ഇന്നലെ, നടന്ന ലഹളയിൽ നെറ്റിപൊട്ടി കുറേ ചോര പോയിട്ടുണ്ട്. കയ്യുംകാലും അനക്കാൻ വയ്യാ….. ഭ്രാന്തെടുത്ത് ഓടിപ്പോയപ്പോൾ കണ്ണിൽകണ്ടവരൊക്കെ ചവിട്ടിക്കൂട്ടി ഒരു പരുവമാക്കിയതാണ്! ആണോ? പിടിച്ചുകെട്ടിക്കൊണ്ടു പോയി ഷോക്ക് തരുമ്പോൾ, എന്തിന് ഇപ്പോഴും ഞാനെന്തോ മനസ്സിലാവാത്ത കാര്യങ്ങൾ പുലമ്പിക്കൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടർ പറയുന്നത്!
‘എല്ലാ രാജ്യത്തിലും ഒന്നാംകിട പൗരന്മാരും
രണ്ടാംകിട പൗരന്മാരും ഇല്ലാതാകുന്നത് വരെ
ഒരാളുടെ തൊലിയുടെ നിറം
അയാളുടെ കണ്ണിന്റെ നിറത്തോളം
പ്രാധാന്യം ഇല്ലാതാകുന്നതു വരെ
ഞാൻ പറയുന്നൂ യുദ്ധം……’
റെസ്ത്തഫാരിയൻ ചിന്തകളുടെ മിശിഹ ബോബ് മാർലിയുടെ റെഗ്ഗെ സംഗീതത്തെ തിരിച്ചറിഞ്ഞ ഒരു ചെറുപ്പക്കാരന്റെ കഥയാണെനിക്ക് പറയാനുള്ളത്!
റെസ്ത്തഫാരിയൻ ചിന്തകളിലെ റെഗ്ഗെ ലഹരിയെ കുറിച്ച് ഞാനെന്താണ് ഡോക്ടറോട് പറഞ്ഞു കൊടുക്കേണ്ടത് ? നിങ്ങളുടെ മുമ്പിലിരിക്കുന്ന പോലെ ഒരു കൂട്ടം സിനിമാക്കാർക്കിടയിലിരുന്ന് കഥ പറഞ്ഞ്, പരാജയപ്പെട്ട ദിവസമാണ് നീലി നദിയെ പ്രണയിച്ചു തുടങ്ങിയത്. ശരിക്കും ഞങ്ങളെല്ലാവരും ഇദ്രീസിലേക്ക് വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുകയായിരുന്നു…
എടക്കര അങ്ങാടിയിൽ അന്ന് മഴ പെയ്തിരുന്നു!……. മഴപ്പെയ്ത്തിന്റെ അവസാനത്തെ തുള്ളി ഭൂമിയിലേക്ക് പതിക്കുന്നതിന്റെ ഒരു ലോ ആങ്കിൾ ഷോട്ട്…. അവിടെ നിന്നും കട്ട് ചെയ്താൽ ഒരു വൈഡ് ലോങ്ങ് ഷോട്ടിൽ താളത്തിലോടി വരുന്ന നീലക്കളറുള്ളൊരു ബസ്സ്…. ടോപ്പ് ആങ്കിളിൽ അതൊരു സിനിമാ യൂണിറ്റിന്റെ ബസ്സാണെന്ന് വ്യക്തം! ഗുൽമോഹർ മരങ്ങളുടെ നാട്ടുവഴി പിന്നിട്ട് എടക്കര അങ്ങാടിയിലേക്ക് പ്രവേശിക്കുന്ന ഷൂട്ടിങ്ങ് സംഘം!
വെളിച്ചത്തിനും ഇരുട്ടിനും ഇടയ്ക്കുള്ള നേർത്തൊരു സന്ധ്യയ്ക്ക് നാട്ടുവഴിയിലൂടെ കടന്നുപോകുന്ന വാഹനങ്ങൾ, മൈലാഞ്ചിക്കൊമ്പൊടിച്ച് നിൽക്കുന്ന മിസ്രിയയുടെ കാഴ്ചയിൽ അവ ആൽത്തരിക്കുഴി ജബ്ബാറിക്കാന്റെ വീട്ടിലേക്ക് തിരിയുന്നു. അത്ഭുതവും പരിഭ്രമവും നിറഞ്ഞ മിസ്രിയയുടെ മുഖത്തിന്റെ ക്ലോസപ്പ് ഷോട്ട്! മൈലാഞ്ചി ചെടിയുടെ ചുവട്ടിൽ നിന്നും ജബ്ബാറിക്കാന്റെ വീടിന് നേരെ ഓടുന്ന മിസ്രിയ. ‘നിൽക്കഡീ’, എന്നും പറഞ്ഞ് പിറകെ ഓടി വരുന്ന കൂട്ടുകാരികൾ…., വളവ് തിരിഞ്ഞ് ജബ്ബാറിക്കാന്റെ വീടിനടുത്തെത്തിയപ്പോൾ ചെമ്മണ്ണിന്റെ മേഘങ്ങളെ മാത്രമേ അവൾക്ക് കാണാനൊത്തുള്ളൂ. നരണിപ്പുഴ കുന്നിനപ്പുറം സൂര്യൻ താഴ്ന്നു കഴിഞ്ഞൂ…
ഞാനെന്തിനാണ് ഈ കഥ പറഞ്ഞോണ്ടിരിക്കുന്നത്! ഡോക്ടറേ, ശരിക്കും……. എനിക്കീ കഥയല്ലട്ടോ പ റയാനുള്ളത്? പെട്ടെന്നെന്തോ തലച്ചോറിലേക്കൊരു വാക്കിടോക്കിയിലെ ആക്രോശം ചെവി തുളച്ച് പാഞ്ഞു കയറുന്നു…. ‘ I Want Muslim Dead Bodies എന്ന ഹെഡ് ലൈനിന് താഴെ വാർത്തയ്ക്കുള്ള വാചകങ്ങൾ മാർച്ചു ചെയ്‌തെത്തി. മോണിറ്ററിൽ നിന്നുള്ള വെളിച്ചം കണ്ണിൽകുത്തി അസ്വസ്ഥമാക്കുന്നു. നീറ്റലോ പേടിയോ? തിരിച്ചറിയാൻ കഴിയുന്നില്ല. വിയർത്തു കുളിച്ച് കമ്പ്യൂട്ടറിന് മുന്നിലിരിക്കുന്നു. വാക്കി ടോക്കിയിലൂടെ ഒരു വൃത്തികെട്ട ഹിംസ്രജന്തുവിന്റെ നാക്കും കൊമ്പല്ലും പുറത്തേക്ക് നീണ്ടു വരുന്നു…… “I want the dead bodies of Muslim bastards.” The command over the walkie-talkie was clear and loud. It came from a high level police officer. His subordinate heeded to his call and presented him with a Muslim dead body. It was the body of an 11 years old girl riddled with bullets. This happened in 1991 and the police officer who had clamored for Muslim dead bodies is none other Raman Srivastava newly appointed chief of Kerala Police.
