നിരോധനത്തിന്റെ ദിനരാത്രങ്ങള്‍
(ഹിന്ദുത്വ ഭീകരതയുടെ കഥ- അദ്ധ്യായം 11)
1947 ഒക്ടോബര്‍ 17 ന് പട്ടേലും ഗോള്‍വാള്‍ക്കറും തമ്മിലുള്ള ചര്‍ച്ച രണ്ടുമണിക്കൂറോളം നീണ്ടുനിന്നു. ആര്‍എസ്എസിനെ സംബന്ധിച്ചിടത്തോളം ഗാന്ധിവധത്തിന്റെ ബാക്കിപത്രമായി ഹിന്ദുരാഷ്ട്ര സ്വപ്നം പൊലിഞ്ഞുപോയി എന്നത് മാത്രമല്ല, അവരുടെ നിലനില്‍പ്പ് തന്നെ പ്രശ്‌നഭരിതമായി. കോണ്‍ഗ്രസ്സിനുള്ളിലെ വലതുപക്ഷാനുകൂലികളായ നേതാക്കളെ സ്വാധീനിച്ച് പ്രവര്‍ത്തനാനുമതി വാങ്ങിച്ചെടുക്കുക എന്ന തന്ത്രമായിരുന്നു, ഗോള്‍വാള്‍ക്കര്‍ പയറ്റാന്‍ ശ്രമിച്ചത്. 1947 സെപ്തംബര്‍ 24 ന് പട്ടേലിനെഴുതിയ കത്തും ഈ ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ പട്ടേല്‍ അതില്‍ വീണില്ല. നെഹ്‌റുവിനെപ്പോലെ കടുത്ത നിലപാട് എടുത്തില്ലെങ്കിലും, ആര്‍എസ്എസ് പുതിയ സംസ്‌കാരവും പുതിയ നയവും സ്വീകരിക്കേണ്ടതുണ്ട് എന്ന നിലപാടില്‍ പട്ടേല്‍ ഉറച്ചു നിന്നു. നാഗ്പൂര്‍ സ്ഥിതി ചെയ്യുന്ന സെന്‍ട്രല്‍ പ്രോവിന്‍സിലെ മുഖ്യമന്ത്രിയായിരുന്ന രവിശങ്കര്‍ ശുക്ല വഴിയാണ് തന്റെ കത്ത് പട്ടേല്‍, ഗോള്‍വാള്‍ക്കര്‍ക്കെത്തിച്ചത്. ഗോള്‍വാള്‍ക്കര്‍, പട്ടേലിനെ നേരിട്ടു സന്ദര്‍ശിക്കുന്നതിന് അനുകൂല നിലപാടല്ല ശുക്ല എടുത്തത്. അദ്ദേഹം പട്ടേലിന് എഴുതിയ കത്ത് അത് വെളിവാക്കുന്നു.
“ആര്‍എസ്എസ് പ്രശ്‌നത്തിന് രണ്ടു വശങ്ങള്‍ ഉണ്ട്. ആദ്യത്തേത് നിരോധനം നീക്കുന്നത് സംബന്ധിച്ച ചോദ്യമാണ്. ഇത് നടപ്പിലാക്കിയത് വ്യത്യസ്തമായാണ്. നാം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നേരെതിരാണെങ്കിലും അവരുടെ പാര്‍ട്ടിക്ക് മേല്‍ നാം നിരോധനം കൊണ്ടുവന്നിട്ടില്ല. പക്ഷെ, ശ്രീ ഗോള്‍വാള്‍ക്കര്‍ അതിനപ്പുറം പോകുകയും അദ്ദേഹത്തിന്റെ ആര്‍എസ്എസ്, ഇന്നത്തെ സര്‍ക്കാരിന് അചഞ്ചലമായ പിന്തുണ നല്‍കാമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. ഇതാണ് രണ്ടാമത്തെ വശം. സര്‍ക്കാരിന് പിന്തുണ നല്‍കാമെന്ന വെറും വാഗ്ദാനം, അവരിലുള്ള വിശ്വാസം വര്‍ദ്ധിപ്പിക്കുവാന്‍ പ്രചോദിപ്പിക്കുന്ന ഒന്നല്ല എന്ന് മൂന്നാമതൊരാള്‍ വഴി ഗോള്‍വാള്‍ക്കറെ ധരിപ്പിച്ചിട്ടുണ്ട്. യുദ്ധകാലത്ത് കമ്യൂണിസ്റ്റുകാര്‍ ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ നല്‍കി അവരുടെ അസ്തിത്വത്തെ വ്യത്യസ്തനിലയില്‍ സംരക്ഷിച്ചു. ആര്‍എസ്എസ് ജനങ്ങളുടെ കണ്ണില്‍ അതേ നിലയില്‍ അതിനെ പ്രതിഷ്ഠിച്ചെങ്കില്‍പ്പോലും ഒരു അനുയോജ്യമുഹൂര്‍ത്തം ഉടലെടുത്തപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തെ പിന്നില്‍ നിന്നും കുത്തി. ആര്‍എസ്എസ് അംഗങ്ങളെ മൊത്തമായി കോണ്‍ഗ്രസ്സില്‍ ചേരുവാന്‍ ആജ്ഞാപിക്കാന്‍ തയ്യാറെടുത്തിട്ടുണ്ടോ എന്ന് ഗോള്‍വാള്‍ക്കറോട് ചില പൊതുസുഹൃത്തുക്കള്‍ ആരാഞ്ഞിട്ടുണ്ട്. ഞങ്ങള്‍ മറുപടിക്ക് കാക്കുകയാണ്. ഇത്തരം ചര്‍ച്ചകളില്‍ സര്‍ക്കാരിനെ വലിച്ചിഴക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ഗോള്‍വാള്‍ക്കറുമായി ചര്‍ച്ച നടത്തുന്ന സുഹൃത്തുക്കള്‍ എടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, ഇപ്പോള്‍ ഗോള്‍വാള്‍ക്കര്‍ താങ്കളെ കാണുന്നത് കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകില്ല എന്നാണ് എന്റെ കാഴ്ചപ്പാട്.”

ഇതില്‍ നിന്നും നമുക്ക് ചിലകാര്യങ്ങള്‍ മനസ്സിലാക്കാം. ആദ്യത്തേത്, ആര്‍എസ്എസിന്റെ നിരോധനം നീക്കാനായി ഗോള്‍വാള്‍ക്കര്‍ കൊണ്ടു പിടിച്ച് പരിശ്രമിക്കുകയുണ്ടായി. അന്ന് നാഗ്പൂര്‍, ഇന്നത്തെ പോലെ മഹാരാഷ്ട്രയുടെ ഭാഗമായിരുന്നില്ല. മറിച്ച് ഇന്ന് മദ്ധ്യപ്രദേശ് എന്നറിയപ്പെടുന്ന സെന്‍ട്രല്‍ പ്രോവിന്‍സിന്റെ ഭാഗമായിരുന്നു. അവിടെ മുഖ്യമന്ത്രിയായിരുന്ന, കോണ്‍ഗ്രസ്സുകാരനായ, രവിശങ്കര്‍ ശുക്ലയെ സ്വാധീനിച്ച് ആര്‍എസ്എസിനു മേലുള്ള നിരോധനം പിന്‍വലിപ്പിക്കാനാണ് ഗോള്‍വാള്‍ക്കര്‍ ആദ്യം ശ്രമിക്കുന്നത്. അതിന് വേണ്ടി അദ്ദേഹം രവിശങ്കര്‍ ശുക്ലക്ക് മുന്നില്‍ വെയ്ക്കുന്ന വാഗ്ദാനം കോണ്‍ഗ്രസ്സ് സര്‍ക്കാരിന് അചഞ്ചലമായ പിന്തുണയാണ്. അതായത് ഗാന്ധിവധം വരെ ആര്‍എസ്എസ് പിന്തുടര്‍ന്നിരുന്ന സര്‍ക്കാര്‍ വിരുദ്ധ നിലപാടില്‍ നിന്നൊരു പിന്മാറ്റം ഈ ഘട്ടത്തില്‍ നിലനില്‍പ്പിന് വേണ്ടി അത്യാവശ്യമാണ് എന്ന് മനസ്സിലാക്കിയ ഗോള്‍വാള്‍ക്കറിലെ തന്ത്രജ്ഞന്‍ മുന്നോട്ടുവെച്ച ഒന്നാന്തരം തന്ത്രമായിരുന്നു അത്. ഇപ്പോള്‍ കേന്ദ്രത്തില്‍ ഭരിച്ചു കൊണ്ടിരിക്കുന്നത് സര്‍വ്വകക്ഷി സര്‍ക്കാരാണ്, ഭരണഘടന നിര്‍മ്മിക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ മുന്നോട്ടു പോകുന്നു എന്നൊക്കെ അറിയാവുന്ന ഗോള്‍വാള്‍ക്കര്‍, രാജ്യം അധികം താമസിയാതെ തെരഞ്ഞെടുപ്പിലേയ്ക്ക് പോകും എന്ന് മനസ്സിലാക്കിയിരുന്നു. തങ്ങളുടെ പെട്ടിയില്‍ ആര്‍എസ്എസ് വോട്ടുകള്‍ വീണാല്‍ അത് വിജയത്തിലേയ്ക്കുള്ള എളുപ്പവഴിയാകും എന്ന് കോണ്‍ഗ്രസ്സുകാര്‍ക്ക് വിചാരിക്കാനുള്ള വഴിയാണ് ഗോള്‍വാള്‍ക്കറിലെ കുതന്ത്രശാലി രവിശങ്കര്‍ ശുക്ലക്ക് ഇട്ടുകൊടുത്തത് എന്നുവേണം വിചാരിക്കാന്‍.
