…………………………
പത്തൊമ്പതാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ (1896) ബ്യൂബോണിക് പ്ലേഗിൻ്റെ ഇരുണ്ട നാളുകൾ ബോംബെ പ്രസിഡൻസിയിൽ താണ്ഡവമാടിയ ചരിത്രം നേരത്തെ പരാമർശിച്ചിരുന്നു. ബ്രിട്ടീഷുകാരെ സംബന്ധിച്ചിടത്തോളം അവരുടെ ലോകവ്യാപാര മണ്ഡലത്തിലെ പ്രധാനസ്ഥലിയായി ബോംബെ അപ്പോഴേയ്ക്കും മാറിയിരുന്നു. അതിനാൽ ബോംബെ പ്രസിഡൻസിയിലെ പ്ലേഗുബാധ എത്രയും പെട്ടെന്ന് നിയന്ത്രിക്കേണ്ടത് പൊതുജനാരോഗ്യതാത്പര്യത്തിനൊപ്പം
പൂനെയിലെ ബ്രാഹ്മണസമൂഹം, പ്രത്യേകിച്ച് ചിത്പാവൻ യാഥാസ്ഥിതിക ബ്രാഹ്മണസമൂഹം റാൻഡിൻ്റെ നിയമനത്തേയും ക്വാറൻ്റൈൻ നടപടികളേയും ശത്രുതാ മനോഭാവത്തോടെയാണ് വീക്ഷിച്ചത്. ബ്രിട്ടീഷ് സാമ്രാജ്യത്വം തദ്ദേശീയരോട് കാണിക്കുന്ന അധീശമനോഭാവത്തിൻ്റേയും രാഷ്ട്രീയ മേലാളത്തത്തിൻ്റേയും തുടർച്ചയായാണ് രോഗനിയന്ത്രണ നടപടികളേയും അവർ കണക്കാക്കിയത് . അതുകൊണ്ടുതന്നെ പ്ലേഗ് രോഗബാധിതരുടെ വിവരങ്ങൾ സ്പെഷ്യൽ പ്ലേഗ് കമ്മറ്റി (എസ് പി സി )ക്ക് കൈമാറാനോ രോഗികളെ ചികിത്സാകേന്ദ്രത്തിലെത്തിക്കാ
ഇത് മനസ്സിലാക്കിയ റാൻഡും സംഘവും വീടുകൾ കയറി പരിശോധിക്കാനാരംഭിച്ചു. രോഗികളെ കണ്ടെത്തിയാൽ എതിർപ്പുകൾ അവഗണിച്ച് അവരെ ചികിത്സാകേന്ദ്രത്തിലേയ്ക്ക് മാറ്റി. പ്ലേഗ്ബാധ തടയുന്നതിൻ്റെ അത്യാവശ്യ നടപടിയായ അണു നശീകരണത്തിനായി രോഗിയുടെ വസ്ത്രങ്ങളും കിടക്കയും രോഗി ഉപയോഗിച്ചിരുന്ന വസ്തുക്കളും അഗ്നിക്കിരയാക്കുകയും ചെയ്തു. ആ വസ്തുക്കളുടെ കൂട്ടത്തിൽ മതഗ്രന്ഥങ്ങളും സ്വാഭാവികമായി ഉണ്ടായിരുന്നു.
എന്നത്തേയും പോലെ, മതത്തിനും ബ്രാഹ്മണ സംസ്ക്കാരത്തിനും ജീവിതരീതിക്കും മേലുള്ള കടന്നുകയറ്റമായി റാൻഡിൻ്റെ നടപടികളെ തിലകിൻ്റെ നേതൃത്വത്തിലുള്ള നവ- യാഥാസ്ഥിതിക ബ്രാഹ്മണിസ്റ്റുകൾ ചിത്രീകരിക്കാൻ തുടങ്ങി. വീടുകൾക്കുള്ളിലെ ആരാധനാമുറികളിലും സ്ത്രീകളുടെ അറകളിലും “മ്ലേച്ഛർ” കയറുന്നത് അനുപാതരഹിതമായി പ്രചരിക്കപ്പെട്ടു. കേസരിയിലൂടെ തിലക് റാൻഡിനെതിരെ ആഞ്ഞടിച്ചു. പൂനാവൈഭവ് പോലുള്ള തിലകിൻ്റെ സ്വാധീനവലയത്തിലുള്ള മറ്റ് പത്രങ്ങളും റാൻഡിനും ബ്രിട്ടീഷ് ഗവണ്മെൻ്റിനുമെതിരെ അക്രമോത്സുകമായി എഴുതാൻ തുടങ്ങി. “റാൻഡിനെപ്പോലെ സംശയാസ്പദമായ, ഇരുണ്ട മനസ്സുള്ള, മർദ്ദക വ്യക്തിത്വത്തെ ഗവണ്മെൻ്റ് ഈ നിയമം (1897-ലെ പകർച്ചാവ്യാധി നിവാരണ നിയമം) നടപ്പാക്കാൻ ഏല്പിക്കരുതായിരുന്നു”, തിലക് എഴുതി.
