നാടോടിക്കഥകളിലെ സമൂഹ മനസ്സ്
മറ്റു ഇന്ത്യൻ ഭാഷകൾ പോലെ തന്നെ ഫോക് കഥകളുടെ ശേഖരം തന്നെയുണ്ട്‌ ഭാഷാസമ്പത്തായി കൊങ്കണിക്ക്.  രാമായണ – ഭാരത – ഭാഗവത കഥകൾ പറഞ്ഞു കൊടുക്കുന്നതിന്റെ കൂടെ തന്നെ, ഈ കഥകൾ കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നു.  മറ്റു സംസ്കാരങ്ങളിലെ നാടോടിക്കഥകൾ പോലെ തന്നെ ദുഷ്ടയായ രണ്ടാനമ്മയും, മാന്ത്രിക വസ്തുക്കളും, സാഹസകൃത്യങ്ങളും, രാജകുമാരന്മാരും, സ്വർണ്ണക്കൂമ്പാരവും, കയ്യൂക്ക് തോൽക്കുന്നിടത്ത് ബുദ്ധി ജയിക്കുന്നതും ഒക്കെ ഈ കഥകളിലും ഉണ്ട്.  പഞ്ചതന്ത്രക്കഥകൾ പോലെ മാനവീകരിച്ച (ആന്ത്രൊപോമോർഫിസം- Anthropomorphism) മൃഗങ്ങളുടെ കഥകളുണ്ട്. കഥകളിലൂടെ പ്രതിബിംബിക്കുന്ന പഞ്ഞത്തിന്റെയും, പഷ്‌ണിയുടെയും, സമൃദ്ധിയുടെയും, കൂട്ടുകുടുംബങ്ങളുടെയും,  നേർചിത്രങ്ങൾ അന്നത്തെ സാമൂഹികാവസ്ഥയെ കാട്ടിത്തരുന്നു.  ഈ കഥകൾ പലപ്പോഴും മനുഷരുടെ മനസ്സിലെ അടിച്ചമർത്തപ്പെടുന്ന ആഗ്രഹങ്ങളും, സങ്കല്പനത്തിലൂടെയുള്ള ആഗ്രഹസമ്പൂർത്തീകരണവുമാണ് ദ്യോതിപ്പിക്കുന്നത്.

കാക്കയുടെയും മൈനയുടെയും കഥ, വലിയവരുടെ കുടിലവും നീചമായ പ്രവൃത്തിക്കും, നെറികേടിനുമുള്ള കൊച്ചു ജീവികളുടെ ശിക്ഷയാണ്.   തൻറെ കൂട്ടിൽ അഭയം തേടി വന്ന “കയ്ളോ” എന്ന കാക്ക, വയസ്സി അമ്മൂമ്മ തന്ന വറുത്ത കടല കൊറിക്കുകയാണ് എന്ന് തന്നോട് നുണ പറഞ്ഞു തൻറെ കുഞ്ഞുങ്ങളെയെല്ലാം ഓരോന്നായി തിന്നു എന്ന് മനസ്സിലാക്കിയപ്പോൾ, “ഗുർബ്ജ്ജി” എന്ന മൈന ഇരുമ്പു ചട്ടുകം പഴുപ്പിച്ചു വച്ച് കാക്കയെ കൊല്ലുകയും വയറ്റിൽ നിന്ന് കുഞ്ഞുങ്ങളെയെല്ലാം ഓരോന്നായി പുറത്തെടുത്തു രക്ഷപ്പെടുത്തുകയും ചെയ്തത്, അതിശയോക്തിയും, അസംഭവ്യം എന്നു കരുതുമ്പോഴും കാവ്യനീതി നടപ്പാക്കുന്നതിൻറെ സന്തോഷത്തിലായിരിക്കും കുട്ടികൾ.

