനാഗ്രഹിക്കുന്നത്, തെരഞ്ഞെടുപ്പിൻ്റെ സമയത്ത് അവരുടെ വോട്ടുവാങ്ങി കോൺഗ്രസ്സിന് നേട്ടമുണ്ടാക്കാൻ വേണ്ടിയാണ്. പക്ഷെ, തെരഞ്ഞെടുപ്പ് കാലത്ത് ഒരു മുസ്ലീം പോലും ഇന്ത്യയിൽ അവശേഷിക്കാൻ പോകുന്നില്ല. അവരിവിടെ തുടരാൻ നിശ്ചയിച്ചാൽ, അതിൻ്റെ ഉത്തരവാദിത്വം സർക്കാരിന് മാത്രമായിരിക്കും. ഹിന്ദു സമൂഹമായിരിക്കില്ല അതിൻ്റെ ഉത്തരവാദി. മഹാത്മാഗാന്ധിക്ക് അവരെ ഇനി തെറ്റായി നയിക്കാൻ സാധിക്കില്ല. അത്തരം മനുഷ്യരെ ഉടൻ തന്നെ നിശ്ശബ്ദരാക്കാനുള്ള വഴികൾ നമ്മുടെ പക്കലുണ്ട്. പക്ഷെ, ഹിന്ദുക്കൾക്കെതിരെ തിരിയില്ല എന്നതാണ് നമ്മുടെ പാരമ്പര്യം. പക്ഷെ, നിർബന്ധിതരായാൽ ഞങ്ങൾ അതും ചെയ്യാൻ മടിക്കില്ല.”

പിൽക്കാലത്ത് ഇന്ത്യൻ ന്യൂസ് ക്രോണിക്കിളിൻ്റെ എഡിറ്ററായിരുന്ന ജെ.എൻ. സാഹ്നി കപൂർ കമ്മീഷന് മുമ്പിൽ മൊഴി കൊടുത്തത്: “ആറ് ലക്ഷം അംഗങ്ങളുള്ള ഒരു ഒളി സംഘടന ഒരു അട്ടിമറി നടത്തുമെന്ന ശ്രുതി അക്കാലത്ത് തുറന്ന ചർച്ചയിലുണ്ടായിരുന്നു. പഞ്ചാബും മഹാരാഷ്ട്രയുമുൾപ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ അവരുടെ ഒളിശാഖകൾ പ്രവർത്തിച്ചിരുന്നു” എന്നുമാണ്. “ആ ഒളി സംഘടനയുടെ നേതാക്കൾ ഗോൾവാൾക്കർ, ഹിന്ദു മഹാസഭാ നേതാവ് ബോപ്പട്ട്ക്കർ, ആൾവാർ പ്രധാനമന്ത്രി ഡോ. ഖരേ എന്നിവരാണെന്ന് ശ്രുതി പരന്നിരുന്നു. അവരുടെ അണികൾക്ക് ആൾവാർ, ഭരത്പൂർ എന്നിവിടങ്ങളിലും മറ്റിടങ്ങളിലും ഉന്നത നേതാക്കളെ കൊന്നുകൊണ്ട് സർക്കാരിനെ അട്ടിമറിക്കാനുള്ള പരിശീലനം ലഭിച്ചിരുന്നുവെന്നും. മഹാത്മാഗാന്ധി വധിക്കപ്പെട്ടപ്പോൾ അത് മേൽ പദ്ധതിയുടെ ഭാഗമായാണ് പലരും മനസ്സിലാക്കിയത്.”