ഇങ്ങനെ തിലകിൻ്റെ നേതൃത്വത്തിലെ നവ- യാഥാസ്ഥിതിക ബ്രാഹ്മണിസ്റ്റുകൾ റാൻഡിനെതിരെ ജനവികാരം ഇളക്കിവിട്ടുകൊണ്ടിരുന്നതിനിടക്കാണ് 1897 ജൂൺ 22-ന് വിക്ടോറിയാ രാജ്ഞിയുടെ കിരീടധാരണത്തിൻ്റെ ഡയമണ്ട് ജൂബിലി പൂനെയിൽ ഗണേഷ് കിണ്ടിലെ ഗവണ്മെൻ്റ് ഹൗസിൽ ആഘോഷിക്കുന്നത്. ബ്രിട്ടീഷിന്ത്യയുടെ പരമഭരണാധികാരി കൂടിയായിരുന്ന രാജ്ഞിയുമായി ബന്ധപ്പെട്ട ആഘോഷം കരിമരുന്ന് പ്രയോഗവും സദിരുകളും ഒക്കെ ചേർന്ന് ഗംഭീരമായിരുന്നു. റാൻഡും സഹപ്രവർത്തകരും ആഘോഷത്തിൽ പങ്കെടുത്തിരുന്നു. കണ്ണഞ്ചിക്കുന്ന ആ ആഘോഷപരിപാടികൾ കാണാൻ നാട്ടുകാരും തടിച്ചു കൂടിയിരുന്നു. ആഘോഷ പരിപാടികൾക്ക് ശേഷം തിരിച്ചു വരികയായിരുന്ന റാൻഡിൻ്റെ കുതിരവണ്ടിയിലേയ്ക്ക് ഇരുട്ടിൻ്റെ മറവിൽ ഒരാൾ കുതിച്ചു കയറി. റാൻഡിൻ്റെ വണ്ടി വരുന്നത് കണ്ട ഒരാൾ ഗോണ്ടിയ ആലാ രേ ആല (നമ്മുടെ ലക്ഷ്യം ദാ വന്നുകഴിഞ്ഞു) എന്ന് ഒരു സൂചക വാക്യം നൽകിയപ്പോഴാണ് വണ്ടിയിലേയ്ക്ക് അയാൾ ചാടിക്കയറിയത്. അതോടൊപ്പം റാൻഡിൻ്റെ അംഗരക്ഷകനായിരുന്ന അയേഴ്സ്റ്റിൻ്റെ വണ്ടിയിലും മറ്റൊരാൾ കുതിച്ചു കയറി. അവർ റാൻഡിനേയും അയേഴ്സ്റ്റിനും നേരെ നിറയൊഴിക്കുകയും അയേഴ്സ്റ്റ് തൽക്ഷണം മരിക്കുകയും ചെയ്തു. റാൻഡിനെ സസൂൺ ആശുപത്രിയിലെത്തിച്ച് ജീവൻ നിലനിർത്താനുള്ള പരിശ്രമങ്ങൾ നടത്തിയെങ്കിലും 1897 ജൂലൈ 3-ന് അദ്ദേഹവും മൃതിയടഞ്ഞു.
ബോംബെ ഗവണ്മെൻ്റ് സ്‌റ്റേറ്റ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിൽ ഈ കൊലപാതകങ്ങൾക്ക് ദൃക്സാക്ഷിയായ അയേഴ്സ്റ്റിൻ്റെ ഭാര്യയുടെ മൊഴി ഇമ്മട്ടിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്
“(ഗവണ്മെൻ്റ് ഹൗസിൻ്റെ ) ഗേറ്റിൽ നിന്നും പൂനാ റോഡിൽ ഏതാണ്ട് അറുനൂറ് വാര പിന്നിട്ടപ്പോൾ തങ്ങളുടെ കുതിരവണ്ടിയുടെ മുന്നിൽ പോകുന്ന കുതിരവണ്ടിയുടെ പിന്നിൽ ഒരു തദ്ദേശീയൻ ഇരിക്കുന്നതായി മിസ്സിസ്സ് അയേഴ്സ്റ്റ് കണ്ടു. ഒരു മിന്നലും ഉച്ചത്തിലുള്ള ശബ്ദവും അവരുടെ ശ്രദ്ധയിൽ പെട്ടു. തദ്ദേശീയൻ വണ്ടിയിൽ നിന്നും ചാടിയിറങ്ങി റോഡിലൂടെ വലതുവശത്തെ വയൽ ലക്ഷ്യമാക്കി ഓടിപ്പോകുന്നതും അവർ കണ്ടു.
