കുറച്ചു നാളുകൊണ്ട് മൊട്ടിട്ട അറബ് വസന്തത്തിന്‍റെ പ്രതിഷേധ-പ്രക്ഷോഭ പരമ്പരകളുടെ ഓളങ്ങള്‍ സിറിയയിലേയ്ക്കും വ്യാപിച്ച് തുടങ്ങിയ ദിനങ്ങളായിരുന്നു.എഴുപതുകളുടെ തുടക്കം മുതല്‍ സിറിയഭരിച്ചിരുന്ന അൽ അസ്സാദ് കുടുംബത്തിന്‍റെ ഭരണത്തിൽ നിന്ന് മോചനം നേടികൂടുതല്‍ സുസ്ഥിരമായ ജനാധിപത്യത്തിലേയ്ക്കുള്ള വഴി തേടി സര്‍ക്കാരിനെഅട്ടിമറിക്കുവാനുള്ള പുതിയ തലമുറയുടെ മുന്നേറ്റങ്ങള്‍ അതിതീവ്രമായ ഹിംസാമാര്‍ഗ്ഗങ്ങളിലൂടെയാണ്അസ്സാദ് നേരിട്ടത്. ഫ്രീ സിറിയന്‍ പട്ടാളത്തിന്‍റെ ബാരക്കുക അങ്ങിങ്ങായി മുളച്ചു പൊന്തി. ആദ്യസ്ഫോടനത്തില്‍ കിടുങ്ങിയ ദമാസ്കസ്സിന്‍റെ തെരുവുക രണ്ടു മൂന്നു ദിവസം ശൂന്യമായി കിടന്നു. കടകമ്പോളങ്ങള്‍ക്ക് താഴ് വീണു. നിരത്തുകളില്‍ മാലിന്യം കൂമ്പാരം കൂടി. ദമാസ്കസ്സിലെ അനാബെല്ലയുടെ ക്ലിനിക്കിനു മുന്നിലൂടെ ആയുധധാരികളായി കടന്നു പോയ കുറേ ചെറുപ്പക്കാർ എത്ര അധികാരത്തോടെയാണ്, അടുത്തുള്ള വീടിന്‍റെ മച്ചിൽ കയറി പരിസരം നിരീക്ഷിച്ചത്. തെരുവില്‍ കളിച്ചിരുന്ന കുട്ടികള്‍ ഒരു നിമിഷം അന്തിച്ച് നിന്നെങ്കിലും അടുത്ത നിമിഷം അവര്‍ വീണ്ടും കളികളിൽ മുഴുകി.
പോരാട്ടം തുടങ്ങിയ ശേഷം പൂര്‍വ്വാധികം തിരക്കിലായ ഇംതിയാസ് അലിയോടൊപ്പം കിട്ടിയ ചുരുങ്ങിയ ഇടവേളയില്‍ അവൾ വ്യാകുലതയോടെചോദിച്ചു
, എന്താണ്അലീ ഈ നാടിനു സംഭവിച്ചത്?പീരങ്കികള്‍ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു. ചില നേരങ്ങളില്‍ ദീപാവലി രാത്രികൾ പോലെ വിസിലടികളോടെയുള്ള ഷെല്ലുകളുടെ പെരുമഴ. വാതിലും ജന്നലും വിറയ്ക്കുവാന്‍ ശീലിച്ചിരിക്കുന്നു. മേഘത്തിനാകെ പുക നിറം. ഇടയ്ക്ക് ചില ദിവസങ്ങളി നഗരം ശാന്തമാകും.
എല്ലാം ഒന്ന് അടങ്ങിയെന്ന് തോന്നുന്നു. ഇന്ന് ക്ലിനിക്ക് തുറന്നാലോ?അനാബെല്ല ആകാശത്തെ പുക നീങ്ങുന്ന ദിവസങ്ങളിൽ സംശയിക്കും.
വേണ്ട അന്നാ, ഈ ശാന്തത വരാനിരിക്കുന്ന ദുരന്തത്തിന്‍റെ മുന്നൊരുക്കമെന്നേ പറയാനുള്ളൂ. ബോംബുകളെ അവഗണിച്ച്  സ്കൂളുകളിലും യൂണിവേഴ്സിറ്റികളിലുംഓഫീസുകളിലും സജീവമാകുന്ന ജനത്തിനു ഭീഷണിയായി നഗരത്തിന്‍റെ വന്‍മതിലുകള്‍ക്കപ്പുറം ഒളിഞ്ഞിരുന്ന് ചിരിക്കുന്ന യുദ്ധം എന്ന രക്തരക്ഷസ്സ് ഊണിലും ഉറക്കത്തിലും അവരുടെ വാതില്‍ക്കപ്പുറത്തുണ്ട്.
അന്നാ നാളെ എനിക്ക് ന്യൂസ് കവറിങ്ങിനായി ഇഡ്ലിബിലേയ്ക്ക് തിരിക്കണം. കാന്‍ യു മാനേജ് എലോണ്‍? ഇഡ്ലിബ് ഗവര്‍ണറേറ്റിൽ നടക്കുന്ന സംഘട്ടനങ്ങളുടെ നേരിട്ടുള്ള റിപ്പോര്‍ട്ടിങ്ങിനായി ബസ് മുഖാന്തിരം ആറ്, മണിക്കൂര്‍ യാത്ര ചെയ്യേണ്ടതുണ്ട്. അനേകം പ്രേത നഗരങ്ങളുള്ള ഇഡ്ലിബ്.