ഗോൾവാൾക്കർ ഗാന്ധിയെ നിശ്ശബ്ദനാക്കും എന്ന് ഒരു സ്വകാര്യ സമ്മേളനത്തിൽ ഭീഷണി മുഴക്കുമ്പോൾ, ഗോഡ്സേയും കൂട്ടരും അത് പ്രവൃത്തി പഥത്തിലെത്തിക്കാനുള്ള കരുനീക്കങ്ങളിൽ ആയിരുന്നു. ഡെൽഹിയിൽ അഭയാർത്ഥികളെ മുൻനിർത്തി ഗാന്ധിക്കും മതേതര ഇന്ത്യയ്ക്കും എതിരായി ഹിന്ദു വംശീയവാദികൾ അഴിച്ചുവിട്ട തീ കെടുന്നത് 1948 ജനുവരി 13 മുതൽ 18 വരെ ഗാന്ധി അനുഷ്ഠിച്ച അഞ്ചുദിവസത്തെ നിരാഹാരത്തിലൂടെയായിരുന്നു. ഡെൽഹിയിൽ മുസ്ലീങ്ങളുടെ സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു ആ നിരാഹാര സമരത്തിൻ്റെ ആത്യന്തിക ലക്ഷ്യം. അത് വിജയിപ്പിച്ചെടുക്കാൻ ഗാന്ധിക്ക് കഴിഞ്ഞതോടെ ഹിന്ദുരാഷ്ട്രസംസ്ഥാപന സ്വപ്നത്തിൽ അവസാന ആണി അദ്ദേഹം അടിച്ചു കയറ്റി. ഗാന്ധിയെ നീക്കം ചെയ്താൽ മാത്രമേ ആ അജണ്ട ഇന്ത്യൻ സമൂഹത്തിന് മുന്നിൽ വീണ്ടും ഹിംസാത്മകമായി എടുത്തുവെയ്ക്കാൻ കഴിയൂ എന്ന് ഹിന്ദു വംശീയവാദികൾ കരുതി. അതാണ് ഗോഡ്സേയിലൂടെ അവർ നടപ്പാക്കിയത്.

ഗാന്ധിവധം തങ്ങൾക്കെതിരെ ജനരോഷം അഴിച്ചുവിടും എന്ന് ബോധ്യം വന്ന ഗോൾവാൾക്കറെയാണ് പിന്നീട് നാം കാണുന്നത്. മരിച്ച ഗാന്ധിയുടെ രാഷ്ട്രീയ ചൈതന്യം അദ്ദേഹം പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. അതിനാൽ, ഗാന്ധിവധവുമായി ആർ.എസ്.എസ്.ക്ക് യാതൊരു ബന്ധവുമില്ല എന്ന് കാണിക്കാൻ തത്രപ്പെട്ട ഗോൾവാൾക്കർ എല്ലാ സംഘചാലകർക്കും ഒറ്റ വാചകത്തിൽ ഒരു നിർദ്ദേശം കൊടുക്കുകയുണ്ടായി: “ആദരണനീയനായ മഹാത്മജിയുടെ സങ്കടകരമായ ദേഹവിയോഗത്തിൽ നമ്മുടെ ദുഃഖം പ്രകടിപ്പിക്കുന്നതിനായി പതിമൂന്നു ദിവസം ശാഖകൾ ദുഃഖമാചരിക്കുകയും അത്രയും ദിവസം നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾ നിർത്തിവെയ്ക്കുകയും ചെയ്യേണ്ടതാണ്.”

നാഗ്പൂരിൽ തിരിച്ചെത്തിയ ഗോൾവാൾക്കർ ഒരു പത്രപ്രസ്താവന കൊടുക്കുകയുണ്ടായി. “നടുക്കമുണ്ടാക്കിയ ഈ ദുരന്തത്തിൻ്റെ സാന്നിധ്യത്തിൽ നിന്ന് ജനങ്ങൾ സ്നേഹതത്വത്തിൻ്റെ പാഠങ്ങൾ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. ഈ തത്വത്തിൽ വിശ്വസിച്ചുകൊണ്ട് എല്ലാവരോടും സ്നേഹസമീപനം സ്വീകരിക്കണമെന്ന് ഞാനെൻ്റെ എല്ലാ സ്വയംസേവക സഹോദരരോടും നിർദ്ദേശിക്കുന്നു. തെറ്റിദ്ധാരണയിൽ നിന്നുളവായ പ്രകോപനം എവിടെ നിന്നെങ്കിലും ഉണ്ടായാലും, ഈ തെറ്റായ ഭ്രാന്താവേശം പോലും നമ്മുടെ മാതൃരാജ്യത്തിൻ്റെ നാമം ഈ ലോകത്ത് മഹത്തരമാക്കിത്തീർത്ത ആ മനുഷ്യനോട്, മഹാത്മാവിനോടുള്ള ചരടുകളില്ലാത്ത സ്നേഹത്തിൻ്റേയും ബഹുമാനത്തിൻ്റേയും പ്രകടനമാണ്. പിരിഞ്ഞുപോയ ആ ആദരണീയന് ഞങ്ങളുടെ അഭിവാദനം.”

