ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് വേണ്ട ചരിത്രമെഴുത്ത്
Raman Mahadevan. 2025. Fortune Seekers: A Business History of the Nattukottai Chettiars. Penguin Random House India.
2007-ൽ ദില്ലി തീൻ മൂർത്തി ഭവനിൽ നടന്ന ഒരു സാമ്പത്തിക ചരിത്ര സെമിനാറിലാണ് രാമൻ മഹാദേവനെ പരിചയപ്പെടുന്നത്. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ കൊളോണിയൽ കാലത്തെ പരിണാമം ചെട്ടിയാർ സമുദായത്തിന്റെ സാഹചര്യത്തിൽ വിശകലനം ചെയ്യുന്നതായിരുന്നു അന്നവതരിപ്പിച്ച പ്രബന്ധത്തിന്റെ പശ്ചാത്തലം. സെമിനാറിന് ശേഷവും ദീർഘനേരം സംസാരിച്ചു. കേരളത്തിലെ തദ്ദേശീയ ബാങ്കുകളുടെ ചരിത്രം പഠിക്കേണ്ടത് പ്രധാനമെന്ന് രാമൻ ബോധ്യപ്പെടുത്തി. തുടർന്നും ഇമെയിൽ വഴി പലപ്പോഴും സംസാരിച്ചു. അക്കാലങ്ങളിലെല്ലാം ചെട്ടിയാർമാരെപ്പറ്റിയുള്ള പുസ്തകത്തിന്റെ പണിപ്പുരയിലായിരുന്നു. 1970-കളിൽ ദില്ലി ജെ.എൻ.യുവിൽ വിദ്യാർത്ഥിയായിരിക്കുന്ന കാലം മുതൽ മഹാദേവൻ ചെട്ടിയാർമാരുടെ അനുഭവങ്ങളിലൂടെ സഞ്ചരിക്കുന്നു. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലി, ഇന്ത്യൻ ഇക്കണോമിക് ആൻഡ് സോഷ്യൽ ഹിസ്റ്ററി റിവ്യൂ തുടങ്ങിയ പ്രമുഖ ഗവേഷണ ജേർണലുകളിൽ പഠനങ്ങൾ പ്രസിദ്ധീകരിച്ചു.

തെളിവുകളെ കൂട്ടിയിണക്കി ചരിത്രഗതി വിശകലനം ചെയ്യുകയെന്നതാണ് ചരിത്രകാരന് വേണ്ട പ്രധാന കൈവഴക്കം. കണ്ടെത്തലുകളെ സമകാലിക സമൂഹത്തിന് മനസിലാകുന്ന ഭാഷയിൽ എഴുതുകയെന്നതും ശ്രമകരമാണ്. 2025-ൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ച രാമൻ മഹാദേവന്റെ Fortune Seekers: A Business History of the Nattukottai Chettiars അതിനുള്ള ഉത്തമ ഉദാഹരണമാണ്. കവിത പോലെ ഹൃദ്യവും തെളിമയുള്ളതുമായ പഠനം. നാട്ടുകോട്ട ചെട്ടിയാർ സമുദായത്തിന്റെ അനുഭവങ്ങളിലൂടെ പറയുന്ന പത്തൊൻപത്-ഇരുപതാം നൂറ്റാണ്ടുകളുടെ സാമ്പത്തിക ചരിത്രം എന്ന് ഈ പുസ്തകത്തെ അടയാളപ്പെടുത്താം. ഇന്ത്യൻ സാഹചര്യത്തിലെ ചരിത്രപഠനത്തിൽ അനിവാര്യമായ പഠനമാണിത്.
സാംസ്കാരിക ചരിത്രവും അധിനിവേശാനന്തര പഠനങ്ങളും സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തെ അനാകർഷകമാക്കിയ കാലമാണ് ചരിത്രപഠനത്തെ സംബന്ധിച്ച് തൊള്ളായിരത്തി തൊണ്ണൂറുകൾ തുടങ്ങിയുള്ള കാലം. സമ്പദ്‌വ്യവസ്ഥാ ചരിത്രങ്ങൾ പല സർവകലാശാലകളുടെയും പാഠ്യപദ്ധതിയിൽ നിന്ന് അപ്രത്യക്ഷമായി. സമ്പദ്‌ശാസ്ത്ര പഠനം കാലഹരണപ്പെട്ടത് എന്ന ധാരണയും പ്രബലമാണ്. രീതിശാസ്ത്ര സമീപനങ്ങൾ കാലാനുസൃതമായി പരിവർത്തനം ചെയ്യപ്പെടാത്തതും സമ്പദ്‌വ്യവസ്ഥാ ചരിത്രത്തെ അനഭിമതമാക്കുന്നതിൽ കാരണമായി (കാണുക: കെ.ടി. രാംമോഹൻ 2005). സാമ്പ്രദായിക സമ്പദ്‌വ്യവസ്ഥാ ചരിത്രപഠനങ്ങളുടെ ശ്രദ്ധ ബൃഹത് പരിണാമങ്ങളും സംഖ്യാസംബന്ധമായ വിവരണങ്ങളുമാണ്. ജീവിതാനുഭവങ്ങൾക്ക് ലഭിക്കുന്ന ഇടം പരിമിതമാണ്. ആ സമ്പ്രദായത്തെ പൊളിച്ചെഴുതുകയാണ് നരവംശശാസ്ത്ര വീക്ഷണത്തിലേക്ക് സാമ്പത്തിക ചരിത്രത്തെ എത്തിക്കുന്ന ഈ പഠനം. സാമൂഹ്യ-സാംസ്കാരിക ചരിത്ര പഠനങ്ങളും നരവംശശാസ്ത്രവുമായുള്ള സംവദിക്കലായി സമ്പദ്‌വ്യവസ്ഥാ ചരിത്രപഠനത്തെ വളർത്തുകയാണ് അഞ്ച് അധ്യായങ്ങളിൽക്കൂടി സഞ്ചരിക്കുന്ന ചെട്ടിയാർമാരുടെ ചരിത്രം.
