കേരളത്തിലെ വനിതാ മാസികകളുടെ പ്രധാന ഉള്ളടക്കം തന്നെ ഇത്തരം പരസ്യങ്ങളാണുതാനും. ഈ പരസ്യങ്ങളെ സ്ഥൂലമായി നിരീക്ഷിച്ചാല്‍ തന്നെ വ്യക്തമായി ഒരു വിവേചനം കാണാം, ആണ്‍ജെട്ടികളുടെ പരസ്യങ്ങളില്‍സ്ത്രീ കാഴ്ചക്കാരായി ഉണ്ടായിരുന്നെങ്കില്‍ സ്ത്രീകളുടെ അടിവസ്ത്ര പരസ്യങ്ങളില്‍പുരുഷന്‍പാടെ ഒഴിവാക്കപ്പെട്ടരിക്കുന്നു എന്നതാണ്. ഇവിടെ സ്ത്രീ മാത്രം അവളുടെ ശരീരത്തെ പ്രദര്‍ശിപ്പിക്കുന്നു. ബ്രായും ജട്ടിയും ധരിച്ച് ബാക്കി ശരീരത്തെ കാഴ്ചക്കാര്‍ക്കായി വയക്കുകയാണ് ഈ പരസ്യങ്ങളുടെ പൊതുനില. വെളുത്തു തുടുത്ത, വൈദേശിക ഛായയുള്ള സ്ലിമ്മായ പുരുഷനെ ആഹ്ലാദിപ്പിക്കുന്ന ശരീരവടിവുകളുള്ള സ്ത്രീകളാണ് ഇവിടെ കാണുന്നത്. പുരുഷ പരസ്യങ്ങളില്‍നിന്നു ഭിന്നമായ ധര്‍മത്തിലാണ് ഇവിടെ സ്ത്രീ കാണപ്പെടുന്നത്. പുരുഷന്‍ ജട്ടിയിട്ട് അധികാരത്തോടെ കാലകത്തി ഇരിക്കുകയാണെങ്കില്‍ സ്ത്രീ മിക്കപ്പോഴും നില്‍ക്കുന്ന രീതിയിലാണ് കാണുന്നത്. ഇരിക്കുകയാണെങ്കിലും നില്‍ക്കുകയാണെങ്കിലും കാലടുപ്പിച്ച് വച്ച് അടങ്ങിയൊതുങ്ങിയാണ് പ്രത്യക്ഷപ്പെടുക.അധികാരഭാവമോ എന്തെങ്കിലും പ്രവര്‍ത്തനസ്വഭാവമോ സ്ത്രീയുടെ ദൃശ്യതയില്‍ ഇല്ല. മറിച്ച് നിസംഗയായമട്ടിലുള്ള കാഴ്ചയ്ക്കു വിധേയപ്പെടലാണ് സ്ത്രീയുടെ അവസ്ഥ. നോക്കുന്ന ആളിന് തന്റെ ശരീരാവയവങ്ങളുടെ സൗന്ദര്യം നുകരുവാനുള്ള ക്രമീകരണമാണ് അവളുടെ പോസ്. പുരുഷന്‍സ്ത്രീക്കു നിര്‍വചിച്ചിട്ടുള്ള മൃദുലതയും അടക്കവും ഒതുക്കവും അധികാരരാഹിത്യവും ലൈംഗികപ്രലോഭനതയും കാമം ജനിപ്പിക്കലുമാണ് എല്ലാ ബ്രാ ജട്ടി പരസ്യങ്ങളുടെയും കാതല്‍. സ്ത്രീകളെ അടിവസ്ത്രങ്ങളുടെ ആവശ്യകതയെ ഉദ്ബോധിപ്പിക്കുന്നതിനപ്പുറം പുരുഷന് സൗന്ദര്യം ജനിപ്പിക്കുന്ന വിധം നിലവിലുള്ള ലൈംഗികതാ യുക്തിക്കു നിരക്കുന്ന വിധത്തില്‍എങ്ങനെ സ്ത്രീ ശരീരത്തെ ഒരുക്കാം എന്നതാണ് ഇവിടെ ഉല്പാദിപ്പിക്കുന്ന പ്രത്യയശാസ്ത്രം.

