ഒന്നാലോചിച്ചു നോക്കൂ

ഒന്നാലോചിച്ചു നോക്കൂ

SHARE
ഒന്നാലോചിച്ചു നോക്കൂ
ഒന്നാലോചിച്ചു നോക്കൂ ,
നമ്മളെല്ലാം ഒരേ ഭാഷയിൽ
സംസാരിച്ചു തുടങ്ങിയാൽ!
ഒരേ സ്വരങ്ങൾ വ്യഞ്ജനങ്ങൾ
വ്യാകരണങ്ങൾ
രൂപഭേദമില്ലാത്ത ലിപികൾ
എങ്കിൽ
അതിർത്തികളിൽ തളിരിടുന്ന
ഗുല്മോഹറുകളിൽ
കിളികൾ കൂടുകൂട്ടും
കാവൽ ഭടന്മാർ
വയലിൽ വിത്തു വിതച്ച്‌
മഴക്കായി കാതോർക്കും
ഒരു പക്ഷേ ,അവർ
സംഗീതം അഭ്യസിക്കും
പിന്നെ ഇവിടെ
അഭിമാന കൊലപാതകങ്ങൾ
ഉണ്ടാകില്ല
രോഹിത് വെമുലമാർ
ആത്മഹത്യ ചെയ്യില്ല
ഒന്ന് എണ്ണി നോക്കു
ഒരേ ഭാഷകൊണ്ടുള്ള നേട്ടങ്ങൾ
വൃദ്ധസദനങ്ങളിൽ ചിതലരിക്കും
കുട്ടികൾ തെരുവിൽ നിരങ്ങില്ല
സ്ത്രീത്വം തിരിച്ചു കിട്ടിയ സ്ത്രീകൾ
താൻ പെറ്റ കുഞ്ഞുങ്ങൾക്കു മുല കൊടുക്കും
സ്വപ്നത്തിലെങ്കിലും
നമ്മൾ ഒരേ ഭാഷ സംസാരിച്ചാൽ
നീയെനിക്കൊരു വെളുത്ത പൂ തരും
നമ്മുടെ കുഞ്ഞുങ്ങളുടെ ചിരിയിൽ
മിന്നാമിന്നികൾ ചിറകടിക്കും .

Comments

comments