എന്തിരന്മാരുടെ കാലം – അജിത് . ബി

എന്തിരന്മാരുടെ കാലം – അജിത് . ബി

SHARE

ന്ത്രങ്ങൾ തങ്ങളുടെ തുരുമ്പുപാടുകൾ തട്ടിമാറ്റി ചലിച്ചുതുടങ്ങി അവിടെ യന്ത്രങ്ങൾക്കടിമയായ സസ്യവും മൃഗവും മനുഷ്യനും ഉണ്ടായി ഈ പുതിയമനുഷ്യൻ, പഴയ മനുഷ്യനെപോലെതന്നെ താൻയന്ത്രങ്ങളുടെ അധിപനാണെന്നു വ്യാമോഹിച്ചു അങ്ങനെ വ്യാമോഹിക്കാൻ വേണ്ടി സൃഷ്ടിക്കപ്പെട്ട കളിപ്പാട്ടമായിരുന്നു അവൻ. യന്ത്രങ്ങൾ ഈകളിപ്പാട്ടത്തിൽ തൃപ്തികൊണ്ടു.  ത് മധുരംഗായതിയിൽ ഒ. വി.വിജയന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ യന്ത്രലോകം. ഘോരയുദ്ധത്തിനൊടുവിൽ രണ്ടുഅർദ്ധഗോളങ്ങളായി പിളർന്ന് പിരിഞ്ഞ ഭൂമിയുടെകഥയാണു മധുരംഗായതി. ഘോരയുദ്ധം ഉണ്ടാക്കിയ സർവനാശത്തിന്റെ ശിശിരത്തിനൊടുവിൽ  ഉറങ്ങികിടന്നിരുന്ന ജൈവചേതനകളാണു  ദക്ഷിണാർദ്ധത്തിൽ ഉയിർന്നുവന്നതെങ്കിൽ, കൃത്രിമചേതനകളായിരുന്നു ഉത്തരാർദ്ധഗോളത്തിൽ സ്വയംഉണർന്നത്. അവിടെ പ്രകൃതിയുടെ നിയമങ്ങൾ ഇല്ലാതാവുകയും  മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളുടേയും അധിപർ യന്ത്രങ്ങളാവുകയുംചെയ്തു.

സ്വന്തം സൃഷ്ടി തന്നെ കവിഞ്ഞുവളരാനും കീഴ്പെടുത്താനുമുള്ള സംഭാവ്യതയെകുറിച്ചുള്ള സന്ദേഹങ്ങൾ സാഹിത്യത്തിലും കലയിലും എന്തിരന്മാരുടെ കാലത്തെകുറിച്ചുള്ള വിഭ്രമാത്മകകല്പനകളായിമാറുന്നു.  . വി. വിജയനെപോലുള്ള മഹാപ്രതിഭകളുടെ ദാർശനികമാനങ്ങളുള്ള  സൃഷ്ടികളിൽ  മാത്രമല്ല ജനപ്രിയനോവലുകളിലും സിനിമകളിലും ഇത്തരം ഭീതികളുടെ ആവിഷ്ക്കാരങ്ങൾകാണാം. മേരി ഷെല്ലിയുടെ ഫ്രാങ്കസ്റ്റെയിൻ, അസിമോവിന്റെ നോവലുകൾ, ഇങ്ങുതമിഴകത്ത് ഈ അടുത്തകാലത്ത് നിറഞ്ഞുകളിച്ച സിനിമ എന്തിരൻ. ഉദാഹരണങ്ങൾ നിരവധിയാണ്.