സ്ത്രീ ശരീരത്തെ പ്രദര്‍ശിപ്പിക്കുന്നതിലെ പൊതുവിലുള്ള ശരിയില്ലായ്മ അല്ലിവിടെ ഉന്നയിക്കുന്നത് മറിച്ച് പുരുഷകേന്ദ്രീകൃതമായ ലൈംഗികതായുക്തിയിലേക്കു സ്ത്രീശരീരത്തെ നിസംഗതയും സൗന്ദര്യവും ഉള്ളതായി മെരുക്കിയെടുക്കുന്നു എന്നതാണ് ഇവിടുത്തെ പ്രശ്നം. പുരുഷനെ ആഹ്ലാദിപ്പിക്കുന്ന വിധത്തില്‍ മുലകളുടെയും അടിവയറിന്റെയും സൗന്ദര്യം സൃഷ്ടിക്കണമെന്നതാണ് ഈ പരസ്യങ്ങളുന്നയിക്കുന്നത്. അതിനാലാണ് ക്രിയകളും അധികാരവും ഇല്ലാത്തവളായി സ്ത്രീയെ പ്രത്യക്ഷപ്പെടുത്തുന്നത്. വിധേയപ്പെടലിന്റെ നഗ്നതയായിട്ടാണ് സ്ത്രീയെ ദൃശ്യവല്കരിക്കുന്നതാണ് ചെറുക്കപ്പെടേണ്ടത്.

https://www.youtube.com/watch?v=IttWck7mqUg

ഡെയ്സി ഡീ എന്ന സ്ത്രീ അടിവസ്ത്ര വീഡിയോ പരസ്യം ഇത് കൃത്യമാക്കുന്നുണ്ട്. ഒരു യുവതി മാത്രമുള്ള ഈ പരസ്യം അവളുടെ അടിവസ്ത്രം മാത്രം ധരിച്ചുകൊണ്ടുള്ള അടങ്ങിയൊതുങ്ങിയുള്ള ഇരിപ്പും നടപ്പും കണ്ണാടിനോക്കലും ചിത്രം വരയ്ക്കലും മാത്രം നിര്‍വഹിക്കുന്നു. ഒരു വലിയ വീടിന്റെ അകത്തളമാണ് അതിലേറെയും കാണിക്കുന്നത്. പുറംലോകം അവിടെ വരുന്നില്ല. അതേ സമയം പുരുഷ പരസ്യങ്ങളില്‍ പുറംലോകമാണ് ഏറെ വരുന്നത്. സ്ത്രീ വീടിന്റെ അകത്ത് അതിലെ ജോലികള്‍ചെയ്ത് ഒതുങ്ങിക്കഴിയുകയാണ് വേണ്ടതെന്ന ആധുനികകാല പുരുഷയുക്തി പുനരുല്പാദിപ്പിക്കുകയാണ് ഈ പരസ്യം. അതിനു സഹായിക്കുന്ന വിധത്തില്‍ ചമഞ്ഞൊരുങ്ങാനും മറ്റുമാണ് സ്ത്രീക്ക് അടിവസ്ത്രം.

സങ്കീര്‍ണമായ വിധത്തില്‍നമ്മുടെ സാമുഹ്യശരീരത്തില്‍ തുന്നിച്ചേര്‍ക്കപ്പെട്ടരിക്കുന്ന പുരുഷാധിപത്യത്തിന്റെ രാഷ്ട്രീയത്തെ ന്യായീകരിക്കുകയും പുനരുല്പാദിപ്പിക്കുകയും ചെയ്യുന്നു നിസാരമെന്നു കരുതി ഒളിപ്പിക്കുന്ന അടിവസ്ത്രങ്ങളുടെ സംസ്കാരം എന്നതാണ് വെളിപ്പെടുന്നത്. ഉടയാടകളും അടിയാടകളും കേവലം ശരീരം മറയ്ക്കുന്ന വസ്ത്രങ്ങള്‍അല്ലാതാകുകയും സവിശേഷമായ പ്രത്യയശാസ്ത്രത്തിന്റെ കൂട്ടിക്കൊടുപ്പുകാരാവുകയും ചെയ്യുന്നു. ആണിനെ കൂടുതല്‍അക്രമോത്സുക ആണാക്കുകയും സ്ത്രീയെ കൂടുതല്‍ കീഴടങ്ങിനില്‍ക്കുന്ന പെണ്ണാക്കുകയും ചെയ്യുന്ന ലിംഗ,ലൈംഗികകാഴ്ചപ്പാടുകളുടെ പ്രയോഗങ്ങളെ ശക്തമായി തിരിച്ചറിയപ്പെടേണ്ടതുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങളുടെ തുന്നലുകളും ഊടും പാവും ഏതൊക്കെ ആധിപത്യങ്ങളില്‍ നിന്നാണ് ഉല്പാദിപ്പിക്കുന്നതെന്ന പ്രശ്നം നാം കൂടുതലായി ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.

Comments

comments