ജനതയുടെ കണ്ണിൽ പൊടിയിടാനുള്ള ഗോൾവാൾക്കറുടെ നീക്കം വിജയിച്ചില്ല എന്ന് വിചാരിക്കാം. 1948 ഫെബ്രുവരി 4-ന് ഗാന്ധിവധത്തെ മുൻനിർത്തി ആർ.എസ്.എസ്. നിരോധിക്കപ്പെട്ടതു കൊണ്ടുമാത്രമല്ല, ഈ നിഗമനത്തിലെത്തുന്നത്. അധികം വൈകാതെ ഗോൾവാൾക്കർ അറസ്റ്റുചെയ്യപ്പെട്ടത് കൂടി കണക്കിലെടുത്താണ്. അധികം വൈകാതെ വി.ഡി. സവർക്കറും ബോംബെയിൽ നിന്നും അറസ്റ്റുചെയ്യപ്പെട്ടു. നിയമപരമായ നടപടികൾക്കപ്പുറം ആർ.എസ്.എസ്-ഉം ബ്രാഹ്മണരാഷ്ട്രീയവും കുത്തിയൊഴുകുന്ന ജനരോഷത്തിനിടയായി. നാഗ്പൂരിൽ ആർ.എസ്.എസ് കേന്ദ്രകാര്യാലയം അഗ്നിക്കിരയാക്കാൻ ജനങ്ങൾ തടിച്ചു കൂടി. ഏതാണ്ട് നാല്പതോളം വരുന്ന ആർ.എസ്.എസ്. നേതാക്കൾ ആ സമയത്ത് അതിനുള്ളിൽ ഉണ്ടായിരുന്നു. വിവരമറിഞ്ഞ് നാഗ്പൂർ ഭാഗമായിരുന്ന മദ്ധ്യപ്രദേശ് (അന്ന് സെൻട്രൽ പ്രൊവിൻസസ്) സംസ്ഥാനത്തിൻ്റെ ആഭ്യന്തര മന്ത്രി ആയിരുന്ന ഡി.പി. മിശ്രയുടെ വസതിയിലേയ്ക്ക് ഇൻസ്പെക്ടർ ജനറൽ കുതിച്ചെത്തി വിവരങ്ങൾ ധരിപ്പിച്ചു. ഗോൾവാൾക്കറേയും കൂട്ടരേയും ഉടൻ അറസ്റ്റുചെയ്യുമെന്ന് ധരിപ്പിക്കണമെന്നും അത് ഒരു പക്ഷേ അവരുടെ രോഷത്തെ തണുപ്പിച്ചേക്കാമെന്നും മിശ്ര ഐ.ജിയെ ഉപദേശിക്കുകയും അദ്ദേഹം അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു.

