ആ ഭീകരരാത്രി

(ഹിന്ദുത്വ ഭീകരതയുടെ കഥ- അദ്ധ്യായം 13)

ഹിന്ദു വംശീയവാദികള്‍ക്ക് തങ്ങളുടെ ഭീകരതാ പ്രയോഗത്തിനുള്ള രാജപാത തുറന്നിട്ടു കൊടുക്കുന്നതില്‍ അധികാരഘടന വലുതായ പങ്ക് വഹിച്ചു എന്ന് നാം കാണുകയുണ്ടായി. പ്രത്യേകിച്ചും ബാബ്‌റി മസ്ജിദിന് ചുറ്റും ഇത്രയും വലിയ കൈയ്യേറ്റവും അക്രമവും നടന്നിട്ടും യാതൊരു തരത്തിലുള്ള നടപടിയും എടുക്കാതിരിക്കുകയോ നടപടികള്‍ വൈകിച്ച് ഹിന്ദു വംശീയവാദികള്‍ക്കാവശ്യമായ സൗകര്യം ഒരുക്കിക്കൊടുക്കുകയോ ചെയ്ത ജില്ലാ മജിസ്‌ട്രേറ്റും സിറ്റി മജിസ്‌ട്രേറ്റും വലിയ പങ്കാണ് അതില്‍ വഹിച്ചത്. അവരെപ്പറ്റി കൂടുതല്‍ അറിയേണ്ടത് നമ്മുടെ അന്വേഷണത്തിന് അത്യന്താപേക്ഷിതമായ ഒന്നാണ്.

ഫൈസാബാദിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ പേര് കണ്ടംകളത്തില്‍ കരുണാകരന്‍ നായര്‍ എന്നായിരുന്നു. കെ.കെ.കെ. നായര്‍ എന്നായിരുന്നു ഔദ്യോഗിക രേഖകളില്‍ അദ്ദേഹത്തെ പരാമര്‍ശിച്ചിരുന്നത്. പില്‍ക്കാലത്ത് പൊതുവ്യവഹാരങ്ങളില്‍ കെ.കെ.നായര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതെങ്കിലും ഔദ്യോഗിക രേഖകളിലെ കെ.കെ.കെ. നായര്‍ എന്ന പേരാണ് നാം തുടര്‍ന്നുപയോഗിക്കുന്നത്.

കെ.കെ.കെ. നായര്‍ ജനിച്ചത് 1907-ല്‍ ആലപ്പുഴയിലെ കുട്ടനാട്ടില്‍ കൈനകരിയിലാണ്. കണ്ടംകളത്തില്‍ ശങ്കരപ്പണിക്കരുടേയും പാര്‍വ്വതി അമ്മയുടേയും ആറു മക്കളില്‍ (നാല് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും) ഒരാളായാണ് കെ.കെ.കെ. നായര്‍ ജനിച്ചത്. 2024 ജനുവരി 21ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ ഉറ്റ ബന്ധുക്കളില്‍ ഒരാളായ കെ.കെ. പത്മനാഭപിള്ള പറയുന്നതനുസരിച്ച്, കെ.കെ.കെ. നായരുടെ യഥാര്‍ത്ഥ നാമം കണ്ടംകളത്തില്‍ കരുണാകരപിള്ള എന്നായിരുന്നു. ആലപ്പുഴയിലെ എസ്.ഡി.വി. സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം. അന്ന് സ്‌കൂളില്‍ മറ്റൊരു കരുണാകരപിള്ള ഉണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ പേര് കരുണാകരന്‍ നായര്‍ എന്നാക്കി മാറ്റുകയായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം കെ.കെ.കെ. നായര്‍, സഹോദരനായ രാഘവന്‍ പിള്ളയുമൊത്ത് ഉപരിപഠനത്തിനായി തിരുവനന്തപുരത്തെത്തി. അവരുടെ ജ്യേഷ്ഠനായ ഗോപാലപിള്ള ഇതിനകം തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവിടെ എസ്.എം.വി. ഹൈസ്‌കൂളില്‍ നിന്ന്, സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം, അക്കാലത്ത് മദ്രാസ് സര്‍വ്വകലാശാലയുടെ കീഴിലായിരുന്ന തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്നും ഓണേഴ്‌സ് ബിരുദം കരസ്ഥമാക്കി. സ്വര്‍ണ്ണമെഡലോട് കൂടിയായിരുന്നു ആ വിജയം എന്ന് പത്മനാഭ പിള്ള പറയുന്നു. അതിന് ശേഷം യൂണിവേഴ്‌സിറ്റി കോളേജ്, ലണ്ടനില്‍ ഉപരിപഠനം നടത്തുകയുണ്ടായി (1928-30). ഐ.സി.എസ്. പാസ്സായ ശേഷം ഐക്യസംസ്ഥാനങ്ങളിലാണ് അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് കീഴില്‍ സേവനമനുഷ്ഠിച്ചത്. പിന്നീട് വളരെ വൈകി ആഗ്രാ സര്‍വ്വകലാശാലയുടെ കീഴിലുള്ള അലിഗഢിലെ ബാറാസൈനി കോളേജിലും 1954-56 കാലത്ത് അദ്ദേഹം പഠിച്ചതായി കാണുന്നു.

തിരുവനന്തപുരത്തെ പഠനകാലത്തോ, പഠനശേഷമോ, അദ്ദേഹം അവിടുത്തെ ഒരു നായര്‍ തറവാട്ടിലെ അംഗമായ സരസമ്മയെ വിവാഹം കഴിച്ചു. സുധാകരന്‍ എന്ന പേരില്‍ അവര്‍ക്കൊരു മകനുണ്ടായി. പക്ഷെ, ഐ.സി.എസ്. നേടിയ ശേഷം തന്റെ പ്രവര്‍ത്തനരംഗമായി ഐക്യസംസ്ഥാനങ്ങളെ അദ്ദേഹം തെരഞ്ഞെടുത്തപ്പോള്‍, തന്റെ വീടു വിട്ട് ഭര്‍ത്താവിനെ അനുഗമിക്കാന്‍ സരസമ്മ തയ്യാറായില്ലെന്ന് പറയപ്പെടുന്നു. അതെ തുടര്‍ന്ന് അദ്ദേഹം അവരുമായുള്ള വിവാഹബന്ധം വിച്ഛേദിക്കുകയും 1946-ല്‍ ഉത്തരേന്ത്യന്‍ വനിതയായ ശകുന്തളയെ വിവാഹം കഴിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ പ്രമുഖ ക്ഷത്രിയ കുടുംബാംഗമായിരുന്നു ശകുന്തള. 1952-ല്‍ ഐ.സി.എസില്‍ നിന്നും സ്വയം വിടുതി നേടുന്നതിന് മുമ്പ് നിയമ ബിരുദധാരി കൂടിയായിരുന്ന നായര്‍, ഐക്യസംസ്ഥാനങ്ങളിലെ/ഉത്തര്‍പ്രദേശിലെ ജോയിന്റ് മജിസ്‌ട്രേട്ട്, സെഷന്‍സ് ജഡ്ജ്, ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ്, ഡിസ്ട്രിക്റ്റ് കളക്ടര്‍, എക്‌സൈസ് കമ്മീഷണര്‍ തുടങ്ങി വിവിധ പദവികള്‍ അലങ്കരിച്ചു.

