[button color=”” size=”” type=”square_outlined” target=”” link=””]മരണമെന്ന ലാഭക്കച്ചവടം[/button]

ചന്തപ്പുരയിൽ കെട്ടിപ്പൊക്കിയ സമ്മേളനപ്പന്തലിൽ നാലഞ്ചുമാസമായി നാപ്പുണ്ണിമരണാനന്തരവിവാദങ്ങൾ അലയടിക്കാത്തതെന്ത്? ഇട്ടിനാന്റെsketch1494665695612 പുരാവസ്തുഖനനത്തിനും ചെമ്പോലനിർമ്മാണത്തിനും മുടക്കം തട്ടിയോ? ചരിത്രത്തിന്റെ ബൃഹദാഖ്യാനങ്ങൾക്കുള്ള വിദേശ ഫണ്ടുകൾ മന്ത്രാലയങ്ങൾ പാടേ നിർത്തലാക്കിയോ?  വേറെ പണിയൊന്നുമില്ലാത്തതിനാൽ കാവ്യാസ്വാദകർ ക്ണാശ്ശീരിക്കവലകളിൽ ആകാംക്ഷാഭരിതരായി ഭാവിച്ചു.

സകലമാനചർച്ചകളുടെയും ദിശ തെറ്റിച്ച സാഹചര്യം നീറേങ്കലിൽ ഉരുത്തിരിഞ്ഞത് ആരും യാതൊന്നും നിനച്ചിരിക്കാത്ത ഒരുneerenkla-5-2 നട്ടപ്പാതിരക്കായിരുന്നു. ഇരുട്ടിന്റെ മറവിൽ,  അംശം അധികാരി അയൽദേശമായ തിരുനാരായണപുരത്തേക്ക് പൊടുന്നനെയൊരു പടയോട്ടം നടത്തി. ഏതാനും കാലാളുകളും നാലഞ്ച്  കുതിരകളും ഇരുഭാഗത്തുമായി മരിച്ച് വീണതായ്  കിംവദന്തികൾ പരന്നു. ആനകൾ തലങ്ങും വിലങ്ങും ഓടി. പലർക്കും അംഗഭംഗം സംഭവിച്ചു. അങ്ങോട്ടുമിങ്ങോട്ടും ചറപറാ പൗട്ടത്തോക്കുകൾ പൊട്ടിച്ചു. പരസ്പരം ആട്ടപ്പടക്കം ഓങ്ങി. എറിഞ്ഞില്ല.

തലപ്പാവും ഉടവാളും ധരിച്ച് അംശം അധികാരി ടി.വി സ്‌ക്രീനിൽ  കവാത്ത് നടത്തി. ശത്രുവിനെ ‘ഗ്വാ ഗ്വാ’ വിളിച്ചും ‘സൂക്ഷിച്ചോ’ എന്ന് ചൂണ്ടാണി വിരലുയർത്തി ‘തർജ്ജനി’ മുദ്ര കാട്ടിയും. ദേശീയപ്രാദേശിക നീലച്ചാനൽചർച്ചകളും മഞ്ഞപ്പത്രമുഖപ്രസംഗങ്ങളും കട്ടബൊമ്മന്റെ രാജാപ്പാർട്ടിനെ വാനോളം പുകഴ്ത്തി. ചോരക്കൊതിയന്മാരായ ലക്ഷോപലക്ഷം അനുയായികൾ കീപാഡുകളിൽ വിരലമർത്തി, ടച്ച് പാഡിൽ ചുണ്ണാമ്പ് തേക്കുന്ന വേഗത്തിൽ പഞ്ചായത്ത് ഭക്തിഗാനങ്ങൾ ആലപിച്ചു: യുദ്ധത്തിന് മൂച്ച് കൂട്ടാൻ, ആറ് കട്ടയിൽ.neerenkal-5-3

അങ്ങനെയൊരു ആക്രമണമേ നടന്നിട്ടില്ലെന്നും എല്ലാം കട്ടബൊമ്മന്റെ ഗീബൽസിയൻ ഐ.ടി സെൽ  വരച്ച കമ്പ്യൂട്ടർ സിമുലേഷൻ ഗ്രാഫിക് നോവലാണെന്നും വാദിച്ചവരെ തിരുനാരായണപുരത്തേക്ക് നാടുകടത്തി. ബോദ്രിയയുടെ ഹൈപ്പർ റിയൽ ചിന്തകൾക്ക് ക്ണാശ്ശീരിയിൽ കുറ്റിയറ്റത് അപ്രകാരമാണ്. കട്ടബൊമ്മന്റെ മിന്നലാക്രമണത്തിന് ‘അർദ്ധരാത്രി സിസേറിയൻ’ എന്ന് നീറേങ്കൽ വ്യാജചരിത്രത്തിൽ കാവ്യാത്മകനാമകരണവും നടത്തി.

യുദ്ധഭീതി കണക്കിലെടുത്ത്, നാപ്പുണ്ണിപതിനാറടിയന്തിരചർച്ചകൾ തൽക്കാലം നിർത്തിവച്ചതായി ഇട്ടിനാൻ ഗ്രൂപ്പ് മെസേജ്  വിട്ടു. ‘പളപളക്കം’ ഇവന്റ് മാനേജ്മെന്റ് കമ്പനിക്കാർ, ശ്രേഷ്ഠ/കാഷ്ഠ ഭാഷാസ്നേഹികൾ, എഫ് .ബി.സാംസ്കാരിക വിമർശകർ, റിട്ടയേഡ് വിപ്ലവകാരികൾ, കുറിക്കമ്പനി നടത്തുന്ന മഹാകവികൾ…  അങ്ങനെ ലിസ്റ്റിലുള്ള പലർക്കും; ഒന്നിലുമില്ലാത്ത ചിലർക്കും.