അയാൾ പടക്കം പൊട്ടിച്ച് തമാശ കാണിക്കുകയാണെന്നാണ് അവർ കരുതിയത്. അക്കാര്യം തൻ്റെ ഭർത്താവിനോട് അവർ പറയുകയും ചെയ്തു. മിന്നലും ശബ്ദവും റാൻഡിൻ്റെ (മുന്നിൽ പോയിരുന്ന വണ്ടി) കുതിരയെ ഭയപ്പെടുത്തുകയും അത് വലത്തോട്ട് വെട്ടിത്തിരിയുകയും ചെയ്തു. അവർ പെട്ടെന്ന് തങ്ങളുടെ വണ്ടിയുടെ പിൻവശത്തുനിന്നും വലിയൊരു ശബ്ദം കേട്ടു. അവരുടെ ഭർത്താവ് “എൻ്റെ ദൈവമേ, ഞാൻ കൊല്ലപ്പെട്ടു” എന്ന് ഉച്ചരിച്ച് മറിഞ്ഞു വീണു.”
കൊലയാളികളെപ്പറ്റി വിവരമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഈ റിപ്പോർട്ട് റാൻഡിനെതിരെ പൊതുജനങ്ങളെ ഇളക്കിവിടാൻ തിലകിൻ്റെ കേസരിയും പൂനാ വൈഭവ് പോലുള്ള പത്രങ്ങളും ശ്രമിച്ചത് ചൂണ്ടിക്കാട്ടുന്നുണ്ട് . “പൂനാ ബ്രാഹ്മണർ” ആയിരിക്കും ഇതിന് പിന്നിലെന്ന് അവർ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. കൊലയാളികളെ പറ്റി വിവരം തരുന്നവർക്ക് അന്നത്തെ വലിയൊരു തുകയായ 20,000 രൂപ ഇനാം പ്രഖ്യാപിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറിയോട് ആവശ്യപ്പെടുന്നും ഉണ്ട്. അതനുസരിച്ച് ആ ഇനാം ഗവണ്മെൻ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു .
ബോംബെ പോലീസ് സൂപ്രണ്ടായിരുന്ന ബ്രെവിൻ ആണ് ഈ കേസ് ഏറ്റെടുത്തത്. അക്കാലത്ത് ദുർഗുണപരിഹാരഭവനത്തിൽ കഴിഞ്ഞിരുന്ന ഗണേഷ് ശങ്കർ ദ്രാവിഡ് എന്ന പൂനാ ബ്രാഹ്മണയുവാവിന് ഈ കൊലയെ സംബന്ധിച്ച വിവരങ്ങൾ തരാൻ സാധിക്കും എന്ന് ബ്രെവിന് തോന്നുകയും അയാളെ സന്ദർശിക്കുകയും ചെയ്തു. 1898 ഏപ്രിൽ 22-ന് ബോംബെ പോലീസ് കമ്മീഷണർ ആയിരുന്ന ആർ. എച്ച്. വിൻസെൻ്റിന് ബ്രെവിൻ കൊടുത്ത റിപ്പോർട്ടിൽ ഈ സംഭവങ്ങൾ വിവരിക്കുന്നത് ഇങ്ങനെയാണ്.
