ഹിന്ദുത്വ ഭീകരതയുടെ കഥ- അധ്യായം: 12

1949 ജൂലൈ 12 ന് ആര്‍.എസ്.എസിന്റെ നിരോധനം നീക്കിക്കൊണ്ടുള്ള അറിയിപ്പ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. പിറ്റേന്ന് ഗോള്‍വാള്‍ക്കര്‍ ജയില്‍ വിമോചിതനായി.

സര്‍ക്കാര്‍ മുന്നോട്ടുവെച്ച നാലു നിബന്ധനകളും പൂര്‍ണ്ണമായി അംഗീകരിച്ചതു കൊണ്ടാണ് നിരോധനം പിന്‍വലിച്ചത്. അതായത് ഇന്ത്യയുടെ ദേശീയ പതാകയെ അംഗീകരിച്ചും വരാന്‍ പോകുന്ന ഭരണഘടനയെ അംഗീകരിച്ചും അക്രമപ്രവര്‍ത്തനങ്ങളില്‍ നിന്ന് സ്വയം പിന്മാറിയും ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നതിനായി സംഘിന് ഒരു ഭരണഘടന നിര്‍മ്മിച്ചുമാണ് നിരോധനം പിന്‍വലിച്ചു കൊണ്ടുള്ള അനുമതി ആര്‍.എസ്.എസ് നേടിയെടുത്തത്. കൃത്യമായി പറയുകയാണെങ്കില്‍ ഭീകരസംഘടനയില്‍ നിന്നും ജനാധിപത്യ സംഘടനയിലേയ്ക്കുള്ള, പൂര്‍ണ്ണമായും ഭരണഘടനയ്ക്ക് കീഴ്‌പ്പെട്ടുള്ള പ്രവര്‍ത്തനത്തിലേയ്ക്കുള്ള, മാറ്റമാണ് ആര്‍.എസ്.എസ്, സര്‍ക്കാരിനും ഇന്ത്യന്‍ ജനതയ്ക്കും വാഗ്ദാനം ചെയ്തത്. ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പില്‍ അത് വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.

‘ഈ വര്‍ഷം മാര്‍ച്ചില്‍ ഒരു കരടു ഭരണഘടന സമര്‍പ്പിച്ചു കൊണ്ട് ആര്‍.എസ്.എസ് നേതാവ് ഗോള്‍വാള്‍ക്കര്‍ സര്‍ക്കാരിന് എഴുതുകയുണ്ടായി. സര്‍ക്കാര്‍, പ്രാദേശിക സര്‍ക്കാരുകളുമായി കൂടിയാലോചിച്ചു കൊണ്ട് ആ ഭരണഘടനയിലെ വകുപ്പുകള്‍ പരിശോധിച്ചു. ഇന്ത്യാസര്‍ക്കാര്‍ ആ കരടു ഭരണഘടനയെ സംബന്ധിച്ച അവരുടെ പ്രതികരണങ്ങള്‍ ആര്‍.എസ്.എസ് നേതാവിനെ അറിയിക്കുകയും ഇന്ത്യാസര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളെ പൊതുവായി അദ്ദേഹം ഇപ്പോള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. സര്‍ക്കാര്‍ ഉദ്ദേശിച്ച അതേ രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അത്യാവശ്യ വകുപ്പുകള്‍ ഭരണഘടനയിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിത്തരികയും ചെയ്തു.

ഇന്ത്യന്‍ ഭരണഘടനയോട് വിധേയത്വം പുലര്‍ത്തുമെന്നും ദേശീയ പതാകയോട് ആദരവ് പുലര്‍ത്തുമെന്നും ആര്‍.എസ്.എസ് നേതാവ് സത്യവാങ്മൂലം തരികയുണ്ടായി. അതോടൊപ്പം ഹിംസയിലും രഹസ്യപ്രവര്‍ത്തനങ്ങളിലും വിശ്വസിക്കുകയോ അര്‍പ്പിക്കുകയോ ചെയ്യുന്ന ആര്‍ക്കും തന്നെ സംഘില്‍ സ്ഥാനമുണ്ടായിരിക്കില്ല എന്ന് അവരുടെ ഭരണഘടനയില്‍ തുറന്ന് വ്യക്തമാക്കിയിട്ടുണ്ട്. അവരുടെ ഭരണഘടന പ്രവര്‍ത്തിക്കാന്‍ പോകുന്നത് ജനാധിപത്യപരമായ അടിസ്ഥാനത്തിലാകുമെന്നും ആര്‍.എസ്.എസ് നേതാവ് വ്യക്തമാക്കുകയുണ്ടായി. സവിശേഷമായി പറയുകയാണെങ്കില്‍ സര്‍ സംഘ് ചാലക് എന്ന പദവിയിലേയ്ക്കുള്ള അനന്തരാവകാശിയെ അതാതു കാലത്തെ കാര്യകാരി മണ്ഡലിന്റെ സമ്മതത്തോടു കൂടി മാത്രമേ നിര്‍ദ്ദേശിക്കുകയുള്ളൂ. ഏത് സമയത്തും സംഘിന്റെ ഏതംഗത്തിനും പ്രതിജ്ഞ ലംഘിക്കാതെ തന്നെ സംഘപ്രവര്‍ത്തനം ഉപേക്ഷിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരിക്കും. പ്രായപൂര്‍ത്തിയാകാത്തവരെ സംഘത്തില്‍ ചേര്‍ക്കുന്നത് രക്ഷാകര്‍ത്താവിന്റെ അനുമതിയോടു കൂടിയായിരിക്കേണ്ടതാണ്. രക്ഷാധികാരിക്ക് തന്റെ കുട്ടിയെ സംഘ് അധികൃതര്‍ക്ക് നല്കുന്ന ഒരു എഴുത്തു വഴി സംഘില്‍ നിന്ന് പിന്‍വലിക്കാനുള്ള അധികാരമുണ്ടായിരിക്കും.

ആര്‍.എസ്.എസ് നേതാവ് മുന്നോട്ടുവെച്ച പരിഷ്‌ക്കരണങ്ങളുടേയും വിശദീകരണങ്ങളുടേയും അടിസ്ഥാനത്തില്‍ ആര്‍.എസ്.എസ് എന്ന സംഘടനയ്ക്ക്, ഇന്ത്യന്‍ ഭരണഘടനയോട് കൂറുപുലര്‍ത്തിയും ദേശീയ പതാകയെ അംഗീകരിച്ചും രഹസ്യാത്മകതയേയും ഹിംസാത്മകതയേയും നിരാകരിച്ചും ഒരു ജനാധിപത്യ, സാംസ്‌കാരിക പ്രസ്ഥാനമായി പ്രവര്‍ത്തിക്കാനുള്ള ഒരു അവസരം നല്കണമെന്ന നിഗമനത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് ‘

അങ്ങനെ മരണാനന്തര ഗാന്ധി, ഒരു ഫാസിസ്റ്റ് സംഘടനയെക്കൊണ്ട് കടലാസിലെങ്കിലും ജനാധിപത്യത്തെ അംഗീകരിപ്പിച്ചു. പുള്ളിപ്പുലിക്ക് തങ്ങളുടെ പുള്ളികള്‍ ജനത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനെങ്കിലും സ്വയം മായ്ച്ചു കളയേണ്ടി വന്നു. ഹിന്ദു രാഷ്ട്രം കൈപ്പിടിയിലായി,എന്ന മുഹൂര്‍ത്തത്തില്‍ നിന്ന് പ്രകാശവര്‍ഷങ്ങള്‍ക്കകലേയ്ക്ക് അവര്‍ തെറിച്ചു വീണു. അവിടെ നിന്നും അവര്‍ തിരിച്ചു വന്ന കഥയാണ് ഇനി നമുക്ക് പരിശോധിക്കേണ്ടത്. അത് പരിശോധിക്കുന്നതിന് മുന്നോടിയായി ചില കാര്യങ്ങള്‍ നാം ഉറപ്പിക്കേണ്ടതുണ്ട്. ഒന്നാമതായി, ആര്‍.എസ്.എസ് നിരോധിക്കപ്പെടുന്നതും പിന്നീട് പ്രവര്‍ത്തനാനുമതി വാങ്ങിയെടുക്കുന്നതും ആദ്യത്തെ പൊതു തെരഞ്ഞെടുപ്പിന് മുന്‍പാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആയിരുന്നില്ല അന്ന് ഭരിച്ചിരുന്നത്. നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള സര്‍വ്വകക്ഷി സര്‍ക്കാര്‍ ആണ് അന്ന് ഭരിച്ചിരുന്നതെന്ന് നാം കണ്ടു. ആര്‍.എസ്.എസുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ശ്യാമപ്രസാദ് മുഖര്‍ജി അന്ന് മന്ത്രിസഭയില്‍ അംഗമായിരുന്നു.

ജനാധിപത്യത്തിന്റെ ഏറ്റവും സാങ്കേതികമായ വശമാണ് തെരഞ്ഞെടുപ്പുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടുതല്‍ വോട്ടുവാങ്ങുകയാണ് അധികാരത്തിലേയ്ക്കുള്ള വഴി തുറക്കുന്നത്. കൂടുതല്‍ വോട്ടുവാങ്ങുക എന്ന പ്രക്രിയ ജാതി, മത ശ്രേണികള്‍ കൂടിപ്പിണഞ്ഞു കിടക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ പൂര്‍ണ്ണമായും പ്രത്യയശാസ്ത്രപരമോ ആധുനികാധിഷ്ഠിതമോ ആയ പ്രവര്‍ത്തനം അല്ല. തുല്യത പല നിലയ്ക്കും ഇല്ലാത്ത സമൂഹത്തില്‍, പ്രാചീന വിശ്വാസങ്ങള്‍ ആധുനിക പ്രത്യയ ശാസ്ത്രങ്ങളേക്കാള്‍ പലപ്പോഴും പ്രവര്‍ത്തനശേഷി കാണിക്കുന്ന സമൂഹത്തില്‍ വോട്ടുബാങ്കുകള്‍ ജാതി, മതാധിഷ്ഠിതമായി സൃഷ്ടിക്കപ്പെടാന്‍ കഴിയും. അതിനെ ഫാസിസത്തിലേയ്ക്കുള്ള വഴിയായി പരിവര്‍ത്തിക്കാന്‍ കഴിയുമോ എന്ന രീതിയിലാണ് ആര്‍.എസ്.എസും ഗോള്‍വാള്‍ക്കറും പിന്നീട് ചിന്തിക്കാന്‍ തുടങ്ങിയത്. അതായത് ഒരു ഹിന്ദു വംശീയ ഭീകരസംഘടനയായി അകത്തും പുറത്തും പ്രവര്‍ത്തിക്കുക അസാധ്യമാണെന്ന് അവര്‍ തിരിച്ചറിയുന്ന ഒരു ചരിത്ര മുഹൂര്‍ത്തം ആയിരുന്നു,ഇത്. ജനാധിപത്യത്തിന്റെ പുറം പൂച്ച് വാരിയണിഞ്ഞു മാത്രമേ ഇന്ത്യയില്‍ പ്രവര്‍ത്തിക്കാനാകൂ, പ്രത്യേകിച്ച് ഗാന്ധിവധത്തിന് ശേഷമുള്ള രാഷ്ട്രീയ പരിസ്ഥിതിയില്‍ പിടിച്ചു നില്ക്കാനാകൂ എന്നവര്‍ക്ക് സ്വയം ബോധ്യപ്പെട്ടു. അതോടൊപ്പം ആ പുറംപൂച്ചിനടിയില്‍ തികച്ചും ഹിംസാത്മകമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനാരൂപത്തെ നിലനിര്‍ത്തുകയും വേണം. ഈ ദിശയിലാണ് ഗോള്‍വാള്‍ക്കറും ആര്‍.എസ്.എസും നിരോധനം പിന്‍വലിച്ചതിന് ശേഷം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