ഗോൾവാൾക്കറെ സുരക്ഷാകസ്റ്റഡിയിലെടുക്കുന്ന സമയത്ത് ആർ.എസ്.എസ്. ആസ്ഥാനം ആക്രമിക്കുന്നതിനായി ഏതാണ്ട് പതിനായിരത്തോളം ആളുകൾ അവിടെ തടിച്ചു കൂടിയിരുന്നു. ഗോൾവാൾക്കറെ മാത്രമല്ല, സുരക്ഷാകസ്റ്റഡിയിലെടുത്തത് സഹപ്രവർത്തകരായ ഘട്ടാട്ടേയും ദേവരസിനേയും കൂടിയാണ്. ഡി.പി. മിശ്രയുടെ ഓർമ്മക്കുറിപ്പിൽ പറയുന്നത്, അവരെ ജയിലിലാക്കിയ ശേഷം ഹിന്ദുമഹാസഭാ നേതാവും ആർ.എസ്.എസ് സംസ്ഥാപനത്തിന് മുൻകൈയെടുത്തവരിൽ ഒരാളുമായ എൽ.വി. പരാഞ്ജ്പേ അദ്ദേഹത്തെ ഫോണിൽ വിളിച്ചു എന്നാണ്. തൻ്റെ വസതി ആക്രമിക്കാനായി ഒരു വലിയ ജനക്കൂട്ടം പുറപ്പെടുന്നുവെന്നും അവരിൽ നിന്നും തന്നെ രക്ഷിക്കണമെന്നുമായിരുന്നു പരാഞ്ജ്പേയുടെ അഭ്യർത്ഥന. മിശ്ര തുടർന്നെഴുതുന്നു: “താങ്കൾക്ക് ഇപ്പോഴത്തെ നിലയിൽ ഏറ്റവും സുരക്ഷിതമായ സ്ഥലം നാഗ്പൂർ സെൻട്രൽ ജയിൽ ആണ്. താങ്കൾ സമ്മതം തരികയാണെങ്കിൽ ഞാൻ താങ്കളെ അറസ്റ്റുചെയ്യാൻ കല്പന തരാം.” ഡോക്ടർ (പരാഞ്ജ്പേ) അപ്പോൾ തന്നെ സമ്മതം തരികയും അദ്ദേഹത്തെക്കൂടി ജയിലിടയ്ക്കുകയും ചെയ്തു.

ആർ.എസ്.എസ്സിനും മറ്റ് ഹിന്ദു വംശീയ സംഘടനകൾക്കുമെതിരെ അത്രമാത്രം ജനരോഷമാണ് പതഞ്ഞു പൊന്തിയത്. ബോംബെയിൽ ദാദറിലെ ശിവാജി പാർക്കിലുള്ള വി.ഡി. സവർക്കറുടെ വസതി അടിച്ചു തകർക്കാൻ വന്ന ജനക്കൂട്ടത്തെ തടഞ്ഞുനിർത്തിയത്, സവർക്കറെ ചോദ്യം ചെയ്യാൻ അന്നേരം സവർക്കർ സദനിൽ എത്തിയിരുന്ന ഉയർന്ന പോലീസ് ഉദ്യോഗസ്ഥനായ ജിമ്മി നാഗർവാല ആയിരുന്നു. 1948 ഫെബ്രുവരി 4-ന് ആർ.എസ്.എസ്. നിരോധിച്ചതോടെ ഗോൾവാൾക്കറുടേയും കൂട്ടരുടേയും സുരക്ഷാകസ്റ്റഡി യഥാർത്ഥത്തിലുള്ള കസ്റ്റഡിയായി മാറി. 5 ലക്ഷം വരുന്ന ആർ.എസ്.എസ്. പ്രവർത്തകരിൽ 20,000 പേർ അറസ്റ്റുചെയ്യപ്പെട്ടു. അക്കാലത്തെ കുറിച്ച് അന്നത്തെ ആർ.എസ്.എസ്. പ്രവർത്തകനായിരുന്ന എം.ജി. വൈദ്യ ഓർക്കുന്നത് ഇങ്ങനെയാണ്: “എല്ലാവരും ആർ.എസ്.എസ്സിന് എതിരായിരുന്നു—ജനത, സർക്കാർ, അക്ബാർ (മാധ്യമങ്ങൾ). ഡെൽഹിയിലെ ആർ.എസ്.എസ്. കാര്യാലയം വളഞ്ഞ ജനക്കൂട്ടത്തിലെ ഒരാൾ ജയപ്രകാശ് നാരായൺ ആയിരുന്നു. പൂനെയിൽ ജനരോഷത്തിൽ നിന്നും ആർ.എസ്.എസ്.ക്കാരെ രക്ഷിക്കാനായി പോലീസ് കർഫ്യൂ വരെ പ്രഖ്യാപിച്ചു. ഗോഡ്സേയുടേയും ഹിന്ദു വംശീയവാദത്തോട് ആഭിമുഖ്യമുള്ള മഹാരാഷ്ട്ര ബ്രാഹ്മണരുടേയും വീടുകൾ തകർക്കപ്പെട്ടു. നാഗ്പൂരിൽ ആർ.എസ്.എസ്സിൻ്റെ പ്രസിദ്ധീകരണശാലയും ഹിന്ദുമഹാസഭ ഓഫീസും തല്ലിത്തകർക്കപ്പെട്ടു. ഗോൾവാൾക്കറിൻ്റെ വസതി തല്ലിത്തകർക്കാൻ പുറപ്പെട്ടവരെ കോൺഗ്രസ്സുകാർ പണിപ്പെട്ട് തടഞ്ഞുനിർത്തി. ആ സമയത്ത് ആർ.എസ്.എസ്സിനെ പിന്താങ്ങിയിരുന്ന ആൾവാർ രാജ്യത്തിൽ വെച്ച് ചെറുപ്പക്കാരനായ ഒരു സ്വയംസേവകനെ അറസ്റ്റുചെയ്യുകയുണ്ടായി. അയാളുടെ പേര് ലാൽ കൃഷ്ണ അദ്വാനി എന്നായിരുന്നു. അതേ സമയം അടൽ ബിഹാരി വാജ്പേയി അറസ്റ്റുചെയ്യപ്പെടുകയുണ്ടായില്ല.

