ഈ പരസ്യങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ എങ്ങനെയാണ് ആണത്തത്തെയും പെണ്ണത്തെയും ഉല്പാദിപ്പിക്കുന്നത് എന്നത് മനസിലാകും.

  1. 1.   സാമ്പ്രദായികമായ ആണ്‍കരുത്തനും സ്ത്രീ ദുര്‍ബലയുമാണെന്ന ദ്വന്ദ്വത്തിന്റെയും പുറംലോകം പുരുഷന് അകം സ്ത്രീക്ക് എന്ന വിഭജനത്തിന്റെയും പുനരുല്പാദനമാണ് ഇവയുടെ അടിസ്ഥാനം. കരുത്തനായ മസിലുള്ള പ്രകോപനം ഉണ്ടാക്കുന്ന ആക്രമിക്കുന്ന ആണാണ് പരസ്യങ്ങളുടെ കേന്ദ്രം. നഗ്നമായ ആണ്‍ശരീരമാണ് ഇവിടെ ദൃശ്യമാകുന്നത്.വെളുത്ത, മിനുസമുള്ള ജിമ്മിലൂടെ നവീകരിക്കപ്പെട്ട ശരീരമാണിത്. സ്ത്രീയാകട്ടെ പതിവുപോലെ ദൗര്‍ബല്യത്തിന്റെയും സംരക്ഷിക്കപ്പെടലിന്റെയും കാഴ്ചയായി മൊത്തം മൂടിപ്പൊതിഞ്ഞും.

2.  പരസ്യങ്ങളിലെല്ലാം ക്രിയാഭരിതമാണ്. ഈ ക്രിയകളുടെ കേന്ദ്രം ആണാണ്. അവന്റെ സ്ഥാനം പുറം ലോകമാണ്. സമൂഹം പുരുഷന് നല്കിയിട്ടുള്ള കളി, സംഘട്ടനം, സംരക്ഷണം, ലൈംഗികത എന്നിവയാണ് ഇവിടുത്തെ ക്രിയകള്‍. വലേറോയില്‍ പന്തുകളിയാണ്. ആണ്‍കരുത്തിന്റെ പ്രകടനപരതയുടെ ആഘോഷമായാണ് കായികത്തെ കാണുന്നത്. സ്ത്രീകള്‍ ഈ മേഖലയില്‍ ഉണ്ടെങ്കിലും സ്പോര്‍ട്സും ഗെയിംസും ആണിന്റേതായാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. അതിന്റെ കാരണം കരുത്ത് ആണിനാണെന്ന പുരുഷ ധാരണയാണ്. ലൈംഗികതയെ കളിയായി കാണുന്നതും അതിലും കേന്ദ്രമായി ആണിനെ നിര്‍വചിക്കുന്നതും ഇതിന്റെ ഭാഗമാണ്. ഫ്രെഞ്ചിയുടെ പരസ്യത്തില്‍ആണത്തത്തിന്റെ ശരിയായ ലക്ഷണമായ പെണ്ണിനെ സംരക്ഷിക്കുകയെന്ന, അതും അടിച്ചു തകര്‍ത്ത് ക്രിയയുടെ പൂര്‍ണത അവതരിപ്പിക്കുന്നു.   

 3  ഇവിടങ്ങളിലെല്ലാം സ്ത്രീ ഒരുക്രിയയും ചെയ്യാനില്ലാത്തവളും പുരുഷന്‍ ചെയ്യുന്നത് നിസംഗമായി കാണുന്നവളോ ആസ്വദിക്കുന്നവളോ ആണ്. പുരുഷന്റെ കരുത്തിന് വിധേയമാകുക, അവനെ ശരിയായ ആണാക്കി പരിവര്‍ത്തിപ്പിക്കുക, കരുത്തിന്റെ വിപരീതമായ സൗന്ദര്യത്തിന്റെ രൂപമായി ചമഞ്ഞൊരുങ്ങുക എന്നിങ്ങനെ സാമ്പ്രദായികമായ പുരുഷ ചിന്തയിലെ സ്ത്രീയായി മാറുന്നു ഇവിടുത്തെ സ്ത്രീകള്‍. കരുത്തിന്റെ അടയാളമായി ആണിന്റെ ശരീരം വരുന്നെങ്കില്‍ ജ്വലിപ്പിക്കുന്ന, കാമം ജനിപ്പിക്കുന്ന സൗന്ദര്യത്തിന്റെ രൂപമായി സ്ത്രീ ശരീരങ്ങള്‍ മാറുന്നു. ആധുനിക കാലത്തു രൂപപ്പെട്ട ദ്വന്ദ്വത്തിന്റെ പുനരുല്പാദനമായിട്ടാണ് ഈ പരസ്യങ്ങള്‍ശരീരങ്ങളെ കുറിച്ചു സംസാരിക്കുന്നത്. അങ്ങനെ ആണിന്റെ പെണ്ണിന്റെ മുകളിലുള്ള ആധിപത്യം സൂക്ഷ്മമായി സൃഷ്ടിച്ചെടുക്കുന്ന സാംസ്കാരിക പ്രയോഗമായി അടിവസ്ത്രക്കാഴ്ചകള്‍ മാറുന്നു.