കോണ്‍ഗ്രസ്സിലെ വലതുപക്ഷക്കാരന്‍ എന്ന കരുതാവുന്ന സര്‍ദാര്‍ പട്ടേലിന് ആര്‍എസ്എസ് എടുത്തുകൊണ്ടിരിക്കുന്ന തീവ്രവാദപരമായ നിലപാടിനോട് ആഭിമുഖ്യമുണ്ടായിരുന്നില്ല. തന്റെ ഗുരുവായ ഗാന്ധിയെ വധിച്ചതോടു കൂടി ആര്‍എസ്എസിനെ എതിര്‍പക്ഷത്തു നിര്‍ത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. അതേ സമയം ആര്‍എസ്എസിന്റെ വലയ്ക്കുള്ളില്‍ വീണ ഹിന്ദുജനതയെ തീവ്രവാദ പാതയില്‍ നിന്നും പിന്തിരിക്കണമെങ്കില്‍ അവരെ കോണ്‍ഗ്രസ്സ് പിടിച്ചെടുക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. നെഹ്‌റുവിനെപ്പോലെ അവരെ അകറ്റി നിര്‍ത്തുന്ന നിലപാടല്ല പട്ടേലും കൂട്ടരും സ്വീകരിച്ചത്. ചരിത്രപരമായി ആര്‍എസ്എസിന്റെ ഫാസിസ്റ്റ് സ്വഭാവം നെഹ്‌റുവിനെപ്പോലെ കാണാന്‍ അവര്‍ക്കു സാധിച്ചില്ല എന്നാണ് നമുക്ക് ഇന്നില്‍ നിന്നു കൊണ്ട് വിലയിരുത്താന്‍ കഴിയുക. ആര്‍എസ്എസിന്റെ തീവ്രവാദ സ്വഭാവം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്സിന്റെ സക്രിയമായ ഇടപെടല്‍ കൊണ്ട് സാധിക്കും എന്ന് പട്ടേല്‍ വിശ്വസിച്ചിരുന്നതായി നമുക്ക് മനസ്സിലാക്കാന്‍ കഴിയും.
അതുകൊണ്ടാകണം, ഗോള്‍വാള്‍ക്കര്‍ തന്നെ സന്ദര്‍ശിക്കണം എന്നാവശ്യപ്പെട്ടതില്‍ പട്ടേലിന് അസ്വഭാവികതയൊന്നും തോന്നിയില്ല. ആര്‍എസ് എസിന് മേലുള്ള നിരോധനം പിന്‍വലിക്കാന്‍ ഏതറ്റവും വരെ പോകാന്‍ തയ്യാറായ ഗോള്‍വാള്‍ക്കര്‍ ആകട്ടെ നാഗ്പൂര്‍ കോടതിയില്‍ നിന്നും ആവശ്യമായ അനുമതി വാങ്ങിക്കൊണ്ട് പട്ടേലിനെ സന്ദര്‍ശിക്കുന്നതിന് വേണ്ടി ഡല്‍ഹിയിലെത്തി. 1948 ഒക്ടോബര്‍ 17 ഉച്ചതിരിഞ്ഞപ്പോള്‍ രണ്ടുപേരും കൂടിയിരുന്ന് രണ്ടുമണിക്കൂര്‍ സംസാരിക്കുകയുണ്ടായി. സ്വാഭാവികമായും ആര്‍എസ്എസിന് മേലുള്ള നിരോധനം പിന്‍വലിക്കുന്നതിനുള്ള കാരണങ്ങള്‍ ഗോള്‍വാള്‍ക്കര്‍ നിരത്തി. ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങളെ പറ്റി അറിയാനുള്ള ഏക സ്രോതസ്സ് 1948 ഒക്ടോബര്‍ 19 ന് പട്ടേല്‍, നെഹ്‌റുവിനെഴുതിയ കത്താണ്.
രണ്ടു ദിവസം മുമ്പ് ഗോള്‍വാള്‍ക്കര്‍ തന്നെ വന്നു കണ്ടതിനെപ്പറ്റി പരാമര്‍ശിച്ച ശേഷം പട്ടേല്‍ എഴുതുന്നു. “അവര്‍ (ആര്‍എസ്എസ്) ആകെ പകച്ചത് പോലെയാണ് കാണപ്പെടുന്നത്. അതെ സമയം അച്ചടക്കത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാട് ഇപ്പോഴും കരുത്തുറ്റത് തന്നെ. അദ്ദേഹം ഡല്‍ഹിയില്‍ വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വീകരണവുമായി ബന്ധപ്പെട്ട് യാതൊരു ശക്തിപ്രകടനവും സാധ്യമല്ലെന്ന് ഞാന്‍ വ്യക്തമാക്കിയിരുന്നു. മൂവായിരമോ നാലായിരമോ അടങ്ങുന്ന ആളുകള്‍, അതിനാല്‍, നിശ്ശബ്ദമായി അദ്ദേഹത്തെ സ്വീകരിക്കുകയുണ്ടായി. ആരും ഒരക്ഷരവും ഉരിയാടുകയോ പ്രകടനം നയിക്കുകയോ ചെയ്തില്ല. അവരുടെ നിയമലംഘന പ്രവൃത്തികളെ അവര്‍ തന്നെ നിരസിക്കുകയാണെങ്കില്‍ ഒരു ജനാധിപത്യവ്യവസ്ഥയില്‍ എത്രകാലം ഈ സംഘടനയ്ക്ക് മേലുള്ള നിയന്ത്രണങ്ങളെ ന്യായീകരിക്കാന്‍ നമുക്കാവും എന്ന് ഞാന്‍ ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ എന്റെ കാഴ്ചപ്പാടുകള്‍ ഗോള്‍വാള്‍ക്കറോട് തുറന്നു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതായത് സംഘം (ആര്‍എസ്എസ്) ഇന്ത്യയുടെ സമാധാനത്തിനും പ്രശാന്തതയ്ക്കും എതിരായ അപകടകരമായ ഒന്നാണ് എന്നത് തീര്‍ത്തും അവസാനിപ്പിച്ചു എന്ന് പ്രാദേശിക സര്‍ക്കാറുകള്‍ക്ക് തോന്നും വിധം അതിന്റെ കാഴ്ചപ്പാടുകളും പദ്ധതികളും സമ്പൂര്‍ണ്ണമായി മാറ്റിയെഴുതേണ്ടതുണ്ട്. ആര്‍എസ്എസുകാരുടെ രഹസ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് നമുക്ക് കിട്ടുന്ന റിപ്പോര്‍ട്ടുകളിലേയ്ക്കും ഞാന്‍, അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി .”
