കെ. എന്‍ പണിക്കര്‍ (1936-2026):
ചരിത്രരചനയുടെ വിമോചന രാഷ്ട്രീയം

 

ചരിത്രവിജ്ഞാനശാഖയോടുള്ള പ്രതിപത്തിയും പ്രതിബദ്ധതയുമാണ് എന്റെ ജീവിതം കരുപ്പിടിപ്പിച്ചത്. സാമൂഹ്യ ജീവിയായ മനുഷ്യര്‍ എന്തു ചെയ്തു എന്നതിനേക്കാള്‍ എന്തു ചിന്തിച്ചു എന്നതായിരുന്നു എന്റെ അന്വേഷണമേഖല. (പണിക്കര്‍. 2021. കലുഷിതമായ കാലം, 9)

കൊളോണിയല്‍ കാലം മുതല്‍ മേല്‍ക്കൈയുള്ള വര്‍ഗ്ഗീയതയില്‍ നിന്നും ഇന്ത്യന്‍ ചരിത്രത്തെ മുക്തമാക്കിയ ചരിത്രകാരിലൊരാള്‍ എന്ന് ചിന്ത പബ്ലിഷേഴ്‌സിന്റെ പ്രസാധകന്‍ ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്കെഴുതിയ ആമുഖത്തില്‍ പ്രൊഫ. കെ. എന്‍. പണിക്കരെ അടയാളപ്പെടുത്തുന്നു. 2026 മാര്‍ച്ച് ഒന്‍പതിന് പണിക്കര്‍ വിടപറഞ്ഞു. തുടര്‍ന്നു പ്രസിദ്ധീകരിച്ച നിരവധി ഓര്‍മ്മക്കുറിപ്പുകള്‍ ഈ വീക്ഷണത്തിന് അടിവരയിടുന്നവയായിരുന്നു.

സെക്കുലര്‍ ചരിത്രരചനയുടെ ഏറ്റവും ഉറച്ച ശബ്ദങ്ങളിലൊന്നാണ് നിലച്ചത്. തലമുറകള്‍ക്ക് വഴിതെളിക്കാന്‍ പ്രാപ്തമായ അക്കാദമികവും ജനകീയവുമായ പുസ്തകങ്ങളും ലേഖനങ്ങളും ബാക്കിയാക്കിയാണ് പണിക്കര്‍ മാഷ് വിടപറയുന്നത്.
1936 ല്‍ ഗുരുവായൂരില്‍ ജനനം. പാലക്കാട് വിക്ടോറിയ കോളേജ്, രാജസ്ഥാന്‍ സര്‍വകലാശാല എന്നിവിടങ്ങളില്‍ ഉന്നത വിദ്യാഭ്യാസം. ബിരുദതലത്തില്‍ രസതന്ത്രം ഐശ്ചിക വിഷയമായി പഠിച്ചു. രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും. രാജസ്ഥാന്‍ സര്‍വകലാശാല (1952-63), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഡല്‍ഹി (1963-65, റിസര്‍ച്ച് ഓഫീസര്‍), ദില്ലി സര്‍വകലാശാലയുടെ ഹന്‍സ്രാജ് കോളേജ് (1965-1972), ജെഎന്‍യുവിന്റെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് (1972-2000) എന്നിവിടങ്ങളില്‍ ചരിത്രാധ്യാപകന്‍. ഇന്ത്യയിലും വിദേശത്തുമുള്ള വിവിധ സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസര്‍. തുടര്‍ന്ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലശാലയുടെ വൈസ് ചാന്‍സലര്‍ (2002-2004) പദവിയേറ്റെടുത്തു കേരളത്തിലേക്ക് മടക്കം. ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ (2008), കേരള കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ ആദ്യ ചെയര്‍മാന്‍. സര്‍വകലാശാലകളുടെ മതിലുകള്‍ക്കപ്പുറം ഒരു ജനകീയ ചരിത്രകാരന്‍.

ദില്ലിയിലെ അന്‍പതു വര്‍ഷങ്ങള്‍

അറുപതുകളുടെ ആരംഭത്തിലാണ് പണിക്കര്‍ ദില്ലിയിലെത്തുന്നത്. ഇന്ത്യയും പാകിസ്ഥാനുമായുള്ള വിഭജനം ആഴത്തില്‍ മുറിവേല്‍പ്പിച്ച നഗരദേശമായിരുന്നു അന്നത്തെ ദില്ലി. പണിക്കര്‍ ആദ്യകാലത്ത് താമസിച്ചിരുന്ന ദില്ലി സര്‍വകലാശാലക്കടുത്തുളള മോഡല്‍ ടൗണ്‍ വിഭജനത്തിന്റെ നേരനുഭവമായിരുന്നു. ഇരുനൂറും മുന്നൂറും മൈലുകള്‍ കാല്‍നടയായി ദില്ലിയിലെത്തിയ പഞ്ചാബികളുടെയും മുള്‍ത്താണികളുടേയും ഇടമായിരുന്നു ദില്ലി സര്‍വകലാശാലക്ക് ചുറ്റുമുള്ള മോഡല്‍ ടൗണ്‍, കിങ്സ് വേ ക്യാമ്പ്, ഹഡ്‌സണ്‍ ലെയിന്‍, മുഖര്‍ജീ നഗര്‍, ഔട്രം ലെയിന്‍ തുടങ്ങിയ നഗരഗ്രാമങ്ങള്‍. ദുരിതങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ പണിക്കരുടെ ദേശചരിത്ര വീക്ഷണത്തെ ആഴത്തില്‍ സ്വാധീനിച്ചു. വര്‍ഗ്ഗീയതയാല്‍ ഭിന്നമായ സമൂഹത്തന്റെ നേര്‍ക്കാഴ്ച്ചകള്‍ വേദനാജനകമാണ്. ദില്ലി സര്‍വകാലശാലയുടെ ഹന്‍സ്രാജ് കോളേജിലെ ക്ലാസ് മുറികളിലും ചരിത്രമെഴുത്തിലും ആ വികാരം പ്രതിഫലിച്ചു. അക്കാലത്ത് കോളജില്‍ നടന്ന ഒരു സംഭവം പണിക്കര്‍ ‘കലുഷിതമായ കാലം’ എന്ന ഓര്‍മ്മക്കുറിപ്പില്‍ പറയുന്നുണ്ട്. ആര്യസമാജം ട്രസ്റ്റ് നിയന്ത്രിക്കുന്ന കോളേജില്‍ മാംസാഹാരം നിരോധിച്ചു. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രക്ഷോഭത്തിനെതിരെ മാനേജ്മെന്റ് പ്രമേയം പാസാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ആര്യസമാജത്തില്‍ മാംസാഹാരം ശീലമുള്ള വിഭാഗങ്ങളുമുണ്ട് എന്ന് പണിക്കര്‍ ചൂണ്ടിക്കാണിച്ചു. അതോടെ പ്രമേയം പാസാക്കാനാവാതെ വന്നു. അതിലുള്ള നീരസം പ്രകടിപ്പിക്കാന്‍ മാനേജ്മെന്റ് പലപ്പോഴും ശ്രമിച്ചു. അറിവിന്റെ ഇടങ്ങള്‍ മതേതരമാകണമെന്ന ഈ നിലപാട് പിന്നീടുള്ള ജീവിതത്തില്‍ കൂടുതല്‍ ശക്തമാകുന്നത് കാണാം.