പുരുഷ ജട്ടികളുടെ ലിംഗരാഷ്ട്രീയം കൃത്യമായി സൂചിപ്പിക്കപ്പെടുന്നത് അതിന്റെ സവിശേഷമായ ദൃശ്യവല്കരണത്തിലാണ്. ജട്ടിമാത്രം വസ്ത്രമായി കാണിച്ചുകൊണ്ട് ബാക്കിയെല്ലാം നഗ്നമാക്കി നിലനിര്‍ത്തുന്നതാണ് പരസ്യങ്ങളിലെ കാഴ്ച. അരയക്കു മുകളിലോട്ട് സവിശേഷമായ കാഴ്ചാ പ്രാധാന്യം കിട്ടുന്ന വിധത്തിലാണ് പോസ് വരുന്നത്. വെറുതേ നില്‍ക്കുകയാണെങ്കിൽ പോലും ക്രിയാഭരിതമായ കരുത്തും അക്രമോത്സുകതയും വെളിപ്പെടുന്ന മട്ടിലാണ് ദൃശ്യങ്ങള്‍. കായികമായ ഒരു പ്രവര്‍ത്തനത്തിന്റെ സൂചന അവിടെക്കാണാം. മൊത്തം ശരീരത്തിന്റെ ആണത്തത്തെ അലങ്കരിക്കുന്ന വിധത്തിലാണ് ജട്ടിയെ കാണിക്കുന്നത്. കാലകത്തിയാണ് ആണ്‍ നില്‍ക്കുക. ഇരിക്കുകയാണെങ്കിലും കാലകത്തി ലിംഗവും തുടയും കൃത്യമായി കാണത്തക്കവിധമാണ്. ആണിന്റെ ലിംഗത്തിന്റെ വലിപ്പവും മുഴുപ്പം പ്രത്യേകമായി എടുത്തു കാണിക്കുന്ന വിധത്തിലാണ് ഈ പരസ്യങ്ങളെന്നതാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ലിംഗത്തിന്റെ മുഴുപ്പിനെ കേന്ദ്രീകരിച്ചാണ് ആണത്തത്തിന്റെ പുരുഷ വ്യഖ്യാനങ്ങൾ പ്രവര്‍ത്തിക്കുന്നത് എന്നത് ഇതുമായി കൂട്ടിവായിക്കണം. വലിയ ലിംഗമാണ് ലൈംഗികവിജയത്തിന്റെ ലക്ഷണമെന്നും സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ ലിംഗത്തിന് നീളം കൂടിയിരിക്കണമെന്നുമുള്ള കുട്ടിത്തം തൊട്ടേ ആണ്‍കുട്ടി പഠിക്കുന്ന പാഠങ്ങളുടെ വിശദീകരണമായാണ് ജട്ടികള്‍ ആണുങ്ങളെ പ്രലോഭിപ്പിക്കുന്നത്. വലിയ ലിംഗത്തിന്റെ ഉടമകളാകാനാണ് ജട്ടികളുടെ പരസ്യങ്ങള്‍ആണിനോടു പറയുന്നത്. അങ്ങനെ ചന്തിയെയും തുടയെയും ലിംഗത്തെയും മറയ്ക്കുന്ന വസ്ത്രമല്ലാതായി അടിവസ്ത്രം മാറുകയും സ്ത്രീയെ എല്ലാത്തരത്തിലും കീഴടക്കുന്ന ആണത്തത്തിനെ നിര്‍മിക്കുന്ന പ്രത്യയശാസ്ത്രമായി മാറുകയുമാണ് ജട്ടികള്‍. സ്ത്രീയിലേക്കു തുളഞ്ഞു കയറുന്ന ആണ്‍ഭാവനകളുടെ സ്വപ്നസാക്ഷാത്കാരമാണ് ഓരോ ആണ്‍ജട്ടി പരസ്യങ്ങളും.

സ്ത്രൈണതയെ പരിപോഷിപ്പിക്കുമ്പോള്‍

ആണ്‍ജെട്ടി പരസ്യങ്ങളുടെ ലിംഗരാഷ്ട്രീയം എത്രമാത്രം വിവേചനപരമാണെന്നു കാണണമെങ്കില്‍സ്ത്രീകളുടെ അടിവസ്ത്രങ്ങളുടെ പരസ്യങ്ങളെ വായിക്കണം. പുരുഷ ജെട്ടി പരസ്യങ്ങള്‍ടിവിയില്‍ വ്യാപകമായിരിക്കുമ്പോള്‍ സ്ത്രീകളുടെ അടിവസ്ത്ര വീഡിയോകള്‍അധികമില്ലെന്നതാണ് ശ്രദ്ധേയമായ സംഗതി. അതേസമയം അവയുടെ അച്ചടി പരസ്യങ്ങള്‍ ധാരാളമുണ്ടുതാനും.

Comments

comments