വാമൊഴി ചരിത്രത്തിന്റെ അന്വേഷണ രീതികൾ ഈ പഠനത്തിൽ കാണാം. പലവട്ടം ചെട്ടിയാർമാരുടെ നാടും വീടുകളും ആചാരങ്ങളും കണ്ട് വിശകലനം ചെയ്തതിന്റെ ദൃശ്യമികവ് എഴുത്തിലുടനീളം കാണാം. മുൻ തലമുറകൾ നേരിട്ട പ്രശ്നങ്ങൾ, അവർ ഉൽപ്പാദിപ്പിച്ച അതേ തെളിവുകൾ വിശകലനം ചെയ്ത് അവരെത്തിയ തീർപ്പിലെത്തുകയും, ആ അറിവുകളുടെ സമകാലിക പ്രാധാന്യത്തെ വിശകലനം ചെയ്യുകയും ചെയ്യുകയെന്നത് ചരിത്ര ഗവേഷകർ നേരിടുന്ന വെല്ലുവിളിയാണ്.
നാട്ടുകോട്ട ചെട്ടിയാർ: വളർച്ചയുടെ ഘട്ടം
പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലാണ് ബ്രിട്ടീഷ് അധിനിവേശഭരണം ഇന്ത്യയിൽ ശക്തമാകുന്നത്. അക്കാലത്തെ സാമ്പത്തിക ചരിത്രം വിശകലനം ചെയ്തുകൊണ്ടാണ് ഈ പഠനം ആരംഭിക്കുന്നത്. മദ്രാസ് നഗരം ഒരു പ്രധാന സാമ്പത്തിക കേന്ദ്രമായി വളരുന്ന കാലം. കച്ചവടത്തിലും, കപ്പലോട്ടത്തിലും, ധനകാര്യ സ്ഥാപനങ്ങളിലും, ഇൻഷുറൻസിലുമെല്ലാം യൂറോപ്യൻ മൂലധനം മേൽക്കൈ നേടിത്തുടങ്ങി. അധിനിവേശകാലത്തെ ഭൂനികുതി പരിഷ്കാരവും, കൃഷിയുടെ വാണിജ്യവൽക്കരണവും, നാണ്യവ്യവസ്ഥ ശക്തിപ്പെടുന്നതും തദ്ദേശീയ വണിക് സമുദായങ്ങളുടെ വളർച്ചയെ പോഷിപ്പിച്ച സാമ്പത്തിക പരിഷ്കാരങ്ങളായി. ഉൾനാടൻ നഗരങ്ങളിൽ നിന്ന് തുറമുഖങ്ങളിലേക്കുള്ള കച്ചവടത്തിലും കടൽകടന്നുള്ള വ്യാപാരത്തിലും തദ്ദേശീയ മൂലധനം ഇടം കണ്ടെത്തി. അത്തരത്തിൽ വണിക് സമുദായമായി പത്തൊൻപതാം നൂറ്റാണ്ടിന്റെ പകുതിയോടെ നാട്ടുകോട്ട ചെട്ടിയാർമാർ സജീവമായി.

ക്രിസ്തുവിനും രണ്ടായിരം വർഷം പിന്നിലേക്ക് നീളുന്നതാണ് നാട്ടുകോട്ട ചെട്ടിയാർമാർ പറയുന്ന വാമൊഴി ചരിത്രം. ചോള-പാണ്ഡ്യ കാലത്തെ ചരിത്രവും പറയുന്നു. ഇത്തരം ചരിത്രവിവരണങ്ങളെ പിന്തുണക്കുന്ന തെളിവ് സാമഗ്രികൾ ലഭ്യമല്ല. പളനി ക്ഷേത്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഉപ്പിന്റെ വ്യാപാരത്തെ പരാമർശിക്കുന്ന ഏഴാം നൂറ്റാണ്ടിലെ ഒരു താളിയോലയിലാണ് ചെട്ടിയാർ വണിക് സമുദായത്തെപ്പറ്റിയുള്ള ആദ്യപരാമർശം. മധ്യകാലഘട്ടത്തിന്റെ അവസാനത്തിൽ വണിക് സഭകളുടെ ഭാഗമാകുന്ന ചെട്ടിയാർമാരെപ്പറ്റി ചരിത്രകാരന്മാർ പരാമർശിക്കുന്നുണ്ട്. വരണ്ട ഭൂപ്രകൃതിയുള്ള ചെട്ടിനാട് പ്രദേശത്ത് അതിജീവിക്കാനുള്ള ഒരു മാർഗമായിരുന്നു കച്ചവടം. പതിനെട്ടാം നൂറ്റാണ്ടിൽ അരി, ഉപ്പ്, തുണികൾ തുടങ്ങിയ വിഭവങ്ങളുടെ വ്യാപാരത്തിലേർപ്പെട്ടിരുന്നു. ചെട്ടിനാട് നിന്നും കച്ചവടത്തിന് വേണ്ടി തിരുനെൽവേലിയിലേക്കും തഞ്ചാവൂർക്കും തുടർന്ന് കൽക്കട്ടയിലെത്തി ബർമ്മയിലേക്കും സിലോണിലേക്കും അരിയും മറ്റ് ധാന്യങ്ങളും കയറ്റുമതി ചെയ്തു തുടങ്ങി.