എനിക്ക് മുസ്ലീം ശവം കാണണമെന്ന് അലറിവിളിച്ച അധികാര ശബ്ദത്തെ കറുത്ത ടാൽക്കം പൗഡർ വിൽക്കുന്ന കാലം വരുമെന്ന മറുശബ്ദത്തെ കേരളത്തിന്റെ മുസ്ലീം യുവത്വം ഏറ്റുപിടിച്ച കാലത്താണ് കഥ നടക്കുന്നത്. ഞാനിതാരോടാണ് പറഞ്ഞു കൊണ്ടിരിക്കുന്നത് ?
നിങ്ങൾ, എന്നെ കൊല്ലാൻ കൊണ്ടുപോകുകയാണ്… മോണിറ്ററിന് മുന്നിലിരിക്കുമ്പോൾ ചുല്യാറ്റിന്റെ നീലപ്പെൻസിലിനായി ഞാൻ തിരഞ്ഞുകൊണ്ടിരിക്കുന്നു. കവലയിലെ ഏതോ കടയിൽ നിന്നും മഅ്ദിനിയുടെ പ്രസംഗം ഉയർന്നു കേൾക്കുന്നുണ്ട്. ഒരു ലോങ്ങ് ഷോട്ടിലേക്ക് ഓടി വരികയാണ് സിറാജുന്നീസയുടെ പ്രായമുള്ളൊരു പെൺകുട്ടി! അവളുടെ കയ്യിൽ വിശുദ്ധ ബാലമംഗളവും അതിനകത്ത് ശ ക്തരിൽ ശക്തനും ആപത്തിൽ മിത്രവുമായ ഡിങ്കൻ ഇരിപ്പുണ്ട്. ആൽത്തരിക്കുഴി സെന്ററിലെ ‘ചോയ് സ് ബാബുക്കാന്റെ’ കടയിൽ നിന്നും പുസ്തകം വാങ്ങി, ഓടിവരുന്ന പെൺകുട്ടിയൊരു വളവ് തിരിയുന്നു. പെട്ടെന്നൊരു പൊട്ടിത്തെറി!, സ്‌ഫോടനത്തിൽ തെറിച്ചു വീഴുന്ന പെൺകുട്ടി………….
ഇദ്രീസ്, കൊല്ലപ്പെട്ടതിന് ശേഷം വടക്കേക്കാട് നടന്ന വർഗ്ഗീയ ലഹളയെ അടിച്ചമർത്താൻ പോലീസ് നടത്തിയ ബോംബേറിൽ ടൈറ്റിൽ തുടങ്ങുന്നു. പ്രസ്തുത സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ പത്രപ്രവർത്തകനിൽ നിന്നുമാണ് സിനിമ തുടങ്ങേണ്ടത്!
‘ശരത്തേ, നിനക്ക് ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടല്ലോ…, അല്ലേ?’
നിവിൻ വഴിയാണ് ശരത്തിനെ പരിചയപ്പെടുന്നത്!
—————
അധ്യായം – 1: കേൾക്കപ്പെടാത്തവർ – വടക്കേക്കാട് ഗവമെന്റ് കോളേജ് മാഗസിൻ 2014-15
അധ്യായം – 2: രൂപരഹിതമായ ജീവിതങ്ങൾ
അധ്യായം – 3: ഉന്മാദത്തിന്റെ വേരുകൾ
അധ്യായം – 4: ആകാശത്തിലേക്ക് തുറക്കുന്ന വാതിൽ
അധ്യായം – 5: ക്ലൈമാക്സ് ഒളിപ്പിച്ചുവെച്ചൊരു പുസ്തകം
അധ്യായം – 6: പറയുന്നത് വല്ലതും മനസ്സിലാവുന്നുണ്ടോ?
അധ്യായം – 7: Eternal Sunshine of the Spotless Mind
Be the first to write a comment.