കെ.കെ.കെ. നായര്‍ എന്ന ഈ മലയാളിയാണ് ബാബ്‌റി മസ്ജിദ് കൈയ്യേറികൊണ്ട് ഭീകരതയുടെ പുതിയ അദ്ധ്യായം രചിക്കാന്‍ ഹിന്ദു വംശീയവാദികള്‍ക്ക് ഏറ്റവും വലിയ സഹായം നല്‍കിയ ഒരാള്‍. അതിന് പ്രതിഫലം എന്ന നിലയില്‍ ധാരാളം സ്വത്തുക്കളും പദവികളും ഹിന്ദു വംശീയവാദികള്‍ തിരിച്ചു നല്‍കിയതായും പറയപ്പെടുന്നുണ്ട്. അത്തരം വിശദാംശങ്ങളിലേയ്ക്ക് കടക്കുംമുമ്പ് കെ.കെ.കെ. നായരുടെ പങ്കാളിത്തം നമുക്ക് പരിശോധിക്കേണ്ടതുണ്ട്.

ബാബ്‌റി മസ്ജിദ് പിടിച്ചെടുക്കുന്ന ഭീകരപ്രവര്‍ത്തനം വഴി, ഹിന്ദുവര്‍ഗ്ഗീയതയെ ആളിക്കത്തിച്ച്, തങ്ങള്‍ നേരിട്ട തിരിച്ചടികള്‍ മറികടക്കാം എന്നു മാത്രമല്ല, ഹിന്ദുരാഷ്ട്ര സംസ്ഥാപനത്തിനായുള്ള പാതയില്‍ കുറേക്കൂടി മുന്നേറാം എന്ന ഹിന്ദുവംശീയ വാദികളുടെ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കാന്‍ മുന്നില്‍ നിന്നത് പ്രധാനമായും മൂന്നുപേരാണ്. ഒന്നാമത്തെയാള്‍ നാം നേരത്തെ കണ്ട മഹന്ത് ദിഗ്വിജയ്‌നാഥ് ആണ്. 1894-ല്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ ജനിച്ച അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമനാമം നാണുസിംഗ് എന്നായിരുന്നു. എട്ടു വയസ്സായപ്പോഴേയ്ക്കും അദ്ദേഹത്തിന് അച്ഛനേയും അമ്മയേയും നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുത്ത അമ്മാവനാകട്ടെ, ഗോരഖ്പൂരിലെ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ നാഥ്പാന്ത് സന്ന്യാസിയായിരുന്ന യോഗി ഫൂല്‍നാഥിന്റെ മടിയിലേയ്ക്ക് കുഞ്ഞിനെ എറിഞ്ഞു കൊടുത്ത് ഉപേക്ഷിക്കുകയാണുണ്ടായത്.

ഉദയ്പൂരില്‍ തിരിച്ചെത്തിയ നാണുവിന്റെ അമ്മാവന്‍ കുട്ടിയെ കാണ്മാനില്ല എന്നൊരു കള്ളക്കഥ പടച്ചുണ്ടാക്കി. അത് വിശ്വസനീയമാക്കാന്‍ വേണ്ടി അടുത്തുള്ള ജലാശയങ്ങളില്‍ കുട്ടി മുങ്ങിമരിച്ചോ എന്നന്വേഷിക്കാന്‍ വ്യാജമായ തിരച്ചില്‍ നടത്തുകപോലും ചെയ്തു.

യോഗി ഫൂല്‍നാഥ് ആകട്ടെ, നാണുവിന് വിദ്യാഭ്യാസം നല്‍കി. സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് 1920-ല്‍ നാണു, ഗോരഖ്പൂരിലെ സെയിന്റ് ആന്‍ഡ്രൂസ് കോളേജില്‍ ചേര്‍ന്നു. എന്നാല്‍ അത് മുഴുമിപ്പിക്കാതെ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചു. അന്നേരം നാഥ്പാന്തികളുടെ ആസ്ഥാനമായ ഗോരക്ഷാപീഠം നിരവധി വഴക്കുകളിലൂടെ കടന്നുപോകുകയായിരുന്നു. അതിന്റെ അവസാനം, കോടതി ബാബാ ബ്രഹ്മനാഥിനെ ആശ്രമാധിപതിയായ മഹന്ത് ആയി വാഴിച്ചു. 1933 ആഗസ്റ്റ് 15ന് ബാബാ ബ്രഹ്മനാഥ്, നാണുവിന് ദീക്ഷ നല്‍കി ദിഗ്വിജയ്‌നാഥ് ആക്കി. 1935-ല്‍ ബാബാ ബ്രഹ്മനാഥ് സമാധിയായതിനെ തുടര്‍ന്ന് ദിഗ്വിജയ്‌നാഥ്, മഹന്ത് ആയി വാഴിക്കപ്പെട്ടു. എന്നിട്ടും അദ്ദേഹം രാഷ്ട്രീയതാത്പര്യങ്ങള്‍ കൈയൊഴിഞ്ഞില്ല. സ്വാതന്ത്ര്യത്തിന്റെ സമയത്ത് അദ്ദേഹം ഹിന്ദുമഹാസഭാ അഖിലേന്ത്യാ വര്‍ക്കിങ്ങ് കമ്മറ്റി അംഗമായിരുന്നു. 1949-ല്‍ തിരിച്ചടികളേറ്റ് ഹിന്ദുമഹാസഭ വലയുമ്പോള്‍ അദ്ദേഹം പ്രധാനപ്പെട്ട നേതാവായിരുന്നു. ഉത്തര്‍പ്രദേശിലെ ഹിന്ദുമഹാസഭാ പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചു.

നാഥ്പാന്തുകള്‍ ശൈവസന്ന്യാസിമാരാണ്. ദശനാമി സമ്പ്രദായത്തിന് പുറത്തുള്ളവര്‍. ഹിന്ദുസന്ന്യാസിമാരിലെ ഏറ്റവും പഴയ സമ്പ്രദായമാണ് തങ്ങള്‍ പിന്തുടരുന്നതെന്നാണ് നാഥ്പാന്തുകള്‍ അവകാശപ്പെടുന്നത്. പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലും പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി വിന്യസിക്കപ്പെട്ട കാലയളവില്‍ എപ്പോഴോ വടക്കേ ഇന്ത്യയിലും നേപ്പാളിലുമായി ജീവിച്ചിരുന്ന പാതി ഐതീഹ്യകഥാപാത്രമായ ഗോരഖ്‌നാഥാണ് നാഥ്പാന്തി സന്ന്യാസസമ്പ്രദായം ആവിഷ്‌ക്കരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. അസാധാരണമായ മാന്ത്രികശക്തിയും മനഃശക്തിയും ആവാഹിക്കുന്ന സിദ്ധി എന്ന് വിളിക്കപ്പെടുന്ന പദവി ആര്‍ജ്ജിക്കലാണ് സന്ന്യാസലക്ഷ്യമായി അവര്‍ കരുതുന്നത്. രണ്ട് ചെവിയും തുളച്ച്, സന്ന്യാസത്തിന്റെ അവസാന ദശയില്‍ വലിയ വളയങ്ങള്‍ ധരിക്കുക എന്നത് അവരുടെ രീതിയാണ്. ദശനാമി സന്ന്യാസികളേയും രാമനന്ദി വൈരാഗികളേയും അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണ് നാഥ്പാന്തുകള്‍. ഗോരഖ്‌നാഥ് ക്ഷേത്രമാണ് നാഥ്പാന്തികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന്.

