ആഗോളവല്‍കരണത്തിന്‍റെ ആപത്തുകളിലൊന്ന്‍ പ്രാദേശിക സംസ്കൃതികളെ അത് ഇല്ലാതാക്കുന്നു എന്നത് തന്നെയാണ്.ഭാഷകളുടെ മരണം, തനതു കലകളുടെയും സാഹിത്യത്തിന്‍റെയും അപ്രത്യക്ഷമാകലോ  മ്യൂസിയവവല്‍ക്കരണമോ ഒക്കെ ഇതിന്റെ ഭാഗമായി സംഭവിക്കുന്നു. എന്നാല്‍ കുടിയേറ്റസമൂഹങ്ങ പലപ്പോഴും ഇതിനെ ചെറുത്തു  നില്‍ക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്യാറുണ്ട്. അത്തരത്തില്‍ പരിമിതമെങ്കിലും പ്രസക്തമായ ഒരു പിടിച്ചുനില്‍പ്പാണ് വിവിധ ചരിത്രസാഹചര്യങ്ങളിലൂടെയും സംഘര്‍ഷഭരിതമായ സാംസ്കാരിക പ്രക്രിയകളിലൂടെയും കടന്നു പോന്ന കൊങ്കിണി ഭാഷക്കുള്ളത്. കേരളത്തിലെ കൊങ്കണിഭാഷയുടെ സവിശേഷമായ ഈ സാഹചര്യത്തെ കുറിച്ചുള്ള ഒരു ആമുഖ കുറിപ്പ് മാത്രമാണ് ഈ ലേഖനം. കൂടുതല്‍ വിശദമായ പഠനങ്ങ എന്തുകൊണ്ട് ആവശ്യമാകുന്നു എന്ന് സൂചിപ്പിക്കുക മാത്രമാണ് ഈ കുറിപ്പിന്‍റെ  പ്രധാനലക്ഷ്യം എന്ന് പറയാം.

1989 നവംബര്‍ 15ന് യുനെസ്കോ ഇറക്കിയ പരമ്പരാഗത സംസ്കൃതിയുടെയും ഫോക് ലോറിന്‍റെയും സംരക്ഷണക്കായിട്ടുള്ള ശുപാര്‍ശയില്‍ ഫോക് ലോറിനെ നിര്‍വചിക്കുന്നതിങ്ങനെയാണ്1  :

ഫോക് ലോര്‍ (അഥവാ പരമ്പരാഗതവും ജനകീയവുമായ സംസ്കൃതി) ഒരു സാംസ്കാരിക ജനതതിയുടെ പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സൃഷ്ടികളുടെ സാകല്യമാണ്, ഒരു ഗണമോ വ്യക്തികളോ ആവിഷ്കരിക്കുന്നതും അതിന്‍റെ സാംസ്കാരികവും സാമൂഹികവുമായ അനന്യതയെ പ്രതിഫലിപ്പിക്കുന്ന വിധം ഒരു സമൂഹത്തിന്‍റെ പ്രതീക്ഷകളെ പ്രതിബിംബിക്കുന്നതെന്നു അംഗീകരിക്കപ്പെട്ടിട്ടുള്ളതും ആണ്; അതിന്‍റെ മാനദണ്ഡങ്ങളും മൂല്യങ്ങളും അനുകരണമോ മറ്റു വിധത്തിലോ വാഗ് രൂപമായി വിനിമയം ചെയ്യപ്പെടുന്നതുമാണ്.  അതിന്‍റെ  രൂപങ്ങള്‍, മറ്റു പലതിനുമൊപ്പം, ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, കളികള്‍, പുരാവൃത്തങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആചാരങ്ങള്‍, കരകൌശലങ്ങള്‍, വാസ്തുശാസ്ത്രങ്ങള്‍, മറ്റു  കലകള്‍ എന്നിങ്ങനെയാണ്.

ഫോക്ലോറിസ്ടിക്സ് ഓരോ പ്രദേശത്തെയും  സംസ്കാരോപസംസ്കാരങ്ങളേയും, സൂക്ഷ്മസംസ്കാരങ്ങളേയും വസ്തുനിഷ്ഠമായും സൈദ്ധാന്തികമായും പഠനവിധേയമാക്കുന്ന പഠനരീതിശാസ്ത്രമാണ്.  അമേരിക്കന്‍  ഫോക് ലോര്‍ രംഗത്ത് വിപ്ലവാത്മക മാറ്റങ്ങള്‍ കുറിച്ച ഡാന്‍ ബെന്‍-ആമോസ് “ചെറു കൂട്ടായ്മയിലെ കലാപരമായ ആശയവിനിമയം” (“folklore is artistic communication in small groups”)2 എന്നാണ് ഫോക് ലോറിനെ വിശേഷിപ്പിച്ചത്‌.  കേരളത്തിലെ അറിയപ്പെടുന്ന ഫോക് ലോറിസ്റ്റ് ആയ രാഘവന്‍ പയ്യനാട് “ഫോക് ലോറിന്‍റെ വര്‍ത്തമാനം” എന്ന തന്‍റെ ലേഖനത്തില്‍ “ആഗോളീകരിക്കപ്പെടുന്ന അവസ്ഥയില്‍ ഇന്നും നിലനില്‍ക്കുന്ന ചെറിയ കൂട്ടായ്മക്കകത്തു സംഭവിക്കുന്ന ആശയവിനിമയ പ്രക്രിയയാണ് ഫോക് ലോര്‍”3 എന്ന് സമര്‍ഥിക്കുന്നു.  കേരളത്തിന്‍റെ തീരങ്ങളില്‍ ചരിത്രത്തിന്‍റെ  വേലിയേറ്റങ്ങളിലൂടെ  അടിഞ്ഞെത്തിയ കൊങ്കണിഭാഷ സംസാരിക്കുന്ന ന്യൂനപക്ഷ സമുദായങ്ങള്‍ തങ്ങളുടെ തനതു സംസ്കൃതി നിലനിര്‍ത്തിയ കൂട്ടായ്മയാണ്.  അര്‍ദ്ധ സഹസ്രാബ്ധമായി  തങ്ങള്‍ കുടിയേറി പാര്‍ക്കുന്ന വിഭിന്ന സംസ്കൃതിയെഴും നാട്ടില്‍, ആഗോളീകരണ വേളയിലും തങ്ങളുടെ കൂട്ടായ്മക്കുളിലെ ആശയവിനിമയ പ്രക്രിയയുടെ തനതുഭാവങ്ങളെ നിലനിര്‍ത്തിപ്പോരുന്നു എന്നത്  ശ്ലാഘനീയമായ വസ്തുതയാണ്.  ഭ്രമണവാസന [Peregrine nature] മനുഷ്യചേതസ്സിന്റെ അവിഭാജ്യഘടകമെങ്കിലും,  ചരിത്രാവസ്ഥകള്‍ കൊണ്ടുണ്ടാകുന്ന പ്രവാസം പലപ്പോഴും ദുഖകരമായ അവസ്ഥയാണ്. അത്തരത്തിലുള്ള പ്രവാസം വേരൂന്നിയ സംസ്കാരങ്ങളുടെ അറ്റുപോകലാണ്, അന്ത:ച്ഛിദ്രമാണ്. അതിനെ അതിജീവിച്ചു തങ്ങളുടെ സംസ്കൃതിയും നാട്ടുവഴക്കങ്ങളും, സര്‍ഗാത്മക, സൌന്ദര്യാത്മക  പ്രത്യേകതകളേയും പരിപാലിക്കാന്‍ സാധിച്ചു എന്നതുമാത്രമല്ല അതിനെ സജീവമായി അനുവര്‍ത്തിക്കുവാനും സാധിക്കുന്നു എന്നതാണ് കേരളത്തിലെ കൊങ്കണി പ്രയോക്താക്കളെ വിഭിന്നരാക്കുന്നത്.  കാലത്തെ അതിജീവിച്ചു ഈ സംസ്കൃതിയുടെ മുഖ്യ അംശങ്ങള്‍   സമൂഹത്തില്‍ നിലനില്‍ക്കുന്നു എന്നത് കൊണ്ടു ഇതു Living Folklore ആയി പരിണമിക്കുന്നു. വര്‍ത്തമാനത്തിന്‍റെ  ഊര്‍ജ്ജസ്വലമായ  ശബ്ദമായി പരിലസിക്കുന്നു.  ചരിത്ര വഴികളിലൂടെയുള്ള ഈ ഭാഷാസമൂഹത്തിന്‍റെ സഞ്ചാരവും ഈ സംസ്കൃതിയുടെ പ്രത്യേകമായ ലക്ഷണ വിശേഷങ്ങളേയും ഈ പ്രബന്ധം പഠന വിധേയമാക്കുന്നു.