1948 ഫെബ്രുവരി 8-ന് തന്നെ ഗോൾവാൾക്കർ “നിരോധനം നിലനിൽക്കുന്നത് വരെ ആർ.എസ്.എസ്.നെ പിരിച്ചു വിട്ടതായി” പ്രഖ്യാപിച്ചു. ആറുമാസം കഴിഞ്ഞപ്പോൾ, 1948 ആഗസ്റ്റ് 6-ന് ഗോൾവാൾക്കർ വിമോചിതനായി. നാല് നിബന്ധനകൾ അദ്ദേഹത്തിന് മേൽ ഉണ്ടായിരുന്നു:

  1. ജില്ലാ മജിസ്ട്രേറ്റിൻ്റെ എഴുതിത്തന്ന അനുമതിയില്ലാതെ നാഗ്പൂരിന് പുറത്തു സഞ്ചരിക്കാൻ പാടില്ല.
  2. ഒരു പൊതുസമ്മേളനത്തിലും പ്രസംഗിക്കാൻ പാടില്ല.
  3. വർത്തമാന പത്രത്തിലോ പത്രികകളിലോ മാസികകളിലോ ജില്ലാ മജിസ്ട്രേറ്റിൻ്റെ മുൻകൂർ അനുമതിയില്ലാതെ ഒന്നും എഴുതി പ്രകാശിപ്പിക്കാൻ പാടില്ല.
  4. പ്രാദേശിക സർക്കാറുകളേയോ കേന്ദ്രസർക്കാരിനെയോ അസ്വസ്ഥപ്പെടുത്തുകയോ അവയ്ക്കെതിരെ അസംതൃപ്തി കുത്തിവെയ്ക്കുകയോ ഇന്ത്യൻ ഡൊമിനിയനിലെ വ്യത്യസ്ത വർഗ്ഗങ്ങൾക്കിടയിലും പൗരർക്കിടയിലും വെറുപ്പോ ശത്രുതയോ പ്രോത്സാഹിപ്പിക്കുകയോ പൊതുസമാധാനം നശിപ്പിക്കുകയോ ചെയ്യുന്ന പ്രവൃത്തികളിൽ സ്വയം ഏർപ്പെടുകയോ അങ്ങനെ ചെയ്യുന്ന ഏതെങ്കിലും വ്യക്തിയുമായി നേരിട്ടോ പരോക്ഷമായോ ചേർന്നു പ്രവർത്തിക്കുകയോ ചെയ്യരുത്.