ഇതിന് മറുപടിയായി 1948 ഒക്ടോബര്‍ 27 ന് നെഹ്‌റു, പട്ടേലിന് തിരിച്ചെഴുതുന്നത് വായിച്ചാല്‍, അദ്ദേഹം എത്ര വ്യക്തതയോടെയാണ് ആര്‍എസ്എസിനെ മനസ്സിലാക്കിയിരുന്നത് എന്നത് പിടി കിട്ടും. “ആര്‍എസ്എസിനെക്കുറിച്ച് ഇംഗ്ലണ്ടില്‍ വ്യാപകമായ തോന്നലുള്ളത് അവര്‍ ഫാസിസ്റ്റുകളും വര്‍ഗ്ഗീയ മനസ്സുള്ളവരും ആണെന്നാണ്. അവരോട് നാം എടുക്കുന്ന ഏത് നടപടികളും ഈ കാഴ്ചപ്പാടില്‍ നിന്നാണ് മനസ്സിലാക്കപ്പെടുക. സര്‍ക്കാരിനും കോണ്‍ഗ്രസ്സിനുമെതിരെയുള്ള സുനിശ്ചിതമായ ഒരു പ്രത്യയശാസ്ത്രം ആര്‍എസ്എസിനുണ്ട്. യഥാര്‍ത്ഥത്തില്‍ അവരുടെ പ്രത്യയശാസ്ത്രം ആഞ്ഞടിക്കുന്നത് നമ്മുടെ ഭരണഘടനയുടെ വേരുകളിലാണ്. അതോടൊപ്പം നമ്മുടെ വര്‍ത്തമാനത്തിന്റേയും ഭാവിയുടേയും വേരുകളിലും. അവര്‍ അവരുടെ പ്രത്യയശാസ്ത്രത്തില്‍ മുറുകെപ്പിടിക്കുന്നുവെങ്കില്‍ അവരുടെ പ്രവൃത്തികള്‍ തീര്‍ച്ചയായും ഭരണഘടനാവിരുദ്ധമാണ്. ഏറ്റവും ചുരുങ്ങിയത് അവര്‍ അവരുടെ പ്രത്യയശാസ്ത്രത്തേയും അതിനെ മുന്‍നിര്‍ത്തിയുള്ള എല്ലാ പ്രവര്‍ത്തനങ്ങളേയും പരസ്യമായി തള്ളിപ്പറയേണ്ടിയിരിക്കുന്നു.”
ആ കത്തില്‍ തന്നെ ഗോള്‍വാള്‍ക്കറെ സംബന്ധിച്ച് ഗാന്ധി പ്രകടിപ്പിച്ച ശക്തിയായ വിരുദ്ധാഭിപ്രായത്തെ നെഹ്‌റു ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതിനാല്‍ തന്നെ അവരുടെ വാക്കുകള്‍ മുഖവിലയ്ക്ക് സ്വീകരിക്കാനാകില്ല എന്നും. അതിനാല്‍ ആര്‍എസ്എസിനെ സംബന്ധിച്ച് പുതിയൊരു നടപടി സ്വീകരിക്കുന്നത് അങ്ങേയറ്റം ശ്രദ്ധയോടെ വേണമെന്നും നെഹ്‌റു മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
പട്ടേലിനെ സന്ദര്‍ശിക്കാനെത്തിയ ഗോള്‍വാള്‍ക്കര്‍, ഡല്‍ഹി സംസ്ഥാന സംഘ്ചാലക് ആയിരുന്ന ഹന്‍സ് രാജ് ഗുപ്തയുടെ വസതിയിലായിരുന്നു താമസിച്ചിരുന്നത്. അവിടെ നിരോധിക്കപ്പെട്ട ആര്‍എസ്എസിന്റെ പ്രവര്‍ത്തകര്‍ കൂട്ടം കൂട്ടമായി അദ്ദേഹത്തെ സന്ദര്‍ശിച്ചു കൊണ്ടിരുന്നു. ആദ്യ സന്ദര്‍ശനത്തിന് ശേഷവും പട്ടേലുമായുള്ള ചര്‍ച്ചകള്‍ തുടരുന്നതിനായി അവിടെ തന്നെ തങ്ങി. 1948 ഒക്ടോബര്‍ 20 ന് മാത്രം 500 സ്വയം സേവകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതായി പോലീസ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. സംഘപ്രവര്‍ത്തകര്‍ തന്നെ ജന്‍ അധികാര്‍ സമിതി എന്ന പേരില്‍ ഒരു സമിതി രൂപീകരിച്ച് ആര്‍എസ്എസിന് മേലുള്ള നിരോധനം പിന്‍വലിക്കാന്‍ ഒപ്പുശേഖരണം നടത്തുന്നതായും പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
1948 ഒക്ടോബര്‍ 22 ന് ഗോള്‍വാള്‍ക്കര്‍ വീണ്ടും പട്ടേലിനെ സന്ദര്‍ശിക്കുകയുണ്ടായി. പട്ടേല്‍ വീണ്ടും ഗോള്‍വാള്‍ക്കറോട് പറയുന്നത് അവരുടെ സംഘത്തിന്റെ രഹസ്യ സ്വഭാവം ഉപേക്ഷിക്കാനും ഭരണഘടനാനുസൃതമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാനുമാണ്. സംഘിന്റെ ഭരണഘടനയും ലക്ഷ്യങ്ങളും പദ്ധതിയും വ്യക്തമാക്കി പരസ്യപ്പെടുത്തുകയാണെങ്കില്‍ നിരോധനം പുന:പരിശോധിക്കാമെന്ന് പട്ടേല്‍ പറയുകയുണ്ടായി. നെഹ്‌റുവിനെഴുതിയ കത്തില്‍ “സമ്മതമായ തരത്തില്‍ ആര്‍എസ്എസിന് ഒരു ഭരണഘടനയുണ്ടാകുകയും ഭാവിയില്‍ അവരുടെ നയങ്ങളെ സംബന്ധിച്ച് ചില ഉറപ്പുകളും സത്യവാങ്ങ്മൂലങ്ങളും ലഭിച്ചെങ്കില്‍ മാത്രമേ, അദ്ദേഹത്തെ മോചിപ്പിക്കുന്നത് സുരക്ഷിതമാകൂ എന്ന് ഞാന്‍ കരുതുന്നു” എന്നാണ് പട്ടേൽ കുറിക്കുന്നത്.
ഈ കത്തിടപാടുകളില്‍ നിന്നും നമുക്ക് വ്യക്തമാകുന്നത്, ആര്‍എസ്എസ് അടിമുടി മാറിയാല്‍ നിരോധനം പിന്‍വലിക്കാന്‍ പട്ടേല്‍ തയ്യാറായിരുന്നു. പ്രധാനമായും നാല് ആവശ്യങ്ങളാണ് പട്ടേല്‍ മുന്നോട്ടു വെച്ചത്. 1. ത്രിവര്‍ണ്ണ പതാകയെ അംഗീകരിക്കുക. 2. വരാന്‍ പോകുന്ന ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുക. 3. പ്രവര്‍ത്തനം സുതാര്യമാക്കാന്‍ ആര്‍എസ്എസിന് ഒരു ഭരണഘടനയുണ്ടാക്കി പരസ്യപ്പെടുത്തുക 4. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുക.