“അയാൾ (ഗണേഷ് ശങ്കർ ദ്രാവിഡ് ) എൻ്റെ അന്വേഷണത്തിൽ അത്ഭുതം പ്രകടിപ്പിക്കുകയും കൊല നടന്ന രാത്രിയ്ക്കും രണ്ടുവർഷം മുമ്പേ ജയിലിൽ അടക്കപ്പെട്ട താൻ ഇക്കാര്യത്തെക്കുറിച്ച് എങ്ങനെ അറിയാനാണ് എന്ന് എന്നോട് ആരായുകയും ചെയ്തു. അന്നേരം അയാളിൽ നിന്നും ഏത് തരം സഹായമാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും അയാൾ തരുന്ന വിവരങ്ങളിൽ നിന്ന് എന്തെങ്കിലും തുമ്പ് എനിക്ക് ലഭിക്കുമെങ്കിൽ, പൂനെയിലെ പോലീസ് സൂപ്രണ്ട് , ബോംബെയിലെ പോലീസ് കമ്മീഷണർ എന്നിവർ വഴി ഗവണ്മെൻ്റിനെക്കൊണ്ട് അയാളുടെ ശിക്ഷ പൂർണ്ണമായും ഇളവു ചെയ്യാൻ പ്രേരിപ്പിക്കാൻ ശ്രമിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നുവെന്നും അയാളെ അറിയിച്ചു. ഗവണ്മെൻ്റ് വിളംബരം ചെയ്തിട്ടുള്ള 20,000 രൂപയുടെ ഇനാമിനെക്കുറിച്ചുള്ള കാര്യം ഞാൻ അയാളെ അറിയിക്കുകയും അയാൾ തരുന്ന വിവരങ്ങൾ കൊലയാളികളുടെ അറസ്റ്റിലേയ്ക്ക് നയിക്കുകയാണെങ്കിൽ ആ തുക അയാൾക്ക് നൽകാനുള്ള നടപടികൾ സ്വീകരിക്കാമെന്നും പറഞ്ഞു. ഇതെല്ലാം കേട്ട ശേഷം ദ്രാവിഡ് എൻ്റെ നിർദ്ദേശം പരിഗണിക്കുന്നതിനായി കുറച്ച് സമയം ആവശ്യപ്പെടുകയും കുറച്ചുദിവസങ്ങൾക്കുള്ളിൽ എനിക്ക് ഉത്തരം തരാമെന്ന് പറയുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം ഞാൻ പൂനെയ്ക്ക് മടങ്ങുകയും പൂനെയിലെ പോലീസ് സൂപ്രണ്ടിനോട് ദ്രാവിഡിനെ യർവാദാ ജയിലിലേയ്ക്ക് മാറ്റാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. അത് നടപ്പാക്കുകയും യർവാദാ ജയിലിൽ പോയി ഞാൻ ദ്രാവിഡിനെ കാണുകയും ചെയ്തു”.
ബ്രെവിൻ പ്രതീക്ഷിച്ചത് പോലെത്തന്നെ ഇപ്രാവശ്യം ദ്രാവിഡ് അനുകൂലമായ മനഃസ്ഥിതിയിൽ ആയിരുന്നു. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തിയ സമയത്ത് ഇൻസ്പെക്ടർ സ്മിത്തിനെതിരെ കൈയ്യേറ്റം ചെയ്തവരുടേയും കോൺഗ്രസ്സ് പന്തൽ കത്തിച്ചു കളയാൻ ശ്രമിച്ചവരുടേയും പേരു വിവരങ്ങളാണ് ദ്രാവിഡിൽ നിന്ന് ബ്രെവിൻ ശേഖരിച്ചത്. പൂനെയിലെ തിലകിനാൽ പ്രചോദിതരാക്കപ്പെട്ട നവ- യാഥാസ്ഥിതിക ബ്രാഹ്മണയുവാക്കളിൽ ഒരാളായിരുന്ന ദ്രാവിഡ് ആ അക്രമസംഭവങ്ങളിൽ പങ്കാളികൾ ആയിരുന്നവരുടെ പേരു വിവരങ്ങൾ ബ്രെവിന് കൈമാറി. ഗോപാൽ കൃഷ്ണ സാത്തേ, പൂനെ മുനിസിപ്പാലിറ്റിയുടെ സെക്രട്ടറിയുടെ സഹോദരൻ കുംതേക്കർ , ദാമോദർ ഹരി ചപേക്കർ തുടങ്ങിയവർ ആയിരുന്നു ആ പട്ടികയിൽ ഉണ്ടായിരുന്നത്. അതിന് പുറമേ ദാമോദർ ഹരി ചപേക്കർ ഒരു സംഘം നയിക്കുന്നുണ്ടെന്നും തൻ്റെ സഹോദരനായ നീലകണ്ഠ് അതിൽ അംഗമാണെന്നുമുള്ള വിലപ്പെട്ട വിവരം കൂടി ദ്രാവിഡ് ബ്രെവിന് കൈമാറുകയുണ്ടായി. നീലകണ്ഠുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി ബ്രെവിൻ തൻ്റെ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെയാണ്.