പണിക്കരുടെ ആദ്യകാല ഗവേഷണം ബ്രിട്ടീഷ് ഭരണകൂട അധികാരം ഇന്ത്യയില്‍ വ്യാപിക്കുന്നതിലും ദൃഢീകരിക്കുന്നതിലും പൊളിറ്റിക്കല്‍ റസിഡണ്ട്മാരും സ്റ്റേറ്റ് ഏജന്‍സികളും വഹിച്ച പങ്ക് വിശകലനം ചെയ്യുന്നതാണ്. British Diplomacy in North India: A Study of the Delhi Residency 1803-1857(1968) ഈ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചു. 1960 കളില്‍ ഇന്ത്യന്‍ ചരിത്രരചനാ സമ്പ്രദായം രാഷ്ട്രീയ ചരിത്രത്തില്‍ നിന്നും സാമൂഹ്യചരിത്രത്തിലേക്ക് വഴിമാറുന്ന കാലമായിരുന്നു. പണിക്കരുടെ പഠനങ്ങളിലും ഈ മാറ്റം കാണാം. മലബാറിന്റെ സാമൂഹ്യ ചരിത്രത്തിലേക്കാണ് പണിക്കര്‍ ശ്രദ്ധ തിരിച്ചത്. ധൈഷിണിക ചരിത്രത്തില്‍ (intellectual history)ശ്രദ്ധയൂന്നുന്നതും മലബാറിന്റെ സാമൂഹികചരിത്രം പഠിക്കുന്നതും ഈ മാറ്റത്തിന്റെ തുടര്‍ച്ചയാണ്. ജെഎന്‍യുവില്‍ അക്കാലത്ത് പഠിപ്പിച്ചിരുന്ന കോഴ്സുകളിലും ചരിത്രരചനാ സമ്പ്രദായത്തിലെ മാറ്റം പ്രതിഫലിക്കുന്നുണ്ട്. ഒരു കാലഘട്ടത്തില്‍ ജെഎന്‍യുവിലെ സെന്റര്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ സ്റ്റഡീസില്‍ പഠിച്ച വിദ്യാര്‍ഥികളെ ആധുനിക ഇന്ത്യയുടെ ധൈഷണിക ചരിത്രത്തിലേക്ക് ആകര്‍ഷിച്ച പ്രഗത്ഭനായ അധ്യാപകനായിരുന്നു പണിക്കര്‍.

ഗ്രാംഷിയുടെ ആശയങ്ങളുടെ സ്വാധീനമുള്ള പഠനമാണ് മലബാറിന്റെ സാമൂഹിക ചരിത്രം. വര്‍ഗ്ഗീയതയാണ് ഇന്ത്യന്‍ ചരിത്രപരിണാമങ്ങളെ നിയന്ത്രിച്ചതെന്ന പൊതുധാരണക്കെതിരെയുള്ള നിലപാടുകൂടിയായി അക്കാലത്ത് പണിക്കരുടെ ചരിത്രമെഴുത്ത്. ‘മലബാര്‍ കലാപം: പ്രഭുത്വത്തിനും രാജവാഴ്ചയ്ക്കുമെതിരെ’ (1989) എന്ന പഠനത്തിന്റെ ഉപസംഹാരത്തില്‍ പണിക്കര്‍ എഴുതി:
മലബാറിലെ കാര്‍ഷിക കലാപങ്ങളുടെ സ്വാഭാവവും കാരണങ്ങളും ചര്‍ച്ച ചെയ്യുമ്പോള്‍ സാധാരണയായി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഒന്നുകില്‍ അവ വര്‍ഗ്ഗീയ കലാപങ്ങളോ അതോ കാര്‍ഷികപ്രക്ഷോഭങ്ങളോ എന്നതിലും അല്ലെങ്കില്‍ ആ കലാപങ്ങള്‍ പ്രചോദിതമായത് സാമ്പത്തിക പ്രേരണകളാലാണോ അതോ മതവിശ്വാസത്തിലാണോ എന്നതിലുമാണ്. സമകാലിക കാഴ്ചപ്പാടുകളും ആധുനിക ചരിത്രഗവേഷണവും പൊതുവെ ഈയൊരു പ്രശ്‌നപരിസരത്തില്‍ അടഞ്ഞുകിടക്കുന്നു; സാമ്പത്തികമോ ആശയസംഹിതപരമോ ആയ വ്യത്യാസങ്ങളില്‍ ഊന്നല്‍ ഉണ്ടെങ്കില്‍പോലും. ഇതു കലാപകാരികളുടെ വിവിധ ചാര്‍ച്ചാവേഴ്ചകളെ മറയാക്കുന്നു. പകരം സാമ്പത്തികവും വര്‍ഗ്ഗീയവുമായ ബന്ധങ്ങളില്‍നിന്നും മുളപൊട്ടുന്ന കലാപകര്‍മ്മങ്ങളില്‍ ഒന്നിനെ ഒത്തനടുക്ക് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു. (പണിക്കര്‍ (1989) മലയാള വിവര്‍ത്തനം, എബി കോശി (2004), പുറം 213).

വര്‍ഗ്ഗീയതക്കെതിരെയുള്ള എഴുത്തുകള്‍

വര്‍ഗ്ഗീയശക്തികളുടെ ആശയപരവും അല്ലാതെയുമുള്ള ആക്രണമങ്ങളെ നേരിടുന്നതില്‍ അന്റോണിയോ ഗ്രാംഷിയുടെ ചിന്തകള്‍ പ്രധാന സ്വാധീനമായി. പണിക്കരുടെ പഠനങ്ങളില്‍ ഗ്രാംഷിയുടെ സ്വാധീനം തെളിഞ്ഞുകാണാം. അധികാരവര്‍ഗ്ഗം അധീശത്വം കൈവരിക്കുന്നത് ബലപ്രയോഗത്തില്‍ കൂടി മാത്രമല്ല, കാഴ്ചപ്പാടുകളെ സ്വാധീനിക്കുകയും ലോകവീക്ഷണം രൂപപ്പെടുത്തുകയും വഴിയാണ് എന്ന് ഗ്രാംഷി വാദിച്ചു. ഇന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗ്ഗീയ ശക്തികള്‍ ശ്രമിച്ചതും മതവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയബോധം പ്രബലമാകാനാണ് എന്ന് പണിക്കരുടെ പഠനങ്ങള്‍ ഊന്നിപ്പറഞ്ഞു. എഴുപതുകളുടെ അവസാനം ജനതാപ്പാര്‍ട്ടി നേതൃത്വം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ എന്‍സിഇആര്‍ടി യുടെ ചരിത്രപാഠപുസ്തകങ്ങള്‍ക്കെതിരെ വര്‍ഗ്ഗീയ ശക്തികള്‍ ശക്തമായ പ്രചാരണം നടത്തുന്നുണ്ട്. പുസ്തകങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്ന തലത്തിലേക്ക് എതിര്‍പ്പ് വളര്‍ന്നിരുന്നു (പണിക്കര്‍ 2003). അന്ന് സര്‍ക്കാര്‍ നിയമിച്ച വിദഗ്ദ്ധ സമിതി പാഠപുസ്തകങ്ങള്‍ മാറ്റമില്ലാതെ തുടരാന്‍ ശുപാര്‍ശ ചെയ്തു. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് പുസ്തകങ്ങള്‍ പിന്‍വലിക്കാനുള്ള ശ്രമത്തില്‍നിന്നും സര്‍ക്കാര്‍ പിന്മാറി. തുടര്‍ന്നുള്ള പതിറ്റാണ്ടുകളിലും ചരിത്രപാഠപുസ്തകങ്ങള്‍ നിരന്തരയമായ എതിര്‍പ്പുകള്‍ നേരിട്ടു. പണിക്കര്‍ ഉള്‍പ്പെടുന്ന മതേതര ചരിത്രകാരന്‍മാര്‍ അത്തരം ശ്രമങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് തുടര്‍ന്നു.