ഹിന്ദുത്വ രാഷ്ട്രീയവും സന്ന്യാസവും തമ്മിലുള്ള വിചിത്രമായ ബാന്ധവത്തിന് തുടക്കം കുറിച്ച ഒരാള്‍ മഹന്ത് ദിഗ്വിജയ് നാഥാണ്. ഇതെഴുതുന്ന സമയത്ത് ഉത്തര്‍പ്രദേശിലെ മുഖ്യമന്ത്രിയായ, ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ താരങ്ങളിലൊരാളായ, യോഗി ആദിത്യനാഥും ഇതേ ക്ഷേത്രത്തിലെ മഹന്ത് ആണ് എന്നത് യാദൃശ്ചികമായ ഒന്നല്ല. മഹന്ത് ദ്വിഗ്വിജയ്‌നാഥില്‍ നിന്നാരംഭിച്ച ഒരു രാഷ്ട്രീയ സ്വപ്നത്തിന്റെ തുടര്‍ച്ചയാണ് യോഗി ആദിത്യനാഥില്‍ പൂവണിഞ്ഞത് എന്ന് കാണാന്‍ കഴിയും. ഉത്തര്‍പ്രദേശില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിക്കസേരയില്‍ ഇരുന്ന വ്യക്തി എന്ന പദവി ഇന്ന് യോഗി ആദിത്യനാഥിന് സ്വന്തമെങ്കില്‍ അതിന് പിന്നില്‍ മഹന്ത് ദ്വിഗ്വിജയ്‌നാഥിനെപ്പോലുള്ളവര്‍ 1949 മുതല്‍ മെനയുന്ന കുതന്ത്രങ്ങള്‍ ഉണ്ട്.

ഐക്യസംസ്ഥാനങ്ങളിലെ ഗോണ്ടയില്‍ ഐ.സി.എസ്. ഉദ്യോഗസ്ഥനായി കെ.കെ.കെ. നായര്‍ എത്തിച്ചേര്‍ന്ന ശേഷം അദ്ദേഹവും മഹന്ത് ദ്വിഗ്വിജയ്‌നാഥും തമ്മില്‍ ഗാഢസൗഹൃദത്തിലായി. ആ കൂട്ടുകെട്ടിലേക്ക് ഒരാള്‍കൂടി വന്നുചേര്‍ന്നു. ബല്‍റാംപൂര്‍ എന്ന നാട്ടുരാജ്യത്തിന്റെ തലവനായ മഹാരാജ പാദേശ്വരിപ്രസാദ് സിംഗ് ആയിരുന്നു മൂന്നാമന്‍. 1914 ജനുവരി ഒന്നിന് ജനിച്ച മഹാരാജ അന്നത്തെ പല നാട്ടുരാജ്യങ്ങളിലേയും രാജകുമാരന്മാരെപ്പോലെ ബ്രിട്ടീഷ് ഓഫീസര്‍മാര്‍ക്ക് കീഴിലാണ് വളര്‍ന്നത്. കേണല്‍ ഹാന്‍സന്‍ ആയിരുന്നു അദ്ദേഹത്തിന്റെ രക്ഷകര്‍ത്താവ്. അജ്മീറിലെ മേയോ പ്രിന്‍സ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം നല്ലൊരു കുതിരസവാരിക്കാരനും ലോണ്‍ ടെന്നീസ് കളിക്കാരനുമായിരുന്നു.

ലോണ്‍ ടെന്നീസ് കളിയായിരുന്നു മൂന്നു തലമുറകളില്‍ പെട്ട ഈ മനുഷ്യരെ ഒരിടത്ത് എത്തിച്ചത്. 1894ല്‍ ജനിച്ച മഹന്ത് ദിഗ്വിജയ്‌നാഥ് എന്ന സന്ന്യാസിയായ ഹിന്ദുത്വ രാഷ്ട്രീയ നേതാവും 1907ല്‍ ജനിച്ച ബ്യൂറോക്രാറ്റായ ഹിന്ദുത്വ വാദിയും 1914ല്‍ ജനിച്ച രാജാവായ ഹിന്ദുത്വവാദിയും ലോണ്‍ ടെന്നീസ് ഗ്രൗണ്ടില്‍ കണ്ടുമുട്ടിയപ്പോള്‍ ലോണ്‍ ടെന്നീസിന് പുറമേ അവരെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന താത്പര്യം ഹിന്ദുത്വ എന്ന പൊതുഘടകമായിരുന്നു. അത് ആ ബന്ധത്തെ ദൃഢതരമാക്കി. 1947 ആദ്യം ബല്‍റാംപൂരില്‍ മഹാരാജാ പാദേശ്വരിപ്രസാദ് സിംഗ് ഒരു യജ്ഞം സംഘടിപ്പിക്കുകയുണ്ടായി. അതില്‍ മഹന്ത് ദിഗ്വിജയ്‌നാഥിനും കെ.കെ.കെ. നായര്‍ക്കും പുറമേ കര്‍പത്രി മഹാരാജ് പോലുള്ള സന്ന്യാസി രാഷ്ട്രീയക്കാരും പങ്കെടുക്കുകയുണ്ടായി. ശങ്കരാചാര്യര്‍ സ്ഥാപിച്ചു എന്ന് പറയപ്പെടുന്ന ദണ്ഡി സമ്പ്രദായത്തില്‍ പെടുന്ന സന്ന്യാസിയായിരുന്ന കര്‍പത്രി മഹാരാജ് ഹിന്ദുത്വ വംശീയതയെ തന്റെ നിലയ്ക്ക് മുന്നോട്ടു കൊണ്ടു പോയ ആളാണ്. 1940കളില്‍ ‘ധര്‍മ്മസംഘ’ എന്ന പേരില്‍ ബ്രാഹ്മണിക യാഥാസ്ഥിതിക ഹിന്ദുമതത്തെ സംരക്ഷിക്കാനായി ഒരു സംഘടനയ്ക്ക് അദ്ദേഹം രൂപംകൊടുക്കുകയുണ്ടായി. അതിന്റെ മുഖപത്രമെന്ന നിലയ്ക്ക് സന്മാര്‍ഗ് എന്ന പത്രത്തിനും അദ്ദേഹം ജന്മം നല്‍കി. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ വ്യത്യസ്ത ബ്രാഹ്മണിക സംഘങ്ങളില്‍ നിന്ന് ഹിന്ദുരാഷ്ട്രം എന്ന അഭിനിവേശം ഉയിര്‍കൊണ്ടുവന്നപ്പോള്‍ ആ അഭിലാഷരാഷ്ട്രത്തില്‍ തന്റെ ഓഹരിയവകാശത്തിനായി രാമരാജ്യ പരിഷത്ത് എന്നൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് 1948-ല്‍ അദ്ദേഹം രൂപം കൊടുക്കുകയുണ്ടായി. ഈ യജ്ഞം എങ്ങനെയാണ് ഹിന്ദുത്വ ചരിത്രത്തില്‍ ഇടം പിടിച്ചതെന്ന് പില്‍ക്കാലത്ത് ഹിന്ദുത്വ പ്രസിദ്ധീകരണങ്ങള്‍ തന്നെ വെളിവാക്കിയിട്ടുണ്ട്.