ക്ണാശ്ശീരി ഇൻട്രാ-മോഡേണിസം ചിന്തകനായ ലൂയി ഇട്ടിയെ വിളിച്ച് പൂരത്തെറി പറഞ്ഞു: ‘ഡാ… കഴുവേറീഡെ മോനെ… നീയേത് കോണോത്തിലെ സാംസ്‌കാരികനാഡാ? യുദ്ധഭീതി പോലും! നൂറുകൂട്ടം ചെറുയുദ്ധങ്ങളിൽ സദാ ചിതറിക്കിടക്കുന്നതാണ് നീറേങ്കലിന്റെ കാർട്ടോഗ്രഫി. കാരണമെന്ത്? ലോകത്ത് ഇന്നോളമുണ്ടായ കച്ചവടങ്ങളിൽ ഏറ്റവും ലാഭകരം മരണമാകുന്നു. മരണം മാത്രമാകുന്നു. മ്മടെ കട്ടബൊമ്മൻ പറന്ന് നടന്ന് ആയുധക്കരാറുകളിൽ ഒപ്പ് വെക്കുന്നു. ആട്ടപ്പടക്കവിതരണം തകൃതിയാക്കുന്നു. കോടിക്കണക്കിന് നീറേങ്കൽ വീരരായൻ മറിക്കുന്നു. അതൊക്കെ എനിക്കും നിനക്കും അടുപ്പിൽ തീപൂട്ടാനാണോ? അക്കാര്യം പോയി ചർച്ചിക്കെഡാ, മധ്യവർഗ്ഗ ഭീരു…”

“ലൂയി ചേട്ടായ്…” ഇട്ടി ക്ഷമാപണമെന്ന അടവെടുത്തു:

“ചേട്ടൻ പറയുന്നത് എനിക്ക് മനസ്സിലാകും. പക്ഷേ, പഞ്ചായത്ത് സ്നേഹത്തിൽ തിളച്ചു  മറിഞ്ഞു  ആവിയാകാൻ നില്ക്കുന്ന ക്ണാശ്ശീരിക്കാരോട് എനിക്കിത് പറയാനൊക്കുമോ?”

ലൂയി വീണ്ടും ചൂടായി: “ഡേയ്  ബടുക്കൂസേ… ആട്ടിൻപറ്റങ്ങൾ അനുസരണയോടെneerenkal-5-4 അറവുശാലയിലേക്ക് സ്വയം മാർച്ച് ചെയ്യുന്നതാണ് കട്ടബൊമ്മനിസം. കുറ്റാക്കുറ്റിരുട്ടത്ത് നേടി എന്ന് പറയപ്പെടുന്ന സ്വാതന്ത്ര്യം അവറ്റയ്ക്ക്  എത്തുംപിടിയും കിട്ടിയിട്ടില്ല. സ്വാതന്ത്ര്യത്തിന്റെ ഭയാനകഭാരം പുണ്യപുരാണവീരന്മാരുടെ കട്ടൗട്ടിൽ അവർ സമർപ്പിക്കും. അമ്പലം പണിയാൻ ഇഷ്ടിക പെറുക്കും. കന്നാലിയുടെ പേരിൽ പാവപ്പെട്ട മനുഷ്യനെ അറുക്കും. എന്നാൽ ഇതൊക്കെയാണോ എന്റെയും നിന്റെയും ആത്യന്തികലക്‌ഷ്യം?

“അല്ലേയല്ല.”

“പിന്നെന്താണ്?”

“പാസ്‌പോർട്ടുകൾ വേണ്ടാത്ത, അതിരുകളിൽ കമ്പിവേലികളില്ലാത്ത, മതിലുകൾ കെട്ടാത്ത, അഭയാർത്ഥി പ്രവാഹങ്ങളില്ലാത്ത അതിർത്തിരഹിത ക്ണാശ്ശീരി. പക്ഷേ, അലെയ്ൻ ബാദ്യുവിന്റെ ഏകലോകതീവ്രസ്വപ്നം നമ്മൾ നീറേങ്കലുകാർക്ക് കാണാനൊക്കുമോ, ലൂയി ചേട്ടായി?”

“സ്വപ്നം കാണുമ്പോഴും ശേഷിക്കുറവ് ബാധിക്കുന്നെങ്കിൽ നീയും നിന്റെ സാംസ്കാരികത്തരികിടകളും കട്ടബൊമ്മനിസത്തിൽ പെട്ട് തുലഞ്ഞു പോട്ടെ! നിന്നെപ്പോലുള്ള ഭൂപടനിർമ്മാണവിദഗ്ദ്ധർ അതിരുകൾ വരയ്ക്കുന്നതുതന്നെ ഭാവിയുദ്ധങ്ങൾക്ക് താപ്പ് നോക്കിയാണ്.”

ക്ഷോഭം മൂത്ത ലൂയി, ഭരണിപ്പാട്ടിൽ ചില പോസ്റ്റ് മോഡേൺ പ്രതിഷേധപദാവലി കലർത്തി കാവ്യരചന തുടങ്ങി. ഇട്ടി മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു.