ഈ അടുത്തകാലത്ത് അക്കാദമിക് പ്രസിദ്ധീകരണങ്ങളിലും നയരൂപീകരണസമിതികളിലും റോബോട്ടിക്സിൽ ഉണ്ടായിവരുന്ന മുന്നേറ്റങ്ങളെങ്ങളെകുറിച്ച് ഒട്ടേറെ ചർച്ചകൾനടക്കുന്നുണ്ട്. യന്ത്രം മനുഷ്യനെ കീഴടക്കിയേക്കുമെന്ന ചിരകാലഭയത്തെ സാധൂകരിക്കുന്നു ഈ ചർച്ചകളുടെ പൊതുസ്വഭാവം. റോബോട്ടുകൾ വെറുംയന്ത്രങ്ങളല്ല,  മറിച്ച് മനുഷ്യൻ ചെയ്യുന്ന കാര്യങ്ങൾ അവൻ ചെയ്യുന്നതിലും നന്നായി  ചെയ്യാൻ പ്രാപ്തരായ ഉപകരണങ്ങളാണെന്നത് റോബോട്ടിക്സിലെ മുന്നേറ്റങ്ങളിലുള്ള ആശങ്കകൾക്ക് ആക്കംകൂട്ടുന്നു. ഡ്രൈവറില്ലാത്ത വാഹനങ്ങളോടുന്ന തെരുവുകളും യന്ത്രമനുഷ്യർ സ്വാഗതമോതുകയും ഇടപാടുകാരുടെ കാര്യങ്ങളെല്ലാം നടത്തികൊടുക്കുകയും ചെയ്യുന്ന ഓഫീസുകളും മനുഷ്യസാനിധ്യമില്ലാത്ത വ്യവസായശാലകളും പുസ്തകങ്ങളിൽനിന്നും ജീവിതത്തിലേക്ക് ഇറങ്ങിവന്നേക്കുമെന്ന ഭയം.

പുതിയകാലത്തെ ലൊദൈറ്റുകൾ

മനുഷ്യനും യന്ത്രവും തമ്മിലുള്ളത് ഒരു രാഗദ്വേഷബന്ധമായിരുന്നു എന്നും.

പ്രകൃതിയുടെ ഭാഗമായി നിൽക്കതന്നെ അതിനെ സ്വന്തം  ഇഛാശക്തിക്കനുസൃതമായി മാറ്റിതീർക്കാനുള്ള മനുഷ്യന്റെ കഴിവിന് ഒരേസമയം കാരണവും നിദർശനവുമാണു യന്ത്രങ്ങൾ. അതിമനോഹരവും സൂക്ഷ്മവും ആയ വലകൾ നെയ്യുന്ന ചിലന്തികളിൽനിന്നും വളരെ കൃത്യതയോടെ തടയണകൾ തീർക്കുന്ന ബീവറുകളിൽനിന്നുമൊക്കെ മനുഷ്യനെ വ്യത്യസ്തനാക്കുന്ന ഈ സവിശേഷത അവനെ ഒരു സൃഷ്ടികർത്താവിന്റെ തലത്തിലേക്കുയർത്തുന്നുവെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അത് അറിവിന്റെയും ഭാവനയുടേയും ലോകത്തെ സാധ്യമാക്കുന്നു.

എങ്കിലും  യന്ത്രവത്കരണശ്രമങ്ങൾ പലപ്പോഴും സാധാരണമനുഷ്യരെ ഭയപ്പെടുത്തുകയാണു ചെയ്യുന്നത്. നേരത്തെ സൂചിപ്പിച്ച സ്വന്തം സൃഷ്ടി തന്നെ കവിഞ്ഞുവളരാനും കീഴ്പെടുത്താനുമുള്ള സാധ്യതയെ ചൊല്ലിയുള്ള, വേണമെങ്കിൽ കാല്പനികവിഭ്രാന്തികളെന്ന് പറഞ്ഞുതള്ളിക്കളയാവുന്ന,  സന്ദേഹങ്ങളും ഭീതികളും മാത്രമല്ല ഈ ആശങ്കകൾക്കു പിന്നിൽ. യന്ത്രങ്ങൾ തങ്ങളുടെ സ്ഥാനം അപഹരിക്കുമ്പോൾ തൊഴിലിടത്തിൽ നിന്നും സ്ഥിരമായി ബഹിഷ്കൃതരായേക്കുമെന്ന സാധാരണതൊഴിലാളികളുടെ ഭയങ്ങളുംകൂടിയാണ്. പ്രത്യേകിച്ചും, ഒരു ജോലിഉണ്ടായിരിക്കുക ഉള്ള ജോലിനിലനിർത്തുക എന്നതൊക്കെ ഒരു വലിയസമരം തന്നെയാകുന്ന ഇക്കാലത്ത്.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തുണിമില്ലുകളിലെ യന്ത്രവത്കരണത്തെ എതിർത്ത് രംഗത്തിറങ്ങിയ ഇംഗ്ലണ്ടിലെ തൊഴിലാളികളുടെതായിരിക്കണം യന്ത്രവത്കരണത്തിന് എതിരായുള്ള ആദ്യത്തെ രേഖപെടുത്തിയ സമരം. മുതലാളിയോടുള്ള രോഷം കാട്ടാനായി താൻ ജോലി ചെയ്തിരുന്ന മില്ലിലെ തുന്നൽമെഷീൻ തകർത്ത നെഡ്ലൊദ്ദ് എന്ന ചെറുപ്പക്കാരന്റെ പേരുപയോഗിച്ചായിരുന്നു ഈ തൊഴിലാളികൾ പ്രതിഷേധത്തിന് ഇറങ്ങിയത് എന്ന്കഥ. അതുകൊണ്ട് ലൊദൈറ്റുകൾ (luddites) എന്നായിരുന്നു ഈ തൊഴിലാളികൾ അറിയപ്പെട്ടിരുന്നത്. പിന്നെയെപ്പോഴോ തൊഴിൽസംബന്ധമായ കാരണങ്ങളാൽ യന്ത്രവൽക്കരണത്തെ എതിർക്കുന്നവരെ വിശേഷിപ്പിക്കുവാൻ ഈപദം ഉപയോഗിച്ചുതുടങ്ങി. വികസനവിരുദ്ധർ എന്നതിന്റെ പര്യായപദമായി ലോദൈറ്റ്  എന്നപദം മാറിയെന്നതും പിൻകാലചരിത്രം.