“ഞാൻ നീലകണ്ഠിൻ്റെ അടുത്ത് പോയെങ്കിലും അയാൾ ഒന്നും വെളിപ്പെടുത്താൻ തയ്യാറായിരുന്നില്ല. അതിന് ശേഷം ഞാൻ അയാളെ ഗണേഷ് ദ്രാവിഡിനടുത്ത് കൊണ്ടുപോകുകയും അയാൾ അറിയാവുന്നതെല്ലാം എന്നോട് പറയാൻ നീലകണ്ഠിനെ നിർബന്ധിക്കുകയും ചെയ്തു. 120 യുവാക്കളെ സംഘടിപ്പിച്ച് കായിക പരിശീലനം നടത്തുന്ന ചപേക്കർ സഹോദരരുടെ ചെയ്തികളെ കുറിച്ച് നീലകണ്ഠ് എന്നെ അപ്പോൾ അറിയിച്ചു. ഈ അർദ്ധ സന്നദ്ധ സേന പിന്നീട് പിരിയാനിടയായ സാഹചര്യങ്ങളെപ്പറ്റിയും അതിന് ശേഷം കായികപരിശീലനത്തിൽ പങ്കെടുത്തിരുന്ന യുവാക്കളിൽ നിന്ന് ചിലരെ തെരഞ്ഞെടുത്ത് ഒരു സംഘം രൂപികരിച്ചതിനെപ്പറ്റിയും അയാൾ വിശദീകരിച്ചു.എങ്ങനെയാണ് ആയുധശേഖരണത്തിനായി സംഘാംഗങ്ങൾക്ക് ചപേക്കർ സഹോദരർ നിർദ്ദേശം നൽകിയത്, എങ്ങനെയാണ് ആ സംഘം തകർന്നത്, എങ്ങനെയാണ് ദാമോദറിന് വേണ്ടി സംഘം ശേഖരിച്ച ആയുധങ്ങൾ താൻ കാണാനിടയായത്, തുടങ്ങിയവയെല്ലാം അയാൾ വിശദീകരിച്ചു. ദാമോദറും ഗോപാൽ കൃഷ്ണ സാഥേയും പാർബതി ( നദി) യ്ക്കരികെ പന്നികളെ വെടിവയ്ക്കാൻ പോകാറുണ്ടെന്നും അതുവഴി വെടിക്കോപ്പുകൾ ഉപയോഗിക്കാൻ പരിശീലനം ലഭിച്ചവരാണെന്നും കൂടി നീലകണ്ഠ് എന്നെ അറിയിക്കുകയുണ്ടായി ”
ഈ വിവരങ്ങൾ അനുസരിച്ച് ബ്രെവിൻ ദാമോദർ ഹരി ചപേക്കറെ അറസ്റ്റ് ചെയ്യുകയും റാൻഡിനെ വധിച്ചത് സംബന്ധിച്ച് അദ്ദേഹം കുറ്റസമ്മതം നടത്തുകയും ചെയ്തു. ബ്രാഹ്മണകുലത്തെ അപമാനിക്കുന്ന തരത്തിൽ പ്ലേഗ് ബാധ തടയുന്നു എന്നത് മുൻ നിർത്തി റാൻഡ് പെരുമാറിയത് കൊണ്ടാണ് അദ്ദേഹത്തെ വധിച്ചത് എന്ന് ദാമോദർ ഹരി ചപേക്കർ കുറ്റസമ്മതത്തിൽ പറയുകയുണ്ടായി.
“ഞാൻ പൂനെയിലേയ്ക്ക് പോയി. … പ്ലേഗിനെ അടിച്ചമർത്താനുള്ള നടപടികൾ ആരംഭിച്ചിരുന്നു. … വീടുകൾ സന്ദർശിക്കുന്നു എന്ന മട്ടിൽ പട്ടാളക്കാർ നിരവധി കുഴപ്പങ്ങൾ അഴിച്ചു വിട്ടിരുന്നു. അവർ അമ്പലങ്ങളിൽ കയറുകയും സ്ത്രീകളെ അവരുടെ വീടുകളിൽ നിന്ന് പിടിച്ചിറക്കുകയും വിഗ്രഹങ്ങൾ തകർക്കുകയും പുണ്യഗ്രന്ഥങ്ങളെ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. ഈ പ്രവൃത്തികൾക്ക് പകരം വീട്ടാൻ ഞങ്ങൾ ആഗ്രഹിച്ചു. പക്ഷെ, സാധാരണമനുഷ്യരെ കൊല്ലുന്നതിൽ അർത്ഥമില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. തലവനെ കൊല്ലുക അത്യാവശ്യമായിരുന്നു. അതിനാൽ റാൻഡിനെ, തലവനെ കൊല്ലാൻ ഞങ്ങൾ തീരുമാനിച്ചു.”
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗമായാണ് റാൻഡിൻ്റേയും അയേഴ്‌സ്റ്റിൻ്റേയും വധത്തെ പൊതുവിൽ നോക്കിക്കാണുന്നത്. ബ്രിട്ടീഷ് വിരുദ്ധതയുടെ നിദർശനമായിരിക്കെത്തന്നെ, അത് ബ്രാഹ്മണാഭിമാനത്തെ സംരക്ഷിക്കാനുള്ള ശ്രമം കൂടിയായിരുന്നു എന്ന് ഈ മൊഴി സംശയലേശമന്യേ തെളിവു തരുന്നു. പ്ലേഗിൻ്റെ അണുക്കൾക്ക് നേരെയുള്ള പോരാട്ടത്തെ തരിമ്പും അതായി കാണാൻ അവർ കൂട്ടാക്കിയില്ല. പകരം ബ്രാഹ്മണരുടെ ജീവിത ശൈലിയ്ക്ക് മേൽ മ്ലേച്ഛരുടെ കൈയ്യേറ്റം മാത്രമായി അവർ അതിനെ കണ്ടു. അതുകൊണ്ടുതന്നെ റാൻഡിൻ്റേയും അയേഴ്സ്റ്റിൻ്റേയും കൊലപാതകങ്ങൾ ദുരഭിമാനക്കൊലകൾ കൂടിയായിരുന്നു. അക്കാര്യം മനസ്സിലാക്കണമെങ്കിൽ ചപേക്കർ സഹോദരരെക്കുറിച്ച് കുറച്ച് കാര്യങ്ങൾ കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്.