പക്ഷെ, നെഹ്‌റു ഈ ഘട്ടത്തിലും യാതൊരു അനുഭാവവും ആര്‍എസ്എസിന് നല്‍കാന്‍ തയ്യാറായിരുന്നില്ല. അക്കാലത്ത് നെഹ്‌റു വിദേശപര്യടനത്തിലായിരുന്നു. 1948 നവംബര്‍ 3നും 8 നും അടുപ്പിച്ച് രണ്ട് കത്തുകള്‍ ഗോള്‍വാള്‍ക്കര്‍, നെഹ്‌റുവിനെഴുതുന്നുണ്ട്. നെഹ്‌റു അവകാശപ്പെടും പോലെ ഐക്യസംസ്ഥാനങ്ങള്‍, ഗോള്‍വാള്‍ക്കര്‍ക്ക് നേരെ ഉയര്‍ത്തുന്ന ആരോപണങ്ങളെ സംബന്ധിച്ച് യാതൊരു അറിയിപ്പും അദ്ദേഹത്തിന് ലഭിച്ചിട്ടില്ല എന്നാണ് ഒരു കത്തില്‍ പറയുന്നത്. “ഒരു വ്യക്തിക്കെതിരെയോ സംഘത്തിനെതിരെയോ വേണ്ടത്ര ശക്തിയോടു കൂടിയ തെളിവുകള്‍ മേശപ്പുറത്ത് വെക്കാതെയും ആരോപിതര്‍ക്ക് തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനുള്ള അവസരം നല്‍കാതെയും ഗുരുതരമായ സ്വഭാവമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിക്കുന്നത്, ഒരു പരിഷ്‌കൃത സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ന്യായമല്ലാത്ത കാര്യമാണ്. ആര്‍എസ്എസിന്റെ കാര്യത്തില്‍ ഞങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ നിരന്തരമായി ഉന്നയിക്കുന്നതും ഞങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉന്നയിക്കാന്‍ സ്വകാര്യവ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും അനുവാദം നല്‍കുന്നതും തികച്ചും അന്യായമാണെന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനായി തീരുന്നു. ഇതെല്ലാം സംഭവിക്കുന്നത് സര്‍ക്കാര്‍ നിരോധനത്തിന്റെ നിഴലിലാണ്. അതേ സമയം പൊതു സുരക്ഷാ നിയമങ്ങള്‍ പോലുള്ള അടിയന്തിരമായ നിയമങ്ങള്‍ ഉപയോഗിച്ച് ഞങ്ങളെ നാണം കെടുത്തുകയും ചെയ്യുന്നത് അന്യായം തന്നെയാണ്. ഞങ്ങള്‍ സ്‌നേഹിക്കാനും വലിയ തരത്തില്‍ ഉയര്‍ത്തിപ്പിടിക്കാനും ഉദ്ദേശിക്കുന്ന സര്‍ക്കാരിന് എന്ത് ഗുണമാണ് ഇതുകൊണ്ട് ലഭിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല”.
വിദേശത്തു നിന്നും തിരിച്ചെത്തിയ നെഹ്‌റു, ഗോള്‍വാള്‍ക്കര്‍ക്ക് എഴുതി. “കഴിഞ്ഞ വര്‍ഷം കേന്ദ്ര ഗവണ്മെന്റും പ്രാദേശിക ഗവണ്മെന്റുകളും ആര്‍എസ്എസിന്റെ ലക്ഷ്യങ്ങളേയും പ്രവര്‍ത്തനങ്ങളേയും കുറിച്ച് ധാരാളം വിവരങ്ങള്‍ ശേഖരിക്കുകയുണ്ടായി. ഇതിനെ സംബന്ധിച്ച് താങ്കള്‍ പ്രസ്താവിച്ചതുമായി ഈ വിവരങ്ങള്‍ ചേര്‍ന്നു പോകുന്നില്ല. പ്രഖ്യാപിക്കപ്പെട്ട ലക്ഷ്യങ്ങള്‍ക്ക് യഥാര്‍ത്ഥ ലക്ഷ്യങ്ങളുമായി വളരെക്കുറച്ച് മാത്രമേ ബന്ധമുള്ളൂ എന്നത് ആര്‍എസ്എസുമായി ബന്ധപ്പെട്ടവര്‍ വ്യത്യസ്തങ്ങളായ രീതികളിലൂടെയും മാര്‍ഗ്ഗങ്ങളിലൂടെയും ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നും വ്യക്തമാണ്. ഈ യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍ ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ തീരുമാനങ്ങള്‍ക്കും നിര്‍ദ്ദിഷ്ട ഭരണഘടനയുടെ വകുപ്പുകള്‍ക്കും എതിര്‍ നില്‍ക്കുന്നവയായാണ് കാണപ്പെടുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍, ഞങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച്, ദേശവിരുദ്ധവും പലപ്പോഴും അട്ടിമറി സ്വഭാവമുള്ളതും ഹിംസാത്മകവുമാണ്. വൈരുദ്ധ്യങ്ങളില്‍ വെറുതെ ഊന്നുന്നത് വലുതായൊന്നും സഹായകമല്ല എന്ന കാര്യം താങ്കളും അംഗീകരിക്കുമല്ലോ “.
ഗോള്‍വാള്‍ക്കര്‍ തിരിച്ചു പോകാതെ, ആര്‍എസ്എസിന്റെ നിരോധനം നീക്കാനായി പ്രവര്‍ത്തിക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ സ്വാഭാവികമായും പെട്ടിരുന്നു. 1948 നവംബര്‍ 3 ന് പഞ്ചാബ് പബ്ലിക് സേഫ്റ്റി ആക്റ്റിന്റെ 4 (1) വകുപ്പ് പ്രകാരമുള്ള ഉത്തരവ് സര്‍ക്കാര്‍ ഗോള്‍വാള്‍ക്കര്‍ക്ക് കൈമാറുകയുണ്ടായി. ഒരു പക്ഷെ അതാകും നെഹ്‌റുവിനെഴുതിയ കത്തില്‍ ഗോള്‍വാള്‍ക്കര്‍ സൂചിപ്പിക്കുന്നത്. അതോടെ ഗോള്‍വാള്‍ക്കറുടെ പ്രതീക്ഷ മങ്ങി. ഡല്‍ഹിയില്‍ സത്യാഗ്രഹം ഇരുന്ന് സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന്, ആ അവസരത്തില്‍ പുതിയൊരു സമരമാര്‍ഗ്ഗത്തെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ ആലോചിച്ചെങ്കിലും, അത് പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പു തന്നെ, 1948 നവംബര്‍ 15ന് അദ്ദേഹം അറസ്റ്റിലായി. പോലീസ് നാഗ്പൂരിലേയ്ക്ക് അദ്ദേഹത്തെ അയക്കുകയും അവിടെ പ്രാദേശിക ജയിലില്‍ പാര്‍പ്പിക്കുകയും ചെയ്തു. പിന്നീട് സിയോണിയിലെ ജയിലില്‍ അദ്ദേഹം അടയ്ക്കപ്പെട്ടു.