എന്നത്തേയും പോലെ ജവഹര്‍ലാല്‍ നെഹ്‌റു അവരുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ സംശയാലുവായി തുടര്‍ന്നു. 1949 ജൂലൈ 20 ന്, നിരോധനം പിന്‍വലിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ തന്നെ അദ്ദേഹം സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് എഴുതിയ കത്ത് അത് സ്ഥിരീകരിക്കുന്നുണ്ട്. ‘നിങ്ങള്‍ക്കറിയാവുന്ന പോലെ ആര്‍.എസ്.എസിന് മേലുള്ള നിരോധനം പിന്‍വലിച്ചിരിക്കുന്നു ‘അദ്ദേഹം ആ കത്തിലെഴുതി. ‘അതിന്റെ അര്‍ത്ഥം നാം അവരുടെ വാഗ്ദാനങ്ങളില്‍ സംതൃപ്തരായി എന്നല്ല. ഭാവിയില്‍ അങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്നവര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ പോലും. അത് ആകെ അര്‍ത്ഥമാക്കുന്നത്, എന്തു തരത്തിലുള്ളതായാലും വ്യക്തികളുടേയോ സംഘടനകളുടെയോ സാമാന്യമായ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതിനെടുക്കുന്ന സാധാരണയില്‍ കവിഞ്ഞ നടപടികള്‍ക്ക് ഘട്ടം ഘട്ടമായി അയവുവരുത്തേണ്ടതാണ് എന്ന് നാം വിചാരിക്കുന്നു എന്നുമാത്രമാണ്. നമ്മുടെ ജാഗ്രതയില്‍ അല്പം പോലും അയവുവരുത്താന്‍ നിര്‍ദ്ദേശിച്ചിട്ടില്ല. മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളില്‍ നാം ഉടനടി നടപടികള്‍ സ്വീകരിക്കേണ്ടതാണ്. പക്ഷെ, അത്തരം നടപടികള്‍ ഒരു ഭരണകൂടത്തിന്റെ സാമാന്യ നടപടികള്‍ ആയിത്തീര്‍ന്നാല്‍ അടിയന്തിര നടപടികളുടെ മൂല്യം നഷ്ടപ്പെടും. പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതിന്റെ പേരില്‍ നാം വലിയ തോതില്‍ വിമര്‍ശിക്കപ്പെടും. ഒന്നുമില്ലാതിരിക്കുമ്പോള്‍ ആ വിമര്‍ശനം സാധുവാണ്. അതേ സമയം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി നമുക്ക് നേരിടേണ്ടി വന്ന തരത്തിലുള്ള അസാധാരണമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് ആ നടപടികളെങ്കില്‍ അവ സാധൂകരിക്കപ്പെടും. ഭരണകൂടത്തിന്റെ സുരക്ഷയെ ബാധിക്കുന്ന, നമ്മുടെ ജനതയുടെ ഭൂരിഭാഗത്തെ ആശങ്കപ്പെടുത്തുന്ന കാര്യമായതു കൊണ്ടാണ് അത്തരം നടപടിയിലേയ്ക്ക് നാം നീങ്ങിയത് ‘.

അതേ സമയം, നാം നേരത്തേ കണ്ട പോലെ പട്ടേലിനും കോണ്‍ഗ്രസ്സിലെ പട്ടേല്‍ അനുഭാവികള്‍ക്കും ആര്‍.എസ്.എസി ന്റെ ‘ യഥാര്‍ത്ഥ ഫാസിസ്റ്റ് സ്വഭാവം തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നു വേണം കരുതാന്‍. അവരെ സംബന്ധിച്ചിടത്തോളം ആര്‍.എസ്.എസ് ഹിംസാത്മകമായി പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘടന മാത്രമായിരുന്നു. നിരോധനത്തോടെ അവര്‍ ജനാധിപത്യ സംഘടനയായി മാറിയിരിക്കുന്നു. സാംസ്‌കാരിക സംഘടന ആയതിനാല്‍ അവര്‍ക്ക് രാഷ്ട്രീയ താത്പര്യങ്ങള്‍ വലുതായൊന്നും ഉണ്ടാകാന്‍ സാധ്യതയില്ലാത്തതിനാല്‍ അവരുടെ അത്രമേല്‍ ചെറുതല്ലാത്ത അംഗ സംഖ്യയുള്ള അണികളുടെ രാഷ്ടീയാനുഭാവത്തെ കോണ്‍ഗ്രസ്സിന് പ്രയോജനപ്പെടുത്തുകയും ചെയ്യാം എന്ന ഹ്രസ്വദൃഷ്ടിയാണ് അവരെ നയിച്ചിരുന്നത്. നിരോധനം പിന്‍വലിച്ചതിന് ശേഷം ജനസമ്മതി വീണ്ടെടുക്കാനായി ഗോള്‍വാള്‍ക്കര്‍ നിരന്തരം നടത്തിക്കൊണ്ടിരുന്ന സര്‍ക്കാര്‍ അനുകൂല പ്രസ്താവനകളെ അവര്‍ മുഖവിലയ്‌ക്കെടുത്തു എന്നു വേണം കരുതാന്‍. ഉദാഹരണത്തിന് 1949 ജൂലൈ 18 ന് ആര്‍.എസ്.എസ് ആസ്ഥാനത്ത് വെച്ച് പത്രലേഖകരുമായി സംസാരിക്കുമ്പോള്‍ ഗോള്‍വാള്‍ക്കര്‍ പ്രഖ്യാപിച്ചത് ‘ഇത് നമ്മുടെ സര്‍ക്കാര്‍ ആണ് ‘എന്നാണ്. ‘അതുകൊണ്ടാണ് ആര്‍.എസ്.എസി ന് മേലുള്ള നിരോധനം അത് പിന്‍വലിച്ചത്. പാകിസ്ഥാനിലല്ല നിരോധനം പിന്‍വലിച്ചത് ‘. എന്നാല്‍ ഇത്തരം സര്‍ക്കാര്‍ അനുകൂല പ്രസ്താവനകള്‍ക്കിടയിലൂടെ നിരുപാധികമായാണ് ആര്‍.എസ്.എസിന്റെ നിരോധനം പിന്‍വലിച്ചത് എന്ന മട്ടില്‍ ഗോള്‍വാള്‍ക്കര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടതുമില്ല. ഒരിക്കല്‍ ഗോള്‍വാള്‍ക്കര്‍ യാതൊരു സത്യവാങ്ങ്മൂലവും ഉറപ്പും സര്‍ക്കാരിന് നല്‍കാതെയാണ് ആര്‍.എസ്.എസിന്റെ നിരോധനം പിന്‍വലിച്ചതെന്ന നുണപ്രസ്താവനയും ഉളുപ്പില്ലാതെ നടത്തുകയുണ്ടായി.

കോണ്‍ഗ്രസ്സിലെ വലതുപക്ഷക്കാര്‍, വര്‍ദ്ധിച്ചു വരുന്ന കമ്യൂണിസ്റ്റ് സ്വാധീനത്തെ ആശങ്കയോടാണ് നോക്കിക്കണ്ടിരുന്നത്. ലോകം മുഴുവന്‍ അന്ന് കമ്യൂണിസ്റ്റ് തിര ആഞ്ഞടിച്ചിരുന്നു. ആര്‍ എസ്.എസിന്റെ കേഡര്‍മാരെ പതം വരുത്തി കോണ്‍ഗ്രസ്സി ലെത്തിച്ചാല്‍ കമ്യൂണിസ്റ്റ് ഭീഷണിയെ സഫലമായി ചെറുക്കാമെന്ന് അവര്‍ കരുതി. ഗാന്ധിവധം അന്വേഷിച്ച പോലീസുദ്യോഗസ്ഥനും പില്‍ക്കാലത്ത് ഇന്റലിജന്‍സ് ബ്യൂറോയുടെ ഡയറക്ടറും ആയ ടി ജി സഞ്ജീവി, അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥനോട് ഈ ഇംഗിതം ഒരിക്കല്‍ വെളിപ്പെടുത്തുകയുണ്ടായി. നെഹ്‌റു പതിവുപോലെ ഈ സമീപനത്തെ എതിര്‍ക്കുകയുണ്ടായി. 1949 ആഗസ്റ്റ് 5 ന് ഒരു പത്രസമ്മേളനത്തില്‍ വെച്ച് ഒരു പത്രപ്രവര്‍ത്തകന്റെ തല്‍സംബന്ധമായ ചോദ്യത്തിന് മറുപടിയായി നെഹ്‌റു ഇങ്ങനെ പറഞ്ഞു. ‘ഇപ്പോള്‍ എല്ലാത്തരത്തിലുമുള്ള നിരോധനങ്ങളും തടസ്സങ്ങളും പൊതുവായി നീക്കം ചെയ്തിട്ടുണ്ടെങ്കിലും, മിക്കവാറും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മുഴുവനായി ജയില്‍ വിമുക്തരായിട്ടുണ്ടെങ്കിലും ഞങ്ങള്‍ തുറന്ന മനസ്സോടെ മുഴുവനായും ആര്‍.എസ്.എസിനെ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ ജാഗ്രതയോടെയുള്ള സമീപനമാണ് അതെ സംബന്ധിച്ച് സൂക്ഷിക്കുന്നത് ‘

