മനുഷ്യനും പ്രകൃതിയും രണ്ടല്ല ഒന്നാണ്, മനുഷ്യന്‍ പ്രകൃതിയുടെ ഒരു ഭാഗമാണ്. എങ്കിലും  പലപ്പോഴും നാം പ്രകൃതിയുമായുള്ള അഭേദ്യമായ ബന്ധം തിരിച്ചറിയാതെ പോകുന്നു. മനുഷ്യന്‍ കേന്ദ്രീകൃതമായ ശൈലിയിലുള്ള നിയമങ്ങളും ചട്ടക്കൂടുകളുമായുള്ള ഭൌതിക ജീവിതത്തിലെ ആവശ്യകതകളാണു മനുഷ്യനെ പ്രകൃതിയിൽ നിന്നും അകറ്റുന്നത്, ആ സൌന്ദര്യം തിരിച്ചറിയാതെ പോകുന്നത്. പ്രകൃതി എല്ലാ ജീവജാലങ്ങള്‍ക്കും വിഭവങ്ങള്‍ ഒരുക്കി വച്ചിരിക്കുന്നു. തിരിച്ചുള്ള ഉത്തരവാദിത്തം മറന്നു മനുഷ്യനത് ചൂഷണം ചെയ്യുന്നു.

Ralph Anderson, Nature എന്ന തന്റെ വിഖ്യാതമായ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു.

“കാറ്റ് വിത്തിനെ വിതയ്ക്കുന്നു, സൂര്യന്‍ കടലിനെ നീരാവിയാക്കുന്നു, കാറ്റ് മേഘങ്ങളേ വയലുകളിലേക്ക് നയിക്കുന്നു, ലോകത്തിന്റെ മറുവശത്തുള്ള ഹിമം മേഘങ്ങളേ തണുപ്പിച്ചു മഴയായി പെയ്യിക്കുന്നു. മഴ സസ്യങ്ങളെ വളര്‍ത്തുന്നു, സസ്യങ്ങള്‍ മൃഗങ്ങള്‍ക്ക് ഭക്ഷണമാകുന്നു, അലൌകീകവും അനന്തമായയീ നിഷ്കാമ പ്രക്രിയ മനുഷ്യനെ പരിപോഷിപ്പിക്കുന്നു.”     

ഹെമിംഗ് വേയുടെ കിഴവനും കടലും എന്ന നോവലിലെ മുക്കുവനായ വൃദ്ധൻ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കിയ വ്യക്തിയാണ്. കടലിനെ ഒരു സ്ത്രീയായി അയാള്‍ കരുതുന്നു, പക്ഷികളെ സുഹൃത്തുക്കളും സ്രാവുകളെ ശത്രുക്കളായും കരുതുന്നു. കടലാമകളും ജെല്ലിഫിഷുകളും തമ്മിലും, പക്ഷികളും മത്സ്യങ്ങളും തമ്മിലുമുള്ള ബന്ധത്തിന്റെ പൊരുൾ തേടുന്നു.   

പൊന്നും വിലയും കൃത്യമായ നികുതികളും കൊടുത്ത് രണ്ടേക്കര്‍ സ്ഥലം സ്വന്തമാക്കി, ചുറ്റും വേലി കെട്ടി ‘‘ഭൂഗോളത്തിലെ ഈ രണ്ടേക്കര്‍ സ്ഥലത്തിന് ക്ഷീരപഥത്തിലോ സൗരയൂഥത്തിലോ അണ്ഡകടാഹത്തിലോ പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളിലോ മറ്റാര്‍ക്കും യാതൊരു അവകാശവുമില്ല’’  ‘‘ഭൂഗോളം തന്നെ കഷ്ണം കഷ്ണമായി മനുഷ്യര്‍ തീറു വാങ്ങിയിരിക്കുന്നു. അപ്പോള്‍ പക്ഷി-മൃഗാദികള്‍ എവിടെപ്പോവും’’

ഭൂമിയുടെ അവകാശികള്‍ എന്ന ബഷീറിന്റെ കഥയിലെ നായകൻ ഇങ്ങനെ പറയുന്നു. മനുഷ്യകേന്ദ്രീകൃതമായ ലോകത്തിലെ മറ്റു ജീവജാലങ്ങലോടുള്ള മനുഷ്യന്റെ സാമീപ്യം ഈ കഥയിലൂടെ ബഷീര്‍ വരച്ചു കാട്ടുന്നു.

ഇവിടെ കൊടുത്തിരിക്കുന്ന എന്‍റെ ചില ചിത്രങ്ങൾ മഹത്തായ ബൃഹത്തായ പ്രകൃതിയെ അറിയാനുള്ള എന്‍റെ എളിയ ചില ശ്രമങ്ങളാണ്.