അടിയന്തരാവസ്ഥയുടെ സമയത്തും 1984ല്‍ ദില്ലയില്‍ നടന്ന കലാപങ്ങളുടെ സമയത്തും ജെഎന്‍യു ക്യാമ്പസ് സ്വാതന്ത്ര്യത്തിന്റെയും മതേതര നിലപാടിന്റെയും ഇടമാകുന്നതിനുള്ള ശ്രമങ്ങളില്‍ പണിക്കര്‍ ഉള്‍പ്പെടുന്ന മതേതര പ്രവര്‍ത്തകര്‍ വ്യാപൃതരായിരുന്നു. 1984 ല്‍ ദില്ലിയില്‍ നടന്ന ലഹളകള്‍ക്കു പിന്നിലും മതപരമായ പ്രകോപനങ്ങളുണ്ടായിരുന്നുവെന്ന് പണിക്കര്‍ നിരീക്ഷിക്കുന്നു. കലാപശേഷവും രാഷ്ട്രീയാന്തരീക്ഷം കലുഷിതമായിരുന്നു. വര്‍ഗ്ഗീയ ശക്തികള്‍ മതരാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങള്‍ തീവ്രമാക്കിയ കാലം കൂടിയായിരുന്നു എണ്‍പതുകള്‍. വിശ്വഹിന്ദു പരിഷദ് അയോധ്യയിലെ ബാബരി പള്ളിക്കും വാരണാസിയിലെ ഗ്യാന്‍വാപി പള്ളിക്കും മേല്‍ അവകാശവാദമുന്നയിച്ചു പ്രക്ഷോഭങ്ങള്‍ ശക്തമാക്കി. അവരുടെ വാദം സമര്‍ത്ഥിക്കാന്‍ ശാസ്ത്രീയ പിന്‍ബലമില്ലാത്ത പുരാവസ്തു തെളിവുകള്‍ നിരത്തി. കൂടാതെ, കൊളോണിയല്‍ ചരിത്രപുസ്തകങ്ങളില്‍ നിന്നുള്ള അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങളും തെളിവായി പരാമര്‍ശിച്ചു. വര്‍ഗ്ഗീയശക്തികളുടെ ഇത്തരം ഇടപെടലുകള്‍ക്കെതിരെ പണിക്കര്‍ നിരന്തരം എഴുതിക്കൊണ്ടിരുന്നു.

ഇന്ത്യയുടെ ദേശീയ ചരിത്രം പഠിക്കുമ്പോള്‍ ഊന്നിപ്പറയേണ്ട കാര്യങ്ങള്‍ ദീര്‍ഘകാലമായി ഇന്ത്യന്‍ സമൂഹത്തിന്റെ അടിസ്ഥാനമായ മതേതര വീക്ഷണവും ജനാധിപത്യ ബോധവുമാണ് എന്ന് നിലപാട് പണിക്കരുടെ എഴുത്തുകളില്‍ തെളിഞ്ഞു കാണാം. വര്‍ഗ്ഗീയ ചരിത്രപദ്ധതികള്‍ നിരാകരിക്കാന്‍ ശ്രമിക്കുന്നത് സാമൂഹ്യ പരിവര്‍ത്തനത്തിന്റെ അടിസ്ഥാനമായ നീതിബോധവും, ജനാധിപത്യ ചിന്തയും മതേതര സാമൂഹ്യബന്ധങ്ങളുമാണ്. ജനങ്ങളുടെ സാമാന്യബോധത്തെ മതവിശ്വാസം വഴി നിയന്ത്രിക്കുന്നതിനെ എതിരിടുക എന്നത് ചരിത്രകാരന്റെ ഉത്തരവാദിത്തമാണ്. വിമര്‍ശനാത്മക ചരിത്രപഠനത്തെ പ്രോത്സാഹിപ്പിക്കുക വഴിയാണ് യുക്തിഭദ്രമായ ചിന്തയെ സാമൂഹത്തിന്റെ പൊതുബോധമായി വളര്‍ത്താന്‍ സാധിക്കുക. അതിനുള്ള ശ്രമങ്ങളില്‍ പണിക്കര്‍ എല്ലാക്കാലത്തും ഏര്‍പ്പെട്ടിരുന്നു. സംഘപരിവാറിന്റെ ആശയങ്ങളെ നേരിടാന്‍ ഒരു സാംസ്‌കാരിക പഠനകേന്ദ്രം ആരംഭിക്കുകയെന്നത് പണിക്കരുടെ സ്വപ്നമായിരുന്നു. അത് സാധിക്കാതെ പോയത് ജീവിതത്തിലെ വലിയ നിരാശയായാണ് പണിക്കര്‍ കണ്ടിരുന്നത്.
മതവിശ്വാസം നിത്യജീവിതത്തെയും സംസ്‌കാരത്തെയും നിയന്ത്രിക്കുന്ന സമൂഹത്തില്‍ ചരിത്രവീക്ഷണത്തെ മതനിരപേക്ഷമാക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ചോദ്യം ചെയ്യുന്നവര്‍ നിരന്തര ഭീഷണികള്‍ നേരിടേണ്ടി വരുന്നു. പണിക്കരുടെ ദില്ലി ജീവിതവും അത്തരത്തില്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ജെഎന്‍യുവിലെ ചരിത്രാധ്യാപകരുടെ കൂട്ടായ്മ പ്രസിദ്ധീകരിച്ച ‘The Political Abuse of History: Babri Masjid-Rama Janmabhumi Dispute’എന്ന ലഘുലേഖ വര്‍ഗ്ഗീയ ശക്തികളെ പ്രകോപിപ്പിച്ചു. ഇതെഴുതിയ ചരിത്രഗവേഷകര്‍ക്കും അത് വിതരണം ചെയ്യുന്നവര്‍ക്കുമെതിരെ പൊതുവിടങ്ങളില്‍ ഭീഷണി മുഴക്കി. എന്നാല്‍ പണിക്കര്‍ അത്തരം ഭീഷണികള്‍ക്ക് വഴങ്ങിയില്ല. വര്‍ഗ്ഗീയക്കെതിരെയുള്ള എഴുത്തുകളും പ്രവര്‍ത്തനവും എല്ലാക്കാലവും തുടര്‍ന്നു.