ഏതായാലും പഞ്ചായത്ത് സ്നേഹ വരട്ട്ചൊറി പടർന്നുപിടിക്കുന്ന ഈ ആനന്ദവേളയിൽ താലൂക്ക് ദ്രോഹി എന്നൊരു ചീത്തപ്പേര് സമ്പാദിക്കാൻ ഇട്ടി ഒരുക്കമുണ്ടായിരുന്നില്ല. വാർദ്ധക്യസഹജമായും അല്ലാതെയും തരാതരം മരിക്കുന്ന മുനിസിപ്പൽ കൗൺസിലർമാരുടെ പേരിൽ അവാർഡുകൾ ഏർപ്പെടുത്തൽ; പാട്ടെഴുത്ത് റിവിഷനിസ്റ്റ് കവി ചാമിയുടെ പെണ്മക്കൾ സീതാചാമി, ഗീതാചാമി എന്നീ ഇരട്ടക്കുട്ടികൾക്ക് പദ്യപാരായണത്തിന്  കീർത്തിമുദ്രകൾ തരമാക്കി കൊടുക്കൽ, ശ്രാദ്ധമൂട്ടുമ്പോൾ താത്വികചർച്ചകൾ…ഇപ്രകാരമൊക്കെയാണ് ഇട്ടിയുടെ കാലക്ഷേപം. വട്ടച്ചെലവിന് തുട്ടൊപ്പിക്കാനും രഹസ്യകാമുകി ചെറോണക്ക് ഇടയ്ക്കോരോ ചുരിദാർ, മുക്കുപണ്ടം, മാറ്റിനി ടിക്കറ്റ് എന്നീ പ്രണയോപഹാരങ്ങൾ സമർപ്പിക്കാനും. പഞ്ചായത്ത്ദ്രോഹിയെന്ന പേര് വീണാൽ, ഉള്ള കഞ്ഞിയിൽ അലക്ക്പൊടിയും  കോട്ടെരുമയും വീഴും. കട്ടബൊമ്മന്റെ പോസ്റ്റർ ആഹ്വാനങ്ങളിൽ മൂത്രമൊഴിക്കുന്ന തെരുവ്പട്ടികളെ തല്ലിക്കൊല്ലാൻ നിയോനാസിപങ്ക് മനോരോഗികൾ ചുറ്റിനടക്കുന്ന രാഷ്ട്രീയാന്തരീക്ഷത്തിൽ പ്രത്യേകിച്ചും.

ചെറോണയെ ഉടൻ സമാഗമിച്ച്, ഐസ് ക്രീം നുണയുന്നതിനൊപ്പം ഒരിക്കലും നടപ്പാകാനിടയില്ലാത്ത പ്രണയസാഫല്യപദ്ധതികൾ പര്യാലോചിക്കണമെന്ന് ഇട്ടി തീരുമാനിച്ചു.

*       *       *           *          *            *

നട്ടുച്ചയ്ക്കും കനത്തിരുണ്ട നിഴലുകൾ ക്ണാശ്ശീരി കടന്ന് വലമ്പിലിമംഗലം, പെരുമാങ്ങോട് ദേശീയപാതകളിൽ വ്യാപിച്ച്, നിലവിളിക്കുന്ന് കയറി, പുഞ്ചപ്പാടം, കടമ്പഴിപ്പുറം വഴി എമ്പാടും അശാന്തിയുടെ അത്യുഷ്ണം പടരുമ്പോൾ…

അതിരിലെ തുച്ഛജീവിതങ്ങളും ചിത്രവധങ്ങളും ഫ്‌ളാഷ് ന്യൂസിൽ മാഞ്ഞു പോയി.  പാതിരാസിസേറിയനുശേഷം അതിർത്തിസംഘർഷം സീരിയൽ എപ്പിസോഡുകളായി സ്ഥിരപ്പെട്ടിരുന്നു. വിദൂരനഗരങ്ങളിൽ ഉപരിപഠനത്തിനു  പോയ കുട്ടികൾ തെളിവുകളില്ലാതെ അപ്രത്യക്ഷരായി. ജീവിച്ചിരിക്കുന്നവരുടെ മനസ്സിൽ പേടിയുടെ പാടുകൾ തിണർത്തു. നിരന്തരം അട്ടിമറികൾ നടക്കുന്ന മൂന്നാംലോക അയൽത്താലൂക്കുകളിൽ, ജയിലുകൾ നീറേങ്കൽ ജനായത്തത്തേക്കാൾ സുരക്ഷിതമായിരുന്നു. അവിടങ്ങളിലെ തെരുവുകളിൽ നിങ്ങളെ ഭരണകൂടമോ എതിർഗ്രൂപ്പുകളോ ഏത് നിമിഷവും വെടിവച്ചിടാം. വല്ല പിടിച്ചുപറിയും നടത്തി അകത്തു  കിടന്നാൽ, കുറേക്കാലംകൂടി ജീവിക്കാം. എന്നാൽ, നീറേങ്കലിൽ ജയിലിൽ  പോയാലും രക്ഷയില്ലെന്നായി. വിചാരണത്തടവുകാരായ അവശന്മാർ നാലാൾപ്പൊക്കമുള്ള ഭിത്തികൾ ചാടി, ചുള്ളിക്കമ്പുകളൊടിച്ച് പോലീസുകാരോട്  ഏറ്റുമുട്ടി വെടിയേറ്റ് മരിച്ച വാർത്തകളുടെ  സർക്കാർ ബുള്ളറ്റിനുകൾ ഇറങ്ങി.  ധാതുഖനനകൊള്ളസംഘങ്ങൾ ഏർപ്പാടാക്കിയ പട്ടാളക്കാരുടെ കൂട്ടബലാത്‌സംഗങ്ങളിൽ അനങ്ങൻമലയുടെ അടിവാരങ്ങളിൽ ഗർഭപാത്രങ്ങൾ പുറത്തേക്ക് തുറിച്ചു.

യാതൊന്നും കണ്ടില്ല, കേട്ടില്ല, ഞാനിന്നാട്ടുകാരനേയല്ല  എന്ന മട്ടിൽ, ഇട്ടിനാൻ  ക്ണാശ്ശീരിയുടെ ഇടവഴികളിൽ തേരാപാരാ നടന്നു. അപ്രകാരമൊരു ഉച്ചനേരത്താണ്, ഭൂതത്താൻകോട്ട കള്ളുഷാപ്പിൽനിന്നും ചിറിതുടച്ച് പുറത്തിറങ്ങുന്ന ചിന്തകൻ ലൂയിയെ ഇട്ടി കൂട്ടിമുട്ടിയത്.