മനുഷ്യനും യന്ത്രങ്ങളും തമ്മിലുള്ള ബന്ധത്തെ സമൂഹ്യശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ നോക്കികാണാൻ ശ്രമിച്ചവർ വിവിധകാഴ്ച്ചപാടുകൾ മുന്നോട്ട് വച്ചിട്ടുണ്ട്.  മുതലാളിത്തമെന്നത് മനുഷ്യനു സാധ്യമായ ഏറ്റവും നല്ല ഒരേ ഒരു വ്യവസ്ഥയായി കാണുന്നവരുടെ കാഴ്ച്ചപാടിൽ യന്ത്രവല്ക്കരണം അനിവാര്യമാണെന്ന് മാത്രമല്ല എപ്പോഴും അഭിലഷണീയവും കൂടിയാണ്. കെയിൻസിനെ പോലുള്ള ധനശാസ്ത്രകാരന്മാർ ആധുനികസാങ്കേതികവിദ്യകളും യന്ത്രവത്കരണവും മൂലമുള്ള തൊഴിൽനഷ്ടങ്ങളെ നികത്താനുതകുന്നവിധം  മനുഷ്യാദ്ധ്വാനം ഉപയോഗപ്പെടുത്താവുന്ന പുതിയമേഖലകൾ കണ്ടെത്താനാകുമോ എന്നകാര്യത്തിൽ അശങ്കപ്പെട്ടിരുന്നു. മാർക്സിയൻ കാഴ്ച്ചപ്പാടിലാകട്ടെ  ഉദ്പാദനക്ഷമത കൂട്ടാനായി മുതലാളിത്ത സമൂഹത്തിനകത്തുനടക്കുന്ന യന്ത്രവത്കരണം ആത്യന്തികമായി തൊഴിലാളികളുടെ അന്യവൽക്കരണത്തിലും ചൂഷണത്തിലും തൊഴിൽനഷ്ടത്തിലും കലാശിക്കുന്നു. മുതലാളിത്തസമൂഹത്തിലെ തൊഴിൽപ്രക്രിയെ (labor process) ആഴത്തിലുള്ള വിശകലനങ്ങൾക്ക് വിധേയമാക്കിയിട്ടുള്ള മാർക്സിസ്റ്റ്ചിന്തകനായ ഹാരി ബ്രേവർമാൻ നിരീക്ഷിച്ചത് മുതലാളിത്തം ഏറ്റവും കുറ്റമറ്റ യന്ത്രസാമഗ്രികൾ ഉണ്ടാക്കിയെടുക്കാനുള്ള നിരന്തരശ്രമത്തിലൂടെ ലക്ഷ്യമിടുന്ന ത്തൊഴിലെടുക്കുന്നവർ എന്ന വിഭാഗത്തെ ഭൌതികമായിതന്നെ ഇല്ലായ്മചെയ്യാനാണ് എന്നാണ്.