ബാങ്കിങ് ശൃംഖലയുടെ വ്യാപനം
കച്ചവടത്തിൽ നിന്നും പണം കടം കൊടുക്കുന്ന ഇടപാടിലേക്കുള്ള മാറ്റം ചെട്ടിയാർ ചരിത്രത്തിൽ നിർണ്ണായകമാണ്. പണവ്യവസ്ഥ ഭൂനികുതിയിലും കച്ചവടത്തിലും പ്രധാനമാകുന്ന സമയമാണ് പത്തൊൻപതാം നൂറ്റാണ്ട്. യൂറോപ്യൻ പണമിടപാട് സ്ഥാപനങ്ങൾ വ്യാപകമായി തുടങ്ങിയിട്ടുമില്ല. പണം കൈമാറ്റം ചെയ്യുന്നതിനും കടം വാങ്ങുന്നതിനും ഹുണ്ടി സംവിധാനത്തെ ആശ്രയിക്കണം. സമുദായബന്ധം സാധ്യമാക്കുന്ന പണക്കൈമാറ്റ ശൃംഖല പരസ്പര വിശ്വാസത്തിലധിഷ്ഠിതമാണ്. സമുദായാടിസ്ഥാനത്തിലുള്ള പണമിടപാട് ശൃംഖലയുടെ പ്രാധാന്യം വാണിജ്യവൽക്കരണ കാലത്ത് വർദ്ധിച്ചു. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മദ്രാസിലെ കൊളോണിയൽ ഭരണകൂടം നികുതി പിരിവ് പണമായി വേണമെന്ന് ചട്ടം നിർബന്ധമാക്കി. ഈ സാഹചര്യം ഹുണ്ടികളെ പ്രധാന പണകൈമാറ്റ സംവിധാനമാക്കി. അത് തിരിച്ചറിഞ്ഞ ചെട്ടിയാർമാർ ബാങ്കിങ് മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി. ഭൂനികുതി പണമായി ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് നൽകാൻ സമീന്ദാർമാർ നിർബന്ധിതരായി. ഭൂമി ചെട്ടിയാർമാർക്ക് പാട്ടത്തിന് കൊടുത്ത് പണം കടം വാങ്ങിയവരിൽ പലർക്കും തിരിച്ചടവ് അസാധ്യമായി. വലിയ തോതിൽ കൃഷിഭൂമി ചെട്ടിയാർമാരുടെ കൈകളിലെത്തിച്ചേരാൻ ഇത് കാരണമായി. ഭൂവുടമകളായ ചെട്ടിയാർമാർ സമീന്ദാർ പദവി നേടുക വഴി സമുദായത്തിലെ വരേണ്യ വിഭാഗമായി വളർന്നു.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ 1970-കൾ വരെ ബാങ്കിങ് മേഖലയിൽ ചെട്ടിയാർ സ്ഥാപനങ്ങൾ വളർന്നു. 1870-കൾ വരെ കൊളംബോ, മലാക്ക, പെനാങ്, സിംഗപ്പൂർ, രംഗൂൺ മുതലായ തുറമുഖങ്ങൾ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾക്ക് പണം കടം കൊടുക്കുകയും സ്വന്തം വ്യാപാരങ്ങൾ നടത്തുകയും ചെയ്തു. 1869-ൽ സൂയസ് കനാൽ തുറന്നതിന് ശേഷം ഇന്ത്യൻ സമുദ്ര ദേശങ്ങളിൽ നടന്ന സാമ്പത്തിക പരിവർത്തനം ചെട്ടിയാന്മാരുടെ പണമിടപാടുകളിലും പ്രതിഫലിച്ചു. ബർമ്മ, മലയ, ഇൻഡോ-ചൈന, സിലോൺ എന്നിവിടങ്ങളിൽ ചെട്ടിയാർ പണമിടപാട് സ്ഥാപനങ്ങൾ സമുദായ നിയന്ത്രിതമായ ശൃംഖലയായി വളർന്നു.

സമുദായത്തിലെ ചെറുപ്പക്കാരെ കണക്ക് വിവരങ്ങൾ റെക്കോർഡിലാക്കാനും പണമിടപാടുകൾ നടത്താനും ചെറുപ്പം മുതൽ പരിശീലനം നൽകി. അവർ ചെട്ടിയാർമാരുടെ സ്ഥാപനങ്ങളിൽ തൊഴിലഭ്യാസികളാകുകയും തുടർന്ന് നാട്ടിലും കടൽ കടന്നുള്ള ബാങ്കിങ് ഇടപാടുകൾ നടത്തുന്ന ചുമതല ഏറ്റെടുക്കുകയും ചെയ്തു. നാട്ടിലെപ്പോലെ പുറംദേശത്തും ഈ ചെറുപ്പക്കാർ ചേർന്ന് താമസിക്കുകയും അമ്പലം ഉൾപ്പെടെയുള്ള അവരുടെ ചുറ്റുപാടുകളെ നിർമ്മിക്കുകയും ചെയ്തു. സമുദായ ബന്ധത്തിന്റെ കെട്ടുറപ്പ് ചെട്ടിയാർ ധനകാര്യ ഇടപാടുകളുടെയും മറ്റ് ബിസിനസ്സുകളുടെയും ഉറച്ച അടിത്തറയായി പ്രവർത്തിച്ചു. ആധുനിക ബാങ്കിങ് സംവിധാനങ്ങൾ പ്രാമുഖ്യം നേടുന്ന ഇരുപതാം നൂറ്റാണ്ടിലും ചെട്ടിയാർ ബാങ്കിങ് ഇടപാടുകൾ അന്യൂനം പ്രവർത്തനം തുടർന്നു.