നാം നേരത്തേ നിരീക്ഷിച്ച പോലെ ജനാധിപത്യമുഖമുള്ള ആര്‍.എസ്.എസ് എന്ന പ്രതിബിംബം സൃഷ്ടിക്കാന്‍ വേണ്ടി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു, ഇക്കാലത്ത് ഗോള്‍വാള്‍ക്കര്‍. 1949 ആഗസ്റ്റ് 16 ന് അദ്ദേഹം പട്ടേലിനെ, ബിര്‍ളാ ഹൗസില്‍ സന്ദര്‍ശിക്കുകയുണ്ടായി. പട്ടേല്‍ നേരത്തെ പറഞ്ഞപോലെ ആര്‍.എസ്.എസ് അണികളെ നിര്‍വ്വീര്യവല്ക്കരിച്ച് കോണ്‍ഗ്രസ്സിനുള്ളിലേയ്ക്ക് ആഗിരണം ചെയ്യാനാകും എന്ന വിശ്വാസത്തിലായിരുന്നു. പട്ടേല്‍ ഈ കൂടിക്കാഴ്ചയെപ്പറ്റി നെഹ്‌റുവിന് എഴുതുന്നത് ഇങ്ങനെയായിരുന്നു. ‘ഞാന്‍ ഗോള്‍വാള്‍ക്കറോട് ആര്‍.എസ്.എസ് വീഴാനിടയുള്ള കുഴികളെ ഒഴിവാക്കി മുന്നോട്ടുപോകാന്‍ ആവശ്യപ്പെടുകയുണ്ടായി. വിനാശകാരിയായ മാര്‍ഗ്ഗങ്ങള്‍ ഉപേക്ഷിച്ച് നിര്‍മ്മാണാത്മകമായ നയങ്ങള്‍ സ്വീകരിക്കാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഞാന്‍ കരുതുന്നത് അദ്ദേഹം അതെല്ലാം സ്വീകരിക്കത്തക്ക മനോഭാവത്തിലും പൂര്‍ണ്ണമായ സഹകരണ സന്നദ്ധതയിലും ആയിരുന്നു നിലകൊണ്ടതെന്നാണ്. എനിക്കു തോന്നുന്നത് അദ്ദേഹം നമുക്ക് യാതൊരു വിധ തടസ്സവും സൃഷ്ടിക്കില്ലെന്നും സ്വയം പുതിയ നയങ്ങള്‍ സ്വീകരിക്കുമെന്നാണ് ‘.

പട്ടേലിന്റെ ഈ വിശ്വാസവും രാഷ്ട്രീയമായ അഭിവാഞ്ഛയും അദ്ദേഹത്തിന്റെ ശിഷ്യരിലേയ്ക്കും വ്യാപിച്ചിരുന്നു എന്നു വേണം മനസ്സിലാക്കാന്‍. പട്ടേലിന്റെ വിശ്വസ്തനും ഭക്ഷ്യ കമ്മീഷണറുമായ ആര്‍ കെ പാട്ടീല്‍ ഭക്ഷ്യവസ്തുക്കളുടെ വര്‍ദ്ധിത ഉല്പാദനത്തിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ ഊര്‍ജ്ജിത പരിപാടിയില്‍ ആര്‍ എസു എസുകാരെ സന്നദ്ധപ്രവര്‍ത്തകരാക്കാന്‍ തുനിയുകയുണ്ടായി. ഇത് രാഷ്ട്രീയമായി ഉപയോഗിക്കില്ലെന്ന മുന്‍കരുതലോട് കൂടിയാണ് ചെയ്തതെങ്കിലും ഗോള്‍വാള്‍ക്കര്‍ക്ക് തന്റെ ജനാധിപത്യ മുഖ നിര്‍മ്മിതിയ്ക്ക് സഹായകരമായ ഒന്നായി മാറി. തുടര്‍ന്ന് ഗോള്‍വാള്‍ക്കര്‍, നെഹ്‌റുവിനെ കണ്ട് ഭരണകൂടത്തോടുള്ള തങ്ങളുടെ കൂറ് പ്രഖ്യാപിക്കാനുള്ള ശ്രമവും നടത്തി. 1949 ആഗസ്റ്റ് 30 ന് നടന്ന ആ കൂടിക്കാഴ്ച പതിനഞ്ചു മിനിറ്റില്‍ കൂടുതല്‍ നീളാന്‍ നെഹ്‌റു അനുവദിച്ചില്ല.

പട്ടേലിന്റെ രാഷ്ട്രീയ അഭിവാഞ്ഛ പിന്നീടും മുന്നോട്ടു പോയി. 1949 ഒക്ടോബര്‍ 10 ന് നെഹ്‌റു, വിദേശത്തായിരുന്ന അവസരത്തില്‍ കോണ്‍ഗ്രസ്സ് വര്‍ക്കിങ്ങ് കമ്മറ്റിയെക്കൊണ്ട് ആര്‍.എസ്.എസ് അംഗത്വമുള്ളവരെ കോണ്‍ഗ്രസ്സില്‍ ചേര്‍ക്കാം എന്നൊരു തീരുമാനമെടുപ്പിക്കാന്‍ പട്ടേല്‍ മുന്‍കൈയ്യെടുത്തു. യു എസ് സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ നെഹ്‌റു ഇതറിഞ്ഞ് രോഷാകുലനായി. അദ്ദേഹം ആര്‍.എസ്.എസിന്റെ വര്‍ഗ്ഗീയതയെപ്പറ്റി ഒരു ഊര്‍ജ്ജിത പരിപാടി ആവിഷ്‌ക്കരിക്കുകയും മുന്നോട്ടു പോവുകയും ചെയ്തു. അതോടെ കോണ്‍ഗ്രസ്സ് ആ തീരുമാനം പിന്‍വലിക്കുകയുണ്ടായി.

ഇതോടെ ആര്‍.എസ്.എസും ഗോള്‍വാള്‍ക്കറും വിഷമവൃത്തത്തിലായി. ഹിന്ദുമഹാസഭ, ഗാന്ധിവധത്തിന് ശേഷം തകര്‍ന്നിരുന്നു. ആര്‍.എസ്.എസി നെ നിരോധിച്ചതിന് ശേഷം, ഹിന്ദുമഹാസഭ വളരെപ്പെട്ടെന്ന് ഒരു സമ്മേളനം വിളിച്ചു കൂട്ടി, അവര്‍ രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ചു. ആ സമയത്ത് കേന്ദ്രമന്ത്രിയായിരുന്ന ഹിന്ദുമഹാസഭാ നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയാണ് അതിന് മുന്‍കൈയെടുത്തത്. 1948 ഫെബ്രുവരി 6 ന് ഹിന്ദുമഹാസഭ ഒരു അസാധാരണ സമ്മേളനം വിളിച്ചു കൂട്ടി. അതില്‍ നിരോധനത്തില്‍ നിന്നും രക്ഷപ്പെടാനായി രണ്ട് മാര്‍ഗ്ഗങ്ങളാണ് ശ്യാമപ്രസാദ് മുഖര്‍ജി നിര്‍ദ്ദേശിച്ചത്.1. രാഷ്ട്രീയ പ്രവര്‍ത്തനം നിര്‍ത്തി സാമൂഹ്യവും സാംസ്‌കാരികവും മതപരവുമായ കാര്യങ്ങളില്‍ ശ്രദ്ധിക്കുക. 2. വര്‍ഗ്ഗീയമായ ഘടന നിരാകരിച്ച്, എല്ലാ മതങ്ങളിലുമുള്ള വ്യക്തികള്‍ക്കായി അതിന്റെ വാതിലുകള്‍ തുറന്നിട്ടു കൊടുക്കുക. അതായത് രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു പദ്ധതിയുടെ – മതപരമായ പദ്ധതികള്‍ ഉപേക്ഷിച്ച് – അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കുക. 1948 ഫെബ്രുവരി 15 ന് ഹിന്ദുമഹാസഭയുടെ അഖിലേന്ത്യാ വര്‍ക്കിങ്ങ് കമ്മറ്റി ഇതില്‍ ആദ്യത്തേത് സ്വീകരിച്ചു കൊണ്ട് ഒരു തീരുമാനം പ്രഖ്യാപിച്ചു.

‘അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ വര്‍ക്കിങ്ങ് കമ്മറ്റി, അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് യഥാര്‍ത്ഥ സംഘാടന്‍ (ഹിന്ദുക്കളെ ഒരുമിപ്പിക്കുന്ന) പ്രവര്‍ത്തനത്തിലും അഭയാര്‍ത്ഥികളുടെ അഭയ, പുനരധിവാസ പ്രവര്‍ത്തനങ്ങളിലും ഹിന്ദുക്കളുടെ വിവിധങ്ങളായ സാമൂഹ്യ, സാംസ്‌കാരിക, മതപര പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും സ്വതന്ത്ര ഇന്ത്യയില്‍ ശക്തവും സുസംഘടിതവുമായ ഹിന്ദു സമൂഹം കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുള്ള ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നു ‘.

അങ്ങനെ തല്‍ക്കാലം നിരോധനത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും, കാലാന്തരേണ അവര്‍ രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചു വരാനുള്ള വഴികള്‍ ആലോചിക്കുന്നുണ്ടായിരുന്നു. 1948 ആഗസ്റ്റ് 8 ന് അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ വര്‍ക്കിങ്ങ് കമ്മറ്റി യോഗം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേയ്ക്ക് തിരിച്ചെത്തുന്നതിനുള്ള പുതിയൊരു തീരുമാനം എടുത്തു. 1948 നവംബര്‍ 6-7 തീയ്യതികളില്‍ ചേര്‍ന്ന വര്‍ക്കിങ്ങ് കമ്മറ്റി യോഗം അത് സ്ഥിരീകരിച്ചു. എന്നാല്‍ ഹിന്ദുമഹാസഭാ എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുന്നിലെ വഴികളടഞ്ഞു എന്ന് വ്യക്തമായി മനസ്സിലാക്കിയ ശ്യാമപ്രസാദ് മുഖര്‍ജി, 1948 നവംബര്‍ 23 ന് ഹിന്ദുമഹാസഭയില്‍ നിന്നും രാജിവെച്ചു.

ആര്‍.എസ്.എസിനെ സംബന്ധിച്ചിടത്തോളം അധികാരത്തിന്റെ വഴിയിലേയ്ക്കുള്ള അക്രമ മാര്‍ഗ്ഗങ്ങളില്‍ നിന്ന് നിരോധനത്തോടെ താല്‍ക്കാലികമായി മറഞ്ഞു നില്‍ക്കേണ്ട സ്ഥിതിയാണ് സംജാതമായത്. നിരോധനത്തില്‍ നിന്ന് പുറത്തു വന്നെങ്കിലും സംഘടനയ്ക്ക് ഒരു ജനാധിപത്യമുഖം ഉണ്ടാക്കിയെടുക്കുക എന്നത് അടിയന്തിരമായി ചെയ്തില്ലെങ്കില്‍, സംഘ് കെട്ടഴിഞ്ഞു പോകാനുള്ള എല്ലാ സാഹചര്യങ്ങളും ഉണ്ടായിരിക്കുന്നു. ഹിന്ദുമഹാസഭയുടെ പ്രഭ മങ്ങിയതിനാല്‍ സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുക എന്ന ലക്ഷ്യത്തിലേയ്ക്ക് പതുക്കെ പതുക്കെ ആര്‍.എസ്.എസിന്റെ ആലോചനകള്‍ നീങ്ങാന്‍ തുടങ്ങി.