‘യജ്ഞത്തിന്റെ അവസാനദിവസം ശ്രീ. ദിഗ്വിജയ് നാഥ്, വിദേശികളുടെ കൈയ്യിലകപ്പെട്ടിരിക്കുന്ന (ഹിന്ദു) മതകേന്ദ്രങ്ങളെ ഉടനടി വിമോചിപ്പിക്കുക എന്ന തരത്തില്‍ ശ്രീ. വിനായക് ദാമോദര്‍ സവര്‍ക്കര്‍ പ്രകടിപ്പിച്ചിട്ടുള്ള കാഴ്ചപ്പാടിനെക്കുറിച്ച് കര്‍പത്രിജിയുമായും നായരുമായും ചര്‍ച്ച ചെയ്യുകയുണ്ടായി. ഈ നിര്‍ദ്ദേശം ഗൗരവപൂര്‍വ്വം പരിശോധിച്ച ശേഷം മറുപടി തരാമെന്ന വാഗ്ദാനത്തോടെ നായര്‍, ഗോണ്ടയിലെ ജില്ലാ കേന്ദ്രത്തിലേക്ക് പോയി. പിറ്റേന്ന് ബല്‍റാംപൂരിലെ യജ്ഞസ്ഥലത്തെത്തിയ നായര്‍ നേരെ കര്‍പത്രിജിയുടേയും മഹന്ത് ദിഗ്വിജയ്‌നാഥിന്റേയും അടുത്തേക്ക് ചെന്നു. അവര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്യുകയും അവര്‍ക്കടുത്തിരിക്കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ പ്രശ്‌നം ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യാനാരംഭിച്ചു. വിശദമായ പദ്ധതിയെക്കുറിച്ച് നായര്‍ അന്വേഷിച്ചപ്പോള്‍, അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമിക്ക് പുറമേ വാരണാസിയിലെ കാശി വിശ്വനാഥ് ക്ഷേത്രവും മധുരയിലെ ശ്രീകൃഷ്ണ ജന്മഭൂമിയും വീണ്ടെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ വിവരിക്കുകയുണ്ടായി. ദിഗ്വിജയ്‌നാഥിനോട് അപ്പോള്‍ നായര്‍ ഈ ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതിനായി താന്‍ എന്തും ഉപേക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുണ്ടായി.’

പിന്നീട് ഗാന്ധിവധത്തിന് ശേഷം അറസ്റ്റിലായ ഹിന്ദുമഹാസഭാ നേതാക്കളില്‍ ഒരാള്‍ മഹന്ത് ദിഗ്വിജയ്‌നാഥ് ആയിരുന്നു. 1948 ജനുവരി 27ന് മഹന്ത് ദിഗ്വിജയ്‌നാഥ് പരസ്യമായി ഗാന്ധിയെ കൊലപ്പെടുത്താനുള്ള ആഹ്വാനം നല്‍കി. ഗാന്ധി വധത്തിന്റെ ഗൂഢാലോചനയെ കുറിച്ചന്വേഷിച്ച കപൂര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതിനെപ്പറ്റി പറയുന്നത് ഇങ്ങനെയാണ്.

‘വി.ജി. ദേശ്പാണ്ഡേയും മഹന്ത് ദിഗ്വിജയ് നാഥും പ്രൊഫസര്‍ രാം സിങ്ങും ഡല്‍ഹി പ്രവിശ്യാ ഹിന്ദുമഹാസഭ സംഘടിപ്പിച്ച, (1948) ജനുവരി 27ന് കോണാട്ട് പ്ലേസില്‍ നടന്ന സമ്മേളനത്തില്‍, ഗാന്ധിയുടെ സമീപനങ്ങള്‍ പാകിസ്ഥാന്‍കാരുടെ കൈകളെ ശക്തിപ്പെടുത്തിയതായി പറയുകയുണ്ടായി. ഇന്ത്യന്‍ സര്‍ക്കാരിന്റെ വര്‍ഗ്ഗീയനയങ്ങളേയും പാകിസ്ഥാന് 55 കോടിരൂപ കൊടുക്കാന്‍ ഇന്ത്യന്‍ മന്ത്രിസഭയെ പ്രേരിപ്പിച്ച മഹാത്മാവിന്റെ നടപടികളേയും അവര്‍ വിമര്‍ശിച്ചു. അവിടെ കൂടിയ ജനങ്ങളോട് മഹാത്മാ ഗാന്ധിയേയും മറ്റ് ഹിന്ദു വിരുദ്ധരേയും തുടച്ചു നീക്കാനായി മഹന്ത് ദിഗ്വിജയ്‌നാഥ് ആഹ്വാനം നല്‍കി.’

1948-ല്‍ ജയിലില്‍ നിന്ന് വിടുതി നേടിയ മഹന്ത് ദിഗ്വിജയ്‌നാഥ്, ഹിന്ദുമഹാസഭയുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രസ്താവിച്ചത് താഴെപ്പറയും പ്രകാരമാണ്:
‘ഹിന്ദുസഭയുടെ രാഷ്ട്രീയപദ്ധതിയെക്കുറിച്ച് ജനമനസ്സുകളില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ട്. അത് വ്യക്തമാക്കാന്‍ ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നു. ഈ മുഹൂര്‍ത്തത്തിന്റെ ആവശ്യമെന്ന നിലയില്‍ ഹിന്ദുസഭ കുറച്ചു സമയത്തേയ്ക്ക് അതിന്റെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. സാഹചര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ വീണ്ടെടുക്കാന്‍ മാത്രമാണ് ഇപ്പോഴത് നിര്‍ത്തിവെച്ചിരിക്കുന്നത്. ആ അവസരം ഇപ്പോള്‍ സംജാതമായെന്നും ആഗസ്റ്റ് ആദ്യവാരം നിശ്ചയിച്ചിട്ടുള്ള അഖിലേന്ത്യാ ഹിന്ദുമഹാസഭാ സമ്മേളനത്തില്‍ വെച്ച് ഈ തീരുമാനം പുനഃപരിശോധിക്കുമെന്നും ഒന്നുകില്‍ അത് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുമെന്നും അല്ലെങ്കില്‍ അതിന്റെ അംഗങ്ങളെ ഇന്ത്യന്‍ സംസ്‌കാരത്തിന്റേയും നാഗരികതയുടേയും ഭാഷയുടേയും പാരമ്പര്യത്തിന്റേയും അടിസ്ഥാനത്തില്‍ ഒരു പുതിയ പാര്‍ട്ടി ഉണ്ടാക്കാനായി അനുവദിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു.’

