മൂന്ന്

ഡോക്ടര്‍ഈസ് ഹി യുവര്‍ സൺ?” വൈറല്‍ ഫീവറിന്‍റെ കിടുങ്ങലിൽ താടി വെട്ടി വിറച്ചുകൊണ്ട് ക്ലിനിക്കിൽ വന്ന എമറാത്തി സ്ത്രീ ചോദിച്ചു.
യെസ്, ആരോണ്‍. ഹി ഈസ് 6 മന്ത്സ് നൌ.”
ബട്ട് ഹീ ഡോണ്ട് ലുക്ക് ഇന്ത്യൻ!” മുഖം ചുളിച്ചു കൊണ്ടുള്ള അവരുടെ ചോദ്യത്തിന്, മറുപടിയായി അനാബെല്ല ആരോണിന്‍റെ ചെമ്പൻ മുടിയിലും ചുവന്ന കവിളിലും അരുമയായി തലോടി. ദേശാടനപ്പക്ഷികള്‍ കലപില കൂട്ടി കാട്ടാളനൃത്തത്തിന്, താളം പിടിച്ച ആ രാത്രിയില്‍ ചതഞ്ഞു കിടന്ന അന്നയുടെ ശരീരത്തില്‍ മുളച്ചവന്‍: ആരോണ്‍. എംബസ്സിയുടെ സഹായത്തോടെ തിരികെ ദുബായിലെത്തി ഏറെ നാള്‍ നടുക്കം മാറാതെ ജീവിച്ച  അവള്‍ തന്‍റെശരീരത്തിലുണ്ടായ വലിയ മാറ്റങ്ങള്‍ ശ്രദ്ധിക്കാതെ പോയി. അറിഞ്ഞു വന്നപ്പോള്‍ ഏറെ വൈകിയിരുന്നു. ആരോണിന്‍റെ ജനനശേഷം എന്തുകൊണ്ടോ സംഭവിച്ചു പോയദുരന്തത്തിന്‍റെ ബാക്കിപത്രമായി അവനെ കാണുവാൻ അവള്‍ക്കായില്ല. ദിനംപ്രതി പത്രങ്ങളുടെ മുഖചിത്രം അലങ്കരിക്കുന്ന നിരാലംബരും അനാഥരുമായ സിറിയൻ  ബാല്യങ്ങളി ഒന്നായി അവനെ അവൾ വിട്ടുകൊടുത്തുമില്ല. രാസയുധപ്രയോഗവുംരണ്ട് മില്യനിലധികം സിറിയക്കാരുടെ അയല്‍ രാജ്യങ്ങളിലേയ്ക്കുള്ള അഭയാര്‍ത്ഥിപലായനങ്ങളും ഒബാമയുടെ സഹായഹസ്തദാനവും പത്രങ്ങളിലൂടെ  അവള്‍ കണ്ടറിഞ്ഞു. കൂട്ടിമുട്ടിയ മുട്ടനാടുകളുടെ ചോര നക്കിക്കുടിയ്ക്കുവാന്‍ കൊതിപൂണ്ട കുറുക്കന്‍മാർ നാവുനീട്ടി അങ്ങിങ്ങായി പതിയിരുന്നു. ചോരചീന്തി കൂട്ടമരണംസ്വീകരിക്കുവാന്‍ എല്ലാവിധ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്ത് ലോകത്തെപ്രബലശക്തികള്‍ കടലിലും കരയിലും യുദ്ധക്കോപ്പുകളുമായി സിറിയയെ വളഞ്ഞു.മൂന്നു വര്‍ഷം മുന്‍പ് അനാബെല്ലയും ഇംതിയാസ് അലിയും അറിഞ്ഞ സിറിയയുടെമണ്ണിന്, ചരിത്രത്തിന്‍റെ പ്രാചീന ഗന്ധമെങ്കില്‍ ഇന്ന് സ്വജനങ്ങളുടെ രക്തത്തിന്‍റെ മണം ആ മണ്ണിന്, ആശങ്കകളോടെ ഏറ്റു വാങ്ങേണ്ടിവന്നിരിക്കുന്നു.

ഇരുണ്ട നിഴലുകള്‍ പതിയ്ക്കാതിരിക്കുവാൻ അവൾ ആരോണിനെ നെഞ്ചോട് ചേര്‍ത്തു വച്ച് താരാട്ടു പാടിയുറക്കി. അനാബെല്ല സ്നേഹിച്ച സിറിയയെ അവള്‍ തന്‍റെ കണ്‍പോളകളിൽ വച്ച് താലോലിച്ചു കൊണ്ട്സ്വപ്നങ്ങളിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി.