ചപേക്കർ സഹോദരൻ എന്നറിയപ്പെടുന്ന ദാമോദർ ഹരി ചപേക്കർ (1870-1898), ബാലകൃഷ്ണ ഹരി ചപേക്കർ (1873- 1899), വാസുദേവ് ഹരി ചപേക്കർ (1879-1899) എന്നിവർ ഹരിപാന്തിൻ്റേയും ദ്വാരകയുടേയും മക്കളായി ഒരു ചിത്പാവൻ ബ്രാഹ്മണകുടുംബത്തിലായിരുന്നു ജനിച്ചത്. ചിഞ്ച് വാഡയ്ക്ക് അടുത്തുള്ള ചപ്പ എന്ന ഗ്രാമത്തിലാണ് ആ കുടുംബത്തിൻ്റെ വേരുകൾ. എന്നാൽ ഹരിപാന്ത് പൂനെയിലേയ്ക്ക് കുടിയേറി പാർക്കുകയുണ്ടായി. ബ്രാഹ്മണ ഗൃഹങ്ങളിൽ കീർത്തനങ്ങൾ പാടിയാണ് ഹരിപാന്ത് കാലയാപനം കഴിച്ചിരുന്നത്. പിൽക്കാലത്ത് മൂന്ന് സഹോദരരും ആ കലാത്തൊഴിലിൽ നൈപുണ്യം കൈവരിക്കുകയും പിതാവിനെ സഹായിക്കുകയും ചെയ്തുപോന്നു.
അക്കാലത്ത് പൂനെ നഗരം, പ്രത്യേകിച്ചും അവിടുത്തെ ബ്രാഹ്മണസമുദായം കടന്നുപോയ്ക്കൊണ്ടിരുന്ന സാമൂഹ്യസാഹചര്യങ്ങളിലേയ്ക്ക് നാം പാളി നോക്കുകയുണ്ടായി. റാന ഡേയും അഗാർക്കറും പോലുള്ള പുരോഗമനവാദികൾ ബ്രാഹ്മണരെ നവോത്ഥാനത്തിൻ്റെ പാതയിലേയ്ക്ക് നയിക്കാനായി അക്ഷീണം പ്രയത്നിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഗണേഷ് അഗാർക്കറിൻ്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്ന “സുധാരക് ” പത്രികയായിരുന്നു അവരുടെ മാധ്യമജിഹ്വ. എന്നാൽ സമുദായത്തിൻ്റെ ഹിന്ദുജാതിശ്രേണിയിലും പൊതുവേ സമൂഹത്തിലുമുള്ള മേൽക്കോയ്മയെ മാറിയ കാലത്തിലും നിലനിർത്താനുള്ള തന്ത്രങ്ങൾ ആവിഷ്ക്കരിച്ചു വരികയായിരുന്നു തിലകിൻ്റെ നേതൃത്വത്തിലുള്ള നവ- യാഥാസ്ഥിതികർ. കേസരിയും മറാത്തയുമായിരുന്നു അവരുടെ മാധ്യമജിഹ്വകൾ. ബ്രാഹ്മണികമേൽക്കോയ്മയെ അട്ടിമറിക്കാനായി മഹാത്മാ ഫൂലേയും ഭാര്യ സാവിത്രി ഫൂലേയും അടക്കമുള്ളവർ സത്യശോധക് സമാജ് ഉണ്ടാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ഈ കീഴാള പ്രസ്ഥാനത്തോട് പണ്ഡിത രമാബായ് പോലുള്ള ചിത്പാവൻ ബ്രാഹ്മണകുലത്തിൽ ജനിച്ചവർ പോലും ഐക്യപ്പെട്ട് പ്രവർത്തിച്ചിരുന്നു.