ലാഭം മാത്രം ലക്ഷ്യമിടുന്ന മുതലാളിത്തത്തിന്റെ കേവലയുക്തിക്ക് തൊഴിലാളികൾ തൊഴിലിടത്തിൽ അപ്രസക്തരാകുകയെന്നത് ഏറ്റവും സ്വാഗതാർഹമായ കാര്യമായിതോന്നും. എങ്കിലും അതത്ര ലളിതമായ കാര്യമല്ലെന്നും അത് തിരിച്ചറിയുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ വൻതോതിലുള്ള ഉല്പാദനം സാധ്യമാക്കാനായി തൊഴിലാളികളുടെ നിരന്തരമായ യാന്ത്രികചലനങ്ങൾമാത്രം ആവശ്യമായ അസ്സംബ്ലിലൈൻ സങ്കേതം നടപ്പിൽവരുത്തിയ ഹെൻറി ഫോർഡ്പോലും തൊഴിലാളികൾക്ക് താരതമ്യേന നല്ലവേതനം ലഭ്യമാകേണ്ടതുണ്ട് എന്ന് വിശ്വസിച്ചിരുന്നു. തൊഴിലിടങ്ങളിൽ നിന്നു തിരസ്കൃതരായ തൊഴിലാളികൾക്ക് ഭൂരിപക്ഷമുള്ള ഒരുസമൂഹം തന്റെ ഫാക്ടറികളിൽ നിന്നുണ്ടാക്കുന്ന ഉത്പന്നങ്ങൾ വാങ്ങാൻമാത്രം ക്രയശേഷിയുള്ള ഒരു ഉപഭോക്തൃസമൂഹമായിരിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കി.

തൊഴിലെടുക്കാൻ സജ്ജരായ തൊഴിൽരഹിതരുടെ ഒരു കരുതൽസേന മുതലാളിത്തത്തിന്റെ നിലനില്പിന് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നാണെന്ന  ഒരു മാർക്സിസ്റ്റ് കാഴ്ച്ചപാടുണ്ട്. ആവശ്യമെങ്കിൽ കൂടുതൽ തൊഴിലാളികളെ ലഭ്യമാക്കാനും വേതനനിരക്ക് ക്രമീകരിക്കാനും ഈ കരുതൽസേന ഉപയോഗപ്പെടുന്നു. പക്ഷെ പരിധിയിൽ കവിഞ്ഞ തൊഴിലില്ലായ്മ മുതലാളിത്തത്തിന്റെതന്നെ നിലനിൽപ്പിനു ഭീഷണിയായെന്നുവരും. താരതമ്യേന നല്ലവേതനം ലഭിക്കുന്ന തൊഴിലാളികൾ ഉണ്ടാകേണ്ടതുണ്ട് എന്ന ഫോർഡിന്റെ തിരിച്ചറിവിന്റെ അടിസ്ഥാനവും ഇത്തന്നെ.

മഹത്തായ അമേരിക്കൻ സ്വപ്നം വാഗ്ദാനം ചെയ്ത പരിധികളില്ലാത്ത ഉപഭോഗതൃഷ്ണയുടെമുന്നുപാധികളിൽ ഒന്നായിരുന്നു അങ്ങിനെ ഫൊർഡിസം സൃഷ്ടിച്ച മധ്യവർഗ്ഗ തൊഴിലാളികൾ. റോബോട്ടിക്സിലും അതിയന്ത്രവത്കരണത്തിലും (automation) സമീപകാലത്ത് ഉണ്ടായികൊണ്ടിരിക്കുന്ന മുന്നേറ്റങ്ങൾ ഇത്രയുംനാൾ ലദൈറ്റുകൾ ആവാൻ വിധിക്കപ്പെട്ട ദരിദ്രതൊഴിലാളികളെ മാത്രമല്ല താരതമ്യേന സമ്പന്നരായ മധ്യവർഗ്ഗത്തേയും ബാധിക്കാൻ പോകുന്നുണ്ടെന്ന തിരിച്ചറിവ് അതിനെകുറിച്ചുള്ള ചർച്ചകൾക്ക് വേറൊരുമാനം നല്കുന്നു.