തോട്ടക്കൃഷിയുടെ വ്യാപനത്തോടെ തുറമുഖ നഗരങ്ങളിൽ കേന്ദ്രീകൃതമായിരുന്ന ബാങ്കിങ് ഇടപാടുകൾ ഉൾനാടുകളിലേക്ക് വ്യാപിക്കുന്ന സ്ഥിതി ഉണ്ടായി. കൂടാതെ അരി, ചാരായം, കറുപ്പ്, പുകയില, നാളികേരം, പഞ്ഞി തുടങ്ങിയ ഉൽപ്പന്നങ്ങളുടെ കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിലുള്ള മേൽക്കൈ ചെട്ടിയാർമാരെ ദക്ഷിണേഷ്യയിലും കിഴക്കൻ ഏഷ്യൻ ദേശങ്ങളിലും പ്രബലരാക്കി. ഒപ്പം യൂറോപ്പിൽ നിന്നും ഇറക്കുന്ന ഉൽപ്പന്നങ്ങളുടെ വിപണനവും. പവൻ (Sterling) മാറി രൂപയാക്കുന്നതിൽ ചെട്ടിയാർ മേൽക്കൈ വന്നു. യൂറോപ്യൻ വ്യാപാരികൾ ഉൾപ്പെടെയുള്ള വൻകിട കച്ചവടക്കാർ വരെ ചെട്ടിയാർ ബാങ്കിങ് ശൃംഖലയെ ആശ്രയിച്ചു. യൂറോപ്യൻ വ്യാപാരികൾ നിയന്ത്രിക്കുന്ന ആധുനിക ബാങ്കിങ് സ്ഥാപനങ്ങൾ (The Bank of Ceylon (1841), The Oriental Banking Corporation (1851), The Chartered Mercantile Bank (1854), The Bank of Madras (1867)) വേരുറപ്പിക്കുമ്പോഴും ചെട്ടിയാർ പണക്കൈമാറ്റ ശൃംഖല ലാഭകരമായിത്തന്നെ പ്രവർത്തിച്ചു.
പണവിനിമയത്തിലെ മേൽക്കൈ യൂറോപ്യൻ എക്സ്ചേഞ്ച് ബാങ്കുകൾ കൈയടക്കിയപ്പോൾ ചെട്ടിയാർ മൂലധനം പുതിയ മേഖലകളിലേക്ക് തിരിഞ്ഞു. നാളികേരവും കാപ്പിയും തോട്ടം വ്യവസായമായതോടെ പണം കടമെടുത്ത് കൃഷി ഇറക്കുന്നത് വ്യാപകമായി. യൂറോപ്യൻ ബാങ്കുകളിലെ കടവ്യവസ്ഥയുടെ കണിശതയും യൂറോപ്യരല്ലാത്തവരോടുള്ള ഉപഭോക്തൃബന്ധത്തിലെ വിവേചനവും തോട്ടം മേഖലയിൽ പണം മുടക്കാനാഗ്രഹിക്കുന്നവർക്ക് കടമ്പയായി. ചെറുകിടക്കാരും ഇടത്തരക്കാരുമായ തോട്ടമുടമകൾക്ക് പണം കടം കൊടുക്കുന്നത് ചെട്ടിയാർമാർ പുതിയ സാധ്യതയായി പ്രയോജനപ്പെടുത്തി. സിലോണിലുള്ള ചെട്ടിയാർ സ്ഥാപനങ്ങൾക്ക് പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മുതൽ വളർച്ചയുടെ കാലമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം പ്രതാപകാലവും.
മദ്രാസ് പ്രസിഡൻസി ബാങ്കും, 1921-ൽ സ്ഥാപിച്ച ഇന്ത്യൻ ഇംപീരിയൽ ബാങ്കും ചെറുകിട വ്യാപാരികൾക്കും തോട്ടമുടമകൾക്കും നേരിട്ട് പണം കൊടുക്കുന്നതിൽ വിമുഖരായിരുന്നു. പകരം അവർക്ക് വിശ്വാസമുള്ള ചെട്ടിയാർ ധനകാര്യ സ്ഥാപനങ്ങൾക്ക് പണം കടം കൊടുത്തു. കച്ചവടക്കാരും തോട്ടകൃഷിക്കാരും ചെട്ടിയാർമാരിൽ നിന്നും പണം കടമെടുത്തു. ആകസ്മികതകൾ നിറഞ്ഞതെങ്കിലും പലിശപ്പണം വലിയ ലാഭമുണ്ടാക്കി. തെക്കുകിഴക്കനേഷ്യയിൽ റബർ കൃഷിയിലും തകരത്തിന്റെ ഖനനത്തിൽ പണം മുടക്കുന്ന ചൈനക്കാർക്കും മലയക്കാർക്കും കടം കൊടുക്കുന്നതും ചെട്ടിയാർ സ്ഥാപനങ്ങൾക്ക് ലാഭകരമായി. റബർ വ്യാപാരം പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളിൽ കടം വാങ്ങിയവരുടെ തോട്ടങ്ങൾ ചെട്ടിയാർ ഉടമസ്ഥതയിലായി.

ബർമ്മ അരിയുൽപ്പാദന കേന്ദ്രമായി വളരുന്നത് കൊളോണിയൽ കാലത്താണ്. ചെറുകിട കൃഷിക്കാരുടെ ഇടയിലേക്ക് കൊളോണിയൽ മൂലധനം വേരാഴ്ത്തുന്ന സമയം. കൃഷി വ്യാപിപ്പിക്കുന്നതിന് വേണ്ട കന്നുകാലികളെ വളർത്തുന്നതിനും കാളവണ്ടികൾ വാങ്ങുന്നതിനും ചെറുകിട കർഷകർ ചെട്ടിയാർമാരിൽ നിന്നും പണം കടം വാങ്ങി. രണ്ട് മുതൽ അഞ്ചു കൊല്ലം കൊണ്ട് തിരിച്ചടയ്ക്കേണ്ട ലോണുകൾ. കൊയ്ത്ത് കഴിയുമ്പോൾ നെല്ലിന്റെ പകുതിയിലധികം പലിശയിനത്തിൽ ചെട്ടിയാർമാരുടെ കൈകളിലെത്തും. മിക്കപ്പോഴും വിലയിടിവും വിപരീതമായ കാലാവസ്ഥയും കർഷകരെ ദുരിതത്തിലാക്കി; പണമിടപാട് മുടങ്ങി. 1920-കളുടെ അവസാനമാകുമ്പോഴേക്കും ലോവർ ബർമ്മയിലെ കൃഷിഭൂമിയുടെ വലിയൊരു ഭാഗം ചെട്ടിയാർ ഉടമസ്ഥതയിലായിക്കഴിഞ്ഞിരുന്നു. കടക്കെണിയിൽപ്പെട്ട കർഷകരിൽ നിന്നും കരസ്ഥമാക്കിയ ഭൂമി പാട്ടത്തിന് കൊടുത്തു. കൂടാതെ അരിമില്ലുകളും തടിമില്ലുകളും അവരുടെ ഉടമസ്ഥതിയിലായതോടെ കൃഷിയുടെ വാണിജ്യവൽക്കരണം ചെട്ടിയാർമാർക്ക് നേട്ടമായി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സ്വദേശി പ്രസ്ഥാനം ശക്തമാകുന്നത് വ്യവസായ-വാണിജ്യ മേഖലകളിലും പ്രതിഫലിച്ചു. മദ്രാസ് പ്രസിഡൻസിയിൽ അടിത്തറയുള്ള ചെട്ടിയാർ മുതലാളിമാർക്ക് ഇത് നേട്ടത്തിന്റെ കാലമായി. തുണിമിൽ വ്യവസായത്തിൽ സ്വദേശി മൂലധനത്തിന് പ്രോത്സാഹനം ലഭിച്ചു. ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വിതരണക്കാരായിരുന്ന ചെട്ടിയാർമാർ തുണിമിൽ വ്യവസായത്തിലും പണമിറക്കിത്തുടങ്ങി.