ഹിന്ദുമഹാസഭാ നേതാവ് വി.ഡി. സവര്‍ക്കറെപ്പോലെ കറകളഞ്ഞ മുസ്ലീം വിരുദ്ധനായിരുന്നു മഹന്ത് ദിഗ്വിജയ്‌നാഥും. 1950-ല്‍ സ്റ്റേറ്റ്‌സ്മാന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
‘ഹിന്ദു മഹാസഭയ്ക്ക് ഭരണം ലഭിക്കുകയാണെങ്കില്‍ അഞ്ചു മുതല്‍ പത്തുവരെ വര്‍ഷങ്ങള്‍ അവര്‍ക്ക് വോട്ടവകാശം എടുത്തു കളയും. അവരുടെ താത്പര്യങ്ങളും വികാരങ്ങളും ഇക്കാലയളവില്‍ ഇന്ത്യാ അനുകൂലമാണ് എന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിയേണ്ടതാണ്.’

1949-ല്‍ അദ്ദേഹം ആവിഷ്‌ക്കരിച്ച ബാബ്‌റി മസ്ജിദ് പിടിച്ചെടുക്കാനുള്ള തന്ത്രം അയോദ്ധ്യയിലെ പ്രധാന സന്ന്യാസ വിഭാഗങ്ങളായിരുന്ന രാമനന്ദി നാഗസന്ന്യാസിമാരേയും രാമനന്ദി വൈരാഗികളേയും ബോധ്യപ്പെടുത്തി അവരുടെ വിശ്വാസമാര്‍ജ്ജിക്കാന്‍ മഹന്ത് ദിഗ്വിജയ്‌നാഥിന് കഴിഞ്ഞു. ഹനുമാന്‍ ഘരി ക്ഷേത്രത്തിന്റെ അധിപനായ അഭിറാംദാസ് ആയിരുന്നു മഹന്ത് ദിഗ്വിജയ്‌നാഥിന്റെ അനുയായിയായി തീര്‍ന്ന പ്രധാനപ്പെട്ട വ്യക്തി. ഫൈസാബാദ് ഹിന്ദുമഹാസഭാ ജനറല്‍ സെക്രട്ടറി ഗോപാല്‍ സിംഗ് വിശാരദ്, അയോദ്ധ്യാ ഹിന്ദുമഹാസഭാ പ്രസിഡന്റ് രാമചന്ദ്രദാസ് പരമഹംസ്, കെ.കെ.കെ. നായര്‍ തുടങ്ങിയവരും അദ്ദേഹത്തിന്റെ പദ്ധതി നടപ്പാക്കാന്‍ ഉറച്ചുനിന്നു.

അങ്ങനെയാണ് ബാബ്‌റി മസ്ജിദ്, രാമക്ഷേത്രമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിക്കുന്നത്. ഗാന്ധി വധത്തിന് ശേഷം രാഷ്ട്രീയമായി ഏതാണ്ട് ഇല്ലാതായി തീര്‍ന്ന ഹിന്ദുമഹാസഭയെ, ഉത്തര്‍പ്രദേശില്‍നിന്നും ഉയിര്‍ത്തെഴുന്നേല്പിക്കാം എന്ന് ഇവരെല്ലാവരും കരുതി.

ബാബ്‌റി മസ്ജിദിനുള്ളിലേക്ക് രാമവിഗ്രഹം ഒളിച്ചുകടത്തി സ്ഥാപിക്കുക എന്ന പദ്ധതിയാണ് ഇവര്‍ ആവിഷ്‌ക്കരിച്ചത്. സവര്‍ക്കര്‍ക്ക് ശേഷം ഹിന്ദുമഹാസഭയുടെ പ്രബല നേതാവായ വി.ജി. ദേശ്പാണ്ഡെയും മഹന്ത് ദിഗ്വിജയ്‌നാഥിന് ഉറച്ച പിന്തുണയുമായി വരികയുണ്ടായി. ആ സമയത്ത് അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ പ്രസിഡന്റ് എന്‍.ബി. ഘരേ ആയിരുന്നു. സവര്‍ക്കര്‍, ഗാന്ധി വധത്തില്‍ നിന്ന് കുറ്റവിമുക്തനായി പുറത്തുവന്നിരുന്നു. എ.ഐ.ആര്‍.എം. പ്രഖ്യാപിച്ച രാമവിവാഹോത്സവത്തോടനുബന്ധിച്ച് ഈ പദ്ധതി നടപ്പിലാക്കാനാണ് അവര്‍ ഉദ്ദേശിച്ചത്.

1949 ജൂണ്‍ ഒന്നിനാണ് കെ.കെ.കെ. നായര്‍, ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആയി ചാര്‍ജ്ജെടുത്തത്. ഫൈസാബാദിലെ സിറ്റി മജിസ്‌ട്രേറ്റ് ആയ ഗുരുദത്ത് സിംഗ്, നായരുടെ വിശ്വസ്തനായിരുന്നു. ഹിന്ദുമതത്തെ രക്ഷിക്കാനായി ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ആളായാണ് രാജ്പുത്ത് ജാതിയില്‍ ജനിച്ച ഗുരുദത്ത് സിംഗ് സ്വയം കരുതിയിരുന്നത്. കോണ്‍ഗ്രസ്സ് മതേതരത്വത്തെ പുല്‍കിയതിനാല്‍ ഹിന്ദുമതത്തിന്റെ നിലനില്‍പ്പുതന്നെ അപകടത്തിലായി എന്ന വിശ്വാസമാണ് അദ്ദേഹത്തെ നയിച്ചിരുന്നത്.

അതിനാദ്യമായി അവര്‍ ചെയ്തത് രാം ഛബൂത്രയില്‍ ഒരു ക്ഷേത്രം നിര്‍മ്മിക്കാനുള്ള ആവശ്യം വീണ്ടും കുത്തിപ്പൊക്കിയെടുക്കുക എന്നതായിരുന്നു. 1885-ല്‍ വിവിധ കോടതികള്‍ തള്ളിക്കളഞ്ഞ ആവശ്യം 1949-ല്‍ അവര്‍ ആവര്‍ത്തിച്ചു. 1949 ജൂലൈ 20ന് ഐക്യസംസ്ഥാന സര്‍ക്കാരിന്റെ ഡെപ്യൂട്ടി സെക്രട്ടറി കെഹാര്‍ സിംഗ് പ്രസ്തുത കത്ത് കെ.കെ.കെ. നായര്‍ക്ക് അയച്ചു കൊടുക്കുകയുണ്ടായി. പ്രസ്തുത കത്തില്‍ രാം ഛബൂത്ര നില്‍ക്കുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമി/നഗരസഭാ ഭൂമി ആണോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റും ചീഫ് കമ്മീഷണറുമായിരുന്ന കെ.കെ.കെ. നായര്‍ സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തന്റെ കീഴുദ്യോഗസ്ഥനായ ഗുരുദത്ത് സിംഗിനോടാവശ്യപ്പെട്ടു. ഗുരുദത്ത് സിംഗാകട്ടെ, സ്വാഭാവികമായും ക്ഷേത്രനിര്‍മ്മാണത്തിന് അനുകൂലമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്.