കൊങ്കണ്‍ പ്രദേശവുമായുള്ള നാളീബന്ധം

കക്ക്യാ തൂ ഗോയ്യാ ഗെല്ലോലോ വേ
അവ്ഗേലെ ധുവ്വേലെ ബമ്മ്ണാ ദിക്കിലെ വേ
ആജി ഫായി എത്തോലോ ഹ്മണ്‍താലൊ വേ
കക്ക്യാ തു ഗോയ്യാ ഗെല്ലോലോ വേ…”

കാക്കേ, നീ ഗോവേൽ  പോയിരുന്നോ,
നമ്മടെ മോൾടെ ചെക്കനെ കണ്ടിരുന്നോ
ഇന്നോ നാളെയോ വരുമെന്ന് പറഞ്ഞിരുന്നോ
കാക്കേ
, നീ ഗോവേൽ പോയിരുന്നോ”

കൊച്ചു കുട്ടികളെ താളത്തിൽ തുള്ളി കളിപ്പിക്കുന്നതിനായി കേരളത്തിലും കർണാടകത്തിലും പ്രചാരത്തിലുള്ള ഒരു കൊങ്കണി നാടോടി ഗാനത്തിൻറെതാണ് ഗൃഹാതുരത്വം തുളുമ്പുന്ന ഈ ശീലുകൾ.  പെണ്‍കുട്ടികൾക്ക് വേണ്ടിയുള്ളതാണ് മേൽപ്പറഞ്ഞ ഈ “കാകദൂത്” എങ്കിൽ, ആണ്‍കുട്ടികൾക്കായി നേരെ തിരിച്ചുമുള്ള പാഠഭേദവും ഉണ്ട്.  ഗോവയിൽ നിന്നുള്ള മണിമാരൻ തങ്ങളുടെ മകൾക്കായ്‌ ഇന്ന് വരും നാളെ വരും എന്ന് കാത്തിരിക്കുകയാണ് അച്ഛനമ്മമാർ.  പ്രവാസത്തിൻറെ നൊമ്പരം മുറ്റി നില്ക്കുന്നത്തിനോടൊപ്പം പണ്ടെങ്ങോ ഉപേക്ഷിച്ചു പോന്ന സ്വന്തംദേശവുമായുള്ള ബന്ധം അറ്റ്പോയിട്ടില്ല എന്ന് സ്ഥാപിക്കാനുള്ള ഉൽക്കടമായ ആഗ്രഹവും, ഈ നാടോടിശ്ശീലിന്റെ  ലളിത പദാവലിയിൽ തെളിയുന്നുണ്ട്.  അതേസമയം, വരികൾക്കിടയിലുള്ള വായനയിൽ തെളിയുന്ന വർണ്ണസങ്കരത്തോടുള്ള വൈമുഖ്യവും ഈ ഈരടികളിൽ മറഞ്ഞിരിക്കുന്നതായും മനസ്സിലാക്കാം. വീണേടം വിഷ്ണുലോകം എന്നു കരുതാനുള്ള മാനസിക ഇലാസ്തികത ആദ്യകാല കൊങ്കണി കുടിയേറ്റക്കാർക്ക് ഒരൽപം കുറവായിരുന്നു എന്ന് വേണം കരുതാൻ. 500ൽ പരം വർഷങ്ങളുടെ അന്യദേശവാസം മായ്ച്ചു കളയാത്ത ഗൃഹാതുരത്വം ഈ ആഗോളീകരണ അൽപ്പമെങ്കിലും ഒളിമങ്ങുന്നുണ്ടോ, വിസ്മൃതിയിൽ ആഴുന്നുണ്ടോ എന്ന ചെറുസംശയം മാതൃഭാഷ പാടേ ഉപേക്ഷിച്ചു മലയാളത്തെ സ്വാംശീകരിക്കുന്ന ചില പ്രദേശങ്ങളിലെ യുവതലമുറയെ നിരീക്ഷിക്കുമ്പോള്‍ താനേ തലപൊക്കുന്നുണ്ട്. എന്നിരുന്നാലും ഈ സംസ്കൃതിയുടെ നിലനില്‍പ്പിനുള്ള  ശ്രമങ്ങള്‍ മറുഭാഗത്ത്‌ നടക്കുന്നത് ആശാവഹമായ കാര്യമാണ്.

ഭരണഘടനയിലെ എട്ടാം പട്ടികപ്രകാരം പരാമർശിച്ചിട്ടുള്ള 22 ഷെഡ്യൂൾഡ് ഭാഷകളിൽ ഒന്നാണ് കൊങ്കണി.  ഇന്ത്യൻ കറൻസി നോട്ടുകളിൽ മലയാളത്തിനു തൊട്ടുമുൻപായി അതിൻറെ സാന്നിദ്ധ്യമുണ്ട്.  ഭാരതത്തിൽ കൊങ്കണിഭാഷ സംസാരിക്കുന്നവർ രാജ്യത്താകമാനം പരന്നു കിടക്കുന്നതായാണ് കാണപ്പെടുന്നത്.  ഇതിൽ ആര്യ-ദ്രാവിഡ വംശജർ ഉണ്ട്.  പഴയ ചാതുർവർണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും  ബാക്കിപത്രമായി ഗൌഡസാരസ്വതബ്രാഹ്മണരും, ‘ഷേണാപഞ്ച്എന്ന സാരസ്വതരും,  വൈശ്യ-വാണിയരും, ‘കുണ്‍ബിഎന്ന കുടുംബികളും എന്നിങ്ങനെയുള്ള സാംസ്കാരിക പരിച്ഛേദമുണ്ട്.  ഇവർ രാജ്യമൊട്ടാകെ കാണപ്പെടുന്നുവെങ്കിലും, കൊങ്കണ്‍ തീരപ്രദേശങ്ങളിലാണ് കൂടുതലായും കാണപ്പെടുന്നത്. ഇതിൽ ഗോവ ഇവരുടെ നാടായി ഭരണഘടനാപരമായും അ൦ഗീകരിക്കപ്പെട്ടിരിക്കുന്നു.  എന്നിരുന്നാലും, ഇവർ കർണാടകവും, കേരളവും, തരക്കേടില്ലാത്ത തോതിൽ മഹാരാഷ്ട്രയും തങ്ങളുടെ സ്ഥിരവാസസ്ഥലമായും, കുടിയേറ്റസംസ്ഥാനങ്ങളായും എടുത്തിരിക്കുന്നതായി കാണാം.  ഈ കുടിയേറ്റത്തിന്റെ ചരിത്രകാരണങ്ങൾ പരിശോധിക്കാതെ കേരളത്തിലെ കൊങ്കണിപ്രയോക്താക്കളെ കുറിച്ചു സംസാരിക്കാൻ സാദ്ധ്യമല്ല.
കൊങ്കണദേശത്ത് നിന്നും വരുന്നവരെയാണ് കൊങ്കണികൾ എന്ന് പറയുന്നത്. പദോല്പത്തിയുടെ പുരാവൃത്തങ്ങൾ പലതാണ്. 
കുക്കണഗോത്രത്തിൽ പെട്ടവരെയാണ് കൊങ്കണി എന്നു വിളിക്കുന്നതെന്നും, അതല്ല പരശുരാമൻ മഴുവെറിഞ്ഞു നേടിയ ഭൂമിയുടെ ഒരു കോണിന്റെ (അറ്റത്തിന്റെ) തുണ്ട് അഥവാ കണമാണ് കൊങ്കണി ആയതെന്നും പല ഐതിഹ്യങ്ങളും നിലവിലുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ, ‘കൊങ്കണികൾ ഒരു ഏകജാതീയ (homogenous) വിഭാഗമല്ല.  കൊങ്കണിഭാഷക്ക് ദ്രാവിഡത്തിന്റെതായ ഒരു കീഴ്ത്തട്ട് അഥവാ കാതൽ (sub stratum) ഉണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നിരുന്നാലും കൊങ്കണി ഭാഷ ഇൻഡോആര്യൻ  അഥവാ ഇൻഡോയൂറോപ്യൻ ഭാഷാസമൂഹത്തിൻറെ ഒരു കണ്ണിയായാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.  ആര്യസംസ്കാരം വേരോടിയ കാലത്ത് സംസാരിച്ചിരുന്ന അനേകം പ്രാകൃതഭാഷകളിൽ നിന്നുമാണ് കൊങ്കണിയുടെ ജന്മം.  നഷ്ടപ്പെട്ടുപോയ, പുരാതന ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന, ‘പൈശാചിഭാഷയുമായി ഇതിനുള്ള സാമ്യം, കൊങ്കണി അപഭ്രംശത്തിന്റെ വ്യാകരണവും പദാവലിയും പരിശോധിച്ച്  ഭാഷാപണ്ഡിതർ ചൂണ്ടിക്കാട്ടുന്നു.  ഇതുകൂടാതെ മഹാരാഷ്ട്രിയും ശൌരസേനിയുമായുള്ള സാമ്യവും എടുത്തു പറയുന്നുണ്ട്.  എന്നാൽ ഇത് മറാത്തിഭാഷയുടെ ഭാഷാഭേദമാണെന്ന് (Dialect) ഇടക്കാലത്തുണ്ടായ തർക്കങ്ങൾ ഇപ്പോൾ ഏതാണ്ട് ശമിച്ചമട്ടാണ്.  രണ്ടും ഇൻഡോ യൂറോപ്യൻ പ്രാകൃതഭാഷയിൽ നിന്നുരുത്തിരിഞ്ഞു വന്നതാണെന്നും എന്നാൽ ഇവയ്ക്കു  ദ്രാവിഡമായ ഒരു അടിത്തട്ടുണ്ടെന്നതും ഏകദേശം അംഗീകരിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്.  ഗുജറാത്തി ഭാഷയുമായി കൊങ്കണിക്ക് സാമ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.  പദങ്ങളിലെ സമാനതകളും, ‘കാരം ഉപയോഗിക്കാനുള്ള പ്രവണതയും ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.  മറ്റൊരു ഇൻഡോ യൂറോപ്യൻ വംശജമായ ബംഗാളിഭാഷയുമായുള്ള കൊങ്കണിയുടെ സാദൃശ്യം – രണ്ടും “കാരബഹുലം” ആണെന്നുള്ളതും*,  സാംസ്കാരികമായുള്ള മറ്റു ചില സമാനതകളും – ഭാഷാപണ്ഡിതന്മാർ ചൂണ്ടിക്കാണിക്കുന്നത് ഇവ സജാതീയ (cognates) ഭാഷകളാണ് എന്നടിവരയിടാനാണ്. ഏതോ ഒരു കാലഘട്ടത്തിൽ ബംഗാളി, ഒറിയ എന്നീ ഭാഷകൾ ഉത്ഭവിച്ച മാഗധി പ്രാകൃതവുമായി കൊങ്കണി ഭാഷയ്ക്ക്‌ ബന്ധമുണ്ടായിരുന്നു എന്നാണു അനുമാനം. വ്യത്യസ്ത കാലഘട്ടങ്ങളിൽ വിവിധ തരംഗങ്ങളായി, കൊങ്കണി സംസാരിക്കുന്ന ഇൻഡോ ആര്യൻ  വംശജർ ഇന്ത്യയുടെ വടക്കുകിഴക്ക് നിന്നും, വടക്ക് പടിഞ്ഞാറ് നിന്നും, കൊങ്കണ്‍ തീരങ്ങളിൽ, പ്രത്യേകിച്ചു ഗോവയിൽ വന്നു താമസമുറപ്പിക്കുന്നതായി കാണുന്നുണ്ട്. ഇവിടെ നിന്നുമാണ് കൊങ്കണി ഭാഷ കേരളക്കരയിൽ ചേക്കേറിയത്.