“ലൂയിച്ചേട്ടാ! അപ്രഖ്യാപിത അടിയന്തരാവസ്ഥയിൽ അകപ്പെട്ടതു  പോലൊരു തോന്നൽ…”

“ഹഹഹ …” ലൂയി പൊട്ടിച്ചിരിച്ചു: “അല്ലെങ്കിലും ഏത് കാലത്താണ് ക്ണാശ്ശീരിക്കാർ അടിയന്തരാവസ്ഥയിലല്ലാതെ ജീവിച്ചു  പോന്നിട്ടുള്ളത്? നിനക്കൊക്കെ നേരംപുലർന്നിട്ടില്ലെന്ന് മാത്രം…”

ഭൂതത്താൻകോട്ട സ്റ്റോപ്പിൽ, മണ്ണാർക്കാട്ടേക്ക് വണ്ടി കാത്തുനില്ക്കുന്ന ഏഴെട്ടുപേരെക്കൂടി ലൂയി ഒരു കൈവീശലിൽ മൂഢബുദ്ധികളുടെ പട്ടികയിൽ പെടുത്തി.

“നമ്മളെന്ത് ചെയ്യണം?”

“കേട്ടാൽ തോന്നും, മാർഗ്ഗമറിഞ്ഞാൽ നീയൊക്കെ ആ വഴി ഉടൻ ലക്ഷ്യത്തിലേക്ക് വച്ചുപിടിക്കുമെന്ന്.” ലൂയി ഉഗ്രപരിഹാസത്തിൽ അട്ടഹസിച്ചു.  “വാൾട്ടർ ബഞ്ചമിൻ പറഞ്ഞതിന്റെ ക്ണാശ്ശീരി വ്യാഖ്യാനമാണ് തൽക്കാലം കരണീയം. നിലവിലുള്ള അടിയന്തരാവസ്ഥയ്ക്ക് തന്നാലാവും വിധം ഓരോ ക്ണാശ്ശീരി പൗരനും നിരന്തരം ആക്കംകൂട്ടുക. അന്തിമഫലം അതിവേഗം സമാഗതമാകട്ടെ. എന്തെന്നാൽ, അടിത്തട്ടിലെ ജനത എന്നെന്നും അടിയന്തരാവസ്ഥയിലാകുന്നു.”

തുടർന്ന്, ലൂയി ബ്രഹ്തിന്റെ കവിത ദ്രുതവിവർത്തനം ചെയ്തു; സ്വതന്ത്രമായും തോന്നിയ ഈണത്തിലും.

“കൂട്ടക്കുരുതികൾക്കു  നടുവിലിരുന്ന് ഞാൻ അന്നം കഴിച്ചു.
എന്റെ സുഖനിദ്രയ്ക്കുമേലെ കൊലപാതകത്തിന്റെ നിഴൽ പരന്നു.
സ്നേഹിച്ചപ്പോൾ ഞാൻ ഉദാസീനമായി സ്നേഹിച്ചു.
ക്ഷമകെട്ട് ഞാൻ ലോകത്തെ വീക്ഷിച്ചു.
ഭൂമിയിൽ എനിക്കു  നൽകിയ സമയം അപ്രകാരം കടന്നുപോയി.”

“തർജ്ജിമ നന്നായിട്ടുണ്ട്, ചേട്ടാ… കാശ് വല്ലതും കയ്യിലിരിപ്പുണ്ടോ?”

അമിതമദ്യപാനം ഉദാരമതിയാക്കിയതിനാൽ ലൂയി ഇട്ടിക്കു  നേരെ ഒറ്റനോട്ട് വച്ച് നീട്ടി. നിസ്സാര ഭാവത്തിൽ; ഇരുനൂറ്റിയമ്പതിന്റെ ഒരു വീരരായൻ.

ഭൂതത്താൻകോട്ട കയറ്റം ആടിയാടിക്കയറുമ്പോൾ ലൂയി മൊഴിമാറ്റം പൂർത്തിയാക്കി:

“എന്നാൽ….
ഒടുവിൽ ഈ ഭീകരത കടന്നുപോകുമ്പോൾ
മനുഷ്യൻ സഹജീവിയെ സഹായിക്കുന്ന കാലമെത്തുമ്പോൾ
നിങ്ങൾ ഞങ്ങൾക്കു  മേലേ
അതിക്രൂരമായി വിധി പറയരുതേ!”

വിഷാദഭരിതനായ ഇട്ടി ചെറോണയെ വിളിച്ച് ചോദിച്ചു: “വൈകിട്ടെന്താ പരിപാടി?”

ക്ണാശ്ശീരി അർബൻ ബാങ്കിൽ മുണ്ടകൻ വിതയ്ക്കാനുള്ള ലോണിന് അപേക്ഷിക്കാൻ, അപ്പന്റെ കൂടെപോയി തിരിച്ചെത്തി, തളർന്നു  കിടപ്പായിരുന്നു സുന്ദരിക്കോത.

“കന്നിനു കാടി കാട്ടണം, അലക്കണം, കുളിക്കണം, ചക്കപ്പുഴുക്കുണ്ടാക്കണം… ആട്ടെ, ചേട്ടാ.. നാപ്പുണ്ണിമാഷടെ പതിനാറടിയന്തിരം എന്തായി?”

“കലാവിമർശകോലാഹലങ്ങൾ അവതാളത്തിലായി, ചക്കരേ… നാളെ കാലത്ത് ‘നിശ്വാസം’ വാട്ടർ തീം പാർക്കിൽ വാ… ബാസ്കിൻ റോബിൻസിനൊപ്പം വിശദാംശങ്ങൾ കൈമാറാം.”