പട്ടാളക്കാരനും പത്രപ്രവര്‍ത്തകനുംചെയ്യുന്ന ജോലിയുടെ ഉദ്ദേശ്യലക്ഷ്യങ്ങ മാറ്റി നിര്‍ത്തിയാൽ ഇരുകൂട്ടരും നേരിടുന്ന ഭീഷണികള്‍ ഒന്നു തന്നെ. തോക്കുകള്‍
, ഷെല്ലുകൾ, പോര്‍വിമാനങ്ങൾ, കാർ ബോംബുകള്‍, മിസൈലുകൾ ഇവയുടെയെല്ലാം കൊലവിളികൾ ചുരുങ്ങിയ കാലയളവിനുള്ളില്‍ മണ്ണും കല്ലും പോലെ വേര്‍തിരിച്ച് അറിയുവാൻ സിറിയക്കാർ പഠിച്ചിരിക്കുന്നു. അനാബെല്ലയുടെ കാതുകളില്‍ ദൂരെയെങ്ങോ പണി നടക്കുന്ന കരിങ്കൽ ക്വാറിയുടെ ഇരമ്പല്‍ പോലെ യുദ്ധം സദാ ഇരമ്പിക്കൊണ്ടിരുന്നു. ഇംതിയാസ് അലിയെ യാത്രയാക്കിയ ശേഷം അത്യാവശ്യ സാധനങ്ങള്‍ വാങ്ങാൻ പുറത്തിറങ്ങിയ അനാബെല്ല സുരക്ഷയ്ക്കായി അടുത്ത വീട്ടിലെ  മര്‍വ്വയുടെ പക്കൽ നിന്നും പര്‍ദ്ദയും ഹിജാബും കടം വാങ്ങി. സിറിയയിലുള്ള മറ്റു പ്രവിശ്യകളിലുള്ള ബന്ധുക്കളോട് ഫോൺ വഴി ടി വി വാര്‍ത്തകളിൽ കണ്ട  വിവരങ്ങള്‍ പങ്കു വയ്ക്കുകയായിരുന്നു. തെരുവ് വിജനം. ചില കടകളില്‍ വെളിച്ചം, പൂട്ടിക്കിടന്ന കടകളിലെ ഉടമസ്ഥര്‍ മരണപ്പെട്ടതായി ഉറപ്പിക്കാം. ബ്രഡ് വില്‍ക്കുന്ന കടയിൽ4 മണിക്കൂർ ക്യൂ നിന്നാണ്, അവള്‍ ഒരു പാക്കറ്റ് കുബ്ബൂസ് വാങ്ങിയത്, അതും ഇരട്ടി വിലയ്ക്ക്. പര്‍ദ്ദ മടക്കി നല്‍കുവാനെത്തിയ അനാബെല്ലയെ സ്വീകരിച്ചത് മര്‍വ്വയുടെ വീടിന്‍റെ വാപൊളിച്ചു കിടന്ന വാതിലാണ്. ആളൊഴിഞ്ഞ വീടിന്‍റെ ശൂന്യതയിൽ അവളുടെ ഉള്ള്, വിറച്ചു. തിരികെ വീട്ടിലെത്തിയ അവള്‍ പുറംലോകത്തെ  ഭീകരതയില്‍ നിന്ന് സ്വയം അടച്ചുവച്ചു. രക്തം വാര്‍ന്നു പോയ വിളറിയ മുഖത്ത് ഭയം കൂട് കെട്ടിയിരിക്കുന്നു. ദൂരെ കേള്‍ക്കുന്ന മുരള്‍ച്ചകൾ ഏതെല്ലാം തരം  ആയുധങ്ങളാല്‍ ഉണ്ടാകുന്നതാണെന്ന് അവൾ സങ്കല്‍പ്പിച്ചു നോക്കി.