പണിക്കര്‍ എഡിറ്റ് ചെയ്ത ‘കമ്മ്യൂണലിസം ഇന്‍ ഇന്ത്യ: ഹിസ്റ്ററി, പൊളിറ്റിക്‌സ്, ആന്‍ഡ് കള്‍ച്ചര്‍ (1991)’ അക്കാലത്ത് വളരെ ചര്‍ച്ച ചെയ്യപ്പെടുകയും ഇപ്പോഴും ബിരുദ-ബിരുദാന്തര തലത്തില്‍ വിദ്യാര്‍ഥികള്‍ സൂക്ഷ്മമായി വായിക്കുകയും ചെയ്യുന്ന പഠനമാണ്. ഹിന്ദുവര്‍ഗ്ഗീയവാദികള്‍ നടത്തിയ അവകാശവാദങ്ങളും പ്രവര്‍ത്തനങ്ങളും ബാബരി മസ്ജിദ് തകര്‍ക്കപ്പെടും എന്ന ശങ്കരൂക്ഷമായ കലുഷിത രാഷ്ട്രീയാന്തരീക്ഷത്തിലാണ് ഈ പഠനം പ്രസിദ്ധീകരിക്കുന്നത്. ജനാധിപത്യത്തില്‍ നിന്നും ഭൂരിപക്ഷവാദത്തിലേക്ക് (majoritarianism) രാജ്യം പരിവര്‍ത്തനം ചെയ്യപ്പെട്ടു തുടങ്ങി എന്ന മുന്നറിയിപ്പ് നല്‍കിയ പഠനമാണിത്. ആമുഖത്തില്‍ പണിക്കര്‍ എഴുതി:
വര്‍ഗ്ഗീയത ഒരു സാമൂഹ്യബോധ്യമാണ്. ഈ വീക്ഷണം രൂപപ്പെടുന്നതില്‍ സംസ്‌കാരം വ്യത്യസ്ത രീതികളില്‍ സ്വാധീനം ചെലുത്തുന്നു: ഒന്നാമതായി, ഒരു സമുദായ സംസ്‌കാരം നിര്‍മ്മിക്കുന്നതിലൂടെയും, രണ്ടാമതായി നിലവിലുള്ള സാംസ്‌കാരിക രീതികളെ സ്വായത്തമാക്കുന്നതിലൂടെയും. സംസ്‌കാരം എന്നത് മതത്തിന് സമാനമായാണ് വീക്ഷിക്കപ്പെടുന്നത്. അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ കാലഘട്ടത്തില്‍, സംസ്‌കാരവും മതവും ഒന്നാണെന്ന ഈ സങ്കല്‍പ്പം ‘ദ്വിരാഷ്ട്ര സിദ്ധാന്തം’ പ്രചരിപ്പിക്കുന്നതിനായി ഫലപ്രദമായി ഉപയോഗിക്കപ്പെട്ടിരുന്നു.

ഒരേ മതം വിശ്വസിക്കുന്ന എല്ലാവര്‍ക്കും സവിശേഷമായ ഒരു സാംസ്‌കാരിക വ്യക്തിത്വം ഉണ്ടെന്ന അനുമാനത്തില്‍ നിന്നാണ് സമകാലിക വര്‍ഗ്ഗീയ ബോധം ഉടലെടുക്കുന്നത്. ഈ സാംസ്‌കാരിക ഏകതാനത (ഈഹൗേൃമഹ ഒീാീഴലിലശ്യേ) അവരെയെല്ലാം മതത്തിന്റെ പരിധിക്കുള്ളില്‍ ഒരു സമുദായമായി മാറ്റുന്നു. അങ്ങനെ, ഹിന്ദുക്കള്‍ ഒരേ സാംസ്‌കാരിക രീതികള്‍ പങ്കിടുന്ന ഒരൊറ്റ സാംസ്‌കാരിക സമൂഹമാണെന്നും, അത് മറ്റ് മതവിഭാഗങ്ങളുടെ ആചാരങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നും വാദിക്കപ്പെടുന്നു (പണിക്കര്‍ 1991: 11. സ്വതന്ത്ര പരിഭാഷ).

പണിക്കരുടെ എഴുത്തുകള്‍ ദേശീയതലത്തില്‍ വ്യാപക ശ്രദ്ധ നേടുകയും സജീവ ചര്‍ച്ചാവിഷയമാവുകയും ചെയ്യുന്നത് വര്‍ഗ്ഗീയശക്തികള്‍ അയോധ്യയിലെ ബാബരി പള്ളിയുടെ ചരിത്രത്തെ മുന്‍നിറുത്തി വസ്തുതാവിരുദ്ധമായി അവകാശവാദങ്ങള്‍ ഉന്നയിക്കുന്നുവെന്ന ശക്തമായ നിലപാടിലാണ്. ചരിത്രരചനയെ മതേതരവും ജനകീയവുമാക്കുകയാണ് അതിനുള്ള മറുപടി എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന പണിക്കര്‍ അക്കാലത്ത് എഴുതി:
വര്‍ഗ്ഗീയത നീരാളികൈകള്‍ പോലെയാണ്; അത് പല ദിശകളിലേക്കും വിവിധ മേഖലകളിലേക്കും കൈകള്‍ നീട്ടുന്നു. സാവധാനമെങ്കിലും ദൃഢമായി അതിന്റെ സ്വാധീനം ഉറപ്പിക്കുകയും മതേതരമായ പൊതുവിടങ്ങളില്‍ ആധിപത്യം വ്യാപിപ്പിക്കുകയും ചെയ്യുന്നു… വര്‍ഗ്ഗീയതയെ പ്രതിരോധിക്കുന്നതിനും മതേതര ഇടം വിപുലീകരിക്കുന്നതിനും ആവശ്യമായ ഒരു മുന്‍കരുതല്‍ എന്നത്, വര്‍ഗ്ഗീയത എന്ന പ്രതിഭാസത്തെക്കുറിച്ച് ശരിയായ ധാരണ വികസിപ്പിക്കുകയും ആ അറിവ് സമൂഹത്തിന് ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് (പണിക്കര്‍ 1991: 14, 16. സ്വതന്ത്ര പരിഭാഷ).
ചരിത്രവീക്ഷണത്തിന്റെ സ്ഥാനത്ത് മിത്തുകള്‍ പൊതുധാരണ രൂപപ്പെടുത്തുന്നതിലെ അപകടം തെളിമയില്‍ കണ്ടത് ബാബരിപ്പള്ളിയെ വര്‍ഗ്ഗീയവാദികള്‍ ലക്ഷ്യം വെച്ച നാളുകളിലാണ്. ഉപഭൂഘണ്ഡത്തിന്റെ ചരിത്രം ഏകമാനകമായ മതചരിത്രമായി ചിത്രീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അയോധ്യാ വിവാദവും. അക്കാലത്ത് പണിക്കര്‍ എഴുതി:
അയോധ്യ വ്യത്യസ്തങ്ങളായ വിശ്വാസങ്ങളുടെ സംഗമസ്ഥാനമാണ്; വിവിധങ്ങളായ ആരാധനാക്രമങ്ങള്‍ അവിടെ ഒരേസമയം തഴച്ചുവളര്‍ന്നിരുന്നു. പുരാതന ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് മതങ്ങളായ ബുദ്ധമതം, ജൈനമതം, ഹിന്ദു മതം എന്നിവയുടെയെല്ലാം സുപ്രധാനമായ ഒരു തീര്‍ത്ഥാടന കേന്ദ്രമായിരുന്നു അവിടം. എന്നിരുന്നാലും, ഹിന്ദുക്കള്‍ക്കിടയില്‍ അതിന്റെ പ്രാരംഭ ഘട്ടത്തില്‍ വൈഷ്ണവ മതത്തിനും ശൈവ മതത്തിനുമായിരുന്നു കൂടുതല്‍ പ്രചാരം. രാമപൂജയുടെ ഒരു പ്രധാന കേന്ദ്രമായി അയോധ്യ വികസിച്ചത് താരതമ്യേന അടുത്ത കാലത്താണ് (പണിക്കര്‍ 1991 b:25-26. സ്വതന്ത്ര പരിഭാഷ).