രമാ ഡോംഗ്രേ എന്ന പേര് ഉണ്ടായിരുന്ന സ്ത്രീയാണ് പിന്നീട് പണ്ഡിത രമാബായി, കീഴാള മുന്നേറ്റത്തിൻ്റെ ചരിത്രത്തിലും സ്ത്രീവാദ ചരിത്രത്തിലും ഉജ്ജ്വല വ്യക്തിത്വമായി വായിക്കപ്പെട്ട ആൾ, ആയി മാറിയത്. സ്വാമി വിവേകാനന്ദനൊപ്പം ചിക്കാഗോയിലെ ലോകമതസമ്മേളനത്തിൽ അവർ പങ്കെടുക്കുകയുണ്ടായി. പിന്നീട് ക്രിസ്തുമതം സ്വീകരിച്ച അവർ ആ മതത്തിനുള്ളിലെ വിവേചനങ്ങൾക്കെതിരെയും പോരാടുകയുണ്ടായി. വിധവകൾക്ക് വേണ്ടി ശാരദാസദൻ സ്ഥാപിച്ച് പൂനെ നഗരത്തെ അവരും ഇക്കാലത്ത് പ്രവർത്തനരംഗം ആക്കുകയുണ്ടായി.
അക്കാലത്ത് തന്നെയാണ് ബ്രാഹ്മണകുലത്തെ നെടുകെപ്പിളർത്തിയ, പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയ ഏജ് ഓഫ് കൺസെൻ്റ് ബിൽ നിയമമായത്. തിലകിൻ്റെ നേതൃത്വത്തിലുള്ള നവ- യാഥാസ്ഥിതിക ബ്രാഹ്മണിസം ഇതിനെ എതിർത്തു കൊണ്ടാണ് ജനപ്രീതി നേടിയത്. തിലക് വാദികൾ എന്നറിയപ്പെടുന്ന ചെറുപ്പക്കാർ ഈ നവ- യാഥാസ്ഥിതിക സംഘത്തെ തീവ്രവാദ സംഘമാക്കി ഉയർത്തുകയുണ്ടായി. ഒരേ സമയം പുരോഗമനപക്ഷ വിരുദ്ധരും ബ്രിട്ടീഷ് വിരുദ്ധരും മുസ്ലീം, ന്യൂനപക്ഷ വിരുദ്ധരുമായിരുന്നു ഇവർ. തിലകിൻ്റെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട ജിംനാസ്റ്റിക് ക്ലബ്ബുകളിൽ കായികപരിശീലനം നേടിയവരും ആയിരുന്നു അവർ. തിലക് ആവിഷ്ക്കരിച്ച ഗണേശോത്സവത്തിനും ശിവജി ഉത്സവത്തിനും ജീവനും ആവേശവും പകർന്നത് അവരായിരുന്നു.
അവർ തങ്ങളുടെ ത്രിമുഖ ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിച്ചത്. മുസ്ലീങ്ങൾക്കും ബ്രിട്ടീഷുകാർക്കും പുരോഗമന വാദികൾക്കുമെതിരെ. ഈ ത്രിമുഖപ്രവർത്തനത്തിൻ്റെ ഏറ്റവും രൂക്ഷമായ മുഖമായിരുന്നു ദാമോദർ ഹരി ചപേക്കർ. തിലകിൻ്റെ ആശയമണ്ഡലത്തിന് പ്രായോഗികരൂപം നൽകേണ്ടതുണ്ട് എന്ന് അദ്ദേഹം കരുതി. അതിന് വേണ്ടി രൂപീകരിച്ച സംഘടനയാണ് “ഹിന്ദുമത തടസ്സ നിവാരണ സംഘം”. പിന്നീടത് ഹിന്ദുമതം എന്നതിന് പകരം ആര്യധർമ്മത്തെ കൂട്ടിച്ചേർത്ത് ആര്യധർമ്മ പ്രതിബന്ധ് നിവാരക് മണ്ഡലിയായി മാറി. പുരോഗമന വാദികളെ ഇരുട്ടിൻ്റെ മറവിൽ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ആക്രമിച്ചു കൊണ്ടാണ് തങ്ങളുടെ സാന്നിദ്ധ്യം അവർ വെളിവാക്കിയത്. “സുധാരക് ” പത്രാധിപരായിരുന്ന പട് വർദ്ധനനെയാണ് അവർ ആദ്യം ആക്രമിച്ചത് . പുരോഗമനവാദികളായ കുൽക്കർണ്ണി, തൊറാട്ട് എന്നിവരേയും ഇവർ ആക്രമിക്കുകയുണ്ടായി. ക്രിസ്തുമതം സ്വീകരിച്ച വെലിങ്കറേയും. അങ്ങനെ ബ്രാഹ്മണ ശുദ്ധിവാദത്തിൻ്റെ മുന്നണിപ്പടയാളികൾ ആയി അവർ തങ്ങളെത്തന്നെ നിർവ്വചിച്ചു.