ഉറങ്ങാൻകിടക്കുന്നതിന് മുൻപ് കട്ടബൊമ്മപ്രതിഭാസത്തിന്റെ കുരുക്കഴിക്കാൻ ഇട്ടിനാൻ വിൽഹെം റീഹിന്റെ ‘ഫാസിസത്തിന്റെ ആൾക്കൂട്ട മനഃശ്ശാസ്ത്രം’ മറിച്ചു  നോക്കി. ‘ചരിത്രത്തിലെ ഓരോ ഏകാധിപതിയും  മുമ്പേ നിലനിൽക്കുന്ന ചില ഭരണകൂട ആശയങ്ങളുടെ ഊന്നിപ്പറയലാകുന്നു. അധികാരത്തിലേറാൻ അയാൾക്ക് അത്തരം വിശ്വാസങ്ങളെ അതിശയോക്തി കലർത്തി വർണ്ണിക്കേണ്ട കാര്യമേയുള്ളൂ. ഒരു സമൂഹത്തിന്റെ ഇച്ഛക്കെതിരെയായി, ഏകാധിപതി അതിനുമേൽ ബലപ്രയോഗം നടത്തുന്നുവെന്ന വിലയിരുത്തൽ വൻപിശകാണ്.’

നീറേങ്കൽ ഫെഡറൽ വോട്ടിങ് പാറ്റേണിലെ വൈചിത്ര്യം കണക്കിലെടുത്താൽ, വിൽഹെം റീഹിന് തെറ്റിപ്പോകട്ടേയെന്ന്   ഇട്ടി ആശിച്ചു. ഭയം മാറാൻ അവൻ കണ്ണടച്ച് മന്ത്രം ചൊല്ലി:

“ആലത്തിയൂർ ഹനുമാനെ
പേടിസ്വപ്നം കാണരുതേ…
പേടിസ്വപ്നം കണ്ടാലോ
വാലുകൊണ്ടടിച്ചുണർത്തണേ…”

തലയ്ക്ക് ഗദകൊണ്ട് മേട്ടം കിട്ടിയ മാതിരി ഇട്ടി ബോധംകെട്ടുറങ്ങി.

*    *         *         *            *          *
[button color=”” size=”” type=”square_outlined” target=”” link=””]ഡീമോണിറ്റൈസേഷൻ കാലത്തെ പ്രണയം[/button]

പിറ്റേന്ന് പുലർച്ചയ്ക്ക് കരിമ്പുഴയുടെ തീരത്തുള്ള ‘നിശ്വാസം’ വാട്ടർ തീം പാർക്കിൽ പൊതുവെ പ്രണയികൾക്ക് വിഹരിക്കാവുന്ന കീറ്റ്സിയൻ കാലാവസ്ഥയായിരുന്നു. മന്ദമാരുതൻ, ഒടിച്ചൂറ്റിപ്പൊന്തകളിൽ വണ്ണാത്തിപ്പുള്ളുകളുടെ കുറുകൽ, ഗുൽമോഹർമരങ്ങൾ പൂത്തു  കൊഴിയുന്ന കടുംചുവപ്പ് വർണ്ണങ്ങൾ, മണൽ വാരി ശോഷിച്ച പുഴയിലെ നീർച്ചുഴികളിൽ മുങ്ങാങ്കുഴിയിടുന്ന ചപ്പുചവറുകൾ… അങ്ങനെയങ്ങനെ…

ബാസ്കിൻ റോബിൻസ് ഐസ് ക്രീം പാർലറിന്റെ ശീതീകരിച്ച കാബിനിൽ ഇട്ടിയും ചെറോണയും കണ്ണോടു  കണ്ണ് നോക്കി. സുന്ദരിക്ക് ഏറ്റവും പ്രിയമുള്ള ബ്ളാക് കറന്റ് സിംഗിൾ സ്‌കൂപ്   ഇട്ടി ഓർഡർ ചെയ്തു. സ്ട്രോബെറി ടോപ്പിങ്സ് സഹിതം.

“അപ്പോ, ചേട്ടന് വേണ്ടേ?”

“നിന്റെ മധുരാധരങ്ങളിൽ സ്പർശിച്ച സ്പൂൺകൊണ്ട് രണ്ടേ രണ്ട് കോരൽ…”

“അത് പറ്റത്തില്ല…” ആർത്തിക്കാരി ശൃംഗാരഭാവത്തിൽ മൊഴിഞ്ഞു: ” ഇത് മുഴുവൻ ഞാൻ തിന്നും. പിന്നേം, ഒരു കപ്പ് വേണം.”

ഇട്ടിയുടെ ഇടനെഞ്ചിനു മുകളിലുള്ള പോക്കറ്റിലൂടെ ഒരു ഇടിമിന്നൽ പാഞ്ഞു. ബ്ലാക്  ഔട്ടിൽ ലൂയി കടംതന്ന ഇരുനൂറ്റമ്പത് വീരരായാൻകൊണ്ട് പല പ്ലാനുകളുമുണ്ട്. ഇവളുടെ മധുരക്കൊതിയിൽ  അതെല്ലാം പാളുമോ?

ഒരു ഗ്ളാസ് തണുത്ത വെള്ളം മൊത്തി, ഇട്ടിനാൻ പ്രേമഭാഷണമാരംഭിച്ചു.

“പ്രാതലിനെന്തായിരുന്നു, പ്രിയേ?”

“ഇട്ടിലി, തേങ്ങാച്ചട്ട്ണി, ഉള്ളിസമ്മന്തി…”

“ചമ്മന്തിയിൽ മുളക് കൂടിയോ? കീഴ്ച്ചുണ്ടിൽ തോല് പൊള്ളച്ചിരിക്കുന്നു.”