‘താങ്കളുടെ കല്പനയനുസരിച്ച് ഞാന്‍ അവിടെ പോകുകയും സ്ഥലം പരിശോധിക്കുകയും അതിനെപ്പറ്റിയുള്ള എല്ലാ വിശദാംശങ്ങളും ശേഖരിക്കുകയും ചെയ്തു. പള്ളിയും അമ്പലവും വശങ്ങളിലായി നിലകൊള്ളുന്നതും അതാതിടങ്ങളില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും അവരുടെ പൂജകളും മതപരമായ ചടങ്ങുകളും നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോള്‍ നിലനില്‍ക്കുന്ന ചെറിയതിന് പകരമായി മാന്യമായതും വിശാലമായതുമായ ഒരു ക്ഷേത്രം പണിതുയര്‍ത്തുക എന്ന കാഴ്ചപ്പാടോടെയാണ് ഹിന്ദുജനസാമാന്യം ഈ അപേക്ഷ നല്‍കിയിട്ടുള്ളത്. അതിന് മാര്‍ഗ്ഗതടസ്സമായി ഒന്നും തന്നെയില്ലാത്തതിനാല്‍, ഭഗവാന്‍ രാംചന്ദ്രജി പിറന്നുവീണ സ്ഥലത്ത് ഒരു മനോഹര ക്ഷേത്രം വരുന്നത് ഹിന്ദുജനങ്ങള്‍ക്ക് അത്രയും പ്രധാനപ്പെട്ടതായതിനാല്‍ അനുമതി നല്‍കാവുന്നതാണ്. ക്ഷേത്രം ഉയരാന്‍ പോകുന്ന സ്ഥലം സര്‍ക്കാര്‍ ഭൂമിയാണ്.’

1885ലെ കോടതിവിധികളേയോ, രാം ഛബൂത്ര, സ്ഥലം കൈയ്യേറി നിര്‍മ്മിച്ച എടുപ്പാണെന്നോ പരിഗണിക്കാതെ നല്‍കിയ ഈ റിപ്പോര്‍ട്ട് ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു എന്ന് എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതാണ്. ഇതില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍, കെ.കെ.കെ. നായരും ഗുരുദത്ത് സിംഗും ഹിന്ദു വംശീയവാദികള്‍ ആണെന്ന് മാത്രമല്ല, ആര്‍.എസ്.എസ്. അംഗങ്ങള്‍ കൂടിയായിരുന്നു. ഗോണ്ടില്‍ വെച്ചു തന്നെ മഹന്ത് ദിഗ്വിജയ്‌നാഥുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന കെ.കെ.കെ. നായര്‍ ഇതോടെ ഫൈസാബാദ് ഹിന്ദുമഹാസഭാ നേതാവായ ഗോപാല്‍സിംഗ് വിശാരദുമായും വ്യക്തിഗത അടുപ്പം വാര്‍ത്തെടുത്തു.

1903-ല്‍ മദ്ധ്യസംസ്ഥാനങ്ങളിലെ (ഇന്നത്തെ മദ്ധ്യപ്രദേശ്) ജലോണില്‍ ജനിച്ച ഗോപാല്‍സിംഗ് വിശാരദ്, ബുന്ദേല്‍ ഖണ്ഡ് പ്രവിശ്യയിലെ നാട്ടുരാജ്യമായ സംതാലിലാണ് 1941 വരെ കഴിഞ്ഞത്. 1941ല്‍ അയോദ്ധ്യയിലെത്തിയ അദ്ദേഹം അവിടെ ഒരു പലചരക്കുകട ആരംഭിച്ചു. 1942-ല്‍ അദ്ദേഹം ഹിന്ദുമഹാസഭയില്‍ ചേര്‍ന്നു. കെ.കെ.കെ. നായര്‍, ജില്ലാ മജിസ്‌ട്രേറ്റായി ഫൈസാബാദില്‍ എത്തുന്ന കാലത്ത്, നാം നേരത്തേ പറഞ്ഞ പോലെ, വിശാരദ്, ഹിന്ദു മഹാസഭാ നേതാവായി മാറിയിരുന്നു. നായരും വിശാരദും തമ്മിലുണ്ടായ ബന്ധത്തെപ്പറ്റി പില്‍ക്കാലത്ത്, വിശാരദിന്റെ മകന്‍ രാജേന്ദ്രസിംഗ് എഴുതിയിട്ടുണ്ട്.

‘സംതാല്‍ എസ്റ്റേറ്റ് സമ്മാനിച്ച ചെറിയ കാറില്‍ ഇടയ്ക്കിടെ നായര്‍, വിശാരദിന്റെ വീട് സന്ദര്‍ശിക്കുമായിരുന്നു. ആ കാറിന് ഒരു ചരിത്രമുണ്ടായിരുന്നു. നായര്‍ക്ക് മുമ്പ് സംതാലിലെ രാജകുമാരിയായിരുന്നു അത് ഉപയോഗിച്ചുകൊണ്ടിരുന്നത്. ഒരിക്കല്‍ രാജകുമാരി അയോദ്ധ്യയിലേക്ക് ആ കാറില്‍ വരികയും വിശാരദിന്റെ വീട്ടില്‍ വെച്ച് നായരെ കാണുകയും ചെയ്തു. അവര്‍ രണ്ടുപേരും പെട്ടെന്ന് സുഹൃത്തുക്കളായി. ഒരുപക്ഷെ, അവരായിരിക്കണം ആ കാര്‍, നായര്‍ക്ക് സമ്മാനിച്ചത്. കാരണം, അവര്‍ അയോദ്ധ്യ വിട്ടപ്പോഴാണ് നായര്‍ ആ കാര്‍ ഓടിക്കുന്നത് കണ്ടുതുടങ്ങിയത്. ആ കാര്യം നായരെ വിശാരദുമായി അടുപ്പിച്ചു.’

അതിനു ശേഷം കെ.കെ.കെ. നായരും ഗോപാല്‍സിംഗ് വിശാരദും ഗുരുദത്ത് സിംഗും ഒരു കൈയ്യായി പ്രവര്‍ത്തിച്ചു തുടങ്ങി എന്നു വേണം വിചാരിക്കാന്‍. മഹന്ത് ദിഗ്വിജയ്‌നാഥ് ആകട്ടെ ആ മൂവര്‍ സംഘത്തിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. മഹന്ത് ദിഗ്വിജയ്‌നാഥ് മറുവശത്ത് അയോദ്ധ്യയിലെ വ്യത്യസ്ത സന്ന്യാസിമഠങ്ങളിലെ സന്ന്യാസിമാരുമായും നല്ല അടുപ്പം പുലര്‍ത്തിയിരുന്നു, പ്രത്യേകിച്ചും ഹനുമാന്‍ഘരിയിലെ തലവനായ അഭിറാംദാസുമായി.