മനുഷ്യനെ വെല്ലുന്ന യന്ത്രങ്ങൾ

സിനിമകളിലൂടേയും കഥകളിലൂടെയും നമ്മുക്ക് ഏറെപരിചയമ്മുള്ള മനുഷ്യസദൃശരായ യന്ത്രമനുഷ്യർ (humanoids) മാത്രമല്ല റോബോട്ടുകൾ. മനുഷ്യന്റെ ഇടപെടലുകളില്ലാതെ നിർദ്ടിഷ്ടകാര്യങ്ങൾ കമ്പ്യൂട്ടർ പ്രോഗ്രാമുകളുടേയോ ഇലക്ട്രോണിക് സംവിധാനങ്ങൾ ഉപയോഗിച്ചോ സമർത്ഥമായി ചെയ്യാനാകുന്ന എല്ലാ ഉപകരണങ്ങളെയും പ്രക്രിയകളേയും കുറിച്ചുള്ള പഠനങ്ങളാണു റോബോട്ടിക്സിന്റെയും അതിയന്ത്രവത്കരണത്തിന്റെയും (automation) മണ്ഡലം.  മനുഷ്യർ ചെയ്യുന്നകാര്യങ്ങളെ അവർക്ക് സഹജമായ ക്ഷീണവും മറ്റുപരിമിതികളുമില്ലാതെ കൂടുതൽ കാര്യക്ഷമമായി ചെയ്യാൻ ഈ നൂതനസങ്കേതികവിദ്യകൾക്കാകുന്നു. മാത്രമല്ല മനുഷ്യർക്ക് ചെന്നെത്താൻ കഴിയാത്ത ഇടങ്ങളിൽകടന്നുചെല്ലാനും അവർക്ക് ഒരിക്കലും സ്വയംചെയ്യാൻ സാധ്യമല്ലാത്ത കാര്യങ്ങൾ ചെയ്യാനുംകൂടി  ഇവയ്കാകുന്നു. ആർട്ടിഫിഷ്യൽ ഇന്റെല്ലിജെൻസ്, മെഷീൻ ലേർണിങ്ങ് തുടങ്ങി കമ്പ്യൂട്ടർ എഞ്ചിനീയറിങ്ങിലെ വിവിധമേഖലകളിലും സെൻസർ മുതലായ സങ്കേതികവിദ്യകളിലും ഉണ്ടായികൊണ്ടിരിക്കുന്ന പുതിയ മുന്നേറ്റങ്ങൾ മുൻപൊരിക്കലും നമ്മൾ സാധിക്കുമെന്ന് കരുതിയിട്ടില്ലാത്ത കാര്യങ്ങളാണു സാധ്യമാക്കുന്നത്.

ഉദാഹരണത്തിനു ഡ്രൈവർ ഇല്ലാതെ ഓടുന്ന കാറുകൾ 2025 ആകുമ്പോഴേക്ക് സർവസാധാരണമാകുമെന്നാണു കരുതപ്പെടുന്നത്. 2030 ആകുമ്പോഴേക്ക് ഡ്രൈവർമാരെ ആവശ്യമുള്ള  കാറുകൾ തീരെ ഇല്ലാതാകും. ഇത് അമേരിക്കയുടെ സമ്പത്ത്വ്യവസ്ഥയിൽ ദൂരവ്യാപക ഫലങ്ങളുണ്ടാക്കുമെന്നാണു ക്വാർട്സ്മാസികപറയുന്നത്. വളരെയധികം നല്ലമാറ്റങ്ങൾക്കിടയേക്കിയേക്കാമെങ്കിലും അഭൂതപൂർവമായ തൊഴിൽനഷ്ടങ്ങൾക്ക് ഈ സങ്കേതികവിദ്യകാരണമാകും. ഓട്ടോമൊബൈൽരംഗത്തെ ഭീമന്മാരേക്കാൾ ഗൂഗിളിനെപോലുള്ള വിവരസാങ്കേതികവിദ്യകളിലെ കേമന്മാരാണ് ഈ മേഖലയിലെ മുന്നേറ്റങ്ങൾക്ക് ചുക്കാൻപിടിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.  