ഇതോടൊപ്പം തന്നെ ബദല്‍ സംവിധാനങ്ങളിലൂടെ നിലനില്‍ക്കാനുള്ള ശ്രമവും ആര്‍എസ്എസ് രഹസ്യമായി തുടങ്ങി വെയ്ക്കുകയുണ്ടായി. 1948 ജൂലൈയില്‍ ബല്‍രാജ് മധോക്ക് എന്ന അദ്ധ്യാപകന്‍ ഡല്‍ഹിയില്‍ അഖില്‍ ഭാരത് വിദ്യാര്‍ത്ഥി പരിഷത്ത് (ഏബിവിപി) എന്നൊരു വിദ്യാര്‍ത്ഥി പ്രസ്ഥാനം ആരംഭിക്കുകയുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കമ്യൂണിസ്റ്റ് സ്വാധീനം, കമ്യൂണിസ്റ്റ് വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളിലൂടെ വ്യാപിക്കുന്നത് തടയുക എന്ന വ്യാജേനയാണ് അത് തുടങ്ങിയതെങ്കിലും യഥാര്‍ത്ഥത്തില്‍ ആര്‍എസ്എസ് നിരോധിക്കപ്പെട്ടപ്പോള്‍ അതിന്റെ കേഡര്‍മാരായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഒരിടം ഒരുക്കുകയായിരുന്നു പ്രധാന ഉദ്ദേശം. 2017 ഒക്ടോബറില്‍ പുറത്തിറങ്ങിയ കാരവന്‍ മാസികയില്‍ പ്രിയങ്ക ദുബേ എഴുതിയ ലേഖനത്തില്‍ അത് വെളിവാക്കുന്നുണ്ട്. അത് വെളിപ്പെടുത്തുന്നതാകട്ടെ ആര്‍എസ്എസിന്റെ താത്വികാചാര്യരില്‍ ഒരാളായിരുന്ന കെഎന്‍ ഗോവിന്ദാചാര്യയും. അദ്ദേഹം പറയുന്നു. ‘ഗാന്ധിവധത്തിന് ശേഷം 1948 ഫെബ്രുവരിയില്‍ ആര്‍എസ്എസ് നിരോധിക്കപ്പെട്ടു. അതിന്റെ കേഡര്‍മാരില്‍ ഭൂരിഭാഗവും അന്ന് ചെറുപ്പക്കാരായിരുന്നു. സംഘടിക്കാനും അതിന്റെ കൂടിച്ചേരലുകള്‍ സ്വാഭാവികമായി തുടരാനും സംഘ് ഒരു വഴി കണ്ടെത്താന്‍ ആഗ്രഹിക്കുകയുണ്ടായി. അതിനാല്‍ അത് അഖില്‍ ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് എന്ന പേരില്‍ യോഗങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി ‘

ജയിലിലായ ഗോള്‍വാള്‍ക്കര്‍, ആര്‍എസ്എസിനെ തിരിച്ചു കൊണ്ടുവരാനുള്ള മാര്‍ഗ്ഗങ്ങളെപ്പറ്റി ആലോചിക്കാന്‍ തുടങ്ങി. വിരോധാഭാസമെന്ന് പറയട്ടെ, സത്യഗ്രഹമെന്ന ഗാന്ധിയന്‍ പരിപാടിയാണ് തിരിച്ചുവരാനുള്ള ഒരു മാര്‍ഗ്ഗമായി ഗാന്ധിവിരുദ്ധ സംഘടന സ്വീകരിച്ചത്. ഒരേ സമയം ജയിലില്‍ ഗോള്‍വാള്‍ക്കര്‍ സത്യഗ്രഹ സമരം ആരംഭിക്കുകയും ഡല്‍ഹിയില്‍ ആര്‍എസ്എസ് നിയമലംഘന സമരം തുടങ്ങുകയും ചെയ്ത് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുക എന്നതായിരുന്നു അവരുടെ തന്ത്രം എന്ന് പോലീസ് റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നുണ്ട്. ‘സംഘടനയോടുള്ള ജനങ്ങളുടെ വെറുപ്പ് കാലക്രമേണ മാഞ്ഞുപോകുന്നതായും ‘അവര്‍ വിലയിരുത്തുന്നുണ്ട്.
നെഹ്‌റു, ആര്‍എസ്എസ് പദ്ധതി മനസ്സിലാക്കി എന്നതിന് തെളിവാണ് 1948 ഡിസംബര്‍ 5 ന് അദ്ദേഹം ആഭ്യന്തര വകുപ്പിന് നല്‍കിയ കുറിപ്പില്‍ നിന്നും മനസ്സിലാക്കേണ്ടത്. ‘സത്യഗ്രഹത്തിലൂടെയും മറ്റുമാര്‍ഗ്ഗങ്ങളിലൂടെയും സര്‍ക്കാരിന്റെ ആധികാരികതയെ വെല്ലുവിളിക്കാനുള്ള ആര്‍എസ്എസ് വിപുലമായ തയ്യാറെടുപ്പുകള്‍ ആവിഷ്‌ക്കരിക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ കുറച്ചു മുമ്പേ തന്നെ പറഞ്ഞിരുന്നു. എന്താണ് സത്യഗ്രഹം കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്നത് സംബന്ധിച്ച് അവര്‍ക്ക് യാതൊരു ധാരണയും ഇല്ല. മഹാത്മാ ഗാന്ധിയോ കോണ്‍ഗ്രസ്സോ ആവിഷ്‌ക്കരിച്ച സത്യഗ്രഹത്തിന്റെ അന്തഃസത്തയെ പിന്തുടരാന്‍ യാതൊരു ഉദ്ദേശവും അവര്‍ക്കില്ല. മറ്റു പ്രവര്‍ത്തനങ്ങളെ മറച്ചു വെയ്ക്കാനുള്ള ആവരണം മാത്രമാണ് യഥാര്‍ത്ഥത്തില്‍ ഇത്. ആര്‍എസ്എസ്, അടിസ്ഥാനപരമായി രഹസ്യമായി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. അത് പരസ്യമായി പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനും രഹസ്യമായി അത് പേറുന്നതുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് ഈ തുറന്ന സത്യഗ്രഹ പ്രസ്ഥാനം എന്നത് അവരുടെ അപകടകരമായ മറ്റ് പ്രവൃത്തികള്‍ മൂടിവെയ്ക്കാനുള്ള ആവരണം മാത്രമാണ്. ‘
1948 ഡിസംബര്‍ 9 ന് നിയമലംഘനപ്രസ്ഥാനം തുടങ്ങി വെയ്ക്കാനും 1948 ഡിസംബര്‍ 13 ന് സത്യഗ്രഹം തുടങ്ങാനുമായിരുന്നു ആര്‍എസ്എസിന്റെ പദ്ധതി. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് നാഗ്പൂരില്‍ നിന്നും ഈ വാര്‍ത്തയും പേറി ആര്‍എസ്എസിന്റെ സന്ദേശവാഹകര്‍ പ്രാദേശിക കേന്ദ്രങ്ങളില്‍ എത്തിയിരുന്നു. നിയമലംഘന സമരത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കാന്‍ നിയോഗിക്കപ്പെട്ടത് എബിവിപി ആണ്. സമരപ്രചരണത്തിന് മുന്‍കൈയ്യെടുത്തത് ആര്‍എസ്എസ് തന്നെ രൂപീകരിച്ച ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്ന ന്യൂസ് ഏജന്‍സിയും. ഈ ന്യൂസ് ഏജന്‍സി എല്ലാ ദിവസവും ആര്‍എസ്എസ് പരിപാടികളെ കുറിച്ചുള്ള വാര്‍ത്താക്കുറിപ്പുകള്‍ പ്രാദേശിക പത്രങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരുന്നു.
നാഗ്പൂരില്‍ ആര്‍എസ്എസിനെതിരെ ഒരു ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനം രൂപം കൊള്ളുകയും അത് ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു.
എങ്കിലും സത്യഗ്രഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു പരാജയമായി തീര്‍ന്നു. പലയിടത്തും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റ് വരിച്ചെങ്കിലും ജനസാമാന്യത്തില്‍ അതൊരു ചലനവുമുണ്ടാക്കിയില്ല. സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഗോള്‍വാള്‍ക്കര്‍ നിരാഹാര സത്യഗ്രഹത്തിനൊരുങ്ങുന്നു എന്ന വാര്‍ത്ത ആര്‍എസ്എസ് പ്രചരിപ്പിക്കാന്‍ തുടങ്ങി. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാഴ്ത്തും എന്നാണ് ആര്‍എസ്എസ് കരുതിയിരുന്നതെങ്കിലും സംഭവിച്ചത് മറ്റൊന്നാണ്. നാഗ്പൂരില്‍ ആര്‍എസ്എസിനെതിരെ ഒരു ബ്രാഹ്മണ വിരുദ്ധ പ്രസ്ഥാനം രൂപം കൊള്ളുകയും അത് ശക്തിയാര്‍ജ്ജിക്കുകയും ചെയ്തു. കോണ്‍ഗ്രസ്സിന്റെ ബാനറിലാണ് പലയിടത്തും പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടതെങ്കിലും അവയുടെ രാഷ്ട്രീയ ഉള്ളടക്കം ബ്രാഹ്മണ വിരുദ്ധതയായിരുന്നു. ദിനേനെയെന്നോണം ആര്‍എസ്എസ്/ ബ്രാഹ്മണരാഷ്ട്രീയത്തിനെതിരെയുള്ള പ്രകടനങ്ങള്‍ ഉണ്ടായി. ‘ഗോള്‍വാള്‍ക്കറെ തൂക്കിക്കൊല്ലൂ ‘എന്ന വിധത്തിലുള്ള പ്രകോപന മുദ്രാവാക്യങ്ങള്‍ വരെ വിളിക്കപ്പെട്ടു. അന്നത്തെ ദൃക്‌സാക്ഷിയായ സെന്‍ട്രല്‍ പ്രോവിന്‍സിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഡിപി മിശ്രയുടെ വിവരണം ഇമ്മട്ടിലാണ്.
