(ഇംഗ്ലണ്ട് യാത്രാക്കുറിപ്പുകൾ: ഭാഗം 2, അധ്യായം- 8)
ചിത്രശാലകളെല്ലാം ലോകജാലകങ്ങളാണ്. ചിത്രങ്ങൾ അവിടെ കാലത്തിലേക്കും ലോകത്തിലേക്കും മിഴി തുറന്നു നിൽക്കുന്നു. കാലപ്രവാഹങ്ങൾക്കു കുറുകെ തുറന്നു കിടക്കുന്ന വാതായനങ്ങൾ! മനുഷ്യവംശത്തിന്റെ സൗന്ദര്യാനുഭൂതിയുടെയും അതിലെ പരിണാമവേഗങ്ങളുടെയും അവയെ നിർണ്ണയിക്കുന്ന ചരിത്രബന്ധങ്ങളുടെയും ലോകം ആ വാതിലുകളിലൂടെ പതിയെ തെളിഞ്ഞുവരും. പ്രമേയം മുതൽ രചനാസങ്കേതവും രൂപസംവിധാനവും വരെയുള്ള നിരവധി ഘടകങ്ങളിൽ മിഴിയൂന്നി നിൽക്കുമ്പോൾ ചരിത്രത്തിലെ മഹാപ്രയാണങ്ങളുടെ കഥ ഓരോ ചിത്രത്തിലും ചുരുൾ നിവരും. ചിത്രങ്ങൾ സംസ്‌കാരചരിത്രത്തിന്റെ ഭൂപടങ്ങളായിത്തീരുന്നത് അങ്ങനെയാണ്. ഗ്യാലറികൾ പ്രിയങ്കരമായിത്തീരുന്നതും! ഏതു യാത്രയ്ക്കിടയിലും പറ്റാവുന്നത്ര ഗ്യാലറികൾ ഞാൻ തേടിപ്പോകലുണ്ട്. ഒരുനിലയ്ക്ക് യാത്രകളെ അർത്ഥനിർഭരമാക്കുന്നതും അതാണ്.

ലണ്ടൻ നാഷണൽ ഗ്യാലറിയിലെ ചെറിയ മുറികളിലൊന്നിൽ കാലൂന്നുമ്പോൾ അവിടം തീർത്തും നിശബ്ദമായിരുന്നു. മറ്റുള്ള ഹാളുകളിലെ ധവളപ്രകാശം അവിടെയില്ലായിരുന്നു. അരണ്ട വെളിച്ചത്തിൽ മൗനത്തിലാണ്ടു നിൽക്കുന്ന ആ ഇടത്തെ അതിഭൗതികമായ ഒരു മായികത വലയം ചെയ്തതുപോലെ തോന്നി. പ്രാചീനമായ ആ നിശബ്ദതയുടെ നടുവിൽ മുകളിൽ നിന്നു വീഴുന്ന ചെറിയ വെളിച്ചം മാത്രം. ഇരുളിൽ കൊള്ളിയാൻ വീഴുന്ന പോലെ ഒരു ചിത്രം. അതു മാത്രമേ ആ മുറിയിലുണ്ടായിരുന്നുള്ളൂ. ഡാവിഞ്ചിയുടെ മഡോണ ഓഫ് ദി റോക്‌സ്! എണ്ണമറ്റ ചിത്രപ്പകർപ്പുകളിലൂടെ മനസ്സിൽ പതിഞ്ഞ രചനയാണ്. എത്രയെങ്കിലും അതിനെക്കുറിച്ച് എത്രയെങ്കിലും വായിച്ചിട്ടുണ്ട്. ആ രചനയിലെ അഭൗമമായ വർണ്ണവിന്യാസം മുതൽ ദൂരദർശനത്തെയും സൂക്ഷ്മദർശനത്തെയും ഒരൊറ്റ ക്യാൻവാസിൽ പ്രതീതമാക്കുന്ന ഡാവിഞ്ചിയുടെ സാങ്കേതികത്തികവിനെക്കുറിച്ചു വരെ. പ്രാക്തനശോഭ കലർന്ന ഇരുട്ടും ചിത്രപ്രതലത്തിലെ മായികമായ ഭൂപ്രകൃതിയും തമ്മിൽ കലർന്ന് വിശുദ്ധജന്മത്തിന്റെ നിഗൂഢതയത്രയും ഏറ്റുവാങ്ങി നിലകൊള്ളുന്ന ആ ചിത്രത്തിനു മുന്നിൽ നിശബ്ദരായി നിൽക്കുന്ന അനവധി മനുഷ്യരെപ്പോലെ ഞാനുമതിൽ വ്യാമുഗ്ധനായി. കാലം സ്തബ്ധമായ ഒരു നിമിഷമായിരുന്നു അത്. രണ്ടു വർഷം മുൻപ് വത്തിക്കാൻ മ്യൂസിയത്തിലെ നീണ്ട ഇടവഴികൾ പിന്നിട്ട് സിസ്റ്റയിൻ ചാപ്പലിനകത്തേക്കു കാലൂന്നിയപ്പോൾ വലയം ചെയ്ത അതേ അലൗകികത. കല പകരുന്ന നിത്യവിസ്മയത്തിന്റെ ആനന്ദം! മൗനം!
കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിലെ യാത്രകൾ ലോകത്തെ പല ഗ്യാലറികളിലും മ്യൂസിയങ്ങളിലും എന്നെയുമെത്തിച്ചു. യാത്രകൾ നല്കിയ ഏറ്റവും വലിയ സൗഭാഗ്യവും അതായിരുന്നു. വത്തിക്കാൻ മ്യൂസിയം, ലണ്ടനിലെ നാഷണൽ ഗ്യാലറി, പോർട്രെയ്റ്റ് ഗ്യാലറി, ബ്രിട്ടീഷ് മ്യൂസിയം, ന്യൂയോർക്കിലെ മെട്രോപ്പോളിറ്റൻ ആർട്ട് ഗാലറി, സാൻഫ്രാൻസിസ്‌കോയിലെ ലീജ്യൻ ഓഫ് ഓണർ, ന്യൂയോർക്കിലെയും സാൻഫ്രാൻസിസ്‌കോയിലെയും മ്യൂസിയം ഓഫ് മോഡേൺ ആർട്ട് (MOMA) ഗ്യാലറികൾ, സൂറിച്ചിലെ കൺസ്‌കൗസ്, ലാൻസെസ് മ്യൂസിയങ്ങൾ, ഷാർജയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് സിവിലൈസേഷൻ, അബൂദാബിയിലെ ലൂവ്‌റ്, ഖത്തർ മ്യൂസിയം, അഡ്‌ലെയ്‌നിലെ ദാലി മ്യൂസിയം മെൽബണിലെയും ബ്രിസ്‌ബേണിലെയും മ്യൂസിയങ്ങൾ ദില്ലി, കൊൽക്കത്ത, സാഞ്ചി, പാറ്റ്‌ന, മദ്രാസ്, ബാംഗ്ലൂർ, ഹൈദരാബാദ്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ മ്യൂസിയങ്ങളും ഗ്യാലറികളും. നാഗരികതയുടെ ഉദയപതനങ്ങളെയും ജനവംശങ്ങളുടെ പ്രയാണകഥകളെയും മനുഷ്യരാശിയുടെ അഭിരുചിപരിണാമങ്ങളെയും കുറിച്ച് അവിടെയുള്ള കലാവസ്തുക്കൾ നമ്മോടു സംസാരിക്കുന്നു. അവ കണ്ടു നടക്കുമ്പോൾ മനുഷ്യവംശത്തിന്റെ ആദിമമായ ഏകതയിലേക്ക് നാം പതിയെപ്പതിയെ കണ്ണുതുറക്കാൻ തുടങ്ങുന്നു. കല കലയ്ക്കപ്പുറം കടന്ന് നാഗരികതയുടെ നടവഴികളായി മാറുന്നു. നാമതിലൂടെ വിനീതരായി നടക്കുന്നു.