ചേക്കേറുവാന്‍ മരങ്ങൾ നഷ്ടപ്പെട്ട ഒരു പറ്റം ദേശാടനപക്ഷികൾ അനാബെല്ലയുടെ വീടിനു ചുറ്റും ചിറകിട്ടടിച്ച് പരാതി പറഞ്ഞു. വാതിലില്‍ കലാഷ്നിക്കോവ് തോക്കിന്‍റെ തലപ്പു കൊണ്ട് മുട്ടുന്ന ശബ്ദം.അനാബെല്ലയുടെ നെഞ്ചില്‍ നിന്ന് ഉരുണ്ടിറങ്ങിയ മിന്നൽ തീഗോളമായി വയറ്റില്‍പടര്‍ന്ന് കത്തി. ഒളിപ്പിച്ചു വച്ച ആയുധങ്ങള്‍ക്കുള്ള തിരച്ചിലാണ്. യൂണിഫോമിട്ട
3 ചെറുപ്പക്കാർ അവളെ വാതിലിനൊപ്പം ചേര്‍ത്ത് തള്ളിമാറ്റി. വിളഞ്ഞ കപ്പത്തോട്ടത്തില്‍ കയറിയ പന്നിക്കൂട്ടങ്ങളെ പോലെ വീടാകെ കുത്തിമറിച്ചു. തിരഞ്ഞതൊന്നും കണ്ടെത്താനായില്ലെങ്കിലും വെറും കയ്യോടെ പോകാന്‍ അവർ തയ്യാറല്ലായിരുന്നു. വിശന്നു കിടന്ന സിംഹം മുഴുപ്പുള്ള മാന്‍പേടയുടെ ചുടുരക്തത്തിന്‍റെ മണം പിടിച്ച് വരും പോലെ അവരില്‍ കുറിയവൻ അനാബെല്ലയുടെ നേര്‍ക്കടുത്തു. പുത്തന്‍ പട്ടം കയ്യില്‍ കിട്ടിയ കുട്ടികളെ പോലെ മൂവരും ഉത്സാഹികളായി. ഭയപ്പെടുത്തുന്ന ഉന്‍മാദത്തോടെയുള്ള അട്ടഹാസങ്ങള്‍. പുറത്ത് ദേശാടനപ്പക്ഷികളുടെ കൂട്ടക്കരച്ചിലിന്, തീവ്രതയേറിയിരിക്കുന്നു. ഒരു ദിവസത്തെ വിസര്‍ജ്ജ്യം പുറംതള്ളി ടോയിലറ്റില്‍നിന്ന് ഇറങ്ങുന്ന ലാഘവത്തോടെ അവര്‍ ബോധരഹിതയായ അനാബെല്ലയെ ഉപേക്ഷിച്ചുപോയി. നുറുങ്ങുന്ന വേദനയുമായി ഉണര്‍ന്നപ്പോൾ തുറന്നിട്ട വാതിലിലൂടെ വീടാകെ പൊടി പിടിച്ചു കിടക്കുന്ന കാഴ്ച്ച. നൂല്‍ബന്ധമില്ലാതെ ഈ വിധം ചത്തുമലച്ച കണക്ക്  കിടക്കുവാന്‍ തുടങ്ങിയിട്ട്  മണിക്കൂറുകള്‍ ഒരുപാട് പിന്നിട്ടിരിക്കണം. ഭയമുലച്ച മനസ്സുമായി അനാബെല്ല മൂന്നു ദിവസം വീട്ടിനുള്ളില്‍ കഴിഞ്ഞു കൂടി. അനുവാദമില്ലാതെ കൈകടത്തിയത് ശരീരത്തില്‍മാത്രമല്ല  മൊബൈല്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ളത് പലതും വീട്ടിൽ നിന്ന് നഷ്ടമായിരിക്കുന്നു.
അലിയുടെ വിവരമൊന്നുമില്ല. ധൈര്യം സ്വരൂക്കൂട്ടി
. പുറത്തിറങ്ങാതെ തരമില്ലല്ലോ. എങ്ങും നിശബ്ദത. പ്രേതങ്ങള്‍വസിക്കുന്ന വീടുകള്‍. ഒച്ചയില്ലാതെ വന്ന കാറ്റില്‍ അനങ്ങുവാൻ ഭയന്ന് പുല്‍ക്കൊടികൾ പോലും അച്ചടക്കത്തോടെ നിലകൊണ്ടു. കറണ്ട് ഇല്ലാതായിട്ട് 3 ദിവസമായിരിക്കുന്നു. പതിവായി കാണാറുള്ള ബാര്‍ബർ ഷാപ്പിൽ മെഴുകുതിരിവെളിച്ചത്തിൽ ഒരാളെ ക്ഷുരകം ചെയ്യുന്നു. ഓരോ ഇടവഴികളിലും അനേകം ഐ ഡി പരിശോധനകളും സെക്ക്യൂരിറ്റി ചെക്കുകളും പിന്നിട്ട് അനാബെല്ല ഇന്ത്യൻ എംബസ്സിയിൽ എത്തി. ബുര്‍ഖ ആയതിനാല്‍ ശരീരത്തിലെ രക്തപ്പാടുകളും അവള്‍ക്കു തന്നെ തിരിച്ചറിയാനാകാത്ത അവളുടെ മുഖഭാവവും ആരും ശ്രദ്ധിക്കില്ലെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ആയിരത്തോളം മാത്രം ഇന്ത്യാക്കാര്‍ ഉള്ള ഒരു രാജ്യത്ത് രേഖകൾ സൂക്ഷിക്കുവാൻ പ്രയാസമുണ്ടായിരുന്നില്ല. ഒരു മണിക്കൂര്‍ കാത്തിരുന്നപ്പോൾ അലിയുടെ വിവരങ്ങൾ അവര്‍ തേടിപ്പിടിച്ചു. ഇഡ്ലിബിൽ നടന്ന കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ റിപ്പോർട്ടർ മറ്റാരുമായിരുന്നില്ല , ഇംതിയാസ്അലി തന്നെയായിരുന്നു.

Comments

comments