വ്യത്യസ്ത രീതികളിലാണ് കേരളത്തിലേക്കുള്ള കൊങ്കണികളുടെ വരവ്.  വ്യവസായ-വാണിജ്യാവശ്യങ്ങൾക്കായിട്ടു വന്നവർ, കൃഷിയിടങ്ങളിൽ പണി ചെയ്യാൻ സംഘമായി എത്തിയവർ,  മതപീഡനം ഭയന്ന് രാജ്യം വിട്ടവർ.  അതിലവസാനത്തെ വിഭാഗമാണ്‌ വൻ കുടിയേറ്റ സംഘങ്ങളായി മലയാളക്കരയിലേക്കെത്തിയത്.  മദ്ധ്യയുഗങ്ങളിലെ രണ്ടു ഘട്ടമായിട്ടുള്ള പലായനങ്ങളാണ് ബ്രാഹ്മണരായ കൊങ്കണികളെയും കുടുംബികളെയും കൂട്ടമായി ഗോവയിൽ നിന്നും കേരളത്തിൽ എത്തിച്ചത്.  1350 മുതൽ ബാഹ്മനി സുൽത്താനത്തും പിന്നീട് ആദിൽ ഷായുടെ ബിജാപൂർ സുൽത്താനത്തും കൈക്കൊണ്ട നടപടികളില്‍ ഉള്ള അതൃപ്തി കുടിയേറ്റത്തിന് കാരണമായിട്ടുണ്ടെന്നു സൂചനകള്‍ ഉണ്ടെങ്കിലും പിന്നീടു 1510ൽ ഗോവ പോർച്ചുഗീസിൻറെ വരുതിയിൽ വന്നപ്പോഴാണ്, മതപീഡനമുറകൾക്ക് വ്യാവസ്ഥാപിക മാനം കൈവരികയും അത് സർക്കാരിന്റെ അനുമതിയോടു (state sanctioned) കൂടിജീവിതം അങ്ങേയറ്റം ദുസ്സഹമാക്കി മാറ്റുകയും ചെയ്തത്. അൽഫോൻസോ ഡി അൽബുക്കർക്കിന്റെ കാലഘട്ടത്തിൽ പോര്‍ത്ത്ഗീസുകാര്‍ തുടങ്ങിയ മതദ്രോഹവിചാരണക്കോടതികൾ (Inquisition), സ്വന്തംപ്രകാരം ജീവിക്കാൻ കൊങ്കണികളെ അനുവദിച്ചില്ല എന്നത് മാത്രമല്ല തീവ്രവും വ്യാപകവുമായ മതപരിവർത്തനം (proselytization) നടത്തുകയും, അതനുസരിക്കാത്തവരെ മരണം ഉൾപ്പെടെയുള്ള പല തരത്തിലുള്ള ശിക്ഷാ നടപടികൾക്കും പീഡനങ്ങൾക്കും വിധേയമാക്കുകയും ചെയ്തു.  പലായനത്തിന്റെ ഈ രണ്ടാം ഘട്ടത്തിലാണ് കേരളതീരങ്ങളിലേക്ക് കൊങ്കണികളുടെ ഒരു വൻ പുറപ്പാട് – ഒരു mass exodus – നടന്നത്.  കരമാർഗ്ഗo സഞ്ചരിച്ചവർ മറാത്താസാമ്രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും, ഉത്തര കർണാടക, ദക്ഷിണകർണാടക, മംഗലാപുരം, ഉടുപ്പി എന്നിങ്ങനെ കർണാടകത്തിന്റെ വ്യത്യസ്തഭാഗങ്ങളിലും,  കേരളത്തിൻറെ വടക്കൻ പ്രദേശങ്ങളിലും വന്നുപാർക്കുകയും, കടൽമാർഗം പത്തേമാരികളിൽ രക്ഷപ്പെട്ടവർ കേരളത്തിൻറെ തീരപ്രദേശങ്ങളിൽ കുടിയേറി താമസം  തുടങ്ങുകയും ചെയ്തു.  ആദ്യത്തെ സംഘം എത്തിച്ചേർന്നത്‌ ചെറായി കടപ്പുറത്തായിരുന്നു.   അവിടെനിന്ന്, വൈപ്പീൻ, കൊച്ചി, വടക്കൻ പറവൂർ കൊടുങ്ങല്ലൂർ, എന്നീ സമീപപ്രദേശങ്ങളിലും, വടക്കോട്ട്‌ മാള, തൃശ്ശൂർ, കോഴിക്കോട്, തലശ്ശേരി, കണ്ണൂർ എന്നീ സ്ഥലങ്ങളിലും, തെക്കോട്ട്‌ തുറവൂർ, ചേർത്തല, ആലപ്പുഴ, പുറക്കാട്, കായംകുളം, കൊല്ലം, തിരുവനന്തപുരം എന്നീ പ്രദേശങ്ങളിലും, ചങ്ങനാശ്ശേരി, കോട്ടയം എന്നീ ഉൾനാടുകളിലേക്കും ചേക്കേറി.  ഇവരിൽ ഗൌഡസാരസ്വതരും, സാരസ്വതരും, ദൈവജ്ഞരും, വൈശ്യവാണിയന്മാരും ഉണ്ടായിരുന്നു.  കൊച്ചിരാജാവ് മട്ടാഞ്ചേരിയിൽ പതിച്ചുനൽകിയ സ്ഥലത്ത് ആദ്യത്തെ ക്ഷേത്രം ഉയരുകയും, അതിൻറെ പാർശ്വപ്രദേശങ്ങളിൽ ഇവർ സമൂഹമായി താമസിക്കുകയും ചെയ്തു.  മറ്റു സ്ഥലങ്ങളിലും വൈഷ്ണവരായ  ഗൌഡസാരസ്വതർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും, അതിനു ചുറ്റും ബ്രാഹ്മണത്തെരുവുകളും അഗ്രഹാരങ്ങളും പണിയുകയും ചെയ്തു.  ഇവരെ വീട്ടുജോലികളിൽ സഹായിക്കാനായിരുന്നു കുടുംബികളെ നിയോഗിച്ചത്.

പക്ഷെ അതിനു മുൻപ് തന്നെ കേരളത്തിലെ കൃഷിയിടങ്ങളിൽ പണി ചെയ്യുവാനായി കുടുംബികൾ സംഘമായി കേരളനാട്ടിലെത്തിയിരുന്നു.  കൃഷി ചെയ്യാൻ അസാമാന്യ പാടവമുണ്ടായിരുന്ന അവർ ഇന്ത്യയിലെ തന്നെ കശ്മീർ ഒഴികെയുള്ള വിവിധ ഭാഗങ്ങളിൽ കൃഷിത്തൊഴിൽ ചെയ്യുന്ന ജാതീയസമൂഹമായി പരക്കേ അംഗീകരിക്കപ്പെട്ടിരുന്നു.  കൃഷിയിടങ്ങളിലുള്ള അവരുടെ മേൽകോയ്മ പ്രതിബിംബിക്കുന്ന കുണ്‍ബിഎന്ന പേര് തന്നെ കുണ്‍‘ – ‘ജനതഎന്നും  ബീ‘ – ‘വിത്ത്എന്ന പദങ്ങളിൽ നിന്നും ഉണ്ടായതായി കരുതപ്പെടുന്നു.  ഗോത്രവർഗ്ഗമായിരുന്നതു കൊണ്ട് അവരുടെ പ്രധാനിയെ മൂപ്പൻഎന്നാണ് വിളിച്ചിരുന്നത്‌.  കൊടുങ്ങല്ലൂർ അമ്മയായ ശ്രീ കുറുംബാഭഗവതിയെ ഇവർ പരദേവതയായി ആരാധിച്ചുപോന്നു. ഭഗവതിക്ക് താലപ്പൊലി ഏന്തുന്നത് ഇവരുടെ അവകാശമായി മാറി.