ലണ്ടനിലെത്തി യാത്രയുടെ ആദ്യദിവസങ്ങളിൽ തന്നെ നാഷണൽ ഗ്യാലറി കാണാൻ കഴിഞ്ഞിരുന്നു. ഹൈഗേറ്റിലെ മാർക്‌സിന്റെ സ്മാരകം കണ്ടതിനു തൊട്ടടുത്ത ദിവസം. മുരളിയേട്ടനൊപ്പം ട്രാഫൽഗർ സ്‌ക്വയറിലും പരിസരങ്ങളിലും കുറച്ചു കറങ്ങിനടന്നതിനു ശേഷം ഉച്ചകഴിഞ്ഞാണ് ഗ്യാലറിയിലെത്തിയത്. ഗ്യാലറിയിലെ ഏതാനും മുറികളിൽ കയറിയിറങ്ങാനേ അന്നു കഴിഞ്ഞുള്ളൂ. ഗ്യാലറിയുടെ ഘടനയും ചിത്രങ്ങൾ ക്രമീകരിച്ചിരിക്കുന്ന രീതിയും മറ്റും അപ്പോൾ നിശ്ചയമുണ്ടായിരുന്നില്ല. ആധുനിക കലയുടെ പടിവാതിലായി പ്രവർത്തിച്ച കുറേയേറെ ചിത്രങ്ങളുള്ള മുറികളിലൂടെയാണ് ആദ്യം കയറിയിറങ്ങിയത്. കോൺസ്റ്റബളിന്റെ ലാൻഡ് സ്‌കേപ്പുകളും ടർണറുടെ സീസ്‌കേപ്പുകളും മറ്റും. ജോൺ ബെർജറുടെയും ജോൺ ബാരലിന്റെയും പഠനങ്ങളിൽ നിന്ന് ഭൂഭാഗദൃശ്യങ്ങളുടെ രാഷ്ട്രീയവും ചരിത്രപരവുമായ മാനങ്ങളെക്കുറിച്ച് ഞാൻ കുറച്ചൊക്കെ മനസ്സിലാക്കിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ വ്യാവസായികതയും കലങ്ങിമറിയുന്ന ലോകക്രമങ്ങളും ആദ്യകാലത്തെ ഭൂഭാഗരമണീയതകളിൽ നിന്ന് ഇരമ്പിമറിയുന്ന സമുദ്രദൃശ്യങ്ങളിലേക്ക് ലാൻസ്‌കേപ്പിനെ സ്ഥാനാന്തരം ചെയ്തതിനെക്കുറിച്ചും. ആ ദിവസങ്ങളിൽ നാഷണൽ ഗ്യാലറിയിൽ ടർണറുടെ ചിത്രങ്ങളുടെ സവിശേഷപ്രദർശനം നടക്കുന്നുണ്ടായിരുന്നു. കാലത്തിന്റെ കടൽക്കോളുകൾ ഉയർന്നുമറിയുന്ന ദൃശ്യഖണ്ഡങ്ങൾ നാഷണൽ ഗ്യാലറിയുടെ ചവരുകളിൽ ചരിത്രജാലകങ്ങൾ പോലെ തുറന്നുകിടന്നു.

അടുത്ത ഹാളുകളിലായിരുന്നു ആധുനികതയുടെ അരങ്ങൊരുക്കം. കൂർബെയും മില്ലെയും മുതൽ ആദ്യകാല ഇംപ്രഷനിസ്റ്റുകൾ വരെയായി പലർ. വാൻഗോഗിന്റെ കസേരയും സൂര്യകാന്തിപ്പൂക്കളും. സൂര്യകാന്തിപ്പൂക്കൾക്കു മുന്നിൽ ഒരു നിമിഷമൊഴിയാതെ മനുഷ്യർ തിങ്ങി നിറഞ്ഞു. തങ്ങളെയും ചിത്രകലയിലെ ആ മഹാവിസ്മയത്തെയും ഒരേ ഫ്രെയിമിലാക്കി സ്വന്തം മൊബൈലിൽ അവർ പകർത്തിക്കൊണ്ടേയിരുന്നു. അതിനടുത്തായി ആധുനികകലയുടെ ചരിത്രത്തിലെ അതുല്യ രചനകളുണ്ടായിരുന്നു. മാനേയും മൊനേയും മുതൽ സെസാനും ഗൊഗൈനും മത്തീസും പിക്കാസ്സോയും വരെയായി പലരും. ഞാനവയെയെല്ലാം നോക്കി നിന്നു. ലോകത്തെയും ജീവിതത്തെയും കാണാൻ കണ്ണുനൽകിയ രചനകളാണ്. കലയിലെ ഓരോ രൂപപരിണാമവും യാഥാർത്ഥ്യത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെയും അഴിച്ചുപണിയുന്നുണ്ട്. പടിഞ്ഞാറൻ ആധുനികതയുടെ സുഭദ്രയാഥാർത്ഥ്യങ്ങളുടെ അടിയിളകിത്തുടങ്ങിയതാണ് ഇംപ്രഷനിസ്റ്റ് കലയിൽ തെളിഞ്ഞതെന്ന് ആർനോൾഡ് ഹൗസർ എഴുതിയത് ഞാനപ്പോൾ ഓർത്തു. ഖരമായതെല്ലാം ആവിയായിത്തീരുന്നു (‘All that is solid melts into air’) എന്നെഴുതിക്കൊണ്ട് വരാനിരിക്കുന്ന മോഡേണിസ്റ്റ് ആനുഭവഘടനയെ പൂർവ്വദർശനം ചെയ്ത മാർക്‌സിനെയും!