അതേ സമയം തന്നെ ഹിന്ദു വംശീയ വാദികള്‍, ഹിന്ദു രാഷ്ടമെന്ന അവരുടെ ലക്ഷ്യം നേടുവാനായി പുതിയ വഴികള്‍ കണ്ടു പിടിക്കാനായി കൊണ്ടു പിടിച്ച് ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ചുണ്ടിനും കപ്പിനുമിടയില്‍ നിന്നാണ് ഹിന്ദു രാഷ്ട്രമെന്ന അവരുടെ സ്വപ്നം പൊലിഞ്ഞു പോയത് എന്ന കാര്യം എല്ലായ്‌പോഴും അവരെ വേദനിപ്പിച്ചു കൊണ്ടിരുന്നു. എത്ര ചിതറിപ്പോയാലും തങ്ങളുടെ ഫാസിസ്റ്റ് സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ മതം എന്ന, ഇന്ത്യയുടെ ശരീരത്തില്‍ നിന്നും ആത്മാവില്‍ നിന്നും അത്രയെളുപ്പത്തില്‍ തുടച്ചു കളയാന്‍ പറ്റാത്ത ഒരു സംഘടനാ രൂപമായി വികസിപ്പിക്കാന്‍ കഴിയുന്ന ആശയം കൈയ്യെത്തും ദൂരത്ത് നിലകൊള്ളുന്നുണ്ട് എന്നത് ആശാകേന്ദ്രമായി അവര്‍ കണ്ടു. അതിനെ ഉപയോഗിച്ച് തങ്ങള്‍ ഇപ്പോള്‍ കിടക്കുന്ന അവസ്ഥയില്‍ നിന്ന് കരേറാമെന്ന് അവര്‍ കരുതി. അതിന് വേണ്ടി അവര്‍ ചികഞ്ഞെടുത്ത ഒന്നാണ് ബാബ്‌റി മസ്ജിദ്.

മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ കീഴില്‍ അവധിലെ ഗവര്‍ണ്ണറായിരുന്ന മിര്‍ ബക്വി താഷ്‌ക്കണ്ടിയാണ് 1528 ല്‍ ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് ജില്ലയിലെ അയോധ്യയില്‍ ബാബ്‌റി മസ്ജിദ് പണി കഴിപ്പിച്ചത്. അയോധ്യയിലുണ്ടായിരുന്ന രാമക്ഷേത്രം തകര്‍ത്താണ് അത് പണി കഴിപ്പിച്ചതെന്ന് ചരിത്രരേഖകളില്‍ തെളിവൊന്നുമില്ല. 48 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം, 1574ല്‍ രചന ആരംഭിച്ച തുളസിദാസിന്റെ രാമചരിതമാനസില്‍ പോലും ഇത്തരം ഒരു കാര്യം പരാമര്‍ശിക്കപ്പെടുന്നില്ല. 1857 ല്‍ ഹനുമാന്‍ഘരി ക്ഷേത്രത്തിലെ മഹന്ത് ആയിരുന്ന രഘുബര്‍ ദാസ്, ബാബ്‌റി മസ്ജിദിന്റെ വളപ്പ് കൈയ്യേറി ഒരു ഛബൂത്ര (ഉയര്‍ന്ന തറ) നിര്‍മ്മിക്കുന്നതോടെയാണ് ഇത് കേസിലും കൂട്ടത്തിലേയ്ക്കും പോകുന്നത്. ഈ ഛബൂത്ര നില്‍ക്കുന്നിടത്താണ് രാമന്‍ പിറന്നുവീണ സ്ഥലം എന്ന് പ്രചരിക്കപ്പെട്ടു. ഹനുമാന്‍ഘരി ക്ഷേത്രത്തിന് മേല്‍ മുസ്ലീങ്ങള്‍ 1855 ല്‍ അവകാശവാദമുന്നയിച്ചതിനെ ചെറുക്കുന്നതിനാണ് മഹന്ത് ഇതിനൊരുങ്ങിയത് എന്ന് ചരിത്രകാരര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 1858 നവംബര്‍ 30 ന് ബാബ്‌റി മസ്ജിദിലെ ഖത്തീബും ബാങ്കു വിളിക്കാരനുമായ മൗലവി മുഹമ്മദ് അസ്ഗര്‍ പള്ളിക്കരികെ ഛബൂത്ര നിര്‍മ്മിച്ചതിനും പള്ളിയുടെ ചുമരുകളില്‍ രാമ രാമ എന്നെഴുതിവെച്ചതിനും എതിരെ, അത് ചെയ്ത വൈരാഗി (സന്ന്യാസി) കള്‍ക്കെതിരെ മജിസ്‌ട്രേട്ടിന് പരാതി നല്‍കുന്നുണ്ട്. തുടര്‍ന്ന് 1860, 1877, 1883, 1884 എന്നീ വര്‍ഷങ്ങളിലും ഇതേ പരാതി അധികൃതര്‍ക്ക് നല്‍കുന്നുണ്ട്. അതേ സമയം ഛബൂത്ര നിര്‍മ്മിച്ച മഹന്ത് രഘുബര്‍ ദാസ്, ഛബൂത്രയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടി ആ ഭൂമിയുടെ ഉടമസ്ഥാവകാശം നേടിയെടുക്കുന്നതിനായി 1885 ല്‍ കോടതിയെ സമീപിക്കുന്നുണ്ട്. ഇതാദ്യം സമര്‍പ്പിക്കുന്നത് ഫൈസാബാദിലെ സബ് ജഡ്ജിന് മുമ്പാകെയാണ്. കോടതിക്ക് മുമ്പാകെ വാദിയായ മഹന്ത് സമര്‍പ്പിച്ച അപേക്ഷയിലൊരിടത്തും ബാബ്‌റി മസ്ജിദിന് മേലുള്ള അവകാശം ഉന്നയിക്കുന്നില്ല. മറിച്ച് ഛബൂത്രയ്ക്ക് മേല്‍ അതിന്റെ തന്നെ വലിപ്പത്തിലുള്ള, 21 അടി നീളവും 17 അടി വീതിയുമുള്ള ദീര്‍ഘചതുരാകൃതിയിലുള്ള ഒരു ചെറിയ ക്ഷേത്രം നിര്‍മ്മിക്കാനുള്ള അനുമതിയാണ് ആവശ്യപ്പെടുന്നത്. എന്നാല്‍ അത് താന്‍ കൈയ്യേറി നിര്‍മ്മിച്ചതാണെന്ന് അദ്ദേഹം പറയുന്നില്ല. മറിച്ച് ‘അത് ഹിന്ദുക്കളുടെ പുരാതനമായ വിശുദ്ധ സ്ഥല ‘മായാണ് അപേക്ഷയില്‍ വിവരിക്കുന്നത്. അവിടത്തെ പൂജാരിയായ തനിക്കും മറ്റുള്ളവര്‍ക്കും വേനല്‍ക്കാലത്ത് കടുത്ത ചൂടും ശീതകാലത്ത് കൊടുംതണുപ്പും മഴക്കാലത്ത് മഴയും സഹിക്കേണ്ടി വരുന്നത് ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം പണിയാനുള്ള അനുമതി അപേക്ഷിക്കുന്നത്. മാത്രമല്ല ‘ഈ ഛബൂത്രയ്ക്ക് മേല്‍ ക്ഷേത്രം നിര്‍മ്മിക്കുകയാണെങ്കില്‍ ആര്‍ക്കും ഒരു ഉപദ്രവവും ഉണ്ടാകുന്നതല്ല. മറിച്ച് വാദിക്കും മറ്റ് ഫക്കീര്‍മാര്‍ക്കും തീര്‍ത്ഥാടകര്‍ക്കും എല്ലാത്തരത്തിലുള്ള സൗകര്യങ്ങള്‍ കിട്ടുന്നതാണ് താനും ‘എന്ന് വാദി ചൂണ്ടിക്കാട്ടുന്നുണ്ട്. അതായത് തര്‍ക്കഭൂമി എന്ന പ്രശ്‌നമേ ഈ ഹര്‍ജിയില്‍ ഉന്നയിക്കുന്നില്ല. ക്ഷേത്രം പണിയുന്നത് ഒരു പോലെ എല്ലാവര്‍ക്കും ഗുണപ്രദമാകുമെന്നാണ്. നിര്‍ദ്ദിഷ്ട ക്ഷേത്രത്തിന്റെ സ്‌കെച്ചും അതോടൊപ്പം സമര്‍പ്പിക്കുന്നുണ്ട്. അളവുകള്‍ സൂചിപ്പിക്കുന്ന പോലെ ഒരു ചെറിയ നിര്‍മ്മിതിയാണ് നിര്‍ദ്ദേശിച്ചിരുന്നത്.

എന്നാല്‍ ഫൈസാബാദിലെ സബ് ജഡ്ജ് ആയിരുന്ന പണ്ഡിറ്റ് ഹരി കിഷന്‍, 1885 ഡിസംബര്‍ 24 ന് പുറപ്പെടുവിച്ച വിധിയില്‍ ഈ ആവശ്യം തള്ളിക്കളഞ്ഞു. ‘ക്ഷേത്രം നിര്‍മ്മിക്കാന്‍ ഹിന്ദുക്കള്‍ക്ക് അനുമതി നല്‍കുകയാണെങ്കില്‍ ഒരു ദിവസം അല്ലെങ്കില്‍ മറ്റൊരു ദിവസം ക്രിമിനല്‍ വ്യവഹാരം തുടങ്ങുകയും ആയിരക്കണക്കിന് മനുഷ്യര്‍ കൊല്ലപ്പെടുകയും ചെയ്യും. ഈ ക്രമസമാധാനത്തകര്‍ച്ച മുന്നില്‍ കണ്ടുകൊണ്ടാണ് അധികൃതര്‍ പുതിയ നിര്‍മ്മിതികള്‍ അവിടെ അനുവദിക്കുന്നതില്‍ നിന്നും ആളുകളെ തടയുന്നത്. അതിനാല്‍ ഈയൊരു സ്ഥിതിവിശേഷത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള അനുമതി നല്‍കുന്നത് ഹിന്ദുക്കളും മുസ്ലീങ്ങള്‍ക്കുമിടയില്‍ കൊലയും കൊള്ളയും നടക്കുന്നതിനുള്ള അടിത്തറ പാകലാകും ‘

ഇതിനെതിരെ മഹന്ത് രഘുബര്‍ ദാസ്, ഫൈസാബാദിലെ ജില്ലാകോടതിയില്‍ അപ്പീല്‍ പോകുകയുണ്ടായി. ജില്ലാ ജഡ്ജിയായ കേണല്‍ എഫ്. ഇ.എ ചാമിയര്‍ അപ്പീല്‍ തള്ളുകയുണ്ടായി.എന്നാല്‍ മഹന്ത് അതുകൊണ്ടും അടങ്ങിയില്ല. അപ്പലേറ്റ് അതോറിറ്റി മുമ്പാകെ വീണ്ടും അപ്പീല്‍ ബോധിപ്പിച്ചു. അവധിലെ ജുഡീഷ്യല്‍ കമ്മീഷണര്‍ ആയ ഡബ്ല്യു. യങ്ങും അപ്പീല്‍ തള്ളിക്കളഞ്ഞു.