ഞെരുക്കത്തിന്റെ കാലം
ഒന്നാം ലോകയുദ്ധത്തിന് ശേഷം കൊളോണിയൽ നാടുകളിലെ സമ്പദ്‌വ്യവസ്ഥ ആഗോള മൂലധന വ്യവസ്ഥിതിയോട് ഇഴയടുപ്പിച്ചു തുന്നിച്ചേർക്കപ്പെട്ടുകൊണ്ടിരുന്നു. ബാങ്കിങ് ഇടപാടുകളും ഗണ്യമായി പരിവർത്തനങ്ങൾക്ക് വിധേയമായി. സമുദായ കേന്ദ്രിതമായ ബിസിനസ്സുകളുടെ സ്ഥാനത്ത് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന രജിസ്റ്റേർഡ് കമ്പനികൾ വന്നു. ഈ മാറ്റത്തോട് പൊരുത്തപ്പെടാൻ ചെട്ടിയാർമാർ പൊതുവെ വിമുഖത പ്രകടിപ്പിച്ചു. സമുദായാടിസ്ഥാനത്തിൽ സംയോജിപ്പിച്ചു പ്രവർത്തിക്കുന്ന ചെട്ടിയാർമാർ പല മേഖലകളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കുന്ന സാമ്പ്രദായിക ബിസിനസ് രീതി തുടർന്നു. പരസ്പര വിശ്വാസവും ഭാഗ്യപരീക്ഷണത്തിനുള്ള സന്നദ്ധതയും ചെട്ടിയാർമാരുടെ തീരുമാനങ്ങളുടെ ഗതി നിർണ്ണയിച്ചു.
സിലോണിലും മദ്രാസ് പ്രസിഡൻസിയിലും വ്യാപകമായി പണം പലിശയ്ക്ക് കൊടുക്കുകയും വ്യാപാരത്തിലേർപ്പെടുകയും ചെയ്തിരുന്ന ചെട്ടിയാർമാർ ഒന്നാം ലോകയുദ്ധ സാഹചര്യത്തിൽ പുതിയ മൂലധന നിക്ഷേപ മേഖലകൾ കണ്ടെത്തി. ഉപ്പ്, അരി, പഞ്ചസാര, സ്പിരിറ്റ്, ചാരായം തുടങ്ങിയ ഉൽപ്പന്നങ്ങളുടെ വ്യാപാരത്തിൽ പണമിറക്കി. ഒന്നാം ലോകയുദ്ധത്തിന് ശേഷം ജർമ്മനിയിൽ നിന്നും വലിയ തോതിൽ ഇറക്കുമതി ചെയ്ത ഗുണനിലവാരവും വിലക്കുറവുമുള്ള ഉപ്പ് ഇന്ത്യയിലെ ഉപ്പ് വ്യാപാരികളെ പ്രതിസന്ധിയിലാക്കി. അതേസമയത്ത് തന്നെ സിലോൺ ഭരണകൂടം അരി ഇറക്കുമതിക്ക് മേൽ നിയന്ത്രണമേർപ്പെടുത്തി. കൂടാതെ, സാമ്പത്തിക മാന്ദ്യത്തിലേക്ക് സിലോൺ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ പതിച്ചപ്പോൾ യൂറോപ്യൻ ബാങ്കുകൾ ചെട്ടിയാർമാർക്ക് കടമായി നൽകിയിരുന്ന പണം തിരികെ ആവശ്യപ്പെട്ടു. പല ചെട്ടിയാർ സ്ഥാപനങ്ങളും വലിയ പ്രതിസന്ധിയിലേക്ക് പതിച്ചു. കൂടാതെ, യൂറോപ്യൻ ഉടമസ്ഥതയിലുള്ള വൻകിട ബാങ്കുകളിൽ ജാമ്യക്കാരായി നിന്ന മറ്റു ചെട്ടിയാർ സ്ഥാപനങ്ങളെയും തകർച്ച ബാധിച്ചു. പ്രതിസന്ധികളെ തരണം ചെയ്യാനുള്ള രൂപരേഖയുടെയും കെട്ടുറപ്പുള്ള സ്ഥാപനങ്ങളുടെയും അഭാവം സമുദായാടിസ്ഥാനത്തിൽ പരസ്പരം ആശ്രയിച്ചു മാത്രം പ്രവർത്തിച്ചിരുന്ന സമ്പ്രദായത്തിന് വെല്ലുവിളിയായി.