“ഈ പ്രകടനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ പേരിലാണ് സംഘടിപ്പിക്കപ്പെട്ടതെങ്കിലും അതില്‍ ബ്രാഹ്മണേതരരുടെ വര്‍ദ്ധിച്ച പങ്കാളിത്തം ഉണ്ടായിരുന്നു.കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഹിന്ദുമഹാസഭാ പ്രവര്‍ത്തകരും ആര്‍എസ്എസിന്റെ മറ്റ് പിന്തുണക്കാരും ആശങ്കയിലായിരുന്നു. പ്രകടനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് അവരില്‍ പലരും എന്നെ സമീപിക്കുകയുണ്ടായി. ക്രമസമാധാനം പാലിക്കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെങ്കില്‍ പോലും ആര്‍എസ്എസിനോട് വിയോജിക്കുന്നവര്‍ക്ക് അവരുടെ കാഴ്ചപ്പാട് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും തടയുന്നത് നീതിയുക്തമല്ല എന്ന് എനിക്കവരോട് പറയേണ്ടി വന്നു. അതിനപ്പുറം അവരുടെ വികാരങ്ങളെ പൂര്‍ണ്ണമായും അടിച്ചമര്‍ത്തുന്നത് അക്രമങ്ങളുടെ പെട്ടെന്നുള്ള പൊട്ടിത്തെറിക്കലിലേയ്ക്ക് വഴിതുറക്കുമെന്ന് ഞാന്‍ അവര്‍ക്ക് മുന്നറിയിപ്പു നല്‍കുകയും ചെയ്തു”
അങ്ങനെ, ആര്‍എസ്എസ് ഉദ്ദേശിച്ച പിന്തുണ നിയമലംഘന പ്രസ്ഥാനത്തിന് കിട്ടിയില്ലെന്ന് മാത്രമല്ല, കാര്യങ്ങള്‍ വിപരീത ദിശയിലേയ്ക്ക് നീങ്ങുന്ന പ്രവണതയാണ് ഉളവായത്. ഇതോടെ നിരാഹാര സത്യഗ്രഹത്തിനുള്ള പരിപാടി ഗോള്‍വാള്‍ക്കര്‍ ഉപേക്ഷിച്ചു. തന്നെ സിയോണി ജയിലില്‍ വന്നു കണ്ട ഹിന്ദുമഹാസഭാ നേതാവും തിലകിന്റെ കൊച്ചുമകനുമായ ജി വി കേത്ക്കറുടെ കൈയ്യില്‍ നിയമലംഘന പ്രസ്ഥാനം പിന്‍വലിക്കാനുള്ള ആഹ്വാനം എഴുതിക്കൊടുത്തയയ്ക്കുകയും ചെയ്തു.
1949 ജനുവരി 26 ന് ഇന്ത്യാ സര്‍ക്കാര്‍ സ്മരണാദിനം ആഘോഷിച്ചു. 1930 ന് ഇതേ ദിവസമാണ് സ്വാതന്ത്ര്യത്തിനായുള്ള ദൃഢപ്രതിജ്ഞ സ്വാതന്ത്ര്യ സമര സേനാനികള്‍ എടുത്തത്. രാംലീല മൈതാനത്തില്‍ അന്ന് നെഹ്‌റു നടത്തിയ പ്രസംഗമാണ് ആര്‍എസ്എസു കാരായ വിദ്യാര്‍ത്ഥി തടവുകാരുടെ മോചനത്തിന് വഴി തെളിച്ചത്. നെഹ്‌റു ഇങ്ങനെയാണ് പറഞ്ഞത്. ‘ആര്‍എസ്എസിനെക്കുറിച്ച് എന്റെ കാഴ്ചപ്പാട് നിങ്ങള്‍ക്കെല്ലാമറിയാം. ആര്‍എസ്എസില്‍ ധാരാളം ചെറുപ്പക്കാരുണ്ട്. യഥാര്‍ത്ഥത്തില്‍ വെറും കുഞ്ഞുങ്ങള്‍. നാം നമ്മുടെ കുഞ്ഞുങ്ങളോട് ദേഷ്യപ്പെടരുത് എന്നത് ഇപ്പോള്‍ നമുക്കറിയാം. എല്ലാറ്റിനുമുപരിയായി, രാജ്യത്തിന്റെ ഭാരം ഏറ്റെടുക്കേണ്ട, നമ്മുടെ കുഞ്ഞുങ്ങള്‍ ആണവര്‍. പക്ഷെ, ഗുരുതരമായ വിഷയങ്ങളില്‍ ബാലിശമായ സമീപനമെടുക്കുമ്പോള്‍, അതിന്റെ ഫലങ്ങള്‍ അമ്പേ തെറ്റായിപ്പോകുന്നു. ആര്‍എസ്എസ് അതിന്റെ അടിസ്ഥാന നയങ്ങളില്‍ എത്രയോ തെറ്റാണ് എന്നത് എന്നില്‍ അത്ഭുതമുളവാക്കുന്നു ‘.
നെഹ്‌റുവിന്റെ ഈ ഉദാരതയാണ് ജയിലിലടക്കപ്പെട്ടിരുന്ന വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചത്. എന്നാല്‍ സംഘിന്റെ പ്രവര്‍ത്തനപരിപാടികള്‍ ആവിഷ്‌ക്കരിച്ചിരുന്ന വിദ്യാര്‍ത്ഥികളെ വിട്ടയച്ചില്ല. ആഭ്യന്തര മന്ത്രിയായിരുന്ന പട്ടേല്‍ ആണ് വിമോചന ഉത്തരവ് പുറപ്പെടുവിച്ചത്. അതേ സമയം ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ജയില്‍ വിമോചിതരാകാന്‍ അനുവദിച്ചില്ല. പട്ടേല്‍ പറഞ്ഞത് ‘അവര്‍ക്ക് പരിഗണന നല്‍കിയാല്‍ അത് ഭരണച്ചുമതലയുടെ മുഴുവന്‍ ഘടനയേയും നശിപ്പിച്ചേക്കും ‘എന്നാണ്.
1949 ജനുവരി 29 ന് പട്ടേല്‍ ഒരു അന്തര്‍ സംസ്ഥാന കോണ്‍ഫറന്‍സ് വിളിച്ചു കൂട്ടുകയുണ്ടായി. ആര്‍എസ്എസ് പ്രശ്‌നത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആ കോണ്‍ഫറന്‍സില്‍ വെച്ച് ധാരണയായി. ആര്‍എസ്എസ് മുമ്പേ പോലെ ഭീകര സംഘടനയായി തുടരുകയാണെങ്കില്‍ നിരോധനം ശാശ്വതമാക്കുക. അതല്ല, ഇന്ത്യയിലെ ഭരണസംവിധാനം അനുവദിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ അത് മുച്ചൂടും മാറേണ്ടതുണ്ട്. ആ മാറ്റത്തിനായി നാലു നിര്‍ദ്ദേശങ്ങളാണ് കോണ്‍ഫറന്‍സില്‍ അംഗീകരിക്കപ്പെട്ടത്. 1. ആര്‍എസ്എസ്, ആ സംഘടനയ്ക്കായി ഒരു ഭരണഘടന രൂപപ്പെടുത്തുകയും അത് പരസ്യപ്പെടുത്തുകയും ചെയ്യണം. 2. അത് എല്ലാവിധ രഹസ്യ, ഭരണഘടനാവിരുദ്ധ പരിപാടികളില്‍ നിന്നും പിന്മാറണം. 3. ദേശീയ പതാകയോട് അചഞ്ചലമായ കൂറ് ആര്‍എസ്എസ് പ്രഖ്യാപിക്കണം. 4. ഇന്ത്യയ്ക്ക് വേണ്ടി തയ്യാറാക്കുന്ന മതേതര, ജനാധിപത്യ ചട്ടക്കൂടിനെ, ആര്‍എസ്എസ് അംഗീകരിക്കണം.