ക്ഷേത്രം പണിയാനുള്ള കേസുകളില്‍ മഹന്ത് പരാജയപ്പെട്ടെങ്കിലും മറ്റൊരു തരത്തില്‍ അത് മഹന്തിനും ഹിന്ദു വര്‍ഗ്ഗീയവാദികള്‍ക്കും അവ ഉപകാരപ്രദമായി. ഛബൂത്ര സ്ഥലം കൈയ്യേറി നിര്‍മ്മിച്ചതാണ് എന്ന വസ്തുത മാഞ്ഞുപോയി. അത് നില്ക്കുന്ന സ്ഥലം മഹന്തിന്റേതാണ് എന്ന മട്ടില്‍ ഉറച്ചു. ചുരുക്കത്തില്‍ബാബ്‌റി മസ്ജിദിന്റെ മണ്ണില്‍ ഹിന്ദു വര്‍ഗ്ഗീയ ശക്തികളുടെ കാല്‍ ഉറപ്പിക്കാന്‍ കേസുകളുടെ പരമ്പര സഹായിച്ചു. പില്‍ക്കാലത്ത് ഹിന്ദു വംശീയ വാദികള്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ ശ്രീരാമക്ഷേത്രം എന്ന ലക്ഷ്യം ബാബ്‌റി മസ്ജിദിന്റേതായിരുന്ന മണ്ണില്‍ ഉറച്ചു.

പിന്നീടും പല സംഭവങ്ങളിലൂടെയും അത് മുന്നോട്ടു പോയി. അതില്‍ പ്രധാനപ്പെട്ട ഒന്ന് 1934 ല്‍ അവിടെ നടന്ന വര്‍ഗ്ഗീയ ലഹളയാണ്. 1934 മാര്‍ച്ച് 27 നാണ് ലഹള പൊട്ടിപ്പുറപ്പെട്ടത്. അയോധ്യയ്ക്ക് അരികിലുള്ള ഷാജഹാന്‍പൂര്‍ എന്ന ഗ്രാമമായിരുന്നു ലഹളയുടെ കേന്ദ്രം. അവിടെ ബക്രീദ് ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് പശുഹത്യ നടന്നു എന്ന വാര്‍ത്തയെ തുടര്‍ന്നാണ് ലഹളയുണ്ടായത്. ഹിന്ദു വര്‍ഗ്ഗീയ വാദികള്‍ ബാബ്‌റി മസ്ജിദ് ആക്രമിച്ച് കേടു വരുത്തി. ലഹള അധികം നീണ്ടു നില്‍ക്കാതെ കെട്ടടങ്ങി. ബ്രിട്ടീഷ് സര്‍ക്കാര്‍ തന്നെ പണം ചെലവഴിച്ച് ഒരു മുസ്ലീം കോണ്‍ട്രാക്ടറെ കൊണ്ട് കേടുപാടുകള്‍ തീര്‍ത്തു.

1936 ല്‍ ബാബ്‌റി മസ്ജിദിന്റെ ഉടമസ്ഥാധികാരത്തിന്റെ തീര്‍പ്പിനായി ഉത്തര്‍ പ്രദേശ് മുസ്ലീം വഖഫ് നിയമത്തിന് കീഴില്‍ വഖഫ് കമ്മീഷണര്‍ അന്വേഷണം നടത്തുകയുണ്ടായി. 1528 ല്‍ പളളി പണിതത് സുന്നി മുസ്ലീം ആയ ബാബര്‍ ആയതുകൊണ്ട് ബാബ്‌റി മസ്ജിദിനെ ഒരു സുന്നിപ്പള്ളിയായി 1946 മാര്‍ച്ചില്‍ വഖഫ് കമ്മീഷണര്‍ പ്രഖ്യാപിക്കുകയുണ്ടായി.

ബാബ്‌റി മസ്ജിദിന്റെ ചരിത്രം ഇങ്ങനെ നില്‍ക്കുമ്പോഴാണ്, ചരിത്രത്തിന്റെ ചവറ്റുകൊട്ടയില്‍ നിന്ന് തിരികെ വരാന്‍ ഹിന്ദുവംശീയ ശക്തികള്‍ അതിനെ ആശ്രയിക്കുന്നത്.ഗാന്ധിയുടെ വധം സമ്മാനിച്ച തിരിച്ചടിയില്‍ നിന്ന് അവര്‍ ഒരു പാഠം പഠിച്ചിരുന്നു. നിലവിലുള്ള സര്‍ക്കാരിനെ അട്ടിമറിച്ച് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്നത് ഇത്തരമൊരു പരിസ്ഥിതിയില്‍ സാധ്യമല്ല എന്നതായിരുന്നു, അത്. എന്നാല്‍ തങ്ങളുടെ ഫാസിസ്റ്റ് സ്വപ്നങ്ങളെ എന്നന്നേയ്ക്കുമായി ഉപേക്ഷിക്കാനും അവര്‍ തയ്യാറായില്ല. തങ്ങള്‍ക്ക് നഷ്ടപ്പെട്ട ആവേഗം തിരിച്ചു പിടിക്കാന്‍ അങ്ങേയറ്റം പ്രകോപനപരമായ, എന്നാല്‍ സര്‍ക്കാരിനെ നേരിട്ടെതിര്‍ക്കാത്ത, ഒരു പരിപാടി ആവിഷ്‌ക്കരിക്കാന്‍ അവര്‍ തീരുമാനിച്ചു. 1949 ഫെബ്രുവരി 10 ന് വി ഡി സവര്‍ക്കറെ കോടതി, ഗാന്ധിവധത്തിന്റെ കേസില്‍ നിന്നും കുറ്റവിമുക്തമാക്കിയത് ഹിന്ദുമഹാസഭയ്ക്ക് കരുത്തു പകര്‍ന്നു. 1947 ല്‍ ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുതുക്കിപ്പണിയാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചതും അയോധ്യയെ കേന്ദ്രമാക്കി പുതിയൊരു ചരിത്രം തുടങ്ങി വെയ്ക്കാന്‍ ഹിന്ദുമഹാസഭ യെയും ഹിന്ദു വംശീയ വാദികളേയും പ്രേരിപ്പിച്ചു.

പതിനൊന്നാം നൂറ്റാണ്ടില്‍ മഹ്മൂദ് ഗസ്‌നിയുടെ പടയോട്ടക്കാലത്താണ് സോമനാഥ ക്ഷേത്രം ഭാഗികമായി തകര്‍ന്നതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. സ്വാതന്ത്ര്യത്തിന്റെ സമയത്ത് നാട്ടുരാജ്യമായിരുന്ന ജുനഗഢിലായിരുന്നു സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. മുസ്ലീം രാജാക്കന്മാരായ നവാബുമാരായിരുന്നു ജുനഗഢ് ഭരിച്ചിരുന്നത്. അവര്‍ 1947 ല്‍ പാകിസ്ഥാനില്‍ ചേരാന്‍ നിശ്ചയിച്ചു. 1947 നവംബര്‍ 12 ന് ജുനഗഢിനെ ഇന്ത്യന്‍ പട്ടാളം പിടിച്ചെടുത്ത് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ത്തു. നവാബിന്റെ ഇംഗിതത്തിനെതിരായി, പട്ടാളത്തിന്റെ സഹായത്തോടെയാണ്, ജുനഗഢിനെ ഇന്ത്യയില്‍ ചേര്‍ത്തത് എന്നതുകൊണ്ട്, ആ രാജ്യത്തിലെ ജനതയെ തങ്ങളോടൊപ്പം നിര്‍ത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആഗ്രഹിച്ചു. സംസ്ഥാനങ്ങളുടെ ലയനച്ചുമതല കൈകാര്യം ചെയ്തിരുന്നത് സര്‍ദാര്‍ പട്ടേലും അദ്ദേഹത്തിന്റെ കീഴിലെ ഉദ്യോഗസ്ഥനായിരുന്ന വി പി മേനോനും ചേര്‍ന്നാണ് എന്നത് സുവിദിതമാണല്ലോ. ജുനഗഢിലെ ഹിന്ദുജനതയുടെ കൂറ് ഇന്ത്യന്‍ സര്‍ക്കാരില്‍ നിലനിര്‍ത്തുന്നതിനായി അവരെ സംതൃപ്തിപ്പെടുത്താന്‍ പട്ടേല്‍, സോമനാഥ് ക്ഷേത്രത്തിന്റെ പുനര്‍ നിര്‍മ്മാണം സര്‍ക്കാര്‍ പദ്ധതിയായി തന്നെ പ്രഖ്യാപിച്ചു. അതിന് വേണ്ടി കോണ്‍ഗ്രസ്സിലെ വലതുപക്ഷക്കാരനായിരുന്ന കേന്ദ്രമന്ത്രി കെ എം മുന്‍ഷിയെ ചെയര്‍മാനായി ഒരു ഉപദേശക സമിതിയേയും രൂപീകരിച്ചു. കോണ്‍ഗ്രസ്സിന്റെ ഹിന്ദുവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ആളായിരുന്നു കെ എം മുന്‍ഷി. പിന്നീട് 1946ല്‍ കോണ്‍ഗ്രസ്സിലേയ്ക്ക് തിരിച്ചു വരികയും അതിലെ വലതുപക്ഷത്തെ നയിച്ചിരുന്ന പട്ടേലിന്റെ വലം കൈയ്യായി തീരുകയും ചെയ്തു. സോമനാഥ് ക്ഷേത്രത്തെ സംബന്ധിച്ചിടത്തോളം, അതിന്റെ പരിഷ്‌ക്കരണം ഒരര്‍ത്ഥത്തിലും മുസ്ലീം വിരുദ്ധ പരിപാടിയായിരുന്നില്ല. എന്നാല്‍ ഭരണകൂടത്തിന്റെ മുന്‍കൈയ്യില്‍ ഒരു ഹിന്ദുക്ഷേത്രത്തിന്റെ കേടുപാടുകള്‍ തീര്‍ക്കുന്നത് ഹിന്ദുവംശീയ വാദികള്‍ക്ക് രാഷ്ട്രീയായുധമായി തീര്‍ന്നു. തിരിച്ചുവരവിനായി വെമ്പുന്ന അവര്‍ക്ക് അത് ചൂണ്ടിക്കാട്ടി, രാമക്ഷേത്ര നിര്‍മ്മാണം എന്ന മുസ്ലീം വിരുദ്ധ രാഷ്ട്രീയ അജണ്ടയെ ശക്തിപ്പെടുത്താന്‍ ഉപകരിച്ചു.