സങ്കേതികവിദ്യകളിലുള്ള അഭൂതപൂർവമായ കുതിച്ചുചാട്ടങ്ങൾ എങ്ങിനെ തൊഴിൽലഭ്യതയെ ബാധിക്കുമെന്നതിനെകുറിച്ചുള്ള സമീപകാല അക്കാദമികപഠനങ്ങൾ നേരത്തെ സൂചിപ്പിച്ച കെയിൻസിന്റെ ആശങ്കകളെ പങ്കുവെക്കുന്നു. ഓക്സ്ഫോർഡ് യൂനിവേർസിറ്റിയിലെ ഗവേഷകരായ കാൾ ബെനഡിക്റ്റ് ഫ്രേയും മൈക്കേൽ  ഓസ്ബോണും ചേർന്ന് 2013-ൽ പ്രസിദ്ധീകരിച്ച പഠനംപറയുന്നത്  അമേരിക്കയിൽ ഇന്നുള്ള തൊഴിലുകളുടെ 47 ശതമാനം ഇത്തരം മാറ്റങ്ങളാൽ അതീവഭീഷണിയെനേരിടുന്നു എന്നാണ്.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സാമ്പത്തിക ശാസ്ത്രജ്ഞന്മാരായ സെത്ബെൻ സെൽ,  ലോറൻ സ്കൊട്ളികോവ്, ഗ്വിലിർ മൊലഗർദ, ജഫ്രി സാക്സ് എന്നിവർ ചേർന്ന് അമേരിക്കയിലെ നാഷണൽ ബ്യുറോ ഓഫ് എക്കണോമിക് റിസേർച്ചിനു വേണ്ടി ഒരുപഠനം പ്രസിദ്ധീകരിക്കുകയുണ്ടായി  (Robots Are Us: Some Economics of Human Replacement). റോബോട്ടുകളെപോലുള്ള ബുദ്ധിയുള്ള യന്ത്രങ്ങൾ ഒരുകാലത്ത് ആന്തരദഹനയന്ത്രങ്ങൾ കുതിരകളെ വ്യവസായശാലകളിൽനിന്ന് പുറന്തള്ളിയതുപോലെ മനുഷ്യരെ പുറന്തള്ളൂമോ എന്നതായിരുന്നു ഈപഠനത്തിൽ അവരുയർത്തിയ ഏറ്റവും മുഖ്യമായചോദ്യം.  സങ്കീർണ്ണമായ ഗണിതശാസ്ത്രമോഡലുകളുടെ സഹായത്തോടെ പഠിച്ച് അവരെത്തുന്ന  നിഗമനം അതിന് ഒരു വലിയ സാധ്യതയുണ്ടെന്നാണ്.  കടിഞ്ഞാണില്ലാത്ത യന്ത്രവല്ക്കരണം മനുഷ്യാദ്ധ്വാനത്തിനു സമ്പദ് വ്യവസ്ഥയിലുള്ള പങ്ക് ഗണ്യമായി കുറയ്ക്കുമെന്ന് അവർ പറയുന്നു. സവിശേഷമായ സാമർഥ്യമൊന്നും ആവശ്യമില്ലാത്ത ജോലികൾ മാത്രമല്ല, പ്രോഗ്രാമിംഗ് പോലുള്ള ജോലികളും റോബോട്ടുകൾ ഏറ്റെടുക്കുന്നകാലം സമീപഭാവിയിൽ തന്നെ ഉണ്ടായേക്കാം.

ഈ നിരീക്ഷണത്തെ ഉദ്ധരിച്ച് വേതനനിരക്കുകൾ കുറഞ്ഞുവന്ന് ഒരുകാലത്ത് ഉയർന്ന വരുമാനം ഉണ്ടായിരുന്ന പ്രോഗ്രാമർമാർ ടാക്സി  ഡ്രൈവർമാരായിപോലും ജോലിനോക്കേണ്ടിവരുമെന്നാണു ടെക്നോളജി മാസികയായ  ഇൻഫോവേൾഡ് അഭിപ്രായപ്പെടുന്നത്. റോബോട്ടുകൾ അവയുടെ സൃഷ്ടാക്കളായ പ്രോഗ്രാമർമാരുടെ തന്നെ അന്തകരാകുന്നതിൽ ഒരു കാവ്യനീതിയുണ്ടെന്നു വേണമെങ്കിൽ ഒരു തമാശമട്ടിൽ പറയാം. ഭീതിതമായ ഭാവിയെകുറിച്ച് ഒരു കറുത്ത ഫലിതം.