അദ്വാനി ആൾവാർ ജയിലിൽ നിന്ന് മൂന്നുമാസം കഴിഞ്ഞപ്പോൾ തന്നെ വിമോചിതനാകുകയുണ്ടായി. മിക്കവാറും സംഘപ്രചാരകർ എല്ലാം തന്നെ ഇക്കാലയളവിൽ വിമോചിതരായി. അതുസംബന്ധിച്ച് അന്ന് ലണ്ടനിലെ ഹൈക്കമ്മീഷണർ ആയിരുന്ന വി.കെ. കൃഷ്ണമേനോന് നെഹ്റു എഴുതുന്നുണ്ട്: “അപ്രധാനരായ ചിലർ, വിദ്യാർത്ഥികളും അതുപോലുള്ളവരും, ജയിൽ വിമോചിതരാക്കപ്പെട്ടിട്ടുണ്ട്. ചിലർ വിമോചിതരായതിന് കാരണം കരുതൽ തടങ്കലിൻ്റെ കാലാവധിയായ ആറുമാസം കഴിഞ്ഞതിനാലാണ്. ഇപ്പോഴത്തെ നിയമപ്രകാരം അതിൽ കൂടുതൽ കാലം അവരെ പിടിച്ചുവെയ്ക്കാനാകില്ല. പുതിയൊരു ഓർഡിനൻസ് കൊണ്ടുവരികയോ നിയമഭേദഗതി നടപ്പിലാക്കുകയോ ഇക്കാര്യത്തിൽ അത്യാവശ്യമാണ്. അതിനാൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആർ.എസ്.എസ്സിൻ്റെ തലവനായ ഗോൾവാൾക്കറെപ്പോലും, ആറുമാസം കഴിഞ്ഞു എന്ന കാരണത്താൽ ജയിലിൽ നിന്നും മോചിപ്പിക്കേണ്ടി വന്നു. എന്തെങ്കിലും നിയമലംഘനം അദ്ദേഹത്തിൻ്റെ ഭാഗത്തു നിന്നും ഉണ്ടാകുകയാണെങ്കിൽ, വീണ്ടും അദ്ദേഹത്തെ അറസ്റ്റുചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്യുന്നതാണ്.”

ജയിലിൽ നിന്ന് പുറത്തെത്തിയ ഉടൻ തന്നെ ഗോൾവാൾക്കർ ആർ.എസ്.എസ്സിന് മുകളിലുള്ള നിരോധനം നീക്കിയെടുക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെടുകയുണ്ടായി. 1948 ആഗസ്റ്റ് 11-ന് അദ്ദേഹം നെഹ്റുവിന് എഴുതി. തന്നെ ജയിലിലടച്ചെങ്കിലും ഇന്ത്യൻ ഭരണകൂടത്തോട് തനിക്കുള്ളത് “അതേ സ്നേഹവും ബഹുമാനവും സഹകരണ മനോഭാവവും” തന്നെയാണെന്നും “ആർ.എസ്.എസ്. അംഗങ്ങൾക്കിടയിൽ ഈ സ്നേഹസന്ദേശം പ്രസരിപ്പിക്കാൻ” ഇപ്പോൾ നിലവിലിരിക്കുന്ന നിയന്ത്രണങ്ങൾ കാരണം സാധിക്കുന്നില്ലെന്നും ആ എഴുത്തിൽ ഗോൾവാൾക്കർ ചൂണ്ടിക്കാട്ടി. “ഒട്ടും അത്യാവശ്യമല്ലാത്ത നിയന്ത്രണങ്ങൾക്കകത്ത് തളച്ചിട്ടില്ലായിരുന്നെങ്കിൽ, എൻ്റെ നിലപാട് വ്യക്തമാക്കാനുള്ള അവസരം ലഭിക്കുകയും പ്രതിസന്ധി ഘട്ടങ്ങളിൽ സർക്കാരിനോടുള്ള സ്നേഹവും യഥാർത്ഥ സഹകരണവും നിങ്ങളെ ബോധ്യപ്പെടുത്താൻ എനിക്ക് കഴിയുമായിരുന്നു.”