1980-കളുടെ അവസാനമാണ് ചിത്രകലയിലേക്കും അതിന്റെ ചരിത്രത്തിലേക്കും ഞാൻ ആകൃഷ്ടനായത്. മഹാരാജാസിലെ വിദ്യാഭ്യാസവും എറണാകുളത്തെ കലാപീഠവും ദർബാർ ഹാളും പോലുള്ള ഗ്യാലറികളിലെ പ്രദർശനങ്ങൾ കാണാൻ അവസരം ലഭിച്ചതുമെല്ലാം അതിനു കാരണമായിരുന്നു. അക്കാലം മുതൽ എത്രയോ വട്ടം ചിത്രപ്പകർപ്പുകളായി കണ്ട രചനകളാണ് മുന്നിൽ നിരനിരയായി കാണുന്നത്! ഇങ്ങനെയൊരവസരം കൈവന്നേക്കുമെന്ന് ഗ്രേറ്റ് മാസ്റ്റേഴ്‌സ് പരമ്പരയിലെ പകർപ്പുകളിലൂടെ ശ്രദ്ധാപൂർവം കടന്നുപോയ അക്കാലത്തൊന്നും ഓർമ്മിച്ചിട്ടേയില്ല. കാലം കനിഞ്ഞ മഹാഭാഗ്യത്തിൽ നന്ദി നിറയുന്ന മനസ്സോടെ ഓരോ ചിത്രത്തിലേക്കും ശ്രദ്ധാപൂർവം ഞാൻ നോക്കി. അപ്പോഴേക്കും സന്ധ്യയെത്തി. ഗ്യാലറിയ്ക്കു മുകളിൽ ഇരുൾ വീണു തുടങ്ങി. മ്യൂസിയത്തിന്റെ പ്രവർത്തനസമയം അവസാനിക്കാറായിരുന്നു. ഗ്യാലറി മുഴുവനായി കാണാൻ മറ്റൊരു ദിവസം വരാം എന്നു തീരുമാനിച്ച് മുരളിയേട്ടനൊപ്പം ഞാൻ പുറത്തുകടന്നു.

ലണ്ടനിലെ നാഷണൽ ഗ്യാലറിക്ക് അസാധാരണമായ ഒരു പ്രാരംഭചരിത്രമുണ്ട്. ഒരുപക്ഷേ, ലോകത്തെ മറ്റൊരു ചിത്രശാലയുടെ പിറവിയ്ക്കു പിന്നിലും അത്തരമൊരു ചരിത്രം ഉണ്ടാവാനിടയില്ല. തിരിച്ചു കിട്ടിയ ഒരു യുദ്ധക്കടമാണ് (war debt) അതാരംഭിക്കുന്നതിനുള്ള അടിസ്ഥാന മൂലധനമായത്. ബ്രിട്ടന് ആസ്ട്രിയ യുദ്ധക്കടമായി നൽകാനുണ്ടായിരുന്ന വലിയ തുക പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആസ്ട്രിയ അവിചാരിതമായി തിരിച്ചു നൽകുകയുണ്ടായി. ഒരു ദേശീയ ചിത്രശാലയെന്ന ആശയം ബ്രിട്ടനിൽ പ്രബലമായി വരുന്ന കാലമാണത്. അപ്പോഴേക്കും യൂറോപ്പിൽ പലയിടങ്ങളിലായി ഗ്യാലറികളും മ്യൂസിയങ്ങളും നിലവിൽവന്നു തുടങ്ങിയിരുന്നു. അക്കാലത്തുതന്നെയാണ് വലിയൊരു ചിത്രശേഖരത്തിന്റെ ഉടമയും പണമിടപാടുകാരനും കാരുണ്യപ്രവർത്തകനും മറ്റുമായ ജോൺ ജൂലിയസ് ആംഗർസ്റ്റീൻ തന്റെ ചിത്രശേഖരം വിൽക്കാനൊരുങ്ങുന്നത്. ആസ്ട്രിയ തിരിച്ചുനൽകിയ യുദ്ധക്കടം ഉപയോഗപ്പെടുത്തി 34 ചിത്രങ്ങൾ ഉൾപ്പെടുന്ന ആ ശേഖരം വാങ്ങിയാണ് നാഷണൽ ഗ്യാലറിയുടെ പ്രഥമശേഖരത്തിന് ബ്രിട്ടൻ തുടക്കം കുറിച്ചത്. ആംഗർസ്റ്റീനിന്റെ ശേഖരത്തിലുണ്ടായിരുന്ന ലസാറസിന്റെ ഉയിർപ്പ് എന്ന ചിത്രമാണ് (The Raising of Lazarus – Sebastiano Piomb) നാഷണൽ ഗ്യാലറിശേഖരത്തിലെ ഒന്നാം നമ്പർ കലാവസ്തു. അങ്ങനെ യുദ്ധപ്പണത്തിൽ നിന്ന് കലയിലേക്കുള്ള അത്യപൂർവമായ പരിണാമത്തിന്റെ കഥയായി നാഷണൽ ഗ്യാലറി നിലവിൽ വന്നു. ഡൈനമിറ്റിന്റെ പേറ്റന്റ് വഴി ലഭിച്ച ഭീമാകാരമായ തുകയിൽ നിന്നും ആൽഫ്രഡ് നൊബേൽ സമാഹരിച്ച പണം സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം വരെയെത്തിയതിന്റെ പൂർവമാതൃകപോലൊന്ന്!

ഒരു ദേശീയ ചിത്രശാല എന്ന ആശയത്തിന് സ്വീകാര്യത മാത്രമല്ല ഉണ്ടായിരുന്നത്. ബ്രിട്ടന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രരചിയിതാക്കളിലൊരാളും ഭൂഭാഗചിത്രങ്ങളുടെ ചരിത്രത്തിലെ ലോകോത്തര പ്രതിഭയുമായ ജോൺ കോൺസ്റ്റബിൾ നാഷണൽ ഗ്യാലറി എന്ന ആശയത്തിനെതിരായിരുന്നു. മികവുറ്റ മാതൃകകൾ സമാഹരിച്ചുവച്ചാൽ ചിത്രകാരർ അവയുടെ പകർപ്പെഴുത്തുകാരായി മാറുമെന്നും, അതുവഴി ഇംഗ്ലീഷ് കലയുടെ ചരമശയ്യയായി അതു മാറിത്തീരുമെന്നായിരുന്നു കോൺസ്റ്റബിളിന്റെ വാദം. കലയുടെ മാനദണ്ഡം മുൻ മാതൃകകളല്ല മറിച്ച് പ്രകൃതി ആയിരിക്കണം എന്നാണദ്ദേഹം കരുതിയത്. എങ്കിലും കോൺസ്റ്റബിളിന്റെ പുരസ്‌കർത്താവായ സർ ജോർജ് ബ്യൂമൗങും റവ. ഹോൾവെൽകാറും അടക്കമുള്ളവർ ഗ്യാലറിയെന്ന ആശയത്തിന് പിൻതുണയായെത്തി. ശരിയായ പ്രദർശനസംവിധാനവും പരിചരണവും ഉറപ്പാക്കിയാൽ തങ്ങളുടെ ശേഖരം ഗ്യാലറിക്കായി നൽകാമെന്ന വാഗ്ദാനവും അവർ നല്കിയിരുന്നു. റൂബെൻസിന്റെ ശരത്കാല ഭൂഭാഗദൃശ്യം (Autumn Lanscape), റെംബ്രാന്റിന്റെ അരുവിയിൽ കുളിക്കുന്ന സ്ത്രീ (Woman Bathing in a Stream) തുടങ്ങിയ ചിത്രങ്ങളെല്ലാം അങ്ങനെ ഗ്യാലറിക്ക് കൈവന്ന രചനകളാണ്. ഈ ചിത്രസമാഹരണം പടിപടിയായി വളർന്നു. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ചിത്രശാലയായി നാഷണൽ ഗ്യാലറി മാറിയിരിക്കുന്നു. കലാചരിത്രത്തിലെ നിത്യവിസ്മയങ്ങളായ മൂവായിരത്തോളം ലോകോത്തര രചനകൾ അവിടെ സന്ദർശകർക്ക് മുഖാമുഖം നിൽക്കുന്നു. അവ തുറക്കുന്ന ലോകജാലകങ്ങളിലൂടെ മനുഷ്യവംശത്തിന്റെ ഭാവനാസഞ്ചയങ്ങളിലേക്കും അനുഭവഘടനയിലേക്കും നാം പതിയെ ചുവടുവയ്ക്കുന്നു!