വര്‍ഗ്ഗീയതയും നവസാമ്രാജ്യത്വവും കൈകോര്‍ക്കുന്ന അപകടകരമായ കാലത്തിന്റെ സെക്കുലര്‍ ചരിത്രകാരനായിരുന്നു പണിക്കര്‍. ക്ലാസ് മുറികളില്‍ പഠിക്കുന്ന ചരിത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പൊതുസമൂഹത്തിന്റെ ചരിത്രവീക്ഷണം. ഇന്ത്യന്‍ സംസ്‌കാരത്തെ വൈകാരികമായും, കാല്‍പനികമായും മനസിലാകുന്ന പ്രവണത ശക്തമാണ്. മഹത്തായ പുരാതന സംസ്‌കാരത്തെ തകര്‍ത്തത് വൈദേശിക മതശക്തികളാണ് എന്ന മതബോധത്തില്‍ ഊന്നിയുള്ള ചരിത്രവീക്ഷണത്തിന് വലിയ വേരോട്ടമാണ് കഴിഞ്ഞ അരനൂറ്റാണ്ടില്‍ ലഭിച്ചത്. കൊളോണിയല്‍ ചരിത്രവീക്ഷണത്തിന്റെ തുടര്‍ച്ചയാണത്. ആന്തരികമായ ഭിന്നതകളെ പര്‍വ്വതീകരിക്കുന്ന കൊളോണിയല്‍ പ്രവണത വര്‍ഗ്ഗീയ-നവസാമ്രാജ്യത്വ ചരിത്രരചനാ സമ്പ്രദായത്തില്‍ തെളിഞ്ഞു കാണാം.

വര്‍ഗ്ഗീയത ഇന്ത്യയുടെ സാമൂഹിക പരിണാമത്തെ സാരമായി ബാധിച്ചതിനെപ്പറ്റി പണിക്കര്‍ ആശങ്കയോടെ എഴുതി:
വര്‍ഗ്ഗീയതപോലെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജീവിതത്തെ ദോഷകരമായി ബാധിച്ച മറ്റൊരു പ്രതിഭാസവുമില്ല. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അഹമ്മദാബാദിലുണ്ടായ ഒരു വര്‍ഗ്ഗീയ ലഹളയിലൂടെ ഈ ഭീകരരൂപം അരങ്ങത്തെത്തിയപ്പോള്‍, ഭാവിയില്‍ ഇത് കൈവരിച്ചേക്കാവുന്ന വ്യാപ്തിയെക്കുറിച്ചോ സ്വഭാവത്തെക്കുറിച്ചോ ഒരുപക്ഷേ ആര്‍ക്കും ഒരു സൂചനയും ഉണ്ടായിരുന്നില്ല.

വര്‍ഗ്ഗീയത സമൂഹവിഭജനത്തിന്റെ കേന്ദ്രസ്ഥാനത്തെത്താന്‍ ഏറെ സമയമെടുത്തുവെങ്കിലും, അത് സംഭവിച്ചപ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലും സമൂഹത്തിലും വിനാശകരമായ പ്രത്യാഘാതങ്ങളാണ് ഉണ്ടായത്.

മതത്തിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിഭജിക്കാനും പരസ്പര വിദ്വേഷത്തിന്റെ വിത്തുകള്‍ പാകാനുമുള്ള വര്‍ഗ്ഗീയതയുടെ സഹജമായ കഴിവ് രാജ്യത്തിന്റെ വിഭജനത്തിലേക്ക് നയിച്ചു. വിഭജനം വരുത്തിവെച്ച ദുരന്തങ്ങളെ മറക്കാന്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ജനങ്ങള്‍ക്ക് അത്ര എളുപ്പത്തില്‍ സാധിക്കില്ല. ഉറുദു എഴുത്തുകാരനായ സാദത്ത് ഹസന്‍ മാന്റോ തന്റെ ‘തോബ തേക് സിംഗ്’ (Toba Tek Singh), ‘ഖോല്‍ ദോ’ (Khol Do) എന്നീ കൃതികളില്‍ ഹൃദയസ്പര്‍ശിയായി പകര്‍ത്തിയ വിഭജനത്തിന്റെ നൊമ്പരവും, ഭീഷ്മ സാഹ്നിയുടെ ‘തമസ്’ (Tamas) എന്ന ഹിന്ദി നോവലിലെ ഉജ്ജ്വലമായ വിവരണവും വര്‍ഗ്ഗീയത എത്രത്തോളം വിനാശകരവും ക്രൂരവുമാകുമെന്ന് നമ്മോട് വിളിച്ചുപറയുന്നു (പണിക്കര്‍ 2009 സ്വതന്ത്ര പരിഭാഷ).

പണിക്കര്‍ ദില്ലി ജീവിതം അവസാനിപ്പിക്കുന്ന കാലത്ത് രാജ്യം ഭൂരിപക്ഷവാദത്തിലേക്കും വര്‍ഗ്ഗീയ ചരിത്രബോധത്തിലേക്കും കൂപ്പുകുത്തിക്കൊണ്ടിരുന്നു. കേരളത്തിലേക്ക് മടങ്ങുമ്പോഴും പോരാട്ടം തുടര്‍ന്നു. വര്‍ഗ്ഗീയവിരുദ്ധ മുന്നേറ്റങ്ങള്‍ സാധ്യമാക്കുന്ന വേദികള്‍ ശക്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനു ശേഷമാണ് ദില്ലിയിലെ പ്രവാസം അവസാനിപ്പിക്കുന്നത്.