ഇതേ തുടര്‍ന്ന് 1949 ഫെബ്രുവരി 3 ന് പ്രധാനമന്ത്രി നെഹ്‌റു സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് ഒരു കത്തെഴുതുകയുണ്ടായി.
‘സത്യഗ്രഹ പ്രസ്ഥാനത്തില്‍ വഴി തെറ്റിയെത്തിയ നമ്മുടെ ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും പീഡിപ്പിക്കപ്പെടരുത് എന്ന കാര്യത്തില്‍ സ്വാഭാവികമായും ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ ഈ യുവജനങ്ങളെ മോചിപ്പിക്കുകയാണ് അഭികാമ്യം. അവര്‍ വീണ്ടും തെറ്റായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കെതിരെ വീണ്ടും നടപടിയെടുക്കാം. മറ്റുള്ളവരെ സംബന്ധിച്ചാണെങ്കില്‍, മോചനത്തിനായി തിരക്കുപിടിച്ച നടപടികള്‍ എടുക്കേണ്ടതില്ല. അവരുടെ കാര്യത്തില്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. ഇത്രയും കാലത്തെ അനുഭവം വെച്ച് പറയുകയാണെങ്കില്‍ അനുരഞ്ജനത്തിനായി വേണ്ടത്ര ഇടമോ തിടുക്കമോ ഇല്ല. ആര്‍എസ്എസ് എന്ന സംഘടന എപ്പോഴും ഒന്നു പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്ന ഒന്നാണെന്നത് എപ്പോഴും ഓര്‍മ്മിക്കേണ്ടിയിരിക്കുന്നു. അതിനാല്‍ ഇപ്പോള്‍ നാം ചെയ്യേണ്ടത് സംഭവങ്ങളേയും അവയുടെ വികാസങ്ങളേയും നിരീക്ഷിക്കുകയും അവരുമായി ഏതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പ് ഉണ്ടാക്കാന്‍ നമുക്ക് തിടുക്കമുണ്ടെന്ന തരത്തിലുള്ള യാതൊരു പ്രതീതിയും ഉണ്ടാക്കാതിരിക്കലുമാണ് ‘.
തങ്ങളുടെ ഹിന്ദുരാഷ്ട്രവാദത്തിന് അനുസൃതമായ ഭീകരപ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പിന്മാറ്റത്തിന്റെ പ്രതീതിയെങ്കിലും ജനിപ്പിച്ചില്ലെങ്കില്‍, സംഘടനയുടെ അസ്തിത്വം തന്നെ ഇല്ലാതാകും എന്ന മുനമ്പില്‍ ഇതോടെ ആര്‍എസ്എസ് എത്തി. സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നവര്‍ അറിയിച്ചു. സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കായി മദ്രാസിലെ ആര്‍എസ്എസ് അനുഭാവിയായിരുന്ന ടി ആര്‍ വെങ്കിട്ടരാമ ശാസ്ത്രിയേയും സെന്‍ട്രല്‍ പ്രോവിന്‍സിലെ മുന്‍ മന്ത്രിയായിരുന്ന ബി ജി ഖപാര്‍ഡേയേയും ഗോള്‍വാള്‍ക്കര്‍ ചുമതലപ്പെടുത്തി. അവര്‍ രണ്ടുപേരും സിയോണി ജയിലില്‍ ഗോള്‍വാള്‍ക്കറെ, 1949 ഫെബ്രുവരി 13 ന് സന്ദര്‍ശിച്ച ശേഷമാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ക്ക് ഒരുങ്ങിയത്.പ്രാഥമികമായി വെങ്കിട്ടരാമ ശാസ്ത്രി, ആര്‍എസ്എസിന് ഒരു ഭരണഘടനയുടെ കരട് എഴുതിയുണ്ടാക്കി. 1949 മാര്‍ച്ച് 10 ന് അത് ഗോള്‍വാള്‍ക്കര്‍ക്ക് സമര്‍പ്പിച്ച് അനുമതി തേടി. അത് പിന്നീട് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ ആഭ്യന്തര മന്ത്രാലയം അതില്‍ അതൃപ്തിയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എച്ച് വി ആര്‍ അയ്യങ്കാര്‍, 1949 മെയ് 3 ന് ഗോള്‍വാള്‍ക്കര്‍ക്ക് എഴുതിയ കത്ത് അതിന് തെളിവാണ്. സംഘ് സമാധാനപൂര്‍വ്വവും നിയമപരവുമായ മാര്‍ഗ്ഗങ്ങളില്‍ ഒട്ടിനിന്നിരുന്ന ഒന്നാണ് എന്ന അവകാശവാദത്തേയാണ് അയ്യങ്കാര്‍ ചോദ്യം ചെയ്തത്.
“ദൗര്‍ഭാഗ്യവശാല്‍ ആര്‍എസ്എസിന്റെ സമീപകാല പ്രവര്‍ത്തന ചരിത്രം പരിശോധിച്ചാല്‍ കാണുന്നത് താങ്കളുടെ അനുയായികള്‍ നിരന്തരമായി ഈ തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുന്നതാണ്. സമാധാനപരവും നിയമപരവുമായല്ലാതെ മറ്റൊന്നും സ്വീകരിക്കില്ലെന്നു പറഞ്ഞ സംഘ് ഹിന്ദുമതത്തിന്റേയും ഹിന്ദുസംസ്‌കാരത്തിന്റേയും പുരോഗമനത്തിനായി ഹിന്ദുമതത്തില്‍ നിന്നും വ്യത്യസ്തമായ മറ്റ് വിശ്വാസങ്ങള്‍ പുലര്‍ത്തുന്നവര്‍ക്ക് നേരെ ഹിംസയുടെ രൂപം സ്വീകരിക്കുന്നത് എല്ലാ പ്രവിശ്യകളിലേയും സംസ്ഥാനങ്ങളിലേയും സംഭവങ്ങള്‍ തെളിയിക്കുന്നു. അതിനാല്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് ഹിംസയെ പൂര്‍ണ്ണമായും നിരാകരിച്ചു കൊണ്ടുള്ള വ്യക്തവും ഗുണാത്മകവുമായ പ്രസ്താവന ഉള്‍ക്കൊള്ളുന്ന ഭരണഘടനയാണ് “.