തൊള്ളായിരത്തി മുപ്പതുകളുടെ തുടക്കത്തിൽ ശക്തമായ സാമ്പത്തിക പ്രതിസന്ധി സമുദായ നിയന്ത്രിത ബാങ്കിങ് സംവിധാനത്തിന്റെ ബലഹീനതകളെ മറനീക്കി പുറത്തെത്തിച്ചു. ഈ പ്രതിസന്ധികാലത്തും ചെട്ടിയാർമാരുടെ തദ്ദേശീയ ബാങ്കുകൾ വലിയ പരിക്കുകളില്ലാതെ പിടിച്ചുനിന്നു. സാമ്പത്തിക ഇടനിലക്കാരിൽ നിന്ന് വ്യാപാരത്തിലേക്ക് അണ്ണാമലൈ ചെട്ടിയാർ ഗ്രൂപ്പ് ഉൾപ്പെടെയുള്ളവരുടെ മാറ്റം ഇക്കാലത്താണ്. ഈ മാറ്റത്തിലുള്ള ചെട്ടിയാർമാരുടെ വിമുഖത മഹാദേവൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചെട്ടിയാർ മൂലധന നിക്ഷേപത്തിന്റെ പ്രധാന കേന്ദ്രം ബർമ്മയായിരുന്നു. സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് ബർമ്മൻ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിക്കുന്നുണ്ട്. അരി വിലയുടെ വൻ ഇടിവ് കർഷകരെ ദുരിതത്തിലാഴ്ത്തി. അവരുടെ ഭൂമി ചെട്ടിയാർമാരുടെ കൈകളിലെത്തി. പലിശക്കാരായ ചെട്ടിയാർമാർക്കെതിരെ തദ്ദേശീയ വികാരം ശക്തമായി. സായ സൻ (Saya San) നേതൃത്വം നൽകിയ അധിനിവേശ വിരുദ്ധ കർഷക മുന്നേറ്റത്തിൽ പതിനായിരത്തിലധികം കർഷകർ കൊല്ലപ്പെട്ടു. 1930-ലാണ് ഈ സംഭവം. അതിനെത്തുടർന്ന് ബ്രിട്ടീഷ് അധികൃതർക്കും ചെട്ടിയാർ മുതലാളിമാർക്കുമെതിരെയുമുള്ള തദ്ദേശീയ മുന്നേറ്റം ബർമ്മയിലെ വ്യവഹാരങ്ങളെ ബാധിച്ചു. നാട്ടുകാരുമായും അവരുടെ സംസ്‌കാരവുമായും ഒത്തുചേരാൻ ചെട്ടിയാർമാർ വിമുഖരായിരുന്നു. സമുദായ കേന്ദ്രിതമായ ഒരു ‘ചെറു ചെട്ടിനാട്’ നിർമ്മിച്ച് ജീവിച്ച അവർ നാട്ടുകാർക്ക് അപരിചിതരായിരുന്നു. മാന്ദ്യകാലത്തെ കുടിയേറ്റ വിരുദ്ധ വികാരം ചെട്ടിയാർമാർക്കുമെതിരെ തിരിഞ്ഞു.
തിരികെ സ്വദേശത്തേക്ക്
മാന്ദ്യകാലത്ത് ബാങ്കിങ് മേഖല നേരിട്ട തകർച്ച സമുദായത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന ചെട്ടിയാർ ബാങ്കുകളെ തീവ്രമായി ബാധിച്ചു. സ്വദേശത്തേക്ക് പോവുകയെന്നത് ഒരു സാധ്യതയായി പരിഗണിക്കേണ്ടി വന്നു. എന്നാൽ ബാങ്കിങ് മേഖലയിൽ നിന്നും ആധുനിക വ്യവസായത്തിലേക്കുള്ള മാറ്റത്തിൽ ചെട്ടിയാർമാർ ഉത്സാഹം പ്രകടിപ്പിച്ചില്ല. കൂടാതെ, ഇന്ത്യയിൽ മാർവാഡികളും യൂറോപ്യൻ മൂലധനവും ആധുനിക വ്യവസായങ്ങളിൽ പിടിമുറുക്കിത്തുടങ്ങിയിരുന്നു.
എന്നിരുന്നാലും വ്യവസായ മേഖലയിൽ മൂലധന നിക്ഷേപത്തിന് അനുകൂലമായ സാഹചര്യം മദ്രാസ് പ്രസിഡൻസിയിലും തെക്കേ ഇന്ത്യൻ നാട്ടുരാജ്യങ്ങളിലും ഉരുത്തിരിയുന്നുണ്ട്. സമുദായംഗമായ കൊച്ചി ദിവാനും നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന തൊഴിൽ നയം സാധ്യമാക്കിയ തിരുവിതാംകൂർ നാട്ടുരാജ്യവും ചെട്ടിയാർമാർക്ക് അനുകൂല സാഹചര്യമൊരുക്കി. ഏതാനും തുണിമില്ലിലും പഞ്ചസാരമില്ലിലും മുതല മുടക്കുന്നതിൽ ഒതുങ്ങി വ്യവസായത്തിലുള്ള ചെട്ടിയാർമാരുടെ മുതൽമുടക്ക്. പകരം അവർ നിക്ഷേപത്തിന്റെ പുതിയ മേഖലകൾ കണ്ടെത്തി.