വ്യവസായ വാണിജ്യരംഗങ്ങളിൽ ശക്തമായ സാന്നിദ്ധ്യമാകാനും കൊങ്കണികൾക്കു സാധിച്ചു. പോർച്ചുഗീസ്കാർ കൊച്ചിയെ ഇന്ത്യയിലെ അവരുടെ ആദ്യപട്ടണമായി വളർത്തിക്കൊണ്ട് വന്നപ്പോൾ, കൊച്ചിയുടെ വ്യവസായ വാണിജ്യ സാദ്ധ്യതകളെ നല്ലവണ്ണം വിനിയോഗിക്കുവാൻ അവർക്ക് കഴിഞ്ഞു.  ഉൽപതിഷ്ണുക്കളായ അവരിൽ നിന്ന് പണ്ഡിതരും, കാര്യനിർവാഹകരും, അധികാരികളും, അക്കാദമികരും, വ്യവസായികളും ഉയർന്നു വന്നു.  കേരളത്തിലെ ആദ്യ അച്ചടി ഗ്രന്ഥവും, പതിനേഴാം നൂറ്റാണ്ടിൽ പ്രസിദ്ധീകരിച്ചതുമായുള്ള ഹെൻറിക് വാൻ റീഡിന്റെ “ഹോർത്തൂസ് മലബാറിക്കൂസിൽ” ഇട്ടി അച്യുതനോടൊപ്പം കൊങ്കണി വൈദ്യന്മാരായ രംഗഭട്ട്, വിനായക പണ്ഡിറ്റ്‌, അപ്പുഭട്ട് എന്നിവർ ഔഷധ സസ്യങ്ങളെക്കുറിച്ചുള്ള വളരെ മഹത്തരമായ അറിവുകൾ സംഭാവനചെയ്യുകയുണ്ടായി. മാത്രമല്ല, ഈ ഗ്രന്ഥത്തിൽ വിലപ്പെട്ട ഔഷധസസ്യങ്ങളുടെയും മൂലികകളുടെയും പേരുകൾ കൊങ്കണിയിൽ (ദേവനാഗരിയിൽ) അച്ചടിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് മലയാളക്കരയിൽ ആദ്യമായി അച്ചടിച്ച പ്രാദേശികഭാഷ എന്ന പ്രശസ്തി മലയാളത്തിൻറെ ഒപ്പം കൊങ്കണിയും പങ്കിട്ടെടുക്കുന്നു.  ഇതു കൂടാതെ കേരളത്തിൻറെ സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ രംഗങ്ങളിൽ തനതായ സംഭാവനകൾ നല്കാനും ഒരു ഭാഷാന്യൂനപക്ഷമെന്ന നിലയ്ക്ക് കൊങ്കണികൾക്ക് സാധിച്ചിട്ടുണ്ട്.

എന്നിരുന്നാലും വളരെ വൈവിദ്ധ്യമാർന്നതും തനതുമായ ഒരു  സംസ്കാരമാണ് കൊങ്കണികളുടേത്, അതിനെ പരിരക്ഷിക്കാനും  പരിപോഷിപ്പിക്കാനും ഉള്ള ശ്രമങ്ങൾ ഏറെ നടക്കുന്നുമുണ്ട്. പുരാവൃത്തങ്ങളും, പഴഞ്ചൊല്ലുകളും, നാടോടിക്കഥകളും വായ്മൊഴി വഴക്കങ്ങളും, നാട്ടറിവുകളും, നാടൻ ശീലുകളും പാട്ടുകളും, പ്രധാനമായും വായ്മൊഴിയായി സ്ഥിതിചെയ്യുന്ന ഈ ഭാഷയുടെ പ്രത്യേകതകളാണ്.   തനത് ആചാര-ആഹാര രീതികളും, വസ്ത്രധാരണ രീതികളും, എടുത്തു പറയേണ്ടവയാണ്.  ബ്രാഹ്മണരല്ലാത്തവരുടെ ഇടയിൽ മാത്രമാണ് നാടോടി നൃത്തരൂപങ്ങൾ പ്രചാരത്തിലുണ്ടായിരുന്നത്.  ഈ നൃത്തമാതൃകകൾ ഇപ്പോൾ പതുക്കെ അന്യം നിന്നു പോകുകയാണ്.  ഇങ്ങനെ വ്യത്യസ്ത തലങ്ങളുള്ള, ബഹുരൂപിയായ സംസ്കാര സമ്പന്നത, oral lore, material lore, customary lore – വായ്മൊഴി വിജ്ഞാനീയം, വസ്തുവിജ്ഞാനീയം, വ്യാവഹാരിക വിജ്ഞാനീയം, എന്നീ വ്യത്യസ്ത ഫോക്ക്‌ലോർ പഠന രീതികൾക്ക് വിധേയമാക്കവുന്നതാണ്.

കൊങ്കണി ഭാഷ പല കാരണങ്ങളാലും പ്രധാനമായും ഒരു വായ്മൊഴിയായി തീരുകയായിരുന്നു.  ദേവനാഗരി, റോമൻ, കന്നഡ, മലയാളം, അറബിക് എന്നിങ്ങനെ അഞ്ചു വ്യത്യസ്ത ലിപികളിൽ കൊങ്കണി എഴുതപ്പെടുന്നുണ്ടെങ്കിലും, ഇത് പൂർണ പ്രചാരത്തിലുള്ളതാണെന്നു പറയുക വയ്യ.  ദേവനാഗരിയാണ് ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട ലിപി.  കേരളത്തിലാണ് മലയാളലിപിയിൽ കൊങ്കണി എഴുതാൻ ശ്രമങ്ങൾ തുടങ്ങിയതെങ്കിലും, ഇത് സാർവത്രികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.  ഭൂരിപക്ഷം കേരളാ-കൊങ്കണികൾ ഇപ്പോഴും തങ്ങളുടെ മാതൃഭാഷ, സംസാരിക്കാൻ മാത്രമാണ് ഉപയോഗിക്കുന്നത്.  അവർ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുകയും, സ്വജാതീയരോട് വിനിമയം നടത്താനുള്ള ഒരു ഉപാധി മാത്രമായി കൊങ്കണിയെ കാണുകയും ചെയ്യുന്നു എന്നത് ഒരു വസ്തുതയാണ്.  തിരുമല ദേവസ്വം നടത്തുന്ന സ്കൂളുകളിൽ പ്രൈമറി വിഭാഗത്തിൽ കൊങ്കണി പാഠ്യവിഷയമായി പാഠ്യപദ്ധതിയിൽ  സർക്കാർ അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഇത് പഠിച്ചിറങ്ങുന്നവർ വളരെ വിരളമാണ്.  അതിനാൽ തന്നെ വായ്മൊഴിപ്രധാനമാണ് കൊങ്കണി എന്ന് പറയാതെ വയ്യ.  ഈ വായ്മൊഴിയിലാണ് കൊങ്കണി സംസ്കാരത്തിൻറെ അക്ഷയഖനി കുടികൊള്ളുന്നത്. ഈ വാങ്മയ സംസ്കാരം നാടോടിപ്പാട്ടിൻ ശീലുകളായും, മുത്തശ്ശികഥകളായും, പഴമോഴികളായും തൂവിത്തുളുമ്പുന്നൂ.   അത് കൊണ്ട്തന്നെ ഫോക്ക് ലൊറിസ്റ്റിക്സിൻറെ ഒരു വൻപ്രപഞ്ചമാണ്, വൻസാദ്ധ്യതകളാണ് തുറന്നു വരുന്നത്.   ഓരോ നാടൻ പാട്ടും, നാടോടിക്കഥയും വായ്മൊഴി പാരമ്പര്യത്തിന്റെ ടെക്സ്റ്റ്‌ ആയി മാറുന്നു.  കലയുടെ നരവംശശാസ്ത്രം (Anthropology of Art) മനസ്സിലാക്കുന്നതിനോപ്പം ഗോത്രവർഗ്ഗ കാവ്യാത്മകത (ethnopoetics) യുടെ നിർമ്മിതിയും യും നമ്മൾ തിരിച്ചറിയുന്നു.  ചലനാത്മകമായ സാംസ്കാരിക പ്രക്രിയ ചുരുൾ നിവരുന്നത്‌ നമ്മൾ ദർശിക്കുന്നു.