അക്കാലയളവില്‍ ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായിരുന്ന ഗോവിന്ദ് ബല്ലഭ് പാന്ത് എന്ന ജി ബി പാന്തിന്റെ ഹിന്ദുമതച്ചായ് വും ഹിന്ദുമഹാസഭയ്ക്ക് തിരിച്ചു വരാനുള്ള വഴി തുറന്നു കൊടുത്തു എന്നു കാണാം. 1934 മുതല്‍ കോണ്‍ഗ്രസ്സിനുള്ളില്‍ പ്രത്യേക ഗ്രൂപ്പായി പ്രവര്‍ത്തിച്ചു വരികയായിരുന്നു കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി എസ് പി). രാം മനോഹര്‍ ലോഹ്യയെപ്പോലെ, ജയപ്രകാശ് നാരായണെപ്പോലെ ഉന്നത നേതാക്കള്‍ ആയിരുന്നു അതിനെ നയിച്ചിരുന്നത്. ഉത്തര്‍ പ്രദേശില്‍ സി എസ് പി യുടെ തല മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു ആചാര്യ നരേന്ദ്ര ദേവ്. യഥാര്‍ത്ഥത്തില്‍ 1937 ലെ പ്രവിശ്യാ തെരഞ്ഞെടുപ്പില്‍ ഐക്യ സംസ്ഥാനങ്ങളില്‍ ( ബ്രിട്ടീഷുകാരുടെ യുണൈറ്റഡ് പ്രോവിന്‍സസ്, ഇന്നത്തെ ഉത്തര്‍പ്രദേശും ഉത്തരാഞ്ചലുമൊക്കെ അടങ്ങുന്ന ദേശം) കോണ്‍ഗ്രസ്സ് ഭൂരിപക്ഷം നേടിയപ്പോള്‍ ആചാര്യ നരേന്ദ്ര ദേവ് ആയിരുന്നു മുഖ്യമന്ത്രിയാകേണ്ടിയിരുന്നത്. എന്നാല്‍ അധികാരസ്ഥാനങ്ങളില്‍ ഇരിക്കില്ല എന്ന സി എസ് പിയുടെ പ്രഖ്യാപിത നയം മൂലം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്തു നിന്നും ഒഴിഞ്ഞു നിന്നു. ആ ഒഴിവിലാണ് ജി ബി പാന്ത് മുഖ്യമന്ത്രിയാകുന്നത്. ഗോള്‍വാള്‍ക്കര്‍ പശ്ചിമ യു പി യില്‍ മുസ്ലീങ്ങളെ വംശഹത്യ ചെയ്യാനുള്ള പദ്ധതി വെളിവായിട്ടു പോലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാതെ രക്ഷപ്പെടാന്‍ ജി ബി പാന്തിന്റെ മന്ത്രിസഭ അനുവദിച്ചത് നാം മുന്‍ അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്തിരുന്നു. നെഹ്‌റു, ആര്‍.എസ്.എസിന്റേയും മറ്റ് ഹിന്ദുവംശീയ വാദികളുടേയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടി നിരന്തരം ജി ബി പാന്തിന് എഴുതിയ കത്തുകളേയും നാം പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഫലപ്രദമായ ഒരു നടപടിയും പാന്തിന്റേയും സര്‍ക്കാരിന്റേയും ഭാഗത്തു നിന്നുണ്ടായിരുന്നില്ല.

1948 മാര്‍ച്ചില്‍ സി എസ് പി, കോണ്‍ഗ്രസ്സില്‍ നിന്നും വേര്‍പിരിഞ്ഞ് പുതിയ രാഷ്ട്രീയ പാര്‍ട്ടിയായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കോണ്‍ഗ്രസ്സിന്റെ ഭാഗമായി തെരഞ്ഞെടുപ്പില്‍ ജയിച്ചു വന്ന സി എസ് പി അംഗങ്ങള്‍ രാജിവെച്ച് പുതിയ ജനവിധി തേടണമെന്ന തീരുമാനം പുതിയ പാര്‍ട്ടിയായി മാറുമ്പോള്‍ സി എസ് പി എടുത്തിരുന്നു. ഇതിന്റെ ഭാഗമായി അന്ന് അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദിന്റെ പ്രതിനിധിയായിരുന്ന ആചാര്യ നരേന്ദ്ര ദേവ് തല്‍സ്ഥാനം രാജി വെയ്ക്കുകയും ഉപതെരഞ്ഞെടുപ്പില്‍ വീണ്ടും ജനവിധി നേടാനായി ഫൈസാബാദില്‍ നിന്ന് മത്സരിക്കുകയും ചെയ്തു. ഒരേ പാര്‍ട്ടിയിലായിരുന്നപ്പോള്‍ തന്നെ ആശയതലത്തില്‍ തന്റെ എതിരാളിയായിരുന്ന ആചാര്യ നരേന്ദ്ര ദേവിനെ തോല്പിക്കേണ്ടത് തന്റെ ലക്ഷ്യമായി ജി ബി പാന്ത് കരുതി. സാധാരണ ഗതിയില്‍ ആചാര്യ നരേന്ദ്ര ദേവിനെപ്പോലുള്ള ഒരു ഉന്നത നേതാവിനെ തോല്പിക്കുക എളുപ്പമായിരുന്നില്ല. അയോദ്ധ്യയില്‍ നില നിന്നിരുന്ന സന്ന്യാസി രാഷ്ട്രീയത്തേയും അതുണ്ടാക്കിയ മുസ്ലീം വിരുദ്ധതയേയും രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ജി ബി പാന്ത് തീരുമാനിച്ചു. ആപല്‍ക്കരമായ തീരുമാനമായിരുന്നു അത്.

കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് കരുതിയ സിദ്ധേശ്വരി പ്രസാദിനു പകരം ജി ബി പാന്ത് കളത്തിലിറക്കിയത് ബാബാ രാഘവ് ദാസിനെയാണ്. യാഥാസ്ഥിതിക ഹിന്ദുമതത്തോട് ഒട്ടി നില്‍ക്കുന്ന ഒരാളായിരുന്നു ബാബാ രാഘവ് ദാസ്. അത്തരമൊരാളെ കളത്തിലിറക്കിയാല്‍ ഹിന്ദു യാഥാസ്ഥിതിക വോട്ടുകള്‍ സമാഹരിക്കപ്പെടുമെന്നും പ്രഖ്യാപിത നിരീശ്വര വിശ്വാസിയും സോഷ്യലിസ്റ്റും പുരോഗമനവാദിയുമായ നരേന്ദ്രദേവിനെ തോല്‍പ്പിക്കാനാകുമെന്നും പാന്ത് കരുതി.

പൂനെയിലെ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് രാഘവേന്ദ്ര ശേഷപ്പ പച്ചപുര്‍ക്കാര്‍ എന്ന ബാബാ രാഘവ് ദാസ് ജനിച്ചത്. മഹാരാഷ്ട്രയില്‍ കോളറാവ്യാധി പടര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം അതില്‍പ്പെട്ട് മണ്ണടിഞ്ഞു. അവിടെ നിന്നും രക്ഷപ്പെട്ട് യു പി യിലെ ഗോരഖ്പൂരിന് അടുത്തുള്ള ദേവ്‌റിയയില്‍ എത്തിയ രാഘവ് ദാസ് അവിടുത്തെ പ്രസിദ്ധ ഗുരുവായിരുന്ന അനന്ത് മഹാപ്രഭുവിന്റെ ശിഷ്യത്വം സ്വീകരിച്ചു. അനന്ത് മഹാപ്രഭു മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ബര്‍ഹജ് ആശ്രമത്തിന്റെ തലവനായി തീര്‍ന്നു. സന്ന്യാസിയാണെങ്കിലും രാഷ്ട്രീയത്തില്‍ താത്പര്യമുണ്ടായിരുന്ന രാഘവ് ദാസ്, 1920 ല്‍ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി.

തെരഞ്ഞെടുപ്പ് കാലത്ത് പാന്ത് നിരവധി തവണ അയോധ്യ സന്ദര്‍ശിക്കുകയും തന്റെ തെരഞ്ഞെടുപ്പു പ്രസംഗങ്ങളില്‍ നരേന്ദ്രദേവ് ഒരു അവിശ്വാസിയാണെന്ന കാര്യം ഊന്നിപ്പറയുകയും ചെയ്തു. പാന്തിന്റെ തെരഞ്ഞെടുപ്പു പ്രസംഗങ്ങളുടെ ഒരു മാതൃക, റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്, താഴെ കൊടുക്കുന്നു.

‘മുസ്ലീങ്ങളും സെമിന്ദാര്‍മാരും മറ്റ് നിക്ഷിപ്ത താത്പര്യക്കാരും കോണ്‍ഗ്രസ്സിനെ അട്ടിമറിക്കാന്‍ പരിശ്രമിക്കുകയാണ് എന്ന് മുഖ്യമന്ത്രി പാന്ത് പറയുകയുണ്ടായി. സോഷ്യലിസ്റ്റുകള്‍ ആഗ്രഹിക്കുന്നത് നാഗരി ലിപിയിലും ഉറുദുലിപിയിലും ഹിന്ദുസ്ഥാനിയെ ഇന്ത്യയുടെ പൊതുഭാഷ ആക്കുന്നതിനാണ് എന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സ് അതിന്റെ പിന്തുണ ഹിന്ദിയോട് പ്രഖ്യാപിക്കുകയും ഇതിനകം തന്നെ ഭരണകാര്യങ്ങള്‍ക്കായി ഹിന്ദിയെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതൊരു പ്രധാനപ്പെട്ട സംഗതിയാണ്. ഏത് വശമാണ് തെരഞ്ഞെടുക്കുന്നതെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ ‘

ഇത്തരം പ്രസംഗങ്ങള്‍ അയോദ്ധ്യയിലേയും ഫൈസാബാദിലേയും മുസ്ലീങ്ങളില്‍ വര്‍ദ്ധിച്ച ഭീതിയുളവാക്കി. 1947ല്‍, തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മുമ്പാണ് ഹനുമാന്‍ ഘരിയിലെ അന്നത്തെ മഹന്ത് ആയിരുന്ന സീതാറാം ദാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹിന്ദുമഹാസഭയുടെ സമ്മേളനം ബാബ്‌റി മസ്ജിദ് മുസ്ലീങ്ങളുടെ കൈയ്യില്‍ നിന്നും പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചത്. ഇത്തരമൊരു അവസ്ഥയില്‍ മുഖ്യമന്ത്രി, ഹിന്ദു അനുകൂലമായ നില സ്വീകരിക്കുന്നത് അവരെ അസ്വസ്ഥരാക്കി. അതോടൊപ്പം തന്നെ ബാബാ രാഘവ് ദാസിന്റെ പ്രചാരണം തുളസി ഇലകള്‍ വിതരണം ചെയ്തുകൊണ്ടായിരുന്നു. ജി ബി പാന്തും ബാബാ രാഘവ് ദാസും ബ്രാഹ്മണരാണെന്ന് ഇടയ്ക്കിടെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രചരണം.