ഉദ്പാദനവ്യവസ്ഥയുടെ ആഗോളവല്ക്കരണം വേതനചെലവ് കുറഞ്ഞ രാജ്യങ്ങളിലേക്ക് എളുപ്പത്തിൽ ജോലികളെ കയറ്റുമതിചെയ്യാൻ ആഗോളമുതലാളിത്തത്തെ പ്രാപ്തമാക്കുന്നു. Labor arbitrage എന്നറിയപ്പെടുന്ന ഈ പ്രക്രിയ ഇന്ത്യയേയും ചൈനയേയും പോലുള്ള രാജ്യങ്ങളുടെ സാമ്പത്തികവളർച്ചയുടെ പ്രധാനകാരണങ്ങളിൽ ഒന്നാണ്. അമിതയന്ത്രവല്ക്കരണം ഈ പ്രക്രിയയിലും മാറ്റങ്ങൾ ഉണ്ടാക്കാൻ വലിയ സാധ്യതയുണ്ട്. പ്രമുഖ ഔട്ട്സോഴ്സിംഗ് ഉപദേഷ്ടാക്കളായ എവറസ്റ്റ് ഗ്രൂപ്പിന്റെ തലവനായ പീറ്റർ ബെന്ദൊർ സാമുവൽ അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ബ്ലോഗിൽ പറയുന്നത് റോബോട്ടിക്സ് ഓട്ടോമേഷൻ പോലുള്ള സാങ്കേതികവിദ്യകൾ ഈ പ്രവണതയുടെ ഗതിതിരിച്ചുവിടാൻ കാരണമായേക്കുമെന്നാണ്.  റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ (RPA) എന്നത് ഒരു കമ്പ്യൂട്ടർ സോഫ്റ്റ് വെയറൊ  അല്ലെങ്കിൽ റോബോട്ടോ മനുഷ്യരുടെ ഇടപെടൽ പരമാവധി കുറച്ച് ഒരു സ്ഥാപനത്തിലെ കമ്പ്യൂട്ടർനെറ്റ്വർക്കുകളെയും അപ്പ്ലിക്കേഷനുകളേയും ഏകോപിപ്പിച്ചുകൊണ്ട്  ദൈനംദിന ഓഫീസ്പ്രവർത്തികൾ ഏറ്റെടുത്തു നടത്തുന്ന പ്രക്രിയയാണു.  ഉദ്പാദനമേഖലയിൽ വ്യാവസായിക റോബോട്ടുകൾ ഉണ്ടാക്കിയിട്ടുള്ളത്ര തന്നെ വിപ്ലവകരമായ മാറ്റങ്ങളാണു റോബോട്ടിക് പ്രോസസ്സ് ഓട്ടോമേഷൻ ദൈനംദിന ബിസിനസ്സ് പ്രക്രിയകൾ കൈകാര്യംചെയ്യുന്നതിൽ ഉണ്ടാക്കുന്നത്. ഇത്തരം ഓട്ടോമേഷൻ ചെലവ് വൻതോതിൽ ചുരുക്കാൻ സഹായിക്കുമ്പോൾ തൊഴിലുകൾ വേറൊരുസ്ഥലത്തേക്ക് എന്തിനു പറിച്ചുനടണം?

അപ്രസക്തരുടെ അതിജീവന സാദ്ധ്യതകൾ

മിക്കപഠനങ്ങൾക്കും സമൂർത്തമായ പരിഹാരനിർദേശങ്ങളൊന്നും മുന്നോട്ടുവെക്കാനില്ലെന്നതാണു വസ്തുത. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയേർസ് (IEEE) പ്രസിദ്ധീകരിക്കുന്ന റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ എന്ന മാസികയുടെ പത്രാധിപരായ ഗഗ്ലീൽമെല്ലി (Guglielmelli) മാസികയുടെ മാർച്ച് ലക്കത്തിൽ എഴുതിയത് തൊഴിലുകളെ വെറുതെ ഇല്ലാതാക്കുന്നതിനു മാത്രമല്ലാതെ റോബോട്ടുകളെ തൊഴിലാളികളെ പുന:പരിശീലിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങളിൽ എങ്ങിനെ കാര്യക്ഷമമായി ഉപയോഗപ്പെടുത്തണം എന്നതിനെകുറിച്ചുള്ള ഗൌരവപൂർണമായ അന്വേഷണങ്ങളുടെ ആവശ്യം ഉണ്ട് എന്നാണ്. യന്ത്രങ്ങളെകൊണ്ട് സാധിക്കാത്ത പ്രത്യേകചട്ടകൂട്ടിൽ ഒതുങ്ങാത്ത പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ, സർഗാത്മകത ആവശ്യമായ ജോലികൾ തുടങ്ങിയ മേഖലകളിലായിരുക്കും ഇനിയുള്ള കാലത്ത് മനുഷ്യർക്ക് അവസരങ്ങളെന്ന് മിക്കവാറും എല്ലാവരും ഏകാഭിപ്രായക്കാരാണ്. തൊഴിൽ നഷ്ടങ്ങൾക്കനുസരിച്ച് അവയ്ക്ക് പകരം വയ്ക്കാവുന്ന പുതിയ മേഖലകൾ കണ്ടെത്താനാകുമോ എന്ന ആശങ്ക അപ്പോഴും ബാക്കിയാകുന്നു.