അന്നു തന്നെ പട്ടേലിനും അദ്ദേഹം കത്തെഴുതി. നെഹ്റു മറുപടി എഴുതിയില്ല. പട്ടേൽ മറുപടി എഴുതി, എന്നാൽ അത് കിട്ടുന്നതിന് മുൻപ് തന്നെ 1948 സെപ്തംബർ 24-ന് ഗോൾവാൾക്കർ രണ്ടുപേർക്കും ഓരോ കത്ത് അയക്കുകയുണ്ടായി. അതിൽ ഗോൾവാൾക്കർ സമർത്ഥിക്കാൻ ശ്രമിച്ചത് ആർ.എസ്.എസ്.നെതിരേയുള്ള ആരോപണങ്ങൾ എല്ലാം അടിസ്ഥാനരഹിതം ആണെന്നാണ്. റഷ്യൻ വിപ്ലവത്തിനും തുടർന്നുള്ള വിപ്ലവങ്ങൾക്കും ശേഷം ലോകമെമ്പാടും യുവജനങ്ങൾക്കിടയിൽ കമ്യൂണിസം വളരുന്നത് ചൂണ്ടിക്കാട്ടി, പട്ടേലിന്റേയും നെഹ്റുവിന്റേയും കോൺഗ്രസ്സ് പശ്ചാത്തലത്തെ മുൻനിർത്തി പാട്ടിലാക്കാൻ കഴിയുമോയെന്നും ഗോൾവാൾക്കർ ആ കത്തിൽ തന്ത്രപരമായി ശ്രമിക്കുന്നുണ്ട്. ആർ.എസ്.എസ്സിന് മാത്രമേ രാജ്യത്തിൻ്റെ ബൗദ്ധികശേഷിയുള്ള യുവതയെ കമ്യൂണിസത്തിൻ്റെ കെണിയിൽ വീഴുന്നതിൽ നിന്നും രക്ഷിക്കാനാവൂ എന്നാണ് ഗോൾവാൾക്കർ എഴുതുന്നത്.