നാടോടിപ്പാട്ടുകളിലെ വിദ്ധ്വംസകതകള്‍
കൊങ്കണി നാടോടിപാട്ടുകൾ കേട്ടാണ് ഏതു കൊങ്കണിക്കുഞ്ഞുംവളരുന്നത്‌.  “ഉണ്ണിക്കൈ വളര് വളര്…ഉണ്ണിക്കാൽ വളര് വളര്” എന്ന മട്ടിലുള്ള ഗാനങ്ങളും, താരാട്ട് പാട്ടുകളും – പലതും രാമൻറെ ബാല്യവും കൃഷ്ണലീലകളും വർണ്ണിക്കുന്നവ –  ലേഖനത്തിൻറെ ആദ്യം ഉദ്ധരിച്ച മട്ടിലുള്ള പ്രവാസഗാനങ്ങളുംബാലഗീതികളുടെ സാകല്യമാണ്.  ബാല രാമനെയും ബാലകൃഷ്ണനെയും കുഞ്ഞുമായി തുലനം ചെയ്യുവാനുള്ള പ്രവണത ഈ പാട്ടുകളിൽ ഉണ്ട്.
ബാളാ ജോ… ജോ… രേ…
കുലഭൂഷണാ … ദശരഥനന്ദന …
നിദ്രാ ക്-രീ ബാളാ”
എന്ന താരാട്ട്
, പ്രശസ്ത സംവിധായകൻ ശ്യാം ബെനേഗൽ തൻറെ സീരിയൽ ആയ “യാത്ര”യുടെ ആദ്യ എപിസോഡിൽ വളരെ വിദഗ്ദ്ധമായും ഭംഗിയായും പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിട്ടുണ്ട്.  ശ്രീരാമനെ ഉറക്കുന്ന ഈ പാട്ട് ഇരയിമ്മൻ തമ്പിയുടെ “ഓമന തിങ്കൾക്കിടാവോ…” എന്ന ഗാനം പോലെത്തന്നെ പ്രശസ്തമാണ്. ഒരു pan Indian ഭാവം ആ ഗാനത്തിന് ലഭിക്കുന്നത്, ഇത് മറാത്തിയിലും, കന്നടത്തിലും, ചില വ്യത്യാസങ്ങളോടെ സ്ഥിതി ചെയ്യുന്നത് കൊണ്ടാണ്. വൃന്ദാവനത്തിലെ വിവിധ കാഴ്ച്ചകളെ അധിഷ്‌ഠിതമാക്കിയ, ശ്രീകൃഷ്ണ ലീലാവിലാസങ്ങളും, അംഗപ്രത്യംഗവർണനയും ചേർന്ന “ചൊയ്യായ് തീ യശോദി ഗായ്ക്ക് ധാര് കട്താ”, പയ്യിനെ കറക്കുന്ന യശോദയെയും, ഒഴിഞ്ഞ കോപ്പയുമായി കരയുന്ന കുട്ടി കൃഷ്ണനെയും, മാനുഷിക പരിവേഷത്തിൽ, ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു.  ചില പാട്ടുകൾ തത്വശാസ്ത്രത്തെ മൃദുവായി തൊടുന്നു.  കുട്ടികളെ പേടിപ്പിക്കാൻ പതുങ്ങി വരുന്ന കള്ളനെ കുറിച്ചുള്ള പാട്ടിൽ കള്ളൻ “സംസാരാചൊ ഘോങ്ഗോ” – ലോകമാകുന്ന കള്ളനാണ്.  നാടോടിഗാനങ്ങൾ കുട്ടികൾക്കുള്ളത് മാത്രമല്ല, മുതിർന്നവർക്കുതകുന്നതും ഉണ്ട്.  ഈ ഗാനങ്ങൾ പലപ്പോഴും അവർ ദ്യോതിപ്പിക്കുന്ന  ബാഹ്യാർത്ഥങ്ങളും കടന്നു സാംസ്കാരിക വിമർശങ്ങളോ, ആക്ഷേപഹാസ്യങ്ങളോ, സാംസ്കാരിക അവസ്ഥാസൂചികകളോ ഒക്കെ ആയി മാറുന്നത് കാണാം.   പലപ്പോഴും ഗാനങ്ങളുടെ അർത്ഥങ്ങളും ധ്വനികളും അവയുടെ സാംസ്കാരികപശ്ചാത്തലങ്ങളോ പൂർണമായും ഗ്രഹിക്കാതെക്കാതെയായിരിക്കാം ഈ ഗാനങ്ങൾ ഇളമുറക്ക്‌ പകർന്നു കൊടുക്കുന്നത്.  കറുത്ത മരണത്തെ (Black Death) കുറിച്ചോ പ്ലേഗിനെ കുറിച്ചോ ഒന്നും അറിയാതെ, നമ്മൾ നമ്മുടെ കുരുന്നുകളെ ആ പശ്ചാത്തലം വർണ്ണിക്കുന്ന “റിങ്ങ് എ റിംഗ് ഓഫ് റോസസ്” (Ring a ring of roses) എന്ന നഴ്സറി ഗാനം പാടിപ്പിക്കുന്നത് പോലാണത്.   മിഖായേൽ ബാക്തിൻ (Mikhail Bakhtin) വിശദീകരിക്കുന്ന “കാർണിവലെസ്കിൻറെ” (Carnivalesque) വിധ്വംസാത്മകമായ സൂക്ഷ്മതലങ്ങളെ  സ്പർശിക്കുന്ന  ഈ വരികൾ പഴയ തലമുറയിൽ നിലനിന്നിരുന്ന ചേടിസമ്പ്രദായത്തെയും, ലൈംഗിക തൃഷ്ണയെയും, വൃദ്ധഭർത്താക്കന്മാരെയും ഒക്കെ പരാമർശവിധേയമാക്കുന്നുണ്ട്.

ഇത്യാ കെല്ലേലെ, ജംബക്കാ,
സുഖാ കെല്ലേലെ …
ജംബക്ക ബവ്ടി ചിന്നി ഗോ ചേടി
ജംബക്കാ കന്നാ പിത്ളീ വേടി”
എന്ന നാടോടി ഗാനത്തിൽ ജംബക്ക എന്ന കൊച്ചു ചേടി അഥവാ ഗണികയോട്
, “നീ എന്തിനിതു ചെയ്തു” എന്ന ചോദ്യത്തിനു, “സുഖത്തിനായി ചെയ്തു” എന്ന മറുപടിയാണ് കിട്ടുന്നത്.  അവൾ ചെറുപ്പമാണ്, ഈ കുലത്തൊഴിലിൽ പ്രാരംഭകയാണ്.  “ഉന്മാദിനി” എന്നർത്ഥം വരുന്ന “ബവ്ടി” എന്നും “പിഞ്ച്” എന്നർത്ഥം വരുന്ന “ചിന്നി”  എന്നുമുള്ള വിശേഷണങ്ങളാണ് അവളെ പരാമർശിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. അവൾ ധരിച്ചിരിക്കുന്നത് പിച്ചളക്കമ്മലാണ്.  സ്വർണം ധരിക്കാനുള്ള “ത്രാണി”യവൾക്കായിട്ടില്ല എന്ന് വ്യംഗ്യം.  അവൾ ദോശമാവ് അരച്ചതിൽ ഇടാൻ ഉപ്പില്ലാഞ്ഞിട്ടു അതിൽ മൂത്രമോഴിക്കുകയാണ്.  വിസർജ്യപ്രക്രിയകളെ കുറിച്ചും മറയില്ലാത്ത പരാമർശങ്ങൾ (scatological references) ചില നാടോടിഗാനങ്ങളിലും ശീലുകളിലും കടന്നുവരുന്നുണ്ട്.  ലിഖിത സാഹിത്യത്തെ പലപ്പോഴും ചൂഴ്ന്നുനിൽക്കുന്ന സദാചാര, ശ്ലീലാശ്ലീല ബോധങ്ങൾ   നാടോടിക്കവിതകളിൽ അപ്രത്യക്ഷമാകുന്നുണ്ട് എന്ന കാര്യം പഴയ സമൂഹങ്ങളെ കുറിച്ചുള്ള നമ്മുടെ വിക്ടോറിയൻ കാഴ്ചപ്പാടുകളെ പുന:പരിശോധനക്ക് വിധേയമാക്കേണ്ടിയിരിക്കുന്നു എന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മന്താറൊ ഭർതാരു ഹ്മൊണു ഭീവുനക്ക പപ്പിണീ ” “വൃദ്ധനായ ഭർത്താവാണെന്ന് കരുതി നീ ഭയക്കേണ്ട” എന്ന് അമ്മായിഅമ്മ മരുമകളെ ഉപദേശിക്കുന്ന പാട്ടിൽ ഒരു പക്ഷെ പണ്ട് നിലനിന്നിരുന്ന ബാലവിവാഹങ്ങളും, രണ്ടാം വിവാഹങ്ങളും,  പ്രായപൂര്‍ത്തി ആകുന്നതിനു മുൻപ് മകളെ വിവാഹം കഴിച്ചു കൊടുത്തു കുലനിന്ദയും ഭ്രഷ്ടും ഒഴിവാക്കാൻ  ശ്രമിക്കുന്ന മാതാപിതാക്കളുടെ തത്രപ്പാടിന്റെ സബ് ടെക്സ്റ്റ്‌ (subtext) അനുവാചകർ കാണാതെ പോകരുത്.  പപ്പിണി‘ – ‘പാപിനി  എന്നുള്ള അഭിസംബോധന സാധാരണമാണെങ്കിലും, ഈ അവസ്ഥ, ഈ ഗതികേട്, ഏതു പാപം ചെയ്തതിൻറെ പേരിലായിരിക്കാം എന്നൊരു തപിക്കുന്ന ചിന്ത ഒരു ദീർഘനിശ്വാസമായി ഉതിരുന്നത്‌ കാണാം.  അതേ സമയം