1948 ജൂണ്‍ 28 നായിരുന്നു വോട്ടെടുപ്പ്. ജി ബി പാന്തിന്റെ കുതന്ത്രം ഫൈസാബാദില്‍ വിജയം കണ്ടു. ബാബാ രാഘവ് ദാസ് 5392 വോട്ട് നേടിയപ്പോള്‍ ആചാര്യ നരേന്ദ്ര ദേവിന് 4080 വോട്ടേ കിട്ടിയുള്ളൂ. എന്നാല്‍ ആ വിജയം ഇന്ത്യയുടെ ഭാവിയെത്തന്നെ പിടിച്ചുലയ്ക്കുന്ന ഒന്നായ് തീരുമെന്ന്, താത്ക്കാലികമായ ഒരു വിജയത്തിന് വേണ്ടി മൃദുഹിന്ദുത്വത്തെ ഉപയോഗിച്ച ജി ബി പാന്ത് ഒരിക്കലും കണ്ടിരിക്കില്ല.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ മുഖം ഏറ്റവും കൂടുതല്‍ അസ്വസ്ഥപ്പെടുത്തിയത് നെഹ്‌റുവിനെ ആയിരുന്നു. 1949 സെപ്തംബറില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള കേന്ദ്രമന്ത്രി മോഹന്‍ലാല്‍ സക്‌സേനയ്ക്ക് നെഹ്‌റു എഴുതിയ കത്തില്‍ ഈ അസ്വസ്ഥത മുഴുവന്‍ പ്രതിഫലിക്കുന്നുണ്ട്.

” തീര്‍ച്ചയായും യു പി ഏതാണ്ട് എനിക്കൊരു വിദേശ രാജ്യം പോലെയായിരിക്കുന്നു. അവിടെ ഞാന്‍ അനുയോജ്യനല്ല. മുപ്പത്തഞ്ചു കൊല്ലമായി ഞാന്‍ സഹകരിച്ചു കൊണ്ടിരിക്കുന്ന യു പി കോണ്‍ഗ്രസ്സ് കമ്മറ്റി എന്നെ അതിശയിപ്പിക്കുന്ന രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ശബ്ദം എനിക്കറിയാവുന്ന കോണ്‍ഗ്രസ്സിന്റെ ശബ്ദമല്ല. മറിച്ച് എന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും കൊണ്ട് ഞാനെന്തിനെ എതിര്‍ത്തിരുന്നുവോ അതിന്റെ ശബ്ദമായി തീര്‍ന്നിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ നെടും തൂണുകളായിരുന്നവരുടെ മനസ്സുകളിലേയ്ക്കും ഹൃദയങ്ങളിലേയ്ക്കും വര്‍ഗ്ഗീയത വ്യാപിച്ചിരിക്കുന്നു ‘.

ജി ബി പാന്ത് സഫലമായി ഉപയോഗിച്ച ഹിന്ദു വര്‍ഗ്ഗീയ കാര്‍ഡ് ഉത്സാഹത്തിലാക്കിയത് ഹിന്ദു വംശീയ വാദികളെയാണ്. ഗാന്ധി വധം ഓരത്താക്കിയ അവര്‍ക്ക് തിരിച്ചു വരാനുള്ള ആത്മവിശ്വാസം അത് ജനിപ്പിച്ചു. ഹിന്ദു മഹാസഭയുടെ അക്കാലത്തെ ജനറല്‍ സെക്രട്ടറിയും ഉത്തര്‍പ്രദേശ് ഘടകത്തിന്റെ പ്രസിഡണ്ടുമായിരുന്ന മഹന്ത് ദിഗ്വിജയ് നാഥിന്റെ വാക്കുകളില്‍ നിന്ന് ആ ഹര്‍ഷം ഊഹിച്ചെടുക്കാം.

‘ഒരു സര്‍ക്കാരിനും ഹിന്ദു വികാരങ്ങളെ കൊല്ലാന്‍ കഴിയില്ലെന്ന് എനിക്ക് മുഴുവനായും ബോധ്യപ്പെട്ടിരിക്കുന്നു. യു പി ലെജിസ്‌ളേറ്റീവ് അസംബ്ലിയിലേയ്ക്ക് ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പുകള്‍, ഹിന്ദുവികാരം എത്ര ആഴത്തിലാണ് ജനങ്ങളെ ആവേശിച്ചിട്ടുള്ളത് എന്നത് വ്യക്തമായി കാണിച്ചു തരുന്നു. തെരഞ്ഞെടുപ്പുകള്‍ ജയിക്കാന്‍ വോട്ടര്‍മാരുടെ ഹിന്ദുവികാരത്തോട് അഭ്യര്‍ത്ഥിക്കേണ്ടി വരുന്നു എന്നിടത്തോളം അതത്ര വലുതാണ്. അതിനാല്‍ പ്രവിശ്യയിലെ മുഴുവന്‍ ഹിന്ദുക്കളോടും അവരുടെ ആശ കൈ വെടിയാതിരിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു. വിചാരണകളിലൂടെയും വേദനകളിലൂടെയുമാണ് വിജയം കൈവരിക്കാനാകുക ‘

മഹന്ത് ദിഗ്വിജയ് നാഥ് ഈ പ്രസ്താവന നടത്തുന്നത്, ഗാന്ധിവധത്തെ തുടര്‍ന്നുള്ള ജയില്‍ വാസം കഴിഞ്ഞ് പുറത്തു വന്ന ഉടനെയാണ് എന്നത് പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നു. അയോദ്ധ്യയിലെ ഹിന്ദു വംശീയ വാദികളായ സന്ന്യാസി (വൈരാഗി) മാരേയും തങ്ങളിലൊരാള്‍ നിയമസഭയിലെത്തിയത് ആവേശം കൊള്ളിക്കുകയുണ്ടായി. ഗാന്ധിവധത്തിന് ശേഷം പ്രധാനപ്പെട്ട നേതാക്കളൊക്കെ തുറുങ്കിലടക്കപ്പെട്ട്, ചിറകൊടിഞ്ഞ അവസ്ഥയിലായിരുന്ന ഹിന്ദു മഹാസഭയേയും ഇത് ആവേശം കൊള്ളിച്ചു. രാഘവ് ദാസ് ആകട്ടെ, കോണ്‍ഗ്രസ്സിന്റെ പ്രഖ്യാപിത നയമായ മതേതരത്വത്തോടല്ല, ജനപ്രതിനിധി ആയ ശേഷം ചേര്‍ന്നു നിന്നത്, മറിച്ച് ഹിന്ദുമഹാസഭയുടെ ഹിന്ദു വര്‍ഗ്ഗീയ വാദത്തോടാണ്. പുതുജീവന്‍ കിട്ടിയ ഹിന്ദു മഹാസഭ വീണ്ടും രാഷ്ട്രീയ രംഗത്തേയ്ക്ക് തിരിച്ചു വരാനുള്ള അരങ്ങായി, അയോദ്ധ്യയെ ഒരുക്കി.

1949 ആഗസ്റ്റ് 14 ന് ഐക്യസംസ്ഥാന (ഉത്തര്‍ പ്രദേശ്) പ്രവിശ്യാ ഹിന്ദുമഹാസഭ യോഗം ചേര്‍ന്ന് ഒരു തീരുമാനം പാസ്സാക്കുകയുണ്ടായി. താഴെ കൊടുക്കുന്നതായിരുന്നു തീരുമാനം.

‘ഹിന്ദു മഹാസഭയുടെ അഖിലേന്ത്യാ വര്‍ക്കിംഗ് കമ്മറ്റിയുടെ, മുഗള്‍ ഭരണ കാലത്ത് പള്ളികളായി തീരുകയും ഇപ്പോഴും അതിന്റെ അംശങ്ങള്‍ പേറുകയും ചെയ്യുന്ന കാശിയിലെ വിശ്വനാഥ ക്ഷേത്രവും അയോദ്ധ്യയിലെ രാമജന്മഭൂമി ക്ഷേത്രവും മഥുരയിലെ ശ്രീകൃഷ്ണമന്ദിരവും പുന:സ്ഥാപിക്കണമെന്ന ആവശ്യത്തെ ഈ യോഗം പിന്തുണയ്ക്കുന്നു.

സൗരാഷ്ട്രയിലെ സോംനാഥ് ക്ഷേത്രം നവീകരിച്ച് പുന:സ്ഥാപിച്ച സര്‍ക്കാര്‍ നയം ഈ ക്ഷേത്രങ്ങളുടേയും പുന:സ്ഥാപനത്തില്‍ പിന്തുടരണമെന്ന് ഈ യോഗം സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു ‘

ഇതേ തുടര്‍ന്ന് രാമജന്മഭൂമിയെയും ബാബ്‌റി മസ്ജിദിനെയും ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയെടുക്കാന്‍ ഹിന്ദു വംശീയ വാദികള്‍ക്ക് കഴിഞ്ഞു. ഹിന്ദു മഹാസഭ പിന്നില്‍ നിന്നുകൊണ്ട് ആള്‍ ഇന്ത്യാ രാമായണ്‍ മഹാസഭ (ഏ ഐ ആര്‍ എം) എന്ന പേരില്‍ ഒരു സംഘടന രാമജന്മഭൂമിയുടെ വീണ്ടെടുപ്പിനായി രൂപീകരിക്കപ്പെട്ടു. ഹിന്ദു മഹാസഭയുടെ, അയോദ്ധ്യാ സിറ്റി പ്രസിഡണ്ടായിരുന്ന രാമചന്ദ്ര പരമഹംസ് ആയിരുന്നു ഏ ഐ ആര്‍ എമ്മിന്റെ ജനറല്‍ സെക്രട്ടറി. മറ്റൊരു സജീവ ഹിന്ദു മഹാസഭാ പ്രവര്‍ത്തകനായിരുന്ന ഗോപാല്‍ സിങ്ങ് വിശാരദ് ജോയിന്റ് സെക്രട്ടറിയും ഹിന്ദു മഹാസഭാ ഓര്‍ഗനൈസര്‍ ആയിരുന്ന, ഹനുമാന്‍ ഘരിയുടെ തലവനായിരുന്ന അഭിറാം ദാസ് ഓര്‍ഗനൈസേഷണല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.