ജനസംസ്‌കൃതിയും ദില്ലിയിലെ സാംസ്‌കാരിക ഇടപെടലുകളും

മതേതര ജനാധിപത്യ സമൂഹം സാധ്യമാക്കുന്നതില്‍ എഴുത്തുകാരുടെയും രാഷ്ട്രീയപ്രവര്‍ത്തരുടെയും കലാകാരന്‍മ്മാരുടെയും പങ്ക് പ്രധാനമാണ്. ഗ്രാംഷിയുടെ ഈ നിലപാട് പണിക്കര്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. അതിന് ഉദാഹരണമാണ് ദില്ലിയിലെ മലയാളികളുടെ പുരോഗമന പ്രസ്ഥാനമായ ജനസംസ്‌കൃതി. 1980ല്‍ ആരംഭിച്ച ഈ പ്രസ്ഥാനം മതനിരപേക്ഷ സംവാദങ്ങള്‍ക്കും, പുരോഗമന കലാ-സാംസ്‌കാരിക ഇടപെടലുകള്‍ക്കുമുള്ള വേദിയാണ്. ഈ പ്രസ്ഥാനത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്കാണ് പണിക്കര്‍ക്കുണ്ടായിരുന്നത്. സരളമായ ഭാഷായില്‍ സംവദിക്കുന്ന ചരിത്രകാരനായാണ് അക്കാലത്ത് ജനസംകൃതിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ പണിക്കരെ ഓര്‍ക്കുന്നത്. പണിക്കര്‍ ജനസംസ്‌കൃതിയെ ഓര്‍ക്കുന്നതിങ്ങനെയാണ്:
ഡല്‍ഹിയില്‍ ദീര്‍ഘകാല ചരിത്രമുള്ള പല സാംസ്‌കാരിക സംഘടനകള്‍ ഉണ്ടായിരുന്നിട്ടും ജനസംസ്‌കൃതിയിലാണ് സാധാരണക്കാര്‍ പങ്കെടുത്തത്. ഏഴു വര്ഷം ഞാന്‍ ജനസംസ്‌കൃതിയുടെ അദ്ധ്യക്ഷനായിരുന്നു. ഇന്ന് അതില്‍ പതിനായിരം അംഗങ്ങളുണ്ട്. മറ്റു പല കേരളസമാജങ്ങളുടെ പരിപാടികളുടെ തുടക്കവും അന്ത്യവും ഓണാഘോഷമാണ്. എന്നാല്‍ ജനസംസ്‌കൃതി സമൂഹത്തിന്റെ രാഷ്ട്രീയ, സാംസ്‌കാരിക പ്രശ്‌നങ്ങളില്‍ നിരന്തരമിടപെട്ടു. ഇന്ന് അത് പ്രസക്തി എന്ന ഒരു മാസിക പ്രസിദ്ധീകരിക്കുന്നുണ്ട്. അതില്‍ ഡല്‍ഹി മലയാളികളനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രാമുഖ്യം ലഭിക്കുന്നു. മറുനാടന്‍ മലയാളികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന സാംസ്‌കാരിക പ്രവര്‍ത്തങ്ങളുടെ ഒരു നല്ല മാതൃകയാണ് ജനസംസ്‌കൃതി (പണിക്കര്‍ 2021: 149).

കൂടാതെ ദില്ലിയിലെ പ്രധാന പുരോഗമന പ്രസ്ഥാനങ്ങളായ സഫ്ദര്‍ ഹാഷ്മി മെമ്മോറിയല്‍ ട്രസ്റ്റ് (സഹ്മദ്) ആക്റ്റ് നൗ ഫാര്‍ ഹാര്‍മണി ആന്റ് ഡെമോക്രസി (അന്‍ഹദ്) എന്നിവയുടെയും സജീവ പ്രവര്‍ത്തകനായിരുന്നു പണിക്കര്‍. സാംസ്‌കാരിക ഇടപെടലുകള്‍ക്കൊണ്ട് ഇന്നും ശ്രദ്ധേയമായ സാംസ്‌കാരിക വേദിയാണ് സഹ്മദ്. സഹ്മദിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ഗ്ഗീയതയുടെയും-നവലിബറല്‍ മുതലാളിത്തത്തിന്റെയും കൂട്ടുകെട്ടുകള്‍ക്കെതിരാണ്. തന്മൂലം നേരിടേണ്ടി വരുന്ന എതിര്‍പ്പുകളും തീവ്രമാണ്. ‘സാംസ്‌കാരിക പ്രവര്‍ത്തനത്തില്‍ ബഹുമുഖമായ തന്ത്രങ്ങളിലൂടെയേ ഇടപെടാന്‍ കഴിയൂ. നിരന്തരമെന്നോണം ഒരു സംഘം സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഇതിനായി പ്രവര്‍ത്തിക്കേണ്ടതുണ്ട്’ എന്ന് സഹ്മദിന്റെ ഇടപെടലുകളെ പണിക്കര്‍ ഓര്‍മ്മിക്കുന്നത് (2021: 144). അന്‍ഹദ് 2002 ല്‍ നടന്ന ഗുജറാത്ത് കലാപത്തിന്റെ സാഹചര്യത്തിലാണ് രൂപം കൊള്ളുന്നത്. അന്ന് കലാപഭൂമി സന്ദര്‍ശിച്ചതിനു ശേഷമെഴുതിയ ‘ബിഫോര്‍ ദി നൈറ്റ് ഫാള്‍സ് ‘ എന്ന ലേഖനം ഏറ്റവും ശക്തമായ രാഷ്ട്രീയ ഇടപെടലുകളില്‍ ഒന്നായിരുന്നു (പണിക്കര്‍ 2002).

ചരിത്രത്തിന്റെ ഭാവിയെപ്പറ്റിയുള്ള ചിന്തകള്‍

ഉത്തരാധുനിക വീക്ഷണങ്ങള്‍ ചരിത്രരചനയില്‍ നടത്തിയ ഇടപെടലുകള്‍ മാര്‍ക്‌സിസത്തിന്റെ അപര്യാപ്തതയെ പരിഹരിക്കാനുള്ള ശ്രമമായിരുന്നു. എന്നാല്‍, സമകാലിക ഇന്ത്യന്‍ സമൂഹങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് ചരിത്രവിശകലനം നല്‍കാന്‍ ഈ പുതിയ ഇടപെടലുകള്‍ അപര്യാപ്തമായിരുന്നു. മാര്‍സിസ്റ്റ് ചരിത്രവീക്ഷണമാണ് ഇന്ത്യന്‍ സാഹചര്യത്തില്‍ സമൂഹ പരിണാമ ചരിത്രം വിശകലനത്തിന് അനുയോജ്യമെന്ന് പണിക്കര്‍ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഴുതിയ ‘In Defence of ‘Old’ History'(1994) എന്ന ലേഖനത്തില്‍ വാദിച്ചു.
കേരളത്തിലേക്ക് മടങ്ങിയതിനു ശേഷവും വര്‍ഗ്ഗീയതയെ നേരിടാനുള്ള ചരിത്രരചനയിലെ സാധ്യതകളെപ്പറ്റി പണിക്കര്‍ അന്വേഷിച്ചുകൊണ്ടിരുന്നു. ചരിത്രരചനയുടെ ക്യാന്‍വാസ് വിപുലവും അതേസമയം സൂക്ഷ്മവുമാക്കുന്നുണ്ട് ഇക്കാലത്ത്. ഐകരൂപ്യമായ സമൂഹരൂപീകരണ ചരിത്രമല്ല, ബഹുമുഖമായ ദേശീയതയുടെ ചരിത്രമാണ് പണിക്കര്‍ അന്വേഷിച്ചത്. മതങ്ങളും വിശ്വാസങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലായി സമൂഹപരിണാമ ചരിത്രത്തെ വിവരിക്കുന്ന കൊളോണിയല്‍ സമ്പ്രദായം ഇന്നും ശക്തമാണ്. ഇന്ത്യയുടെ ദേശചരിത്രം ഹിന്ദുമത ചരിത്രത്തിലൊതുക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം കേരളത്തില്‍ എത്തിയതിനു ശേഷവും തുടര്‍ന്നു. അധിനിവേശവും സാംസ്‌കാരിക ചരിത്രവും വര്‍ഗ്ഗീയതയും മനുഷ്യവിമോചന സാധ്യതകളും പഠനവിഷയങ്ങളായി തുടര്‍ന്നു. സംസ്‌കാരപഠനങ്ങള്‍ അരാഷ്ട്രീയമായ വിവരണമല്ല. പകരം വിമോചനത്തിന്റ രാഷ്ട്രീയമാണ്; മനുഷ്യത്വവും സമത്വവുമാണ് പണിക്കര്‍ പറയുന്ന സാംസ്‌കാരിക ഇടപെടലിന്റെ ലക്ഷ്യം.