“അതോ?… അത് ചേട്ടന്റെ കപടവാഗ്ദാനങ്ങളോർത്ത് ദേഷ്യത്തിൽ അമർത്തിക്കടിച്ചതാ… മുടികൊഴിച്ചിലിന് കണ്ടങ്കളത്തി ഗോപാലൻവൈദ്യർ കാച്ചിയ എണ്ണ കൊണ്ടത്തരാമെന്ന് പറഞ്ഞിട്ട് മാസമെത്രയായി?”

ഇട്ടി കഷ്ടപ്പാടുകളുടെ സെൻസെക്സ് ഇൻഡക്സ് വായിക്കാൻ തുടങ്ങി. നാപ്പുണ്ണി കാവ്യചർച്ചയ്ക്ക് നോട്ടീസടിച്ചതിന്റെയും പന്തൽകെട്ടിയതിന്റെയും  ഫ്ളക്സ് ബോർഡ് പരിസ്ഥിതിദ്രോഹത്തിന്റെയും  കാശ് മുഴുവൻ കൊടുത്തിട്ടില്ല. ചന്തപ്പുര വഴി പോകാനാവുന്നില്ല. കലാബോധമില്ലാത്ത ‘പളപളക്കം’ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്കാർ ആളെ വിട്ട് ഭീഷണിപ്പെടുത്തുന്നു. ചെറോണയുടെ അപ്പന് ലോൺ പാസായാൽ അല്പം വീരരായാൻ  ഒപ്പിക്കാമോ? ഇട്ടി മുന്നോട്ടാഞ്ഞു; ചെറോണയുടെ ചെവിത്തുമ്പിൽ ചുംബിച്ചു.

അവൾ ഐസ് ക്രീം കപ്പ് നീട്ടി വ്രീളാവതിയായി:

“രണ്ട് സ്പൂൺ ചേട്ടൻ കഴിച്ചോ… കാശ് ഞാൻ കൊടുത്തോളാം….”

വെയ്റ്റർ പയ്യൻ തക്കസമയത്തെത്തി. കീശയിൽ നിന്ന് ഇരുനൂറ്റിയമ്പതിന്റെ വീരരായൻ വലിച്ചെടുത്ത് ഇട്ടി ചെറോണയെ ആശ്ചര്യപ്പെടുത്തി.

പക്ഷേ, പയ്യൻ ചിരിച്ചു: ” ഇത് എടുക്കത്തില്ല , ചേട്ടാ…”

“ങേ!” ഇട്ടി ഞെട്ടി. “പ്രാന്ത് പറയുന്നോ?”

“പത്രോം ടീവീം നോക്കാത്ത ബുദ്ധിജീവി…” ചെറോണ കുലുങ്ങിച്ചിരിച്ചു .

സംഗതി ശരിയാണ്. പ്രേമപാരവശ്യത്തിൽ പെട്ടന്ന് കുളിച്ച് കുപ്പായമിട്ട്,  കരിമ്പുഴയിലേക്ക് നടക്കുമ്പോൾ, ഇട്ടിനാന് പരിസരബോധമോ സാമൂഹ്യബോധമോ ഉണ്ടായിരുന്നില്ല.

തരുണീമണി മണിപ്പേഴ്‌സ് തുറന്ന്, അസാധുവല്ലാത്ത ചില്ലറകൾ എണ്ണിപ്പെറുക്കി. തൽക്കാലം ബില്ലും ടിപ്പും ഒപ്പിച്ചു.neerenkal-5-5

‘നിശ്വാസം’ വാട്ടർ തീം പാർക്കിന്റെ ഒഴിഞ്ഞകോണിലെ ബെഞ്ചിലേക്ക് സ്തബ്ധനായ ഇട്ടിയെ നയിക്കുമ്പോൾ, ചെറോണ വാർത്ത പുറത്തുവിട്ടു. ഇന്നലെ പാതിരാത്രിക്ക്, അംശം അധികാരി മറ്റൊരു കൊലച്ചതി ഒപ്പിച്ചിരിക്കുന്നു. ഇനി മുതൽ 250, 550, 1050 വീരരായൻ നോട്ടുകൾ അസാധുവാണ്.

പരിഭ്രാന്തനായ ഇട്ടി, ചിന്തകൻ ലൂയിയുടെ നമ്പർ ഞെക്കി. ലൂയി ചന്തപ്പുരയിലെ കാലിയായ സമ്മേളനപ്പന്തലിൽ ഒരു വീഡിയോ കോൺഫെറൻസിങ്   നടത്തുകയാണ്. ഒറ്റയ്ക്ക്.