ഈ ബ്രാഹ്മണ ശുദ്ധിവാദത്തിൻ്റെ ചരിത്രപരമായ ബ്രിട്ടീഷ് വിരുദ്ധത അവർ ആദ്യം വെളിവാക്കിയത് ബോംബെയിലെ വിക്ടോറിയ പ്രതിമയിൽ ടാർപൂശിയാണ്. ബോംബെ ചീഫ് മജിസ്ട്രേട്ടായിരുന്ന ഡബ്ല്യു. ആർ. ഹാമിൽട്ടൺ രേഖപ്പെടുത്തിയിരിക്കുന്ന കുറ്റസമ്മത റിപ്പോർട്ടിൽ, ആ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്. വർഷത്തിൽ 4 മാസമെങ്കിലും ബോംബെയിൽ കഴിയാറുണ്ടെന്നും ആ സമയത്താണ് ഈ കൃത്യം നടത്തിയതെന്നും ദാമോദർ പറയുന്നു. രാവിലെ 4 മണിക്ക് താനും അനുജൻ ബാലകൃഷ്ണയും ചേർന്ന് വിക്ടോറിയ പ്രതിമയുടെ സമീപത്ത് പോയെന്നും ബസാറിൽ നിന്ന് 6 അണയ്ക്ക് നേരത്തേ വാങ്ങിവെച്ചിരുന്ന ടാർ ബാലകൃഷ്ണ പ്രതിമയിൽ പൂശിയെന്നും താൻ കാവൽ നിന്നുവെന്നുമാണ് ദാമോദറിൻ്റെ മൊഴിയായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. ഖണ്ഡേവാടിയിലെ ബാൽ മങ്കേഷ് വാഗ്ലയുടെ കോണിപ്പടിക്കടിയിൽ വെച്ചിരുന്ന കേടായ ചെരിപ്പുകൾ കൊണ്ട് മാലയുണ്ടാക്കി പ്രതിമയെ അണിയിക്കുകയും ചെയ്തു. മറ്റ് ആക്രമണങ്ങളിൽ കൂടെയുണ്ടായിരുന്ന ബുസ്കുത്തേ, പ്ലേഗ് ബാധിതനായി മരണപ്പെട്ടതിനാൽ ഈ ആക്രമണത്തിൽ കൂടെയുണ്ടായിരുന്നില്ല.
റാൻഡിനേയും അയേഴ്സ്റ്റിനേയും കൊലപ്പെടുത്തിയത് യഥാക്രമം താനും സഹോദരൻ ബാലകൃഷ്ണയും ചേർന്നാണെന്നും കുറ്റസമ്മതമൊഴിയിൽ ദാമോദർ പറയുന്നുണ്ട്. പക്ഷെ, ബാലകൃഷ്ണയെ പോലീസിന് പിടി കിട്ടിയിരുന്നില്ല. ദാമോദറിനെപ്പറ്റിയുള്ള വിവരങ്ങൾ കൈമാറിയതിന് ഗണേഷ് ശങ്കർ ദ്രാവിഡിന് ഇനാമായി പ്രഖ്യാപിച്ചിരുന്ന 20000 രൂപയിൽ പകുതി 10000 രൂപ നൽകി. ബാലകൃഷ്ണയെ പിടി കിട്ടാത്തതിനാലാണ് സമ്മാനത്തുക പകുതിയായത്.
(തുടരും)
പി എൻ ഗോപീകൃഷ്ണൻ എഴുതിയ ഹിന്ദുത്വത്തിൻ്റെ ചരിത്രം എന്ന സമാഹാരത്തിൻ്റെ മുൻ അധ്യായങ്ങൾ വായിക്കാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക:
ഹിന്ദുത്വത്തിൻ്റെ ചരിത്രം: ഭാഗം-1 : ആമുഖം
ഹിന്ദുത്വത്തിൻ്റെ ചരിത്രം: ഭാഗം-2 : ചിത്പാവൻ ബ്രാഹ്മണരുടെ രാജ്യവും രാജ്യനഷ്ടവും
ഹിന്ദുത്വത്തിൻ്റെ ചരിത്രം: ഭാഗം-3 – ചിത്പാവൻ ബ്രാഹ്മണിസത്തിൻ്റെ ആദ്യ രാഷ്ട്രീയ പ്രത്യക്ഷങ്ങൾ
ഹിന്ദുത്വത്തിൻ്റെ ചരിത്രം: ഭാഗം-4 – ബാൽ ഗംഗാധർ തിലകും രാഷ്ട്രീയ ബ്രാഹ്മണിസത്തിൻ്റെ വളർച്ചയും
ഹിന്ദുത്വത്തിൻ്റെ ചരിത്രം: ഭാഗം-5 – ആധുനിക ബ്രാഹ്മണിസം: തിലകിൻ്റെ കറിക്കൂട്ട്
Be the first to write a comment.