യൂറോപ്പിലെ ഇതര പൊതു മ്യൂസിയങ്ങളിലും ഗ്യാലറികളിലും നിന്ന് വ്യത്യസ്തമായ നിലയിൽ ലണ്ടൻ നാഷണൽ ഗ്യാലറിക്ക് ചില സവിശേഷതകളുണ്ട്. നാഷണൽ ഗ്യാലറിയെക്കുറിച്ചുള്ള പരിചായക ഗ്രന്ഥത്തിന്റെ തുടക്കത്തിൽ തന്നെ എറികാ ഗ്രാൻമ്യൂർ ഇക്കാര്യം പറയുന്നുണ്ട്. യൂറോപ്പിലെ പ്രധാനപ്പെട്ട മറ്റെല്ലാ മ്യൂസിയങ്ങളും ഗ്യാലറികളും തുടങ്ങിയത് ഏതെങ്കിലുമൊരു പ്രഭുവിന്റെയോ രാജാവിന്റെയോ സ്വകാര്യശേഖരത്തിൽ നിന്നാണെങ്കിൽ നാഷണൽ ഗ്യാലറിയുടെ ചരിത്രം വ്യത്യസ്തമാണ്. അതൊരു പൊതു സമ്പാദ്യമാണ്. അവിടെ പ്രദർശിപ്പിക്കുന്നതിൽ ഏറിയ പങ്കും ബ്രിട്ടീഷ് ചിത്രകാരൻമാരുടെ രചനകളുമല്ല. ബ്രിട്ടന്റെ നാഷണൽ ഗ്യാലറിയായിരിക്കെത്തന്നെ അതിനൊരു യൂറോപ്യൻ വ്യാപ്തിയുണ്ട്. യൂറോപ്യൻ കലയിൽ പതിമൂന്നാം ശതകം മുതൽ പിറവിയെടുത്ത പ്രവണതകളും പ്രസ്ഥാനങ്ങളുമാണ് അവിടെയുള്ള കലാശേഖരത്തിന്റെ ഭൂരിഭാഗവും. കാലത്തിലും സ്ഥലത്തിലും ലണ്ടനിലെ നാഷണൽ ഗ്യാലറി രാഷ്ട്രത്തിന്റെ അതിരുകളെ ഭേദിക്കുന്നു.
ലോകത്തെ പുകഴ്‌പെറ്റ ചിത്രശാലകളുടെ ചരിത്രത്തിൽ താരതമ്യേന വൈകിയാണ് ലണ്ടൻ നാഷണൽ ഗ്യാലറി ഇടം നേടിയത്. 1820-ൽ ലണ്ടൻ ഗ്യാലറി നിലവിൽ വരുന്നതിന് പല പതിറ്റാണ്ടുകൾക്കു മുൻപേ യൂറോപ്പിൽ അതുല്യങ്ങളായ കലാശേഖരങ്ങൾ പലതും നിലവിൽ വന്നിരുന്നു. പതിനെട്ടാം ശതകത്തിന്റെ ആദ്യപകുതിയിൽത്തന്നെ (1737) ഫ്‌ളോറൻസിലെ മെസിലിയുടെ ശേഖരം പൊതുചിത്രശാലയായി പരിണമിച്ചു. ഇതിനു പിന്നാലെ വിയന്നയിലും (1781) പാരീസിലും (1793) ആംസ്റ്റർഡാമിലും (1808) മാഡ്രിഡിലും (1809) ചിത്രശാലകൾ ഉരുവം കൊണ്ടു. ബ്രിട്ടന്റെ മറ്റൊരഭിമാനമായ ബ്രിട്ടീഷ് മ്യൂസിയത്തിന് 1753-ൽ തന്നെ തുടക്കം കുറിക്കപ്പെട്ടിരുന്നു. എങ്കിലും പ്രാഥമികമായി അത് ഒരു ചിത്രശാലയായിരുന്നില്ല. കുറച്ച് ചിത്രങ്ങൾ അതിന്റെ ഭാഗമായിരുന്നു എന്നുമാത്രം. 1768-ൽ സ്ഥാപിതമായ റോയൽ അക്കാദമിയാവട്ടെ ഒരു കലാപരിശീലനകേന്ദ്രവും പ്രദർശനശാലയും മാത്രമായിരുന്നു. നവോത്ഥാനകലയിലെ മഹാരഥികളുടെ രചനകളൊന്നും അന്നവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് 1824-ൽ നാഷണൽ ഗ്യാലറി നിലവിൽ വരുമ്പോൾ ചിത്രശാലകളുടെ സ്ഥാപനത്തിലും ചിത്രപ്രദർശനത്തിലും യൂറോപ്പ് അരനൂറ്റാണ്ടെങ്കിലും മുന്നിലായിരുന്നു.
ജോൺ ലൂയിസ് അംഗർസ്റ്റീനിന്റെ സ്വകാര്യവസതിയിൽ തന്നെയാണ് 1824-ൽ നാഷണൽ ഗ്യാലറി പ്രദർശനം ആരംഭിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പകുതിയോടെ ഗ്യാലറി സ്വന്തം കെട്ടിടത്തിലേക്ക് മാറി. പതിയെപ്പതിയെ പുതിയ എടുപ്പുകൾ ഓരോ ഭാഗത്തായി വന്നു. കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഭാഗങ്ങളിലേക്ക് ആ എടുപ്പുകൾ വളർന്നു. പതിമൂന്നാം ശതകം മുതൽക്കുള്ള ആദ്യകാലരചനകൾ പ്രദർശിപ്പിക്കുന്ന സെയിന്റ്‌സ്ബറി വിങ് പണിതീർത്തത് 1991-ലാണ്. ഇപ്പോൾ അഞ്ചു ഭാഗങ്ങളിലായി ലോകകലയുടെ ആ മഹാശേഖരം പടർന്നുകിടക്കുന്നു.