മാന്ദ്യം കാർഷിക മേഖലയെ തീവ്രമായി ബാധിച്ചപ്പോൾ നഗരങ്ങളിലേക്ക് മൂലധനം കേന്ദ്രീകരിക്കപ്പെട്ടു തുടങ്ങി. നഗരവൽക്കരണത്തിന്റെ അനുബന്ധമായി ഗതാഗതം, ഇൻഷുറൻസ്, മോട്ടർ വാഹന വിപണനം, വൈദ്യുതി വിതരണം, സിനിമ നിർമ്മാണം ഉൾപ്പെടെയുള്ള വിനോദങ്ങൾ എന്നിവ മൂലധന നിക്ഷേപ സാധ്യതയുള്ള മേഖലകളായി. ഈ മേഖലകളിൽ പ്രവർത്തിക്കുന്ന ജോയിന്റ് സ്റ്റോക്ക് കമ്പനികളിൽ ചെട്ടിയാർമാർ തൽപ്പരരായിരുന്നു. എ. വി. മെയ്യപ്പ ചെട്ടിയാർ (എ.വി.എം സ്റ്റുഡിയോയുടെ അമരക്കാരൻ) വിനോദമേഖലയിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. അതേസമയം ജാതി-സമുദായാടിസ്ഥാനത്തിലുള്ള ചേംബർ ഓഫ് കൊമേഴ്സും ബിസിനസ്സുകളും മാന്ദ്യകാലത്ത് ശക്തിപ്രാപിക്കുകയാണ് ചെയ്തത്. ഞെരുക്കത്തിന്റെ സമയമെങ്കിലും മാന്ദ്യകാലം ചെട്ടിയാർമാർക്ക് നേട്ടങ്ങളുടേതുകൂടിയാണ്. ഉദാഹരണത്തിന് അരിവിലയിലുണ്ടായ കുതിച്ചുകയറ്റം ചെറുതല്ലാത്ത ലാഭം മാന്ദ്യകാലത്തും സാധ്യമാക്കി.
തകർച്ചയുടെ കാലം
രണ്ടാം ലോകയുദ്ധം തെക്കുകിഴക്കനേഷ്യയെ യുദ്ധക്കളമാക്കുമെന്നത് അവിചാരിതമായിരുന്നു. ഏതാനും വരേണ്യ ചെട്ടിയാർ സ്ഥാപനങ്ങൾ ഇന്ത്യയിൽ ശക്തമാകുന്ന ആധുനിക വ്യവസായ മേഖലയിലേക്ക് തിരിഞ്ഞു. എന്നാൽ, ഭൂരിഭാഗം ചെട്ടിയാർമാരും തെക്കുകിഴക്കനേഷ്യയിലെ അവരുടെ സ്വത്തും സ്ഥാപനങ്ങളും മറ്റൊരു ദേശത്തേക്കോ ബിസിനസ്സ് മേഖലകളിലേക്കോ മാറ്റാൻ വിമുഖരായിരുന്നു. യുദ്ധത്തിൽ നിന്നും നേട്ടമുണ്ടാകാനുള്ള സാധ്യതകളാണ് അവരന്വേഷിച്ചത്.

ഇന്തോ-ചൈനയും, മലയയും, സിംഗപ്പൂരും, ഇന്തോനേഷ്യയും, ബർമ്മയും ജപ്പാൻ അധീനതയിലായതോടെ അവരുടെ പദ്ധതികൾ താളം തെറ്റി. ജപ്പാൻ സൈന്യം സിംഗപ്പൂരും ബർമ്മയും ആക്രമിച്ചു തുടങ്ങിയതോടെ നാട് വിടുക മാത്രമായി ഏക മാർഗം. ഇന്ത്യക്കാരുടെ സ്വത്തുക്കൾ കൊള്ളയടിക്കപ്പെട്ടു. മാർവാഡികളും ഗുജറാത്തികളും ചെട്ടിയാർമാരും മേമൻസും ഉൾപ്പെടുന്ന മുതലാളിമാർ ഇന്ത്യയിലേക്ക് തിരികെയെത്തി. ജപ്പാൻ അധിനിവേശത്തിന് കീഴിൽ ഇടത്തരം ബിസിനസ്സ് സ്ഥാപനങ്ങൾ പൂർണ്ണമായും തകർന്നു. ബ്രിട്ടീഷ് കറൻസി നിരോധിക്കുകയും ഇന്ത്യയിലേക്കുള്ള ആശയവിനിമയം നിലയ്ക്കുകയും ചെയ്തത് ഇതിന് കാരണമായി. ആസ്തികൾ പണമാക്കി ഇന്ത്യയിലേക്കയക്കാനുള്ള സാധ്യതയും ഇല്ലാതായി.
രണ്ടാം ലോകയുദ്ധത്തിന് ശേഷം ദേശരാഷ്ട്രങ്ങളുടെ അതിർത്തികൾ ഖണ്ഡിതമായി. പൗരത്വ നിയമങ്ങൾ നടപ്പാക്കപ്പെട്ടു. അതോടെ കച്ചവടക്കാരുടെ ദേശാന്തര സംസർഗവും ഇല്ലാതായി. ഒരു കപ്പൽ കയറിപ്പോകാവുന്ന ഇടമല്ലാതായി ബർമ്മയും മറ്റ് ദേശങ്ങളും. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ തകർച്ചയോടെ രൂപം കൊണ്ട ദേശരാഷ്ട്രങ്ങളുടെ ചുങ്കനയങ്ങളും കടൽ കടന്നുള്ള സ്വതന്ത്ര കച്ചവടങ്ങൾക്ക് തടസ്സമായി. ഈ സാഹചര്യത്തിൽ തെക്കേ ഇന്ത്യയിലെ ആധുനിക വ്യവസായങ്ങളിലേക്ക് ചെട്ടിയാർ മൂലധനം ശ്രദ്ധ തിരിച്ചു. തോട്ടം മേഖല, സ്റ്റീൽ ഗൃഹോപകരണങ്ങൾ, സൈക്കിൾ നിർമ്മാണം, ടെക്സ്റ്റൈൽ, തുകൽ നിർമ്മാണം തുടങ്ങിയ മേഖലകളിലേക്ക് ഇത് വ്യാപിക്കുന്നുണ്ട്.