ഈ കത്തിന് തൊട്ടുമുമ്പായി ആർ.എസ്.എസ്സിൻ്റെ ഡെൽഹി സംഘ് ചാലക് ആയ ഹാൻസ് രാജ് ഗുപ്ത, ഡെൽഹിയിലെ ആർ.എസ്.എസ്സിൻ്റെ ഓർഗനൈസർ ആയ വസന്ത്റാവു ഓക്ക്, പഞ്ചാബിൽ ആർ.എസ്.എസ്സിൻ്റെ സെക്രട്ടറി ആയിരുന്ന ധരംവീർ, ഐക്യസംസ്ഥാനങ്ങളുടെ സംഘ് ചാലക് ആയിരുന്ന നരീന്ദർ ജിത്ത് സിംഗ് എന്നിവർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം നെഹ്റുവിന് സമർപ്പിക്കുകയുണ്ടായി. അതിലും കമ്യൂണിസത്തിൻ്റെ വർദ്ധിച്ചു വരുന്ന ജനസ്വാധീനത്തെ ഭീഷണിയായി ഉയർത്തിക്കാട്ടിയിരുന്നു. കമ്യൂണിസത്തിൻ്റെ വെല്ലുവിളി നേരിടാനുള്ള ഏകമാർഗ്ഗം രാഷ്ട്രീയ സ്വയം സേവക് സംഘവും വ്യത്യസ്ത കൂട്ടങ്ങളുടേയും വർഗ്ഗങ്ങളുടേയും താത്പര്യങ്ങളെ തമ്മിലിണക്കാനും ഒന്നിപ്പിക്കാനും കഴിയുന്ന ഏക പ്രത്യയശാസ്ത്രം അതുമാത്രമാണെന്നും അതുവഴി മാത്രമേ വർഗ്ഗസമരത്തെ ഒഴിവാക്കാനാകൂ എന്നും ആ മെമ്മോറാണ്ടത്തിൽ രേഖപ്പെടുത്തിയിരുന്നു. പ്രസ്തുത മെമ്മോറാണ്ടത്തിൻ്റെ പകർപ്പുകൾ സർദാർ പട്ടേലിനും സ്വതന്ത്ര ഇന്ത്യയുടെ ഗവർണ്ണർ ജനറലായ രാജാജിക്കും കോൺഗ്രസ്സ് പ്രസിഡണ്ട് ആയിരുന്ന രാജേന്ദ്രപ്രസാദിനും നൽകിയിരുന്നു. ഇത്തരം തന്ത്രങ്ങളിൽ, കമ്യൂണിസത്തെ ഒരു പരിധി വരെ തന്റെ രാഷ്ട്രീയ ചിന്തയുടെ ഇന്ധനമായി സ്വീകരിച്ചിരുന്ന നെഹ്റു വീണില്ലെന്ന് മാത്രമല്ല, ആർ.എസ്.എസ്സിൻ്റെ ഫാസിസ്റ്റ് സ്വരൂപം തനിക്കറിയാമെന്ന് ഒരിക്കൽ കൂടി വെളിപ്പെടുത്തുകയുണ്ടായി. 1948 സെപ്തംബർ 27-ന് നെഹ്റുവിൻ്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എ.വി. പൈ പ്രധാനമന്ത്രിയുടെ ഓഫീസിന് വേണ്ടി ഗോൾവാൾക്കർക്ക് മറുപടി നൽകിയപ്പോൾ, ആർ.എസ്.എസ്.നെ ഒരു നിരുപദ്രവ സംഘടനയായിട്ടല്ല പ്രധാനമന്ത്രിയായ നെഹ്റു കാണുന്നതെന്ന് വ്യക്തമാക്കിയിരുന്നു. അതിൻ്റെ ദേശവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി തെളിവുകൾ വ്യത്യസ്ത പ്രവിശ്യകളിലെ സർക്കാറുകൾ ശേഖരിച്ചിട്ടുള്ളതായും ഈ എഴുത്ത് ചൂണ്ടിക്കാട്ടി. ഉദാഹരണമായി ഐക്യസംസ്ഥാന സർക്കാർ അവിടെ ആർ.എസ്.എസ്. നടത്തിക്കൊണ്ടിരിക്കുന്ന ദേശവിരുദ്ധ, നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് ശേഖരിച്ച തെളിവുകൾ കേന്ദ്രസർക്കാരിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. മറ്റ് സർക്കാരുകളും സമാനമായ തെളിവുകൾ സമാഹരിച്ചിട്ടുണ്ട്. നിരോധനത്തിന് ശേഷം പോലും ആർ.എസ്.എസ്സിൻ്റെ മുൻപ്രവർത്തകരുടെ അനഭിലഷണീയമായ പ്രവർത്തനങ്ങളെക്കുറിച്ച് സർക്കാരിന് വിവരങ്ങൾ ലഭ്യമായിട്ടുണ്ട്. ……. ഈ രാജ്യത്തു നിന്നും വർഗ്ഗീയതയുടെ വേരുകൾ പിഴുതെടുക്കുക എന്നത് സർക്കാരിൻ്റെ നയമാണ്. അതുകൊണ്ടുതന്നെ വർഗ്ഗീയ മുഖമുള്ള ഒരു പ്രസ്ഥാനത്തേയും ഈ സർക്കാർ പ്രോത്സാഹിപ്പിക്കുന്നതല്ല. ആർ.എസ്.എസ്സിൻ്റെ സമീപനവും പ്രവർത്തനങ്ങളും സുനിശ്ചിതമായും വർഗ്ഗീയമാണ്. ചിലപ്പോൾ അവരുടെ ചില നേതാക്കൾ പുറത്തേയ്ക്ക് പറയുന്നത് അതിൻ്റെ പ്രവർത്തനങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞുവരുന്ന കാര്യങ്ങൾ അല്ല. യഥാർത്ഥ പ്രവൃത്തിയും പുറമേയ്ക്കുള്ള പറച്ചിലും തമ്മിൽ വലിയ കൂടിച്ചേരായ്മ ഉള്ളതായി കാണാം.

1948 ഒക്ടോബർ 17-ന് ഗോൾവാൾക്കർ സർദാർ പട്ടേലിനെ ഡെൽഹിയിൽ വന്ന് കാണുകയുണ്ടായി. നാഗ്പൂർ വിട്ടുപോകാൻ അനുമതി സാധാരണ ഗതിയിൽ ഇല്ലാത്തത് കൊണ്ട് പ്രത്യേക അനുമതി സമ്പാദിച്ചുകൊണ്ടാണ് ആ സന്ദർശനം നടന്നത്.

തുടരും..
——-
ഹിന്ദുത്വ ഭീകരതയുടെ കഥ – ഇതുവരെയുള്ള ഭാഗങ്ങൾ ഇവിടെ വായിക്കുക.

Comments

comments