ലോകത്തിലെ ഇതര ചിത്രശാലകളിൽ നിന്നും നാഷണൽ ഗ്യാലറിയെ വ്യത്യസ്തമാക്കുന്ന മറ്റൊരു ഘടകം അതിന്റെ തുറസ്സാണ്. പൊതുസമൂഹത്തിന് അവിടെ പ്രവേശനം സൗജന്യമാണ്. നാഷണൽ ഗ്യാലറി നിലവിൽ വന്ന സമയത്തുതന്നെ അതിന്റെ നടത്തിപ്പുകാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിരുന്നു. യൂറോപ്പിലെ ഇതര ചിത്രശാലകളെപ്പോലെ ചിത്രകാരർക്കും കലാപഠിതാക്കൾക്കും പകർപ്പെടുപ്പുകാർക്കും മറ്റുമായി പരിമിതപ്പെട്ടു പോകാത്ത ഒന്നായിരിക്കണം നാഷണൽ ഗ്യാലറിയെന്ന് അതിന്റെ സ്ഥാപനപ്രമാണത്തിൽ തന്നെ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കണം എന്ന കാര്യം പ്രത്യേകം നിഷ്‌കർഷിക്കപ്പെട്ടിരുന്നു. അങ്ങനെ ചെയ്തില്ലെങ്കിൽ സമ്പന്നരോ ഇടത്തരക്കാരോ അല്ലാത്തവർക്ക് കലയുടെ അനുഭവം നിഷേധിക്കപ്പെടും എന്നവർ കരുതി. സ്വന്തമായി ചിത്രശേഖരങ്ങൾ ഒരുക്കാനോ കാണാനോ കഴിയാത്ത മഹാഭൂരിപക്ഷം മനുഷ്യരെ കലയിലേക്ക് കൈപിടിച്ചു നടത്താൻ കഴിയുന്ന ഒന്നായി നാഷണൽ ഗ്യാലറി മാറണമെന്ന് 1857-ലെ പാർലമെന്ററി കമ്മറ്റി റിപ്പോർട്ട് പ്രസ്താവിക്കുന്നുണ്ട്. ഇന്നും ആ തത്ത്വം പാലിക്കപ്പെടുന്നു.
പുറമേക്കുള്ള ഈ ഉദാരതാഭാവത്തിനപ്പുറം ഈ സ്ഥാപനത്തിന് മറ്റൊരു ദൗത്യവുമുണ്ടായിരുന്നു. യൂറോപ്യൻ കലയ്ക്കു മുകളിലുള്ള, വിശാലമായൊരർത്ഥത്തിൽ ലോകകലയ്ക്കു മുകളിൽ തന്നെയുള്ള, തങ്ങളുടെ സർവ്വാധികാരത്തിന്റെ പ്രദർശനശാല എന്ന നിലയിലാണ് നാഷണൽ ഗ്യാലറിയെ ബ്രിട്ടീഷ് സാമ്രാജ്യം സ്ഥാപിച്ചതും സംരക്ഷിച്ചതും. ബ്രിട്ടീഷ് മ്യൂസിയവും ഇതേ ദൗത്യം തന്നെ നിർവ്വഹിക്കുന്നുണ്ട്; നാഷണൽ ഗ്യാലറിയെക്കാൾ എത്രയോ അധികമായി. സൂര്യനസ്തമിക്കാത്ത സാമ്രാജ്യാധികാരത്തിന്റെയും അതിനു പിന്നിലെ കൂട്ടക്കൊലകളുടെയും വമ്പൻ കവർച്ചകളുടെയും ചരിത്രം മറച്ചുപിടിക്കുന്ന പ്രദർശനശാലകൾ കൂടിയാണവ. സാമ്രാജ്യാധികാരത്തിന്റെ സാംസ്‌കാരിക സാധൂകരണം എന്ന രാഷ്ട്രീയദൗത്യം അവ കഴിഞ്ഞ രണ്ടു നൂറ്റാണ്ടായി നിറവേറ്റിപ്പോരുന്നു. ലോകത്തിന്റെ പല കോണുകളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വസ്തുക്കളുടെ വൻശേഖരമായ ബ്രിട്ടീഷ് മ്യൂസിയത്തിലൂടെ നടക്കുന്ന ആരും അതിന്റെ പരിരക്ഷണത്തിലും വിന്യാസത്തിലും ബ്രിട്ടൻ പുലർത്തുന്ന ശ്രദ്ധയെയും ജാഗ്രതയെയും അഭിനന്ദിക്കാതെ പോവില്ല. അതിനു പിന്നാലെ കൂട്ടക്കുരുതികളുടെ ചരിത്രം ആരുമപ്പോൾ ഓർക്കുകയുമില്ല. എല്ലാ സാംസ്‌കാരിക രേഖകളും കിരാതത്വത്തിന്റെ സുവർണ്ണരേഖകൾ കൂടിയാണെന്ന് വാൾട്ടർ ബൻയമിൻ പണ്ടേ എഴുതിയത് വെറുതെയല്ല!
* * * * * *
നാഷണൽ ഗ്യാലറി കാണാൻ രണ്ടാം വട്ടം പോയത് ഞാൻ തനിച്ചാണ്. ലണ്ടനിലെത്തി രണ്ടാഴ്ചയോളം കഴിഞ്ഞായിരുന്നു ആ യാത്ര. മുരളിയേട്ടൻ തിരക്കിലായിരുന്ന ഒരു ദിവസം. പിറ്റേന്ന് മുരളിയേട്ടന്റെ മകൻ രാമുവിന്റെ ജന്മദിനാഘോഷമായിരുന്നു. മുരളിയേട്ടൻ അതിന്റെ തിരക്കുകളിൽ പെട്ടു. അത്രയും ദിവസത്തെ സഞ്ചാരങ്ങൾ മൂലം ട്യൂബിലൂടെയുള്ള യാത്രയുടെ സമ്പ്രദായങ്ങളും ഇറങ്ങേണ്ട സ്റ്റേഷനും നടന്നെത്തേണ്ട ഇടവുമെല്ലാം എനിക്ക് ഒട്ടൊക്കെ മനസ്സിലായിരുന്നു. രാവിലെ തന്നെ മുരളിയേട്ടന്റെ വീട്ടിൽ നിന്നും പുറപ്പെട്ട് പത്തുമണി കഴിഞ്ഞപ്പോഴേക്കും ട്രാഫൽഗർ സ്‌ക്വയറിനടുത്തുള്ള സ്റ്റേഷനിലെത്തി. അവിടെയിറങ്ങി നടന്നു. നഗരം തിരക്കിലാവുന്നതേ ഉണ്ടായിരുന്നുള്ളൂ. ഗ്യാലറിക്കു മുന്നിൽ തിരക്ക് തുടങ്ങിയിരുന്നില്ല. ചെന്നപാടെ ഗ്യാലറിയിലേക്കു കയറി. കാലക്രമത്തിൽ തന്നെയാണ് അന്ന് ചിത്രങ്ങൾ കണ്ടുതുടങ്ങിയത്. പതിമൂന്ന് മുതൽ പതിനാറുവരെ നൂറ്റാണ്ടുകളിലെ ചിത്രങ്ങൾ. നാഷണൽ ഗ്യാലറിയോട് ഏറ്റവുമൊടുവിൽ കൂട്ടിച്ചേർത്ത സെയിന്റ്ബറി വിങ്ങിലാണ് അവ പ്രദർശിപ്പിച്ചിരിക്കുന്നത്. യൂറോപ്യൻ കല നവോത്ഥാനത്തിലേക്കു ചുവടൂന്നുന്നതിന് തൊട്ടുമുൻപുള്ള രചനകളാണ്. മധ്യകാല മതാത്മകതയുടെയും പേപ്പസിയുടെയും പിടിമുറുക്കത്തിന്റെ മുദ്രകൾ ഉടനീളം പതിഞ്ഞ രചനകൾ. ‘കല’യുടെ സ്വതന്ത്രപദവി അവയ്ക്കു കൈവന്നിട്ടില്ല. ഏറിയ പങ്കും മതത്തിന്റെ അനുബന്ധമായി നിലകൊള്ളുന്ന രചനകളാണ്. എങ്കിലും എണ്ണച്ചായത്തിലേക്കും രേഖീയ പരിപ്രേക്ഷ്യത്തിലേക്കും മനുഷ്യകേന്ദ്രിതമായ (anthropocentric) ഭാവനാബന്ധങ്ങളിലേക്കുള്ള പരിണാമത്തിന്റെ സാങ്കേതികവും ഭാവുകത്വപരവുമായ അടയാളങ്ങൾ അവയിൽ കാണാമായിരുന്നു. പൂർവ്വധാരണയില്ലാതെ കണ്ടാൽ അവ ബോറടിപ്പിച്ചേക്കാം. അക്കാലത്തെ കലയെക്കുറിച്ച് മുൻപേതന്നെ ചിലതെല്ലാം വായിച്ചിരുന്നതിനാൽ അവയുടെ കാഴ്ച കുറെക്കൂടി എളുപ്പമായി.