ഇങ്ങനെയൊരു സ്ഥിതിവിശേഷം സമൂഹത്തിൽ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതങ്ങൾ എന്തായിരിക്കും?വ്യാപകമായ തൊഴിലില്ലായ്മയിൽ നിന്നുണ്ടാകുന്ന അരാജകത്വത്തെ നിയന്ത്രിക്കുവാൻ ജനാധിപത്യസമൂഹങ്ങൾക്ക് സാധിക്കുമോ?തൊഴിലാളികളാണു മൂലധനത്തിന്റെ ധൃതരാഷ്ടാലിംഗനത്തിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കാൻ കെല്പ്പുള്ള ഒരേ ഒരു വർഗ്ഗമെന്നത്, അവരാണു വിപ്ലവത്തിന്റെ മുന്നണിപോരാളികളെന്നത് മാർക്സിസ്റ്റു പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ ഒന്നാണ്. മരിയോ ട്രോന്റിയേയും അന്റോണിയോ നെഗ്രിയേയും പോലുള്ള മാർക്സിയൻ ഓട്ടൊണോമിസതിന്റെ വക്താക്കളുടെ അഭിപ്രായത്തിൽ  ഉദ്പാദനബന്ധങ്ങളിൽ തൊഴിലാളികൾക്കുള്ള കേന്ദ്രസ്ഥാനം മൂലധനശക്തികൾക്ക് കടിഞ്ഞാണിടാൻ അവരെ പ്രാപ്തരാക്കുന്നു എന്നാണ്. പക്ഷെ തൊഴിലെടുക്കുന്ന മനുഷ്യന് ഒരു ഉദ്പാദനശക്തിയെന്ന നിലയിൽ വലിയ പ്രാധാന്യമൊന്നുമില്ലാത്ത ഉദ്പാദനബന്ധങ്ങളിൽ നിന്നും ഉടലെടുക്കുന്ന അധികാരരൂപങ്ങളുടെ സ്വഭാവമെന്തായിരിക്കും?

ആധുനിക സാങ്കേതികവിദ്യ നിരന്തര നിരീക്ഷ്ണത്തിനും നിയന്ത്രണതിനുമുള്ള അതിനൂതന ഉപകരണങ്ങളും മാർഗ്ഗങ്ങളും സാധ്യമാക്കുന്നു എന്നതുകൂടി ഇതിനോട് ചേർത്ത് വായിക്കേണ്ടതുണ്ട്. മൂലധനശക്തികൾക്കു വേണ്ടി യന്ത്രങ്ങൾ നടത്തുന്ന യന്ത്രങ്ങളുടെ ഭരണമായിരിക്കുമോ ഭാവി നമുക്കായി കാത്തുവെച്ചിട്ടുള്ളത്?

ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. ആധുനിക സാങ്കേതികവിദ്യകളെയും മനുഷ്യന്റെ ഭാവിയേയുംകുറിച്ചുള്ള  പഠനങ്ങൾ പലപ്പോഴും  അപഗ്രഥനത്തിനായി ഉപയോഗിക്കുന്ന  ഗണിതശാസ്ത്രസങ്കേതങ്ങൾ വളരെ സങ്കീർണ്ണമത്രെ. അക്കാദമിക സാമൂഹ്യശാസ്ത്രങ്ങളുടെ രീതിശാസ്ത്രങ്ങളിൽ നിപുണനല്ലാത്ത ഒരു  സാധാരണക്കാരൻ ഇത്തരം പഠനങ്ങൾ വായിക്കാനിടവന്നാൽ അയാളെ ഏറ്റവും കൂടുതൽ പേടിപ്പിക്കുന്നതും അതായിരിക്കും. ജീവിതത്തെകുറിച്ചുള്ള ലളിതസത്യങ്ങളിൽ ഒന്നാണ് അതിന്റെ സങ്കീർണതകളെ സമവാക്യങ്ങളാൽ നിർദ്ധാരണം ചെയ്യാൻപറ്റില്ലെന്നത്. സാധാരണമനുഷ്യന്റെ ആധികളെ മനസ്സു കൊണ്ട് തൊട്ടറിയാനാകാത്ത ഭരണാധികാരികൾക്കും നയരൂപീകരണവിദഗ്ദ്ധർക്കും എന്തിരന്മാരിൽ നിന്നും പാവംപിടിച്ച മനുഷ്യരെ രക്ഷിക്കാനാകുമോ? 

 

 

Comments

comments