രാമജന്മഭൂമി യെ മുന്‍നിര്‍ത്തി രക്തച്ചൊരിച്ചിലിലൂടെ അധികാരത്തിലേയ്ക്ക് സഞ്ചരിക്കാനുള്ള പദ്ധതിയില്‍ ഏറെ പങ്കു വഹിച്ച സ്ഥാപനമാണ് ഹനുമാന്‍ ഘരി ക്ഷേത്രം. ബാബ്‌റി മസ്ജിദ് വളപ്പ് കൈയ്യേറി രാം ഛബൂത്ര നിര്‍മ്മിച്ചത് അന്നത്തെ ഹനുമാന്‍ ഘരി മഹന്ത് ആയിരുന്നു എന്ന് നാം കണ്ടു കഴിഞ്ഞു. ഏ ഐ ആര്‍ എം രൂപീകരിച്ചതിന് ശേഷം, ആ ദിശയില്‍, ബാബ്‌റി മസ്ജിദിനെ ലക്ഷ്യമിട്ടുകൊണ്ട് വന്‍കിട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതും ഹനുമാന്‍ ഘരി കേന്ദ്രീകരിച്ചായിരുന്നു. 1949 ഒക്ടോബര്‍ 20 ന് ഹനുമാന്‍ ഘരിയില്‍ തുടങ്ങി വെച്ച ഹനുമാന്‍ ജന്മോത്സവത്തിന്റെ സ്വഭാവവും മറ്റൊന്നായിരുന്നില്ല. ചാന്ദ്രമാസത്തിലെ കാര്‍ത്തിക നാളാണ് പുരാണങ്ങളനുസരിച്ച് ഹനുമാന്റെ പിറന്നാള്‍. സാധാരണഗതിയില്‍ ഹനുമാന്‍ ക്ഷേത്രമായ ഹനുമാന്‍ ഘരിയില്‍ ലളിതമായ ചടങ്ങുകളോടെ കൊണ്ടാടുന്ന ഒരു ഗാര്‍ഹിക ഉത്സവം മാത്രമായിരുന്നു ഹനുമാന്‍ ജന്മോത്സവ. എന്നാല്‍ 1949 ല്‍ അയോദ്ധ്യയിലെ മുസ്ലീങ്ങളെ ഭീതിയിലാഴ്ത്തും വിധം അത് വലുതായി ആഘോഷിക്കപ്പെട്ടു. ഒമ്പതു ദിവസം നീണ്ടു നിന്ന ഈ ഉത്സവത്തിന്റെ അവസാന ദിവസം, 1949 ഒക്ടോബര്‍ 28 ന് ഏ ഐ ആര്‍ എം, ഹനുമാന്‍ ഘരിയില്‍ ഒരു പൊതു സമ്മേളനം സംഘടിപ്പിച്ചു. നൂറു കണക്കിന് സന്ന്യാസികളും രാമഭക്തരും അടങ്ങുന്ന വലിയൊരു ഹിന്ദുക്കൂട്ടം അതില്‍ പങ്കെടുത്തു. അന്ന് അതില്‍ പങ്കെടുത്ത നിര്‍മോഹി അഖാഡയിലെ മഹന്ത് ആയ ഭാസ്‌കര്‍ ദാസ് അതിനെപ്പറ്റി പിന്നീട് എഴുതിയിട്ടുണ്ട്.

‘അത് ഒരു അസാധാരണ സമ്മേളനമായിരുന്നു. തങ്ങളുടെ സ്ഥിരം വേഷമായ വെള്ളയുടുപ്പില്‍ വൈരാഗിമാര്‍, വ്യത്യസ്തമായ രാമനന്ദി നാട നെറ്റിയില്‍ കെട്ടിക്കൊണ്ട് ( ഹനുമാന്‍ ഘരി യുടെ) മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. വര്‍ണ്ണാഭമായ കുപ്പായങ്ങളില്‍ ഭക്തര്‍ പരസ്പരം സംസാരിച്ചുകൊണ്ട് അരികിലും. പിന്നീട് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ബാബാ രാഘവ് ദാസ്, മഹന്ത് ദിഗ്വിജയ് നാഥ്, സ്വാമി കര്‍പത്രിജി, തുടങ്ങിയവരെപ്പോലുള്ള നേതാക്കള്‍ സംസാരിച്ചു. രാം ഛബൂത്രയില്‍ രാമവിവാഹദിനത്തോടനുബന്ധിച്ച് നവംബര്‍ 24 ന് തത്സമമായ നവദിന പരിപാടി നടത്താനും തീരുമാനിച്ചു. രാം ലല്ലയെ, ബാബ്‌റി മസ്ജിദിനുള്ളിലെ യഥാര്‍ത്ഥ ജനനസ്ഥാനത്തേയ്ക്ക് മാറ്റാനുള്ള സമ്മര്‍ദ്ദം സൃഷ്ടിക്കാന്‍ ഇതു വഴി സാധിക്കുമെന്ന് കരുതി ‘.

ബാബാ രാഘവ് ദാസ് എന്ന കോണ്‍ഗ്രസ്സ് എം എല്‍ എ അയാളുടെ കൂറ് ഹിന്ദു മഹാസഭയോടാണ് എന്ന് ഈ സമ്മേളനത്തില്‍ തെളിയിക്കുകയുണ്ടായി. ആജ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് ഇക്കാര്യത്തിലേയ്ക്ക് കുറേക്കൂടി വെളിച്ചം വീശുന്നു.

‘അവസാന ദിവസം ബാബാ രാഘവ് ദാസ് എം എല്‍ എ, കൃഷ്ണ ബോധാശ്രമിന്റെ തലവന്‍ സ്വാമി കര്‍പത്രിജി, പ്രവിശ്യാ ഹിന്ദു മഹാസഭയുടെ പ്രസിഡണ്ട് മഹന്ത് ദ്വിഗ്വിജയ് നാഥ് എന്നിവര്‍ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. രാമജന്മഭൂമിയെ വിമോചിപ്പിക്കുന്നതിനും ജനങ്ങളുടെ ക്ഷേമത്തിനുമായി രാമവിവാഹദിനത്തോടനുബന്ധിച്ച് ശ്രീരാമജന്മഭൂമിയില്‍ (രാം ഛബൂത്ര) തത്സമമായി ജനനിബിഡമായ നവദിന പരിപാടി സംഘടിപ്പിക്കാന്‍ ഒരു നിര്‍ദ്ദേശം ബാബാ രാഘവ് ദാസ് സമര്‍പ്പിക്കുകയുണ്ടായി. ഈ നിര്‍ദ്ദേശം ആള്‍ക്കൂട്ടം പിന്തുണയ്ക്കുകയും ഐകകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു. കാരണം ഹനുമാന്‍ ഘരിയെന്നത് ഹിന്ദുക്കളുടെ പ്രധാനകേന്ദ്രവും അത് നിയന്ത്രിക്കുന്നത് ഹിന്ദുക്കളുമാകയാല്‍ ആരും ആ നിര്‍ദ്ദേശത്തെ എതിര്‍ക്കാന്‍ ധൈര്യപ്പെടില്ല ‘.

ഹിന്ദുരാഷ്ട്രസംസ്ഥാപനം എന്ന ലക്ഷ്യം മുന്നില്‍ക്കണ്ട് ഹിന്ദുവംശീയ വാദികള്‍ രണ്ടാമത് ഒരു യത്‌നം തുടങ്ങിവെയ്ക്കുകയായിരുന്നു. ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ്സ് ഘടകത്തിലെ ഹിന്ദുമതച്ചായ് വുള്ള വലതുപക്ഷ വാദികളെ വോട്ടുബാങ്ക് കാട്ടി വലയില്‍ പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ്സിലെ നെഹ്‌റുവിന്റെ നേതൃത്വത്തിലുള്ള മതേതര വിഭാഗം അതിനെ ചൊല്ലി ആശങ്കാകുലരായിരുന്നു. യഥാര്‍ത്ഥ ഗാന്ധി അനുയായികളും പിന്നീട് ശക്തമായി രംഗത്തു വരുന്നുണ്ട്.

1949 നവംബര്‍ 24 ന് രാമവിവാഹദിനമെത്തുന്നതിന് മുമ്പ് 1949 നവംബര്‍ 5 നായിരുന്നു, കാര്‍ത്തിക പൂര്‍ണ്ണിമ. യഥാര്‍ത്ഥത്തില്‍ ആ ആഘോഷത്തോടെ തന്നെ സ്ഥിതിഗതികള്‍ വഷളായി തുടങ്ങി. ആജ് പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഗുരുതരമായ സ്ഥിതി വിശേഷങ്ങള്‍ ആണ് സംഭവിച്ചത്.
‘നവംബര്‍ 5 ലെ കാര്‍ത്തിക പൂര്‍ണ്ണിമയ്ക്ക് ശേഷം മൂന്ന് മുസ്ലീങ്ങള്‍ ബാബ്‌റി മസ്ജിദ് കാണാനായി വരികയായിരുന്നു. ചില വൈരാഗിമാര്‍ അവരെ പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും തടഞ്ഞു. രണ്ടു മുസ്ലീങ്ങള്‍ അവിടെ നിന്നും ഓടി രക്ഷപ്പെട്ടെങ്കിലും മൂന്നാമത്തെ ആള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിഞ്ഞില്ല. വൈരാഗികള്‍ ഈ മുസ്ലീമിന്റെ കാലുകള്‍ തല്ലിയൊടിക്കുകയും അദ്ദേഹത്തെ പിന്നീട് അയോദ്ധ്യയിലെ ശ്രീറാം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

ഈ സംഭവത്തിന് ശേഷം ചില വൈരാഗികളും സാധു (സന്ന്യാസി) ക്കളും ചേര്‍ന്ന് ബാബ്‌റി മസ്ജിദിന് മുന്നില്‍ ദീര്‍ഘകാലമായുള്ള ശവകുടീരങ്ങള്‍ കുഴിച്ചുമറിക്കാന്‍ തുടങ്ങി. അതേ സമയം ബാബ്‌റി മസ്ജിദിനുള്ളില്‍ ഒരു വിഗ്രഹം പ്രതിഷ്ഠിക്കാന്‍ സാധുക്കള്‍ ഒരുങ്ങുന്നു എന്ന കിംവദന്തി അയോദ്ധ്യയില്‍ പരക്കുകയുണ്ടായി. നവംബര്‍ 9 ന് ചില പ്രാദേശിക മുസ്ലീങ്ങള്‍ ജില്ലാ മജിസ്‌ട്രേറ്റിനെ, ഈ കിംവദന്തിയെ കുറിച്ചും ശവകുടീരം കുഴിച്ചു മറിച്ച സംഭവങ്ങളെ കുറിച്ചും തങ്ങളുടെ സമുദായാംഗങ്ങളെ മര്‍ദ്ദിച്ചതിനെ കുറിച്ചും അറിയിക്കുകയുണ്ടായി. സമുചിതമായ നടപടിയെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ്, സിറ്റി’ മജിസ്‌ട്രേറ്റിനോട് നിര്‍ദ്ദേശിച്ചു. പക്ഷെ, സിറ്റി മജിസ്‌ട്രേറ്റ്, നടപടികളെ മന്ദീഭവിപ്പിക്കുകയാണുണ്ടായത്. നവംബര്‍ 12 ന് മാത്രമാണ് അദ്ദേഹം അവിടെയെത്തിയത്.

തുടരും..
——-
ഹിന്ദുത്വ ഭീകരതയുടെ കഥ – ഇതുവരെയുള്ള ഭാഗങ്ങൾ ഇവിടെ വായിക്കുക.

Comments

comments