രാം വിവാഹ് ആഘോഷിക്കുന്നതിന് മുന്നോടിയായി എ.ഐ.ആര്‍.എം. ഹിന്ദുക്കള്‍ക്കിടയില്‍ പ്രചണ്ഡമായ പ്രചരണം അഴിച്ചുവിടുകയുണ്ടായി. കടുത്ത വര്‍ഗ്ഗീയ പ്രചാരണങ്ങളില്‍ അയോദ്ധ്യ കലുഷിതമായി. മുസ്ലീങ്ങള്‍ തങ്ങളുടെ കടകള്‍ തുറക്കാന്‍ പോലും ഭയന്നു. പള്ളികളില്‍ പ്രാര്‍ത്ഥനയ്ക്ക് പോയവരെ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്‍ ഉണ്ടായി. ബാബ്‌റി മസ്ജിദ് കൈയ്യടക്കി അതിനുള്ളില്‍ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ പോകുന്നു എന്ന കിംവദന്തി പരന്നു.

എന്നാല്‍ അത് സംഭവിച്ചത് 1949 ഡിസംബര്‍ 23നാണ്. ഹിന്ദു വംശീയവാദികള്‍ ആവിഷ്‌ക്കരിച്ച പദ്ധതി ഏതാണ്ട് ഇങ്ങനെയായിരുന്നു. ഹിന്ദുമഹാസഭയുടെ അയോദ്ധ്യാ നഗരാദ്ധ്യക്ഷനായിരുന്ന രാമചന്ദ്രദാസ് പരമഹംസ് 1949 ഡിസംബര്‍ 22 രാത്രി 9.30ന് ഹിന്ദുമഹാസഭയുടെ സക്രിയാംഗം ആയിരുന്ന അഭിറാംദാസിന്റെ ആസ്ഥാനമായ ഹനുമാന്‍ഘരിയിലെത്തുക. അവിടെ നിന്നും രണ്ടുപേരും ചേര്‍ന്ന് ബാബ്‌റി മസ്ജിദിലേയ്ക്ക് പുറപ്പെടുക. വൃന്ദാവന്‍ദാസ് എന്ന മറ്റൊരു സന്ന്യാസി രാമവിഗ്രഹവുമായി വഴിയില്‍ അവര്‍ക്കൊപ്പം ചേരുന്നതായിരിക്കും. മൂന്നുപേരും ചേര്‍ന്ന് ബാബ്‌റി മസ്ജിദിനുള്ളില്‍ ആരുമറിയാതെ കടന്നുകയറി, അതിന്റെ മധ്യത്തിലെ കുംഭഗോപുരത്തിന് താഴെയായി നിലത്ത് കൈയ്യിലെ രാമവിഗ്രഹം സ്ഥാപിക്കുക. പിറ്റേന്ന് ഒരു കൂട്ടം ഹിന്ദു വര്‍ഗ്ഗീയവാദികള്‍ എത്തും വരെ വിഗ്രഹം അവിടെ നിന്നും മാറാതെ നോക്കുക. തുടര്‍ന്ന് രാവിലെ തന്നെ അയോദ്ധ്യയുടെ മുക്കിലും മൂലയിലും, പ്രത്യേകിച്ച് എല്ലാ ഹിന്ദു ഭവനങ്ങളിലും ബാബ്‌റി മസ്ജിദിനുള്ളില്‍ രാമവിഗ്രഹം സ്വയംഭൂ ആയി പ്രത്യക്ഷപ്പെട്ടു എന്ന് പ്രചരിപ്പിക്കുക. ബാബ്‌റി മസ്ജിദിന്റെ കാവല്‍ക്കാരന്‍ മാറി പുതിയ രാത്രി കാവല്‍ക്കാരന്‍ എത്തുന്നതിന് മുമ്പുള്ള ഇടവേളയിലായിരിക്കണം, ബാബ്‌റി മസ്ജിദിനുള്ളില്‍ കയറിപ്പറ്റേണ്ടത് എന്നും തീരുമാനിക്കപ്പെട്ടിരുന്നു.

പക്ഷെ, തുടക്കത്തില്‍ തന്നെ പദ്ധതിയില്‍ പാളിച്ചയുണ്ടായി. വരാമെന്നേറ്റ സമയം കഴിഞ്ഞിട്ടും ഹനുമാന്‍ഘരിയില്‍ രാമചന്ദ്രദാസ് പരമഹംസ് എത്തിയില്ല. തുടര്‍ന്ന് അഭിറാംദാസ്, അയോദ്ധ്യയുടെ വടക്കന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന രാംഘട്ട് ക്ഷേത്രത്തിലേയ്ക്ക് യാത്രതിരിച്ചു. അവിടെയായിരുന്നു അദ്ദേഹത്തിന്റെ മൂന്ന് ഇളയ സഹോദരന്മാരും നാല് ഉപ സഹോദരരും വസിച്ചിരുന്നത്. അവിടെ നിന്നും ഉപസഹോദരരായ ഇന്ദുശേഖര്‍ ഝായും യുഗല്‍ കിഷോര്‍ ഝായും അഭിറാംദാസിനെ ബാബ്‌റി മസ്ജിദിലേയ്ക്കുള്ള യാത്രയില്‍ അനുഗമിച്ചു. അവിടെ നിന്നും പത്തുനിമിഷങ്ങള്‍ക്കിപ്പുറം രാം ഛബൂത്രയ്ക്കരികില്‍ അവര്‍ എത്തിച്ചേര്‍ന്നു. അപ്പോള്‍ തന്നെ വൃന്ദാവന്‍ദാസ് എന്ന് പേരുള്ള സന്ന്യാസിയും അവിടെ എത്തിച്ചേര്‍ന്നു. അയാളുടെ തോളില്‍ ഒരു ചാക്ക് ഞാന്നു കിടന്നിരുന്നു. കൈകളില്‍ രാംലല്ലയുടെ ചെറിയ വിഗ്രഹവും ഉണ്ടായിരുന്നു.

രാംലല്ലയുടെ വിഗ്രഹം വൃന്ദാവന്‍ദാസില്‍ നിന്നേറ്റു വാങ്ങി അഭിറാംദാസ്, ബാബ്‌റി മസ്ജിദിന്റെ മതിലിനടുത്തേയ്ക്ക് ഇരുട്ടിലൂടെ നടന്നു. വിഗ്രഹം കൂട്ടിപ്പിടിച്ച് അയാള്‍ ശബ്ദമുണ്ടാക്കാതെ മതിലിന് മുകളില്‍ കയറി. ശേഷം ബാബ്‌റി മസ്ജിദിന്റെ വളപ്പിലേയ്ക്ക് എടുത്തു ചാടി. പിന്നാലെ മറ്റുള്ളവരും.