സിൻഡ്രെല്ലയുടെ കഥയെ അനുസ്മരിപ്പിക്കുന്ന, തവിട് തിന്നു തവിടു കൂമ്പാരത്തിൻ മുകളിൽ കഴിയേണ്ടി വന്ന, എന്നാൽ പിന്നീട് രാജകുമാരനെ വേട്ട “കുണ്ടക്കുർക്കൂലി” യുടെ കഥയും, റഷ്യൻ നാടോടിക്കഥയിലെപ്പോലെ, തന്റെ പാവയോട് ചോദിച്ചു ഓരോ കാര്യവും ചെയ്യുന്ന അമ്മയില്ലാത്ത പെണ്‍കുട്ടിയുടെ ദുരിതവും പിന്നീട് നന്മയും നിറയുന്ന  “മർബയി”യുടെ കഥയും, നാടോടിക്കഥകളിൽ സാർവത്രികമായി കണ്ടു വരുന്ന പ്രാഗ് രൂപങ്ങളുടെ  (archetypes) ചുവടു പിടിക്കുന്ന പകർപ്പുകളാണെന്നു കാണാം.  റഷ്യൻ ഫൊർമലിസ്റ്റായ വ്ലാദിമിർ പ്രോപ്പ് (Vladimir Propp) മുന്നോട്ടു വച്ച നാടോടിക്കഥയുടെ രൂപവിജ്ഞാനീയത്തിൽ (morphology) പറയുന്ന ഇതിവൃത്ത മാതൃകകളും (plot devices), കഥാപാത്രധർമ്മങ്ങളും (character functions) ഈ നാടോടിക്കഥകളുടെ ഘടനാ പരിശോധനയിൽ തിരിച്ചറിയാം.  സ്റ്റ്രക്ചറൽ  തലത്തിൽ മറ്റു സംസ്കാരങ്ങളുടെ നാടോടി കഥകളുമായി സാമ്യം പുലർത്തുന്ന ഈ കഥകൾ പക്ഷെ അതിൻറെ പശ്ചാത്തലത്തിലും സാമൂഹിക, സാംസ്കാരിക ബിംബങ്ങളിലുമാണ് തങ്ങളുടെ അനന്യത വെളിപ്പെടുത്തുന്നത്.  അങ്ങനെ, തവിടും, താളും, തിളങ്ങുന്ന പൊട്ടും, പവിഴമാലയും, ചൂട് വടയും (ഘാരി), അന്നപ്രാശവും,  അരഞ്ഞാണവും, പട്ടു സാരികളും, ചാണക വറളിയും, ആൽ മരവും മറ്റും ഈ പ്രാഗ് രൂപങ്ങൾക്ക്, ഷേക്സ്പിയർ  A Midsummer Night’s Dream എന്ന നാടകത്തിൽ പറയുന്നത് പോലെ, “ഒരു തദ്ദേശ വാസസ്ഥാനവും ഒരു പേരും” (“A local habitation and a name”) നൽകി, അവയെ സ്വാംശീകരിക്കുന്നതായി കാണുന്നു.

നൃത്തരൂപങ്ങളിലെ ജാതിവ്യവസ്ഥ
ആഡ്യത്വത്തിൻറെ ഔദ്ധത്യം ഒരു പരിധിവരെ സവർണ്ണബ്രാഹ്മണരായ ഗൌഡസാരസ്വതരെ നൃത്തത്തിന്റെ ഉല്ലാസങ്ങളിൽ നിന്ന് അകറ്റി നിർത്തിയിട്ടുണ്ട്.  സ്മാർത്തബ്രാഹ്മണരായത് കൊണ്ടാകാം ഭജനയിലും ഹരികഥാകാലക്ഷേപങ്ങളിലും ഒതുങ്ങിയിരിക്കുന്നു, പ്രകടനപരമായ (performative) കലാപരിപാടികൾ.  എന്നാൽ ക്ഷേത്രനർത്തകരായ സാരസ്വതരും, പിന്നെ കുടുംബി സമുദായത്തിൽ പെട്ടവരും പല തരത്തിലുള്ള തനതായ നൃത്തങ്ങൾ ചെയ്തിരുന്നതായും കാണാം.  സാരസ്വത വനിതകൾ തറ്റുടുത്തിട്ടു ക്ഷേത്രാങ്കണത്തിൽ നൃത്തം വയ്ക്കാറുണ്ടായിരുന്നു.  ഈ ആചാരം പിന്നീട് നിലച്ചു പോയി.  കുടുംബി നൃത്തങ്ങളിൽ സ്ത്രീകൾ മാത്രവും, പുരുഷന്മാർ മാത്രവും, ഇരുവരുംചേർന്നും നൃത്തം ചെയ്യാറുണ്ട്.  പല നൃത്തങ്ങളും പരമ്പരാഗതവും, അനുഷ്ഠാനപരവും ആണ്.  ഇതിൽ ഫുഗ്ടി‘, പല നിലകളുള്ള വിളക്ക് തലയിലെന്തിയ ദിവ്ലിയാ‘, മയിലാട്ടം, കാവടിയാട്ടം,  എന്നിങ്ങനെയുള്ള നൃത്തങ്ങളും മൊക്ട്ടെ എന്ന പടയണിയും ഇവരുടെ പ്രത്യേക നൃത്തങ്ങളിൽ പെടുന്നു.  ഈ നൃത്തരൂപങ്ങളെല്ലാം കർഷക പാരമ്പര്യത്തിൽ നിന്നുരുത്തിരിഞ്ഞതും പ്രകൃത്യോപാസനയിൽ അധിഷ്‌ഠിതവുമാണ്. ചിലത് കാർണിവലെസ്ക്കിന്റെ ഭ്രമതലങ്ങളിലേക്ക് ഉയരുന്നതും കാണാം.   പക്ഷെ പരമ്പരാഗതമായ ഈ നൃത്തങ്ങളെല്ലാം തന്നെ അന്യംനിന്ന് പോകുന്നതായാണ് കാണപ്പെടുന്നത്.

Comments

comments