ചെല്ലി ഗോ
ബാളാലെ ചെല്ല്യാ ദില്ലിഗോ
ല്ജ്ജേന് ജീവു ഗെല്ലോഗോ …” എന്ന പാട്ടിൽ
, വിവാഹത്തെക്കുറിച്ചും, വധുവിന്റെ ലജ്ജയെക്കുറിച്ചും, ശാന്തിമുഹൂർത്തത്തെ കുറിച്ചുമാണ് പരാമർശം. വിവാഹം എന്ന സങ്കൽപ്പം പൊതുഭാവനയെ എത്ര ഇക്കിളിപ്പെടുത്തുന്നു എന്നതിൻറെ ദൃഷ്ടാന്തമാണ് ഈ പാട്ട്.  വിവാഹത്തിൻറെ ഏഴാംനാൾ, ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ചെറുക്കൻ തുടയിൽ നുള്ളുകയും അവൾ “അയ്യയ്യോ” എന്ന് നിലവിളിക്കുകയും ചെയ്തത് racy humourഅഥവാ അശ്ലീല നർമ്മം സാർവജനികമാണ് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു.  കുടുംബികളുടെ ഇടയിൽ നിലനിന്നുരുന്ന ഫുഗ്ടി അഥവാ ഫുഗ്ടോ എന്ന നൃത്തരൂപവുമായി ബന്ധമുള്ള പാട്ടുകളിലും ഈ തുറന്നുപറച്ചിൽ, “explicitness” കടന്നു വരുന്നുണ്ട്.

ഇത് കൂടാതെ പലതരത്തിലുള്ള താളാത്മകമായ കളിപ്പാട്ടുകൾ ഉണ്ട്.  വിരലുകൾ എണ്ണിയും, ഓരോ വാക്കിനൊപ്പം വിരലുകൾ കയ്യിലൂടെ നടത്തിച്ചു ഇക്കിളികൂട്ടി ചിരിപ്പിച്ചും ഉള്ള കളികൾ കുട്ടികൾക്ക് ഹരം പകരുന്നതാണ്.  മലയാളത്തിലെ “ഉറുമ്പോ ഉറുമ്പോ ഇട്ടപ്രാച്ചീ… ഉറുമ്പിന്റെ മടയിൽ എന്ത് വീണു…” എന്നത് പോലെ തന്നെ രസകരങ്ങളായ കളികളാണവ.   “ചാഞ്ചാടുണ്ണീ ചാഞ്ചാട്” എന്നത് പോലെ… താളാത്മകമായി കുട്ടികളെ ആട്ടിക്കളിപ്പിക്കുന്നതാണ്,

ദൊന്ദൊനി ദൊന്ദൊനി ചീറാഞ്ചി പൊട്ടൂള്
കോണാലെ മഞ്ച്യാരി ഗട്ഗടാഞ്ചി …” എന്ന ഗാനം.  കുട്ടികളുടെ മാനസികോല്ലാസത്തിനും
, വളർച്ചക്കും നിദാനമാകുന്നതാണ് ക്രിയാത്മകവും പ്രവർത്ത്യാധിഷ്‌ഠിതവുമായ (activity based) ഈ കളിപ്പാട്ടുകൾ.

നാടോടിക്കഥകളിലെ സമൂഹ മനസ്സ്
മറ്റു ഇന്ത്യൻ ഭാഷകൾ പോലെ തന്നെ ഫോക് കഥകളുടെ ശേഖരം തന്നെയുണ്ട്‌ ഭാഷാസമ്പത്തായി കൊങ്കണിക്ക്.  രാമായണ – ഭാരത – ഭാഗവത കഥകൾ പറഞ്ഞു കൊടുക്കുന്നതിന്റെ കൂടെ തന്നെ, ഈ കഥകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു.  മറ്റു സംസ്കാരങ്ങളിലെ നാടോടിക്കഥകൾ പോലെ തന്നെ ദുഷ്ടയായ രണ്ടാനമ്മയും, മാന്ത്രിക വസ്തുക്കളും, സാഹസകൃത്യങ്ങളും, രാജകുമാരന്മാരും, സ്വർണ്ണക്കൂമ്പാരവും, കയ്യൂക്ക് തോൽക്കുന്നിടത്ത് ബുദ്ധി ജയിക്കുന്നതും ഒക്കെ ഈ കഥകളിലും ഉണ്ട്.  പഞ്ചതന്ത്രക്കഥകൾ പോലെ മാനവീകരിച്ച (ആന്ത്രൊപോമോർഫിസം- Anthropomorphism) മൃഗങ്ങളുടെ കഥകളുണ്ട്. കഥകളിലൂടെ പ്രതിബിംബിക്കുന്ന പഞ്ഞത്തിന്റെയും, പഷ്‌ണിയുടെയും, സമൃദ്ധിയുടെയും, കൂട്ടുകുടുംബങ്ങളുടെയും,  നേർചിത്രങ്ങൾ അന്നത്തെ സാമൂഹികാവസ്ഥയെ കാട്ടിത്തരുന്നു.  ഈ കഥകൾ പലപ്പോഴും മനുഷരുടെ മനസ്സിലെ അടിച്ചമർത്തപ്പെടുന്ന ആഗ്രഹങ്ങളും, സങ്കല്പനത്തിലൂടെയുള്ള ആഗ്രഹസമ്പൂർത്തീകരണവുമാണ് ദ്യോതിപ്പിക്കുന്നത്.

കാക്കയുടെയും മൈനയുടെയും കഥ, വലിയവരുടെ കുടിലവും നീചമായ പ്രവൃത്തിക്കും, നെറികേടിനുമുള്ള കൊച്ചു ജീവികളുടെ ശിക്ഷയാണ്.   തൻറെ കൂട്ടിൽ അഭയം തേടി വന്ന “കയ്ളോ” എന്ന കാക്ക, വയസ്സി അമ്മൂമ്മ തന്ന വറുത്ത കടല കൊറിക്കുകയാണ് എന്ന് തന്നോട് നുണ പറഞ്ഞു തൻറെ കുഞ്ഞുങ്ങളെയെല്ലാം ഓരോന്നായി തിന്നു എന്ന് മനസ്സിലാക്കിയപ്പോൾ, “ഗുർബ്ജ്ജി” എന്ന മൈന ഇരുമ്പു ചട്ടുകം പഴുപ്പിച്ചു വച്ച് കാക്കയെ കൊല്ലുകയും വയറ്റിൽ നിന്ന് കുഞ്ഞുങ്ങളെയെല്ലാം ഓരോന്നായി പുറത്തെടുത്തു രക്ഷപ്പെടുത്തുകയും ചെയ്തത്, അതിശയോക്തിയും, അസംഭവ്യം എന്നു കരുതുമ്പോഴും കാവ്യനീതി നടപ്പാക്കുന്നതിൻറെ സന്തോഷത്തിലായിരിക്കും കുട്ടികൾ.

സിൻഡ്രെല്ലയുടെ കഥയെ അനുസ്മരിപ്പിക്കുന്ന, തവിട് തിന്നു തവിടു കൂമ്പാരത്തിൻ മുകളിൽ കഴിയേണ്ടി വന്ന, എന്നാൽ പിന്നീട് രാജകുമാരനെ വേട്ട “കുണ്ടക്കുർക്കൂലി” യുടെ കഥയും, റഷ്യൻ നാടോടിക്കഥയിലെപ്പോലെ, തന്റെ പാവയോട് ചോദിച്ചു ഓരോ കാര്യവും ചെയ്യുന്ന അമ്മയില്ലാത്ത പെണ്‍കുട്ടിയുടെ ദുരിതവും പിന്നീട് നന്മയും നിറയുന്ന  “മർബയി”യുടെ കഥയും, നാടോടിക്കഥകളിൽ സാർവത്രികമായി കണ്ടു വരുന്ന പ്രാഗ് രൂപങ്ങളുടെ  (archetypes) ചുവടു പിടിക്കുന്ന പകർപ്പുകളാണെന്നു കാണാം.  റഷ്യൻ ഫൊർമലിസ്റ്റായ വ്ലാദിമിർ പ്രോപ്പ് (Vladimir Propp) മുന്നോട്ടു വച്ച നാടോടിക്കഥയുടെ രൂപവിജ്ഞാനീയത്തിൽ (morphology) പറയുന്ന ഇതിവൃത്ത മാതൃകകളും (plot devices), കഥാപാത്രധർമ്മങ്ങളും (character functions) ഈ നാടോടിക്കഥകളുടെ ഘടനാ പരിശോധനയിൽ തിരിച്ചറിയാം.  സ്റ്റ്രക്ചറൽ  തലത്തിൽ മറ്റു സംസ്കാരങ്ങളുടെ നാടോടി കഥകളുമായി സാമ്യം പുലർത്തുന്ന ഈ കഥകൾ പക്ഷെ അതിൻറെ പശ്ചാത്തലത്തിലും സാമൂഹിക, സാംസ്കാരിക ബിംബങ്ങളിലുമാണ് തങ്ങളുടെ അനന്യത വെളിപ്പെടുത്തുന്നത്.  അങ്ങനെ, തവിടും, താളും, തിളങ്ങുന്ന പൊട്ടും, പവിഴമാലയും, ചൂട് വടയും (ഘാരി), അന്നപ്രാശവും,  അരഞ്ഞാണവും, പട്ടു സാരികളും, ചാണക വറളിയും, ആൽ മരവും മറ്റും ഈ പ്രാഗ് രൂപങ്ങൾക്ക്, ഷേക്സ്പിയർ  A Midsummer Night’s Dream എന്ന നാടകത്തിൽ പറയുന്നത് പോലെ, “ഒരു തദ്ദേശ വാസസ്ഥാനവും ഒരു പേരും” (“A local habitation and a name”) നൽകി, അവയെ സ്വാംശീകരിക്കുന്നതായി കാണുന്നു.