നാല്

അങ്ങ് ദമാസ്കസ്സിലെ റോമാ തെരുവായ സ്റ്റ്രെയിറ്റ് സ്റ്റ്രീറ്റിലാണ്, അവളിപ്പോള്‍ . വിശുദ്ധ പൌലോസ് അപ്പോസ്തലനും അനുയായികളും ദൈവവചനങ്ങള്‍ ഉരുവിട്ടു അനാബെല്ലയ്ക്കു മുന്നിലൂടെ നടന്നു നീങ്ങി. ബൈബിളിലെ പുതിയ നിയമപ്രകാരം ദമാസ്കസ്സിലേയ്ക്കുള്ള യാത്രാമദ്ധ്യേ ഉയര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്‍റെ ദര്‍ശനം ലഭിച്ച മാത്രയിൽ ക്രിസ്തുമതത്തിലേയ്ക്ക് പരിവർത്തിതനായ സാവുൾ എന്ന വിശുദ്ധ പൌലോസ്. തെരുവിന്‍റെ ഇരുവശങ്ങളുമുള്ള  ഗൃഹങ്ങൾ റാന്തല്‍ വെളിച്ചത്താൽ ജീവസ്സുറ്റതായി. സ്ഫോടനത്തില്‍ തകര്‍ന്ന ഉമയൂദ്പള്ളിയുടെ മിനാരങ്ങളുടെ അവശിഷ്ടങ്ങൾ മരതകശോഭയാല്‍ ജ്വലിച്ചു.
പുരാതനമായ ആന്‍റിയോക്ക് നഗരത്തിന്‍റെ മരിച്ച കോണുകളിൽ നിന്ന് കുതിര കുളമ്പടിയുടെ ശബ്ദമല്ലേ പ്രതിധ്വനിക്കുന്നത്
? അതേ.. മാസിഡോണിയയിലെ മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയും പടയാളികളുമാണ്. ലോകചരിത്രത്തിലെഏറ്റവും പ്രഗത്ഭനും അജയ്യനുമായ സൈന്യാധിപന്‍. ലോകം കീഴടക്കുവാനുള്ളതൃഷ്ണയുമായി ഗ്രീസില്‍ നിന്ന് പുറപ്പെട്ട അലക്സാണ്ടർ പേര്‍ഷ്യക്കാരെ കീഴടക്കി  സിറിയയില്‍ സാമ്രാജ്യം പടുത്തുയര്‍ത്തി ആന്‍റിയോക്കിൽ സീയൂസ് ദേവനായി അള്‍ത്താരയും സ്ഥാപിച്ചിരുന്നു. ധൈര്യം വാര്‍ന്നു പോയ സിറിയയുടെ സ്മാരകശിലകള്‍ അലക്സാണ്ടർ ചക്രവര്‍ത്തിയുടെ കരുത്തിന്‍റെ തണലിൽ നിര്‍ഭയത്ത്വത്തോടെ തലയെടുത്ത് നില്‍ക്കുന്നത് അനാബെല്ല അന്തസ്സോടെ നോക്കി നിന്നു.
അങ്ങകലെ സിറിയയുടെ വടക്ക് പടിഞ്ഞാറായി നാഗരിക സംസ്കാരങ്ങള്‍ ഉടലെടുത്ത യൂഫ്രട്ടീസ് നദീതടങ്ങളില്‍ ഒലിവും ഓക്ക്മരങ്ങളും ശീതളമായ പച്ചപ്പിന്‍റെ സമൃദ്ധിയിലാണ്. പുല്‍മേടുകളിൽ ചെമ്മരിയാടുകള്‍ മേഞ്ഞു തിമിര്‍ത്തു. ഏദന്‍തോട്ടത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന4 നദികളിൽ ഒന്നെന്ന് വിശേഷിപ്പിക്കപ്പെട്ട യൂഫ്രട്ടീസ്!
സിറിയയുടെ അതിപുരാതന നഗരമായ പാമൈറയുടെമരുപ്പച്ചയിലാണ്അനാബെല്ല. എത്രയായിരം സഞ്ചാരികളുടെ സംഘങ്ങളാണ്തങ്ങളുടെ കാരവാനുകള്‍ നിര്‍ത്തി വെള്ളവും ഭക്ഷണവും ശേഖരിക്കുന്നത്. വടക്ക് കിഴക്ക്നഗരങ്ങളില്‍ ഏറ്റവും സമ്പന്നയായ പാമൈറയോടായി അനാബെല്ല ചോദിച്ചു
, “പ്രിയപ്പെട്ട പാമൈറാ, നിന്നെ  ഞാന്‍ മരുഭൂമിയുടെ പ്രിയ വധു എന്നു വിളിച്ചോട്ടെ?”
പൌരാണികരുടെ  പുനഃപ്രവേശത്താല്‍ പവിത്രീകരിക്കപ്പെട്ട സ്മാരകസൌധങ്ങൾ തങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം പുനരാര്‍ജ്ജിച്ചു.
 ചെകുത്താന്‍റെ കൈകളാൽ വിഷലിപ്തമാക്കപ്പെട്ട ഐതിഹാസിക നഗരങ്ങള്‍ നെഞ്ചുറപ്പുള്ളവരും നയതന്ത്രജ്ഞരുമായ വീരസാഹസികന്‍മാരുടെ സാരഥ്യത്തിൽ ഭദ്രമായ ഭാവിയിലേയ്ക്കുള്ള പ്രയാണത്തിലാണ്……. അവരോടൊപ്പം അവളുമുണ്ട്; അനാബെല്ല..

Comments

comments