1911-ലാണ് സെയിൻസ്ബറി വിങ്ങ് നാഷണൽ ഗ്യാലറിയുടെ ഭാഗമായി കൂട്ടിച്ചേർക്കപ്പെട്ടത്. ആദ്യകാല യൂറോപ്യൻ ചിത്രങ്ങൾ കാലക്രമത്തിൽ അവിടെ വിന്യസിച്ചിരിക്കുന്നു. അവയെ രാഷ്ട്രാതിർത്തികളെ മുൻനിർത്തി വേർതിരിക്കാൻ പ്രയാസമാണ്. പിൽക്കാല യൂറോപ്പിലെ പല രാജ്യങ്ങളും അന്ന് നിലവിൽ വന്നിട്ടുതന്നെയില്ല. എങ്കിലും ഇറ്റാലിയൻ കലയുടെ പ്രഭാവം അവിടെ കൂടുതൽ കാണാനാവും. പ്രദർശിപ്പിച്ചവയിൽ ഏറിയ പങ്കും മരപ്പാളിയിൽ എണ്ണച്ചായം കൊണ്ട് എഴുതിയ ചിത്രങ്ങളാണ്. അൾത്താരചിത്രങ്ങളോ അവയുടെ ഭാഗങ്ങളോ ആയി നിലകൊണ്ട വുഡൻ പാനലുകൾ! പോപ്പിന്റെ സർവ്വാധികാരത്തെ അവ നിശ്ശബ്ദം വിളംബരം ചെയ്തുകൊണ്ടിരുന്നു. മാനുഷികതയുടെ രൂപഭാവങ്ങളിലേക്കുള്ള വഴിത്തിരിവുകളായി കാണാവുന്ന ചില രചനകളും അവിടെയുണ്ട്. ലോകകലയുടെ തന്നെ ചരിത്രത്തിലെ പ്രാമാണിക രചനകളിലൊന്നായി കണക്കാക്കപ്പെടുന്ന ജാൻവാൻ ഐക്കിന്റെ ഒരു മനുഷ്യന്റെ ഛായാചിത്രം (Portrait of a Man) എന്ന രചന ഉൾപ്പെടെ. ഡാവിഞ്ചിയുടെ വിശ്രുതമായ പാറക്കൂട്ടങ്ങളിലെ കന്യാമറിയവും (Virgin of the Rocks) അവിടെയാണുള്ളത്. എങ്കിലും മൊത്തത്തിൽ അവ ഈ ഭാഗത്തിലെ അപവാദങ്ങളാണ്. മതാത്മക രചനകളും അലങ്കാരചിത്രങ്ങളുമാണ് ഏറിയ പങ്കും. കൂടാതെ കുറെയേറെ പോർട്രെയ്റ്റുകളും. മതനിരപേക്ഷം എന്നു വിളിക്കാവുന്ന ജീവിതസ്ഥാനങ്ങൾ അവയിൽ തെളിഞ്ഞു വന്നിട്ടില്ല. പോർട്രെയ്റ്റുകൾ മധ്യകാല പ്രഭു/രാജ പാരമ്പര്യത്തിന്റെ തുടർച്ചയിൽ വരയ്ക്കപ്പെട്ടവയാണ്. അലങ്കാരചിത്രങ്ങൾ പള്ളിച്ചിത്രങ്ങളുടെ ഭാഗവും. അപ്പോൾത്തന്നെ, അവിടവിടെയായി മാനുഷികതയുടെ ഭാവഹാവങ്ങൾ ദൈവികതയ്ക്കു മേൽ പടിപടിയായി തലയുയർത്തുന്നതിന്റെ മുദ്രകൾ പല ചിത്രങ്ങളിലായി കാണാമായിരുന്നു. ‘മനുഷ്യർ! മനുഷ്യർ!’ എന്ന് യൂറോപ്യൻ കല പതിയെ പറയാൻ തുടങ്ങിയിരുന്നു.

ഗ്യാലറിയുടെ കിഴക്കൻ ശാഖയിലാണ് 16-17 നൂറ്റാണ്ടുകളിലെ ചിത്രങ്ങൾ. നവോത്ഥാനകലയുടെ മകുടങ്ങൾ ഇവിടെ നിരനിരയായി പ്രദർശനത്തിനുണ്ട്. റാഫേലും മൈക്കലാഞ്ചലോയും ബ്രോൻസിനോയും മുതൽ ഹാൻസ്‌ഹോൾബിനും പൗലോ വെറോൻസെയും വരെ. ഉച്ചനവോത്ഥാനത്തിന്റെ മുദ്രകൾ ഏറ്റുവാങ്ങി, മതാത്മകതയിൽ നിന്ന് മാനുഷികതയുടെ സൂക്ഷ്മലോകങ്ങളിലേക്കും ഭാവഹാവങ്ങളിലേക്കും യൂറോപ്യൻ കല പരിണമിക്കുന്നതിന്റെ ദൃശ്യചരിത്രമവിടെ കാണാം. ഗ്യാലറിയുടെ വടക്കും പടിഞ്ഞാറും തെക്കും ശാഖകളിലായി പതിനേഴാം നൂറ്റാണ്ടു മുതലുള്ള യൂറോപ്യൻ കലയിലെ മഹിതരചനകളിൽ വലിയൊരു പങ്ക് പ്രദർശനത്തിനുണ്ട്. കാരവാഗ്ഗിയോയും എൽഗ്രെക്കോയും റെംബ്രാന്റും റൂബെൻസും വെലാസ്‌ക്വെയും മുതൽ കോൺസ്റ്റബിളും ദേഗായും ദെലാക്രോയും ഗൊഗൈനും വാൻഗോഗും മൊനേയും സ്യൂറെയും വരെയായി അനന്തമായ കലയുടെ ആകാശവിസ്തൃതി. പലകാലങ്ങളിൽ കണ്ടും വായിച്ചും അറിഞ്ഞ ചിത്രകാരരുടെ രചനകൾ! ആഴ്ചകൾ കൊണ്ടേ അവയെല്ലാം നന്നായി കണ്ടുതീർക്കാനാവൂ. ഓരോ ചിത്രത്തെയും രചനാപരമായി വിശദാംശങ്ങൾ ശ്രദ്ധിച്ച് കാണണമെങ്കിൽ അത്രയും സമയം വേണം. അത്രയൊന്നും സമയം ലഭ്യമല്ലാത്തതിനാൽ ഒരു മുഴുവൻ ദിവസം ഞാനവയിലൂടെ ആകാവുന്നത്ര ശ്രദ്ധയോടെ നോക്കിനടന്നു. ഇനിയൊരിക്കൽ ഇങ്ങനെയൊരവസരം കൈവരുമോ എന്നുറപ്പില്ലായിരുന്നു. അതിനാൽ നടപ്പിന്റെ ക്ഷീണം ഞാൻ കാര്യമാക്കിയില്ല. മുഴുവൻ കണ്ടുതീർക്കുക എന്നതിനായിരുന്നു പ്രാധാന്യം.