നൃത്തരൂപങ്ങളിലെ ജാതിവ്യവസ്ഥ
ആഡ്യത്വത്തിൻറെ ഔദ്ധത്യം ഒരു പരിധിവരെ സവർണ്ണബ്രാഹ്മണരായ ഗൌഡസാരസ്വതരെ നൃത്തത്തിന്റെ ഉല്ലാസങ്ങളിൽ നിന്ന് അകറ്റി നിർത്തിയിട്ടുണ്ട്.  സ്മാർത്തബ്രാഹ്മണരായത് കൊണ്ടാകാം ഭജനയിലും ഹരികഥാകാലക്ഷേപങ്ങളിലും ഒതുങ്ങിയിരിക്കുന്നു, പ്രകടനപരമായ (performative) കലാപരിപാടികൾ.  എന്നാൽ ക്ഷേത്രനർത്തകരായ സാരസ്വതരും, പിന്നെ കുടുംബി സമുദായത്തിൽ പെട്ടവരും പല തരത്തിലുള്ള തനതായ നൃത്തങ്ങൾ ചെയ്തിരുന്നതായും കാണാം.  സാരസ്വത വനിതകൾ തറ്റുടുത്തിട്ടു ക്ഷേത്രാങ്കണത്തിൽ നൃത്തം വയ്ക്കാറുണ്ടായിരുന്നു.  ഈ ആചാരം പിന്നീട് നിലച്ചു പോയി.  കുടുംബി നൃത്തങ്ങളിൽ സ്ത്രീകൾ മാത്രവും, പുരുഷന്മാർ മാത്രവും, ഇരുവരുംചേർന്നും നൃത്തം ചെയ്യാറുണ്ട്.  പല നൃത്തങ്ങളും പരമ്പരാഗതവും, അനുഷ്ഠാനപരവും ആണ്.  ഇതിൽ ഫുഗ്ടി‘, പല നിലകളുള്ള വിളക്ക് തലയിലെന്തിയ ദിവ്ലിയാ‘, മയിലാട്ടം, കാവടിയാട്ടം,  എന്നിങ്ങനെയുള്ള നൃത്തങ്ങളും മൊക്ട്ടെ എന്ന പടയണിയും ഇവരുടെ പ്രത്യേക നൃത്തങ്ങളിൽ പെടുന്നു.  ഈ നൃത്തരൂപങ്ങളെല്ലാം കർഷക പാരമ്പര്യത്തിൽ നിന്നുരുത്തിരിഞ്ഞതും പ്രകൃത്യോപാസനയിൽ അധിഷ്‌ഠിതവുമാണ്. ചിലത് കാർണിവലെസ്ക്കിന്റെ ഭ്രമതലങ്ങളിലേക്ക് ഉയരുന്നതും കാണാം.   പക്ഷെ പരമ്പരാഗതമായ ഈ നൃത്തങ്ങളെല്ലാം തന്നെ അന്യംനിന്ന് പോകുന്നതായാണ് കാണപ്പെടുന്നത്.

ഭക്ഷണവും ഭാഷയും
അക്കാ മക്ക താക് നക്ക
കേലെ ഫ്ടി വാടി  മക്ക
അക്ക ഗെല്ലി തക്കാക്
സൂണ്യാൻ ധർലൊ നങ്കാക്
ധ് രി തുഗേലെ താക്
സോടി മേഗേലെ നാങ്ക്”  – എന്ന കുട്ടിക്കവിത
, പറഞ്ഞാൽ കേൾക്കാത്ത ചേച്ചിയെ കുറിച്ചാണ്.  കൊങ്കണികളുടെ  ഇഷ്ടവിഭവങ്ങളായ തൈരിനെകുറിച്ചും കായവറുത്തതിനെ കുറിച്ചും ഇതിൽ പരാമർശമുണ്ട്.  അനുജൻ/ത്തി തൈര് വേണ്ടാ, കായ  നുറുക്കു മതി എന്ന് പറഞ്ഞിട്ടും തൈര് മേടിക്കാൻ പോയ സഹോദരിയുടെ മൂക്കിൽ നായ പിടികൂടിയപ്പോൾ തൈര് തിരിച്ചു കൊടുത്തിട്ട്, മൂക്കും കൊണ്ട് രക്ഷപ്പെട്ട  സംഭവം കൊങ്കണികളുടെ ആഹാരതാൽപര്യങ്ങൾ എടുത്തു കാട്ടാൻ പര്യാപ്തമാണ്.

വളരെ തനതായ ഭക്ഷണരീതിയാണ് കൊങ്കണികളുടെത്.  ഇതിൽ ഗൌഡസാരസ്വതർ പരമ്പരാഗതമായി സസ്യഭുക്കുകളാണ്.  ഇന്നത്തെ തലമുറ ഇതിൽ നിന്നും വ്യതിചലിക്കുന്നുണ്ടായിരിക്കാമെങ്കിലും, വീടുകളിലും, സദ്യകളിലും, സമാരാധനകളിലും, ഈ പരമ്പരാഗത രീതി തന്നെയാണ് പാലിച്ചു പോരുന്നത്.  കർണാടകത്തിലെ കൊങ്കണികൾ അതേസമയം വിശേഷാവസരങ്ങളിൽ മത്സ്യഭുക്കുകളാണ്.   ചോറും വളരെ നേർത്ത “തോയ്” എന്ന പരിപ്പുചാറും (സംസ്കൃതത്തിൽ തോയംഎന്നാൽ വെള്ളം‘), ഏതൂണിന്റെയും അവിഭാജ്യ ഘടകമാണ്.  ഇതിന്റെ ഒപ്പം ഘശ്ശിഎന്ന തേങ്ങ വറുത്തരച്ച കറിയും, ‘വൽവ്‌ൽഎന്ന ഒരു തരം ഓലനും, ചേർന്ന സദ്യയിൽ എല്ലാ വിഭവങ്ങളും വ്യത്യസ്തവും തനതുമാണ്.

പ്രകൃതിയിൽ നിന്നും ലഭിക്കുന്ന ഏതിലയും, താളും, തകരയും കൊങ്കണികൾക്ക് ഭക്ഷ്യവസ്തുവാണ്.  ഓരോഋതു അനുസരിച്ചും ലഭിക്കുന്ന ഇല, പൂവ്, കായ് വർഗ്ഗങ്ങൾ,  ആ കാലഘട്ടത്തെ സുഭിക്ഷമാക്കുന്നു.  ഇതിൽ ചേമ്പിലതാള് വച്ചുണ്ടാക്കുന്ന, അരിയും തേങ്ങയും ചേർന്ന “പത്രവട” കൊങ്കണികളുടെ വിശിഷ്ട ഭോജ്യമായിട്ടാണ് കരുതപ്പെടുന്നത്.  ഈ ഇലകളും, പച്ചക്കറികളും “വോടി” എന്നറിയപ്പെടുന്ന വിവിധതരം വറ്റലുകളിലും കൊണ്ടാട്ടങ്ങളിലും ചേർത്ത് ഉണക്കി വെച്ച് പഞ്ഞമാസങ്ങളിൽ ഉപയോഗിക്കുന്ന ശീലം കൊങ്കണികൾക്കുണ്ട്.  മഴക്കാലത്ത്, എരിവുള്ള അവലോസ്പൊടി പോലുള്ള “ധാടു”, മാങ്ങാഅണ്ടിയുടെ പരിപ്പ് അരച്ച് ചേർത്ത, നാണയത്തിന്റെ വലിപ്പമുള്ള ശിംപിഎന്ന വറുത്ത പലഹാരം എന്നിവ ഏറ്റവും പ്രിയംകരങ്ങളാണ്.  നാടോടി കഥകളിലും പാട്ടുകളിലും ഈ വിധത്തിലുള്ള പലഹാരങ്ങളെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്.  ഒരു ബ്രാഹ്മണന്റെ കഥയിൽ അയാളുടെ ഭാര്യ വയ്ക്കുന്ന താള് കറിയെല്ലാം പൊന്നായി മാറുന്നു എന്ന് പറയുന്നുണ്ട്.  അതേ സമയം എന്ത്, എങ്ങനെ  കഴിക്കാൻ പാടില്ല എന്നും നല്ല തിരിച്ചറിവ് ഉണ്ടായിരുന്നത് കൊണ്ടാണ്, “ചെല്ലി ഗോ” എന്നാ പാട്ടിൽ, പപ്പരക്ക കൊണ്ടുള്ള “അംബട്ട്” എന്ന കറി ആർത്തിപിടിച്ചു കഴിച്ചത് കൊണ്ട് പെണ്ണിന് വയറിളക്കം സംഭവിച്ചു വൈദ്യരെ തപ്പി ഓടുന്നതായി പറയുന്നത്.  ഔഷധഗുണമുള്ളതും, ഓരോ കാലാവസ്ഥക്കനുയോജ്യമായ ആഹാര പദാർഥങ്ങൾ എന്തൊക്കെയാണ് എന്നത് പൂർവസൂരികൾക്കറിയാമായിരുന്നു.