“നാട്ടാരെ… കാശ് മുടക്കി, കട്ടബൊമ്മനെ അംശം അധികാരിയാക്കി അരിയിട്ട് വാഴിച്ച കോർപറേറ്റ് ഗുണ്ടകൾ പണി പറ്റിച്ചിരിക്കുന്നു. ഇനിയും നിങ്ങൾക്ക് തുടരെത്തുടരെ ഇരുട്ടടികൾ ലഭിക്കുന്നതായിരിക്കും. അപ്പർ പ്രൈമറി കടന്നിട്ടില്ലെങ്കിലും കട്ടബൊമ്മന് നല്ല കലാവാസനയുണ്ട്. കുട്ടിക്കാലത്ത് ജെങ്കിസ്ഖാൻ, ആറ്റില, നീറോ ചക്രവർത്തി, ഹിറ്റ്‌ലർ, തുഗ്ലക്ക് മുതലായ മഹാന്മാരുടെ പ്രച്ഛന്നവേഷങ്ങൾ കെട്ടി കട്ടബൊമ്മൻ കലാതിലകം നെറ്റിയിൽ കുത്തനെ വരച്ചിട്ടുണ്ട്. കോർപറേറ്റ്  മാഫിയ കല്പിക്കുമ്പോൾ, തട്ടിൻപുറത്തുനിന്ന് പഴയ കോസ്റ്റ്യൂം പൊടിതട്ടിയെടുത്ത് അദ്ദേഹം ടി.വി സ്‌ക്രീനിൽ നിറയുന്നു. എപ്പോൾ കൈ പൊക്കണം, നെഞ്ച് വിരിക്കണം, ഗദ്ഗദംകൊള്ളണമെന്നൊക്കെയുള്ള നാട്യശാസ്ത്രം ഈ പപ്പറ്റിനെ ചാരസംഘടനകൾ ചവിട്ടിയുഴിഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. അന്നേരം കട്ടബൊമ്മൻ നീറേങ്കൽപ്രജകളെ അഭിസംബോധന ചെയ്യുന്നു: “നിലവിലുള്ള ഇരുപത്തഞ്ച്, അമ്പത്തിയഞ്ച് വീരരായൻ  നോട്ടുകളിൽ കള്ളത്തരം, പഞ്ചായത്ത്ദ്രോഹം എന്നിവ മുദ്രണം ചെയ്തതായി നാം പ്രഖ്യാപിക്കുന്നു. അതിനാൽ, കാലൻകോഴി കൂവുന്ന ഈ കാളരാത്രിമുതൽ, നിങ്ങളുടെയൊക്കെ കീശയിലും ബാങ്കിലുമുള്ള നോട്ടുകൾ വെറും പീറക്കടലാസുകൾ മാത്രം. പകരം കുറേക്കൂടി ചന്തത്തിൽ 2500 , 5500 വീരരായൻ നാം അടിച്ചിറക്കുന്നതായിരിക്കും. മഷിയുണങ്ങും മുൻപ്…”

“അതായത്…” ലൂയി സദസ്സിനെ നോക്കി ആവേശംകൊണ്ടു:

“ഇനിമുതൽ  നീറേങ്കൽ മാർക്കറ്റിൽ ഒരേയൊരു കോർപറേറ്റ് ഗുണ്ട മാത്രമേ വാഴത്തുള്ളൂ. എ.ടി.എമ്മുകളിൽ ക്യൂ നിന്ന് കുഴഞ്ഞുവീഴുന്ന പഞ്ചായത്ത്ദ്രോഹികളുടെ എണ്ണം കൂടും. പണവും പണ്ടവും ഒറ്റരാത്രിയിൽ പോക്കറ്റടിക്കപ്പെട്ട മധ്യവർഗ്ഗ ചാഞ്ചാട്ടക്കാർ സാമൂഹ്യശ്രേണിയുടെ കോണിപ്പടികളിൽനിന്നും കുത്തനെ  തലകുത്തി വീഴും. അതുകണ്ട്, സാമ്പത്തികപാതാളത്തിലെ ലക്ഷോപലക്ഷം പിശാചുക്കൾ കൈകൊട്ടിച്ചിരിക്കും. വരുന്ന വാർഡ് ഇലക്ഷനിൽ അവരെല്ലാം കട്ടബൊമ്മനിസത്തെ പിന്തുയ്ണക്കും. വോട്ടിങ് മെഷീൻ തിരിമറികൾ പെരുകും. ജാതിമത അപരവൽക്കരണങ്ങളിൽ ആഭ്യന്തരകലാപങ്ങൾ പൊട്ടിപ്പുറപ്പെടും. സമഗ്രാധിപത്യം ക്ണാശ്ശീരിയെ പിടികൂടിക്കഴിഞ്ഞു. കട്ടബൊമ്മനിസവുമായി ആത്മാവിൽ ഐക്യം പ്രാപിച്ച ഇടത്തരം ജീവികൾ സ്വത്വനഷ്ടത്തെ  പഞ്ചായത്ത് സ്നേഹത്താൽ പകരംവയ്ക്കട്ടെ. അവനവന്റെ ഷണ്ഡത്വത്തെ മറികടക്കാൻ…”

ആ വഴി കടന്നുപോകുന്ന  അവശക്വൊട്ടേഷൻ  ജോസേട്ടൻ ലൂയിയെ നോക്കി മീശ പിരിച്ചു: “ഇതൊക്കെ തന്റെ പാരനോയിക് പരിഭ്രാന്ത്രികളല്ലേ, ഉവ്വേ?”

ലൂയി മൊബൈൽ സ്‌ക്രീനിൽനിന്നും കണ്ണെടുത്ത്, തലയോട്ടിയുടെ ചിരി ചിരിച്ചു:

“നിനക്കൊക്കെ വന്നു ഭവിക്കാനുള്ള എല്ലാ ദുരന്തങ്ങളും  ഒരു ശീലമായിക്കോളും. കാരണം, അടിത്തട്ടിൽനിന്ന് മേല്‌പോട്ട്  പടരുന്ന അർബുദമാണ് കട്ടബൊമ്മനിസം.”

ജോസേട്ടൻ നിന്ന് പരുങ്ങി: ” ഞാനിപ്പം എന്തേലും ചെയ്യേണ്ടതുണ്ടോ, ലൂയിയെ?”