ദേശീയ പതാകയോടും ഭരണഘടനയോടുമുള്ള ആധര്‍മ്മണ്യം പരസ്യമായി ഭരണഘടനയില്‍ പ്രഖ്യാപിക്കണമെന്നും അയ്യങ്കാര്‍ ആവശ്യപ്പെടുന്നുണ്ട്. നേതാക്കളെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയുടെ വിശദീകരണവും സംഘ് ചാലക്കുമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശദീകരണവും അതില്‍ വ്യക്തമായി പ്രതിപാദിക്കണമെന്നും. സംഘിന്റെ വിവിധ ഘടകങ്ങളില്‍ മുകളില്‍ നിന്നും നിയമിക്കപ്പെടുന്ന ധാരാളം പേരുണ്ടെന്നും അത് അപകടകരമാണെന്നും അതിനാല്‍ തന്നെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പു തത്വങ്ങളെ അംഗീകരിച്ച് പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാരിന് വേണ്ടി അയ്യങ്കാര്‍ ചൂണ്ടിക്കാണിച്ചു. സര്‍ സംഘ് ചാലകിന്റെ ചുമതലകളെ വ്യക്തതയോടെ നിര്‍വ്വചിട്ടില്ലെന്നും അവ കൃത്യമായി രേഖപ്പെടുത്തണമെന്നും സര്‍സംഘ് ചാലകിന്റെ സര്‍വ്വാധിപത്യ സ്വഭാവം എടുത്തുകളയണമെന്നും ആ കത്ത് നിര്‍ദ്ദേശിക്കുകയുണ്ടായി. ഗോള്‍വാള്‍ക്കര്‍ കത്തിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ച് രോഷാകുലനായി 1949 മെയ് 17 ന് പട്ടേലിന്, ആര്‍എസ്എസിനെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ ഒരു നിഷ്പക്ഷ കമ്മീഷനെ നിയോഗിക്കാന്‍ ആവശ്യപ്പെട്ട് കത്തെഴുതി. സര്‍ക്കാരിന് വേണ്ടി അതിനും മറുപടിയെഴുതിയത് അയ്യങ്കാരാണ്. സര്‍ക്കാരാണ് അന്തിമതീരുമാനം കൈക്കൊള്ളേണ്ടത് എന്ന കാര്യം ആ കത്തില്‍ അയ്യങ്കാര്‍, ഗോള്‍വാള്‍ക്കറെ ഓര്‍മ്മിപ്പിച്ചു. ‘ആര്‍എസ്എസും അതിന്റെ അംഗങ്ങളും നിരന്തരമായി ഹിംസയില്‍ ഏര്‍പ്പെട്ടതിന്റെ വ്യക്തമായ തെളിവുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ടെന്ന് ഞാന്‍ ആവര്‍ത്തിക്കുകയാണ് ‘അയ്യങ്കാര്‍ എഴുതി. ഭൂതകാലത്തില്‍ ചെയ്ത അനഭികാമ്യമായ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടുപോകാം എന്ന പ്രത്യാശയിലല്ല കാര്യങ്ങളെ കാണേണ്ടതെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന തരത്തിലാണെന്നും കര്‍ക്കശമായ സ്വരത്തില്‍ ഗോള്‍വാള്‍ക്കറെ ആ കത്ത് താക്കീത് ചെയ്തു. അതോടെ ഗോള്‍വാള്‍ക്കര്‍ അടങ്ങി. താന്‍ ഒരു സാധാരണ മനുഷ്യനാണെന്നും തനിക്ക് ഭാഷാശൈലികള്‍ അറിയില്ലെന്നും തന്റെ എഴുത്തുകള്‍ എല്ലാം നേരായ രീതിയിലുള്ള പ്രകാശനമാണെന്നും ഗോള്‍വാള്‍ക്കര്‍ മറുപടിയായി കുറിച്ചു. അങ്ങനെ എഴുതുന്നത് ഏതെങ്കിലും തരത്തില്‍ സര്‍ക്കാരിനെ പ്രകോപിപ്പിച്ചെങ്കില്‍ അതിന് മാപ്പുതരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം തന്നെ ഗോള്‍വാള്‍ക്കര്‍ വീണ്ടും രഹസ്യമായി ആര്‍എസ്എസിനെ പഴയ രീതിയില്‍ പുനരുജ്ജീവിക്കാന്‍ വേണ്ടി ഒരിക്കല്‍ കൂടി ശ്രമിക്കുകയുണ്ടായി. ആര്‍എസ്എസില്‍ തന്റെ സഹപ്രവര്‍ത്തകനായ, പില്‍ക്കാലത്ത് ആര്‍എസ്എസിന്റെ സര്‍ സംഘ് ചാലക് ആയിത്തീര്‍ന്ന ബാലാ സാഹേബ് ദേവരസിന് സിയോണി ജയിലില്‍ നിന്നും രഹസ്യമായി ഒരു കത്ത് കൊടുത്തയക്കാനുള്ള ശ്രമം അദ്ദേഹം നടത്തുകയുണ്ടായി. എന്നാല്‍ അധികൃതര്‍ അത് പിടിച്ചെടുക്കുകയും സെന്‍ട്രല്‍ പ്രോവിന്‍സിലെ ആഭ്യന്തരമന്ത്രിയായിരുന്ന ഡി പി മിശ്രയുടെ അടുത്ത് എത്തിക്കുകയുമുണ്ടായി. പുറത്ത് ‘ശക്തിമത്തായ, കൃത്യമായി തയ്യാറാക്കുകയും ആസൂത്രണം ചെയ്യുകയും ചെയ്ത ഒരു സമരമാര്‍ഗ്ഗം വഴി ‘സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നിര്‍ദ്ദേശമായിരുന്നു അതില്‍ രേഖപ്പെടുത്തിയിരുന്നത്. പ്രസ്ഥാനത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ഗോള്‍വാള്‍ക്കറുടെ നീക്കത്തെക്കുറിച്ച് അപ്പോള്‍ തന്നെ മിശ്ര, പട്ടേലിനെ അറിയിച്ചു. പട്ടേല്‍ അതിനെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്. ‘ഗോള്‍വാള്‍ക്കറെ അയാളുടെ തെറ്റായ നിലപാടുകള്‍ക്ക് മേല്‍ പിടികൂടാനുള്ള നമ്മുടെ ശ്രമം വിജയിച്ചിരിക്കുകയാണ്. അദ്ദേഹം എനിക്കെഴുതിയ കത്തിന്റെ വെളിച്ചത്തില്‍, ഈ വ്യതിയാനത്തിന്റെ തെളിവുകള്‍ വെച്ച് നമുക്ക് അദ്ദേഹത്തിന്റെ ആവശ്യങ്ങളെ നിരാകരിക്കാനാകും ‘.
ഇതേ തുടര്‍ന്ന് ഗോള്‍വാള്‍ക്കറെ, 1949 ജൂണ്‍ 7 ന് ബേട്ടൂള്‍ ജയിലിലേയ്ക്ക് മാറ്റുകയുണ്ടായി. രണ്ടു ദിവസത്തേയ്ക്ക് ആര്‍ക്കും സന്ദര്‍ശാനുമതി നല്‍കിയില്ല. ഉടന്‍ തന്നെ ഗോള്‍വാള്‍ക്കര്‍, സര്‍ക്കാരുമായി തുടര്‍ന്നു വരുന്ന സംഭാഷണങ്ങള്‍ ആരംഭിക്കാന്‍ നിര്‍ബന്ധിതനായി. ഇത്തവണ മദ്ധ്യസ്ഥനായി വന്നത് പഴയ കോണ്‍ഗ്രസ്സ് നേതാവായിരുന്ന, പിന്നീട് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അനുഭാവിയായിത്തീര്‍ന്ന പണ്ഡിറ്റ് മൗലി ചന്ദ്ര ശര്‍മ്മയാണ്. ശാസ്ത്രി നേരത്തെ തയ്യാറാക്കിയ ഭരണഘടനയുടെ കരടില്‍ അയ്യങ്കാര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഷ്‌ക്കരിച്ച ശേഷം, ഗോള്‍വാള്‍ക്കറുടെ അനുമതിയോടു കൂടി ശര്‍മ്മ അത് സര്‍ക്കാരിന് മുമ്പേ സമര്‍പ്പിച്ചു. പട്ടേലും നെഹ്‌റുവും ചേര്‍ന്ന് അത് വായിക്കുകയും, അത് പൂര്‍ണ്ണമായും അനുസരിക്കാത്ത പക്ഷം ഭാവിയിലും നിരോധനം ബാധകമാക്കാം എന്ന തരത്തില്‍ തീര്‍പ്പിലെത്തി.
—
തുടരും..
——-
ഹിന്ദുത്വ ഭീകരതയുടെ കഥ – ഇതുവരെയുള്ള ഭാഗങ്ങൾ ഇവിടെ വായിക്കുക.







Be the first to write a comment.