ഭാഷയുടെ മൂർച്ച നിത്യേന ഉപയോഗിക്കുന്ന വായ്‌മൊഴിയിൽ തന്നെയാണ് തെളിയുന്നത്.  വളരെയധികം നിറചാർത്തുള്ള ഭാഷയായത് കൊണ്ട്, കൊള്ളാനും കൊടുക്കാനുമുള്ള ആലങ്കാരികത കൊങ്കണിക്കുണ്ട്.  അനുഭവങ്ങളിൽ നിന്നും, പുരാണ ഗ്രന്ഥങ്ങളിൽ നിന്നും, പുതിയ സാഹചര്യങ്ങളിൽ നിന്നും, ഉരുത്തിരിയുന്ന ഭാഷ, പഴമോഴികളാലും, പദപ്രയോഗങ്ങളാലും സമ്പുഷ്ടമാണ്.  സൂക്ഷ്മഭേദങ്ങൾ വാക്കുകൾക്കു തീക്ഷ്ണത പകരുന്നു.

ഖേല്ലേല്യാ ആശ ച്ടി, നല്ലേല്യാ ചിക്കോലു ചോടു”  – “കഴിക്കുന്നവർക്ക്  ആശ കൂടുതൽ, കുളിക്കുന്നവർക്ക് അഴുക്കു കൂടുതൽ”;
ഖത്ത്ല്യാന്  പോളോവ്കാ, നാ ജല്യാരി, ഘെത്ത് ല്യാന് പോളോവ്കാ” – “ഒന്നുകിൽ കഴിക്കുന്നവർ ശ്രദ്ധിക്കണം അല്ലെങ്കിൽ വിളമ്പുന്നവർ ശ്രദ്ധിക്കണം”;
വട്ടേരി വ്ത്ത് ലെ വാഗാ, മക്ക ഏവ്നു ഖാഗാ”  – “വഴിയെ പോകുന്ന കടുവേ, എന്നെ വന്നു തിന്നോളൂ” (വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്തു തോളത്ത് വയ്ക്കുക);
ചാരാണേ കുങ്കടാക് ബാറാണേ മസ്സോലു”  _ “നാലണ വിലയുള്ള കോഴിക്ക് പന്ത്രണ്ടണയ്ക്ക് മസാല” (ചെറിയ കാര്യങ്ങൾക്ക് വലിയ ചെലവ്);
ജങ്ഗൊ ദക്കോവ്നു ഫല്ലെ കർത്താ” – “തുട കാണിച്ചു നേരം വെളുപ്പിക്കുന്നു” (പ്രയോജന രാഹിത്യം);
കുസ്സ് ലെ കുക്കാ മോല് സ് രീ നാ” – “ചീഞ്ഞ ഉരുളക്കിഴങ്ങിന്റെ വില പോലും ഇല്ല”;
സൂണ്യാന് ചബിൽ ഹ്മോണു സൂണ്യാക് ഘാസ് മാറ്പ് അസ്സ് വേ?”- “നായ കടിച്ചു എന്നു വച്ച് നായയെ കടിക്കാറുണ്ടോ?”

ഭാഷയുടെ സമൃദ്ധി സംസ്കാരത്തിൻറെ സമൃദ്ധിയാണ്‌.  അനുഭവങ്ങളുടെ യുഗങ്ങൾ താണ്ടിയ കൊങ്കണിഭാഷ, വിവിധ സംസ്കാരങ്ങളുമായി മുഖാമുഖം നിൽക്കുകയും സംവദിക്കുകയും സ്വാംശീകരിക്കുകയും ചെയ്തു, പല ദിക്കുകളിൽ, പല തരത്തിൽ, പല രീതികളിൽ, പല ദിശകളിൽ പല തലങ്ങളിൽ അത് പടർന്നു വികസിച്ചു.  കേരളത്തിലെ പ്രവാസത്തിൽ മലയാളവുമായി ഇണങ്ങി, ഒട്ടനേകം മലയാളം പദങ്ങളും, പഴമൊഴികളും, സംസ്കാര ബിംബങ്ങളും കൊങ്കണി സ്വന്തമാക്കിയിട്ടുണ്ട്. “സുവ്വേന് കട്ച്ചേ ഖോരേനു കാട്കാ ജത്ത് ലെ” എന്ന ചൊല്ല്  “സൂചി കൊണ്ടെടുക്കുന്നത് തൂമ്പ കൊണ്ടെടുക്കേണ്ടി വരും” എന്നതിന്റെ പദാനുപദവിവർത്തനമാണ്.  അത് പോലെ പലതും.  പക്ഷെ എടുക്കുന്നത് തങ്ങളുടെതാക്കി, തങ്ങളുടെ ഭാഷക്കിണങ്ങും വിധം മാറ്റാൻ മറക്കാറില്ല.  ഒരു വലിയ പ്രവാസ സംസ്കാരത്തിൻറെ തനിമ ചോർന്നുപോകാതെ അത് ഇളമുറയ്ക്ക് പകർന്നു കൊടുത്തു അതു നിലനിർത്താനുമുള്ള ശ്രമങ്ങൾ അനുസ്യൂതം തുടരുകയും ചെയ്യുന്നു.
__________________________
1   UNESCO Constitution, Recommendation on the Safeguarding of Traditional Culture and Folklore, 15 November, 1989. “Folklore (or traditional and popular culture) is the totality of tradition-based creations of a cultural community, expressed by a group or individuals and recognized as reflecting the expectations of a community in so far as they reflect its cultural and social identity; its standards and values are transmitted orally, by imitation or by other means. Its forms are, among others, language, literature, music, dance, games, mythology, rituals, customs, handicrafts, architecture and other arts.”

2 Ben-Amos, Dan. “Toward a Definition of Folklore in Context”,  AméricoParedes and Richard Bauman, eds. Toward New Perspectives in Folklore. Austin: University of Texas Press for the American Folklore Society, 1972.

3 പയ്യനാട്, രാഘവന്‍.ഫോക് ലോറിന്‍റെ വര്‍ത്തമാനം‘. എഡിറ്റര്‍. കെ ചന്ദ്രമോഹന്‍. ഫോക് ലോറിന്‍റെ വര്‍ത്തമാനം. പൊലിക ഫോക് ലോര്‍ ട്രസ്റ്റ്, 2010.

* ‘കാര ബഹുലം – സംസ്കൃതത്തിലും മറ്റു ഭാഷകളിലും ഉള്ള പദങ്ങളിൽ എന്ന ശബ്ദം ഉപയോഗിക്കുന്ന ഇടങ്ങളിൽ ഉച്ചരിക്കാനുള്ള പ്രവണത.  ഉദാഹരണമായി, കൊങ്കണികൾ കേരളത്തിലെ സ്ഥലനാമങ്ങൾ സ്വാംശീകരിച്ചപ്പോൾ, ‘വരാപ്പുഴ‘, ‘വടകര‘, ‘വൈപ്പീൻ‘, ‘വൈക്കം‘, ‘വെട്ടക്കൽമുതലായ സ്ഥലനാമങ്ങൾ – ബാറാംപ്ളേ‘,  ബടഗരെ‘, ‘ബൈപ്പെ‘, ‘ബൈക്ക്ത്ത്, ‘ബെട്ടക്കൽഎന്നിങ്ങനെ തത്ഭവങ്ങളായി  മാറി.  അതു പോലെ – വണ്ടി‘ ‘ഭാണ്ടിആയും, ‘വടി‘ ‘ബഡ്ടിആയും, പണിശ്ശീല  ഭണ്‍സീരെആയും, വണ്ട്‌ ഭണ്ടൂൾആയും രൂപാന്തരം പ്രാപിക്കുന്നത് കാണാം. ഈ പ്രവണത ബംഗാളിക്കുമുണ്ട്:  രവീന്ദ്ര‘ – ‘രൊബീന്ദ്രൊആകുന്നതും ദേവ്‘ – ‘ദേബ്ആകുന്നതും അങ്ങനെയാണ്.

Comments

comments