ലൂയി ആലോചനയിലാണ്ടു:

“സമ്പൂർണ്ണ നിസ്സഹകരണം! ഷൈലോക്കുകളുടെ ബാങ്കുകളിൽ നിക്ഷേപിച്ച സംഖ്യകൾ അല്പാല്പം തിരിച്ചുപിടിക്കുക. സീറോ ബാലൻസ് മെസേജ് കിട്ടുമ്പോൾ, അവരുമായുള്ള സാമ്പത്തിക അവിഹിതബന്ധം കോല് മുറിച്ചിടുക. കാഷ്‌ലെസ് പരസ്പരസഹായസഹകരണ ബാർട്ടർ യൂണിറ്റുകൾ തുടങ്ങുക. കോർപറേറ്റ് കൊലയാളിയുടെ പച്ചക്കറി-പലചരക്ക് ഹൈപ്പർ മാർക്കറ്റുകൾ, മൊബൈൽ ശൃംഖലകൾ.. അവന്റെ എല്ലാ  ഉൽപന്നങ്ങളും കഴുത്തറപ്പൻ സേവനങ്ങളും വർജ്ജിക്കുക. സ്വയം വിതയ്ക്കുക, കൊയ്യുക, പിന്നെ  സംഘമായി ഉണ്ണുക. സഹകരണസംഘം ഗച്ഛാമി!…. പെരുമാങ്ങോട്ടെ ചൊവ്വാഴ്ചച്ചന്തകളിൽ, കണ്ണിൽ ചോരയില്ലാത്ത പിമ്പുകളുടെ വമ്പൻ കൂട്ടിക്കൊടുപ്പുകൾ തുറന്നുകാട്ടുക. ചെന്നായനയങ്ങളെ അട്ടിമറിക്കുക. പഞ്ചായത്ത് ബൈലോയിൽ തട്ടിക്കൂട്ടിയ നിയമങ്ങൾവരെ കാറ്റിൽ പറത്തിയാണ്, അവർ നിങ്ങളെ കീഴടക്കിക്കൊണ്ടിരിക്കുന്നത്. സാമാന്യബുദ്ധി, തെളിഞ്ഞ ഹൃദയം, മനുഷ്യപ്പറ്റ് എന്നിവയാകട്ടെ പ്രതിരോധത്തിനുള്ള ആയുധങ്ങൾ…”

ജോസേട്ടൻ കയ്യടിച്ചു. അപ്പോഴേക്കും ലൂയിയുടെ മൊബൈൽ ചാർജ് തീർന്നു. വീഡിയോ കോൺഫെറൻസിങ്  നിലച്ചു.

“ലൂയിച്ചേട്ടന്റെ മുഴുവൻ പിരിയും ഇളകിയ മട്ടാണല്ലോ?”

ടച്ച് ഫോൺ സ്‌ക്രീനിൽ നോക്കി, ചെറോണ ചിരിച്ചു. ഇട്ടിനാന് ചിരി വന്നില്ല. കീശയിലെ അസാധുവായ 250 വീരരായൻ, ജാക്‌സൺ പൊള്ളോക്കിന്റെ ഏതോ അസംബന്ധ കാൻവാസെന്ന് ഇട്ടിക്ക് തോന്നി.

“ക്ണാശ്ശീരിയിൽ വെളിവുള്ള ഏകജീവി ചിന്തകൻ ലൂയി മാത്രമാണ്. കള്ളപ്പണവും വെള്ളപ്പണവും ഫോട്ടോസ്റ്റാറ്റ് വീരരായനും കെട്ടുപിണഞ്ഞ നീറേങ്കൽ അങ്ങാടിയിൽ ഞാൻ പട്ടിണിയിട്ട് പല്ലിളിച്ചത് തന്നെ!”

ഇട്ടിയുടെ ദീർഘനിശ്വാസം വാട്ടർ തീം പാർക്കിൽ വീശിയ ചുടുകാറ്റുകൾ ഏറ്റെടുത്തു.

“അതൊരിക്കലും സംഭവിക്കത്തില്ലാ; ഇട്ടിച്ചേട്ടാ …” ചെറോണ ഇട്ടിയുടെ തോളിൽ കൈചുറ്റി.

“എന്താണൊരുറപ്പ്?”

“ഏത് കൊടുംക്ഷാമത്തിലും നിങ്ങൾക്ക് ഒരു കിണ്ണം ചോറ് ഞാൻ കരുതിയിരിക്കും. ഒക്കുമെങ്കിൽ ചാളക്കറിയും പപ്പടം പൊട്ടിച്ച് വറുത്തതും നാരങ്ങായച്ചാറും.”

ഒട്ടേറെ കാലത്തിനുശേഷം, ഇട്ടിനാന്റെ കണ്ണീർഗ്രന്ഥികളിലെവിടെയോ ചെറിയൊരു നനവ് പടർന്നു. നിങ്ങൾ നീറേങ്കലുകാർ എത്ര സൂക്ഷിച്ച് നോക്കിയാലും കാണാനിടയില്ലെങ്കിലും.

ഗുൽമോഹറിന്റെ ചുവന്ന തണലിൽ, സദാചാര ഒളിക്യാമറകളുടെ കണ്ണു  വെട്ടിച്ച്, ആന്റി റോമിയോ സ്ക്വാഡുകൾക്ക് പിടി കൊടുക്കാതെ, അവളെ മുറുകെ കെട്ടിപ്പിടിച്ച് തുരുതുരാ ചുംബിക്കുമ്പോൾ അവൻ പറഞ്ഞു:

“ഇട്ടി ചെറോണയാണ്…. ചെറോണ ഇട്ടിയും…”

“ഇപ്പോഴും… എല്ലായ്പ്പോഴും…” ചെറോണ നിത്യകാമുകനെ മാറോടമർത്തി.
**********************

നീറേങ്കൽ മുൻ ചെപ്പേടുകൾ:

നീറേങ്കൽ ചെപ്പേട്- ഓല ഒന്ന്

നീറേങ്കൽ ചെപ്പേട്- ഓല രണ്ട്

നീറേങ്കൽ ചെപ്പേട്- ഓല മൂന്ന്

നീറേങ്കൽ ചെപ്പേട്- ഓല നാല്

Comments

comments