യുദ്ധാനന്തര ചെട്ടിയാർ ബിസിനസ്സ് ചരിത്രം തകർച്ചയുടെയും പരാജയങ്ങളുടേതും കൂടിയാണ്. വിജയികളുടെ കഥയായാണ് കച്ചവട ചരിത്രങ്ങൾ ശ്രദ്ധ നേടാറുള്ളത്. എന്നാൽ, മഹാദേവൻ പറയുന്നത് പരാജയങ്ങളുടെ കഥ കൂടിയാണ്. മാന്ദ്യത്തിന്റെയും യുദ്ധത്തിന്റെയും, ദേശരാഷ്ട്രങ്ങളും പൗരത്വവും അതിരുകൾ കെട്ടിപ്പൊക്കിയ കാലത്ത് തെക്കേ ഇന്ത്യയിൽ തിരികെയെത്തി വേരുറപ്പിക്കുക ചെട്ടിയാർ സമുദായത്തിന് എളുപ്പമായിരുന്നില്ല. അതിശക്തരായ ചെട്ടിയാർ സ്ഥാപനങ്ങൾ മാറ്റിനിറുത്തിയാൽ രണ്ടാം ലോകയുദ്ധാനന്തര ചെട്ടിയാർ ചരിത്രം തകർച്ചയുടേതാണ്. പിടിച്ചുനില്ക്കാൻ വേണ്ടി ആഭരണങ്ങളും തേക്ക് തടിയിൽ തീർത്ത വാതിലുകളും ഗൃഹോപകരണങ്ങളും വരെ വിൽക്കേണ്ടി വന്നു. ബിസിനസ്സ് ചെയ്തിരുന്നവരുടെ മക്കൾ സർക്കാർ ഗുമസ്തരും മറ്റുമായി ജീവിതമാർഗ്ഗം കണ്ടെത്തേണ്ടി വന്നു.
കച്ചവടത്തിൽ കാര്യക്ഷമതയുള്ള വാണിക് സംഘമായി സമുദായം പ്രവർത്തിക്കുന്നത് ഒരു കാലഘട്ടത്തിന്റെ അനിവാര്യതയായിരുന്നു. 1940-കൾ എത്തുമ്പോഴേക്കും സാമ്പത്തിക മേഖലയിൽ വലിയ മാറ്റങ്ങൾ വന്നു; വൻകിട വ്യവസായങ്ങളും കോർപ്പറേറ്റ് രീതികളും പ്രബലമായി. ആ മാറ്റങ്ങൾ സാമൂഹ്യബന്ധങ്ങളിലും പ്രതിഫലിച്ചു. സമുദായാടിസ്ഥാനത്തിലുള്ള വാണിക് സംഘങ്ങളുടെ സ്ഥാനത്ത് വ്യക്തികളും കുടുംബങ്ങളും നിയന്ത്രിക്കുന്ന വ്യവസായ സ്ഥാപനങ്ങൾ വളർന്നു. ഈ ചരിത്രത്തെ വിജയഗാഥയോ തകർച്ചയുടെ കഥയോ ആയി വിവരിക്കുകയാണ് പൊതുവിലുള്ള രീതി.

മഹാദേവൻ പറയുന്ന ചെട്ടിയാർമാരുടെ ചരിത്രം വിജയ-പരാജയങ്ങളുടെ സ്പഷ്ടമായ കഥയല്ല. സാമ്രാജ്യ ശക്തികൾ ലോകത്തെ ചോരക്കളമാക്കിയ കാലത്തെ ചരിത്രമാണിത്. ബർമ്മയിലെ രാഷ്ട്രീയാന്തരീക്ഷവും തെക്കുകിഴക്കൻ ഏഷ്യൻ ദേശങ്ങളുമായി തെക്കേ ഇന്ത്യയ്ക്ക് കാലങ്ങളായി നിലനിന്ന സാമ്പത്തിക-സാംസ്കാരിക ബന്ധങ്ങൾ അറ്റുപോയതും ചെട്ടിയാർ ബിസിനസ്സ് ശൃംഖലാ സംവിധാനങ്ങളെ ബാധിച്ചു. ഇന്ത്യയിലെ അധിനിവേശ ഭരണകൂടത്തിന്റെ നികുതിനയം പ്രതിസന്ധിക്കാലത്തെ ചെട്ടിയാർ മൂലധനത്തിന്റെ ഇന്ത്യയിലേക്കുള്ള മാറ്റം ദുർഘടമാക്കി.
ഒരു സമുദായത്തിന്റെ ബിസിനസ്സ് ചരിത്രത്തിലൊതുങ്ങുന്നതല്ല ഈ പഠനം. ദേശരാഷ്ട്രങ്ങളുടെ മതിലുകൾക്കപ്പുറത്തേക്ക് ചരിത്ര പഠനത്തെ കൊണ്ടുപോകുന്നതിനുള്ള ഉത്തമ ഉദാഹരണമാണ് മഹാദേവന്റെ ആഖ്യാനശൈലി. സ്വരാജ്യ സീമകൾക്കുമപ്പുറത്തേക്ക് ചരിത്രവിശകലനം കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ ധാരാളമുണ്ട്. എന്നാൽ, മിക്കവയും ദേശസമ്പർക്കങ്ങളുടെ ഉപരിപ്ലവമായ വിവരണമാണ്. മഹാദേവൻ വായനക്കാരെ കൊണ്ടുപോകുന്നത് സാമ്രാജ്യത്വവും അധിനിവേശങ്ങളും കുടിയിറക്കലുകളും മഹായുദ്ധങ്ങളും നേരിടുന്ന യഥാർത്ഥ മനുഷ്യാനുഭവങ്ങളിലേക്കാണ്. ഏതാനും ദിവസങ്ങൾ മുൻപ് കാലടി സർവ്വകലാശാലയിലെ ചരിത്ര വിദ്യാർത്ഥികളോട് വായനയ്ക്കായി നിർദ്ദേശിച്ച പ്രധാന പഠനമിതാണ്. കാരണം ഒരുപാട് ഗവേഷണ സാധ്യതകളും ഉൾക്കാഴ്ചകളും നൽകുന്നതിനൊപ്പം ചരിത്രമെഴുത്തിലെ തെളിമ ഗവേഷക വിദ്യാർത്ഥികൾക്ക് മാതൃകയാണ്. വിഷയഭേദമില്ലാതെ എല്ലാ ചരിത്ര വിദ്യാർത്ഥികളും വായിച്ചിരിക്കേണ്ടതാണ് മഹാദേവന്റെ Fortune Seekers.







Be the first to write a comment.