എന്നാല്‍, നവലിബറല്‍ ലോകക്രമം കാര്യമായ എതിര്‍പ്പുകളില്ലാതെ ഇന്ത്യയില്‍ തഴച്ചുവളരുന്നത് പണിക്കര്‍ വേദനാജനകമായാണ് കണ്ടത്:
ആഗോളവല്‍ക്കരണം സമൂഹത്തില്‍ സൃഷ്ടിക്കുന്ന വിവേചനങ്ങള്‍ ആഴമേറിയതായിരിക്കും. അതിന്റെ രാഷ്ട്രീയമായ പ്രത്യാഘാതങ്ങള്‍ ഗുരുതരമാകും. അരികുവല്‍ക്കരിക്കപ്പെട്ടവരുടെ അസംതൃപ്തിയെ അടിച്ചമര്‍ത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാത്തതിനാല്‍, ഇത് ഭരണകൂടത്തെ കൂടുതല്‍ സ്വേച്ഛാധിപത്യപരവും മര്‍ദ്ദകവുമാക്കാന്‍ പ്രേരിപ്പിക്കുന്നു. അതേസമയം, രാഷ്ട്രത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതില്‍ ഭരണകൂടത്തിനുണ്ടാകുന്ന പരാജയം തീവ്രവലതുപക്ഷ ശക്തികള്‍ അധികാരം പിടിച്ചെടുക്കുന്നതിന് വഴിയൊരുക്കിയേക്കാം.

സാംസ്‌കാരിക മേഖലയില്‍ ആഗോളവല്‍ക്കരണത്തിന്റെ സ്വാധീനം പലവിധത്തിലുണ്ടെങ്കിലും, അതിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് മാത്രമാണ് ഞാന്‍ ഇവിടെ ശ്രദ്ധക്ഷണിക്കുന്നത്. ഇന്ന് സംസ്‌കാരം എന്നത് വന്‍തോതില്‍ സാമ്പത്തിക നിക്ഷേപം ആകര്‍ഷിക്കുന്ന ഒരു വ്യവസായമാണ്. സമ്പന്നരായ അഞ്ച് വടക്കേ അമേരിക്കക്കാരില്‍ ഒരാള്‍ സംസ്‌കാര വ്യവസായത്തില്‍ നിന്നാണ് തങ്ങളുടെ സമ്പത്ത് കണ്ടെത്തുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. ഈ മേഖലയില്‍ ലാഭം വര്‍ദ്ധിപ്പിക്കുന്നതിനായി, ആഗോള മൂലധനം പ്രാദേശിക സംസ്‌കാരങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുക മാത്രമല്ല, അവയുടെ രീതികളെയും ആചാരങ്ങളെയും സ്വായത്തമാക്കാനും (Appropriate) ശ്രമിക്കുന്നു (പണിക്കര്‍ 2013: 158. സ്വതന്ത്ര പരിഭാഷ)
വര്‍ഗ്ഗീയ ശക്തികള്‍ സര്‍വകലാശാലകളുടെ നടത്തിപ്പിലും ചരിത്രഗവേഷണത്തിലും നടത്തുന്ന ഇടപെടലുകളെ വിമര്‍ശിച്ചുകൊണ്ട് നിരന്തരായി എഴുതുകയും സംസാരിക്കുകയും ചെയ്തു. കൂടാതെ ചരിത്രരചന നേരിടുന്ന പരിമിതികളെക്കുറിച്ചും പണിക്കര്‍ എഴുതി:
മറ്റേതൊരു വിജ്ഞാനശാഖയെയും പോലെ ചരിത്രവും നിരന്തര പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാണ്. ഇതുവരെ ഉപയോഗിക്കപ്പെടാത്ത സ്രോതസ്സുകള്‍ (ടീൗൃരല)െ ചരിത്രകാരന്മാര്‍ക്ക് ലഭ്യമാകുമ്പോഴോ, പുതിയ വിശകലന രീതികള്‍ പ്രയോഗിക്കുമ്പോഴോ ആണ് ഇത് സംഭവിക്കുന്നത്. ഭരണകൂടം രൂപീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന അടിസ്ഥാന സൗകര്യങ്ങളെ, പ്രത്യേകിച്ച് പുരാരേഖാശേഖരങ്ങളെയും (അൃരവശ്‌ല)െ പുരാവസ്തു ഗവേഷണങ്ങളെയും (അൃരവമലീഹീഴശരമഹ), ചരിത്രകാരന്റെ ജോലി വളരെയധികം ആശ്രയിച്ചിരിക്കുന്നു. പലപ്പോഴും സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്ന സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താറുള്ളതും. (പണിക്കര്‍ 2003).
അതേസമയം ഇന്ത്യന്‍ ചരിത്രരചനാ സമ്പ്രദായത്തിന്റെ ശക്തമായ ശാസ്ത്രീയ അടിത്തറയെ പണിക്കര്‍ എടുത്തു പറഞ്ഞിരുന്നു. അതില്‍ നിന്നുള്ള വ്യതിചലിക്കലാണ് വസ്തുതകള്‍ അംഗീകരിക്കാത്ത വര്‍ഗ്ഗീയചരിത്രമെഴുതുന്ന പ്രവര്‍ത്തനങ്ങള്‍. ചെറുപ്പക്കാരായ ചരിത്രഗവേഷകര്‍ ചരിത്രരചനയുടെ ശാസ്ത്രീയാടിത്തറയില്‍ നിന്നും തെന്നിമാറുന്നതും വര്‍ഗ്ഗീയ വീക്ഷണം വെച്ചുപുലര്‍ത്തുന്നതും പണിക്കര്‍ ആശങ്കയോടെയാണ് കണ്ടിരുന്നത് (പണിക്കര്‍ 2000). സര്‍വകലാശാലകളില്‍ നടക്കുന്ന ചരിത്രപഠനത്തിന്റെ ശാസ്ത്രീയതയില്‍ നടക്കുന്ന വെള്ളം ചേര്‍ക്കല്‍ അപകടകരമായ പ്രവണതയായി വളരുന്നത് പലപ്പോഴും എടുത്തു പറയുന്നുണ്ട്.