ബാബ്‌റി മസ്ജിദിലെ ബാങ്കുവാദകനായിരുന്ന മുഹമ്മദ് ഇസ്മയില്‍, അവര്‍ ചാടുന്ന ഒച്ച കേട്ട് ഉറക്കത്തില്‍ നിന്നുണര്‍ന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാന്‍ ചെന്ന് നോക്കിയ അദ്ദേഹത്തിന് മുന്നിലെ ഇരുട്ടിലൂടെ മസ്ജിദ് ഭേദകര്‍ കടന്നു പോയി. പന്തികേട് മണത്തറിഞ്ഞ അദ്ദേഹം അഭിറാംദാസിന് നേരെ കുതിച്ചു. പിന്നില്‍ നിന്നും അദ്ദേഹത്തെ വട്ടം പിടിച്ച്, അഭിറാംദാസിന്റെ കൈയ്യില്‍ നിന്നും വിഗ്രഹം തട്ടിപ്പറിക്കാന്‍ ശ്രമിച്ചു. കുതറി മാറിയ അഭിറാംദാസും സംഘാംഗങ്ങളും ചേര്‍ന്ന് മുഹമ്മദ് ഇസ്മയിലിനെ മര്‍ദ്ദിച്ചു. പിടിച്ചു നില്‍ക്കാനാകാതെ അയാള്‍ പുറത്തേക്കോടി.

ബാബ്‌റി മസ്ജിദ് കൈവശപ്പെടുത്തുമെന്ന ഭീതി അന്തരീക്ഷത്തില്‍ നിലനിന്നിരുന്നതിനാല്‍, മുസ്ലീങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച്, സര്‍ക്കാര്‍ ഒരു കാവല്‍ക്കാരനെ നിയോഗിച്ചിരുന്നു. എന്നാല്‍ ആ കാവല്‍ക്കാരനും ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നു എന്ന സൂചനയാണ് 1949-ല്‍ രാം ഛബൂത്രയിലെ പൂജാ സഹായിയായിരുന്ന ഭാസ്‌കര്‍ദാസ് പിന്നീട് നല്‍കിയത്

‘ഹിന്ദുക്കള്‍ പള്ളി കൈയ്യടക്കാന്‍ ശ്രമിക്കുന്നു എന്ന മുസ്ലീങ്ങളുടെ പരാതിയെ തുടര്‍ന്ന് ആ സമയത്ത് (ബാബ്‌റി മസ്ജിദിന്റെ) ഗേറ്റില്‍ ഒരു കാവല്‍ക്കാരനെ നിയോഗിച്ചിരുന്നു. ബാബ്‌റി മസ്ജിദിന്റെ ചുറ്റുപാടുമുള്ള ഖബറുകള്‍ ധാരാളമായി നശിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈ പരാതി സമര്‍പ്പിക്കപ്പെട്ടത്. പള്ളി പിടിച്ചെടുക്കാനും അതിനുള്ളില്‍ വിഗ്രഹം സ്ഥാപിക്കാനും പോലീസ് ഞങ്ങളെ ഇടയ്ക്കിടെ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നു.’ എന്ത് സഹായമാണ് കാവല്‍ക്കാരന്‍ നല്‍കിയത് എന്ന അഭിമുഖകാരുടെ അന്വേഷണത്തിന് ചിരിച്ചുകൊണ്ട് ‘അതെല്ലാം ദൈവത്തിന്റെ അത്ഭുതങ്ങളാണ്. ഛബൂത്രയില്‍ എത്രനേരം വിശ്രമിക്കാന്‍ കരുതിയോ അത്രയും സമയം അദ്ദേഹം അവിടെ വിശ്രമിക്കുകയുണ്ടായി. എപ്പോള്‍ അദ്ദേഹം പള്ളിയുടെ ഉള്ളിലേയ്ക്ക് മാറാന്‍ തീരുമാനിച്ചോ, അപ്പോഴദ്ദേഹം അങ്ങോട്ടു മാറി’ എന്ന എങ്ങും തൊടാത്ത ഉത്തരമാണ് ഭാസ്‌കര്‍ദാസ് നല്‍കിയതെന്ന് അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

രാത്രി 12 മണിക്കാണ് അടുത്ത കാവല്‍ക്കാരന്റെ ഊഴം ആരംഭിക്കുക. അതിനായി അബ്ദുള്‍ ബര്‍ക്കത്ത് എന്ന കാവല്‍ക്കാരന്‍ എത്തിയപ്പോഴേയ്ക്കും അഭിറാംദാസും സംഘവും ബാബ്‌റി മസ്ജിദിനുള്ളില്‍ വിഗ്രഹങ്ങളുമായി കയറിപ്പറ്റിയിരുന്നു. അതിന് ശേഷം സംഭവിച്ചത് അഭിറാംദാസിനൊപ്പമുണ്ടായിരുന്ന ഇന്ദുശേഖര്‍ ഝാ ഓര്‍മ്മിക്കുന്നത് ഇങ്ങനെയാണ്.

‘ബാബ്‌റി മസ്ജിദിന്റെ നടുവിലെ കുംഭഗോപുരത്തിന് കീഴെ വിഗ്രഹം കൈയ്യില്‍ പിടിച്ച് അഭിറാംദാസ് ഇരിക്കുകയും ഞങ്ങളെല്ലാം പ്രവര്‍ത്തനനിരതരാകുകയും ചെയ്തു. ഞങ്ങള്‍ അവരുടെ ധൂമപാത്രങ്ങളും നമസ്‌ക്കാരപ്പായകളും മുക്രിയുടെ വസ്ത്രങ്ങളും പാത്രങ്ങളുമുള്‍പ്പെടെ എല്ലാം വലിച്ചെറിഞ്ഞു. പിന്നീട് ഒരു കത്തിയുടെ സഹായത്തോടെ പള്ളിയുടെ ഉള്‍ച്ചുമരിലും പുറം ചുമരിലും കൊത്തിവെച്ചിരുന്ന നിരവധി ഇസ്ലാമിക സൂക്തങ്ങള്‍ ചുരണ്ടിക്കളയുകയും അതിന് മുകളില്‍ മഞ്ഞനിറത്തിലും കാവിനിറത്തിലും സീത എന്നും രാമ എന്നും എഴുതിപ്പിടിപ്പിക്കുകയും ചെയ്തു.’

ഏതാണ്ട് നാലുമണിയോടെ അവര്‍ കൊണ്ടുവന്ന വെള്ളിപീഠത്തില്‍ രാം ലല്ലയുടെ വിഗ്രഹം വെച്ച ശേഷം, മറ്റു വിഗ്രഹങ്ങളും അവിടെ പ്രതിഷ്ഠിച്ച ശേഷം, അഭിറാംദാസും കൂട്ടരും പൂജ തുടങ്ങി. ബീഹാറിലും കൊല്‍ക്കൊത്തയിലും കശ്മീരിലും രക്തപ്പുഴയൊഴുക്കിയ, 1948 ജനുവരി 30ന് ഗാന്ധിയുടെ ജീവന്‍ അപഹരിച്ച ഹിന്ദുവംശീയതയുടെ ഭീകര ചരിത്രം, പുതിയൊരു തുടക്കം കുറിക്കുകയായിരുന്നു. അഭിറാംദാസ് എന്നായിരുന്നു ഇത്തവണ അവര്‍ തെരഞ്ഞെടുത്ത ഉപകരണത്തിന്റെ പേര്.

തുടരും..
——-
ഹിന്ദുത്വ ഭീകരതയുടെ കഥ – ഇതുവരെയുള്ള ഭാഗങ്ങൾ ഇവിടെ വായിക്കുക.

Comments

comments