നിരന്തരമായ ഈ ഗ്യാലറി കാഴ്ചയ്ക്ക് ചില പരിമിതികളുണ്ട്. രണ്ടുമൂന്നു മണിക്കൂറുകൾ കഴിയുമ്പോൾ ചിത്രങ്ങൾ വേണ്ടപോലെ മനസ്സിൽ പതിയാതാവും എന്നതാണ് അതിൽ പ്രധാനം. കാണലിനു (Seeing) പകരം നോട്ടം (Looking) മാത്രം ബാക്കിയാവാൻ തുടങ്ങും. ചിത്രങ്ങൾക്കു മുകളിലൂടെ കണ്ണോടിപ്പോവുന്നതിനപ്പുറം അവ നമ്മോട് അനുഭവപരമായി സംവദിക്കാത്ത സ്ഥിതിവരും. അങ്ങനെ തോന്നുമ്പോൾ ഒരു ചെറിയ ഇടവേളയെടുത്ത് കാപ്പി കുടിച്ചും അല്പം വിശ്രമിച്ചുമാണ് ഞാൻ ചിത്രങ്ങളിലേക്ക് തിരിച്ചുവരുക. എന്നാലും ആദ്യ മണിക്കൂറുകളിലെ ഉണർവ്വ് പിന്നെ കാഴ്ചയിൽ കൈവരില്ല. കണ്ടത് പലതും കാഴ്ചയിൽ തെളിയില്ല. വിശദാംശങ്ങൾ മുതൽ വർണ്ണച്ചേരുവകൾ വരെ.
അന്നത്തെ ഒറ്റയ്ക്കുള്ള നാഷണൽ ഗ്യാലറി സന്ദർശനം എനിക്ക് യൂറോപ്യൻ കാപ്പിയെക്കുറിച്ചും ചില തെളിച്ചങ്ങൾ തന്നു. ഇംഗ്ലണ്ടിലേക്കുള്ള യാത്ര എന്റെ ആദ്യ യൂറോപ്യൻ യാത്രയായിരുന്നില്ല. അതിനു മുൻപ് സ്വിറ്റ്‌സർലന്റും ആസ്ട്രിയയും ഇറ്റലിയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പോകാനും വത്തിക്കാൻ മ്യൂസിയമുൾപ്പെടെ കാണാനും അവസരം കിട്ടിയിരുന്നു. അപ്പോഴൊക്കെയും സുഹൃത്തുക്കൾ ആരെങ്കിലും കൂട്ടായുണ്ടായിരുന്നു. ഒരു മുഴുവൻ ദിവസം ഒറ്റയ്ക്ക് നടന്ന് ഒരു ഗ്യാലറിയോ മ്യൂസിയമോ കാണുന്നത് അന്നാദ്യമായാണ്. രാവിലെ പത്തുമണിയോടെ തുടങ്ങിയ നടപ്പ് മൂന്നു മണിക്കൂറോളം പിന്നിട്ടപ്പോൾ നല്ല ക്ഷീണമായി. വിശപ്പും തുടങ്ങിയിരുന്നു. താഴെ പോയി എന്തെങ്കിലും കഴിച്ചുവരാം എന്നു തീരുമാനിച്ച് അവിടെയെത്തി. ഒരു സാൻഡ്‌വിച്ചും കാപ്പിയും ഓർഡർ ചെയ്തു. കൗണ്ടറിലുള്ളയാൾ ഏതു തരം കോഫിയാണ് വേണ്ടതെന്ന് ചോദിച്ചപ്പോഴാണ് ഞാനാദ്യമായി കാപ്പിയുടെ വകഭേദങ്ങൾ ശ്രദ്ധിച്ചത്. നിരവധി പേരുകൾ. ലാത്തെ, കപ്പൂച്ചിനോ, എക്‌സ്പ്രസ്സോ, ഡബിൾ എക്‌സ്പ്രസ്സോ… അങ്ങനെ പലതും. ഓരോന്നും എന്താണെന്നതിനെക്കുറിച്ച് എനിക്കൊരു നിശ്ചയവുമില്ലായിരുന്നു. എന്റെ വിവരക്കേട് വെളിവാക്കാതെ ഞാൻ ആ പട്ടികയിൽ കണ്ണോടിച്ച് ‘ഡബ്ൾ എക്‌സ്പ്രസ്സോ’ എന്ന് കനത്തിൽ പറഞ്ഞു! ഓർഡർ എടുത്ത ആൾ എന്നെ സൂക്ഷിച്ചൊന്നു നോക്കിയാണ് പണം വാങ്ങിയത്. അല്പം കഴിഞ്ഞ് സാൻഡ്‌വിച്ച് എത്തി. പിന്നാലെ ഒരു ചെറിയ ഗ്ലാസിൽ കഷായം പോലെ കുറുകിക്കിടക്കുന്ന കാപ്പിമട്ടും. അതു കണ്ടപ്പോഴേ ‘ഡബ്ൾ എക്‌സ്പ്രസ്സോ’ വൻചതിയായിയെന്ന് എനിക്കു മനസ്സിലായി. ഇളിഭ്യനായതു പുറത്തുകാണിക്കാതെ കാപ്പിയും സാൻവിച്ചും വാങ്ങി ഞാൻ കോഫിഷോപ്പിലെ രണ്ടു പേർ മാത്രമിരിക്കാവുന്ന ചെറിയ മേശകളിലൊന്നിൽ ഇരിപ്പുപിടിച്ചു. ചുറ്റും നോക്കിക്കൊണ്ട് സാൻവിച്ച് കഴിക്കാൻ തുടങ്ങി. ആ കാപ്പി കുടിക്കാനാവില്ലെന്ന് എനിക്കുറപ്പായിരുന്നു. അപ്പോഴാണ് കൗണ്ടറിന് പുറത്ത് ഫ്‌ളാസ്‌കിൽ ചൂടുള്ള പാൽ വച്ചിരിക്കുന്നത് കണ്ടത്. ആവശ്യക്കാർക്ക് എടുക്കാനാണ്. ഞാൻ സാവധാനം ചെന്ന് ഒരു ഗ്ലാസിൽ നിറയെ പാൽ എടുത്തുകൊണ്ടുവന്നു. ‘ഡബ്ൾ എക്‌സ്പ്രസ്സോ’യിൽ നിന്നും അല്പം മാത്രം അതിൽ പകർത്തി സാധാരണ കാപ്പി പോലെയാക്കി കുടിച്ചു. അതിനിടയിൽ എന്റെ പരാക്രമം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കി. ആരും നോക്കുന്നില്ല. എല്ലാവരും അവരവരുടെ ഭക്ഷണത്തിൽ മുഴുകിയിരിക്കുകയാണ്. കുറച്ചുനേരം കൊണ്ട് ഭക്ഷണം കഴിച്ച്, ഞാനും ഗൗരവത്തിൽ പുറത്തിറങ്ങി! അങ്ങനെ നാഷണൽ ഗ്യാലറി എന്റെ കാപ്പിവിജ്ഞാനത്തിന്റെ ആദ്യപാഠവുമായി!
ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ലെങ്കിലും കാലം പിന്നെയുമൊരിക്കൽ കൂടി എന്നെ നാഷണൽ ഗ്യാലറിയിലെത്തിച്ചു. 2024-ൽ യു.കെ.യിലെ കൈരളി എന്ന സാംസ്‌കാരിക കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുക്കാൻ പോയപ്പോഴാണ് നാഷണൽ ഗ്യാലറി കാണാൻ വീണ്ടും അവസരം കിട്ടിയത്. ഇത്തവണ മീനയും ഒപ്പമുണ്ടായിരുന്നു. ആദ്യതവണയെന്നപോലെ മുരളിയേട്ടന്റെ വീട്ടിലായിരുന്നു രണ്ടാം വട്ടവും ലണ്ടനിലെ താമസം. മുരളിയേട്ടന്റെ പങ്കാളി മിച്ചിരുവിനൊപ്പമാണ് അന്ന് ഗ്യാലറിയിലെത്തിയത്. ആദ്യസന്ദർശനവേളയിൽ അവിടെ നിന്നും വാങ്ങിയ പരിചായകഗ്രന്ഥം (യേൽ സർവ്വകലാശാലയാണ് അതിന്റെ പ്രസാധനവും വിതരണവും!) ഞാൻ അപ്പോഴേക്കും നന്നായി വായിച്ചിട്ടുണ്ടായിരുന്നു. അതിനാൽ അന്നത്തെ ഗ്യാലറിക്കാഴ്ച കുറെക്കൂടി സമഗ്രമായിരുന്നു. ആദ്യവരവിൽ കണ്ട ചില ചിത്രങ്ങളിൽ ചിലത് അപ്പോഴേക്കും സ്ഥാനം മാറിയിരുന്നു. ഡാവിഞ്ചിയുടെയും കാരവാഗ്ഗിയോയുടെയും മറ്റും ചില പ്രധാനചിത്രങ്ങൾ അവിടെ ഇല്ലായിരുന്നു. നാഷണൽ ഗ്യാലറി സ്ഥാപിച്ചതിന്റെ ഇരുന്നൂറാം വാർഷികം മുൻനിർത്തി ബ്രിട്ടന്റെ പല ഭാഗങ്ങളിലായി നടക്കുന്ന വിശേഷപ്രദർശനങ്ങൾക്ക് കൊണ്ടുപോയതാവണം. ആ യാത്രയ്ക്കിടയിൽ ബെൽഫാസ്റ്റിൽ അങ്ങനെയൊരു കാരവാഗ്ഗിയോ പ്രദർശനം ഞങ്ങൾ കാണുകയും ചെയ്തിരുന്നു. ഒരുദിവസം മുഴുവനെടുത്ത് നാഷണൽ ഗ്യാലറി വീണ്ടും കണ്ടുതീർത്തു. ഓരോ ചിത്രങ്ങളിലും ഘനീഭൂതമായിരിക്കുന്ന മനുഷ്യവംശത്തിന്റെ അനുഭവചരിത്രത്തിനു മുന്നിൽ ആവോളം കണ്ണുനട്ടു നിന്നു.
രണ്ടാമത്തെ സന്ദർശനവേളയിൽ കാലാനുസൃതമായല്ല ഗ്യാലറിയിലെ ഹാളുകൾ പിന്നിട്ടത്. മോഡേൺ മാസ്റ്റേഴ്‌സിൽ നിന്നും തുടങ്ങി പടിപടിയായി പിറകിലേക്കെത്തി. പതിമൂന്നാം ശതകത്തിലെ ക്രൈസ്തവ കലയിലെത്തുമ്പോഴേക്കും വൈകുന്നേരം നാലുമണി കഴിഞ്ഞിരുന്നു. മിച്ചിരു ഗ്യാലറി പലവട്ടം കണ്ട ഒരാളാണ്. സ്വയമേവ മികച്ച ഒരു ചിത്രകലാസ്വാദകയാണ് അവർ. അവിടെ നടക്കുന്ന വിശേഷപ്രദർശനങ്ങളെല്ലാം മിച്ചിരു വന്നു കാണും. മിച്ചിരുവിന്റെ പാസ്സ് ഉപയോഗിച്ചാണ് ആദ്യസന്ദർശനവേളയിൽ ഞങ്ങൾ ടർണറുടെ വിശേഷപ്രദർശനം കണ്ടതും. നടപ്പിന്റെ ക്ഷീണമേറിയപ്പോൾ മീനയും മിച്ചിരുവും ഗ്യാലറിയിലെ ബഞ്ചുകളിലൊന്നിൽ ഇരിപ്പു പിടിച്ചു. ആദ്യകാല ക്രൈസ്തവകലയുടെ പ്രദർശനശാലയാണ്. ചരിത്രപരം എന്നതിനപ്പുറം സൗന്ദര്യപരമായി അതിൽ ഏറെയില്ല. എങ്കിലും ഒരിക്കൽ കൂടി അതു കണ്ടുവരാം എന്ന വിചാരത്തോടെ ഞാൻ ആ ചിത്രങ്ങൾ നോക്കിക്കണ്ടു. മധ്യകാല മതാത്മകതയുടെ പിടിമുറുക്കത്തിനിടയിലും മനുഷ്യഭാവന പ്രകാശപൂർണ്ണമായി തിളങ്ങുന്നതിന്റെ അടയാളങ്ങൾ! അഞ്ചുമണിയാകാറായപ്പോൾ ഗ്യാലറി അടയ്ക്കുകയാണെന്നു അറിയിപ്പെത്തി. അല്പം കഴിഞ്ഞ് ഞങ്ങൾ പുറത്തിറങ്ങി ട്രാഫൽ ഗർ ക്വയറിലേക്കു നടന്നു. വഴിതിരിയുന്ന സ്ഥലത്ത് ഞാൻ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി. ടർണറുടെ ഒരു ചിത്രഭാഗമെന്ന പോലെ കലയുടെ ആ ലോകജാലകത്തിനു മുകളിൽ അസ്തമയത്തിന്റെ മഞ്ഞവെളിച്ചം വീണുകിടക്കുന്നു! ഞങ്ങൾ സ്റ്റേഷനിലേക്കു നടന്നു.







Be the first to write a comment.