പ്രാദേശിക ഭാഷകളിലുള്ള എഴുത്തുകളിലൂടെയാണ് വര്‍ഗ്ഗീയ വീക്ഷണം സമൂഹത്തില്‍ വേരുറപ്പിക്കുന്നത്. പ്രാദേശിക ചരിത്രം പൗരാണിക ഹൈന്ദവ ചരിത്രവുമായും, ഇതിഹാസ-പുരാണങ്ങളിലെ സ്ഥലനാമ പരാമര്‍ശങ്ങളും സംഭവങ്ങളുമായി ചേര്‍ത്തുവായിച്ചുമാണ് പ്രാദേശിക ചരിത്രത്തില്‍ വര്‍ഗ്ഗീയശക്തികള്‍ ഇടപെടുന്നത്. ചരിത്രപഠനം വസ്തുതകളുടെ വിശകലനമെന്ന ബോധ്യം സമൂഹത്തില്‍ വേരുറക്കേണ്ടതുണ്ട്. പ്രാദേശിക ചരിത്രരചന അതിനുള്ള പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നായാണ് പണിക്കര്‍ വിലയിരുത്തിയത്:
ചരിത്രഗവേഷണത്തിന്റെ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി പ്രാദേശിക ചരിത്രം എഴുതേണ്ടത് അനിവാര്യമെന്ന് ഞാന്‍ കരുതുന്നു. ഔദ്യോഗിക ചരിത്രപഠനങ്ങള്‍ സാധാരണ ജനങ്ങളിലേക്ക് എത്തുന്നില്ല. ഒരു ഗ്രാമത്തിന്റെ ചരിത്രം രചിക്കപ്പെടുന്നത് വളരെ അപൂര്‍വ്വമാണ്. എന്നാല്‍ തങ്ങളുടെ പ്രദേശത്ത് എന്താണ് സംഭവിച്ചത് എന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. നമ്മള്‍ എപ്പോഴും വലിയ ചരിത്രങ്ങളെയോ (Mega-histories) അല്ലെങ്കില്‍ പ്രത്യേക വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചരിത്രങ്ങളെയോ കുറിച്ചാണ് ചിന്തിക്കാറുള്ളത്. കേരളത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വളരെ കൗതുകകരമായ ഒരു നീക്കത്തെക്കുറിച്ച് അറിയുന്നത് നിങ്ങള്‍ക്ക് താല്പര്യമുണ്ടാക്കും; പ്രാദേശിക ചരിത്രകാരന്മാരെയും സ്‌കൂള്‍-കോളേജ് അധ്യാപകരെയും ചരിത്രരചനയില്‍ പരിശീലിപ്പിച്ചുകൊണ്ട്, ജനപങ്കാളിത്തത്തോടെ ഓരോ പഞ്ചായത്തിന്റെയും ചരിത്രം എഴുതുന്ന വലിയൊരു പദ്ധതി അവര്‍ ഏറ്റെടുത്തിട്ടുണ്ട് (പണിക്കര്‍ 2021).
രണ്ടായിരാമാണ്ടില്‍ കോട്ടയത്ത് വെച്ചു നടന്ന ഒരു പ്രാദേശിക ചരിത്രരചന ശില്പശാലയിലാണ് പ്രൊഫ. കെ. എന്‍. പണിക്കരെ ആദ്യം കാണുന്നത്. പിന്നീട് ജെഎന്‍യു കാലത്ത് രണ്ട് വട്ടം അത്താഴശേഷം ഹോസ്റ്റല്‍ മെസ്സ് ഹാളുകളില്‍ നടക്കാറുള്ള പ്രഭാഷണത്തിലും. പിന്നീട് ഹാന്‍സ്രാജ് കോളേജില്‍ ചരിത്രാധ്യാപകനായി ചേരുമ്പോള്‍ എനിക്ക് മുന്‍പ് അവിടെ പഠിപ്പിച്ചിരുന്ന മലയാളി മാത്രമല്ല, എല്ലാവരും ആദരവോടെ ഓര്‍ക്കുന്ന ഒരു സീനിയര്‍ കൂടിയായിരുന്ന അധ്യാപകനെപ്പറ്റി കേട്ടറിഞ്ഞു. പിന്നീട്, കേരളത്തില്‍ പോകുമ്പോഴൊക്കെ സന്ദര്‍ശിക്കാറുള്ള കാലടി സര്‍വകലാശാലയിലെ അക്കാദമിക മികവില്‍ പണിക്കരെന്ന ദാര്‍ശനികന്റെ കൈയൊപ്പ് കണ്ടു. ദില്ലയില്‍ ജനസംസ്‌കൃതിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമ്പോള്‍ വലിയൊരു സംഘാടകനെ ഓര്‍ക്കുന്ന മലയാളികളെ കണ്ടു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹന്‍സ്രാജ് കോളേജിന്റെ ചരിത്ര ജേര്‍ണലിനു വേണ്ടി പണിക്കരെ ഇന്റര്‍വ്യൂ ചെയ്യാന്‍ എന്റെ വിദ്യാര്‍ത്ഥിനി ദീപശ്രീയോട് നിര്‍ദേശിച്ചു. ഒരു ബിരുദ വിദ്യാര്‍ത്ഥി അഭിമുഖത്തിനു സമീപിച്ചപ്പോള്‍ പണിക്കര്‍ മാഷ് സന്തോഷത്തോടെ സമ്മതിച്ചു. എന്നാല്‍ അനാരോഗ്യം അതിനനുവദിച്ചില്ല. പണിക്കര്‍ മാഷുടെ ഹന്‍സ്രാജ് കോളേജ് കാലത്തെക്കുറിച്ചും വര്‍ഗ്ഗീയ വിരുദ്ധ പോരാട്ടങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാനുള്ള ആഗ്രഹം അവശേഷിക്കുന്നു. ഇനിയും വായിച്ചു തീര്‍ക്കാത്ത മാഷുടെ നിരവധി പഠനങ്ങളില്‍ ദില്ലിക്കാലത്തെക്കുറിച്ചുള്ള കൂടുതല്‍ ഓര്‍മ്മകള്‍ വായിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒപ്പം മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ അതിജീക്കാനുള്ള പ്രചോദനം കൂടിയാണ് മാഷുടെ എഴുത്തുകളും ഇടപെടലും.

ദില്ലയില്‍ ഞങ്ങള്‍ക്ക് മുന്‍പേ നടന്ന് അറിവിന്റെ, പോരാട്ടത്തിന്റെ വഴി തെളിച്ച അധ്യാപകന്, സഖാവിന് വിട.

ജസ്റ്റിൻ മാത്യു,
ഡൽഹി യൂണിവേഴ്സിറ്റി ചരിത്രദ്ധ്യാപകൻ

റെഫറന്‍സ്

K. N. Panikkar. 1968. British Diplomacy in North India: A Study of the Delhi Residency. New Delhi: Associated Press.
K. N. Panikkar (ed). 1990. Peasant Protest and Revolts in Malabar. New Delhi: ICHR and PPH.
K. N. Panikkar. 1991. Communalism in India: History, Politics and Culture. Delhi: Manohar.
K. N. Panikkar 1991 b. ‘A Historical Overview’, In Anatomy of a Confrontation: The Babri Masjid-Ramjanmabhumi Issue, edited by Sarvepalli Gopal. New Delhi: Penguin Books.
K. N. Panikkar. 1994. ‘In Defence of ‘Old’ History’, Economic and Political Weekly 29, no. 40, 2595-2597.
Sarvepalli Gopal et. al. 1990. ‘The Politics of Abuse of History: Babri Masjid-Rama Janmabhumi Dispute,’ Social Scientist 18, no. 1/2, 76-81.
K. N. Panikkar. 2000. ‘It is a Fear of History’ Interview with K. N. Panikkar. Frontline, 04 March.
K. N. Panikkar. 2002. Before the Night Falls: Forebodings of Fascism in India. Bangalore: Books for Change.
K. N. Panikkar. 2003. ‘History Retold: Fascist Future of the Present’, Frontline, 6. January.
K. N. Panikkar. 2009. ‘Ways of Hindutva’, Frontline, 10 April.
K. N. Panikkar. 2009. Colonialism, Culture, and Resistance. Delhi: OUP.
K. N. Panikkar. 2012. Ed. Perspectives of Modern Indian History. Mumbai: Popular Prakahan.
K. N. Panikkar. 2013. History as a Site of Struggle: Essays on History, Culture and Politics. Gurgaon: Three Essays Collective.

Comments

comments